നുസ്ഹാ ഒന്നും പറയാതെ....
സ്ത്രീ ശാക്തീകരണ വേദിയായ 'വിംഗ്‌സ്' സംസ്ഥാന സെക്രട്ടറിയും ഡി 4 മീഡിയ തഫ്ഹീമുല്‍ ഖുര്‍ആന്‍ സോഫ്റ്റ് വെയര്‍ പ്രൊജക്ട് ടീം അംഗവുമായിരുന്നു നുസ്ഹ. തിരൂര്‍ സ്വദേശി കെ.എം ഇബ്‌റാഹീം-കെ.വി സക്കീനാബി ദമ്പതികളുടെ ഏകമകളായ നുസ്ഹ ബി.ടെക് ബിരുദധാരിണിയാണ്. മാര്‍ച്ച് 15-ന് അല്ലാഹുവിലേക്ക് യാത്രയായ നുസ്ഹയെ അനുസ്മരിച്ച് ഭര്‍ത്താവ് ടി.പി ജരീര്‍ കൊാേട്ടി എഴുതിയ കുറിപ്പ്.
ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം
പ്രിയപ്പെട്ട നുസ്ഹാ...
അസ്സലാമു അലൈകും
നിനക്ക് സുഖമായിരിക്കുമല്ലോ.
നീ എഴുതിയ ഒരുപാട് ഡയറികള്‍ക്കുള്ളില്‍നിന്ന് ഒരു ചെറിയ ഡയറി ഇന്നലെ എനിക്ക് കിട്ടി. അതിന്റെ ഒരു പേജില്‍ 'ഞാന്‍ സ്വര്‍ഗത്തിലെ രാജ്ഞി' എന്ന് നീ എഴുതിയത് വായിച്ചു. ആ പേജില്‍ അത് മാത്രമേയുള്ളൂ. നിന്റെ ആ സ്വപ്‌നം പൂവണിയാന്‍ പെട്ടെന്ന് തന്നെ നിനക്ക് സാധിച്ചല്ലോ...
എന്താണ് അന്ന് മാര്‍ച്ച് 16-നു ശരിക്കും സംഭവിച്ചത്? കൊണ്ടോട്ടിയില്‍നിന്ന് കുന്നുംപുറത്ത് എത്താറായപ്പോഴല്ലേ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിയ ഒരു ട്യൂഷന്‍ സെന്ററിന്റെ ബോര്‍ഡുകള്‍ നീയെനിക്ക് വായിച്ചു തന്നത്. പിന്നെയും സംസാരിച്ചല്ലോ നമ്മള്‍ ഒരുപാട്. എട്ടുമാസം പ്രായമുള്ള മോന്‍ സിയ കുടിച്ച് കുടിച്ച് പാലെല്ലാം തീര്‍ന്നെന്നാ തോന്നുന്നത് എന്ന് നീ പറഞ്ഞപ്പോള്‍ അവന് നല്ല വിശപ്പുണ്ടാവും എന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നില്ലേ. അതായിരുന്നു നമ്മള്‍ തമ്മിലുണ്ടായ അവസാന സംസാരം. ഒരു പക്ഷേ അവന് പടച്ചവന്‍ തോന്നിപ്പിച്ചിട്ടുണ്ടാവും അവന്റെ ഉമ്മിയില്‍നിന്ന് കിട്ടുന്ന അവസാന അമൃതാണെന്ന്. അതുകെണ്ടായിരിക്കാം അവന്‍ കൊണ്ടോട്ടി മുതല്‍ കൊളപ്പുറം വരെ നിര്‍ത്താതെ കുടിച്ചത്.
എന്റെ ഇടതു കൈ നിന്നില്‍ വെച്ചു കൊണ്ടല്ലേ ഞാന്‍ ഡ്രൈവ് ചെയ്തിരുന്നത്. വിടപറഞ്ഞ് പോകുമ്പോള്‍ ഒന്ന് തൊട്ടുകൂടായിരുന്നോ നിനക്കെന്നെ. അല്ലെങ്കിലും നീ അങ്ങനെയാണല്ലോ. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ സോയക്കുട്ടി എന്നോട് വല്ലതും പറയാന്‍ ശ്രമിച്ചാല്‍ തന്നെ നീ പറയും; 'സോയ മോളേ... ഉപ്പച്ചി വണ്ടി ഓടിക്കുകയല്ലേ. വണ്ടി ഓടിക്കുമ്പോ സംസാരിച്ചാല്‍ ഉപ്പച്ചിയുടെ ശ്രദ്ധ മാറി വണ്ടി എവിടേലും ഇടിക്കൂലേ' എന്ന്.
ഇതേ ശ്രദ്ധയും മുന്‍കരുതലും അന്നും എടുത്തതുകൊണ്ടാണോ ഒരു തുള്ളി വെള്ളം പോലും ചോദിക്കാതെ, ഒരു ശബ്ദവും ഉണ്ടാക്കാത നീ ഞങ്ങളെ വിട്ടുപോയത്. നിന്റെ സംസാരം മുറിഞ്ഞപ്പോഴാണ് ഞാന്‍ നിന്നെ നോക്കിയത്. സിയ നിന്റെ കൈയില്‍നിന്ന് മെല്ലെ താഴേക്ക് പോകുന്നു. പക്ഷേ അവനൊന്നും സംഭവിച്ചില്ല.
മുമ്പ് സോയ മോള്‍ തൊട്ടിലില്‍നിന്ന് വീണപ്പോള്‍ നീ പറഞ്ഞത് ഞാനോര്‍ക്കുന്നു; 'മോള്‍ക്ക് ഒന്നും പറ്റിയിട്ടില്ലാ. കാരണം ചെറിയ കുട്ടികള്‍ക്ക് മലക്കുകള്‍ കാവലുണ്ടാവും.' ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അനുഭവിക്കുകയായിരുന്നു സിയയുടെ കാര്യത്തില്‍ ഞാനപ്പോള്‍. വണ്ടി നിര്‍ത്തി മറുഭാഗത്തൂടെ വന്ന് നിന്റെ ഡോര്‍ തുറന്ന് നിന്റെ മടിയില്‍ നിന്ന് സിയയെ എടുക്കുന്നതുവരെ മലക്കുകളുടെ കൈകളിലായിരുന്നല്ലോ അവന്‍.
മോനെ എടുത്തതിനു ശേഷം നിന്നെ ഞാന്‍ ഒരുപാട് വിളിച്ചല്ലോ. നീ രണ്ടു മൂന്ന് തവണ നാവ് കടിക്കാന്‍ ശ്രമിച്ചതും ചുണ്ടനക്കിയതും വെള്ളത്തിനായിരുന്നോ... വണ്ടിയിലുണ്ടായിരുന്നല്ലോ വെള്ളത്തിന്റെ ബോട്ടില്‍. പക്ഷേ എനിക്കറിയില്ലായിരുന്നു നീ വെള്ളം ചോദിക്കുകയാണെന്ന്.
നിന്നെയും കാറിലിരുത്തി കൊളപ്പുറം മുതല്‍ തിരൂരങ്ങാടിയിലെ ആശുപത്രി വരെ വണ്ടിയോടിച്ചില്ലേ ഞാന്‍ പിന്നെയും. അതുപോലൊരു ഡ്രൈവിംഗ്.....
പടച്ചവന്റെ നിരീക്ഷണത്തില്‍ മാലാഖമാരായിരിക്കും ആ സമയത്ത് വണ്ടിയോടിക്കാന്‍ എന്നെ സഹായിച്ചത്.
നീ എഴുതിയിരുന്നില്ലേ 'ഞാന്‍ സ്വര്‍ഗത്തിലെ രാജ്ഞി' എന്ന്.
നീ മരിച്ച അന്ന് രാത്രി നിന്നെ ഞാന്‍ സ്വപ്നം കണ്ടു, സ്വര്‍ഗത്തില്‍. നിന്റെ വസ്ത്രം എന്തായിരുന്നുവെന്നോ... വെള്ള നിറത്തിലുള്ള, മുത്തുകള്‍ ഒക്കെ പതിച്ച രാജകീയ ഉടുപ്പ്. അതിന്റെ പല ഭാഗത്തായി ഗോള്‍ഡന്‍ നിറത്തിലുള്ള സ്ട്രിപ്പ് വര്‍ക്കുകള്‍. ഗോള്‍ഡന്‍ കളര്‍ നിനക്ക് വലിയ ഇഷ്ടമായിരുന്നല്ലോ. നമ്മള്‍ ഡ്രസ് എടുക്കാന്‍ കയറുമ്പോള്‍ മിക്കവാറും നീ എടുക്കാറുള്ളത് ഗോള്‍ഡനോ അതിനോട് സാമ്യമുള്ള കളറോ ആയിരുന്നല്ലോ. സോയക്കുട്ടി അന്ന് വൈറ്റ് ഉടുപ്പ് ഇട്ടതുകൊണ്ടാണോ നീയും വൈറ്റ് കളര്‍ തന്നെ സ്വര്‍ഗത്തിലും തെരഞ്ഞെടുത്തത്? എത്ര പരിചാരകരാ നിനക്കവിടെ? നീ ഉടുപ്പും പിടിച്ച് ഓടി നടക്കുന്നതാണ് ഞാന്‍ കണ്ടത്.
രണ്ടു ദിവസം മുമ്പ് ആകാശത്ത് പൂര്‍ണ ചന്ദ്രനെ കണ്ടപ്പോള്‍ അതിനകത്തിരുന്ന് നീ കണ്ണിറുക്കി ചിരിക്കുന്നതുപോലെ തോന്നി. ഞങ്ങളെയെല്ലാം തോല്‍പ്പിച്ച് ആദ്യം അവിടെയെത്തിയതിന്റെ കള്ളച്ചിരി. അല്ലേലും ഞാന്‍ വീട്ടിലെത്തുന്നതിനുമുമ്പ് എനിക്ക് വേണ്ട വിഭവങ്ങളെല്ലാം റെഡിയാക്കി വെച്ച് കാത്തിരിക്കുക എന്നതായിരുന്നല്ലോ നിന്റെ സ്വഭാവം. സ്വര്‍ഗത്തിലും നീ ഞങ്ങളെ സ്വീകരിക്കാനായിരിക്കും തിരക്കുകൂട്ടി പോയത്.
നിന്നെപ്പറ്റി പറഞ്ഞ് പലരും സങ്കടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ. നിന്നെപ്പോലെയാകാന്‍ അവര്‍ക്ക് പറ്റിയില്ലല്ലോ എന്ന്. എത്ര ആളുകളാ നിനക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്? എത്ര പള്ളികളിലാ നിനക്കു വേണ്ടി പ്രത്യേകം പ്രാര്‍ഥനകള്‍ നടന്നത്. അതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും നിന്നോട് അസൂയ തോന്നുന്നു.
ആരോ പറഞ്ഞതുപോലെ, ചില പക്ഷികള്‍ അങ്ങനെയാണ്. അവ ഇല്ലിയ്യൂന്‍ ലക്ഷ്യമാക്കി നേരത്തേ പ്രയാണം തുടങ്ങും. മത്സരബുദ്ധ്യാ അവ പറന്നുകൊണ്ടിരിക്കും. നട്ടുച്ച നേരത്തു തന്നെ അവ ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം വരെ അവ പറക്കണമെന്ന് വിചാരിക്കുന്ന നമ്മളെത്ര വിഡ്ഢികള്‍! അവക്ക് ലക്ഷ്യം നേടാന്‍ ചുരുങ്ങിയ സമയം മതി.
നിന്റെ ഡയറിയിലെ ചില പ്രോ
ജക്ടുകള്‍ കണ്ടു. പ്രവര്‍ത്തകരുടെ തര്‍ബിയത്തുമായി ബന്ധപ്പെട്ട് നീ ഉണ്ടാക്കാന്‍ ശ്രമിച്ച ആപ്പിന്റെ വിശദാംശങ്ങള്‍. പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ വിലയിരുത്താന്‍ കഴിയുന്ന മറ്റൊരു സംവിധാനം. എന്റെ ബുദ്ധി കൊണ്ട് ആലോചിച്ച് പിടിത്തം കിട്ടാത്ത മറ്റു ചില വര്‍ക്കുകളും.
നിന്നെക്കുറിച്ച് പലരും എഴുതിയതും പറഞ്ഞതും വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും വലിയ അഭിമാനം തോന്നുന്നു. അല്ലെങ്കിലും എന്റെ ഇണയാണ് നീയെന്ന് പലപ്പോഴും അഭിമാനത്തോടെ ഞാന്‍ പറഞ്ഞുനടന്നിരുന്നല്ലോ. ഇപ്പോ അത് വീണ്ടും കൂടിയെന്നു മാത്രം.
സിയക്കുട്ടന്‍ മൂന്ന് ദിവസം തുടര്‍ച്ചയായി കരച്ചിലായിരുന്നു. കരഞ്ഞു കരഞ്ഞ് അവന്റെ തൊണ്ട വരണ്ടു. ആരെങ്കിലും വന്നാല്‍, ആരുടെയെങ്കിലും ശബ്ദം കേട്ടാല്‍ അവന്‍ തിരിഞ്ഞുനോക്കും; അവന്റെ ഉമ്മിയാണോ എന്ന്. അല്ലെന്ന് ബോധ്യമായാല്‍ തിരിഞ്ഞു കിടക്കും. ഒരു കാര്‍ വന്നാല്‍ നോക്കും; ആരാ ഇറങ്ങുന്നതെന്ന്. അവന്റെ ഉമ്മിയല്ലെന്ന് ബോധ്യമായാല്‍ കരഞ്ഞു കിടക്കും. ഇപ്പോള്‍ അവന്‍ തിരൂരിലാണ്. അവിടെ ഉപ്പയും ഉമ്മയും ഷാനുവും ജിസ്മിയുമെല്ലാം ഉണ്ടല്ലോ. മാത്രവുമല്ല, പ്രസവശേഷം സോയ മോളുടെ പഠനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ കൂടുതലും അവിടെയായിരുന്നല്ലോ. അതുകൊണ്ട് അവന് കുറച്ചൂടെ പരിചയം അവിടെയാണ്.
സോയ മോള്‍ ഇപ്പോ ഉമ്മിയെ ചോദിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഞങ്ങള്‍ തിരൂരില്‍നിന്ന് വരുമ്പോള്‍ ദൂരെ ആകാശത്തേക്ക് നോക്കി അവള്‍ എന്നോട് ചോദിച്ചു; ഉപ്പച്ചിയേ... നമ്മള്‍ അവിടെ എപ്പോഴാണെത്തുകയെന്ന്! എവിടെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ദാ അവിടെ ആകാശത്തെന്ന് മറുപടി. എന്തിനാ മോളേ എന്ന ചോദ്യത്തിന് അവള്‍ തന്ന മറുപടി ഒന്ന് ഞെട്ടിച്ചു. അവിടെയല്ലേ ഉപ്പച്ചീ സ്വര്‍ഗം, അവിടെ പോയാ ഉമ്മിയെ ഒന്ന് കണ്ടു വരാലോ എന്ന്.
ഇന്നിപ്പോ ദാ സ്വുബ്ഹ് നമസ്‌കാരത്തിനു ശേഷം ഞാന്‍ അവളുടെ കൂടെ കിടക്കുമ്പോ ഉറക്കത്തില്‍ പറയുവാ; ഉപ്പച്ചീ, നമ്മള്‍ നല്ലത് മാത്രമല്ലേ ചെയ്യാന്‍ പറ്റൂ എന്ന്. എന്ത് ഉദ്ദേശിച്ചാ അവള്‍ അങ്ങനെ പറഞ്ഞത്, അല്ലാഹുവിനറിയാം. അവള്‍ക്ക് നല്ലപോലെ അറിയാം എന്നെ സങ്കടപ്പെടുത്തരുതെന്ന്. കാരണം അവള്‍ ഇടക്കിടക്ക് എന്നോട് ഓരോന്ന് ചോദിക്കുമ്പോള്‍ നീ പറയാറുള്ളതല്ലേ, സോയ മോളേ ഉപ്പച്ചിയെ പ്രയാസപ്പെടുത്തല്ലേ എന്ന്.
മക്കളെക്കുറിച്ചുള്ള നിന്റെ സ്വപ്‌നങ്ങള്‍ ഉണ്ടല്ലോ. എനിക്കറിയില്ല, നീയില്ലാതെ അവ എത്രത്തോളം പൂര്‍ണമായി ചെയ്യാന്‍ എനിക്ക് കഴിയുമെന്ന്. എങ്കിലും ഇന്‍ശാ അല്ലാഹ്, ഇനി അവരാണ് എന്റെ എല്ലാമെല്ലാം. അവര്‍ വലുതായി നിന്നെപ്പോലെ വളരുമ്പോള്‍ നീ സന്തോഷിക്കുന്നത് അനുഭവിക്കാന്‍ കഴിഞ്ഞാല്‍ മതിയെനിക്ക്.
ഇന്നലെ നീ എനിക്ക് ഫോണ്‍ ചെയ്തുവല്ലേ. സാധാരണ പോലെയുള്ള നിന്റെ സംസാരം. 'ഇക്കാ... എന്തൊക്കെയാ ഇങ്ങടെ പാട്. സോയ മോള്‍ എന്നെ ചോദിക്കുന്നുണ്ടല്ലേ...' പിന്നെ ഞാന്‍ ഒരു പാട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ നിന്റെ തോഴിമാരുടെ കൂടെ നീ ചിരിച്ച് പോകുന്നതാണ് പിന്നെ ഞാന്‍ കേട്ടത്.
തഫ്ഹീമുല്‍ ഖുര്‍ആനു വേണ്ടി നീ ചെയ്ത പരിശ്രമങ്ങള്‍ നീ ഓര്‍ക്കുന്നില്ലേ. സോയ മോള്‍ വയറ്റിലുള്ള സമയം കൊണ്ടോട്ടിയില്‍നിന്ന് കോഴിക്കോട്ടേക്ക് ബസ് കയറി... ആ ശ്രമം മാത്രം മതി മോളേ നിനക്ക്.
നിനക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ള നമ്മുടെ പ്രസ്ഥാന നേതാക്കള്‍... അവരെല്ലാവരും ഇവിടെ വന്ന് പ്രാര്‍ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ നിനക്കു വേണ്ടിയുള്ള പ്രാര്‍ഥനകളാണത്രെ. നീ ഭാഗ്യവതിയാണ്. നീ തന്നെ പറഞ്ഞ പോലെ സ്വര്‍ഗത്തിലെ രാജ്ഞി. എഴുതാനിരുന്നാല്‍ എന്തൊക്കെയുണ്ട് ഇനിയും. സ്വര്‍ഗത്തില്‍ നേരിട്ട് കാണും വരെ സലാം...
സ്‌നേഹപൂര്‍വം
നിന്റെ ഇക്ക ജരീര്‍
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വ ബറകാത്തുഹു
Comments