ഇവരെങ്ങനെ തൊഴിലാളി വര്‍ഗത്തിന്റെ രക്ഷകരാകും?
വ്യവസായ ശാലകളിലും കൃഷിയിടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണം തലതിരിഞ്ഞ സമ്പദ്ഘടനയാണെന്ന കാര്യത്തില്‍ സംശയമില്ല. ജീവിതം തന്നെ താളം തെറ്റിയത് കൊണ്ടാണ് സാമ്പത്തിക ജീവിതവും താളം തെറ്റിയത്. മുഴു ജീവിതത്തിന്റെ തന്നെയും അലകും പിടിയും മാറ്റുകയും അങ്ങനെ സാമ്പത്തിക ഘടന മെച്ചപ്പെടുകയും ചെയ്താലല്ലാതെ, തൊഴിലെടുക്കുന്ന വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായ രീതിയില്‍ പരിഹരിക്കാനാവുകയില്ല.
എന്താണ് പ്രശ്‌നങ്ങള്‍?
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍ വന്ന സമ്പദ്ഘടന മുഴുവനായി ബ്രിട്ടീഷുകാരുടെ സംഭാവനയായിരുന്നു എന്നു പറയാന്‍ കഴിയില്ല. ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് തന്നെ സമ്പദ്ഘടനയുടെ ദൂഷ്യങ്ങള്‍ വളരെ പ്രകടമായിരുന്നു. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ രചനകള്‍ വായിച്ചാലറിയാം, അദ്ദേഹം ജീവിച്ചിരുന്ന കാലത്തും ജനം വിധ്വംസകമായ ഒരു സമ്പദ്ഘടനയുടെ അടിയില്‍ പെട്ട് ഞെരിപിരി കൊള്ളുകയായിരുന്നുവെന്ന്. ബ്രിട്ടീഷുകാര്‍ കടന്നുവന്നപ്പോള്‍ ഈ ദൂഷ്യങ്ങള്‍ എണ്ണമറ്റ് പെരുകി എന്നു മാത്രം. അങ്ങനെ മുമ്പത്തേക്കാള്‍ ദുര്‍വഹമായ ഒരു സാമ്പത്തിക സംവിധാനം അവര്‍ ജനത്തിന് മേല്‍ അടിച്ചേല്‍പിച്ചു. ബ്രീട്ടീഷ് ഭരണകാലത്ത് സാമ്പത്തിക തിന്മകള്‍ പെരുകാന്‍ രണ്ട് കാരണമുണ്ട്. ഒന്ന്, ബ്രിട്ടീഷ് ഭരണാധികാരികള്‍ തീര്‍ത്തും ഭൗതികതയിലൂന്നിയ ഒരു നാഗരികതയുടെ വക്താക്കളായിരുന്നു. രണ്ട്, മുതലാളിത്തം കത്തിനിന്ന കാലത്താണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നത്. അവര്‍ക്ക് കൃത്യമായ ഒരു സാമ്രാജ്യത്വ അജണ്ടയും ഉണ്ടായിരുന്നു. സ്വന്തം ദേശീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ തദ്ദേശീയരെ ചൂഷണം ചെയ്യുക എന്നതായിരുന്നു അവരുടെ നയം. ഈ മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് അവര്‍ അടിച്ചേല്‍പിച്ച രീതികള്‍ക്ക് കടുത്ത മര്‍ദക സ്വഭാവം കൈവന്നത്. ഒടുവില്‍ നാം അവരുടെ ബന്ധനത്തില്‍നിന്ന് മുക്തി നേടി. പക്ഷേ, അവര്‍ പോയി കഴിഞ്ഞിട്ടും, നിലവിലുള്ള സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും കാണാനില്ല.
നമ്മള്‍ നയിച്ച രാഷ്ട്രീയ വിപ്ലവം ഏതെങ്കിലും ധൈഷണികമോ ധാര്‍മികമോ ആയ വിപ്ലവത്തിന്റെ ഉല്‍പന്നമായിരുന്നില്ല എന്നതാണതിന്റെ കാരണം. ഒരു രാഷ്ട്രീയ സംഘര്‍ഷത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ഒന്നാണത്. സ്വാതന്ത്ര്യം കിട്ടുന്നതിന്റെ തലേന്ന് വരെ ഭാവിയെക്കുറിച്ച് ഒരാള്‍ക്കും ഒരു പ്രവര്‍ത്തന പരിപാടി ഉണ്ടായിരുന്നില്ല. നമുക്ക് സ്വീകരിക്കാവുന്ന ജീവിതരീതിയേത്, രാഷ്ട്രത്തിന്റെ നയപരിപാടികള്‍ എന്തൊക്കെ? ഇതിനെക്കുറിച്ചൊന്നും വ്യക്തമായ ഒരു ധാരണയുമില്ല. സ്വാതന്ത്ര്യത്തിന് ശേഷം തിന്മകള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. മുതലാളിത്തം, സാമ്രാജ്യത്വം, ഭൗതികത എന്നിവയില്‍ ബ്രിട്ടീഷുകാര്‍ കെട്ടിയുണ്ടാക്കിയ എടുപ്പ് ഇപ്പോഴും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു. ഈ എടുപ്പിനെ നീക്കാനല്ല, അതിനെ മോടിപിടിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ട ശേഷവും* ഭൗതികതയിലൂന്നിയ സംവിധാനത്തെ നീക്കേണ്ടതാണെന്നോ പരിഷ്‌കരിക്കേണ്ടതാണെന്നോ ഉള്ള യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.
സാമ്രാജ്യത്വ അധികാര ഘടനയെ അരക്കിട്ടുറപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച നിയമങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ നില്‍ക്കുന്നു. അവരുടെ അതേ ഭരണനയങ്ങളും സംവിധാനങ്ങളും അതേ വിദ്യാഭ്യാസനയവും ആധിപത്യം ചെലുത്തുന്നു. ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായി ഒരു പോരാട്ടത്തിന്റെ ഫലമായിരുന്നു നമ്മുടെ സ്വാതന്ത്ര്യമെങ്കില്‍, രാജ്യത്തെ എങ്ങനെ നയിക്കണമെന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു മാര്‍ഗരേഖ ഉണ്ടാകുമായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ അത്തരമൊന്ന് നാം വികസിപ്പിച്ചെടുക്കുകയും സ്വാതന്ത്ര്യം കിട്ടുന്ന മുറക്ക് അത് നടപ്പാക്കിത്തുടങ്ങുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കുകയുണ്ടായില്ല. നാം അടിമകളാക്കപ്പെട്ട കാലത്തുണ്ടായിരുന്ന തിന്മകള്‍ക്ക് ഒരു വാട്ടവും പറ്റുകയുണ്ടായില്ല. എന്നു മാത്രമല്ല, അക്കാലത്തെ തിന്മകള്‍ അനുദിനം തഴക്കുകയും പെരുകിപ്പരക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
നാം എന്തു ചെയ്യണം?
ഈ ഘടന അപ്പാടെ മാറ്റുക എന്നതാണ് നാം ചെയ്യേണ്ട യഥാര്‍ഥ ജോലി. അത് ചെയ്യാത്ത പക്ഷം ആവലാതികള്‍ക്കും അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിക്കുകയില്ല. നിലവിലുള്ള സംവിധാനത്തെ അതിന്റെ പ്രത്യയശാസ്ത്രപരവും മറ്റുമായ അടിത്തറകളോടെ പിഴുത് മാറ്റുകയും, സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറകളില്‍ പുതിയൊരു ബദല്‍ വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് യഥാര്‍ഥ പരിഹാരം. ഈയൊരു മാറ്റം യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ സാമൂഹിക നീതി അതിനോടൊപ്പം താനേ വന്നുകൊള്ളും. തൊഴിലാളികളുടെ എല്ലാ വേദനകള്‍ക്കും അങ്ങനെ പരിഹാരമുണ്ടാവും. യഥാര്‍ഥ സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന പ്രത്യയശാസ്ത്ര അടിത്തറകള്‍ പ്രദാനം ചെയ്യാനാവുക ഇസ്‌ലാമിനാണെന്ന് നാം വിശ്വസിക്കുന്നു. അതിനാല്‍ ആ നിലക്കുള്ള ശ്രമങ്ങളും നാം നടത്തിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക നീതിയെക്കുറിച്ച് പലതരം വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഓരോ വ്യാഖ്യാനത്തെയും ഉയര്‍ത്തിപ്പിടിച്ച് അതിന്റെ വക്താക്കളും രംഗത്തുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനോടും പ്രവാചക ചര്യയോടും ഏറ്റവും അടുത്ത് നില്‍ക്കുന്ന വ്യാഖ്യാനമേതോ അതാണ് കൂടുതല്‍ ആധികാരികമാവുക. എങ്കിലും പൊതുവില്‍ മുസ്‌ലിം സമൂഹം പിന്തുണക്കുന്ന വ്യാഖ്യാനമാണ് മേല്‍ക്കൈ നേടുക. ഏത് വ്യാഖ്യാനം സ്വീകരിച്ചാലും അഭിപ്രായ ഭിന്നതയുടെ പേരില്‍ ആശങ്കിക്കേണ്ട കാര്യമില്ല. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെടുന്ന ഏതൊരു ജനാധിപത്യ സംവിധാനവും സമത്വവും നീതിയും വിളംബരം ചെയ്യുന്നത് തന്നെയായിരിക്കും.
പ്രശ്‌നപരിഹാരം
ജീവിതക്രമത്തിലേക്ക് ഒരു സമ്പൂര്‍ണ മാറ്റം കൊണ്ടുവരിക എളുപ്പമല്ല. അത് സാധ്യമാകുന്നതിന് മുമ്പുള്ള ഘട്ടങ്ങളില്‍ നാം മൂന്ന് കാര്യങ്ങള്‍ ചെയ്യണം. തൊഴിലാളികള്‍ക്ക് പരമാവധി നീതി ലഭ്യമാക്കാന്‍ ശ്രമിക്കുക. അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ശ്രദ്ധിക്കുക. തൊഴിലാളികളുടെ വേദനകള്‍ ചൂഷണം ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്ന അവസരവാദ കൂട്ടുകെട്ടുകളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കുക. മൂന്നാമത് പറഞ്ഞ കാര്യത്തില്‍ അല്‍പം വിശദീകരണം ആവശ്യമുണ്ട്.
തീര്‍ത്തും ഭിന്നമാണ് ഓരോ മനുഷ്യന്റെയും മാനസികാവസ്ഥ. വേദന കൊണ്ട് പുളയുന്ന ഒരു രോഗിയുടെ കാര്യമെടുക്കാം. ഇതുതന്നെ അവസരമെന്ന് കരുതി രോഗിയുടെ നിസ്സഹായാവസ്ഥ മുതലെടുക്കാനും അങ്ങനെ തന്റെ ലാഭവിഹിതം വര്‍ധിപ്പിക്കാനുമാണ് ഒരുത്തന്‍ ശ്രമിക്കുന്നത്. രോഗിക്ക് അയാളുടെ വേദനയില്‍നിന്ന് പെട്ടെന്ന് എങ്ങനെ താല്‍ക്കാലികാശ്വാസം നല്‍കാം എന്നാണ് മറ്റൊരാള്‍ ആലോചിക്കുന്നത്. അതിന് വേണ്ട പ്രാഥമിക ചികിത്സകള്‍ അയാള്‍ ഉടനടി രോഗിക്ക് നല്‍കുന്നു. പിന്നീട് പൂര്‍ണ രൂപത്തിലുള്ള വൈദ്യസഹായം ലഭ്യമാക്കാനുള്ള ഏര്‍പ്പാട് ചെയ്യുന്നു. തൊഴിലാളികളുടെ കാര്യത്തില്‍ ഈ രണ്ട് തരത്തിലുള്ള മനോഭാവങ്ങളും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് കാണാം. തൊഴിലാളി സമൂഹം ദുരിതക്കയത്തിലാണ് ചെന്നുപെട്ടിരിക്കുന്നത്. നവീന മുതലാളിത്തം അവരെ എണ്ണമറ്റ കുരുക്കുകളിട്ട് ബന്ധിച്ചിരിക്കുന്നു. ഇവരുടെ കഷ്ടപ്പാടുകള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് എങ്ങനെ ഇന്ധനമാക്കാം എന്നാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. തൊഴിലാളികളുടെ പ്രയാസങ്ങള്‍ ദൂരീകരിച്ച് അവര്‍ക്കാശ്വാസം നല്‍കുകയെന്നത് ഈ രാഷ്ട്രീയക്കാരുടെ ലക്ഷ്യമേയല്ല. എന്നല്ല ഇവര്‍ തൊഴിലാളികളുടെ ദുരിതങ്ങള്‍ ഒന്ന് പെരുപ്പിക്കാന്‍ നോക്കും; അല്ലെങ്കില്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന തൊഴിലാളികളുടെ ഒരു പ്രശ്‌നം, വെച്ച് താമസിപ്പിച്ച് സങ്കീര്‍ണമാക്കാന്‍ ശ്രമിക്കും. ഉണങ്ങാനിരുന്ന മുറിവ് മാന്തിപ്പൊളിക്കുന്നത് പോലെ. അങ്ങനെ തൊഴിലാളി സമൂഹത്തില്‍ അസ്വസ്ഥത വര്‍ധിക്കും. നിയമലംഘനങ്ങളും അക്രമ പ്രവൃത്തികളും വ്യാപകമാകും. ഇത് മുതലാക്കി ഒരു അക്രാമക വിപ്ലവം (violent revolution) സാധിച്ചെടുക്കാമെന്നുമാണ് കമ്യൂണിസം കണക്ക് കൂട്ടുന്നത്.
കമ്യൂണിസം ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളികളുടെ സങ്കല്‍പ സ്വര്‍ഗം(utopia) യഥാര്‍ഥത്തില്‍ തൊഴിലാളികള്‍ക്ക് നരകമായിത്തീരുകയാണ്. കമ്യൂണിസ്റ്റ് ഭരണം വരുന്ന ഒന്നാം ദിവസം തന്നെ ആ ദുരിതക്കാലം തുടങ്ങുകയായി. തൊഴിലാളിയുടെ സ്ഥിതി ഇന്ന് ദയനീയം തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. പക്ഷേ, ഒരു കമ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ അവന്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതം സങ്കല്‍പാതീതമായിരിക്കും. നോക്കൂ, ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യങ്ങള്‍ പറയാം. ബന്ധപ്പെട്ടവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ സമരം ചെയ്യാം, പൊതുയോഗം വിളിക്കാം, ജാഥ നടത്താം, ബഹളം വെക്കാം, എന്നിട്ടും ശരിയായില്ലെങ്കില്‍ ആ ജോലി തന്നെ ഉപേക്ഷിച്ച് വേറൊരു ജോലി അന്വേഷിക്കാം. ഒരു 'കമ്യൂണിസ്റ്റ് സ്വര്‍ഗ'ത്തില്‍ ഇങ്ങനെയുള്ള വേദികളൊന്നും തന്നെ തുറക്കപ്പെടുകയില്ല. കാരണം എല്ലാ ഫാക്ടറികളും ഓരോ തുണ്ട് ഭൂമിയും സകല വാര്‍ത്താ വിനിമയ മാധ്യമങ്ങളും എന്നല്ല മുഴുവന്‍ ജീവിത തുറകളും ഉടമപ്പെടുത്തി വെക്കുന്ന അതേ അധികാരശക്തി തന്നെയാണ് പോലീസിനെയും ചാരപ്പോലീസിനെയും സൈന്യത്തെയും ജുഡീഷ്യറിയെയും ജയില്‍ ക്യാമ്പുകളെയും നിയന്ത്രിക്കുന്നത്. തന്റെ ദുരന്തവിധി ക്ഷമയോടെ ഏറ്റുവാങ്ങി ജീവിതം തളളിനീക്കുകയല്ലാതെ തൊഴിലാളിക്ക് മറ്റൊരു പോംവഴിയുമില്ല. യോഗങ്ങള്‍, ജാഥകള്‍, സമരങ്ങള്‍ ഇതൊന്നും കേട്ടുകേള്‍വി പോലുമുണ്ടാകില്ല. സമരം ചെയ്യുന്നത് പോയിട്ട് തന്റെ സങ്കടമൊന്ന് ഉറക്കെപ്പറയാന്‍ പോലും തൊഴിലാളിക്ക് സ്വാതന്ത്ര്യമുണ്ടാകില്ല.
ഇനി മറ്റൊരിടത്ത് ഭാഗ്യം പരീക്ഷിക്കാമെന്ന് വെച്ചാല്‍ അതിനും അവസരമില്ല. കാരണം ആ രാഷ്ട്രത്തില്‍ ഒരു ഭൂവുടമ മാത്രമേ ഉണ്ടാവൂ. കര്‍ഷകര്‍ മുഴുവന്‍ ഈ ഭൂവുടമയുടെ കുടിയാന്മാര്‍. രാഷ്ട്രത്തില്‍ ഒരൊറ്റ വ്യവസായി മാത്രമേ ഉണ്ടാവൂ. സകല തൊഴിലാളികളും ഈ വ്യവസായിക്ക് വേണ്ടിയാണ് തൊഴിലെടുക്കേണ്ടത്. ജീവിക്കാന്‍ മതിയായാലും ഇല്ലെങ്കിലും, തനിക്ക് എറിഞ്ഞുതരുന്ന ചെറിയ കൂലി കൊണ്ട് ജീവിച്ചുകൊള്ളണം ഓരോ തൊഴിലാളിയും. ഇത്തരമൊരു സംവിധാനം വിപ്ലവത്തിലൂടെ കൊണ്ടുവരാനത്രെ ഈ രാഷ്ട്രീയ കക്ഷികള്‍ ഉദ്യമിക്കുന്നത്. അവര്‍ക്കൊരിക്കലും തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നില്ല. അതങ്ങനെ പരിഹരിക്കപ്പെടാതെ നില്‍ക്കണം. എങ്കിലേ 'വിപ്ലവം' വരൂ. വിപ്ലവം വന്നു കഴിഞ്ഞാല്‍ സകല മുതലാളിമാരുടെയും ഫ്യൂഡലിസ്റ്റുകളുടെയും ദേശീയവാദികളുടെയും സ്വത്ത് ദേശസാല്‍ക്കരിച്ച് തൊഴിലാളികളുടെ ഉടമസ്ഥയിലാക്കുമെന്ന് പറഞ്ഞ് ഇവര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുന്നുവെന്ന് ഇവര്‍ വാദിക്കുന്നു. പക്ഷേ, എവിടെയെല്ലാം കമ്യൂണിസ്റ്റ് ഭരണം വന്നിട്ടുണ്ടോ അവിടെയെല്ലാം ആദ്യമായി ഹനിക്കപ്പെട്ടത് തൊഴിലാളിയുടെ സമരം ചെയ്യാനുള്ള അവകാശമാണ്.
പാര്‍ട്ടി അതിന്റെ അനുയായികളോട് പറയുന്നു: ''സമരം ചെയ്യാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന സകല അസംതൃപ്തികളും സോഷ്യലിസ്റ്റ് ഭരണകൂടം ഇല്ലായ്മ ചെയ്തിരിക്കും.'' അധികാരം കൈപിടിയിലൊതുക്കിയ ഒരു ചെറു സംഘത്തിന്റെ കീഴില്‍ തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് പരാതി ധാരാളമുണ്ടാവുമെന്ന് ഉറപ്പ്. ചോദ്യം ഇതാണ്: അങ്ങനെ പരാതികള്‍ ഉയര്‍ന്നാല്‍ അതിന് വേണ്ടി സംഘടിക്കാന്‍ ഒരു കമ്യൂണിസ്റ്റ് ഭരണത്തില്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടാവുമോ? തങ്ങളുടെ ആവലാതികള്‍ തുറന്ന് പറയാനുള്ള സ്വതന്ത്ര മീഡിയ അവിടെ ഉണ്ടാകുമോ? പരാതിയെങ്ങാനും പറഞ്ഞുപോയാല്‍ ആ തൊഴിലാളിക്ക് ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാവുമോ? ഈ യാഥാര്‍ഥ്യങ്ങള്‍ മുമ്പില്‍ വെച്ചാണ്, കാപിറ്റലിസ്റ്റുകളും ഫ്യൂഡലിസ്റ്റുകളും തൊഴിലാളി വര്‍ഗത്തെ കൊണ്ടെത്തിച്ചിരിക്കുന്ന ദുരിതക്കയത്തേക്കാള്‍ ആഴമുള്ള മറ്റൊരു പാതാളത്തിലേക്കാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ അവരെ കൊണ്ടുപോകുന്നത് എന്ന് നമുക്ക് പറയേണ്ടിവരുന്നത്. അവരെ സംബന്ധിച്ചേടത്തോളം കമ്യൂണിസ്റ്റ് വിപ്ലവ ചൂളയിലെ ഇന്ധനം മാത്രമാണ് തൊഴിലാളി വര്‍ഗം.
(തുടരും)
*ലേഖകന്‍ പറയുന്നത് പാകിസ്താനെക്കുറിച്ചാണെങ്കിലും ഇന്ത്യയുള്‍പ്പെടെ കോളനിമുക്ത മൂന്നാം രാജ്യങ്ങളിലെല്ലാം ഇതേ അവസ്ഥയാണ് ഏറെക്കുറെ നിലനിന്നിരുന്നത് (വിവ).
Comments