Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

മാനവികതയെ ഉണര്‍ത്താം... പക്ഷേ

കെ.ടി ഹുസൈന്‍

കേരളത്തില്‍ ജാഥകളും യാത്രകളും ഒട്ടും പുതുമയുള്ള കാര്യമല്ല. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ജാഥകളും യാത്രകളും ധാരാളമായി കണ്ട് മടുത്തവരാണല്ലോ നാം കേരളീയര്‍. കേരളത്തിന്റെ തെക്കു വടക്ക് ദൂരം തീരെ കുറവായതാണ് ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്ക് പോലും കേരള യാത്ര സാധ്യമാക്കുന്ന ഒരു പ്രധാന ഘടകം. നിലവിലുള്ള ഭരണകൂടത്തെ താഴെ ഇറക്കി അവിടെ കയറി ഇരിക്കുകയോ ഭരണത്തില്‍ തുടരുകയോ ചെയ്യുക എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഇത്തരം ജാഥകളുടെ മിനിമം ലക്ഷ്യം. അതുകൊണ്ട് തന്നെ ജാഥയില്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുജനം വലിയ കാര്യമായി എടുക്കാറില്ല. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കേരള യാത്ര വ്യത്യസ്തമാകുന്നത് ഇവിടെയാണ്. എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഒരു രാഷ്ട്രീയ നേതാവോ അദ്ദേഹം നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു രാഷ്ട്രീയ സംഘടനയോ അല്ല. മതപരമായ എല്ലാ വിഷയങ്ങളിലും യാഥാസ്ഥിതിക നിലപാടുള്ള മത സംഘടന മാത്രമാണത്. അതുകൊണ്ടുതന്നെ ആരെയെങ്കിലും അധികാരത്തിലേറ്റുകയോ താഴെ ഇറക്കുകയോ കാന്തപുരത്തിന്റെ യാത്രയുടെ ലക്ഷ്യമാകാന്‍ വഴിയില്ല. കാന്തപുരം രാഷ്ട്രീയ നേതാവുമല്ല എന്നതിന് അദ്ദേഹത്തിന് രാഷ്ട്രീയ നിലപാടില്ല എന്ന് അര്‍ഥമില്ല. അദ്ദേഹത്തിന് തീര്‍ച്ചയായും രാഷ്ട്രീയ നിലപാടുണ്ട്. ആ നിലപാട് അദ്ദേഹം പല തവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കും എന്നതത്രെ ആ നിലപാട്.
ഒട്ടും അവ്യക്തതയില്ലാത്ത ഈ നിലപാട് ഇനിയും ആവര്‍ത്തിക്കാന്‍ പക്ഷേ, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു യാത്ര നടത്തി വിയര്‍ക്കേണ്ട യാതൊരാവശ്യവുമില്ല. അതിനാല്‍ കാന്തപുരത്തിന്റെ യാത്രയുടെ മേല്‍ രാഷ്ട്രീയ ലക്ഷ്യം ആരോപിക്കാന്‍ യാതൊരു വകുപ്പുമില്ല. പിന്നെ എന്തിനാണ് വമ്പിച്ച പ്രചാരണ കോലാഹലങ്ങളുടെ അകമ്പടിയോടെ കാന്തപുരം ഇത്തരം ഒരു യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിനെ വെല്ലുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ മുക്ക് മൂലകളില്‍ കേരള യാത്രക്ക് വേണ്ടി നടന്നുകൊണ്ടിരിക്കുന്നത്.
'മാനവികതയെ ഉണര്‍ത്തുന്നു' എന്നാണ് കേരള യാത്രയുടെ മുദ്രാവാക്യമായി ഫ്‌ളക്‌സ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും തെളിഞ്ഞ് കാണുന്നത്. കേരളത്തില്‍ ജീവിക്കുന്ന വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ പാലം പണിയുക എന്നതാണ് മാനവികതയെ ഉണര്‍ത്തുന്നു എന്നത് കൊണ്ട് അര്‍ഥമാക്കുന്നതെങ്കില്‍ വളരെ പ്രസക്തം തന്നെയാണിത് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു മതപണ്ഡിതന്‍ ഈ മുദ്രാവാക്യം ഉയര്‍ത്തുന്നു എന്നത് അതിന്റെ പ്രസക്തിയെ പിന്നെയും വര്‍ധിപ്പിക്കുകയാണ്. മാനവികതയെ ഉണര്‍ത്താന്‍ രാഷ്ട്രീയക്കാരേക്കാള്‍ നല്ലത് മതപണ്ഡിതന്മാര്‍ തന്നെയാണ്. കാരണം രാഷ്ട്രീയക്കാര്‍ മാനവികതയെ ഉണര്‍ത്തുന്നതും വളര്‍ത്തുന്നതും പലപ്പോഴും താല്‍ക്കാലിക രാഷ്ട്രീയ ലാഭം നോക്കി മാത്രമായിരിക്കും. രാഷ്ട്രീയ ലാഭം കിട്ടുമെന്ന് കണ്ടാല്‍ മാനവികതയെ തളര്‍ത്തുന്നതിലോ ധ്രുവീകരിക്കുന്നതിലോ അവര്‍ക്ക് അശേഷം മടിയുണ്ടായിരിക്കുകയില്ല. ഒടുവിലത്തെ ഇമെയില്‍ വിവാദം തന്നെ അതിനേറ്റവും വലിയ തെളിവാണ്. ഭരണകൂടവും ഒരു സമുദായവും തമ്മിലുള്ള പ്രശ്‌നത്തെ എത്ര സമര്‍ഥമായാണ് രാഷ്ട്രീയക്കാരനായ നമ്മുടെ മുഖ്യമന്ത്രി ഇടപെട്ട് രണ്ട് സമുദായങ്ങള്‍ തമ്മിലും സമുദായത്തിലെ തന്നെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുമുള്ള പ്രശ്‌നമാക്കി വഴിതിരിച്ചുവിട്ടത്. തന്റെ ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറയിടാനാകുമെങ്കില്‍ സമുദായങ്ങള്‍ക്കിടയിലെ ബന്ധം ശിഥിലമായാലും പ്രശ്‌നമില്ല എന്ന രാഷ്ട്രീയക്കാരന്റെ ദുഷ്ടലാക്കാണ് ഇതില്‍ തെളിഞ്ഞു കണ്ടത്. ഇതുകൊണ്ടൊക്കെയാണ് മാനവികതയെ ഉണര്‍ത്താന്‍ രാഷ്ട്രീയക്കാരേക്കാള്‍ നല്ലത് മതപണ്ഡിതന്മാരാണെന്ന് പറഞ്ഞത്. പള്ളി മിമ്പറുകളില്‍ ഒതുങ്ങാതെ സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട കേരളത്തിലെ പഴയകാല പണ്ഡിത പാരമ്പര്യവും ഇത്തരം ഉദ്യമങ്ങള്‍ക്ക് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുന്നുമുണ്ട്.
കേരളത്തിലെ യാഥാസ്ഥിതിക സുന്നികളില്‍ ഒരു വിഭാഗം ഇന്ന് എ.പി അബൂബക്കര്‍ മുസ്‌ലിയാരെ കാണുന്നത് തങ്ങളുടെ നവോത്ഥാന നായകനും പരിഷ്‌കര്‍ത്താവുമായിട്ടാണ്. നവോത്ഥാനം എന്ന പരികല്‍പനയുടെ ദാര്‍ശനിക വിവക്ഷ എന്തായിരുന്നാലും ഒരു വിഭാഗത്തിന്റെ മാനസികവും സാമൂഹികവും ഭൗതികവുമായ വളര്‍ച്ച സാമൂഹിക ശാസ്ത്രത്തിന്റെ വിശകലന മാനദണ്ഡ പ്രകാരം നവോത്ഥാനം തന്നെയാണ്. ഈ അര്‍ഥത്തില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേരളത്തിലെ യാഥാസ്ഥിതിക സുന്നികളുടെ നവോത്ഥാന നായകനാണെന്ന് പറയുന്നതില്‍ ശരിയുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ യാഥാസ്ഥിതിക സുന്നികളുടെ പ്രധാന അസറ്റായ മുസ്‌ലിയാക്കന്മാരെ അപകര്‍ഷബോധത്തില്‍ നിന്ന് മോചിപ്പിച്ചതിന്റെ ക്രഡിറ്റ് കാന്തപുരത്തിന് മാത്രം അവകാശപ്പെട്ടതാണ്. സിക്കുകാരനായ നമ്മുടെ പ്രധാനമന്ത്രി തലയിലണിയുന്ന തലപ്പാവ് അദ്ദേഹത്തിന് ഒരു കുറച്ചിലായി അനുഭവപ്പെടാത്തത് പോലെ തന്നെ കേരളത്തിലെ ഒരു മുസ്‌ലിയാര്‍ക്കും തന്റെ തലേക്കെട്ട് ഇന്ന് ഒരു കുറച്ചിലായി അനുഭവപ്പെടുന്നില്ല എന്ന് മാത്രമല്ല, തങ്ങളുടെ ആത്മാഭിമാനത്തിന്റെ ചിഹ്നമായി പോലും അതിനെ കാണുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. കാറും ബൈക്കുമൊന്നും ഇന്ന് പ്രമാണിമാരുടെയും അവരുടെ മക്കളുടെയും കുത്തകയല്ല, നാട്ടുംപുറത്തെ മുസ്‌ലിയാര്‍ക്കും ഇന്നത് പ്രാപ്യമാണ്. എതിര്‍ വീക്ഷണക്കാരുടെ പള്ളികളില്‍ കൂട്ടമായി കയറി അവിടെ പതിവില്ലാത്ത ദിക്‌റുകളും ഔറാദുകളും ഉച്ചത്തില്‍ ചൊല്ലി പ്രശ്‌നമുണ്ടാക്കുക, എതിരാളികളെ തെരുവുകളിലും സ്റ്റേജുകളിലും നേരിടുക തുടങ്ങിയ ഗുണ്ടായിസത്തിലേക്ക് കൂടി ഈ വളര്‍ച്ച എത്തുന്നു എന്നത് ഈ നവോത്ഥാനത്തിന്റെ മറുവശമാണ്. അതിലേക്ക് പിന്നീട് വരാം.
സുന്നികളുടെ പ്രസിദ്ധീകരണങ്ങളുടെ സാങ്കേതികമായ ഗുണനിലവാരവും ഉള്ളടക്കത്തിലെ വൈവിധ്യവും ഒരു പത്ത് വര്‍ഷം മുമ്പുവരെ വരെ നമുക്കൊരിക്കലും പ്രതീക്ഷിക്കാനാവാത്തതായിരുന്നു. വിദ്യാഭ്യാസ രംഗത്തും സുന്നികള്‍ ഇന്ന് പുരോഗമന വിഭാഗത്തെ പോലും അതിശയിപ്പിക്കുംവിധം വളര്‍ച്ചയുടെ പാതയിലാണ്. മലയാളമോ ഇംഗ്ലീഷോ പോകട്ടെ ഭാഷയെന്ന നിലയില്‍ അറബി പോലും അറിയാത്ത, നഹ്‌വും സ്വര്‍ഫും മാത്രം കലക്കി കുടിച്ചവരായിരുന്നു മുമ്പ് കാലത്ത് സുന്നി സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് അറബിയും ഉര്‍ദുവും മലയാളവും ഇംഗ്ലീഷും നന്നായി അറിയുന്ന എത്രയോ പേര്‍ സുന്നി സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ശുദ്ധമായ അറബി ഭാഷയില്‍ ജുമുഅ പ്രഭാഷണം കേള്‍ക്കണമെങ്കില്‍ ഇപ്പോള്‍ അറബ് നാടുകളില്‍ പോകണമെന്നില്ല. കോഴിക്കോട് നഗരത്തിലെ മര്‍കസ് കോംപ്ലക്‌സിലെ പള്ളിയില്‍ പോയാല്‍ മതി. ഇത്തരത്തില്‍ നബാത്തി ഖുത്വ്ബയുടെ ഏടുകള്‍ തട്ടിന്‍പുറത്ത് കയറ്റി വെച്ച് അറബി ഭാഷയില്‍ സ്വന്തമായ ഖുത്വ്ബ നടത്തുന്ന വേറെയും പള്ളികള്‍ സുന്നികളുടേതായി കേരളത്തില്‍ ഉണ്ട് എന്നാണറിവ്. ഭൗതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുസ്‌ലിം സമൂഹം കവിഞ്ഞ ജാഗ്രത പുലര്‍ത്തുന്ന ഇക്കാലത്തും സുന്നികള്‍ എങ്ങനെയാണ് പള്ളികളില്‍ ദര്‍സുകള്‍ നിലനിര്‍ത്തുന്നത് എന്നതിനെക്കുറിച്ചാലോചിച്ച് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ, ഏറെക്കുറെ എല്ലാ പള്ളി ദര്‍സുകളും തങ്ങളുടെ വിദ്യാര്‍ഥികളെ സമീപത്തെ സ്‌കൂളുകളില്‍ പറഞ്ഞയച്ച് പഠിപ്പിക്കുന്നുവെന്നതാണിപ്പോള്‍ ആശ്ചര്യം.
മുസ്‌ലിം ലീഗിന്റെ തിട്ടൂരത്തിന് കാത്തുനില്‍ക്കാതെ സ്വന്തമായി വെട്ടിതെളിയിച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ കാന്തപുരം വിഭാഗം കാണിച്ച ആര്‍ജവം തന്നെയാണ് ഇത്തരം ഒരു നവോത്ഥാനം യാഥാസ്ഥിതിക സുന്നികള്‍ക്ക് സാധ്യമാക്കിയത് എന്ന കാര്യം നിഷ്പക്ഷമായ ഏതൊരു നിരീക്ഷകനും സമ്മതിക്കാതിരിക്കാനാവില്ല.
എന്നാല്‍, പ്രത്യക്ഷത്തില്‍ പുരോഗമനപരമെന്ന് തോന്നുന്നവിധം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ യാഥാസ്ഥിതിക സുന്നി പക്ഷത്ത് സൃഷ്ടിച്ച നവോത്ഥാനത്തിന് പ്രതിലോമപരമായ ചില ഉള്ളടക്കങ്ങളും മറുവശങ്ങളും കൂടി ഉണ്ട്. അതാണ് അദ്ദേഹത്തിന്റെ നിര്‍ദിഷ്ട കേരള യാത്രയെ സംശയത്തോടെ വീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മാനവികതയെ ഉണര്‍ത്താനുള്ള അദ്ദേഹത്തിന്റെ അര്‍ഹതയെ പോലും ചോദ്യം ചെയ്യാനാവുംവിധം തികച്ചും മാനവിക വിരുദ്ധവും വിദ്വേഷകലുഷിതവുമായ മനോഘടനയാണ് കാന്തപുരം തന്റെ അനുയായികളില്‍ സൃഷ്ടിച്ച സംഘബോധത്തിന്റെ മുഖമുദ്ര. മതപരമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വെച്ചുപുലര്‍ത്തിക്കൊണ്ട് തന്നെയും സമുദായത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ സാധ്യമാകുന്നത്ര ഒന്നിക്കാനുള്ള ഒരു പ്രവണത കേരളത്തിലെ മുസ്‌ലിംകള്‍ എല്ലാ കാലത്തും കാണിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രക്ഷോഭവും മുസ്‌ലിം ലീഗിന്റെ ആവിര്‍ഭാവവുമെല്ലാം അതിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളില്‍ യാഥാസ്ഥിതിക സുന്നീ വിഭാഗത്തില്‍ പെട്ട കട്ടിലശ്ശേരി മുഹമ്മദലി മുസ്‌ലിയാര്‍, ആലി മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം പുരോഗമനവാദികളായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, കെ.എം മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങിയവരും ഉണ്ടായിരുന്നുവല്ലോ. കെ.എം സീതി സാഹിബ്, ബി.പോക്കര്‍ സാഹിബ് പോലുള്ള പുരോഗമനവാദികള്‍ അടിത്തറ പാകിയ കേരളത്തിലെ മുസ്‌ലിം ലീഗിന് ജനകീയ മുഖം നല്‍കിയത് ബാഫഖി തങ്ങളെ പോലുള്ള സുന്നികളായിരുന്നു. മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തോടുള്ള താത്ത്വിക വിയോജിപ്പ് കാരണം ജമാഅത്തെ ഇസ്‌ലാമി ലീഗിന്റെ ഭാഗമായില്ലെങ്കിലും പൊതു പ്രശ്‌നങ്ങളില്‍ അവരുമായി സഹകരിക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ല. എന്നാല്‍ സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ പോലും സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ ഒരിക്കലും ഒന്നിക്കാന്‍ പാടില്ല എന്നത് ഒരു തത്ത്വമായി വികസിപ്പിച്ചുകൊണ്ടാണ് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേരളീയ സമൂഹത്തില്‍ തന്റെ ഇടം സ്ഥാപിച്ചെടുത്തത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ പിളര്‍ത്തി തന്റെ കീഴില്‍ ഒരു സമാന്തര സമസ്ത രൂപവത്കരിക്കാന്‍ കാന്തപുരം നിമിത്തമാക്കിയത് പൊതുപ്രശ്‌നങ്ങളില്‍ മുസ്‌ലിം ഐക്യം എന്ന സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉയര്‍ത്തിപ്പിടിച്ച ധീരമായ നിലപാടിനെയാണ്. 1985-ല്‍ ശരീഅത്ത് സംരക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് ചേര്‍ന്ന സമ്മേളനത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാക്കളായ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, ഖാദി മുജാഹിദുല്‍ ഇസ്‌ലാം ഖാസിമി, കേരളത്തിലെ ജമാഅത്ത്-മുജാഹിദ് നേതാക്കള്‍ തുടങ്ങിയവരോടൊപ്പം സമസ്ത ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ വേദി പങ്കിട്ടത് സുന്നികള്‍ക്ക് അംഗീകരിക്കാനാവില്ല എന്ന നിലപാട് ഉയര്‍ത്തിക്കൊണ്ടാണ് എ.പിയും സംഘവും പിളര്‍പ്പിന് തുടക്കമിട്ടത്. ജമാഅത്ത്- മുജാഹിദ് നേതാക്കള്‍ മാത്രമല്ല, ബോര്‍ഡ് നേതാക്കളായ അബുല്‍ ഹസന്‍ അലി നദ്‌വിയും ഖാദി മുജാഹിദുല്‍ ഇസ്‌ലാം ഖാസിയും കാന്തപുരത്തിന് മുബ്തദിഉകളായിരുന്നു. ഇതേ മുബ്തദിഉകളുടെ ശിപാര്‍ശ കത്തുമായി അദ്ദേഹം ഗള്‍ഫ് നാടുകളില്‍ സന്ദര്‍ശനം നടത്തിയത് പില്‍കാല ചരിത്രം.
സമസ്തയെ പിളര്‍ക്കാന്‍ എ.പിയും സംഘവും അടിത്തറയാക്കിയ മറ്റൊന്ന്, 'മുബ്തദിഉക'ള്‍ക്ക് സലാം പറയുന്ന പ്രശ്‌നത്തില്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എടുത്ത നിലപാടായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നാലാം ക്ലാസിലേക്ക് തയാറാക്കിയ അഖ്‌ലാഖ് പാഠപുസ്തകത്തില്‍ മുബ്തദിഉകള്‍ക്ക് സലാം പറയാന്‍ പാടില്ല എന്ന പരാമര്‍ശത്തിന്റെ കൂടെ വഹാബി-മൗദൂദിയെ പോലുള്ളവര്‍ എന്ന് കൂടിയുണ്ടായിരുന്നു. അതിലെ വഹാബി, മൗദൂദിയെ പോലുള്ളവര്‍ എന്ന പരാമര്‍ശം ഒഴിവാക്കണം എന്ന നിലപാട് ഇ.കെ സ്വീകരിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ മാപ്പര്‍ഹിക്കാത്ത കുറ്റമായിട്ടാണ് എ.പിയും സംഘവും കണ്ടത്.
മുസ്‌ലിം ഐക്യം സാധ്യമേയല്ല, സമുദായത്തില്‍ തങ്ങളുമായി ആശയതലത്തില്‍ വിയോജിക്കുന്നവരോട് ഇസ്‌ലാമികമായ സാഹോദര്യ ബന്ധം പോലും പാടില്ല എന്ന രണ്ട് തത്ത്വങ്ങളാണ് കാന്തപുരം രൂപപ്പെടുത്തിയ സുന്നി നവോത്ഥാനത്തിന്റെ ദാര്‍ശനികാടിത്തറ. ഈ ദാര്‍ശനികാടിത്തറയില്‍ വികസിക്കുന്ന കാന്തപുരത്തിന്റെയും സംഘത്തിന്റെയും എല്ലാ പ്രവര്‍ത്തനങ്ങളും വിഭാഗീയമായിരിക്കുക സ്വാഭാവികം മാത്രമാണ്. കാന്തപുരത്തിന്റെ സമസ്ത രൂപം കൊണ്ട കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടക്ക് മുസ്‌ലിം സമുദായത്തിന്റെ ഏതെങ്കിലും കൂട്ടായ്മയുമായി അദ്ദേഹവും സംഘവും ആത്മാര്‍ഥമായി സഹകരിച്ചതിന് തെളിവില്ല. കുവൈത്ത് കരാര്‍ പോലുള്ള ചില കരാറുകളില്‍ ഒപ്പിട്ടെങ്കിലും അതിന്റെ മഷിയുണങ്ങും മുമ്പ് അതിനെ തള്ളിപ്പറയുകയും ചെയ്തു. ബാബരി മസ്ജിദ് കത്തിനിന്ന പശ്ചാത്തലത്തില്‍ പോലും തങ്ങള്‍ക്ക് അതിനേക്കാള്‍ പ്രധാനം പാലപ്പെറ്റ പള്ളി മുജാഹിദുകളില്‍നിന്ന് തിരിച്ചുപിടിക്കലാണെന്ന് പരസ്യമായി പറയാനും അവര്‍ മടി കാണിച്ചിട്ടില്ല.
സമുദായത്തിലെ മറു വീക്ഷണമുള്ള വിഭാഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുന്ന, എ.പി വിഭാഗത്തിന് ആധിപത്യമുള്ള പല മഹല്ലുകളും കേരളത്തിലുണ്ട്. ഇത്തരത്തില്‍ വിഭാഗീയതയും ശിഥിലീകരണ വാഞ്ഛയും മനോഘടനയുടെ ഭാഗമാക്കി മാറ്റിയ ഒരു സംഘത്തിന്റെ പരമോന്നതാചാര്യന്‍ മാനവികതയെ ഉണര്‍ത്താന്‍ കേരള യാത്ര നടത്തുന്നതില്‍ ആരെങ്കിലും പന്തികേട് ദര്‍ശിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. സ്വന്തം അനുയായികളില്‍ താന്‍ തന്നെ സൃഷ്ടിച്ചെടുത്ത വിഭാഗീയ ചിന്താഗതികളും ശിഥിലീകരണ വാസനകളും നന്നാക്കിയെടുത്ത് മാനവിക ബോധത്തിലേക്ക് അവരെ പുനരാനയിക്കലാണ് കേരള യാത്രയുടെ ലക്ഷ്യമെങ്കില്‍ വളരെ നല്ലത് എന്നു മാത്രമേ അതിനെ കുറിച്ച് പറയാനാവൂ.
കേരള യാത്രക്ക് കാന്തപുരം തെരഞ്ഞെടുത്ത സമയവും ആത്മീയ രംഗത്ത് അദ്ദേഹം ഇപ്പോള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ചില പുതിയ പരീക്ഷണങ്ങളും കേരള യാത്രയെ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. കേരളത്തിന്റെ മാനവിക ബോധം വെല്ലുവിളിക്കപ്പെട്ട പല സന്ദര്‍ങ്ങളും ഇതിന് മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. ഒന്നും രണ്ടും മാറാട് കലാപങ്ങള്‍ അത്തരം സന്ദര്‍ഭങ്ങളായിരുന്നു. തീവ്രവാദ വേട്ടയും ലൗ ജിഹാദ് വിവാദവും സമീപകാല സംഭവവികാസങ്ങളാണ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായമായ അറസ്റ്റും പീഡനവും കേരളീയന്റെ മാനവിക ബോധത്തിനെതിരെ ഒരു ചോദ്യചിഹ്നമായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും മാനവികത ഉണര്‍ത്താന്‍ തോന്നാത്ത കാന്തപുരത്തിന് ഇപ്പോള്‍ മാത്രം ഇങ്ങനെ ഒരു ചിന്ത ഉണരാന്‍ എന്താണ് കാരണം? അപ്പോഴാണ് തിരുമുടി വിവാദത്തിലേക്ക് എത്തിനോക്കേണ്ടിവരുന്നത്. അബൂദബിയിലെ ഖസ്‌റജിയില്‍ നിന്നോ മുംബൈ മാര്‍ക്കറ്റിലെ ഏതോ വഴിവാണിഭക്കാരനില്‍ നിന്നോ കുറച്ചു മുടി കൈയില്‍ വന്ന് ചേരുകയും കുണ്ടൂര്‍ ഉസ്താദ് മദീനയിലെ റൗദാ ശരീഫില്‍ പ്രവാചകന്റെ ചാരത്ത് എ.പി ഉസ്ദാതിനെ സ്വപ്നത്തില്‍ കണ്ടെത്തുകയും ചെയ്തതോടു കൂടി ആത്മീയ പുരുഷനായി കാന്തപുരത്തെ വാഴിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍. അജ്മീര്‍ ശരീഫിനെയും ദല്‍ഹിയിലെ നിസാമുദ്ദീനെയും മാത്രമല്ല, സാക്ഷാല്‍ കഅ്ബാ ശരീഫിനെ പോലും വെല്ലുന്ന ആത്മീയ തീര്‍ഥാടന കേന്ദ്രമായിരുന്നു കാന്തപുരം സുന്നികള്‍ സ്വപ്നം കണ്ട ശഅ്‌റെ മുബാറക് മസ്ജിദ്. പക്ഷേ, മറു വിഭാഗം സുന്നികള്‍ മുടിപ്പള്ളിക്കെതിരെ രണ്ടും കല്‍പിച്ച് രംഗത്തിറങ്ങിയതോടെ കാന്തപുരവും അനുയായികളും പ്രതിരോധത്തിലായി എന്നത് വസ്തുതയാണ്. ഒരേ കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ മറു വിഭാഗം സുന്നികള്‍ മുടിയുടെ സനദ് ചോദിക്കുമെന്നോ മുടി കൊണ്ട് ഇവ്വിധം ബര്‍ക്കത്തെടുക്കുന്നതിനെ ആത്മീയ കച്ചവടമായി വ്യവഹരിക്കുമെന്നോ കാന്തപുരം സുന്നികള്‍ സ്വപ്‌നേപി വിചാരിച്ചതല്ല. മുടി വിവാദം ഉല്‍പാദിപ്പിച്ച വളരെ പോസിറ്റീവായ ഒരു മാറ്റമാണ് ഇത് രണ്ടും എന്ന് ആനുഷിംഗികമായി പറഞ്ഞുകൊള്ളട്ടെ. ഏതായാലും മുടിപ്പള്ളിക്കെതിരെ 'സമസ്ത' നടത്തിക്കൊണ്ടിരിക്കുന്ന പഴുതടച്ചു കൊണ്ടുള്ള ആക്രമണങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമമാണ് ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുള്ള കാന്തപുരത്തിന്റെ കേരള യാത്ര. കളി പ്രവാചകനോടായതുകൊണ്ട് ഇതില്‍ നിന്ന് എളുപ്പത്തില്‍ കാന്തപുരത്തിന് രക്ഷപ്പെടാനാകുമെന്ന് തോന്നുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം