Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

സി.പി.എമ്മിന്റെ വൈരുധ്യാധിഷ്ഠിത മാലിന്യ നയം

മുജീബ്‌

"തലശ്ശേരി പെട്ടിപ്പാലം പ്രശ്നത്തില്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം കളിക്കുന്നത് അപകടകരമാണ്. ജമാഅത്ത് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ജീര്‍ണതയാണ് ഇതിലൂടെ പുറത്താകുന്നത്. ചര്‍ച്ചക്കു പോലും തയാറല്ലെന്ന ജനാധിപത്യവിരുദ്ധ നിലപാടാണ് ഈ പരിസ്ഥിതി മൌലികവാദികളുടേത്. പരിസ്ഥിതിയും മാലിന്യവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സി.പി.എം എതിര്‍ പക്ഷത്താണെന്നാണ് ആരോപണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയുടെ കപട രാഷ്ട്രീയം തുറന്നുകാട്ടുന്നതിനാലാണ് സി.പി.എമ്മിനെ പരിസ്ഥിതി വിരുദ്ധരെന്ന് മുദ്രകുത്തുന്നത്. മാലിന്യത്തെക്കാള്‍ ദുര്‍ഗന്ധം വമിക്കുന്ന കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. തനി വര്‍ഗീയ പ്രചാരണമാണ് അവര്‍ നടത്തുന്നത്. വിദേശത്ത് നിന്നടക്കമുള്ളവരില്‍ നിന്നും ഫണ്ട് പിരിച്ചെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍'' (2012 ജനുവരി 10, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പത്രപ്രസ്താവന). പ്രതികരണം?
കെ.കെ അബ്ദുല്‍ ഹകീം
വളപട്ടണം

ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും ജനപക്ഷ, സാമൂഹിക ഇടപെടലുകള്‍ കടുത്ത അസഹിഷ്ണുതയോടെ വീക്ഷിക്കുന്ന പ്രവണത സി.പി.എം ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ക്ക് നേരത്തെ തന്നെയുണ്ട്. അതൊക്കെ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണെന്ന യുക്തിരഹിതമായ ശാഠ്യമാണവര്‍ക്ക്. മതം സ്വകാര്യജീവിതത്തില്‍ തളച്ചിടപ്പെടേണ്ടതാണെന്ന മിഥ്യാധാരണയാണ് ഇതിന്റെ പ്രഭവ കേന്ദ്രം. പക്ഷേ, ജമാഅത്തെ ഇസ്ലാമി അടിസ്ഥാനപരമായി തന്നെ നിരാകരിക്കുന്നതാണീ അബദ്ധ സിദ്ധാന്തം. മനുഷ്യജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളെയും നയിക്കാനും നിയന്ത്രിക്കാനും ദൈവം പ്രവാചകന്മാരിലൂടെ നല്‍കിയ സന്മാര്‍ഗ സംഹിതയാണ് ഇസ്ലാമെന്നും, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം പോലുള്ള കാര്യങ്ങള്‍ നേര്‍ക്കുനേരെ അതിന്റെ മുന്‍ഗണനാ പട്ടികയില്‍ വരുമെന്നും ജമാഅത്ത് എക്കാലത്തും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാലിന്യക്കൂമ്പാരങ്ങള്‍ കേരളത്തിലെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും തീരാശാപമായി മാറിയിരിക്കുന്നു. നാനാവിധം രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും വിട്ടുമാറാത്ത ആസ്ഥാനമായിത്തീര്‍ന്നിരിക്കുന്നു സംസ്ഥാനം. പൊറുതി മുട്ടിയ ജനങ്ങള്‍ മത, ജാതി, രാഷ്ട്രീയഭേദം മറന്ന് മാലിന്യ നിക്ഷേപകേന്ദ്രങ്ങള്‍ക്കെതിരെ സമരമുഖത്താണ്. കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, തിരുവനന്തപുരത്തെ വിളപ്പില്‍ശാല, കണ്ണൂരിലെ തേലോറ, തലശ്ശേരിയിലെ വെട്ടിപ്പാലം തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവനു പോലും ഭീഷണിയായ ഈ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിലും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിലും ഇടതു-വലത്, സംസ്ഥാന, നഗര, ഗ്രാമ ഭരണകൂടങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു. എന്നിട്ട് പരസ്പരം കുറ്റപ്പെടുത്താനും രാഷ്ട്രീയം കളിക്കാനുമാണ് പതിവു പോലെ ഇവരുടെ പരിപാടി. കണ്ണൂര്‍ നഗരസഭ ഭരിക്കുന്നത് യു.ഡി.എഫാണ്. അതിനാല്‍ അവിടത്തെ മാലിന്യകേന്ദ്രമായ തേരോറയില്‍ സമരം ചെയ്യുന്ന നാട്ടുകാരോടും സോളിഡാരിറ്റിയോടുമൊപ്പം സി.പി.എമ്മും ഉണ്ട്! തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സി.പി.എം സ്വതന്ത്രയാണ്. അതിനാല്‍ വെട്ടിപ്പാലത്ത് സമരത്തിലേര്‍പ്പെട്ട ജനങ്ങളുടെയും- അതില്‍ സി.പി.എം പ്രവര്‍ത്തകരുമുണ്ട്- ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകരുടെയും നേരെയാണ് കണ്ണൂര്‍ ജില്ലാ പാര്‍ട്ടി നേതൃത്വത്തിന്റെ രോഷം മുഴുവന്‍. സി.പി.എമ്മിന്റെ ഏരിയാ, ജില്ലാ തല പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേര്‍ന്നപ്പോള്‍ ജനപക്ഷ ഇടപെടലുകളില്‍നിന്ന് പാര്‍ട്ടി പിറകോട്ട് പോയതിനാല്‍ ആ രംഗം മതമൌലികവാദികള്‍ കൈയടക്കുകയാണെന്ന വിമര്‍ശനങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവന. ജമാഅത്തെ ഇസ്ലാമി എന്ത് കാര്യത്തിലിടപ്പെട്ടാലും വിദേശപ്പണം! സി.പി.എം അനേകം ശതകോടികള്‍ കൊണ്ട് ആസ്തിവഹകളും സ്ഥാപനങ്ങളും വാരിക്കൂട്ടിയാലും എല്ലാം പാവം പാലോറ മാതയുടെ ആട് ചുരത്തിത്തരുന്നതാണ്! ഇതൊക്കെ വിശ്വസിക്കാന്‍ ജനങ്ങളെ കിട്ടുമെന്ന് ധരിച്ചാല്‍ അതാണിക്കാലത്തെ വലിയ പോഴത്തം. ഫാരിസ് അബൂബക്കറിന്റെയും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെയും 'വിശുദ്ധ' സംഭാവനകള്‍' നാമെല്ലാം അറിഞ്ഞത്; അറിയാത്തതിന്റെ വേരുകള്‍ കാനഡയിലെ എസ്.എന്‍.സി ലാവ്ലിന്‍ വരെ നീളുന്നു. ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിന് സ്വന്തം നിലപാടില്‍ നിന്നുകൊണ്ട് ആരുമായും സഹകരിക്കാമെന്നു വെച്ചാല്‍ ഇത്തരം വൈരുധ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂ.

പര്‍ദയെ എതിര്‍ക്കുന്നതെന്തിന്?

1.
"വസ്ത്രധാരണത്തിന്റെയും ഭക്ഷണക്രമങ്ങളുടെയുമെല്ലാം കാര്യങ്ങള്‍ വരുമ്പോള്‍ തദ്ദേശീയ സംസ്കാരവുമായി ഇഴുകിച്ചേരുന്ന രീതി സ്വീകരിക്കണമെന്നാണ് പ്രവാചകന്റെ അനുശാസനം. അബ്ദുല്‍ വലീദ് അല്‍ബാബി എന്ന സ്വഹാബി ഇങ്ങനെ പറയുന്നു: "പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നതും പൊതു സമ്പ്രദായത്തില്‍നിന്ന് വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നതും നബി(സ) വെറുത്തിരുന്നു.'' അബ്ദുല്ല ഇബ്നു ഉമര്‍ പറയുന്നു: "നിനക്ക് രുചികരം എന്നു തോന്നുന്ന ഭക്ഷണം കഴിക്കുക. ജനം നല്ലതായി കാണുന്ന വസ്ത്രം ധരിക്കുക.'' ഈ വാക്യങ്ങളില്‍ നിന്നൊക്കെ മനസ്സിലാക്കാവുന്ന കാര്യം, ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളോ പുരുഷന്മാരോ തദ്ദേശീയരില്‍നിന്ന് വ്യത്യസ്തമായി തോന്നുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് ഖുര്‍ആനോ പ്രവാചകന്റെ പ്രമാണങ്ങളോ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ്. ധരിക്കുമ്പോള്‍ ആത്മവിശ്വാസം തോന്നുന്നതും വ്യക്തിത്വം വിളിച്ചോതുന്നതുമായ വസ്ത്രം ധരിക്കുന്നതില്‍ നിന്ന് മതം വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നിട്ടും പര്‍ദയും ഹിജാബുമൊക്കെ മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നു'' (ഡോ. മുഹമ്മദ് റാഫി എന്‍.വി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 22-28). ഈ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?
സലീം പൂച്ചമാന്തി

2.
"ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സമ്മേളനവേദിയില്‍ കറുപ്പ് മൂടുപടമണിഞ്ഞ സ്ത്രീകള്‍ തങ്ങള്‍ ഇസ്ലാമില്‍ സ്വതന്ത്രരാണെന്ന് പ്രഖ്യാപിക്കുന്നത്, ജയില്‍ പുള്ളികളുടെ സ്വാതന്ത്യ്ര പ്രഖ്യാപനം പോലെയായിത്തീരുന്നതിലെ പരിഹാസ്യത അദ്ദേഹത്തിന്റെ (ഒ. അബ്ദുര്‍റഹ്മാന്റെ) പുരുഷ ബോധത്തെ മാത്രമാണ് തൃപ്തിപ്പെടുത്തുന്നത്; മതബോധത്തെയല്ല'' (ഡോ. മുഹമ്മദ് റാഫി, 'അവരുടെ തെറ്റിന് കുറ്റം മതത്തിനോ? മാതൃഭൂമി ആഴ്ചപ്പതിപ്പ് ജനുവരി 22-28). മുജീബിന്റെ പ്രതികരണം?
ആര്‍.എം സുഹ്റ

പലവട്ടം വിശദീകരിച്ചു കഴിഞ്ഞതാണ് സ്ത്രീയുടെ ഇസ്ലാമിക വസ്ത്രധാരണം. എന്നിട്ടും അതിന്റെ നേരെ നിരന്തരം ആക്രമണം വരുന്നത് സ്ത്രീ പുരുഷന് ആനന്ദം പകരാനുള്ള ഉപഭോഗവസ്തു മാത്രമാണെന്ന കേവല ഭൌതിക കാഴ്ചപ്പാടിന്റെ സ്വാധീനഫലമായാണ്. പര്‍ദ എന്ന പേര്‍ഷ്യന്‍/ഉര്‍ദു പദം ഖുര്‍ആന്‍ അനുശാസിക്കുന്ന ഹിജാബിന്റെ പര്യായമല്ലെന്നും മൂടുപടം ഇസ്ലാം ഏര്‍പ്പെടുത്തിയ വേഷമല്ലെന്നും ഇനിയും തെളിയിക്കേണ്ടതായിട്ടില്ല. പുറത്തിറങ്ങി പുരുഷന്മാരുമായി ഇടപെടേണ്ടിവരുമ്പോള്‍ മുസ്ലിം സ്ത്രീകള്‍ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറച്ചിരിക്കണം എന്നല്ലാതെ അതേത് തരം വസ്ത്രമായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആനോ നബിചര്യയോ നിഷ്കര്‍ഷിച്ചിട്ടില്ല. വേഷവിധാനങ്ങളില്‍ പ്രാദേശിക ഭേദങ്ങള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. 'യുക്തിവാദികളും ഇസ്ലാമും' എന്ന പുസ്തകത്തില്‍നിന്ന് പ്രസ്തുത ഭാഗം ഡോ. മുഹമ്മദ് റാഫി ഉദ്ധരിച്ചിട്ടുമുണ്ട്. പിന്നെയും ഗ്രന്ഥകര്‍ത്താവില്‍ പുരുഷ ബോധം ആരോപിക്കുന്നതിനെന്ത് ന്യായം?
ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. മുമ്പ് കേരളീയ സ്ത്രീകളുടെ വേഷം എന്തായിരുന്നു, ഇപ്പോഴെന്താണ്? മുണ്ടു മാത്രം ഉടുത്തു മാറു മറക്കാതെ നടന്ന നൂറ്റാണ്ടുകളാണേറെ. പതിനെട്ടാം നൂറ്റാണ്ടോടെ മാറ് മറക്കുന്ന ശീലം വന്നു. പാവാടയും സാരിയും വേഷമായി വരാന്‍ പിന്നെയും കാലമെടുത്തു. ഇപ്പോള്‍ ഉത്തരേന്ത്യന്‍ വനിതകളുടെ ചുരിദാറും കമീസുമാണ് സാര്‍വത്രികം. ഇതിലേതാണ് പ്രാദേശികം, കേരളീയം? ആര് പറഞ്ഞിട്ടാണ് ഈ മാറ്റങ്ങളൊക്കെ ഉണ്ടായത്? കേരളീയ പുരുഷന്മാരില്‍ വലിയൊരു വിഭാഗം മുണ്ടും കുപ്പായവും വിട്ട് പാന്റ്സും ഷര്‍ട്ടും വേഷമായി തെരഞ്ഞെടുത്തത് ആരുടെ പുരുഷ ബോധത്തിന്റെ ഫലമാണ്? കാലാനുസൃതമായ മാറ്റങ്ങളില്‍ സഭ്യതയുടെയും മാന്യതയുടെയും ഗാംഭീര്യത്തിന്റെയും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക മാത്രമേ ഇസ്ലാം ചെയ്തിട്ടുള്ളൂ. ഒരു സ്വാതന്ത്യ്രവും അതിന്റെ പേരില്‍ അപകടപ്പെടുന്നില്ല; ഒരടിമത്തവും അടിച്ചേല്‍പിക്കപ്പെടുന്നുമില്ല. അതല്ലെങ്കില്‍ സ്നാന വേഷമാടുന്ന സിനിമാ നടികളാണ് യഥാര്‍ഥ സ്വതന്ത്രകള്‍ എന്ന് തുറന്നു പറയട്ടെ. സ്നാനവേഷത്തില്‍ സമൂഹത്തിലിറങ്ങാന്‍ സിനിമാ നടികള്‍ പോലും അറക്കുമെന്നുറപ്പ്.

ഇഖ്വാന്‍ഇസ്ലാം കൈയൊഴിയുന്നു?
മുക്കാല്‍ നൂറ്റാണ്ട് ഇഖ്വാനുല്‍ മുസ്ലിമൂന്റെ കര്‍മഭൂമിയായ ഈജിപ്തില്‍ അവരുടെ നേതൃത്വത്തില്‍ ഒരു ഭരണം വരാന്‍ പോകുന്നു. എന്നാല്‍ ഇസ്ലാമിക ഭരണം പോയിട്ട് ഇസ്ലാം എന്ന വാക്കു പോലും ഇഖ്വാന്റെ പാര്‍ട്ടിയുടെ മുന്‍ഗണനയിലില്ല. ഇസ്ലാമിസ്റുകള്‍ എക്കാലത്തും ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന പാശ്ചാത്യ ശക്തികളുമായി ഉദാരമായ ബന്ധമാണ് ഇഖ്വാന്‍ ആരംഭിക്കാന്‍ പോവുന്നത്. തങ്ങളുടെ ദീര്‍ഘകാല പ്രവര്‍ത്തനാനുഭവങ്ങളും അറബ് വസന്തത്തിന്റെ പ്രവണതകളും ഇഖ്വാന്റെ രാഷ്ട്രീയ വീക്ഷണത്തെ അടിമുടി മാറ്റിയിരിക്കുകയാണ്. എസ്.ജെ.വിയുടെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ശബാബ് (2011 ഡിസംബര്‍ 30) ലേഖനത്തില്‍നിന്ന്. ഇതിനെപ്പറ്റി എന്ത് പറയുന്നു?
സനാവുള്ള വണ്ടൂര്‍

ഇഖ്വാനുല്‍ മുസ്ലിമൂന്‍-മുസ്ലിം ബ്രദര്‍ഹുഡ്- മതമൌലികവാദികളും രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളും ആണെന്നായിരുന്നു ഇതേവരെയുള്ള ആക്ഷേപം. ഇപ്പോള്‍ അവര്‍ ഉദാരവും പ്രായോഗികവും ദീര്‍ഘദൃഷ്ടിയോട് കൂടിയതുമായ ഒരു നയം സ്വീകരിക്കുമ്പോള്‍ ഇസ്ലാമിനെ കൈയൊഴിക്കുന്നു എന്നാണ് പരാതി. ഈ വൈരുധ്യം ഇസ്ലാമിനെയും ഇസ്ലാമിക ചരിത്രത്തെയും യഥാവിധി വിലയിരുത്തുന്നതില്‍ പറ്റിയ അബദ്ധത്തിന്റെ ഫലമാണ്.
മക്കയിലെ പതിമൂന്ന് വര്‍ഷത്തെ പ്രബോധനത്തിന് ശേഷം മദീനയിലെത്തി, അവിടെ ഒരു ഇസ്ലാമിക സ്റേറ്റ് സ്ഥാപിച്ച മുഹമ്മദ് നബി(സ) ഒരിക്കലും ശരീഅത്ത് ഒറ്റയടിക്ക് നടപ്പാക്കുകയായിരുന്നില്ല. വിധികള്‍ പല സന്ദര്‍ഭങ്ങളില്‍ ഓരോന്നായി വന്നു, വിലക്കുകളും ക്രമാനുഗതമായി നടപ്പാക്കി. കാരണം, നിയമങ്ങള്‍ എത്ര അനുപേക്ഷ്യവും പവിത്രവും ആയിരുന്നാലും അത് നടപ്പാക്കേണ്ടത് ദൌര്‍ബല്യങ്ങളുള്ള മനുഷ്യരിലാണ്. അവരെ മാനസികമായി സംസ്കരിക്കുകയും നിയമത്തോടുള്ള ആദരവ് അവരില്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തുകൊണ്ടേ ഏത് നിയമത്തെയും പ്രയോഗതലത്തില്‍ വിജയിപ്പിക്കാനാവൂ. ഇസ്ലാമിന് അന്യമായ വിവിധ സംസ്കാരങ്ങളുടെ ദീര്‍ഘകാല സ്വാധീനത്തിലാണ് ഈജിപ്തിലെ ജനങ്ങള്‍. എത്രതന്നെ ഇസ്ലാമിനെ സ്നേഹിക്കുന്നുവെങ്കിലും, അവരുടെ ജീവിത രീതിയും ശൈലിയും മാറ്റിയെടുക്കാന്‍ കഠിന പ്രയത്നം വേണ്ടിവരും. അതോടൊപ്പം ഇസ്ലാമിക ഭരണവ്യവസ്ഥ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ സാമ്രാജ്യത്വ-സയണിസ്റ്-സെക്യുലര്‍ ലോബി ആസൂത്രിതമായി പ്രവര്‍ത്തിക്കുമ്പോള്‍ വളരെ തന്ത്രപരമായും പക്വതയോടെയും വേണം കുതന്ത്രങ്ങളെ നേരിടാന്‍. ഇസ്ലാമിക ഭരണക്രമത്തെ കുറിച്ച് ചകിതരായ പ്രബല കോപ്റ്റിക് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തന്റെ സാന്നിധ്യമാണ് മറ്റൊരു പ്രശ്നം. എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഒന്നാമതായി ജനാധിപത്യപരമായ ഒരു ഭരണഘടനക്ക് രൂപം നല്‍കാനും തുടര്‍ന്ന് അഴിമതിയും ദാരിദ്യ്രവും തൊഴിലില്ലായ്മയും ഉന്മൂലനം ചെയ്ത് ഇസ്ലാമിക സാമൂഹികനീതി സംസ്ഥാപിക്കാനുമാണ് ഇഖ്വാന്റെ നീക്കം. ഇത് സഫലമാവുന്ന മുറക്ക് ശരീഅത്തിന്റെ ശിക്ഷാ നിയമങ്ങള്‍ പരമാവധി അഭിപ്രായ സമന്വയത്തിലൂടെയും കുറ്റമറ്റ രീതിയിലും നടപ്പാക്കാം. കുതിരക്ക് മുമ്പില്‍ വണ്ടി കെട്ടണമെന്ന സലഫിശാഠ്യം മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ യുക്തിഹീനവും പരാജയം ക്ഷണിച്ചുവരുത്തുന്നതുമാണ്.

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പാലിക്കാത്ത ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിച്ചുവരുന്ന നടപടി സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന്‍ അധ്യക്ഷന്‍ ജസ്റിസ് ജെ.പി കോശി ജില്ലാ കമീഷന്മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതികരണം?
പി.വിസി മുഹമ്മദ് പൊന്നാനി

അനുദിനം രൂക്ഷമായി വരുന്ന ശബ്ദമലിനീകരണം സത്വര പരിഹാരം തേടുന്ന പ്രശ്നം തന്നെയാണ്. പരസ്യ പ്രചാരണങ്ങള്‍ക്കും പരിപാടികളുടെ അറിയിപ്പുകള്‍ക്കും ലോട്ടറി ടിക്കറ്റ് വില്‍പനക്കും മറ്റുമായി നടക്കുന്ന ഉച്ചഭാഷിണി ഘടിത വാഹനങ്ങളുടെ ഇരമ്പല്‍ ഒരു വശത്ത്, മറുവശത്ത് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളില്‍ നിന്നുള്ള ഭജനങ്ങള്‍, കീര്‍ത്തനങ്ങള്‍, ബാങ്ക് വിളി എന്നിവ മറുവശത്തും. ഇതിലൊക്കെയും നിയന്ത്രണം കോടതികള്‍ നേരത്തെ ഏര്‍പ്പെടുത്തിയതാണെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈമനസ്യം കാട്ടുന്നു; ലംഘനങ്ങളും യഥേഷ്ടം നടക്കുന്നു.
മുസ്ലിം പള്ളികളില്‍ ബാങ്ക് വിളികള്‍ മാത്രമേ ഉച്ചത്തില്‍ വേണ്ടതുള്ളൂ. ഒരേസ്ഥലത്ത് വിവിധ വിഭാഗക്കാരുടെ നിരവധി പള്ളികള്‍ സ്ഥിതി ചെയ്യുന്നേടത്താണ് പ്രശ്നം. ഏറ്റവും പഴക്കമുള്ള ഒരു പള്ളിയില്‍ മാത്രം ബാങ്ക് വിളിക്ക് പുറത്തേക്ക് കാഹളം ഉള്ള ഉച്ചഭാഷിണി അനുവദിക്കുകയും മറ്റുള്ളവയില്‍ കാബിനിലൂടെ ബാങ്ക് വിളി പരിമിതപ്പെടുത്തുകയും ചെയ്താല്‍ പ്രശ്നം പരിഹരിക്കാനാവും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫോര്‍മുല കണ്ടെത്താം. ഇക്കാര്യത്തില്‍ ദുരഭിമാനവും വാശിയും ആവശ്യമില്ല എന്നതാണ് പ്രധാനം. റമദാനിലോ മറ്റു വിശേഷാല്‍ സന്ദര്‍ഭങ്ങളിലോ പോലും പുറത്തേക്ക് ശബ്ദഘോഷം ഒരാവശ്യമല്ല. ഹജ്ജ് വേളയില്‍ അത്യുച്ചത്തില്‍ കൂട്ടായി ലബ്ബൈക്ക് ചൊല്ലിയ ശിഷ്യന്മാരോട് 'പതുക്കെ മതി, നിങ്ങളുടെ നാഥന്‍ ബധിരനല്ല' എന്നോര്‍മിപ്പിച്ച പ്രവാചകശ്രേഷ്ഠന്റെ മാതൃക എത്ര ഉദാത്തമാണ്! നിന്റെ ശബ്ദം താഴ്ത്തുക. എന്തുകൊണ്ടെന്നാല്‍ ഏറ്റവും അസഹ്യമായ ശബ്ദം കഴുതയുടേതാണ് എന്ന് ലുഖ്മാന്‍ (അ) മകനെ ഉപദേശിച്ചതായി വിശുദ്ധ ഖുര്‍ആനും പറയുന്നുണ്ടല്ലോ. നമസ്കാരത്തില്‍ അത്യുച്ചത്തിലോ തീരെ പതുക്കെയോ അല്ല, മധ്യ മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നും ഖുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്. അതൊന്നും ഉച്ചഭാഷിണിയെ ഉദ്ദേശിച്ചല്ല താനും. ഉച്ചഭാഷിണി പ്രയോഗം എല്ലാ പരിധിയും ലംഘിച്ച ഇക്കാലത്ത് കര്‍ശനമായ നിയന്ത്രണമാണ് ഇസ്ലാമും ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം