ഫിഖ്ഹ് നവീകരണങ്ങളുടെ തുടര്‍ച്ച - 2 ( ഇസ്‌ലാമിക ബൗദ്ധിക വ്യവഹാരത്തില്‍ നടക്കേണ്ട വിപ്ലവം )
വിവിധ വിജ്ഞാന ശാഖകളുടെ ഉദ്ഗ്രഥനമാണോ സമകാലിക ഇസ്‌ലാമിക ബൗദ്ധിക വ്യവഹാരത്തില്‍ നടക്കേണ്ട വിപ്ലവം?
ഫഖീഹിന് തീര്‍ച്ചയായും വളരെ സമഗ്രമായ ജ്ഞാനം ആവശ്യമാണ്. സാമൂഹ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും മന:ശ്ശാസ്ത്രത്തിലും അറിവുണ്ടായിരിക്കേണ്ടതുണ്ട്. കാരണം മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളെ കുറിച്ച് അറിവില്ലെങ്കില്‍ ആ ഫഖീഹിന് ക്രിയാത്മകമായി മതകീയ നിര്‍ദ്ദേശങ്ങള്‍ നടത്താന്‍ സാധിക്കുകയില്ല. ഇബാദാത്തുകളുടെ കാര്യത്തില്‍ നമുക്ക് ഫത്‌വകളോ ഇജ്തിഹാദോ ആവശ്യമായി വരുന്നില്ല. അവ സുവ്യക്തവും മാറ്റങ്ങള്‍ക്കതീതവുമാണ്. ഇജ്തിഹാദ് ആവശ്യമായിരിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിലാണ്. ശരീഅത്തിനെ മനസ്സിലാക്കാനായി യുക്തിപരമായ അധ്വാനത്തിലേര്‍പ്പെടുക എന്നതാണ് ഇജ്തിഹാദ്. ഖുര്‍ആന്‍ യുക്തിയെ ആദരിക്കുന്നുണ്ട്. അതുപോലെ ഖുര്‍ആന്‍ നമ്മോട് നിരീക്ഷിക്കാനും പ്രതികരിക്കാനും ആഹ്വാനം ചെയ്യുന്നു. ദിവ്യബോധനവും യുക്തിയും കൈ കോര്‍ത്ത് നിര്‍വ്വഹിക്കപ്പെടേണ്ട പ്രക്രിയയാണ് ഇജ്തിഹാദ്. ശരീഅത്ത് എന്നാല്‍ ലി ഖൗമിന്‍ യഫ്ഖഹൂന്‍, അഥവാ മനസ്സിലാകുന്നവര്‍ക്ക് വേണ്ടി എന്നാണ്. മനസ്സിലാക്കുക എന്നാല്‍ കേവല പദാര്‍ത്ഥത്തിലുള്ള മനസ്സിലാക്കല്‍ അല്ല. അതിന്റെ ഉള്ളിലടങ്ങിയിരിക്കുന്ന യുക്തിദീക്ഷയെ സംബന്ധിച്ച വിശകലനങ്ങള്‍ നടത്തുകയും അത് പുറത്ത് കൊണ്ടുവരികയുമാണ്. ഖുര്‍ആന്‍ തന്നെ ഒരു നിയമം നിര്‍ദ്ദേശിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യത്തിലേക്കും ദിശ കാണിക്കാറുണ്ട്. നമ്മുടെ ചിന്തയെയും മനനത്തെയും നാം എല്ലാ മേഖലകളിലും ആരോപിക്കേണ്ടിയിരിക്കുന്നു. അതാണ് സര്‍ഗാത്മകത. ഇജ്തിഹാദ് സ്ഥൂലമായ മേഖലകളിലും സൂക്ഷ്മമായ മേഖലകളിലുമുണ്ട്.
വൈജ്ഞാനിക വിപ്ലവത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി മുസ്‌ലിം ജനസാമാന്യത്തിന്റെ മതപരമായ, ഇസ്‌ലാമികമായ ബോധരൂപീകരണ പ്രക്രിയയാണ് എന്ന് പറയാമോ?
നമുക്ക് നമ്മുടെ ബോധങ്ങളുടെ സമൂലമായ പുതുക്കിപ്പണിയല്‍ ആവശ്യമാണ്. കാരണം ഒരു വശം മാത്രം വികസിപ്പിക്കുക എന്നത് മനുഷ്യസമൂഹത്തിന് ഉപകാരപ്പെടില്ല. പുതിയ വൈജ്ഞാനിക വിപ്ലവത്തിന് സമഗ്രമായ ഗ്രാഹ്യതയും വ്യക്തമായ അറിവും സ്ഥൈര്യവും ആവശ്യമാണ്. കാരണം എല്ലാ കാര്യങ്ങളും പരസ്പര ബന്ധിതമാണ്. ശാസ്ത്രവും മതവും പരസ്പരം ബന്ധിതമാകേണ്ടതുണ്ട്. നാം പ്രകൃതിയുടെ വായനയും ആത്മീയതയുടെ വായനയും പരസ്പര ബന്ധിതമാക്കേണ്ടതുണ്ട്. ഖുര്‍ആനിക ജ്ഞാന സിദ്ധാന്തമനുസരിച്ച് തന്നെ അവ പരസ്പര പൂരകങ്ങള്‍ ആണ്. അങ്ങനെ ഒരു തലത്തിലേക്ക് ഉയരാന്‍ ചിന്താപ്രക്രിയയുടെ സമ്പൂര്‍ണ്ണ പുന:സംഘാടനവും പുനഃക്രമീകരണവും സാങ്കേതികത്തികവുള്ള രീതിശാസ്ത്രവും ആവശ്യമാണ്.
ഇസ്‌ലാമിക ചിന്തയില്‍ അതിന്റെ ജ്ഞാനശാഖകളില്‍ സാകല്യേനയുള്ള വിപ്ലവം ആവശ്യമാണ്. ഇതൊരിക്കലും ഒരു മനുഷ്യന്റെ പരിശ്രമം കൊണ്ട് സാധ്യമാകേണ്ടതല്ല. എല്ലാവര്‍ക്കും ഈ ദിശയിലുള്ള സമഗ്രവീക്ഷണം ഉണ്ടായിരിക്കേണ്ടതുണ്ട്. സ്‌പെഷലിസ്റ്റുകളുടെ സമ്മേളനം സമഗ്രത സൃഷ്ടിക്കാന്‍ സഹായിക്കും. ചിലര്‍ കുടുംബകാര്യങ്ങളില്‍, ചിലര്‍ രാഷ്ട്രീയ സിദ്ധാന്തത്തില്‍, ചിലര്‍ ജ്ഞാന ശാസ്ത്രത്തില്‍, ചിലര്‍ ആത്മീയ സിദ്ധാന്തത്തില്‍ പ്രാവീണ്യരായിരിക്കുമ്പോള്‍ തന്നെ അവയെ കംപാര്‍ട്ട്‌മെന്റുകളാക്കാന്‍ സാധിക്കുകയില്ല. അവയൊക്കെയും പരസ്പരം അന്തര്‍ശാഖകളായി വര്‍ത്തിക്കുകയാണ് ചെയ്യുക.
ഈ തരത്തിലുള്ള ചിന്തയെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ച ആളാണ് ബദീഉസമാന്‍ സഈദ് നൂര്‍സി. വളരെ ആഴത്തിലുള്ള ചിന്തയും മനനവും ഖുര്‍ആനികാടിത്തറയില്‍ അദ്ദേഹം നടത്തുകയുണ്ടായി. ഇസ്‌ലാമിക ജ്ഞാനത്തെ കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്നത് നാം പറഞ്ഞ പോലുള്ള ഒരു സാകല്യേനയുള്ള (wholistic) കാഴ്ചപ്പാടായിരുന്നു. മാറ്റത്തിന് നേതൃത്വം കൊടുക്കുന്ന ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നൂര്‍സിയില്‍ നിന്ന് പാഠങ്ങള്‍ ഏറെ പഠിക്കാനുണ്ട്. അദ്ദേഹം വൈജ്ഞാനിക വിപ്ലവത്തെ സംബന്ധിച്ച അവസാന വാക്ക് ആണ് എന്നല്ല; മറിച്ച്, അദ്ദേഹം ആധുനികതയുടെ പരിസരത്ത് അതിനുള്ള അടിത്തറ പണിതിട്ടുണ്ട് എന്നാണ് ഞാന്‍ അര്‍ഥമാക്കുന്നത്. അങ്ങനെ, സാകല്യേനയല്ലാതെ ഇസ്‌ലാമിക ചിന്തയെയും ജ്ഞാന ശാസ്ത്രത്തെയും പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ അത് ശിഥിലമായിത്തീരും. ഫലത്തില്‍, ഖുര്‍ആനിന്റെ ആത്മാവിനെ വികലമാക്കുകയാണ് അത് ചെയ്യുക. പ്രകൃതിയെയും വഹ്‌യിനെയും മാനുഷ്യകത്തിന്റെ ഹൃദയത്തെയും ബന്ധിപ്പിക്കാന്‍ ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന് കഴിയേണ്ടതുണ്ട്, കൃത്യമായ സന്തുലനം സാധ്യമാകേണ്ടതുണ്ട്.
ഫിഖ്ഹും സ്വൂഫിസവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടി പറയാമോ? ഇസ്‌ലാമിക ജ്ഞാന സംസ്‌കാരത്തില്‍ ആ പാരസ്പര്യത്തിന്റെ പ്രാധാന്യമെന്താണ്?
ഇസ്‌ലാമിക ചരിത്രത്തിലെ മഹാന്മാരായ ഫുഖഹാക്കളെ പരിശോധിക്കുമ്പോള്‍ അവരൊക്കെയും തസവ്വുഫില്‍/ സൂഫിസത്തില്‍ ആഴത്തില്‍ വേരുള്ള ആളുകളായിരുന്നു എന്നു കാണാന്‍ സാധിക്കും. ഇബ്‌നുല്‍ ഖയ്യിം, ധാര്‍മ്മിക വിജ്ഞാനീയത്തെയും ആത്മീയ ഘടകങ്ങളെയും ഉള്‍കൊണ്ട ഒരു ഫഖീഹായിരുന്നു.ഇമാം ശാ വലിയുല്ലാഹ്, ഇമാം ഗസാലി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ പൂര്‍വസൂരികള്‍ മികച്ച ഉദാഹരണങ്ങളാണ്. ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമ എല്ലാ മുസ്‌ലിം പണ്ഡിതന്മാരും നിര്‍ബന്ധമായും വായിച്ച് വിശകലനം ചെയ്യേണ്ട പുസ്തകമാണ്. അദ്ദേഹം സൂഫിസത്തെയും, ഫിഖ്ഹിന്റെയും ഉസ്വൂലുല്‍ ഫിഖ്ഹിന്റെയും വികാസത്തെയും ചര്‍ച്ച ചെയ്യുന്നത് വളരെ പ്രസക്തമാണ്. പില്‍ക്കാലത്തും തസവ്വുഫിനെയും ഫിഖ്ഹിനെയും സമജ്ഞസപ്പെടുത്തിയ പണ്ഡിതരാണ് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചത് എന്നു കാണാവുന്നതാണ്. ഇമാമുകളുടെ പാരമ്പര്യവും അങ്ങനെയായിരുന്നു. ജനങ്ങളുടെ നന്മയെ മുന്നില്‍ കാണുന്ന ധാര്‍മികബോധത്തില്‍ നിന്നാണ് യഥാര്‍ഥ പണ്ഡിതന്മാര്‍ കര്‍മം നിര്‍വഹിച്ചത്. അവര്‍ പറയുകയുണ്ടായി, ഒരു രാജാവിന്റെ ഇഷ്ടക്കാരുടെ എണ്ണത്തില്‍ പേര് പെടുന്നതോടു കൂടി ഒരു പണ്ഡിതന്റെ പേര് അല്ലാഹുവിന്റെ ഇഷ്ടക്കാരില്‍ നിന്നും നീക്കം ചെയ്യപ്പെടും എന്ന്. അഥവാ, സ്വയം ദുഷിപ്പിക്കപ്പെടാതിരിക്കാന്‍ അവര്‍ ജാഗ്രത്തായിരുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ ഉള്‍ക്കൊണ്ടതിലും ധാര്‍മികതയിലും അല്ലാഹുവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും മാതൃകകളായിരുന്നു. അവര്‍ ഏറ്റവും മികച്ച ഇസ്‌ലാമിക പാരമ്പര്യം ഇവിടെ അവതരിപ്പിക്കുകയായിരുന്നു.
ലോകതലത്തില്‍ ഫിഖ്ഹിലും മറ്റു ഇസ്‌ലാമിക ജ്ഞാന ശാഖകളിലും നടക്കുന്ന മുന്നേറ്റങ്ങളില്‍ കേരളത്തിനുള്ള പാഠങ്ങള്‍ എന്താണ്?
കേരളത്തിലെ പണ്ഡിത നേതൃത്വത്തിന്റെ പശ്ചിമേഷ്യയെ മാത്രം ഒട്ടിപ്പിടിക്കുന്ന സമീപനങ്ങളോട് വളരെ വിയോജിപ്പുള്ള ആളാണ് ഞാന്‍. അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും നടക്കുന്ന ഉന്നതമായ ചിന്താവ്യവഹാരങ്ങളുമായി തീരെ ബന്ധം പുലര്‍ത്താത്ത സമീപനം ഇവിടെ കാണപ്പെടുന്നു. കിഴക്കും പടിഞ്ഞാറുമുള്ള അക്കാദമിക വേദികളില്‍ ഫിഖ്ഹിലും ജ്ഞാനശാസ്ത്രത്തിലും മറ്റു ഇസ്‌ലാമിക വിഷയങ്ങളിലുമായി നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും കേരളീയ പണ്ഡിതര്‍ പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ കരിക്കുലം അനുകരിക്കുന്ന രീതിയും കേരള മതവിദ്യാഭ്യാസ പ്രവണതകളില്‍ കാണാവുന്നതാണ്. സാമൂഹികശാസ്ത്രത്തെയും നരവംശശാസ്ത്രത്തെയും മനഃശാസ്ത്രത്തെയും പരിഗണനക്കെടുക്കാത്ത ഒരു രീതിയാണ് അവയൊക്കെ സ്വീകരിച്ചിരിക്കുന്നത്. അവയെ ജ്ഞാനക്രമത്തില്‍ ഉള്‍പ്പെടുത്താത്ത പക്ഷം ഇസ്‌ലാമിക ബോധത്തിന്റെ ശരിയായ വ്യാഖ്യാനത്തില്‍ നാം തീര്‍ച്ചയായും പരാജയപ്പെടുകയാണ് ചെയ്യുക. കേരളത്തിലെ ഇസ്‌ലാമിക അക്കാദമിക പരിസരം ഇന്ത്യയിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചമാണ് എന്നത് ശരിയാണ്. ഇമാം ഗസാലിയുടെയും ഇബ്‌നുഖല്‍ദൂന്റെയും സമഗ്രമായ ജ്ഞാന പരമ്പര്യം നമുക്ക് മുന്‍പിലുണ്ട്. ആ പാരമ്പര്യത്തിലേക്ക് കൂടുതല്‍ വികാസങ്ങള്‍ നല്‍കാന്‍ വേണ്ട പരിശ്രമങ്ങളാണ് നാം നടത്തേണ്ടത്.
(അവസാനിച്ചു)
Comments