Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

യുദ്ധ വ്യവസായത്തിന്റെ 'സമാധാനം'

രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനും സഹകരണത്തിനും നാള്‍ക്കുനാള്‍ പ്രാധാന്യം വര്‍ധിച്ചുവരുന്ന ചരിത്രദശയിലൂടെയാണ് ആധുനിക ലോകം കടന്നുപോകുന്നത്. പക്ഷേ, ലോകമെങ്ങും അരങ്ങേറിക്കൊണ്ടിരിക്കുന്നത് മനുഷ്യകുലത്തെ സമാധാനത്തില്‍ നിന്നകറ്റുകയും സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കും നയിക്കുകയും ചെയ്യുന്ന സംരംഭങ്ങളാണ്. സമാധാനം അസാധ്യവും യുദ്ധം അനിവാര്യവുമാകാന്‍ വേണ്ടതെല്ലാം നിര്‍ലോഭം സജ്ജീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സമാധാനത്തിന്റെ വെള്ളപ്രാവുകളും യുദ്ധ കഴുകന്മാരുടെ ക്രൂര നഖങ്ങള്‍ക്കിടയിലാണ്. യുദ്ധത്തിനും യുദ്ധ സംരംഭങ്ങള്‍ക്കും അവര്‍ സമാധാനമെന്നു പേരിട്ടിരിക്കുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് ഇറാഖിനെയും അഫ്ഗാനെയും പാശ്ചാത്യ ശക്തികള്‍ ചതച്ചരച്ചത് ലോകസമാധാനത്തിന്റെയും സുരക്ഷയുടെയും പേരിലാണ്. ഈ സമാധാന യുദ്ധം അവര്‍ക്കൊരു ലഹരിയാണ്. അതിലേറെ ലാഭകരമായ ബിസിനസ്സും.
കാലം ചെല്ലുംതോറും ആയുധച്ചന്തയില്‍ തിരക്കേറിയേറി വരികയാണ്. പുതിയ പുതിയ യുദ്ധോപകരണങ്ങള്‍ വന്‍തോതില്‍ വില്‍പനക്കെത്തുന്നു. ഓരോ രാജ്യവും കൂടുതല്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ലക്ഷക്കണക്കിന് കോടികളുടെ ഇടപാടാണ് ഓരോ രാജ്യവും നടത്തുന്നത്. ആയുധ വ്യവസായികള്‍ക്ക് ലാഭം, വ്യാപാരികള്‍ക്ക് ലാഭം, ഇടനിലക്കാര്‍ക്ക് ലാഭം, രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആയുധം വാങ്ങുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലാഭം. ഇന്ത്യയുടെ കഥ മാത്രമെടുക്കുക. മുങ്ങിക്കപ്പല്‍ മുതല്‍ ശവപ്പെട്ടി വരെയുള്ള സൈനികോപകരണങ്ങളുടെ ഇടപാടുകള്‍ ഇവിടെ അഴിമതിയുടെ മഹാമേരുക്കളാണ്. ഓരോ രാജ്യത്തെയും പൗരസഞ്ചയമാണ് നഷ്ടപ്പെടുന്നവര്‍.
വാതോരാതെ സമാധാനത്തിന്റെ പല്ലവി പാടുന്നവര്‍ തന്നെ നവംനവംങ്ങളായ ഭീകരായുധങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നു എന്നത് വിചിത്രമായ സത്യമാകുന്നു. തങ്ങളുടെ ഗ്രൂപ്പിന് പുറത്തുള്ളവര്‍ ആയുധം നിര്‍മിക്കുന്നത് മാത്രമല്ല അതിന്റെ സാങ്കേതികവിദ്യ കരസ്ഥമാക്കുന്നതും അവര്‍ മഹാ പാതകമായി കാണുകയും അത്തരക്കാരെ ശിക്ഷിക്കാന്‍ ചുരമാന്തുകയും ചെയ്യുന്നു. തങ്ങളുടെ വര്‍ഗത്തില്‍ പെട്ടവരല്ലാത്ത ആയുധ സാങ്കേതിക വിദഗ്ധരെ ഭീകരമായി കൊന്നുതള്ളുന്നു. അതിന് അന്താരാഷ്ട്ര മര്യാദകളൊന്നും തടസ്സമാകുന്നില്ല. അതും സുരക്ഷയുടെയും സമാധാനത്തിന്റെയും ചെലവില്‍ തന്നെ. സമാധാനത്തിന്റെ അപ്പോസ്തലന്മാരായി വിലസുന്ന വന്‍ശക്തികളുടെ മുഖ്യ വരുമാന മാര്‍ഗം ആയുധ വ്യവസായമാകുന്നു എന്നതും കൗതുകകരമായ വസ്തുതയാണ്.
ആയുധച്ചന്തക്ക് ഒരു പ്രത്യേകതയുണ്ട്. അതില്‍ കച്ചവടം മുറുകുംതോറും ഡിമാന്റ് വര്‍ധിച്ചുകൊണ്ടേയിരിക്കും. നാം ഇക്കൊല്ലം നൂറു തോക്കുകള്‍ വാങ്ങിയെന്നിരിക്കട്ടെ. ഉടനെ നമ്മോട് സംഘര്‍ഷമുള്ള രാജ്യം അതിനെ വെല്ലുന്ന 120 തോക്കുകളെങ്കിലും വാങ്ങുന്നു. അടുത്ത കൊല്ലം അതിനെയും വെല്ലുന്ന 150 തോക്കുകളെങ്കിലും വാങ്ങാന്‍ നാം ധൃഷ്ടരാകുന്നു. ഇതങ്ങനെ നിലക്കാത്ത ചക്രമായി കറങ്ങിക്കൊണ്ടേയിരിക്കും. കറക്കം നിലക്കാതിരിക്കാനുള്ള വിദ്യയും സമാധാനത്തിന്റെ വ്യാപാരികള്‍ക്ക് നന്നായറിയാം. ഇടക്കിടെ ഓരോ സമാധാന യുദ്ധമുണ്ടാക്കുക. ഈ വിദ്യയുടെ ഏറ്റം ശോചനീയമായ ഇരയാണ് സദ്ദാം ഹുസൈന്‍. ആദ്യം അദ്ദേഹത്തെ ഇറാനെതിരെ തിരിച്ചുവിട്ടു. പിന്നെ കുവൈത്തിനെതിരെ. ഇതിനിടെ ഗള്‍ഫ് മേഖലയില്‍ വിറ്റഴിക്കപ്പെട്ട ആയുധങ്ങള്‍ക്ക് കണക്കില്ല. ഒടുവില്‍ പറഞ്ഞ് പറ്റിച്ച് യുദ്ധദാഹിയാക്കിയവര്‍ തന്നെ അയാളെ തുടച്ചു നീക്കി. അറബ് രാജ്യങ്ങളുമായി അമേരിക്ക ഈയിടെ വന്‍തോതിലുള്ള ആയുധക്കച്ചവടങ്ങളുറപ്പിച്ചിരിക്കുന്നു. അറബി രാജ്യങ്ങളെ രക്ഷിക്കാന്‍ എന്ന പേരിലാണ് ഈ കച്ചവടം തരപ്പെടുത്തിയത്. ഇറാന്‍ മധ്യദൂര-ദീര്‍ഘ ദൂര മിസൈലുകള്‍ സ്വായത്തമാക്കി കഴിഞ്ഞു. ആണവായുധ നിര്‍മാണത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. മധ്യദൂര മിസൈലുകളുടെ ലക്ഷ്യം അയല്‍നാടുകളിലെ നഗരങ്ങള്‍ തന്നെ. അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉചിതമായ പ്രതിരോധ സജ്ജീകരണങ്ങളൊരുക്കേണ്ടതില്ലേ? ശേഷിയേറിയ ആധുനികായുധങ്ങള്‍ അറബികളുടെ കൈകളിലെത്തുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഇപ്പോഴേ ഇസ്രയേല്‍ മുറവിളി കൂട്ടിത്തുടങ്ങിയിട്ടുണ്ട്. അമേരിക്ക നേരത്തെ പൂര്‍ണ സംരക്ഷണം ഏറ്റെടുത്തിട്ടുള്ള രാജ്യമാണ് ഇസ്രയേല്‍. അറബികള്‍ക്കു കൊടുത്തതിനേക്കാള്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ അവര്‍ ഇസ്രയേലിനും നല്‍കും. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുടെ ആവശ്യക്കാരാകും. ആ ചങ്ങല അങ്ങനെ നീണ്ടുപോകും.
ആയുധ വ്യാപനത്തിന്റെ തോതനുസരിച്ച് ലോകത്ത് സംഘര്‍ഷ സാധ്യതയും വര്‍ധിച്ചുകൊണ്ടിരിക്കും. അത് ആയുധ കമ്പോളത്തെ വീണ്ടും ചൂടു പിടിപ്പിക്കുന്നു. ആയുധം വാങ്ങുന്ന രാഷ്ട്രങ്ങളുടെ സമ്പത്തും വിഭവങ്ങളും അത് വില്‍ക്കുന്നവരുടെ കീശയിലേക്കൊഴുകിക്കൊണ്ടേയിരിക്കും. വാങ്ങുന്നവര്‍ എന്നും വില്‍ക്കുന്നവരുടെ ആശ്രിതരായിരിക്കുകയും ചെയ്യും. ഇതാണ് സുരക്ഷയുടെയും സമാധാനത്തിന്റെയും പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം