'ഫാമോസി'നെ അവര്‍ കട്ടുകൊണ്ടുപോയി
[യാത്ര-ഭാഗം 4]
ഏറെ പഴകി മുഷിഞ്ഞൊരു പട്ടാള ഭൂപടം തുറന്നുപിടിച്ച് ഇഗ്മന്‍ മലയുടെ താഴ്‌വാരത്തിലൂടെ ധൃതിപ്പെട്ട് നടക്കുകയാണ് മഹര്‍. ഭൂപടത്തിലെ ചുവന്ന അടയാളങ്ങള്‍ വിശദീകരിച്ചും മലമുകളില്‍ അവയോരോന്നിന്റെയും സ്ഥാനങ്ങള്‍ നിര്‍ണയിച്ച് കാണിച്ചും അയാള്‍ തുരുതുരാ സംസാരിച്ചുകൊണ്ടേയിരുന്നു. അറുപത് കഴിഞ്ഞ ആ ബോസ്‌നിയന്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ പദചലനങ്ങള്‍ക്ക് ഒപ്പം പിടിക്കാനാവാതെ പലപ്പോഴും ഞാന്‍ കിതച്ചും ഓടിയും ആയാസപ്പെട്ടു. അയാള്‍ ആ മലയടിവാരത്തില്‍ തന്റെ ഇന്നലകളെ പരതുകയായിരുന്നു. 'തോക്കെടുക്കാനോ പട്ടാളക്കാരനാവാനോ ഞാനൊരിക്കലും ആഗ്രഹിച്ചതല്ല' മഹറിന്റെ വഴി അതായിരുന്നില്ല. ജീവിത പ്രാരാബ്ധങ്ങളില്ലാത്ത ഉപരി മധ്യവര്‍ഗ കുടുംബത്തില്‍ ജനനം. കലാലയ പഠനം കഴിഞ്ഞ് നഗരപ്രാന്തത്തിലെ അതിപ്രശസ്തമായ 'ഫാമോസ്' യന്ത്രനിര്‍മാണശാലയില്‍ സാങ്കേതിക തൊഴിലാളിയായി ജോലി. അല്ലലില്ലാത്ത ജീവിത നീള്‍ച്ചയില്‍ തന്നിലേക്ക് വിരുന്നെത്തുന്ന നല്ല പാതിയെയും അവരിലൂടെ വികസിക്കുന്ന തന്റെ ജനിതക തുടര്‍ച്ചയെയും സ്വപ്‌നം കണ്ടിരുന്ന നാളുകളിലാണ് സരയാവോയില്‍ യുദ്ധത്തിന്റെ കരിനിഴല്‍ വീഴുന്നത്. ഉപരോധത്തിന്റെ ആദ്യനാളുകളില്‍ സാഹചര്യത്തിന്റെ ഗൗരവം സാധാരണക്കാര്‍ ഉള്‍ക്കൊണ്ടിരുന്നില്ല. സമീപഭാവിയില്‍ പരിഹരിക്കാന്‍ പോകുന്നൊരു പ്രശ്‌നമായേ അവരതിനെ കണ്ടുള്ളൂ. പതിയെ സെര്‍ബ് തോക്കുകള്‍ സാധാരണക്കാരായ ബോസ്‌നിയാക്കുകളെ ഒന്നൊന്നായി വെടിവെച്ചിട്ട് തുടങ്ങിയതോടെയാണ് ജനങ്ങള്‍ സംഭ്രാന്തരായത്. അപ്പോഴേക്കും നഗരം പൂര്‍ണമായും ഒരു തടവറയായിക്കഴിഞ്ഞിരുന്നു. 'രക്തബന്ധുക്കള്‍ പലരും കണ്‍മുന്നില്‍ പിടഞ്ഞുവീണു മരിച്ചതോടെയാണ് ഞങ്ങള്‍ പ്രതിരോധത്തിനായി ആയുധം തിരഞ്ഞത്' - മഹര്‍ ഓര്‍ത്തെടുത്തു.
യുദ്ധോപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവുമൊന്നും ബോസ്‌നിയാക്കുകള്‍ക്ക് എളുപ്പം ലഭ്യമായിരുന്നില്ല. എങ്കിലും പരിമിതമായ ആയുധങ്ങളും വസ്ത്രങ്ങളുമായി മഞ്ഞുമൂടിയ മലമുകളില്‍ അവര്‍ സരയാവോയുടെ ജീവന് കാവലിരുന്നു. ഒരു പഴകിയ കമ്പിളി പുതപ്പ് മാറി മാറി പുതച്ച് രക്തമുറക്കുന്ന മഞ്ഞിന്‍ തണുപ്പില്‍ ഉറങ്ങാന്‍ കിടന്നതും പച്ചിലകള്‍ കടിച്ചുതിന്ന് വിശപ്പാറ്റിയതും അപകട മുനമ്പില്‍ പലവുരു ഏതോ ആദൃശ്യകരങ്ങള്‍ താങ്ങായെത്തിയതും അയാള്‍ ഗദ്ഗദത്തോടെ ഓര്‍ത്തെടുത്തു. ദീര്‍ഘമായ മഞ്ഞുവാസവും കടുത്ത മാനസിക സമ്മര്‍ദവും മഹറിന്റെ യുവത്വത്തെ അകാലത്തില്‍ ചോര്‍ത്തിക്കളഞ്ഞു. ശരീരക്ഷമത പരിശോധിച്ചുറപ്പുവരുത്താതെ, പട്ടാള പരിശീലനങ്ങളൊന്നും ലഭിക്കാതെ, ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ സംരക്ഷണം പോലുമില്ലാതെ ആയുധങ്ങളുമായി മലകയറിയ ബോസ്‌നിയാക് യുവാക്കളില്‍ പലരും തിരികെയെത്തിയത് ജീവനുള്ള ജഡങ്ങളായായിരുന്നു.
ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് പക്ഷേ സ്വതന്ത്ര ബോസ്‌നിയ പാരിതോഷികമായി നല്‍കിയത് തികഞ്ഞ അവഗണന മാത്രം. കുടുംബമെന്ന സ്വപ്നങ്ങളൊക്കെ എന്നേ ഉപേക്ഷിച്ച് ഏകനായി ബന്ധുക്കളുടെ കനിവില്‍ ജീവിതം തുടരുകയാണിന്ന് മഹര്‍. ഡാനിയുടെ സുഹൃത്ത് അംറിലൂടെയാണ് ഞാന്‍ മഹറിലെത്തുന്നത്. അംറിന്റെ അമ്മാവന്‍. യുദ്ധകാലത്ത് കൊച്ചു ബാലനായിരുന്നു അംറ്.
ഭാര്യയെയും മകനെയും സരയാവോയില്‍നിന്ന് ദൂരെ സുരക്ഷിത താവളത്തിലേക്കയച്ച് അംറിന്റെ പിതാവ് സ്വാതന്ത്ര്യ സേനക്കൊപ്പം ചേര്‍ന്നു. ഏറെ വൈകാതെ സെര്‍ബ് ഷെല്ലാക്രമണത്തില്‍ അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തു. യുദ്ധകാലത്തെ അവ്യക്തമായ ചില ചിത്രങ്ങള്‍ മാത്രമേ അംറിന്റെ ഓര്‍മയിലുള്ളൂ. എങ്കിലും യുദ്ധാനന്തര ബോസ്‌നിയയിലെ യുവത്വം നേരിടുന്ന ജീവിത സംഘര്‍ഷങ്ങള്‍ അയാള്‍ക്കേറെ പരിചിതമാണ്.
'എന്റെ പഴയ ഫാക്ടറി കാണാം'- മഹര്‍ എന്നെ ക്ഷണിച്ചു. ഞങ്ങള്‍ വഴിയരികില്‍ നിര്‍ത്തിയിട്ട കാറിലേക്ക് നടന്നു. അംറാണ് സാരഥി. മലയടിവാരം ചുറ്റി വളഞ്ഞ് പോകുന്ന വഴിയിലൂടെ ഞങ്ങള്‍ 'ഹ്‌റസിറ്റ്‌സ' ഗ്രാമത്തിലെ 'ഫാമോസ' യന്ത്രനിര്‍മാണശാല ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. കാറിലിരുന്ന് മഹറും അംറും ബോസ്‌നിയയുടെ ആനുകാലിക രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരുന്നു. രണ്ട് തലമുറകളുടെ കാഴ്ചപ്പാടുകള്‍. ഇനിയുമുണങ്ങാത്ത യുദ്ധമുറിവുകളിലെ നീറ്റലും വംശ സംഘര്‍ഷങ്ങളുടെ പിന്നണിക്കഥകളും വീണ്ടുമുയിര്‍ക്കൊണ്ടേക്കാവുന്ന 'വംശശുദ്ധീകരണ'ത്തിന്റെ മറ്റൊരു കൊടുങ്കാറ്റിനെക്കുറിച്ച ആധിയുമായിരുന്നു മഹറിന്റെ സംസാരങ്ങളില്‍.
എന്നാല്‍ അംറിന്റെ വര്‍ത്തമാനങ്ങളാകട്ടെ സ്വതന്ത്ര ബോസ്‌നിയയിലെ രൂക്ഷമായ തൊഴിലില്ലായ്മയെ കുറിച്ചും യുവാക്കള്‍ക്കായി ഏറെയൊന്നും ചെയ്തു കാണിക്കാത്ത രാഷ്ട്രീയക്കാരെയും കുറിച്ചായിരുന്നു. അംറ് വിവാഹം കഴിഞ്ഞ് ഭാര്യയോടൊത്ത് പട്ടണത്തില്‍ താമസം തുടങ്ങിയേയുള്ളൂ. ബോസ്‌നിയാക്കുകള്‍ മക്കള്‍ക്ക് വേണ്ടി ഇണകളെ അന്വേഷിക്കാറില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ ഇണകളെ സ്വയം കണ്ടെത്തി വീട്ടുകാരെ അറിയിക്കുകയാണ് പതിവ്. വിവാഹിതരാവാന്‍ പോകുന്ന കമിതാക്കള്‍ പള്ളിയിലെ മുഫ്തിയെ കണ്ട് വിവാഹപൂര്‍വ ഉപദേശങ്ങള്‍ സ്വീകരിക്കുക പതിവുണ്ട്.
'താങ്കള്‍ക്ക് ലഭിച്ച പ്രധാന ഉപദേശമെന്തെന്ന് ഓര്‍മയുണ്ടോ?' ഞാന്‍ അംറിനെ നോക്കി ചിരിച്ചു.
'ഉണ്ട്. ഭാര്യ പ്രകോപിതയായാല്‍ മറുത്ത് ഒന്നുമുരിയാടാതെ മൂന്ന് തവണ വുദൂ എടുക്കുക എന്ന്. പട്ടണത്തിലെ വെള്ളക്കരം എത്രയാണെന്ന് എന്റെ ഗ്രാമത്തിലെ മുഫ്തിക്കറിയില്ലല്ലോ.' അംറ് ഉറക്കെച്ചിരിച്ചു. അപ്രകാരം ഒരിക്കല്‍ പോലും അംഗശുദ്ധി വരുത്തേണ്ടിവന്നിട്ടില്ലാത്ത മഹറും കൂടെ ചിരിച്ചു. യുദ്ധപൂര്‍വ ബോസ്‌നിയയില്‍ മിശ്ര വംശ വിവാഹങ്ങള്‍ ധാരാളമായി നടക്കാറുണ്ടായിരുന്നു. യുദ്ധ ശേഷം പക്ഷേ, മിശ്ര വിവാഹങ്ങളുടെ തോത് ഗണ്യമായി കുറഞ്ഞു.
സംസാരിച്ചും കഥകള്‍ പറഞ്ഞും ഞങ്ങള്‍ ഹ്‌റസിറ്റ്‌സയിലെത്തി. മലയടിവാരത്തിലെ ഈ ഗ്രാമത്തിലൂടെയാണ് ഫെഡറേഷന്‍ ഓഫ് ബോസ്‌നിയയുടെയും റിപ്പബ്ലിക് ഓഫ് സ്‌റബ്‌സകയുടെയും അതിര്‍ത്തി കടന്നുപോകുന്നത്. അതിര്‍ത്തിക്കിപ്പുറം ഫെഡറേഷന്റെ ഭൂമിയിലാണ് 'ഫാമോസ്' ഫാക്ടറി സമുച്ചയം. കാവല്‍ക്കാരാരുമില്ലാതെ തുറന്നു കിടക്കുന്ന കവാടത്തിലൂടെ അകത്തേക്ക് നീണ്ടുപോകുന്ന വഴിയുടെ ഇരുവശത്തും പഴയ കെട്ടിടങ്ങള്‍. അവയിലേറെയും ഉപേക്ഷിക്കപ്പെട്ടവ. ജീര്‍ണിച്ചു തുടങ്ങിയ നിര്‍മിതികളില്‍ ചിലതിലൊക്കെ അറ്റകുറ്റപ്പണികള്‍ ചെയ്തതിന്റെ അടയാളങ്ങള്‍. പുറത്ത് കൂട്ടിയിട്ട മരക്കഷ്ണങ്ങളും മറ്റു നിര്‍മാണ സാമഗ്രികളും. നിര്‍മാണശാലകള്‍ക്കും തൊഴില്‍ കേന്ദ്രങ്ങള്‍ക്കും ഇടയിലായി ഒഴിഞ്ഞുകിടക്കുന്ന വിശാലമായ കോണ്‍ക്രീറ്റ് തറകളും തുരുമ്പ് കയറിയ ഇരുമ്പ് ദണ്ഡുകളില്‍ തൂങ്ങുന്ന കപ്പികളും ചങ്ങലകളും. അകം വഴികളിലൂടെ അല്‍പനേരം സഞ്ചരിച്ച് വഴിയോരത്തെ വലിയൊരു കെട്ടിടത്തിനരികില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി.
'ഫാമോസ്'. യുദ്ധപൂര്‍വ ബോസ്‌നിയയിലെ ലോകോത്തര യന്ത്രനിര്‍മാണശാല. യുദ്ധ വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളും ഓട്ടോ മൊബൈലുകളുടെ അതിശക്ത എഞ്ചിനുകളും മറ്റു യന്ത്ര ഭാഗങ്ങളും നിര്‍മിച്ച് വിപണനം ചെയ്തിരുന്ന ഈ ഫാക്ടറി, വ്യവസായ ബോസ്‌നിയയുടെ നട്ടെല്ലായിരുന്നു. മെഴ്‌സിഡെസ്, ബെന്‍സ് ഉള്‍പ്പെടെ പല പടിഞ്ഞാറന്‍ വാഹന നിര്‍മാതാക്കള്‍ക്കും അതിശക്ത എഞ്ചിനുകള്‍ നിര്‍മിച്ചുനല്‍കിയിരുന്ന ഈ നിര്‍മാണശാല വ്യവസായത്തില്‍നിന്നുള്ള രാജ്യവരുമാനത്തിന്റെ പത്തു ശതമാനത്തിലധികം സംഭാവന ചെയ്ത കാലമുണ്ടായിരുന്നു. ആറായിരത്തോളം തൊഴിലാളികള്‍ ഉപജീവനം തേടിയ ഫാമോസും അക്കാലത്തെ മറ്റേത് വ്യവസായവും പോലെ ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു. ഈ ഫാക്ടറിയിലായിരുന്നു മഹര്‍ ജോലി ചെയ്തിരുന്നത്.
കൈയിലൊരു തടിച്ച പുസ്തകവുമായി കാറില്‍നിന്നിറങ്ങിയ മഹര്‍ ഒരു ഉന്മാദിയെപ്പോലെ ഫാക്ടറിക്കെട്ടിടത്തിനടുത്തേക്ക് ഓടിയടുത്ത്, അടഞ്ഞുകിടന്നൊരു ചില്ലുജാലകത്തിനരികിലെത്തി തിരിഞ്ഞു നിന്ന് എന്നെ വിളിച്ചു.
'ഇതെന്റെ തൊഴിലിടം'- മഹറിന്റെ മുഖം തുടുത്തു. അണമുറിഞ്ഞെത്തിയ ഓര്‍മകളുടെ കുത്തൊഴുക്ക് അയാളുടെ മുഖപേശികളില്‍ തിരമാലകള്‍ തീര്‍ത്തു. ആ മുഖത്ത് വിരിഞ്ഞുവന്നത് ചിരിയോ കരച്ചിലോ എന്ന് വായിച്ചെടുക്കാനാവാതെ ഞാന്‍ വിസ്മയിച്ചുനില്‍ക്കെ അയാള്‍ അകത്തേക്ക് ചൂണ്ടി. അടഞ്ഞുകിടന്ന ചില്ലുജാലകത്തില്‍ പതിച്ചുവെച്ച കറുത്ത കടലാസു പാളികളില്‍ തട്ടി എന്റെ ദൃഷ്ടികള്‍ നിസ്സഹായതയോടെ തിരികെയെത്തിയതിനാല്‍ എനിക്കൊന്നുമേ കാണാനായില്ല. പക്ഷേ, മഹര്‍ അകക്കാഴ്ചകളില്‍ സഞ്ചരിക്കുകയായിരുന്നു.
വിസ്തൃതമായ പണിപ്പുരക്കകത്ത് പലതായി വിഭജിക്കപ്പെട്ട കോണ്‍ക്രീറ്റ് തറകളില്‍ നിരനിരയായി വിന്യസിക്കപ്പെട്ട ഭീമന്‍ യന്ത്രങ്ങള്‍. ഫാക്ടറി ചുമരില്‍ തൂക്കിയിട്ട ചാര്‍ട്ട് നോക്കി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന മനുഷ്യര്‍. മനുഷ്യരുടെയും യന്ത്രങ്ങളുടെയും സമന്വയിക്കപ്പെട്ട ചലനതാളങ്ങളില്‍ വിരിഞ്ഞിറങ്ങുന്ന പുതിയ യന്ത്രസൗഭാഗ്യങ്ങള്‍. ആ പ്രവൃത്തി ശൃംഖലയില്‍ കണ്ണി ചേര്‍ത്ത് ഒരായിരം ജീവിത സ്വപ്‌നങ്ങളുമായി യന്ത്രമേളങ്ങളില്‍ ലയിച്ചിരിക്കുന്ന യുവാവായ മഹറിനെ അയാള്‍ കറുത്ത ജാലകത്തിലൂടെ കണ്ടു. താന്‍ ധരിച്ച അതേ വേഷം ധരിച്ച് തന്നോടൊപ്പം മെയ് ചേര്‍ന്ന് യന്ത്രത്തെ മെരുക്കുന്ന കൂട്ടുകാരുടെ മുഖങ്ങളും. ആ കാഴ്ചയില്‍ മഹറിന്റെ മുഖം ചുവന്നു. പേശികള്‍ വലിഞ്ഞുമുറുകി. കണ്ണുകളില്‍ അഗ്‌നിയെരിഞ്ഞു. മിഴികളില്‍ ഖനീഭവിച്ചു നിന്നിരുന്ന ബാഷ്പകണങ്ങള്‍ ഒക്കെയും ആവിയായി പറന്നു.
'അതൊരു വലിയ ചതിയായിരുന്നു' - മഹര്‍ ഓര്‍മകള്‍ക്ക് തെളിച്ചം കൂട്ടി. ഫാമോസില്‍ ജോലി ആരംഭിച്ച നാള്‍ മുതല്‍ തന്നെ യുവാവായ മഹറിന് ബൃഹത്തായ സൗഹൃദങ്ങളുണ്ടായിരുന്നു. ഒരു മേല്‍ക്കൂരക്ക് കീഴില്‍ ഒരേ വസ്ത്രഭംഗിയില്‍ ഒന്നിച്ചു ജോലി ചെയ്തവര്‍. ദിനചര്യ പോലെ ആവര്‍ത്തിക്കുന്ന യാന്ത്രിക ജോലിയുടെ വിരസതയകറ്റാന്‍ ഇടവേളകളില്‍ ഒത്തുകൂടി സല്ലപിച്ചിരുന്നവര്‍. ഭക്ഷണശാലകളിലെ പീഠങ്ങളിലിരുന്ന് പിത്തയും ബൂറക്കും കഴിച്ച് നാട്ടുവര്‍ത്തമാനങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവെച്ചവര്‍. യന്ത്രങ്ങള്‍ മയങ്ങുന്ന വാരാന്ത്യങ്ങളില്‍ ബോസ്‌ന പുഴക്കരയിലും ഇഗ്മന്‍ മലഞ്ചെരിവിലും ഒത്തുകൂടി ജീവിതം ആഘോഷിച്ചവര്‍. നിലാവുള്ള രാത്രികളില്‍ മലമേലെ എരിയുന്ന കനല്‍വട്ടങ്ങളില്‍ ആകാശം നോക്കി നാളെയെ സ്വപ്‌നം കണ്ട് മയങ്ങിയവര്‍. വിശേഷ ദിവസങ്ങളില്‍ കുടുംബങ്ങളായൊത്തുകൂടി ബക്ലാവയും കോഫിയും കുടിച്ച് ആഹ്ലാദിച്ചവര്‍. അവരൊക്കെയും സുഹൃത്തുക്കളായിരുന്നു. വംശഭേദങ്ങളലട്ടാത്ത ദീപ്ത സൗഹൃദം.
മഹര്‍ കൈയിലെ പുസ്തകത്തിനകത്ത് ഒളിപ്പിച്ചുവെച്ച പഴയകാല സുഹൃദ് ചിത്രങ്ങള്‍ പുറത്തെടുത്ത് എന്നെ കാണിച്ചു. ഇവരിലാരൊക്കെ ബോസ്‌നിയാക്കെന്നും സെര്‍ബെന്നും ക്രോട്ടെന്നും താങ്കള്‍ക്ക് തിരിച്ചറിയാന്‍ സാധ്യമാണോ?' അയാള്‍ ആ ചിത്രങ്ങളിലേക്ക് ഇമവെട്ടാതെ നോക്കിനിന്നു. ആ സൗഹൃദത്തിന്റെ ജീവധമനികളിലേക്ക് വംശവൈരത്തിന്റെ കൊടും വിഷം കടന്നുകയറി തുടങ്ങിയത് മഹറും ബോസ്‌നിയക്ക് സുഹൃത്തുക്കളും ഒട്ടുമേ അറിയാതെ പോയി.
തകര്‍ന്നു തുടങ്ങിയ യൂഗോസ്ലാവ്യയില്‍നിന്ന് ഒന്നൊന്നായി അടര്‍ന്നുപോകുന്ന രാജ്യങ്ങളുടെ വഴിയെ സ്വയംഭരണത്തിന്റെ സാധ്യതകള്‍ തേടി ജനഹിതമറിയാന്‍ ബോസ്‌നിയ തീരുമാനിച്ച കാലം. ആയിടെ സുഹൃത്തുക്കളില്‍ ചിലരെ മാത്രം കാണാന്‍ പുറമെനിന്ന് സന്ദര്‍ശകര്‍ പതിവായെത്തിത്തുടങ്ങി.
മറ്റു കൂട്ടുകാരെ ഒളിച്ച് ഫാക്ടറിപ്പുറത്തും സന്ദര്‍ശക മുറിയിലും അവര്‍ ഒത്തുകൂടി സംഭാഷണങ്ങളിലേര്‍പ്പെടുന്നതും കടലാസു കുറിപ്പുകള്‍ കൈമാറുന്നതും മഹറിന്റെ ശ്രദ്ധയില്‍ പെട്ടു. വലിയ സുഹൃദ് വലയത്തിനകത്ത് രൂപപ്പെട്ട ചെറിയ വൃത്തത്തിന്റെ രഹസ്യങ്ങളെന്തെന്ന അന്വേഷണത്തിന് അത് ഹിതപരിശോധനയെക്കുറിച്ച ചര്‍ച്ചകളാണെന്നായിരുന്നു മറുപടി. ഹിത പരിശോധനയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സെര്‍ബുകള്‍ തീരുമാനിച്ചതും അവര്‍ പാര്‍ലമെന്റ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നതുമൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന വാര്‍ത്തയായിരുന്നതുകൊണ്ട് മഹറിനും കൂട്ടുകാര്‍ക്കും തങ്ങളുടെ സെര്‍ബ് സുഹൃത്തുക്കളുടെ ചര്‍ച്ചാ യോഗങ്ങളില്‍ വലിയ അസ്വാഭാവികതകളൊന്നും തോന്നിയില്ല. എങ്കിലും തങ്ങളുടെ സുഹൃദ്‌വൃത്തത്തിനകത്ത് മറ്റൊരു വംശവൃത്തം രൂപപ്പെട്ടുവന്നതില്‍ അവര്‍ വേദനിച്ചു. അപ്പോഴും അവരുടെ സൗഹൃദ സദസ്സുകള്‍ സജീവമായി തുടര്‍ന്നു. സെര്‍ബുകളുടെ പിന്മാറ്റത്തെ ഗൗനിക്കാതെ ബോസ്‌നിയന്‍ ജനത തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ പോളിംഗ് ബൂത്തിലെത്തി. ജനസംഖ്യയുടെ അറുപത്തിനാല് ശതമാനത്തോളം പേര്‍ പങ്കെടുത്ത വിധിയെഴുത്തില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനത്തിന്റെ മഹാ ഭൂരിപക്ഷത്തോടെ ബോസ്‌നിയ സ്വതന്ത്ര രാജ്യമാവാന്‍ തീരുമാനിച്ചു.
സ്വാതന്ത്ര്യപ്പുലരി പിറന്നിട്ടേറെ നാളുകള്‍ കഴിയും മുമ്പ് ഒരു ദിനം ഏവരെയും ആശ്ചര്യപ്പെടുത്തി ഫാമോസ് ഫാക്ടറിയിലെ സെര്‍ബ് തൊഴിലാളികളൊക്കെയും പൊടുന്നനെ അപ്രത്യക്ഷരായി. മഹറിന്റെ സെര്‍ബ് സുഹൃത്തുക്കളും. കൂട്ടപ്പലായനത്തിന്റെ രഹസ്യമറിയാതെ പാതിയൊഴിഞ്ഞ യന്ത്രത്തറകളില്‍ തൊഴില്‍ തുടരാനെത്തിയവരെ തേടി മലമടക്കുകളില്‍നിന്ന് തീഗോളങ്ങള്‍ പറന്നുവന്നു. തങ്ങള്‍ 'ബോസ്‌നിയാക്കു'കളാണെന്നും തങ്ങളെ ഉന്മൂലനം ചെയ്ത് വിശാല സെര്‍ബ് രാജ്യം സ്ഥാപിക്കാന്‍ വംശവൈരികള്‍ വീട്ടുപടിക്കലെത്തിയിരിക്കുന്നെന്നും മഹറും കൂട്ടരും അപ്പോഴാണ് തിരിച്ചറിയുന്നത്. ഫാമോസും പരിസരവും പൂര്‍ണമായും സെര്‍ബ് പിടിയിലായി. മറ്റു ബോസ്‌നിയാക്കുകള്‍ക്കൊപ്പം മഹറും ഇഗ്മന്‍ മലയിലെ കാടുകളില്‍ ആത്മരക്ഷക്കായി ആയുധങ്ങള്‍ പരതി. സംഹാരതാണ്ഡവമാടിയ സെര്‍ബ് പട്ടാളക്കാര്‍ക്ക് ബോസ്‌നിയാക്കുകളുടെ വീടുകളും താവളങ്ങളും കാണിച്ചുകൊടുത്ത് കൂടെ നടന്നവര്‍ക്കിടയില്‍ തങ്ങളുടെ സുഹൃത്തുക്കളുടെയും പരിചിതരുടെയും മുഖങ്ങള്‍ കണ്ട് മഹ്‌റും കൂട്ടരും അമ്പരന്നു നിന്നു.
'അവര്‍ ഒക്കെയും നേരത്തേ തീരുമാനിച്ചിരുന്നു. ഞങ്ങളെ വിഡ്ഢികളാക്കി കൂടെ നിന്ന് ചതിക്കുകയായിരുന്നു'- മഹറിന്റെ കണ്ഠമിടറി.
'യുദ്ധശേഷം സെര്‍ബ് സുഹൃത്തുക്കളെ ആരെയെങ്കിലും കാണാറുണ്ടോ?'
'ചിലരെയൊക്കെ കാണും. ഉപചാരവാക്കുകള്‍ പറയും, ചിരിക്കും, ചിലപ്പോള്‍ കാപ്പി കുടിച്ച് പിരിയും. എല്ലാം തൊലിപ്പുറത്ത് മാത്രം.' അകം വെന്ത നീറ്റലണയാതെ അയാളെങ്ങനെ മനസ്സറിഞ്ഞ് ചിരിക്കും!
ഫാക്ടറിപ്പുറത്തെ വിശാലമായ കോണ്‍ക്രീറ്റ് തറയിലേക്ക് മഹര്‍ എന്റെ കൈ പിടിച്ചു നടന്നു. ഒഴിഞ്ഞു കിടക്കുന്ന തറക്കരികിലെ കമ്പി വേലിക്കപ്പുറത്ത് റിപ്പബ്ലിക് ഓഫ് സ്‌റബ്‌സ്‌ക.
'ആ അതിര്‍ത്തി വേലി ഞങ്ങളുടെ തലമുറയിലാരുടെയും ഹൃദയത്തില്‍നിന്ന് എളുപ്പം മാഞ്ഞുപോവില്ല' - മഹര്‍ അംറിനെ നോക്കി പറഞ്ഞു.
യുദ്ധകാലത്ത് ഫാമോസ് ഫാക്ടറി സെര്‍ബ് സൈന്യം ചവിട്ടിമെതിച്ചു. വിലപിടിപ്പുള്ള ഉപകരണങ്ങളും യന്ത്രങ്ങളും അഴിച്ചെടുത്ത് കടത്തിക്കൊണ്ടുപോയി. എടുത്ത് മാറ്റാനാവാത്തതൊക്കെ തല്ലിത്തകര്‍ത്തു. സമാധാനക്കരാര്‍ നിലവില്‍ വന്നതിനു ശേഷവും മൂന്ന് ദിവസത്തോളം സെര്‍ബുകള്‍ അവിടെ തങ്ങി യന്ത്രങ്ങള്‍ കടത്തുകയും നശിപ്പിക്കുകയും ചെയ്തു. അതിനു സമാധാനസേനയിലെ ഫ്രഞ്ച് പട്ടാളക്കാര്‍ കാവലിരുന്ന കഥയും സരയാവോയില്‍നിന്ന് കേട്ടു. ഫാമോസ് മാത്രമല്ല നശിപ്പിക്കപ്പെട്ടത്. ബോസ്‌നിയയുടെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തിയ വ്യവസായങ്ങളൊക്കെയും തച്ചുടക്കപ്പെട്ടു. വര്‍ഷത്തില്‍ ഇരുപത്തിയയ്യായിരത്തോളം കാറുകള്‍ നിര്‍മിച്ച് കമ്പോളത്തിലിറക്കിയിരുന്ന സരയാവോ ഓട്ടോമൊബൈല്‍ ഫാക്ടറിയിലെ നിര്‍മാണ യൂനിറ്റുകള്‍ ഒന്നാകെ പൊളിച്ചെടുത്തു കടത്തിക്കൊണ്ടുപോയി. ലോകോത്തര ആയുധ നിര്‍മാണശാലയായിരുന്ന പ്രിറ്റിസില്‍നിന്നും ധാരാളം യന്ത്രങ്ങള്‍ കടത്തി.. യൂറോപ്പിലെതന്നെ അതിനൂതനമായ 'ഷെല്‍' നിര്‍മാണ യൂനിറ്റ് പ്രിറ്റിസില്‍നിന്ന് പൊളിച്ചെടുത്ത് കടത്തിയത് ഭീമന്‍ ഹെലിക്കോപ്റ്ററില്‍ കെട്ടിത്തൂക്കിയായിരുന്നു.
പിന്നെയും വലുതും ചെറുതുമായ ധാരാളം തൊഴില്‍ശാലകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. യുദ്ധത്തിന് തൊട്ടുമുമ്പ് ബോസ്‌നിയയില്‍ ആയിരത്തിലധികം വ്യവസായശാലകളുണ്ടായിരുന്നു. അവിടങ്ങളില്‍ ഉപജീവനം തേടിയ അനേകരും. ലോക കമ്പോളത്തില്‍നിന്ന് ബോസ്‌നിയന്‍ രാജ്യഭണ്ഡാരത്തിലേക്ക് ഡോളറുകള്‍ ഒഴുക്കിക്കൊണ്ടുവന്ന വ്യവസായങ്ങളെ യുദ്ധാരംഭത്തില്‍തന്നെ നിഗ്രഹിക്കാന്‍ വംശശുദ്ധീകരണത്തിനിറങ്ങിത്തിരിച്ചവരുടെ കൈയില്‍ ആയുധം കൊടുത്തത് ആരാവാം? ബോസ്‌നിയാക്കുകളെ കൊന്ന് വിശാല സെര്‍ബ് രാജ്യം സ്ഥാപിക്കാനിറങ്ങിയ സെര്‍ബുകള്‍ അവരുടെ അധീനത്തിലെത്താന്‍ പോകുന്ന വ്യവസായശാലകളെ യുദ്ധത്തിന്റെ ഗതി തീരുമാനിക്കപ്പെടും മുമ്പേ തന്നെ എന്തിന് തച്ചുടക്കണം? സമാധാനസേനയുടെയും നാറ്റോയുടെയും ചാര ഉപഗ്രഹങ്ങളുടെയും നിരീക്ഷണത്തിലിരുന്ന ബോസ്‌നിയന്‍ ആകാശത്തിലൂടെ സ്വതന്ത്രമായി 'പറന്നു'പോയ ബോസ്‌നിയന്‍ യന്ത്രങ്ങളുടെ കൂടെപ്പോയാല്‍ കോര്‍പ്പറേറ്റുകള്‍ അരങ്ങ് വാഴുന്ന പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ പടിപ്പുരയില്‍ ചെന്നിറങ്ങി നില്‍ക്കാതിരിക്കില്ല; കുരിശുയുദ്ധ തുടര്‍ച്ചകളുടെയും.
തങ്ങളെ വെല്ലുന്ന സാമ്പത്തികശക്തിയായി ബോസ്‌നിയ വളര്‍ന്നുവന്നേക്കാമെന്ന മിഥ്യാധാരണയൊന്നും യൂറോപ്പിനുണ്ടാവാന്‍ വഴിയില്ല. വികസ്വര രാജ്യങ്ങളുടെ വിഭവങ്ങള്‍ക്കും വിപണികള്‍ക്കും മാന്ത്രിക കുരുക്കിട്ട് വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രവിദ്യകള്‍ അവര്‍ക്കന്യമല്ലല്ലോ. അവരുടെ ഭയം മറ്റൊന്നായിരുന്നു. അലിയാ ഇസ്സത്ത് ബെഗോവിച്ച് യൂറോപ്പിന്റെ അങ്കണത്തില്‍ ഇസ്‌ലാമിന്റെ സാമൂഹിക ഉള്ളടക്കമുള്ളൊരു ദേശരാഷ്ട്രം പൂര്‍ത്തിയാക്കുമോ എന്ന കുരിശുയുദ്ധ ആധി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്. ആഗോള വിപണിയില്‍ ബോസ്‌നിയയുടെ ഇറക്കുമതിയേക്കാള്‍ കയറ്റുമതി അമ്പത് കോടി ഡോളര്‍ മിച്ചം കാണിച്ച വര്‍ഷം. ആ സമയത്താണ് സെര്‍ബുകളുടെയും ക്രോട്ടുകളുടെയും ബോസ്‌നിയാക്കുകളുടെയും പ്രാതിനിധ്യമുള്ള ബഹു പാര്‍ട്ടി ഭരണ സംവിധാനം രൂപപ്പെടുത്തി അലിയാ ബോസ്‌നിയയുടെ അമരത്ത് കയറിയത്. ആ തളിര്‍പ്പിനെയാണ് ഇനിയൊരു ഉയിര്‍പ്പില്ലാത്ത വിധം അരിഞ്ഞ് അമ്ലലായനിയില്‍ കരിച്ചുകളഞ്ഞത്.
ഫാമോസിന്റെ മുറ്റത്ത് വെയില്‍ മങ്ങി മഴ ചാറിത്തുടങ്ങി. നൂലു പോലെ നേര്‍ത്ത മഴത്തുള്ളികള്‍. കൈയിലെ ചിത്രങ്ങളും ഭൂപടവും പുസ്തകത്താളുകള്‍ക്കിടയിലേക്ക് തിരുകിവെച്ച്, മഴ നനയാതിരിക്കാന്‍ പുസ്തകം മറോട് ചേര്‍ത്ത് പിടിച്ച് മഹര്‍ എന്നെയും കൂട്ടി കാറിലേക്ക് മടങ്ങി.
(തുടരും)
Comments