ഇസ്‌ലാമിനെ സര്‍ഗാത്മക സപര്യയിലേക്ക് പരാവര്‍ത്തനം ചെയ്ത പണ്ഡിതന്‍
യു.കെയുടെ മറ്റൊരു രചനയാണ് ജമീല. ആധുനിക ജീവിത പകിട്ടു കൊതിക്കുന്ന ജമീല ഒരിസ്‌ലാമിക പ്രവര്‍ത്തകന്റെ കളത്രം. ഏറെ പുതുമോടിയില്‍ കഴിയുന്ന സഹോദരിയെപ്പോലെയാവാന്‍ കഴിയാത്തതില്‍ ജമീല ഏറെ ഖിന്നയാണ്. നീര്‍പോള പോലെ നിഷ്‌ക്രമിക്കുന്ന ഭൗതികാര്‍ഭാടങ്ങളുടെ പരിണിത സത്യം തിരിച്ചറിഞ്ഞു ഇസ്‌ലാമിന്റെ വിനയ തല്‍പത്തിലേക്കു തിരിച്ചു വരുന്ന അത്യാഹ്ലാദകരമായ കാവ്യ സന്ദര്‍ഭങ്ങള്‍.
ഇല്ലാത്തോരേ തുണച്ച
ഊക്കന്‍മാരെ തുലച്ച
പള്ളക്കിരക്കുവാനായ് തെരുവു തെണ്ടിച്ച - നല്ല
പാഠങ്ങള്‍ ഓര്‍ക്കണം റബ്ബ് പഠിപ്പിച്ച
തടിഹവായെ പൂജിച്ചാല്‍ തോന്നിയപോല്‍ ജീവിച്ചാല്‍
ഉടയവന്‍ കോപം നമ്മള്‍ക്കെത്തിടും തീര്‍ച്ച - അല -
ഞ്ഞുലയുവാന്‍ പോലും കാരണമുണ്ട് ചിന്തിച്ചാല്‍
(ബഷീര്‍ ജമീലയോട്)
ഇതു രണ്ടുമല്ലാതെ നിരവധി സ്ത്രീപക്ഷ പാട്ടുകള്‍ യു.കെ എഴുതിയിട്ടുണ്ട്. യു.കെയുടെ പെണ്‍ പശ്ചാത്തല ഗാനങ്ങള്‍ മൊത്തത്തില്‍ നിരീക്ഷിക്കുമ്പോള്‍ തോന്നുന്നത് അതത്രയും ചേര്‍ന്നാല്‍ സൂറത്തു നൂറിന്റെ പാട്ടുപരിഭാഷയും വ്യാഖ്യാനവുമാണെന്നതാണ്. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീധന വിരോധം, സ്ത്രീകളുടെ പ്രകട വേഷങ്ങളുടെ പ്രത്യേകത, പൊതുമണ്ഡലത്തിലെ സ്ത്രീ ഇടപഴക്കം ഇതുകളിലൊക്കെ പ്രമാണ ശുദ്ധത്തിന്റെ ബലത്തില്‍ സ്‌ത്രൈണജീവിതത്തെ പുനസംരചിക്കാനായിരുന്നു യു.കെ എന്നും ഒരു പരിവ്രാജകനെപ്പോലെ പാടിനടന്നത്.
നമ്മളും ഇസ്‌ലാമിലെ പെണ്ണുങ്ങളല്ലേ - പേരില്‍
മുസ്‌ലിമാത്തും മുഅ്മിനാത്തും തന്നെയല്ലേ
വീട്ടിലിസുലാം സ്ഥാപിതമാകാതെ - കണ്ട് വന്നാല്‍
നാട്ടിലുണ്ടാവുകയില്ല തീര്‍ച്ചയുണ്ട്.
(അല്ല പെണ്ണുങ്ങള്‍)
സ്ത്രീധനം പോലുള്ള ഭീകര നാട്ടു ദുരാചാരങ്ങളെ കവി എന്നും നേരിട്ടെതിര്‍ത്തു. ഇതിനായി നിരന്തരം പാട്ടുകെട്ടി.
പെണ്ണ് കെട്ടിനുപാധിയായി- പൊന്നും പണവും പറഞ്ഞിടുന്ന
നിന്ദ്യമായപശബ്ദമിവിടെ ഉയര്‍ന്നു കേള്‍ക്കുന്നു- ദീനില്‍
പണ്ഡിതന്മാര്‍ പോലുമതിന് വളം കൊടുക്കുന്നു.
സ്ത്രീകളെ കെട്ടേണമെങ്കില്‍- സ്ത്രീധനം കിട്ടേണമെന്നും
സ്ത്രീഗുണം ഗണനീയമായൊരു പ്രശ്‌നമല്ലെന്നും- വന്നാല്‍
ഏക ദൈവിക ദീനിനത് അപകീര്‍ത്തിയാണെന്നും
ദീനിനൊത്ത് ഗൃഹം ഭരിക്കാന്‍- ദീനില്‍ മക്കളെ വാര്‍ത്തെടുക്കാ-
നാണ് പെണ്ണിനെയെങ്കിലാ കാര്യം വിജയിക്കാന്‍- ഇസ്‌ലാം
വേണമവളില്‍ സന്തതം സഹധര്‍മിണിയാക്കാന്‍
(സ്ത്രീധന വ്യാധി)
സ്ത്രീധനപ്പിശാചിനെ ഇത്രയും ശക്തിയില്‍ എറിഞ്ഞാട്ടുന്ന പാട്ടുകള്‍ മാപ്പിളപ്പാട്ടു സാഹിത്യത്തില്‍ അത്യപൂര്‍വമാണ്. ഉള്ളതാകട്ടെ ഒന്നുംതന്നെ ഇസ്‌ലാമിന്റെ ബദല്‍ പരിസരത്തുനിന്നല്ല. യു.കെയുടെ സ്ത്രീധന വിമര്‍ശന നിലപാടുതറയില്‍ നിന്നു ഈ അനുഷ്ഠാന വൈകൃതത്തെ കൈകാര്യം ചെയ്ത് പാട്ടുകെട്ടിയ മറ്റൊരാള്‍ പ്രസിദ്ധ കവി പി.എം.എ കല്‍പറ്റയാണ്. അതു പക്ഷേ പരിഹാരം നിര്‍ദേശിക്കാത്ത കേവല വിമര്‍ശനം മാത്രമാണ്.
ഇസ്‌ലാമിനെതിരെ രൂപംകൊള്ളുന്ന സര്‍വ സന്നാഹങ്ങളെയും പാടിപാടി തോല്‍പിക്കുന്നതാണ് യു.കെ പാട്ടുകളുടെ പ്രത്യേകത. അതൊരു ജീവിത നിയോഗം പോലെ അദ്ദേഹം കൊണ്ടുനടന്നു. ജീവിതാന്ത്യം വരെ.
സിദ്ധാന്തപരമായി കവിക്കെന്നും ആകുലത നല്‍കുന്നതു ജീവിതമാണ്. മരണമല്ല. സാധാരണ എഴുത്തുകാരെ ഭയപ്പെടുത്തിയത് മരണവും. സര്‍വ ആസ്വാദനങ്ങളെയും തെറിപ്പിച്ചു കളയുന്ന മരണം. യു.കെ പക്ഷേ മരണത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കവിക്കറിയാം മരണം ആകുലപ്പെടേണ്ട ഒന്നല്ല. ഭയപ്പെടേണ്ടത് ജീവിതത്തെയാണ്. ജീവിതമാണ് മരണത്തെ തോല്‍പിച്ചു കളയുക.
സ്വര്‍ഗം അണഞ്ഞ ശഹീദിന്റെ മുന്നീന്ന്
സങ്കടപ്പെട്ടു കരയേണ്ട നിങ്ങള്‍
സങ്കടപ്പെട്ടു കരയേണ്ട നിങ്ങള്‍
ബന്ധം മുറിഞ്ഞൊരു വേര്‍പാടിതാണെന്ന്
എന്തിനു തെറ്റിദ്ധരിക്കണം നിങ്ങള്‍
എന്തിനു തെറ്റിദ്ധരിക്കണം നിങ്ങള്‍
(മരിച്ചാലും മരിക്കാത്തവര്‍)
ഇസ്‌ലാമിന്റെ സമഗ്രവും സമ്യക്കുമായ ലോക വീക്ഷണത്തെ തന്റെ സര്‍ഗാത്മക സപര്യയിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ എന്നുമദ്ദേഹം ബോധപൂര്‍വം ശ്രദ്ധിച്ചിട്ടുണ്ട്. സത്യവിശ്വാസികള്‍ ഇസ്‌ലാമിക സമൂഹത്തിലെ ഗൗരവമുള്ള പൗരന്മാര്‍ കൂടിയാണെന്ന പൂര്‍ണ ബോധം യു.കെ എന്നും പ്രസ്ഥാന പ്രവര്‍ത്തകരെ പാട്ടിലൂടെ ഉണര്‍ത്തിക്കൊണ്ടിരുന്നു.
പ്രപഞ്ചത്തില്‍ അല്ലാഹുവിനെ കണ്ടെത്താന്‍ ശ്രമിക്കാത്ത അഹങ്കാരത്തെ വിചാരണ ചെയ്തും പൊങ്ങച്ചക്കോലങ്ങളെ പരിഹസിച്ചും അവര്‍ക്ക് വേണ്ടി പരിതപിച്ചും യു.കെ നിരന്തരം പാട്ടു പാടി. വിഹായസ്സിന്റെ വിരിമാറില്‍ എന്ന സാമാന്യം ദീര്‍ഘമായ പാട്ട് എറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. യു.കെയുടെ പാട്ടുലോകത്തിന്റെ സംക്ഷേപമാണീ രചന. ആകാശ ലോകത്തിലെ നക്ഷത്ര ജാലങ്ങളിലൂടെ താഴെ ഭൂമിയിലേക്കും മനുഷ്യ ജീവിതത്തിന്റെ നിസ്സഹായതയിലേക്കും ഭൂമിയില്‍ സര്‍വ മണ്ഡലങ്ങളിലും പുലരേണ്ട ദൈവിക നിയമങ്ങളിലേക്കും അഗാധമായ തത്ത്വശാസ്ത്ര ബോധത്തോടെ, പേര്‍ഷ്യന്‍ ഖാന്‍ഗാഹുകളിലെ ദര്‍വീശിനെപ്പോലെ അന്വേഷിച്ചു പോകുന്ന അനുരാഗിയുടെ കൗതുകം.
യു.കെയുടെ ഗാനലോകത്തിലൂടെ ഗഹനമായി കടന്നുപോകുമ്പോള്‍ എത്തിച്ചേരുന്ന ചില പൊതു നിഗമനങ്ങളുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടി അവതരിപ്പിക്കാനുള്ളതാണ്. പാട്ടിന്റെ തുടിപ്പ് പാരായണത്തിന്റെ ഇളംവെയിലില്‍ വിടര്‍ന്നു നില്‍ക്കും. പാരായണത്തിലൂടെ, ആസ്വാദനം കൊണ്ടു വരുന്നതിനേക്കാള്‍ എന്നും ശ്രോതാവിനെ രസിപ്പിക്കുന്ന ഗാനമണ്ഡലമാണത്. മറ്റുള്ളവരോട് താന്‍ പറയാന്‍ ബാധ്യതപ്പെട്ടത് പാട്ടിലൂടെ അദ്ദേഹം പറഞ്ഞുപോയി. തന്റെ രചനകളില്‍ കലാപരമായ മികവുകളെ ഊന്നുന്നതിനു പകരം പറയേണ്ട വസ്തുതകള്‍ ഊന്നി ഊന്നിപ്പാടി. കാവ്യപാഠത്തില്‍ വിട്ടുവീഴ്ച ചെയ്ത് ഛന്ദസ്സിലും ആലാപന സൗകുമാര്യത്തിലും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ തന്റെ പല കൃതികളും മാപ്പിളപ്പാട്ടു കാവ്യലോകം ഏറെ കൊണ്ടാടുമായിരുന്നു. അങ്ങനെയൊരു വിട്ടുവീഴ്ചക്ക് യു.കെ നിന്നുകൊടുത്തില്ല. അതിലളിതമാണു കവിയുടെ പാട്ടുശൈലി.
മാപ്പിളപ്പാട്ടെഴുത്തുകാര്‍ പതിവായുപയോഗിക്കുന്ന പൊതു ബിംബാവലികളുണ്ട്. പിരിശം, മൊഞ്ച്, സീനത്ത്, പോരിശ, ശറഫ്, ജവാബ് പോലുള്ളവ. ഇത്തരം ബിംബങ്ങളെ പൊതുവില്‍ യു.കെ നിരാകരിച്ചു. പകരം ലളിത മലയാള പദങ്ങള്‍ തെരഞ്ഞുപോയി. ഖുര്‍ആനിലെയും ഹദീസിലെയും പ്രയോഗങ്ങള്‍ അങ്ങനെത്തന്നെ വരികളില്‍ പകര്‍ത്തി. ഒന്നും രണ്ടും പ്രമാണങ്ങളുടെ അപ്പുറത്തേക്ക് തന്റെ കവനകൗതുകം പടരാതിരിക്കാനുള്ള നിതാന്ത ജാഗ്രതയോടെയാണ് യു.കെ പാട്ടു കെട്ടിയത്. മനോധര്‍മത്തിന് എമ്പാടും സാധ്യതയുള്ളേടത്തുപോലും ഈ ഉദാരമായ അച്ചടക്കം പാട്ടിലുടനീളം പ്രകടിപ്പിച്ചു. പ്രമാണിമാരായ പാട്ടുകാരൊക്കെയും ജാഹിലിയ്യ കവികളെപ്പോലെ അതിഭാവനയുടെയും അത്യുക്തിയുടെയും ആഭാസമേടുകളിലലഞ്ഞപ്പോള്‍ ഹസ്സാനുബിനു സാബിത്തിനെപ്പോലെ യു.കെ മാറിനിന്നു. പാടിപ്പറന്നുപോകുമ്പോള്‍ പരഭാഗ വര്‍ണനയുടെ നക്ഷത്ര ലോകത്തേക്കദ്ദേഹം നോക്കിയതേയില്ല. അതുകൊണ്ടാകാം യു.കെയുടെ രചനകളില്‍ കല്‍പനകളും കലാമൂല്യവും താരതമ്യേന കമ്മിയാണ്. അതൊരു ഉപദേശ കാവ്യമാണ്. ആജീവനാന്തം അദ്ദേഹമൊരധ്യാപകനായിരുന്നു. ഉപജീവനത്തിനു നിരവധി തൊഴില്‍ മണ്ഡലങ്ങളെ പുണര്‍ന്നിരുന്നുവെങ്കിലും മൗലികമായി ഒരധ്യാപകന്‍. അതിനാലാകാം പാട്ടുകളില്‍ ഒരധ്യാപകനെയും അദ്ദേഹത്തിന്റെ ആര്‍ദ്ര ഭാവാത്മകമായ ഉപദേശങ്ങളെയും നിരന്തരം പ്രത്യക്ഷമാക്കുന്നത്. അറിയേണ്ടതും അറിയിക്കേണ്ടതുമായ വിവരങ്ങള്‍ യു.കെ പാടിപ്പറഞ്ഞു.
രചനാപരമായി സര്‍ഗാത്മകത്തികവ് വേണ്ടത്ര പോരെന്ന് തോന്നാമെങ്കിലും കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പരിശ്രമങ്ങളില്‍ യു.കെയുടെ പങ്കാളിത്തം അപ്പോഴും അദ്വിതീയമാണ്. പേരിനു പോലും ഒരു പകരമില്ലാതെ ഇന്നുമാ ആസ്ഥാന കവി മണ്ഡലം ശൂന്യമാണ്. ഇത്രയേറെ നവീന സന്നാഹങ്ങളൊരുക്കിയിട്ടും. അതൊരു നിയോഗമായിരുന്നു. സമാനതകളില്ലാത്ത നിയോഗം. സ്വയം സമര്‍പ്പണത്തിന്റെ ആത്മനിയോഗം.
(അവസാനിച്ചു)
Comments