Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

അടുത്ത് നിന്നവര്‍ അകലം പാലിച്ചവര്‍

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

പുതിയൊരു ലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഇഖാമത്തുദ്ദീന്‍ എന്ന മഹത്തായ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നതുകൊണ്ടുതന്നെ പ്രസ്ഥാനത്തിന് ധാരാളം മിത്രങ്ങളും ശത്രുക്കളും ഉണ്ടാവുക സ്വാഭാവികം. രൂപീകരണകാലം മുതല്‍ക്കേ അതുണ്ട്; ഇപ്പോഴും അത് തുടരുന്നു. പ്രസ്ഥാനത്തോട് സ്നേഹമുള്ള എല്ലാവരും പാര്‍ട്ടി ഘടനക്ക് അകത്ത് വരാനും സംഘടനയില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സന്നദ്ധരോ തല്‍പരരോ ആകണമെന്നില്ല. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. അവര്‍ സഹയാത്രികരും ഗുണകാംക്ഷികളുമായിത്തന്നെ തുടര്‍ന്നുപോകും.
കേരളത്തില്‍ ഇത്തരത്തില്‍പെട്ട ഒട്ടേറെ വ്യക്തിത്വങ്ങളെ അറിയാമെങ്കിലും എന്റെ ശ്രദ്ധയാകര്‍ഷിച്ച ഏതാനും പേരെ മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
പ്രസ്ഥാനത്തിന്റെ ആദ്യ കാലങ്ങളില്‍, ഒട്ടേറെ അകലം പാലിച്ചുകൊണ്ട് തന്നെ ജമാഅത്തിനോട് അനുഭാവവും ആഭിമുഖ്യവും പുലര്‍ത്തിയവരായിരുന്നു അവര്‍. ചിലരെ പുതിയ തലമുറക്കറിയാം. ചിലരെകുറിച്ച് അറിയുകയില്ല. ആ വ്യക്തിത്വങ്ങളുടെ ഓര്‍മകളാണ് ഇവിടെ പുതുക്കാന്‍ ശ്രമിക്കുന്നത്.
ടി.ഒ ബാവസാഹിബ്
അവരില്‍ ഒന്നാമതായി ഓര്‍മയിലെത്തുന്നത് കോണ്‍ഗ്രസ് നേതാവായിരുന്ന മര്‍ഹൂം ടി.ഒ ബാവ സാഹിബാണ്. എ.ഐ.സി.സി മെമ്പറായിരുന്ന അദ്ദേഹം മരണം വരെ ജമാഅത്തിനോട് ഹൃദയംഗമമായ സ്നേഹാദരവ് പുലര്‍ത്തിയിരുന്നു. മലപ്പുറം ദഅ്വത്ത് നഗര്‍ സമ്മേളനത്തില്‍ ബാവ സാഹിബിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. സാംസ്കാരിക സമ്മേളനത്തിലാകും അദ്ദേഹം പ്രസംഗിച്ചിരിക്കുക. മറ്റു നല്ല പ്രസംഗങ്ങള്‍ക്കിടയില്‍ ബാവ സാഹിബിന്റെത് വേറിട്ട അനുഭവമായിരുന്നു. ജമാഅത്തിനു വേണ്ടിയുള്ള, ഹൃദയത്തില്‍ തട്ടിയ വര്‍ത്തമാനമായിരുന്നു അത്. അതിന്നും ജീവിക്കുന്ന വാക്കുകളാണ്. ജമാഅത്തിനോട് കളങ്കമില്ലാത്ത പ്രതിബദ്ധതയുള്ള ആളായിരുന്നു അദ്ദേഹമെന്ന് തീര്‍ത്തു പറയാം. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ....
"ജമാഅത്തെ ഇസ്ലാമി കേരള സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുക്കാന്‍ അനുഗ്രഹിച്ച അല്ലാഹുവിന് സര്‍വ സ്തുതിയും....
'അല്ലാഹുവില്‍ വിശ്വസിച്ചും പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചും ജീവിക്കുന്ന ഒരു വ്യവസ്ഥ ഈ ലോകത്ത് നിലനില്‍ക്കണമെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. എല്ലാ നബിമാരും ഈ വ്യവസ്ഥ പ്രബോധനം ചെയ്യാനാണ് ജീവിച്ചത്. നബി തിരുമേനിക്ക് ശേഷം അവിടുത്തെ സച്ചരിതരായ അനുചരന്മാര്‍ അതത് കാലത്ത് ഈ ചുമതല നിര്‍വഹിച്ചു പോന്നു. ഈ കാലത്ത് നമ്മുടെ ഇടയില്‍ ഇതേ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സ്വയം മുന്നോട്ട് വന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഖുര്‍ആനിന്റെ ആഹ്വാനം പ്രാവര്‍ത്തികമാക്കുകയാണത്. എന്നാല്‍ അതിനെ മഞ്ഞ കണ്ണുകൊണ്ട് കാണുന്നവര്‍ സമുദായത്തിനകത്തും പുറത്തുമുണ്ട്.
'ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്ന് ചിലര്‍ പറയുന്നു. 1968ല്‍, ഇന്ത്യന്‍ ദേശീയതാ പ്രസ്ഥാനം സാര്‍വത്രികമാക്കാന്‍ എല്ലാ മഹാരഥന്മാരും ശ്രമിച്ചിട്ട് സാധിക്കാതിരുന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ മുമ്പാകെ ഒരു ഒറ്റമൂലി വന്നു. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുക! മന്ത്രിസഭായോഗത്തിലല്ല, കോണ്‍ഗ്രസിന്റെ സംഘടനാ തലത്തിലാണീ നിര്‍ദേശം വന്നത്. ഞാനന്ന് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്നു. കുറെനേരം ചിന്തിച്ചശേഷം ഞാന്‍ പറഞ്ഞു: കുറുനരിയെയും ആട്ടിന്‍കുട്ടിയെയും തിരിച്ചറിയാത്തവരാണ് ഈ അഭിപ്രായം പറഞ്ഞത്. ഞാന്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമല്ല. പക്ഷേ, ആ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എനിക്ക് നന്നായറിയാം.
'ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി രാജ്യത്തിന്റെ വിഭജനത്തിന് എതിരായിരുന്നു. എല്ലാവര്‍ക്കും നന്മവരുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നിരിക്കെ, ഈ സംഘടന എങ്ങനെയാണ് വര്‍ഗീയമാവുക?
'ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശം ഇവിടെ വന്നു കഴിഞ്ഞാല്‍ ഭൌതിക വാദികള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടുവാന്‍ സാധ്യമല്ല. മറുവശത്ത് കേവലം ആരാധനകളിലും ആചാരങ്ങളിലും തളച്ചിട്ട് മനുഷ്യനെ ചിന്തിക്കാന്‍ സമ്മതിക്കാത്ത ഒരു വിഭാഗവും ഇവിടെ ഉണ്ട്. ഇവരൊക്കെയാണ് ജമാഅത്തിനെ എതിര്‍ക്കുന്നവര്‍. നന്മ ഉപദേശിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനു ഉത്തരോത്തരം വളരുവാനുള്ള തൌഫീഖ് അല്ലാഹു നല്‍കുമാറാകട്ടെ.''
സുലൈമാന്‍ സേട്ട് സാഹിബ്
മറ്റൊരു മഹദ് വ്യക്തിത്വം ഇബ്റാഹീം സുലൈമാന്‍ സേട്ട് സാഹിബാണ്. കാപട്യമറിയാത്ത, അതിനാല്‍ തന്നെ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ പരാജയപ്പെട്ട, എന്നാല്‍ ധാര്‍മികതയില്‍ തിളങ്ങിനിന്ന നേതാവായിരുന്നു സേട്ട് സാഹിബ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഞാന്‍ സൂചിപ്പിക്കേണ്ടതില്ല. ദീര്‍ഘകാലം മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റായിരുന്നു, സ്ഥിരമായി പാര്‍ലമെന്റ് അംഗവും. പില്‍ക്കാലത്ത് ബാബരി മസ്ജിദ് ദുരന്തമുണ്ടായപ്പോള്‍, ലീഗിന്റെ, ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന നിലപാടിനോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല. ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ലീഗിന്റെ നയം തിരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, സംസ്ഥാന നേതൃത്വം അഖിലേന്ത്യാ പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ നാഷ്നല്‍ ലീഗ് എന്ന സംഘടന ഉണ്ടാക്കി.
എല്ലാ കാലത്തും അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തിയിരുന്നു. സംഘടനയോടായിരുന്നില്ല, ആദര്‍ശത്തോടായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. തനിക്കറിയാവുന്ന തരത്തില്‍, ജമാഅത്ത് ലക്ഷ്യത്തെ കുറിക്കാന്‍ ആദ്യഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന 'ഹുകൂമത്തെ ഇലാഹി' എന്ന പ്രയോഗം നയപരമായ കാരണങ്ങളാല്‍ മാറ്റി 'ഇഖാമത്തുദ്ദീന്‍' എന്ന കൂടുതല്‍ ആശയ വൈപുല്യമുള്ള പദം സ്വീകരിച്ച ശേഷവും സേട്ട് സാഹിബ് 'ഹുകൂമത്തെ ഇലാഹി'യെക്കുറിച്ച് സംസാരിക്കുമായിരുന്നു. അല്ലാഹുവിന്റെ പരമാധിപത്യം എന്ന വിഷയത്തില്‍ ഉയര്‍ന്ന തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിച്ചിരുന്നത്.
മൌദൂദി സാഹിബ് ഉയര്‍ത്തിയ ആശയങ്ങളോട് വലിയ ബഹുമാനമായിരുന്നു സേട്ടു സാഹിബിന്. എന്റെ യൌവനകാലത്ത്, സാമൂഹിക-സാംസ്കാരിക വേദികളിലെ അദ്ദേഹത്തിന്റെ ഉര്‍ദു പ്രഭാഷണങ്ങള്‍ തര്‍ജമ ചെയ്യാന്‍ പലപ്പോഴും അവസരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സേട്ട് സാഹിബിന് എന്നോട് പ്രത്യേക താല്‍പര്യവും വാത്സല്യവും ഉണ്ടായിരുന്നു. ഞാന്‍ തര്‍ജമ ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന് തൃപ്തി. ആത്മാര്‍ഥതയോടെ ജമാഅത്തിനെ സ്നേഹിച്ച നേതാവായിരുന്നു സേട്ടു സാഹിബ്.
പി.പി ഉമര്‍കോയ
മറ്റൊരു പ്രമുഖ വ്യക്തിത്വം കോണ്‍ഗ്രസ് നേതാവായ പി.പി ഉമര്‍ കോയയാണ്. കോണ്‍ഗ്രസുകാരനെന്നതിലുപരി കേരള മുസ്ലിം സാംസ്കാരിക വേദിയിലെ ഉജ്ജ്വല പ്രസംഗകനായിരുന്നു അദ്ദേഹം. പ്രസംഗ മത്സരമല്ലായിരുന്നെങ്കിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന പല വേദികളിലും പ്രസംഗകലയില്‍ ചിലപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ ഞാന്‍ തോറ്റുപോയിട്ടുണ്ട്. രാഷ്ട്രീയത്തെ കുറിച്ചു മാത്രമല്ല, നബിയെ കുറിച്ചും ഇസ്ലാമിനെ കുറിച്ചുമെല്ലാം മനോഹരമായി അദ്ദേഹം സംസാരിക്കുമായിരുന്നു. മലയാള സാഹിത്യത്തില്‍ സവര്‍ണാധിപത്യം വാണിരുന്ന കാലമായിരുന്നു അത്. പല 'അവര്‍ണ' സാഹിത്യാവിഷ്കാരങ്ങളെയും അംഗീകരിക്കാന്‍ സവര്‍ണ മേധാവിത്തം മടിച്ചുനിന്നു. ഉമര്‍ കോയയുടെ മനോഹരമായ പ്രസംഗത്തിനും ഈ ഗതി വന്നത് ഞാന്‍ ഓര്‍ക്കുന്നു. 'മാപ്പിള മലയാളത്തിലുള്ള നല്ല പ്രസംഗ'മെന്നായിരുന്നു അതിനെക്കുറിച്ച സവര്‍ണ പരിഹാസം. മലയാളത്തിന്റെ സംസ്കൃത സവര്‍ണച്ചുവ ഉമര്‍ കോയക്ക് വഴങ്ങുകയില്ലയെന്ന് വ്യംഗ്യം. ഉമര്‍ കോയയുടെ മനസ്സ് ജമാഅത്തിനോടുള്ള ആദരവും സ്നേഹവും സൂക്ഷിച്ചിരുന്നു. കേരള ജമാഅത്ത് അമീറായി എന്നെ തെരഞ്ഞെടുത്തപ്പോള്‍ കോഴിക്കോട്ട് പൌരമുഖ്യന്മാരുടെ ഒരു സ്വീകരണം ഒരുക്കിയിരുന്നു. ഉമര്‍ കോയയായിരുന്നു അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖന്‍. സ്വാഗത പ്രഭാഷണം നടത്തിയതും അദ്ദേഹം തന്നെ. ജമാഅത്തിന് നേരെ ഉമര്‍ കോയക്ക് നല്ല മനസായിരുന്നു എന്നേ ഇത്രയും സൂചിപ്പിച്ചതിന് അര്‍ഥമാക്കേണ്ടതുള്ളൂ. ബാവ സാഹിബിന്റെയോ സേട്ടു സാഹിബിന്റെയോ ഗണത്തില്‍ ഉള്‍പ്പെടുത്തി കൊണ്ടല്ല അദ്ദേഹത്തെ പരാമര്‍ശിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ആലപ്പുഴയിലെ ഒരു മീലാദ് ശരീഫ് കോണ്‍ഫ്രന്‍സിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടു. മുഖ്യാതിഥി ഉമര്‍കോയ. സ്ഥലത്തെ വലിയ ഒരു സേട്ട് അവര്‍കള്‍ സ്പോണ്‍സര്‍ ചെയ്തതോ അങ്ങേരുടെ കാര്‍മികത്വത്തിലോ ആണ് പരിപാടി. അന്ന് ഉമര്‍കോയ ഒരു സാദാ കോണ്‍ഗ്രസ് നേതാവല്ല. കേരള മന്ത്രിസഭാംഗമാണ്. മന്ത്രിയെന്ന ബഹുമാനാദരങ്ങളോടെ അദ്ദേഹം സ്റേജിലേക്ക് ആനയിക്കപ്പെട്ടു. കൂടെ സാദാ പ്രാസംഗികന്‍ മാത്രമായ ഒരു ഞാനും! അന്തസ്സാര്‍ന്ന, നിറഞ്ഞ സദസ്സ്. ഔപചാരികതക്കപ്പുറം, ഉമര്‍കോയയിലെ വാഗ്മി നബിതിരുമേനിയെക്കുറിച്ച് മനോഹരമായി പ്രസംഗിച്ചു. അടുത്ത ഊഴം എന്റേതാണ്. അന്നൊക്കെ എന്റെ പ്രസംഗത്തിനു പിന്നാമ്പുറക്കുറിപ്പ് കൈയില്‍ കിട്ടുന്ന പതിവില്ല. പ്രസംഗം നല്ല മൂടില്‍ മുന്നോട്ട് നീങ്ങവെ, പതിവിനു വിപരീതമായി, ഭാരവാഹികളില്‍ ചിലര്‍ അക്ഷമരാകുന്നത് പോലെ തോന്നി. ഇടക്കിടെ അവര്‍ വാച്ചിലും എന്റെ മുഖത്തും മാറിമാറി നോക്കുന്നു. അവരുടെ ശരീരഭാഷയുടെ പൊരുളൊക്കെ പിടികിട്ടിയെങ്കിലും ഞാന്‍ മൈന്റ് ചെയ്തില്ല. കോഴിക്കോട്ട് നിന്ന് 'തെക്ക് തെക്കൊരു ദേശത്തേക്ക്' ഞാന്‍ വണ്ടികയറിയത് കുട്ടനാടന്‍ കായല്‍പരപ്പില്‍ വള്ളംകളി കാണാനോ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനോ അല്ല; ആദരവായ നബിതിരുമേനിയെക്കുറിച്ച് മനസ്സറിഞ്ഞ് പ്രസംഗിക്കാനാണ്. ആംഗ്യംകളി കണ്ടതായി ഭാവിക്കാതെ, എന്നാല്‍ സമയം ഒന്നുകൂടി ഒതുക്കി, പറയാനുള്ളത് ഭംഗിയായി പറഞ്ഞു തീര്‍ത്തേ പ്രസംഗം മതിയാക്കിയുള്ളൂ. ഉമര്‍ കോയയുടെ മുഖത്ത് അഭിനന്ദനപ്പുഞ്ചിരി. സദസ്സിനും നിറഞ്ഞ സംതൃപ്തി. സംഘാടകരില്‍ ചിലരുടെ പൊറുതികേടിന്റെ ഗുട്ടന്‍സ് പിന്നീടാണ് പിടികിട്ടിയത്. സേട്ടിന്റെ കൊട്ടാരവീട്ടില്‍ വിഭവസമൃദ്ധമായ സദ്യാവട്ടം ആറിത്തണുക്കുന്നു. അതൊക്കെ ഒരുക്കി അടുക്കി വെച്ചിരിക്കുന്നത് പി.പി ഉമര്‍കോയ എന്ന മന്ത്രിക്ക് വേണ്ടിയാണ്. അതിനിടയില്‍ സ്വര്‍ഗത്തിലെ കട്ടുറുമ്പ് പോലെ ഒരു ടി.കെ മൌലവിയുടെ പ്രസംഗം! (മൌലവിയെന്തറിയുന്നു മൌലൂദ് രാഷ്ട്രീയം....!)
അന്നാദ്യമായാണ് ഞാന്‍ 'ആളിനൊരു കോഴി' എന്ന സല്‍ക്കാരപ്പെരുക്കത്തിന്റെ സ്വാദറിയുന്നത് (മലയാളി ഇറച്ചി 'തിന്നാറി'ല്ല 'കൂട്ടുക'യല്ലേ ഉള്ളൂ). ഇന്നിപ്പോള്‍ സമുദായം വല്ലാതെയങ്ങ് വളര്‍ന്നുപോയ കാലത്ത് ചില പുതുപ്പണക്കാരുടെ പുതിയാപ്പളത്തക്കാരത്തില്‍ പങ്കുചേരാന്‍ വല്ലപ്പോഴുമൊക്കെ എനിക്കും (നിര്‍)ഭാഗ്യം സിദ്ധിക്കാറുണ്ട്. ആ തക്കാരത്തകൃതിയൊക്കെ കാണുമ്പോള്‍, പാവം ആലപ്പുഴ സേട്ടിന്റെ സല്‍ക്കാരം എത്ര നിസ്സാരം! സംഗതി ലോകതലത്തിലേക്കുയരുമ്പോള്‍, ആകാശത്ത് പറക്കുംവിമാനത്തില്‍ കല്യാണം! കടലിനടിയില്‍ കപ്പലില്‍ കല്യാണം, മഹാനഗരത്തിന്റെ വൈദ്യുതി സിസ്റം ആകെ താറുമാറായിപ്പോയ മന്ത്രിക്കല്‍ കല്യാണം......! ഇതിന്റെയൊക്കെ നടുവില്‍ റിസപ്ഷനില്‍ പുഞ്ചിരിച്ചു നില്‍ക്കാന്‍ മാത്രം സുന്ദരിയെ ഇറക്കുമതി ചെയ്ത റിസോര്‍ട്ട് കല്യാണം, എന്തൊക്കെ കല്യാണം!
ഉമര്‍കോയക്കും വിട്ടുപിരിഞ്ഞുപോയ എല്ലാവര്‍ക്കും ആത്മഃശാന്തി നേരുന്നു.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം