Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

ശരീരത്തില്‍ പിശാച് കയറലും ഇറക്കലും

പി.കെ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം

ദീനീ വിജ്ഞാനീയങ്ങള്‍ക്ക് ഏറെ പ്രചാരമുള്ള കേരളത്തില്‍ പോലും പിശാചുക്കളെ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ക്ക് ഒരു കുറവുമില്ല എന്നതാണ് വസ്തുത. പിശാച് ശാരീരികമായി ദ്രോഹിക്കും, ഭ്രാന്തുണ്ടാക്കും, മനുഷ്യരെ വീഴ്ത്തും എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങള്‍ ജാഹിലിയ്യാ കാലത്ത് അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നതായി അല്‍ബഖറ അധ്യായത്തിലെ 275-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി, ബൈദാവി, അബുസ്സഈദ്, റശീദ് രിദാ തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വചനം ഇപ്രകാരമാണ്: ''പലിശ തിന്നുന്നവര്‍ പിശാചു ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല'' (2:275). തെറ്റായ കാര്യങ്ങള്‍ പിശാചിലേക്ക് ചേര്‍ത്തു പറയുക എന്നത് ഖുര്‍ആന്റെയും സുന്നത്തിന്റെയും ഒരു രീതിയാണ്. ഒന്നു രണ്ട് ഉദാഹരണങ്ങള്‍ കാണുക: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു'' (അല്‍മാഇദ 90). ഈ വചനത്തില്‍ പറഞ്ഞ കള്ളുകുടിയോ ചൂതാട്ടമോ വിഗ്രഹാരാധനയോ ലക്ഷണം നോക്കലോ പിശാചുക്കള്‍ ചെയ്തിരുന്നതിന് തെളിവൊന്നും ഹാജരാക്കാന്‍ കഴിയില്ലല്ലോ. പിന്നെ എന്തുകൊണ്ട് ഇവയെല്ലാം പിശാചിലേക്ക് ചേര്‍ത്തു പറഞ്ഞു? അവയെല്ലാം പിശാചിന് താല്‍പര്യവും ഇഷ്ടവുമുള്ള കാര്യങ്ങളാകുന്നു എന്നതുതന്നെ. ഒരു നബിവചനം ഇങ്ങനെ: ''പുരുഷന് ഒരു വിരിപ്പ്, തന്റെ ഭാര്യക്ക് ഒരു വിരിപ്പ്, മൂന്നാമത്തേത് വിരുന്നുകാരന്, നാലാമത്തേത് പിശാചിന്'' (മുസ്‌ലിം). ഇവിടെ 'നാലാമത്തെ വിരിപ്പ് പിശാചിന്' എന്നു പറഞ്ഞത് പിശാച് നാലാമത്തെ വിരിപ്പില്‍ കിടന്നുറങ്ങും എന്ന അര്‍ഥത്തിലല്ലോ. അത്  ധൂര്‍ത്താണെന്നും ധൂര്‍ത്ത് പിശാച് ഇഷ്ടപ്പെടുന്ന കാര്യമായതുകൊണ്ട് അത് പിശാചിലേക്ക് ചേര്‍ത്തു പറഞ്ഞതാെണന്നും വ്യക്തമാണല്ലോ. ഇമാം നവവി(റ) പറയുന്നു: ''പിശാചിന് താല്‍പര്യമുള്ള എല്ലാ ചീത്ത കാര്യങ്ങളും പിശാചിലേക്ക് ചേര്‍ത്തു പറയാവുന്നതാണ്'' (ശറഹു മുസ്‌ലിം 7/309).

പിശാചുക്കളും ജിന്നുകളുമൊക്കെ അദൃശ്യ ജീവികളാണ്. അവരെ നമുക്ക് കാണാനോ അവരുമായി ഇടപഴകാനോ ഒരിക്കലും സാധ്യമല്ല. അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും അവനും അവന്റെ വര്‍ഗവും നിങ്ങളെ കണ്ടുകൊണ്ടിരിക്കും, നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍'' (അല്‍അഅ്‌റാഫ് 27). ഇന്ന് ചില അന്ധവിശ്വാസികള്‍ ജല്‍പിക്കുന്നതുപോലെ, പിശാച് നമുക്ക് ഇടപഴകാന്‍ പറ്റുന്ന വിധത്തിലുള്ള ദൃശ്യവും ഭൗതികവുമായ ജീവികളാണ് എന്ന് പ്രമുഖ പണ്ഡിതന്മാര്‍ക്കൊന്നും അഭിപ്രായമില്ല. ഇബ്‌നു അബ്ബാസ് പറയുന്നു: ''ജിന്നുലോകവും അവരുടെ സ്ഥിതിഗതികളും മനുഷ്യരെ സംബന്ധിച്ചേടത്തോളം അദൃശ്യമാണ്. അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും നബി(സ)യുടെ ചര്യയില്‍ സ്വഹീഹായി വന്നിട്ടുള്ളതുമല്ലാതെ അവയെക്കുറിച്ച് മറ്റൊന്നും തന്നെ മനുഷ്യര്‍ക്ക് അറിയാവുന്നതല്ല. അതിനാല്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തിലും നബി(സ)യുടെ ചര്യയിലും അവയെക്കുറിച്ച് വന്ന കാര്യങ്ങള്‍ വിശ്വസിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്'' (ഫതാവാ അല്ലജ്‌നതിദ്ദാഇമ 5/186). പിശാച് മനുഷ്യരെ ശാരീരികമായി ദ്രോഹിക്കും എന്നത് ശുദ്ധ അന്ധവിശ്വാസമാണ്; ഖുര്‍ആനിക വിരുദ്ധമാണ്. ആ അന്ധവിശ്വാസത്തിന്റെ പേരില്‍ ജിന്നിറക്കല്‍ കേന്ദ്രത്തില്‍ വെച്ച് ഒരു വ്യക്തിക്ക് ജീവഹാനി നേരിട്ടു എന്ന് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവല്ലോ. ചില പ്രതിഷേധ റാലികളും അതിന്റെ പേരില്‍ നടക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ അല്ലാഹു പിശാചിന് നല്‍കിയത്, മനുഷ്യനെ മാനസികമായി തെറ്റുകളിലേക്ക് പ്രേരിപ്പിക്കാനുള്ള കഴിവ് മാത്രമാണ്. അല്ലാഹു പറഞ്ഞു: ''മനുഷ്യഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധകരുടെ തിന്മയില്‍നിന്നും ഞാന്‍ അഭയം തേടുന്നു'' (അന്നാസ് 4-6). നാം അല്ലാഹുവോട് രക്ഷ തേടുന്നത് മേല്‍പറയപ്പെട്ട പിശാചുക്കളുടെ തിന്മകളില്‍നിന്നാണ്. ഒരു വ്യക്തി അസ്വ്ര്‍ നമസ്‌കാരത്തിന് പള്ളിയിലേക്ക് പോകുമ്പോള്‍ വഴിയില്‍ വെച്ച് അയാളോട് മറ്റു കാര്യങ്ങള്‍ പറഞ്ഞ് അയാളുടെ അസ്വ്ര്‍ നമസ്‌കാരം നഷ്ടപ്പെടുത്തുന്നത് മനുഷ്യപ്പിശാചാണെങ്കില്‍ സ്വുബ്ഹ് നമസ്‌കാരത്തിന്റെ ബാങ്ക് കേള്‍ക്കുമ്പോള്‍ അല്‍പം കൂടി കഴിഞ്ഞിട്ട് എഴുന്നേല്‍ക്കാം എന്ന് പ്രേരണ നല്‍കി അവന്റെ സ്വുബ്ഹ് നമസ്‌കാരം നഷ്ടപ്പെടുത്തിക്കളയുന്നത് ജിന്നു പിശാചാണ്. ജിന്നു പിശാചിന് തെറ്റിലേക്ക് പ്രേരണ നല്‍കാന്‍ മാത്രമേ സാധിക്കൂ എന്നര്‍ഥം. മനുഷ്യനെക്കൊണ്ട് ഒരു തെറ്റുപോലും ചെയ്യിക്കാന്‍ അവന് സാധ്യമല്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല'' (അന്നിസാഅ് 120). മേല്‍ വചനം ഇമാം ഇബ്‌നു കസീര്‍ (റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ''പിശാചിന് വഞ്ചന നടത്താനല്ലാതെ ഒരു കാര്യത്തിനും അവനെ നിര്‍ബന്ധിക്കാന്‍ സാധ്യമല്ല'' (5/533). ഇബ്‌നു തൈമിയ്യ (റ) ഇങ്ങനെ വിശദീകരിക്കുന്നു: ''നിഷ്‌കളങ്കരായ അല്ലാഹുവിന്റെ അടിമകളെ വഴിപിഴവിലാക്കാന്‍ പോലും പിശാചിന് സാധ്യമല്ല'' (മജ്മൂഉ ഫതാവാ 10/636).

മറ്റൊരു ഖുര്‍ആനിക വചനം കാണുക: ''എന്നാല്‍ പിശാച് അവരെ രണ്ടു പേരെയും അതില്‍നിന്ന് വ്യതിചലിപ്പിച്ചു'' (അല്‍ബഖറ 36). മേല്‍ വചനത്തെ ഇമാം ഖുര്‍ത്വുബി വിശദീകരിക്കുന്നു: ''പിശാചിന്റെ കഴിവ് മനുഷ്യമനസ്സുകളില്‍ തെറ്റുകളെ കടത്തിവിടുക എന്നതു മാത്രമാണ്'' (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, അല്‍ബഖറ 36). ഇനി ഈ വിഷയത്തില്‍ വന്ന ഹദീസുകളും പിശാചിന്റെ പ്രവര്‍ത്തനം തെറ്റുകളിലേക്കുള്ള പ്രേരണ നല്‍കല്‍ മാത്രമാണെന്ന് പഠിപ്പിക്കുന്നു. നബി(സ) അരുളിയതായി ഇബ്‌നു മസ്ഊദ് പ്രസ്താവിച്ചു: ''ആദമിന്റെ പുത്രനില്‍ പിശാചിനും മലക്കിനും ചില പ്രേരണകള്‍ ചെലുത്താനാവും. പിശാചിന്റെ പ്രേരണ സത്യത്തെ കളവാക്കാനും തിന്മകള്‍ പ്രവര്‍ത്തിക്കാനുമാണെങ്കില്‍, മലക്കിന്റെ പ്രേരണ യാഥാര്‍ഥ്യത്തെ സത്യപ്പെടുത്താനും നന്മകള്‍ പ്രവര്‍ത്തിക്കാനുമാണ്'' (തിര്‍മിദി). പിശാച് ശരീരത്തില്‍ കയറി ദ്രോഹിക്കും എന്നതിന് ചിലര്‍ ഈ ഹദീസ് ഉദ്ധരിക്കാറുണ്ട്; ''തീര്‍ച്ചയായും പിശാച് ആദമിന്റെ പുത്രന്റെ രക്തത്തോടൊപ്പം സഞ്ചരിക്കുന്നതാണ്'' (ബുഖാരി). മേല്‍ പറഞ്ഞ ഹദീസും ഒരു ഉപമാലങ്കാരമാണ്. പിശാചിന്റെ വഴിപിഴപ്പിക്കലിന്റെ ആധിക്യമാണ് അത് സൂചിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ നന്നായി പഠിച്ച ഒരാളെ അയാളുടെ തലതന്നെ കമ്പ്യൂട്ടറാണെന്നു പറഞ്ഞാല്‍ അയാളുടെ തല കമ്പ്യൂട്ടറായി എന്ന് ആരും വിശ്വസിക്കുകയില്ലല്ലോ. ഈ ഹദീസിനെ ഇബ്‌നു ഹജര്‍ ഇങ്ങനെ വിശദീകരിക്കുന്നു: ''പ്രസ്തുത ഹദീസ് പിശാചിന്റെ വഴിപിഴപ്പിക്കലിന്റെ ആധിക്യത്തെ കുറിക്കുന്ന ഒരു ഉപമാലങ്കാര പ്രയോഗമാണ് എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്'' (ഫത്ഹുല്‍ ബാരി 6/51). 

പിശാചിന് ശാരീരികമായി ദ്രോഹിക്കാനോ ആധിപത്യം ചെലുത്താനോ സാധ്യമല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ അര ഡസനോളം വചനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''പിശാചിന് അവരുടെ മേല്‍ യാതൊരുവിധ ആധിപത്യവും ഉണ്ടായിരുന്നില്ല'' (സബഅ് 21). മേല്‍വചനത്തെ ഇബ്‌നു കസീര്‍ വിശദീകരിക്കുന്നു: ''ഹസന്‍ ബസ്വരി (റ) പ്രസ്താവിച്ചു: അല്ലാഹു തന്നെ സത്യം. പിശാച് അവരെ വടികൊണ്ട് അടിക്കുകയോ ഒരു കാര്യത്തിനും ഒരുവിധത്തിലും നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. അവന്‍ അവരെ വഞ്ചനയിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ അവന് ഉത്തരം നല്‍കി എന്നതു മാത്രമാണ് സംഭവിച്ചത്'' (3/533). സൂറത്തുല്‍ ബഖറ 36-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി: ''പിശാചിന്റെ പണി മനുഷ്യമനസ്സുകളില്‍ തിന്മകള്‍ പ്രവേശിപ്പിക്കുകയെന്നതു മാത്രമാണ്. ഒരു മനുഷ്യനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കം ചെയ്യാന്‍ പിശാചിന് സാധ്യമല്ല'' (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍).

അന്ത്യനാളിലെ വിചാരണാവേളയില്‍ പിശാച് തുറന്നു സമ്മതിക്കുന്ന ഒരു സത്യമുണ്ട്: ''തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു; സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് ചെയ്ത വാഗ്ദാനം ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നു മാത്രം. ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക'' (ഇബ്‌റാഹീം 22). മേല്‍വചനത്തെ ഇമാം റാസി വിശദീകരിക്കുന്നു: ''പിശാചിന് ഒരു വ്യക്തിയുടെ ബുദ്ധി നശിപ്പിക്കാനോ അംഗഭംഗം വരുത്താനോ മനുഷ്യനെ വീഴ്ത്താനോ സാധ്യമല്ലെന്ന് ഈ വചനം തെളിയിക്കുന്നു'' (തഫ്‌സീറുല്‍ കബീര്‍ 10/18). 

നമ്മുടെ സമൂഹത്തില്‍ പാരമ്പര്യമായി നിലനിന്നുപോരുന്ന അന്ധവിശ്വാസമാണ് പിശാച് മാനസികമായും ശാരീരികമായും രോഗമുണ്ടാക്കും എന്നത്. അങ്ങനെ ഒരു കഴിവ് അല്ലാഹു പിശാചിന് നല്‍കിയിരുന്നുവെങ്കില്‍ ലോകത്തുള്ള സകല മനുഷ്യരും ഭ്രാന്തന്മാരും രോഗികളും ആയിത്തീര്‍ന്നേനെ. പിശാചിന് ഭ്രാന്തുണ്ടാക്കാന്‍ സാധ്യമല്ല. കാരണം നമ്മുടെ മനസ്സ് നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. ''അവര്‍ പ്രാര്‍ഥിക്കും: ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ'' (ആലുഇംറാന്‍ 8). നബി(സ)യുടെ മറ്റൊരു പ്രാര്‍ഥന ഇപ്രകാരമാണ്: ''ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ, നിന്റെ ദീനില്‍ എന്റെ മനസ്സിനെ നീ ഉറപ്പിച്ചു നിര്‍ത്തേണമേ'' (ഇബ്‌നു അബീഹാതിം). ശാരീരികമായ രോഗങ്ങളെ അല്ലാഹുവിന്റെ പരീക്ഷണങ്ങളായി കാണണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ''തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്'' (ആലുഇംറാന്‍ 186). ''ഒരു പരീക്ഷണം എന്ന നിലയില്‍ നന്മ നല്‍കിക്കൊണ്ടും തിന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്'' (അമ്പിയാഅ് 35). മേല്‍വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍ എഴുതുന്നു: ''അലിയ്യുബ്‌നു ത്വല്‍ഹത്ത് (റ) ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: കാഠിന്യവും എളുപ്പവും ആരോഗ്യവും രോഗവും ഐശ്വര്യവും ദാരിദ്ര്യവും അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പെട്ടതാകുന്നു എന്നതാണ് മേല്‍ വചനത്തിന്റെ താല്‍പര്യം'' (3/178).

അല്ലാഹുവിന്റെ ഈ കഴിവുകളെയൊക്കെ പിശാചിലേക്ക് ചേര്‍ത്തു പറഞ്ഞാല്‍ അത് ശിര്‍ക്ക് (ദിവ്യത്വത്തില്‍ പങ്കുചേര്‍ക്കല്‍) ആയിത്തീരുമെന്നു പറയേണ്ടതില്ലല്ലോ. പിശാച് കയറും എന്നതും ഇതുപോലുള്ള അന്ധവിശ്വാസമാണ്. കാണാന്‍ കഴിയാത്ത എന്തോ കയറി എന്ന് തോന്നുന്നത് ഒരു ഊഹം മാത്രമാണ്. മുഅ്ജിസത്തുള്ള പ്രവാചകന്മാര്‍ക്കു പോലും പിശാചിനെ കാണണമെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേക അനുമതി വേണം എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. പിശാച് മനുഷ്യശരീരത്തില്‍ കയറും എന്നത് അന്ധവിശ്വാസമായത് കൊണ്ട്, പിശാചിനെ ശരീരത്തില്‍നിന്ന് ഇറക്കലും ജാഹിലിയ്യാ അന്ധവിശ്വാസമല്ലാതെ മറ്റൊന്നുമല്ല. പിശാച് ശരീരത്തില്‍ കയറും എന്നത് മന്ത്രവാദികളുടെ ജല്‍പനം മാത്രമാണ്. ഇമാം നവവി എഴുതുന്നു: ''നുശ്‌റത്ത് (പിശാചിനെ ഇറക്കല്‍) എന്നൊരു ഏര്‍പ്പാടുണ്ട് മന്ത്രവാദികളുടെ അടുത്ത്. അതിന് അങ്ങനെ ഒരു പേരു വരാന്‍ കാരണം പിശാച് കയറി എന്ന് ഊഹിക്കപ്പെടുന്നവരുടെ ശരീരത്തില്‍നിന്ന് അതിനെ ഒഴിവാക്കുന്നു എന്ന അര്‍ഥത്തിലാണ്'' (ശറഹു മുസ്‌ലിം 7/426). ഇതിനൊന്നും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. ജാബിര്‍ (റ) പറഞ്ഞു: ''പിശാചിനെ ഇറക്കുന്നതിനെ സംബന്ധിച്ച് നബി(സ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അതും പൈശാചിക പ്രവൃത്തിയില്‍ പെട്ടതുതന്നെ'' (മുസ്‌നദ് അഹ്മദ് 3/294, ബൈഹഖി: 9/351, അബൂദാവൂദ് 3868).

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍