വംശീയ കാര്‍ഡുമായി സര്‍ക്കോസി
മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് ശംസുദ്ദീന്‍ ഒളകരക്കൊപ്പം പാരീസിലെ ഈഫല്‍ ഗോപുര മുകളില്‍ കയറുന്നതിനായി ടിക്കറ്റ് കൗണ്ടറിനു മുമ്പില്‍ വരി നില്‍ക്കവെയാണ് രംഗം. ആള്‍ത്തിരക്കു കാരണം വളഞ്ഞുപുളഞ്ഞു നീങ്ങുന്ന വരിയില്‍ ബുര്‍ഖയണിഞ്ഞൊരു സ്ത്രീ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. കൂടെ ഭര്‍ത്താവും കുട്ടികളുമുണ്ട്. ചേലും കോലവും കണ്ടാല്‍ ഐശ്വര്യമൊത്തൊരു അറബ് കുടുംബമാണെന്ന് ഉറപ്പിക്കാം. അര്‍ധ വസ്ത്രധാരിണികള്‍ ധാരാളമുള്ള ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തയാമൊരു അബലയായ തന്നെ എല്ലാവരും തുറിച്ചുനോക്കുന്നുണ്ടാവുമെന്ന് കരുതിയായിരിക്കും ആ സ്ത്രീ ബേജാറാവുന്നതെന്നാണ് ഞാന്‍ ഊഹിച്ചത്. മുഖം മുഴുവന്‍ മൂടി, ദ്വാരദ്വയങ്ങളിലൂടെ കണ്‍ചുരിക ചുയറ്റുന്ന സഹോദരിമാരോട് എന്നും തോന്നാറുള്ള വിമ്മിഷ്ടം കലര്‍ന്ന സഹതാപവും അങ്ങനെ കരുതാന്‍ എന്റെ മനസ്സിനെ പ്രേരിപ്പിച്ചിരിക്കാം. പക്ഷേ, സത്യം അതല്ലെന്ന് പിന്നീടറിഞ്ഞു. ഗോപുരത്തിന്റെ ഉച്ചിയിലുള്ള തട്ടുകടയുടെ ചാരത്ത് ആ കുടുംബവുമായി സന്ധിക്കാനും സൗഹൃദസംഭാഷണം നടത്താനും അവസരം ലഭിച്ചപ്പോള്‍ ആ സ്ത്രീ മനസ്സ് തുറന്നു: ''ഞാന്‍ ബേജാറായത് നിയമപാലകരുടെ വരവോര്‍ത്താണ്. ബുര്‍ഖ നിരോധിച്ച രാജ്യമാണല്ലോ ഫ്രാന്‍സ്. ഏതു നിമിഷവും അവര്‍ ചാടിവീഴുമെന്ന് ഞാനാശങ്കിച്ചു!''
ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയപ്പോള്‍ ലോക വ്യാപകമായി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമുയര്‍ന്നെങ്കിലും സര്‍ക്കോസിയുടെ സര്‍ക്കാര്‍ അതൊന്നും വകവെച്ചില്ല. രാജ്യത്തെ വലതുപക്ഷ ഉഗ്രവാദികളെയും സയണിസ്റ്റുകളെയും തൃപ്തിപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗ്രീക്ക് വംശജയായ യഹൂദ സ്ത്രീയുടെ മകനാണ് സര്‍ക്കോസിയെന്നതും ഇവിടെ ചേര്‍ത്തു വായിക്കുക.
ഇസ്‌ലാംപേടിയും വലതുപക്ഷ ഉഗ്രവാദവും തലക്കു കയറിയ സര്‍ക്കോസി ഇപ്പോള്‍ രാഷ്ട്രീയലാഭം ലാക്കാക്കി 'ചരിത്രപുരുഷനാ'യി മാറിയിരിക്കുകയാണ്. ഒന്നാം ലോകയുദ്ധകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 191-ല്‍ തുര്‍ക്കിസേന അര്‍മീനിയക്കാരെ കൂട്ടക്കൊല ചെയ്ത സംഭവത്തെ നിഷേധിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും നാല്‍പത്തയ്യായിരം യൂറോ (മുപ്പത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും വിധിക്കുന്ന നിയമം ഫ്രഞ്ച് ദേശീയ പൊതുസഭ ദിവസങ്ങള്‍ക്ക് മുമ്പ് പാസ്സാക്കിയത് സര്‍ക്കോസിയുടെ കടുംപിടുത്തത്തിന്റെ ഫലമായിരുന്നു.
ഫ്രാന്‍സ് ആദ്യമായിട്ടല്ല ഇതുപോലുള്ള നിയമങ്ങള്‍ പാസ്സാക്കുന്നത്. 1990-ല്‍ പാസ്സാക്കിയ ഹോളോകോസ്റ്റ് നിഷേധനിയമം അത്തരത്തിലൊന്നായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്‌ലര്‍ 'ലക്ഷക്കണക്കിന് യഹൂദരെ' ഗ്യാസ് ചേമ്പറുകളിലിട്ട് ചുട്ടുകൊന്ന സംഭവത്തെ നിഷേധിക്കുന്നവര്‍ക്ക് തടവും ഭീമമായ സംഖ്യ പിഴയും വിധിക്കുന്ന ആ നിയമം അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചു. സയണിസ്റ്റുകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗവണ്‍മെന്റ് നിയമം പിന്‍വലിക്കാന്‍ തയാറായില്ല. ആറേഴു വര്‍ഷങ്ങള്‍ക്കു ശേഷം പ്രശസ്ത ചിന്തകനായ റജാ ഗരോഡിക്ക് പ്രസ്തുത നിയമപ്രകാരം ഫ്രഞ്ച് കോടതി തടവും പിഴയും വിധിക്കുകയുണ്ടായി. ഗ്യാസ് ചേമ്പര്‍ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടതായി പറയപ്പെടുന്ന യഹൂദരുടെ എണ്ണം ഏറെ അതിശയോക്തിപരമാണെന്നും അക്കാലത്ത് യൂറോപ്പിലുണ്ടായിരുന്ന മൊത്തം യഹൂദരുടെ എണ്ണം പോലും അതിനടുത്തെങ്ങുമെത്തുകയില്ലെന്നും തെളിവുകളുടെ പിന്‍ബലത്തോടെ സമര്‍ഥിച്ചതായിരുന്നു ഗരോഡിയുടെ 'കുറ്റം.' ഒരു ഗള്‍ഫ് രാജ്യത്തിലെ ഉദാരമതി നല്‍കിയ പണം കൊണ്ട് പിഴയടച്ച ശേഷമാണ് പിന്നീട് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
ഇപ്പോഴത്തെ നിയമനിര്‍മിതി തുര്‍ക്കി-ഫ്രാന്‍സ് ബന്ധം വഷളാക്കിയിരിക്കുകയാണ്. പാരീസിലുള്ള തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതിനു പുറമെ ഫ്രാന്‍സുമായുള്ള വാണിജ്യ ബന്ധങ്ങള്‍ മരവിപ്പിക്കുമെന്ന് കൂടി ഭീഷണിപ്പെടുത്തിയിരിക്കുന്നു തുര്‍ക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ഷംതോറും 12 ബില്യന്‍ യൂറോയുടെ വാണിജ്യ ഇടപാടുകള്‍ നടക്കുന്നുണ്ടത്രെ. ഫ്രഞ്ച് വ്യവസായികള്‍ക്ക് തുര്‍ക്കിയിലുള്ള വമ്പന്‍ നിക്ഷേപങ്ങള്‍ക്ക് പുറമെയാണിത്. പതിനായിരക്കണക്കിന് തുര്‍ക്കികളാണ് ആ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ തൊഴിലെടുക്കുന്നത്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെയും ഫ്രഞ്ച് നയങ്ങളെയും രൂക്ഷമായ ശൈലിയില്‍ കടന്നാക്രമിക്കുകയുണ്ടായി. സര്‍ക്കോസിയുടെ പിതാമഹന്‍ ഉസ്മാനിയാ സാമ്രാജ്യത്തിലെ പൗരനായിരുന്നുവെന്ന കാര്യം മറക്കരുതെന്ന് ഉര്‍ദുഗാന്‍ ഓര്‍മപ്പെടുത്തിയത് തന്റെ രാജ്യം പഴയതുപോലെ നട്ടെല്ല് വളക്കാന്‍ തയാറല്ലെന്നതിന്റെ സൂചനയാണ്.
മറുവശത്ത് ഫ്രഞ്ച് സാംസ്‌കാരിക നായകന്മാരും പുതിയ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 2006-ല്‍ ഇരുപത് ചരിത്രകാരന്മാര്‍ ചേര്‍ന്ന് ഹോളോകോസ്റ്റ് നിഷേധ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. പ്രസ്തുത നിയമം ചരിത്ര ഗവേഷണത്തെ മരവിപ്പിക്കുമെന്നവര്‍ താക്കീതു ചെയ്യുകയുണ്ടായി. പക്ഷേ, ആ പ്രതിഷേധ സ്വരങ്ങളെയെല്ലാം സര്‍ക്കാര്‍ അവഗണിച്ചു. ഇന്നാര്‍ക്കും ആര്‍ക്കൈവിലെത്തി ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ ചിക്കിചികയാന്‍ ധൈര്യമില്ല.
പുതുതായി ചുട്ടെടുത്ത അര്‍മീനിയന്‍ കൂട്ടക്കൊല നിഷേധ നിയമം രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ഒന്നിലധികം ചോദ്യങ്ങളുയര്‍ത്തുന്നു. രാഷ്ട്രീയക്കാര്‍ക്ക് ചരിത്രമെഴുതാന്‍ അവകാശമുണ്ടോയെന്നതാണ് ഒന്നാമത്തെ ചോദ്യം. ഇല്ലെന്നാണ് ഫ്രഞ്ച് ചരിത്രകാരനായ ബേര്‍ വോറ പറയുന്നത്. ''അത് ചരിത്രകാരന്മാരുടെ ജോലിയാണ്. ഏതൊരു ജനാധിപത്യരാജ്യത്തും ഔദ്യോഗിക ചരിത്രം ഉണ്ടാവേണ്ടതില്ല. രാഷ്ട്രീയക്കാര്‍ക്കോ പാര്‍ലമെന്റംഗങ്ങള്‍ക്കോ ജുഡീഷ്യറിക്കു പോലുമോ ചരിത്ര വസ്തുതകളെ നിര്‍ണയിക്കാന്‍ അവകാശമില്ല. ആ രംഗം സ്വതന്ത്ര ശാസ്ത്രീയ ഗവേഷണത്തിനു വിട്ടുകൊടുക്കണം.'' വോറെ കൂട്ടിച്ചേര്‍ക്കുന്നു (ഫഹ്മീ ഹുവൈദി, അശ്ശര്‍ഖ് 28-12-2011).
പ്രശസ്ത ഫ്രഞ്ച് ചരിത്രപണ്ഡിതനായ ബേര്‍ ഫിഡല്‍ നാക്കെ പുതിയ നിയമത്തെ നിരാകരിക്കുകയുണ്ടായി. നിയമനിര്‍മാതാക്കള്‍ക്ക് നേരെ തിരിഞ്ഞു അദ്ദേഹം പറഞ്ഞു: ''ചരിത്രവസ്തുതകളെ ശക്തിയുപയോഗിച്ച് ഔദ്യോഗികവത്കരിക്കുന്നത് കരുതിയിരിക്കുക. സ്റ്റാലിന്റെയും മറ്റും കാലത്ത് സോവിയറ്റ് യൂനിയന്‍ അതാണ് ചെയ്തിരുന്നത്. അല്ലെങ്കില്‍ ജനാധിപത്യ രാജ്യവും സര്‍വാധിപത്യ-ഏകാധിപത്യ രാജ്യവും തമ്മിലുള്ള അന്തരമെന്ത്?'' യഹൂദ വംശജനാണ് ബേര്‍ ഫിഡലെന്നതും അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങള്‍ നാസി കൂട്ടക്കൊലയില്‍ പെട്ടുപോയിട്ടുണ്ടെന്നതും ഇവിടെ സ്മരണീയമാണ്.
മറ്റൊരു ചരിത്രകാരനായ ക്രിസ്റ്റ്യന്‍ ഡോലപ്പാര്‍ട്ട് ഔദ്യോഗിക ചരിത്രമെന്ന ആശയത്തെത്തന്നെ നിരാകരിക്കുന്നു. സ്വതന്ത്ര വൈജ്ഞാനിക ഗവേഷണത്തിന് യാതൊരുവിധ തടസ്സവും പാടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ''ഏതെങ്കിലും വിഷയത്തെക്കുറിച്ച വിവരങ്ങള്‍ അടിച്ചേല്‍പിക്കുന്ന നിയമമുണ്ടായാല്‍ ഔദ്യോഗിക ഭാഷ്യത്തിന് വിരുദ്ധമായ നിരീക്ഷണങ്ങളിലെത്തിച്ചേരുന്ന ചരിത്രകാരനെ അത് വേട്ടയാടിക്കൊണ്ടിരിക്കും. തലക്കു മീതെ ഡമോക്ലസിന്റെ വാള്‍ തൂങ്ങിനില്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്വതന്ത്രമായി ചിന്തിക്കാനാവുക? നാം ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തോ അതോ സ്റ്റാലിന്റെ രാജ്യത്തോ?'' ഡോലപ്പാര്‍ട്ട് ചോദിക്കുന്നു.
ഇത്തരമൊരു നിയമം നിര്‍മിക്കാന്‍ ഫ്രാന്‍സിന് ധാര്‍മികമായി അവകാശമുണ്ടോ എന്നതാണ് പുതിയ നിയമമുയര്‍ത്തുന്ന മറ്റൊരു ചോദ്യം. അള്‍ജീരിയ എന്ന ഉത്തരാഫ്രിക്കന്‍ രാജ്യത്തെ 130 കൊല്ലം കോളനിയാക്കി അടക്കിഭരിച്ച ഫ്രാന്‍സ് അവിടെ നടത്തിയ നരമേധത്തിന് ചരിത്രത്തില്‍ തുല്യതയില്ല. അള്‍ജീരിയ അറിയപ്പെടുന്നതുതന്നെ 'ദശലക്ഷം രക്തസാക്ഷികളുടെ നാട്' എന്ന അപരനാമത്തിലാണ്. അമീര്‍ അബ്ദുല്‍ ഖാദര്‍ ജസാഇരിയുടെ നേതൃത്വത്തില്‍ കൊടുമ്പിരികൊണ്ട ദേശീയ സ്വാതന്ത്ര്യ സമരത്തെ ഫ്രഞ്ച് അധിനിവേശസേന ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. പതിനേഴ് ലക്ഷം ജനങ്ങളാണ് അങ്ങനെ കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഫ്രാന്‍സ് കീഴടക്കി ഭരിച്ച ഇതര ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
അര്‍മീനിയക്കാര്‍ക്കെതിരെ നടന്നത് വംശീയ കൂട്ടക്കൊലയായിരുന്നില്ലെന്നാണ് തുര്‍ക്കിയുടെ ഔദ്യോഗിക വിശദീകരണം. രണ്ടാം ലോകയുദ്ധത്തിനിടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി സൈന്യം നടത്തിയ പ്രതിരോധനീക്കത്തിനിടക്കാണ് അര്‍മീനിയക്കാര്‍ കൊല്ലപ്പെട്ടതെന്ന് ന്യായീകരിക്കുന്ന തുര്‍ക്കി നേതൃത്വം, ഒരു രാജ്യത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ മുങ്ങിത്തപ്പുന്നതിന് പകരം ഭാവിയെ മുന്നില്‍ കണ്ടാവണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് ഓര്‍മിപ്പിക്കുന്നു.
ഔദ്യോഗിക ഭാഷ്യം മയപ്പെടുത്തിയുള്ളതാണെങ്കിലും കൂട്ടക്കൊല നടന്ന കാര്യം തുര്‍ക്കി നേതൃത്വവും രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകരും പൂര്‍ണമായി നിഷേധിക്കുന്നില്ലെന്ന് മാത്രമല്ല ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി അധികാരത്തില്‍ വന്നതില്‍ പിന്നെ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മീനിയയുമായുള്ള ബന്ധം ഏറെ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ഉര്‍ദുഗാന്റെ അര്‍മീനിയ സന്ദര്‍ശനത്തിനിടക്ക് ഒന്നാം ലോകയുദ്ധ കാലത്ത് നടന്ന അത്യാചാരങ്ങള്‍ക്കു മാപ്പ് പറയുകയുമുണ്ടായി. ഇതിനെല്ലാം പുറമെ ഉസ്മാനീ സാമ്രാജ്യത്തിന്റെ കൈകളാല്‍ അര്‍മീനിയന്‍ കൂട്ടക്കൊല നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്ന ഒരു നിയമം 2001-ല്‍ ഫ്രഞ്ച് പാര്‍ലമെന്റ് പാസ്സാക്കിയിട്ടുമുണ്ട്. യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ വിശേഷിച്ചുമുള്ള വലതുപക്ഷ ഉഗ്രവാദികളുടെ മനശ്ശാന്തിക്ക് അത് എമ്പാടുമായിരുന്നു.
ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് വീണ്ടും സര്‍ക്കോസിക്ക് അര്‍മീനിയന്‍ കൂട്ടക്കൊലയില്‍ കയറിപിടിക്കേണ്ട കാര്യമെന്തെന്ന് ചിന്തിക്കുമ്പോഴാണ് ഫ്രാന്‍സിലെ ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുമ്പില്‍ തെളിയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കോസി പിന്നിലാണ്. ഈയിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഫ്രഞ്ച് ജനതക്ക് ഏറ്റവും വെറുപ്പുള്ളവരായി കണ്ടെത്തിയവരുടെ കൂട്ടത്തില്‍ പ്രസിഡന്റ് സര്‍ക്കോസിയും ഭാര്യ കാര്‍ലാ ബ്രൗണിയും നാലാം സ്ഥാനത്താണ്. മുന്‍ ഐ.എം.എഫ് മേധാവിയും പെണ്‍കേസില്‍ പ്രതിയുമായ ഡൊമിനിക് സ്‌ട്രോയാണ് വെറുക്കപ്പെട്ടവരില്‍ രണ്ടാം സ്ഥാനത്ത്. പ്രായോഗികതാവാദത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് ധാര്‍മികത പ്രശ്‌നമാവില്ല. തന്റെ ജനപ്രീതിയിടിഞ്ഞ നേരത്താണ് സര്‍ക്കോസിയുടെ കണ്ണുകള്‍ ഫ്രാന്‍സിലെ ന്യൂനപക്ഷ വിഭാഗമായ അര്‍മീനിയന്‍ വംശജരിലേക്ക് തിരിയുന്നതും പുതിയ നിയമത്തിന് നീക്കങ്ങള്‍ നടക്കുന്നതും. അതുവഴി അവരുടേതായ അര ദശലക്ഷം വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാനാവുമെന്നും ജനപ്രീതിയില്‍ തന്നേക്കാള്‍ മുന്നിലുള്ള സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ഫ്രാന്‍സോ ഹോളണ്ടിനെ പിന്നിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
വലതുപക്ഷ ഉഗ്രവാദികള്‍ക്ക് മുന്‍തൂക്കം ലഭിച്ചുകൊണ്ടിരിക്കുന്ന ഫ്രഞ്ച് രാഷ്ട്രീയത്തില്‍ മുസ്‌ലിംവിരുദ്ധ വംശീയ കാര്‍ഡ് നന്നായി ഏശും. ജൂതന്മാര്‍ ഫലസ്ത്വീനിലും അമേരിക്കക്കാര്‍ ഇറാഖിലും അഫ്ഗാനിസ്താനിലും റഷ്യക്കാര്‍ ചെച്‌നിയയിലും ഇംഗ്ലീഷുകാര്‍ ഇന്ത്യയിലും നടത്തിയ കൂട്ടക്കൊലകള്‍ അവര്‍ക്ക് പ്രശ്‌നമല്ല. പ്രായോഗിക രാഷ്ട്രീയം കത്തിക്കയറുമ്പോള്‍ വിചാരത്തിന്റെ വാതിലുകള്‍ അടയുകയും വികാരത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നു.
Comments