Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

വൈവിധ്യങ്ങളെ അഭിമുഖീകരിക്കുക

ഡോ. എറിക് വിംഗിള്‍ / ബഷീര്‍ തൃപ്പനച്ചി

അമേരിക്കയിലും മലേഷ്യയിലുമായിട്ടാണല്ലോ താങ്കളുടെ ജീവിതം. രണ്ട് ജീവിതരീതിയിലുമുള്ള വ്യത്യാസം എങ്ങനെയാണ് അനുഭവപ്പെടുന്നത്?
അമേരിക്കയും മലേഷ്യയും വ്യത്യസ്ത സാംസ്കാരിക പൈതൃകമുള്ള ഭൂപ്രദേശങ്ങളാണ്. മനുഷ്യരുടെ ജീവിതരീതിയിലും സ്വാഭാവികമായ വ്യത്യാസങ്ങള്‍ ഇരു രാഷ്ട്രങ്ങളിലുമുണ്ട്. ആ വ്യത്യസ്ഥതകളെ വിസ്മരിച്ച് പ്രശ്നങ്ങളും പ്രതിസന്ധികളും കണ്ടെത്തുന്ന വിശകലന രീതി ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. വൈവിധ്യത്തെ ഉള്‍ക്കൊള്ളാനാണ് നാം എപ്പോഴും ശ്രമിക്കേണ്ടത്. ഒരു രാജ്യത്തെ പ്രതിസന്ധികളെയും സാധ്യതകളെയും മറ്റൊരു രാഷ്ട്രത്തില്‍ കണ്ടെത്താനല്ല, നാം ജീവിക്കുന്ന മണ്ണിലെ സാംസ്കാരത്തിലും ജീവിത രീതിയിലും ഇസ്ലാമിനെ എഴുതാനും വായിക്കാനുമാണ്.
അമേരിക്കന്‍ മുസ്ലിം എന്ന നിലയില്‍ ഇസ്ലാമിനോടുള്ള അമേരിക്കന്‍ ഭരണകൂട നിലപാടുകളെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ? സെപ്റ്റംബര്‍ 11ന് ശേഷമുള്ള ഇസ്ലാമോഫോബിയ പ്രചാരണത്തിന് അമേരിക്ക മുന്‍കൈയെടുത്ത പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
ഇസ്ലാമിനെ ശത്രുപ്പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നതാണ് അമേരിക്കക്ക് പറ്റിയ അമളി. അതവരിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ഇസ്ലാമോഫോബിയയുടെ പേരില്‍ ഇസ്ലാമും മുസ്ലിംകളും മീഡിയയില്‍ നിറഞ്ഞു നിന്നു. അതുവരെയില്ലാത്ത പ്രചാരണമാണ് അതുവഴി ഇസ്ലാമിന് ലഭിച്ചത്. പൊതുവെ അക്കാദമിക് സ്വഭാവമുള്ള പാശ്ചാത്യന്‍ ലോകത്ത് ഇസ്ലാമിനെ പഠിക്കപ്പെടേണ്ട ആനുകാലിക വിഷയമാക്കുകയാണ് ഈ മീഡിയ കവറേജ് വഴി സംഭവിച്ചത്. പലരും ഇസ്ലാമിലേക്ക് കടന്ന് വന്നത് ഈ പ്രചാരണങ്ങള്‍ വഴിയാണ്. നിഷ്പക്ഷമായി ഇസ്ലാമിനെ വിലയിരുത്തുന്ന അക്കാദമിഷ്യന്മാരും പത്രപ്രവര്‍ത്തകരും സെപ്റ്റംബര്‍ 11ന് ശേഷം പാശ്ചാത്യലോകത്ത് വര്‍ധിച്ചതങ്ങനെയാണ്.
താങ്കള്‍ സൂചിപ്പിച്ചപോലെ വീണ്ടുമൊരു അമളി സംഭവിക്കാതിരിക്കാനായിരിക്കണം അറബ് വിപ്ളവങ്ങളെ വിലയിരുത്തുന്നതില്‍ അമേരിക്ക അല്‍പം സൂക്ഷ്മത പുലര്‍ത്തിയത്. മുല്ലപ്പൂ വിപ്ളവാനന്തരം ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ നിലപാടു മാറ്റത്തെ എങ്ങനെ കാണുന്നു?
മുസ്ലിംകളും ഇസ്ലാമിക ലോകവും എങ്ങനെ ആവണമെന്നാണോ അമേരിക്കയും യൂറോപ്യരും നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരുന്നത് അതാണ് അറബ് വിപ്ളവാനന്തരം ആ രാഷ്ട്രങ്ങളില്‍ സംഭവിച്ചത്. ജനാധിപത്യ ബോധമില്ലാത്തവരെന്നും സ്ത്രീവിരുദ്ധ നിലപാടുള്ളവരെന്നും ആയിരുന്നു ഇസ്ലാമിക ലോകത്തിനെതിരെ ഉയര്‍ന്ന മുഖ്യ ആരോപണങ്ങള്‍. അതിനുള്ള തിരുത്താണല്ലോ വിപ്ളവത്തോടെ സംഭവിച്ചിരിക്കുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിരുന്ന ജനാധിപത്യവും സ്വാതന്ത്യ്രവും ഈ രാജ്യങ്ങളില്‍ സംഭവിച്ചപ്പോള്‍ ആ മാറ്റത്തെ ഏറ്റവുമധികം ആശങ്കയോടെ കണ്ടതും അമേരിക്ക തന്നെയായിരുന്നു എന്നതാണ് രസകരം. ഇഖ്വാനോടും ഇസ്ലാമിക പ്രസ്ഥാനങ്ങളോടുമുള്ള പുതിയ നിലപാടുകള്‍ ഈ ആശങ്കയില്‍നിന്നാണ് ഉടലെടുക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളുടെ എതിര്‍ ചേരിയില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗത്യന്തരമില്ലാതെ സ്വീകരിക്കുന്ന നിലപാട് മാറ്റമാണിത്.
മുസ്ലിംകള്‍ ഏറെ പഴികേട്ട ഒന്നാണല്ലോ സ്ത്രീകളോടുള്ള നിലപാട്. അറബ് വിപ്ളവങ്ങളുടെ വിജയത്തില്‍ നിര്‍ണായകമായ സ്ത്രീപങ്കാളിത്തത്തെ മുന്‍നിര്‍ത്തി സ്ത്രീകളുടെ സാമൂഹ്യ ഇടപെടലിനെ എങ്ങനെ വീക്ഷിക്കുന്നു?
അറബ് വസന്തത്തില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് അതിലെ വര്‍ധിച്ച സ്ത്രീ പങ്കാളിത്തമാണ്. മുസ്ലിം സ്ത്രീകളെക്കുറിച്ച് നേരത്തെ ഉയര്‍ന്നിരുന്ന ആരോപണത്തില്‍ അല്‍പം വസ്തുതയുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇസ്ലാം സ്ത്രീകള്‍ക്കനുവദിച്ച സ്വാതന്ത്യ്രം മുസ്ലിംലോകം അവര്‍ക്ക് തടയുകയായിരുന്നു. പുതിയ കാലത്ത് സ്ത്രീകളുടെ സാമൂഹിക ഇടപെടലിനെ തടഞ്ഞ് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. സാമൂഹ്യ ബന്ധങ്ങളില്‍ നിന്നകറ്റി നിര്‍ത്തി ഒറ്റപ്പെടുത്താന്‍ പറ്റിയ സ്വകാര്യ ഇടം ഇന്നില്ല. അടച്ചിട്ട റൂമില്‍ നിന്നുപോലും ലോകത്തെ സാമൂഹ്യ ചലനങ്ങള്‍ വീക്ഷിക്കാനും അതില്‍ ഇടപെടാനും ഇന്ന് സാധിക്കും. ലോകത്തുള്ളവര്‍ക്കെല്ലാം നിങ്ങളെ കാണാനും സംവദിക്കാനും കഴിയും. സ്ത്രീകളെ സ്വകാര്യതയില്‍ തളച്ചിടാമെന്ന് ഇനി ആരും വ്യാമോഹിക്കേണ്ടതില്ല. ക്രിയാത്മകമായി അവരുടെ മനുഷ്യ വിഭവശേഷി ഉപയോഗിക്കുകയാണ് ഇസ്ലാമിക സമൂഹം ചെയ്യേണ്ടത്.
ഇസ്ലാമിക പ്രസ്ഥാനങ്ങളോട് ഉദാരമായ നിലപാട് സ്വീകരിക്കുമ്പോഴും ഫലസ്ത്വീന്‍ പ്രശ്നത്തില്‍ ഒരു മാറ്റം സംഭവിക്കാത്തതിന് കാരണം?
ജൂത സയണിസത്തേക്കാള്‍ ക്രൈസ്തവ സയണിസ്റുകളുടെ പിടിവാശി കാരണമാണ് ഫലസ്ത്വീന്‍ വിഷയത്തില്‍ മാറി ചിന്തിക്കാന്‍ അമേരിക്കക്ക് കഴിയാതെ വരുന്നത്. സയണിസത്തിന്റെ ഈ രണ്ടു ധാരകളും ഒരുമിച്ച് നില്‍ക്കുന്നിടത്തോളം ഈ വിഷയത്തില്‍ മാറ്റം പെട്ടെന്ന് സാധ്യവുമല്ല. ഇതില്‍ ജൂതസയണിസത്തേക്കാള്‍ ക്രൈസ്തവ സയണിസത്തിന്റെ നിലപാടാണ് കൂടുതല്‍ അപകടകരം.
അമേരിക്കക്ക് ഇസ്രയേല്‍ ബന്ധം ഒഴിവാക്കാന്‍ കഴിയില്ല എന്നാണോ?
ലോകത്തിലെ ഒന്നാം നമ്പര്‍ രാഷ്ട്രം യഥാര്‍ഥത്തില്‍ അമേരിക്കയല്ല. മറിച്ച് ഇസ്രയേലാണ്. പലപ്പോഴും തിരിച്ചറിയാതെ പോവുന്ന വസ്തുതയാണിത്. ഇസ്രയേല്‍ ലോബിയും ജൂതമീഡിയയുമാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതും നിലനിര്‍ത്തുന്നതും. ക്രൈസ്തവ സയണിസത്തിന്റെ പിന്തുണകൂടി അവര്‍ക്കുള്ളത് കൊണ്ട് ഈ ബന്ധം അവസാനിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഇസ്ലാമിലെ സൂഫി ധാരയോട് താങ്കള്‍ക്ക് പ്രത്യേകം താല്‍പര്യമുണ്ടെന്ന് കേട്ടു. സൂഫി ഇസ്ലാം-രാഷ്ട്രീയ ഇസ്ലാം എന്നീ വേര്‍തിരിവുകളുണ്ടോ?
ഇസ്ലാമിനെ അങ്ങനെ വേര്‍തിരിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. അതേസമയം വിവിധ വായനകള്‍ക്ക് വളരാനും സംവദിക്കാനുമുള്ള ഇസ്ലാമിലെ ഇടത്തെ നാം അംഗീകരിക്കേണ്ടതുണ്ട്. എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ളത് ഇസ്ലാമിലെ ഈ വൈവിധ്യമാണ്.
സാംസ്കാരിക വൈവിധ്യമുള്ള രാഷ്ട്രമാണ് ഇന്ത്യ. കേരളത്തില്‍ താങ്കളുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. ഈ വൈവിധ്യത്തെ എങ്ങനെ അനുഭവിക്കുന്നു?
ഒരു ഭാഷയും സംസ്കാരവും ഉള്ളവര്‍ ചേര്‍ന്ന് ഒരു രാഷ്ട്രമായിത്തീരുന്ന കാലത്ത് ബഹുസാംസ്കാരികത നിലനിര്‍ത്തിയെന്നതാണ് ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ പ്രത്യേകത. ഒട്ടനേകം ഭാഷകളും സംസ്കാരങ്ങളും ഇന്ത്യയിലുണ്ട്. ഇസ്ലാമിന്റെ വൈവിധ്യമായ വായനകള്‍ക്ക് വളരുവാനും വികസിക്കുവാനും ഇന്ത്യപോലെ മറ്റൊരു ഭൂപ്രദേശമില്ല. വൈവിധ്യമെന്നത് പ്രതിസന്ധിയല്ല; സാധ്യതയാണ്. പ്രാദേശിക സംസ്കാരങ്ങളും ഭാഷകളും പഠിച്ച് അവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ഇസ്ലാമിനെ തര്‍ജമ ചെയ്യുകയാണ് ഇന്ത്യയിലെ ഇസ്ലാമിക ദൌത്യം. അങ്ങനെ ശ്രമിക്കുമ്പോള്‍ അക്കാദമികമായ പുതിയ പഠനങ്ങളും ഇന്ത്യയില്‍ നിന്നുണ്ടാവും. അത്തരം പഠനങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നില്ലെങ്കില്‍ അതിനര്‍ഥം ആ ദൌത്യം വേണ്ടത്ര നിര്‍വഹിക്കുന്നില്ലെന്നതാണ്.
ഇസ്ലാമിന്റെ പുതിയ വായനകള്‍ക്ക് എളിയ തുടക്കമിട്ട അക്കാദമിക് കോണ്‍ഫറന്‍സിനെ കുറിച്ച്?
ഇന്ന് ചര്‍ച്ചകളിലൂടെ ഉയര്‍ന്ന് വരുന്ന ആശയങ്ങളാണ് നാളെ പ്രായോഗിക ലോകത്ത് വിപ്ളവങ്ങള്‍ സൃഷ്ടിക്കുന്നത്. ഇസ്ലാമിക ജ്ഞാനശാസ്ത്രമാണ്(ഇസ്ലാമിക് എപ്പിസ്റമോളജി) എന്റെ ഗവേഷണ മേഖല.
ലോകത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഈ വിഷയത്തില്‍ ഞാന്‍ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം വലിയൊരു കോണ്‍ഫറന്‍സിന്റെ ഭാഗമായ അനുബന്ധ സെമിനാറുകളായിരുന്നു. ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, എപ്പിസ്റമോളജി വിഷയങ്ങളെക്കുറിച്ച് മാത്രമായി നൂറോളം പ്രബന്ധങ്ങളവതരിപ്പിക്കുന്ന ഒരു കോണ്‍ഫറന്‍സ് എന്റെ ആദ്യാനുഭവമാണ്. ഒരു വിദ്യാര്‍ഥി സംഘടനയാണ് ഇത് സംഘടിപ്പിച്ചത് എന്നത് ഇസ്ലാമിക ലോകത്തിനുള്ള പുതിയ തലമുറയുടെ അക്കാദമിക് സംഭാവനയായി ഞാന്‍ വിലയിരുത്തുന്നു. തഹ്രീര്‍ സ്ക്വയറുകളില്‍ മാത്രമല്ല വൈജ്ഞാനിക രംഗത്തും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ യുവതക്ക് സാധിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം വൈജ്ഞാനിക സംരംഭങ്ങളുടെ അനുകരണീയ മാതൃകകള്‍ മുസ്ലിം ലോകത്തുടനീളം ഉയര്‍ന്ന് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം