Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

കാതലായ മാറ്റത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സന്നദ്ധരാവുമോ?

എ ആര്‍

മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2012 ഏപ്രിലില്‍ കോഴിക്കോട് നടക്കാനിരിക്കെ ആഗോളീകരണാനന്തര ലോകത്തും ഇന്ത്യയിലും സംജാതമായ പുതിയ സാഹചര്യങ്ങളില്‍ സി.പി.എമ്മിന്റെ നയപരിപാടിയില്‍ അനിവാര്യമായി വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ, ഇന്ത്യയില്‍ വലതുപക്ഷം മുമ്പെത്തേക്കാളും പിടിമുറുക്കിയ പശ്ചാത്തലത്തില്‍ പാര്‍ട്ടി സ്വീകരിക്കാന്‍ പോവുന്ന ബദല്‍ മാര്‍ഗം എന്ത്, ഇടതുപക്ഷം കുത്തകയാക്കിവെച്ചിരുന്ന പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിത്തറ തന്നെ വന്‍ ഭീഷണി നേരിടുകയും രണ്ടാമത്തെ സംസ്ഥാനമായ കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരികയും ചെയ്തിരിക്കെ ഒരു തിരിച്ചുവരവിന് വേണ്ടി പാര്‍ട്ടിക്ക് എന്തു ചെയ്യാനാവും എന്നീ ചോദ്യങ്ങളാണ് പ്രസക്തമായി ഉയര്‍ന്നുവരുന്നത്.
സോവിയറ്റ് യൂനിയന്റെ തിരോധാനത്തെയും പൂര്‍വ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കിനെയും തുടര്‍ന്ന് ആഗോള കമ്യൂണിസത്തിന് നേരിട്ട വന്‍തിരിച്ചടി ലോക വ്യാപകമായി കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തളര്‍ത്തുകയോ തകര്‍ക്കുകയോ ഉണ്ടായി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിടിച്ചുനിന്നത് തന്നെ മൗലികമായ വ്യതിയാനങ്ങളിലൂടെയാണ്, വിശേഷിച്ചും ചൈനീസ് പാര്‍ട്ടി. ആഗോളീകരണം, ഉദാരീകരണം എന്നീ ക്യാപിറ്റലിസ്റ്റ് അജണ്ടയോടും നവ ലിബറലിസത്തോട് പോലും വലിയ അളവില്‍ സമരസപ്പെട്ടുകൊണ്ട് മാര്‍ക്‌സിസ്റ്റ്-മാവോയിസ്റ്റ് സൈദ്ധാന്തിക ശാഠ്യങ്ങളില്‍ പലതും ഉപേക്ഷിച്ച രാജ്യമാണ് നിലവിലെ ചൈന. ചൈനയുടെ ഈ വ്യതിയാനത്തെ സി.പി.എം നയരേഖയില്‍ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. വടക്കന്‍ കൊറിയ, വിയറ്റ്‌നാം പോലുള്ളവയാകട്ടെ നാമമാത്ര കമ്യൂണിസ്റ്റ് രാജ്യങ്ങളാണിപ്പോള്‍. പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുമ്പേ സജീവ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ശക്തമായിരുന്നില്ല. ഒരുകാലത്ത് സജീവ സാന്നിധ്യം അറിയിച്ചിരുന്ന ഇറ്റാലിയന്‍, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും പിറകോട്ടടിക്കേണ്ട സ്ഥിതിയുണ്ടായി.
അതിനിടയിലും അതിജീവനത്തിന്റെ തന്ത്രം വിജയകരമായി പയറ്റാനായത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ്, അഥവാ സി.പി.എമ്മിന്. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ഹൈന്ദവ ഫാഷിസം ഇന്ത്യയില്‍ വന്‍ ഭീഷണിയായി വളരുകയും മതേതരത്വം അവകാശപ്പെട്ട കോണ്‍ഗ്രസ് അതിന് മുമ്പില്‍ തികച്ചും നിസ്സഹായമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് മതേതരത്വത്തിന്റെ ഭാവിയില്‍ ഉത്കണ്ഠാകുലരായ ഒരു വലിയ വിഭാഗവും മുസ്‌ലിം മതന്യൂനപക്ഷവും പ്രതീക്ഷയോടെ നോക്കിക്കണ്ടത് ഇടതുപക്ഷത്തെയാണ്. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക വഴി ഇടതുപക്ഷത്തിന് അവരുടെ വിശ്വാസം ഒരുപരിധിവരെ നേടിയെടുക്കാനും കഴിഞ്ഞു. അതോടൊപ്പം തന്നെ ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലെ സമയോചിത താത്ത്വിക വിശകലനത്തിന് സമര്‍ഥനായ ഒരു സൈദ്ധാന്തികനെയും ഹര്‍കിഷന്‍സിംഗ് സുര്‍ജിനെപ്പോലെ പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മിടുക്കനായ ഒരു സംഘാടകനെയും ലഭിച്ചതും സി.പി.എമ്മിനെ തിരിച്ചടികളില്‍ നിന്ന് കാത്തു. ചുരുങ്ങിയ പക്ഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഇളകിയില്ല. ബംഗാളില്‍ സുസമ്മതനായ ജ്യോതി ബസുവിന്റെ നേതൃത്വം മറ്റൊരു ഘടകമായിരുന്നു. ഈ കാലയളവില്‍ ഒരു കോണ്‍ഗ്രസ്സിതര, ബി.ജെ.പി ഇതര മൂന്നാം മുന്നണിയെക്കുറിച്ച കണക്ക് കൂട്ടല്‍ പോലും പാര്‍ട്ടി നടത്തി. കേന്ദ്രത്തില്‍ അനിശ്ചിതത്വവും അസ്ഥിരതയും നിലനിന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതി ബസു നിര്‍ദേശിക്കപ്പെട്ടതും അദ്ദേഹം സ്വീകരിക്കാന്‍ സന്നദ്ധനായിരിക്കെ പാര്‍ട്ടി തട്ടിമാറ്റിയതും അതേപ്പറ്റി 'ചരിത്രപരമായ മണ്ടത്തരം' എന്ന് ജ്യോതി ബസു പിന്നീട് കുറ്റപ്പെടുത്തിയതും ഇക്കാലത്ത് തന്നെ. 2001-2006 കാലത്തെ ഒന്നാം യു.പി.എ സര്‍ക്കാറിനെ പുറമെ നിന്ന് പിന്തുണച്ച ഇടതുപക്ഷത്തെ നിലനില്‍പിന് വേണ്ടി ആശ്രയിക്കുകയല്ലാതെ നിര്‍വാഹമില്ലാതെ വന്നതാണ് ഇന്ത്യയുടെ ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സുവര്‍ണകാലം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദാസ്യ നിലപാടുമായി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോഴും പല അജണ്ടകളും മാറ്റിവെക്കാനോ ഉപേക്ഷിക്കാനോ നിര്‍ബന്ധിതമായത് ഇടതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് കാരണമായിരുന്നു. എന്നാല്‍ ആണവക്കരാറിനോടുള്ള എതിര്‍പ്പില്‍ ഇടതുപക്ഷത്തിന് പാളി, അഥവാ അവരുടെ എതിര്‍പ്പിനെ സമര്‍ഥമായി മറികടക്കാന്‍ മന്‍മോഹന്‍ സര്‍ക്കാറിന് സാധിച്ചു. പിന്നീടങ്ങോട്ട് തിരിച്ചടിയുടെ പരമ്പര തന്നെയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കാത്തിരുന്നത്. ജ്യോതിബസുവിന്റെ പിന്‍ഗാമി ബുദ്ധദേവ് ഭട്ടാചാര്യക്ക് ബംഗാള്‍ ജനത ഇടതുഭരണത്തില്‍ നിന്നും മുന്നണിയില്‍ നിന്നും അകലുന്നത് നിസ്സംഗനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് പതിറ്റാണ്ട് കവിഞ്ഞ ഭരണകാലത്ത് പാര്‍ട്ടി ബൂര്‍ഷ്വാ ജന്യമായ സകല രോഗങ്ങളും ബാധിച്ചു അടിസ്ഥാനവര്‍ഗത്തിന്റെ മറുപക്ഷത്ത് നില്‍ക്കുന്ന വൈരുധ്യം യഥാസമയം കണ്ടെത്താനോ പ്രതിവിധി കണ്ടെത്താനോ നേതൃത്വത്തിന് കഴിഞ്ഞില്ല. നന്ദിഗ്രാമും സിംഗൂരും രോഗങ്ങളായിരുന്നില്ല, ലക്ഷണങ്ങള്‍ മാത്രമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. നിയോ ക്യാപിറ്റലിസ്റ്റ് പാതയില്‍ വിദേശ-സ്വദേശ കുത്തകകളെ ആകര്‍ഷിക്കുക മാത്രമേ വികസനത്തിന് വഴിയുള്ളൂ എന്ന ചിന്ത സി.പി.എം നേതൃത്വത്തെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. നിരാശരായ പാര്‍ട്ടി അണികളെ ആകര്‍ഷിക്കുന്നതില്‍ മാവോയിസ്റ്റുകള്‍ ബഹുദൂരം മുന്നോട്ട് പോയതും ഈ കാലഘട്ടത്തിലാണ്. അവരെ ആശയപരമായി നേരിടുന്നതിലും അണികളെ വീണ്ടെടുക്കുന്നതിലും പരാജയപ്പെട്ട പാര്‍ട്ടി സൈനിക ശക്തി പ്രയോഗിച്ചു അടിച്ചമര്‍ത്താന്‍ കേന്ദ്ര സഹായം തേടിയതോടെ, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഒന്നാംതരം ആയുധമാണ് കൈവന്നത്. മറ്റൊരു വശത്ത്, ശക്തമായ മതേതര ബദലായി ഇടതുപക്ഷത്തെ കണ്ട് അതിന്റെ ചിറകിനടിയില്‍ അഭയം തേടിയ മുസ്‌ലിം ന്യൂനപക്ഷം, തങ്ങള്‍ പതിറ്റാണ്ടുകളായി കടുത്ത അവഗണനയും അന്യവത്കരണവും നേരിടുകയായിരുന്നുവെന്ന് ഏറെ വൈകിയാണ് കണ്ടെത്തിയത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനാവരണം ചെയ്ത മുസ്‌ലിം സ്ഥിതി അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ഇ.എം.എസ്സിനും സുര്‍ജിത്തിനും ജ്യോതിബസുവിനും ശേഷം സി.പി.എമ്മിന്റെ നേതൃത്വം ഏറ്റെടുത്തവര്‍ ദിശാബോധമോ വീണ്ടെടുപ്പിനുള്ള പ്രായോഗിക ബുദ്ധിയോ ഇതിനകം പാര്‍ട്ടിക്കുള്ളില്‍ മൂര്‍ഛിച്ചുകഴിഞ്ഞ വിഭാഗീയതയെ നിയന്ത്രിക്കാനുള്ള ശേഷിയോ പ്രകടമാക്കിയില്ല. ഈ സാഹചര്യത്തിലാണ് ആദ്യം ലോക്‌സഭ തെരഞ്ഞെടുപ്പും വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കുന്നത്. രണ്ടിലും ഞെട്ടിക്കുന്ന തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നേരിടേണ്ടിവന്നത്. മാത്രമല്ല, ഇടതുപക്ഷ മുന്നണിയിലെ മറ്റു കക്ഷികള്‍ പരാജയത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മില്‍ കെട്ടിയേല്‍പിക്കാനും ശ്രമിച്ചു.
ഗുരുതരമായ പ്രതിസന്ധിക്ക് തൃപ്തികരമായ പരിഹാരം കാണേണ്ട ബാധ്യത നേതൃത്വത്തിന്റെ ചുമലില്‍ വന്നു ഭവിക്കുകയും നിലനില്‍പുപോലും ഭീഷണി നേരിടുകയും ചെയ്യുന്ന ഘട്ടത്തിലാണ് സി.പി.എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കാന്‍ പോവുന്നത്. മുമ്പ് സി.പി.എസ്.യുവിന്റെ ഇരുപതാം കോണ്‍ഗ്രസ്സില്‍ ജോസഫ് സ്റ്റാലിന്റെ പിന്‍ഗാമി നികിതാ ക്രൂഷ്‌ചേവ്, സ്റ്റാലിന്റെ കൊടുംക്രൂരതകളെയും മുട്ടാള ഭരണത്തെയും തുറന്നുകാണിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. അത്തരമൊരവസ്ഥ സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇല്ലെങ്കിലും സമഗ്രമായ പൊളിച്ചെഴുത്തോ മൗലികമായ ബദല്‍ രേഖയോ ഉണ്ടാവുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ഇതിനകം നടന്ന ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ പലതരം വിമര്‍ശങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നതായാണ് വിവരം. അകത്തും പുറത്തും നടന്ന പ്രസംഗങ്ങളില്‍ പ്രമുഖരായ സഖാക്കള്‍ അണികള്‍ക്കാവേശം പകരാന്‍ ശ്രമിച്ചത്, അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ഒക്യുപേഷന്‍ പ്രക്ഷോഭത്തെ ചൂണ്ടിക്കാട്ടി മുതലാളിത്തത്തിന്റെ പതനവും സോഷ്യലിസത്തിന്റെ തിരിച്ചുവരവും യാഥാര്‍ഥ്യമാവുന്നു എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ്. പക്ഷേ, പാര്‍ട്ടി കോണ്‍ഗ്രസ് ചേരുമ്പോഴേക്ക് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം സ്വതസിദ്ധമായ ദൗര്‍ബല്യങ്ങളാല്‍ കെട്ടടങ്ങുന്നതായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു ബദല്‍ പ്രത്യയശാസ്ത്രം അവതരിപ്പിക്കാന്‍ ആളില്ലാതെ പോയതാണ് പ്രക്ഷോഭം മന്ദീഭവിക്കാന്‍ ഒരു പ്രധാന കാരണവും. സോഷ്യലിസം മതിയായ ബദലാണെന്ന് പടിഞ്ഞാറുകാര്‍ കരുതുന്നില്ല താനും. ഇന്ത്യയില്‍ അണ്ണാ ഹസാരെ ടീം ആരംഭിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ വേണ്ടവിധം പിന്തുണക്കാനോ പകരം ശക്തമായ ജനകീയ പ്രക്ഷോഭം കരുപിടിപ്പിക്കാനോ ഇടതുപക്ഷത്തിന് കഴിഞ്ഞതുമില്ല.
ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടാന്‍ പോവുന്ന രാഷ്ട്രീയ പ്രമേയം, കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി കിട്ടുന്നവരെ മുഴുവന്‍ ചേര്‍ത്തുകൊണ്ടുള്ള മൂന്നാം മുന്നണി എന്ന ഇതേവരെ സ്വീകരിച്ച നിലപാടിനു പകരം കേരളത്തിലെ പോലെ ഇടതു ജനാധിപത്യ മുന്നണി എന്ന സങ്കല്‍പത്തില്‍ ഊന്നുന്നതാണ് എന്ന് നേതൃത്വം സൂചിപ്പിച്ചുകഴിഞ്ഞു. ജാതിയധിഷ്ഠിത പ്രാദേശിക പാര്‍ട്ടികളുമായി ഉണ്ടാക്കിയ കൂട്ടുകെട്ടുകള്‍ കൊണ്ട് നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന തിരിച്ചറിവില്‍ നിന്നാവാം അത്. പക്ഷേ, സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതു കക്ഷികള്‍ ചേര്‍ന്ന സഖ്യവും ബംഗാളിലെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചില്ലല്ലോ. അതേയവസരത്തില്‍, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകള്‍ നേടാനായത് എ.ഐ.ഡി.എം.കെ മുന്നണിയുടെ ഭാഗമായതുകൊണ്ടാണ് താനും. താരതമ്യേന ഇടതുപക്ഷത്തോടടുത്ത് നില്‍ക്കുന്ന ഡി.എം.കെയുമായിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂട്ടുകെട്ടിലേര്‍പ്പെട്ടിരുന്നതെങ്കില്‍ വട്ടപ്പൂജ്യമാകുമായിരുന്നു ഫലം. ഇടതുപക്ഷത്തോട് നേരിയ ചായ്‌വെങ്കിലുമുള്ള പാര്‍ട്ടികളെ വേണം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സഖ്യം ചേരാനെന്ന് തീരുമാനിച്ചാല്‍ പലപ്പോഴും തെരഞ്ഞെടുപ്പിലെ ലാഭ നഷ്ടക്കണക്ക് പ്രതികൂലമായി വരാനാണ് എല്ലാ സാധ്യതയും. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് കാണാനിരിക്കുന്നു.
കൂടുതല്‍ ശ്രദ്ധേയമായ മറ്റൊരു തീരുമാനം, സ്വത്വ രാഷ്ട്രീയത്തെ പാടെ നിരാകരിക്കുന്ന നയം സി.പി.എം അംഗീകരിക്കാന്‍ പോവുന്നതാണ്. കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ് സ്വത്വവിവാദം. സ്വത്വ രാഷ്ട്രീയ വാദം ഇടതു രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. ഭരണ വിഭാഗങ്ങള്‍ക്കും സാമ്രാജ്യത്വ മൂലധനത്തിനും തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സ്വത്വ രാഷ്ട്രീയം സാഹചര്യമൊരുക്കുമെന്നും ജനങ്ങളെ സ്വത്വത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു നിര്‍ത്തിയാല്‍ മൂലധന വാഴ്ചക്കും ഭരണകൂടത്തിനും ഭീഷണിയുണ്ടാക്കില്ലെന്നും കരട് പ്രമേയം നിരീക്ഷിക്കുന്നു. സാമൂഹിക ചൂഷണത്തിന് വിധേയരാവുന്നവരാണ് സ്വത്വ രാഷ്ട്രീയ വാദത്തില്‍ ആകൃഷ്ടരാവുന്നത്. സ്വത്വ രാഷ്ട്രീയത്തിനെതിരെ പൊതുവായ വര്‍ഗാധിഷ്ഠിത പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു. മതമോ ജാതിയോ ഉപദേശീയതകളോ മാര്‍ക്‌സിസം അംഗീകരിക്കുന്നില്ലെന്നും തൊഴിലാളി വര്‍ഗാധിപത്യത്തിലൂടെ അത്തരം 'വിഭാഗീയതകളെ' തുടച്ചുനീക്കുകയാണ് കമ്യൂണിസ്റ്റുകാരുടെ ചുമതലയെന്നും സൈദ്ധാന്തികമായി ശരിയാണ്. പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതഃപര്യന്തമുള്ള അനുഭവങ്ങള്‍ ഇക്കാര്യത്തില്‍ എന്ത് പറയുന്നു എന്ന ചോദ്യം വളരെ പ്രധാനമാണ്.
വിവിധ സ്വത്വബോധങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനാറ് റിപ്പബ്ലിക്കുകളുടെ സമുച്ചയമായിരുന്നു യൂനിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്. അവക്കെല്ലാം സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണ കാലത്തേക്കാള്‍ സ്വതന്ത്രമായി തങ്ങളുടെ സ്വത്വം പരിരക്ഷിക്കാന്‍ അവസരമുണ്ടാവും എന്ന വി.ഐ ലെനിന്റെ വാഗ്ദാനമാണ് അവയെ യു.എസ്.എസ്.ആറിന്റെ ഘടകങ്ങളാക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ, മൂന്നു പതിറ്റാണ്ടോളം നീണ്ട സ്റ്റാനിലിസ്റ്റ് യുഗം അവയുടെ സ്വത്വവും തനിമയും സ്വാതന്ത്ര്യവും ബുള്‍ഡോസര്‍ പ്രയോഗത്തിന് വിധേയമാക്കി. വിശിഷ്യാ മധ്യേഷ്യന്‍ മുസ്‌ലിം റിപ്പബ്ലിക്കുകള്‍ക്കും ക്രൈസ്തവ റിപ്പബ്ലിക്കുകള്‍ക്കും മൗലിക മതസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു. പകരം കടുത്ത നാസ്തിക നിര്‍മത മൂശയില്‍ തലമുറകളെ വാര്‍ത്തെടുക്കാന്‍ ആസൂത്രിത നീക്കമാണുണ്ടായത്. ഒടുവില്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് പെരിസ്‌ട്രോയ്ക്കയും ഗ്ലാസ്‌നോസ്തും പരീക്ഷിക്കുമ്പോള്‍ കെട്ടുപൊട്ടിച്ചു പുറത്ത് ചാടാന്‍ ഈ റിപ്പബ്ലിക്കുകളെല്ലാം നിര്‍ബന്ധിതമായത്, ഏഴ് പതിറ്റാണ്ട് നീണ്ട സ്വത്വ നിഷേധമാണ്. ഇന്നവയെല്ലാം തിരിച്ചുപോവുന്നതും പഴയ പൈതൃകത്തിലേക്കും സാംസ്‌കാരിക തനിമയിലേക്കുമാണ്. ജനതയുടെ സ്വാതന്ത്ര്യാഭിവാഞ്ഛയെ തോക്കിന്‍ കുഴലിലൂടെ നേരിടുന്ന ചൈന പോലും വിവിധ ജനവിഭാഗങ്ങളുടെ സ്വത്വബോധത്തെ ഒരു പരിധിയോളം അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുന്നതാണ് വര്‍ത്തമാനകാല കാഴ്ച.
ഇന്ത്യയില്‍ അമ്പതുകളുടെ തുടക്കം മുതല്‍ പാര്‍ലമെന്ററി ജനാധിപത്യ പാത അംഗീകരിക്കാന്‍ നിര്‍ബന്ധിതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനകോടികളെ ആകര്‍ഷിക്കാന്‍ സ്വത്വ ബോധത്തിന്റെ നേരെ കണ്ണുചിമ്മുകയെങ്കിലും ചെയ്യേണ്ടിവന്നു; മതങ്ങളെയും ജാതികളെയും തിക്ത യാഥാര്‍ഥ്യമായെങ്കിലും അംഗീകരിക്കേണ്ടിവന്നു. കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസത്തിനും മതവിശ്വാസത്തിനും എതിരല്ലെന്ന് താത്ത്വികാചാര്യന്മാര്‍ വരെ നിരന്തരം ബോധവത്കരിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ, അതിന് മുമ്പായി പറഞ്ഞ 'ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ് മതം' എന്ന വാചകം ഉയര്‍ത്തിപ്പിടിച്ചു തടയിടാന്‍ ശ്രമിച്ചു. ഇന്നും ആ പ്രചാരണം തുടരുന്നു. ബംഗാളിലും കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അധികാരത്തിലേറ്റാന്‍ വോട്ട് ചെയ്തവരില്‍ മഹാ ഭൂരിഭാഗവും ഈശ്വര വിശ്വാസികളും മതവിശ്വാസികളുമാണെന്നത് സത്യവുമാണ്. മാത്രമല്ല, മതചിഹ്നങ്ങളെയും സ്ഥാപനങ്ങളെയും ഏറ്റവും നന്നായി സംരക്ഷിക്കാനാവുക ഇടത് ഭരണത്തിലാണെന്ന ധാരണയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരത്തിയിട്ടുണ്ട്, ശരിയാണെങ്കിലും അല്ലെങ്കിലും. ജാതിയധിഷ്ഠിത കൂട്ടായ്മകളായ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, പുലയര്‍ മഹാ സഭ എന്നിവയുടെ നേരെയും നിഷേധാത്മക സമീപനമല്ല സി.പി.എമ്മിനും സി.പി.ഐക്കുമുള്ളത്. ഏറ്റവും പുതുതായി സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രദര്‍ശന നഗരിയില്‍ യേശുക്രിസ്തുവിനെ വിമോചന പോരാളിയായി ചിത്രീകരിച്ചത് വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണല്ലോ. മുന്‍കഴിഞ്ഞ പ്രവാചകന്മാരെല്ലാം താന്താങ്ങളുടെ കാലത്തെ മര്‍ദിത പീഡിത പക്ഷത്ത് നിന്ന് ചൂഷക നാടുവാഴി വര്‍ഗത്തിനെതിരെ പൊരുതിയ വിമോചക പോരാളികളായിരുന്നു എന്ന കാര്യം മാര്‍ക്‌സിസ്റ്റുകാരുടെ എക്കാലത്തെയും കാഴ്ചപ്പാടും വ്യാഖ്യാനവുമാണ്. അത് പുതിയൊരു സംഗതിയേ അല്ല. അതിന്റെ പേരില്‍ ഒച്ച വെക്കേണ്ട സാഹചര്യവുമില്ല. ആശയപരമായി എതിര്‍ക്കപ്പെടേണ്ടതാണെങ്കില്‍ അത് വേറെ കാര്യം. പക്ഷേ, പ്രസക്തമായ ചോദ്യം മറ്റൊന്നാണ്. യേശുക്രിസ്തുവിന്റെ അനുയായികളുടെ സ്വത്വബോധത്തെ ഉള്‍ക്കൊള്ളാനും തൃപ്തിപ്പെടുത്താനും എത്ര അളവില്‍ സി.പി.എമ്മിനാവും? അതേ ചോദ്യം മുഹമ്മദ് നബിയുടെ അനുയായികളുടെ കാര്യത്തിലും ഉയരുന്നു.
മുസ്‌ലിം പ്രശ്‌നത്തിലേക്ക് വരുമ്പോള്‍ കൂറെക്കൂടി വിശാലമായ മാനങ്ങളുണ്ട് സ്വത്വവിവാദത്തിന്. ആഗോള സാമ്രാജ്യത്വത്തിനെതിരെ ശക്തമായി പോരാട്ട രംഗത്തുള്ളത് ഇന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്. അവയുടെ മതമൗലികവാദം എന്നോ രാഷ്ട്രീയ ഇസ്‌ലാം എന്നോ വിവരിക്കപ്പെടുന്ന ആശയങ്ങളോട് താത്ത്വികമായി വിയോജിച്ചുകൊണ്ടുതന്നെ, മനുഷ്യലോകത്തിന്റെയും സമാധാനത്തിന്റെയും ഏറ്റവും കടുത്ത ശത്രുവായ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെങ്കില്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ശക്തികളെയും ഒഴിച്ചു നിര്‍ത്തിക്കൊണ്ട് നാമമാത്ര മതേതര വിഭാഗങ്ങളെ കൂടെ കൂട്ടി പോരാട്ടം വിജയിപ്പിക്കുക സാധ്യമേ അല്ല. അറബ് ലോകത്തെ മതേതരത്വ മറക്ക് പിന്നില്‍ നിന്നാണ് ഇക്കാലമത്രയും ജനവിരുദ്ധരായ സ്വേഛാധിപതികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പാക്കിയത് എന്ന സത്യം കാണാതെ പോവരുത്. അവരെ പിഴുതെറിയാനുള്ള ജനകീയ പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്നത് മറ്റെന്തിനേക്കാളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളായിരുന്നു താനും. ഈ പ്രസ്ഥാനങ്ങളാകട്ടെ മാറിയ ലോകത്തും സാഹചര്യങ്ങളിലും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ജനാധിപത്യ ഭരണക്രമത്തിന്റെ നിര്‍മിതിക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഭിന്നമായി അടിയുറച്ച സാമ്രാജ്യത്വ, ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ സാമ്പത്തിക നിലപാടുകള്‍ സ്വീകരിക്കുന്നതും രാജ്യത്തിന്റെ കൊടിയ ശാപമായ അഴിമതിക്കെതിരെ പൊരുതുന്നതും മര്‍ദിത പീഡിത ജനപക്ഷത്ത് നില്‍ക്കുന്നതും ഇസ്‌ലാമിക പ്രസ്ഥാനമാണെന്ന് നിഷ്പക്ഷമതികള്‍ക്ക് കാണാനാവും. സ്വത്വ രാഷ്ട്രീയത്തിന്റെയോ മൗലികവാദ വിരോധത്തിന്റെയോ പേരില്‍ അതിനെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ശ്രമം ഇടതുപക്ഷത്തെ ദുര്‍ബലമാക്കുകയല്ലേ ചെയ്യൂ. ഇത്തരം സത്യങ്ങളുടെ നേരെ ക്രിയാത്മക സമീപനം സ്വീകരിക്കാന്‍ സി.പി.എമ്മിന് സാധിക്കുന്നില്ലെന്നാണ് കരട് പ്രത്യയശാസ്ത്ര രേഖയിലെ ഇതിനകം പുറത്ത് വന്ന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. അറബ് വസന്തത്തെ വിലയിരുത്തിയപ്പോള്‍ സാമ്രാജ്യത്വത്തിന് തുല്യ ഭീഷണിയായി ഇസ്‌ലാമിക മൗലികവാദത്തെ കണ്ടത് സി.പി.എം നേതൃത്വം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന തോന്നല്‍ ഉളവാക്കുന്നതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം