കുവൈത്തിലും 'അറബ് വസന്തം'
കുവൈത്ത് പാര്‍ലമെന്റിലേക്ക് (മജ്‌ലിസുല്‍ ഉമ്മ) നടന്ന തെരഞ്ഞെടുപ്പ് ഫലം 'അറബ് വസന്തം' കുവൈത്തിലും കടന്നെത്തിയ പ്രതീതി സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആകെയുള്ള 50 സീറ്റില്‍ 30-ാളം സീറ്റുകള്‍ നേടി പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. അതില്‍ 22 സീറ്റുകള്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ നേടി. അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ 5, സലഫികള്‍ 5, വിവിധ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര ഇസ്‌ലാമിക പാര്‍ട്ടികള്‍ 12 എന്നിങ്ങനെയാണ് പുതിയ പാര്‍ലമെന്റില്‍ ഇസ്‌ലാമിക പാര്‍ട്ടികളുടെ കക്ഷിനില.
കഴിഞ്ഞ പാര്‍ലമെന്റില്‍ വെറും 9 സീറ്റുകളുണ്ടായിരുന്ന ഇസ്‌ലാമിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ 22 സീറ്റുകളുമായി ആധിപത്യം ഉറപ്പിച്ചത് നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലിബറലുകളുടെയും ശീഈ വിഭാഗത്തിന്റെയും ചെലവിലാണ് ഇസ്‌ലാമിക പാര്‍ട്ടികള്‍ ആധിപത്യം നേടിയത്. 6 സീറ്റുണ്ടായിരുന്ന ലിബറലുകള്‍ 2 സീറ്റുകളില്‍ ഒതുങ്ങുകയും 9 സീറ്റുകളുണ്ടായിരുന്ന ശീഈ വിഭാഗം 7-ലേക്ക് ചുരുങ്ങുകയും ചെയ്തത് ഇസ്‌ലാമിക പാര്‍ട്ടികള്‍ക്ക് തുണയായി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഏറെ നിരാശപ്പെടുത്തിയത് വനിതാ സ്ഥാനാര്‍ഥികളെയാണ്. മുന്‍ പാര്‍ലമെന്റില്‍ വനിതകള്‍ക്കുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ടു. എല്ലാ വിഭാഗങ്ങളിലുമുള്ള താരതമ്യേന മിതവാദികളായ സ്ഥാനാര്‍ഥികളുടെ പരാജയവും രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. കേവലം 41 വോട്ടുകള്‍ക്കാണ് മുന്‍ പാര്‍ലമെന്റ് വനിതാ അംഗം മഅ്‌സുമാ മുബാറക് പരാജയപ്പെട്ടത്. കഴിഞ്ഞ പാര്‍ലമെന്റ് അംഗങ്ങളില്‍ സാമ്പത്തികാരോപണത്തിന് വിധേയരായ 14 പേരും പരാജയപ്പെട്ടു.
ശാന്തമായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാജ്യത്തെ നാലു ലക്ഷം വോട്ടര്‍മാരില്‍ 70 ശതമാനം സമ്മതിദാനാവകാശം വിനിയോഗിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെയുള്ള 286 മത്സരാര്‍ഥികളില്‍ 23 പേര്‍ വനിതകളായിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ശക്തമായി രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചതോടെ മന്ത്രിസഭാ തീരുമാനങ്ങളെ അവര്‍ സ്വാധീനിക്കുമെന്ന് തീര്‍ച്ച. പാര്‍ലമെന്റില്‍ നോമിനേഷനിലൂടെയാണ് 15 അംഗ മന്ത്രിസഭ നിലവില്‍ വരിക.
പ്രതിപക്ഷപാര്‍ട്ടി അംഗങ്ങള്‍ 'പരിഷ്‌കരണം, അഴിമതി നിര്‍മാര്‍ജനം''എന്നീ രണ്ടു മുദ്രാവാക്യങ്ങള്‍ മുഖ്യ പ്രമേയമാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് വിജയിച്ചതോടെ പ്രസ്തുത ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ പൊരുതുമെന്നും കഴിഞ്ഞ കാലത്തെ അഴിമതിക്കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും വിജയിച്ച ചില അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറുമായി ഏറ്റുമുട്ടലിന് തയാറെടുക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ പ്രതിപക്ഷം നല്‍കുന്നത്. സാധാരണക്കാരുടെ പ്രതീക്ഷകളോട് നീതി പുലര്‍ത്തുകയെന്ന ഉത്തരവാദിത്വം ഇസ്‌ലാമിസ്റ്റുകള്‍ക്ക് നിര്‍വഹിക്കാനാവുമ്പോഴേ അവര്‍ക്കും മുന്നോട്ടുള്ള പാത സുഗമമാവൂ.
പോര്‍ട്ട് സഈദ് സംഭവത്തിന് പിന്നില്‍ ഛിദ്രശക്തികള്‍
ഈജിപ്തിലെ തീരദേശ നഗരമായ പോര്‍ട്ട് സഈദില്‍ ഫെബ്രുവരി 2 നുണ്ടായ ഫുട്ബാള്‍ കലാപം ആസൂത്രിതമാണെന്നും സംഭവത്തിനുത്തരവാദികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. ഈജിപ്ഷ്യന്‍ ഫുട്ബാള്‍ ടീമുകളായ അല്‍അഹ്ലിയും അല്‍മിസ്രിയും തമ്മില്‍ നടന്ന മല്‍സരത്തിനിടെയാണ് കാണികള്‍ മൈതാനം കൈയേറി കലാപം അഴിച്ചുവിട്ടത്. സംഭവത്തില്‍ 75 പേര്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് പല ഭാഗങ്ങളിലും കലാപങ്ങള്‍ അരങ്ങേറി. കെയ്റോയിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയം അക്രമികള്‍ തീയിട്ടു.
പോര്‍ട്ട് സഈദ് സ്റ്റേഡിയത്തില്‍ ആഭ്യന്തര ക്ളബ്ബുകളായ അല്‍അഹ്ലിയും അല്‍മിസ്രിയും തമ്മില്‍ നടന്ന മല്‍സരം അവസാനിച്ച ഉടനെയാണ് കലാപമുണ്ടായത്. മല്‍സരത്തില്‍ 3 ഗോളിന് അല്‍മിസ്രി ക്ളബ്ബ് ജയിച്ചിരുന്നു. തുടര്‍ന്ന് ക്ളബ്ബിന്റെ ആരാധകര്‍ മൈതാനത്തേക്കിറങ്ങി അഹ്ലി ടീമിനുനേരെ അക്രമം അഴിച്ചുവിട്ടു. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. പട്ടാള ഭരണാധികാരികളാണ് സംഭവത്തിനുത്തരവാദികളെന്നും അധികാരം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് കൈമാറണമെന്നും പ്രക്ഷോഭകര്‍ വിളിച്ചു പറഞ്ഞു. പ്രകടനക്കാരും സുരക്ഷാസേനയും തമ്മില്‍ പലസ്ഥലങ്ങളിലും ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ക്കും സുരക്ഷാസേനക്കും ഇടയില്‍ മനുഷ്യ മതില്‍ തീര്‍ത്തുകൊണ്ട് ഏറ്റുമുട്ടലുകളൊഴിവാക്കാനും പ്രതിഷേധ സമരങ്ങള്‍ സമാധാനപരമായിരിക്കാനും യുവാക്കളും സ്ത്രീകളുമടക്കം പ്രത്യേക കൂട്ടായ്മകള്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ നിലവില്‍ വന്നിട്ടുണ്ട്.
കെയ്റോയില്‍ പോര്‍ട്ട് സഈദ് സംഭവത്തിനു ശേഷം തുടര്‍ച്ചയായി നടന്നുവരുന്ന പ്രക്ഷോഭത്തിന് അറുതിവരുത്താനും പട്ടാളവും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടലൊഴിവാക്കാനും മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ 'ഫ്രീഡം ആന്റ് ജസ്റീസ് പാര്‍ട്ടി'യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രക്ഷോഭകാരികളുമായി സംസാരിക്കുകയും അവരെ ശാന്തരാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൂര്‍ണമായ ഫലം കണ്ടില്ല.
അതിനിടെ, പ്രസിഡന്റ് ഹുസ്നി മുബാറക് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ വിവിധ കോണുകളില്‍നിന്ന് ശ്രമങ്ങള്‍ നടന്നുവരുന്നതായി അധികാരക്കൈമാറ്റത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട പാര്‍ലമെന്റ് 'ഉപദേശക സമിതി' അംഗങ്ങള്‍ ആരോപിച്ചു. അഴിമതി, കൊലപാതകം എന്നീ കുറ്റങ്ങളില്‍ വിചാരണ നേരിട്ട് തടവില്‍ കഴിയുന്ന ഹുസ്നി മുബാറക്കിന്റേയും മകന്‍ ജമാല്‍ മുബാറക്കിന്റെയും അനുയായികളും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളുമാണ് മുബാറക്കിനുശേഷം രാജ്യത്തുണ്ടായ ചെറുതും വലുതുമായ നിരവധി അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അവര്‍ പറഞ്ഞു. പോര്‍ട്ട് സഈദ് സംഭവം ഫുട്ബോള്‍ കലാപമല്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും 'ഉപദേശക സമിതി' ആരോപിച്ചു. കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ കലാപങ്ങള്‍ക്ക് അറുതിവരുത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനു എത്രയും വേഗം പട്ടാള ഭരണകൂടം അധികാരം കൈമാറണമെന്നാണ് 'ഉപദേശക സമിതി'യുടെ ആവശ്യം. ജൂണില്‍ അധികാരം കൈമാറുമെന്നാണ് പട്ടാള ഭരണകൂടം അറിയിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ സമാധാനാന്തരീക്ഷം നാള്‍ക്കുനാള്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പട്ടാള ഭരണകൂടം നിസ്സംഗരാണ്.
രാജ്യത്ത് കലാപങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികാരക്കൈമാറ്റം വൈകിക്കുന്നതിലൂടെ പുതിയ പാര്‍ലമെന്റിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള തന്ത്രമാണ് പട്ടാളഭരണകൂടം പയറ്റുന്നത്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റുണ്ടായിട്ടും കലാപം നിയന്ത്രിക്കാനോ ഇടപെടാനോ കഴിയുന്നില്ല എന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിച്ചെടുക്കാനാണ് മുബാറക്ക് അനുകൂല മാധ്യമ മുതലാളിമാര്‍ ശ്രമിക്കുന്നത്. ജനഹിതത്തെ അട്ടിമറിക്കാനും അധികാരം പട്ടാളത്തില്‍തന്നെ നിക്ഷിപ്തമാക്കാനും വേണ്ടി രാജ്യത്തെ ഛിദ്ര ശക്തികള്‍ വിദേശ ശക്തികളുമായി കൈകോര്‍ക്കുന്നതായും നിരീക്ഷകര്‍ വിലയിരുത്തുന്നു.
സിറിയയില്‍ കലാപം രൂക്ഷം, അറബ് ലോകത്ത് പ്രതിഷേധം
സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയണമെന്നാവശ്യമുന്നയിച്ച് നടന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ സായുധമായി നേരിടുന്നതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം സിറിയയിലെ ഹിംസില്‍ ബശ്ശാര്‍ ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിറിയന്‍ എംബസികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു. പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ ആസ്‌ത്രേലിയയിലെ സിറിയന്‍ എംബസി കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ പറ്റി. ബര്‍ലിന്‍, ലണ്ടന്‍, കയ്‌റോ, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ സിറിയന്‍ നയതന്ത്ര കാര്യാലയങ്ങളും ആക്രമിക്കപ്പെട്ടു. അള്‍ജീരിയയിലെ ബിന്‍അക്‌നൂന്‍ പ്രവിശ്യയിലുള്ള സിറിയന്‍ എംബസിയില്‍ ആക്രമിച്ചുകടന്ന സിറിയന്‍ പോരാളികള്‍ സ്വതന്ത്ര സേനയുടെ കൊടി നാട്ടി. സിറിയയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹിംസ്'സംഭവത്തില്‍ ഫ്രഞ്ച് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ഗില്‍സ് ജാക്വറും കെല്ലപ്പെട്ടിരുന്നു.
സിറിയക്കെതിരെ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ രണ്ടു രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. രക്ഷാസമിതിയില്‍ പ്രമേയം വീറ്റോ ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യത്തെ റഷ്യന്‍ കേന്ദ്രങ്ങള്‍ അക്രമിക്കുമെന്ന് സിറിയന്‍ സ്വതന്ത്രസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാസമിതിയിലെ വീറ്റോ'സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് സമാധാനപരമായി സ്ഥാനമൊഴിയാനുള്ള അവസരം സൃഷ്ടിക്കാന്‍ റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അമേരിക്കന്‍ അധികൃതര്‍ അത് നിഷേധിക്കുകയുണ്ടായി.
ബശ്ശാറുല്‍ അസദിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് സിറിയന്‍ അംബാസഡര്‍മാരെ പുറത്താക്കാന്‍ ലോക രാഷ്ട്രങ്ങളോട് തുനീഷ്യന്‍ പ്രധാനമന്ത്രി ഹമാദി അല്‍ജിബാലി ആഹ്വാനം ചെയ്തു. രക്ഷാ സമിതി വീറ്റോ അധികാരം ഏതാനും രാഷ്ട്രങ്ങള്‍ക്ക് പതിച്ചുനല്‍കുന്നത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയിലെയ സിവിലിയന്മാര്‍ക്ക് നേരെ നടക്കുന്ന സായുധ നടപടിക്ക് ബശ്ശാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും മുന്നറിയിപ്പ് നല്‍കി.
Comments