Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

കവിതകള്‍

കാന്‍സര്‍
ശരീരത്തെയും
മനസ്സിനെയും
സമ്പത്തിനെയും
കാര്‍ന്നുതിന്നുന്ന
ഞണ്ട്


നെടുവീര്‍പ്പ്
കാന്‍സര്‍ വാര്‍ഡിന്റെ
മരണം മണക്കുന്ന
ചുമരുകള്‍ക്കുള്ളില്‍ നിന്നും
ഇടറിയുതിരുന്നത്
പ്രതീക്ഷയൊടുങ്ങിയ
കിനാവുകളുടെ
നെടുവീര്‍പ്പുകള്‍
 
താക്കീത്
സൌന്ദര്യത്തെയും
അറിവിനെയും
ധനത്തെയും കുറിച്ചുള്ള
നമ്മുടെ അഹന്തയെ
കൂച്ചുവിലങ്ങിടാന്‍
മുകളിരിക്കുന്നവന്
ഒരു ഇമയനക്കം മതി
 ശാഹിന തറയില്‍
നിള
നെറ്റിത്തടം തഴുകിപ്പോയ കാറ്റിന്
മരുഭൂമിയുടെ ഗന്ധമുണ്ടായിരുന്നു.
വിയര്‍പ്പു തുള്ളികളെ പൊള്ളിച്ചുകൊണ്ടും
കുളിരിന് പകരം കൊടും ചൂട് നല്‍കിയും
അവന്‍ കടന്നുപോയി...
നിളയാണ് മുന്നിലെന്ന തിരിച്ചറിവ്
ചിതകെട്ടടങ്ങിയപ്പോള്‍
അതും കൊണ്ടുപോയ
മണല്‍ വാരിയന്ത്രം പറഞ്ഞുതരുന്നു.
ചെറുതുള്ളി വെള്ളത്തില്‍ പിടയുന്ന
മീനിനെ റാഞ്ചികൊണ്ട്
അവശേഷിച്ച പൊന്‍മാനും
പറന്നുപോയി...
ചിലപ്പോള്‍ മറ്റൊരു കുളത്തിലേക്കാവാം...
ശുഭപ്രതീക്ഷകള്‍ക്കുമേലെ
തീവണ്ടികള്‍ കടന്നുപോയി കൊണ്ടിരിക്കുന്നു.
ഹോണിന്റെ മുഴക്കം ഇപ്പോഴും
വായുവില്‍ മുഴങ്ങികൊണ്ടിരിക്കുന്നു.
അബ്ദുല്‍ ഹന്നാന്‍

കുതിപ്പ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റെ വിയര്‍പ്പ്
പരിഭ്രമത്തിന്റെ, ആകാംക്ഷയുടെ,
നിരാശയുടെ വിയര്‍പ്പില്‍ എന്നും
കീശയില്‍ കൂട്ടായുള്ള കൈലേസ്
അപമാനത്തിന്റെ,നഷ്ടത്തിന്റെ
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച്ചിലിന്റെ,
മനോ വേദനകളുടെ,തകര്‍ച്ചകളുടെ
ഉരുക്കമായീ വിയര്‍പ്പിനെ
പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലുപേക്ഷിക്കട്ടെ
ഇനി വിയര്‍പ്പുണ്ടാകില്ല,
ശീതീകരിണിയുടെ തണുപ്പില്‍
ഈ വിയര്‍പ്പ്,ഓര്‍മ്മകളുടെ വിയര്‍പ്പ്
മുഷിപ്പായി മാറിക്കൊള്ളും, ഉറപ്പ്..!
കെ.എ ശബ്ന സുമയ്യ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം