Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

ഹറാം ഭോജനം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

നിഷിദ്ധമാര്‍ഗേണയുള്ള ധനസമ്പാദനവും ഉപഭോഗവും കരുതിയിരിക്കേണ്ട വിപത്താണ്. 'അരുത്' എന്ന് അല്ലാഹു ഖണ്ഡിതമായി വിലക്കിയ വഴികളിലൂടെ സമ്പാദിക്കുകയും ആ സമ്പാദ്യം ആഹാരത്തിനും വസ്ത്രത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവഴിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഉദ്ദേശിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിതോപാധികള്‍ തുടങ്ങി എല്ലാം ശരീഅത്ത് അനുവദിച്ചവിധം സമ്പാദിച്ച വിഭവങ്ങളില്‍നിന്നു വേണം.

ഹറാം ഭോജനം പല വിധത്തിലാവാം. വിവിധ ഇനങ്ങളില്‍ വന്നുചേരുന്ന പലിശയാണ് ഒരുവിധം. ഇതില്‍ അല്ലാഹുവിന്റെ വിധി ഖണ്ഡിതമായ രൂപത്തില്‍ നമ്മുടെ മുന്നിലുണ്ട്: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും പലിശ വകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്നുള്ള സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാകുന്നു. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും ചെയ്യരുത്. ഇനി (കടം) വാങ്ങിയവരില്‍ വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ അവന് ആശ്വാസം ഉണ്ടാകുന്നതുവരെ അവധി കൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി വിട്ടുകൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവിലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. അനന്തരം ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുന്നതല്ല'' (അല്‍ബഖറ 278-281).

കട്ടും കവര്‍ന്നും ഉണ്ടാക്കുന്ന ധനമാണ് മറ്റൊന്ന്. ''സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ഥിനികളായിക്കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചു ബോധ്യപ്പെടണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട്, അവര്‍ വിശ്വാസിനികളാണെന്ന് നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് തിരിച്ചയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമല്ല... നബി, അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ല കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസികള്‍ നിന്റെ അടുത്ത് വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും അവര്‍ക്കു വേണ്ടി അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍മുംതഹിന 10-12).

മറ്റുള്ളവരുടെ മുതലും വസ്തുവകകളും പണവും കവര്‍ന്നെടുത്ത് സ്വന്തമാക്കി അനുഭവിക്കുകയാണ് മറ്റൊരു രീതി. ''അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടുതന്നെ ആളുകളുടെ സ്വത്തുക്കളില്‍നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്ത് തിന്നാന്‍ വേണ്ടി നിങ്ങള്‍ അതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്'' (അല്‍ബഖറ 188). നബി(സ) താക്കീത് ചെയ്തു: ''ഒരാള്‍ ആരുടെയെങ്കിലും ഭൂമി ഒരു ചാണ്‍ അക്രമമായി എടുത്താല്‍ അത് നാളെ ഏഴ് ഭൂമിയായി അയാളുടെ കഴുത്തില്‍ കെട്ടിത്തൂക്കും'' (ബുഖാരി).

കൈക്കൂലിയാണ് മറ്റൊന്ന്. അധികാരസ്ഥാനങ്ങളില്‍നിന്ന് അനുകൂലമായ വിധിതീര്‍പ്പുണ്ടാവാന്‍ കോഴയും കൈമടക്കും നല്‍കുന്ന രീതി. നബി(സ) വ്യക്തമാക്കി: ''കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹുവിന്റെ ദൂതന്‍ ശപിച്ചു'' (അബൂദാവൂദ്).

വസ്തുവിന്റെയോ ചരക്കിന്റെയോ ന്യൂനത മറച്ചുവെച്ച് വിറ്റഴിക്കുന്ന പ്രവണതയാണ് മറ്റൊരിനം. നബി(സ) പറഞ്ഞു: ''സഭ പിരിഞ്ഞ് പോകും വരെ വാങ്ങുന്നവനും വില്‍ക്കുന്നവനും തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇരുവരും എല്ലാം വ്യക്തമാക്കി പിരിഞ്ഞാല്‍ അവരുടെ ഇടപാടില്‍ ബറകത്തുണ്ടാവും. ഇരുവരും കളവ് പറയുകയും ന്യൂനതകള്‍ മറച്ചുവെക്കുകയും ചെയ്താല്‍ അവരുടെ ഇടപാടിലെ ബറകത്ത് എടുത്തു മാറ്റപ്പെടും'' (ബുഖാരി). അപരനെ വഞ്ചിച്ചു കൈക്കലാക്കുന്ന മുതലും ഹറാമാണ്. 'വഞ്ചിച്ചവന്‍ നമ്മില്‍ പെട്ടവല്ല' എന്നാണ് നബിവചനം.

അനാഥരുടെ സ്വത്ത് അന്യായമായി അനുഭവിക്കുന്നതും ഹറാം തന്നെ. ''തീര്‍ച്ചയായും അനാഥകളുടെ സ്വത്തുക്കള്‍ അന്യായമായി തിന്നുന്നവന്‍ അവരുടെ വയറുകളില്‍ തിന്നു നിറക്കുന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാകുന്നു'' (അന്നിസാഅ് 10).

അനഭിലഷണീയമായ യാചന നിഷിദ്ധമാണ്. 'കുറേ ബാധ്യതകള്‍ വന്നുപെട്ടിരിക്കുന്നു റസൂലേ' എന്നു പറഞ്ഞ സ്വഹാബി ഖബീസ(റ)യോട് റസൂല്‍: 'സ്വദഖ വരുന്നതു വരെ കാത്തിരിക്കുക. അതില്‍നിന്ന് തരാം.' അനന്തരം റസൂല്‍ ഖബീസയോട്: 'സഹായാഭ്യര്‍ഥന മൂന്ന് വിഭാഗത്തിനേ അനുവദനീയമാവുകയുള്ളൂ. ബാധ്യതകള്‍ ഏല്‍ക്കേിവന്ന വ്യക്തി. അത് നിറവേറ്റാന്‍ ആവശ്യമായത് മാത്രം അയാള്‍ക്ക് ചോദിച്ചുവാങ്ങാം. നിറവേറിക്കഴിഞ്ഞാല്‍ പിന്നെ നിര്‍ത്തണം. മറ്റൊരാള്‍, പ്രകൃതിവിപത്തില്‍ എല്ലാം നഷ്ടപ്പെട്ട വ്യക്തി. ജീവിതായോധന മാര്‍ഗം കൈവരുവോളം അയാള്‍ക്കും ചോദിക്കാന്‍ അവകാശമുണ്ട്. ദാരിദ്ര്യവും പട്ടിണിയും മൂലം ജീവിതക്ലേശം അനുഭവിക്കുന്നയാള്‍. ഉത്തരവാദപ്പെട്ട മൂന്നാളുകള്‍ അത് സാക്ഷ്യപ്പെടുത്തണം. മാന്യമായ ജീവിത മാര്‍ഗം തുറന്നുകിട്ടുവോളം അയാള്‍ക്കും സഹായാഭ്യര്‍ഥന അനുവദനീയമാണ്. ഈ ഗണത്തില്‍ പെടാത്ത സഹായാഭ്യര്‍ഥനയെല്ലാം നിഷിദ്ധമാണ്. ഖബീസ, പാപമാണ് അയാള്‍ ആഹരിക്കുന്നത്'' (മുസ്‌ലിം).

സകാത്ത് നല്‍കാതെയുള്ള സമ്പാദ്യം ഹറാമിന്റെ ഗണത്തില്‍പെടും. ''സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍, അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി 'സന്തോഷവാര്‍ത്ത'യറിയിക്കുക'' (തൗബ 34).

നിഷിദ്ധ വസ്തുക്കളുടെ വ്യാപാരം. മദ്യം, ലഹരി വസ്തുക്കള്‍, ബിംബങ്ങള്‍, പ്രതിമകള്‍, പന്നി തുടങ്ങി ഖുര്‍ആനും സുന്നത്തും ഹറാമായി പ്രഖ്യാപിച്ച വസ്തുക്കള്‍ വിറ്റഴിക്കുന്ന കച്ചവടമാണ് വിവക്ഷ.

അനുവദനീയമല്ലാത്ത ധനസമ്പാദന തുറകളെല്ലാം നിഷിദ്ധമാണെന്ന് വ്യക്തമാക്കിയ അല്ലാഹു ഹറാം ഭോജനത്തിന്റെ എല്ലാ വഴികളും അടച്ചിരിക്കുന്നു; ''മനുഷ്യരേ, ഭൂമിയില്‍ ഉള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുതന്നെയാകുന്നു. ദുഷ്‌കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പ്പെടാനും അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്'' (അല്‍ബഖറ 168,169).

സംഗ്രഹം: പി.കെ ജമാല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍