Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണം

നാസിറുദ്ദീന്‍ ആലുങ്ങല്‍

ക്ഷേമവും ഐശ്വര്യവും സമാധാനവുമുള്ള നാട് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു.നല്ല വ്യക്തിയില്‍നിന്ന് നല്ല കുടുംബവും നല്ല കുടുംബങ്ങളില്‍നിന്ന് നല്ല സമൂഹവും നല്ല സമൂഹങ്ങളില്‍നിന്ന് നല്ല നാടും വളര്‍ന്നു വികസിക്കും.

വ്യക്തിയും വ്യക്തിയുടെ വ്യക്തിത്വവുമാണ് നല്ല നാടിന് വിത്താകുന്നത് എന്നര്‍ഥം. വ്യക്തിയുടെ സംസ്‌കാരവും വ്യക്തിത്വവും രൂപപ്പെടുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് അവരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും വിശ്വാസാദര്‍ശങ്ങളും. 

വ്യക്തിയുടെ വ്യക്തിത്വവും വിശ്വാസാദര്‍ശങ്ങളും തീരുമാനിക്കപ്പെടുന്നതില്‍ മാതാപിതാക്കള്‍ക്കും വളര്‍ന്നു വരുന്ന സാഹചര്യത്തിനും വലിയ പങ്കാണുള്ളത്. വ്യക്തികള്‍ വളര്‍ന്നുവരുന്ന കാലത്ത് മാതാപിതാക്കളുമായുള്ള അവരുടെ അനുഭവങ്ങള്‍, മാതാപിതാക്കളില്‍നിന്ന് അവര്‍ക്കു ലഭിക്കുന്ന സ്‌നേഹം, കരുതല്‍ എല്ലാം വ്യക്തിത്വത്തെ പരിപോഷിപ്പിക്കും. ഇവയുടെയെല്ലാം നിഷേധമോ അപര്യാപ്തതയോ വ്യക്തിത്വത്തെ വികലമാക്കിയെന്നും വരാം.

മനശ്ശാസ്ത്രം 'സ്‌ട്രോക്കി'നെ കുറിച്ച് പറയുന്നുണ്ട്. നമുക്ക് മറ്റുള്ളവരില്‍നിന്ന് ലഭിക്കുന്നതോ നാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതോ ആയ അനുഭവങ്ങളെയാണ് സ്‌ട്രോക് എന്നു പറയുന്നത്. സ്‌ട്രോക്കുകളുടെ അപര്യാപ്തത ആത്മവിശ്വാസമില്ലായ്മ, അസാധാരണ പെരുമാറ്റം, ജീവിത വിജയം നേടാന്‍ കഴിയാതെവരുന്ന അവസ്ഥ, മാനസിക രോഗങ്ങള്‍ തുടങ്ങിയവക്ക് കാരണമായേക്കാം. സ്‌ട്രോക്കുകള്‍ പോസിറ്റീവും നെഗറ്റീവുമുണ്ട്. 

നമുക്ക് സന്തോഷം തരുന്ന നല്ല വാര്‍ത്തകളും കാര്യങ്ങളും പോസിറ്റീവ് സ്‌ട്രോക് ആണ്.അഭിനന്ദനം, നന്ദി, ശ്രദ്ധ, താല്‍പര്യം, പ്രശംസ തുടങ്ങിയ പോസിറ്റീവ് സ്‌ട്രോക് ലഭിക്കുന്നത് ഒരാളില്‍ വലിയ ഉത്തേജനമാണ് ഉണ്ടാക്കുക. 

നമ്മില്‍ ദുഃഖം ഉളവാക്കുന്നതുംഒന്നിനും കൊള്ളാത്തവനെന്ന അപകര്‍ഷത സൃഷ്ടിക്കുന്നതുമായ വാര്‍ത്തകളും കാര്യങ്ങളും നെഗറ്റീവ് സ്‌ട്രോക്കുകളാണ്. കുറ്റപ്പെടുത്തല്‍, അസൂയ, വൈരം, പരിഹാസം, നിരാശ, ദുഃഖം, അവിശ്വാസം, നന്ദികേട് എന്നിവയൊക്കെ ഏല്‍ക്കുന്നയാള്‍ നെഗറ്റീവ് സ്‌ട്രോക് അനുഭവിക്കുകയും അത് അയാളില്‍ മാനസിക മ്ലാനത ഉണ്ടാക്കുകയും ചെയ്യും.

മാതാപിതാക്കളില്‍നിന്ന് മക്കള്‍ക്ക് ധാരാളായി പോസിറ്റീവ് സ്‌ട്രോക് കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. നെഗറ്റീവ് സ്‌ട്രോക്കുകള്‍ ധാരാളമായി പല വിധേനയും ലഭിച്ചുകൊണ്ടിരിക്കും. സഹപാഠികളില്‍നിന്ന്, സമൂഹത്തില്‍നിന്ന്, അധ്യാപകരില്‍നിന്ന് അങ്ങനെ പലരില്‍നിന്നും നെഗറ്റീവ് സ്‌ട്രോക്കുകള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ട്. നെഗറ്റീവ് സ്‌ട്രോക്കുകള്‍ ബുദ്ധിപരമായി ഉള്‍ക്കൊള്ളാനും അവയെ ജീവിതത്തില്‍ പ്രയോജനപ്പെടുത്താനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് അയാള്‍ക്ക് ലഭിക്കുന്ന പോസിറ്റീവ് സ്‌ട്രോക്കുകളാണ്. പോസിറ്റീവ് സ്‌ട്രോക് നിബന്ധനകളില്ലാതെ നിര്‍ലോഭം ലഭിക്കുന്ന സ്രോതസ്സാണ് മാതാപിതാക്കള്‍.

മക്കളില്‍നിന്ന് മാതാപിതാക്കള്‍ക്കും ധാരാളമായി പോസിറ്റീവ് സ്‌ട്രോക് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ മക്കള്‍ക്ക് ധാരാളമായി പോസിറ്റീവ് സ്‌ട്രോക് നല്‍കുന്നതിലൂടെയാണ് മക്കളില്‍ ആ ശീലവും സ്വഭാവവും വളര്‍ത്തിയെടുക്കാനാവുക.

ശാരീരികമായി അനുഭവിക്കുന്ന സ്‌ട്രോക്കുകളും പ്രധാനമാണ്. ശാരീരികമായി അനുഭവിക്കുന്ന സ്‌ട്രോക്കിലും പോസിറ്റീവ് സ്‌ട്രോക്കും നെഗറ്റീവ് സ്‌ട്രോക്കും ഉണ്ട്. ചുംബനം, ആലിംഗനം, ലാളന, അഭിനന്ദിച്ചുകൊണ്ടുള്ള തട്ടലും തലോടലും എല്ലാം ശാരീരികമായ പോസിറ്റീവ് സ്‌ട്രോക്കുകളാണ്. തല്ലലും ഇടിക്കലും കുത്തലും ശരീരം പിടിച്ചു തള്ളലുമെല്ലാം ശാരീരികമായ നെഗറ്റീവ് സ്‌ട്രോക്കുകളാണ്. മക്കള്‍ക്ക് മാതാപിതാക്കളില്‍നിന്നും മാതാപിതാക്കള്‍ക്ക് മക്കളില്‍നിന്നുംധാരാളമായി ശാരീരികമായ പോസിറ്റീവ് സ്‌ട്രോക്കും ലഭിക്കേണ്ടതുണ്ട്. 

1970-ന്റെ അവസാനത്തില്‍ അമേരിക്കയില്‍ ഒരു ഗവേഷണം നടക്കുകയുണ്ടായി. കുട്ടിക്കുരങ്ങുകളിലായിരുന്നു ഗവേഷണം. ജനിച്ചയുടനെ കുട്ടിക്കുരങ്ങുകളില്‍ ഒന്നിനെ അതിന്റെ അമ്മക്കുരങ്ങില്‍നിന്ന് വേര്‍പ്പെടുത്തി മരം കൊണ്ട് നിര്‍മിച്ച പരുപരുത്ത പ്രതലമുള്ള ഒറ്റപ്പെട്ട ഒരു കൂട്ടിലാക്കി. ആവശ്യത്തിന് ഭക്ഷണവും പാലും അതിന് കൊടുത്തു. എന്നാല്‍, മൃദുവായതോ മയമുള്ളതോ ആയ ഒന്നും അതിന് കളിക്കാനോ സ്പര്‍ശിക്കാനോ ലഭിച്ചില്ല. അധികം താമസിയാതെ ഈ കുട്ടിക്കുരങ്ങ് ചത്തുപോയി. ഭക്ഷണമോ വെള്ളമോ പാലോ കിട്ടാത്തതുകൊണ്ടല്ല അതു ചത്തത്; മറിച്ച് ശാരീരിക സമ്പര്‍ക്കവും സ്പര്‍ശനവും മറ്റും കിട്ടാത്തതുകൊണ്ടാണ്. ഈ കുരങ്ങിന്റെ തലച്ചോറില്‍ സൂക്ഷ്മ പഠനം നടത്തിയ ശാസ്ത്രജ്ഞന്മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് അതിന്റെ തലച്ചോര്‍ വലിയ തോതില്‍ വികൃതമായിപ്പോയിരുന്നുവെന്നാണ്. ആ കുരങ്ങിന് പൂര്‍ണമായും ഭ്രാന്ത് ബാധിച്ചിരുന്നിട്ടുണ്ടാവാം എന്നവര്‍ വിലയിരുത്തുകയും ചെയ്തു.

വ്യത്യസ്ത അളവില്‍ ശാരീരിക സമ്പര്‍ക്കം അനുവദിച്ചുകൊണ്ട് മറ്റു കുട്ടിക്കുരങ്ങുകളിലും ഈ പരീക്ഷണം ആവര്‍ത്തിച്ചു. തള്ളക്കുരങ്ങുമായിവളരെ പരിമിതമായ ശാരീരിക സമ്പര്‍ക്കം അനുവദിച്ചുകൊണ്ട് വളര്‍ത്തിയ ഒരു കുട്ടിക്കുരങ്ങിനെ സാധാരണ രീതിയില്‍ വളര്‍ന്ന മറ്റു കുട്ടിക്കുരങ്ങുകളുടെ കൂടെ ഒരുമിച്ചാക്കിയപ്പോള്‍ അത് മറ്റുള്ളവയുമായി ഇടപഴകുന്നതില്‍ വിമുഖത കാണിച്ചു. മാത്രമല്ല, അത് വളരെ അക്രമസ്വഭാവം കാണിക്കുകയും ചെയ്തു. വളരെ വേഗം രോഗം പിടിപെടുന്ന രീതിയില്‍ അതിന്റെ രോഗപ്രതിരോധശക്തിയും വളരെ ദുര്‍ബലമായിരുന്നു.

ഇത് നമുക്ക് നല്‍കുന്ന പാഠം വളരെ വലുതാണ്. പെരുമാറ്റവൈകല്യങ്ങള്‍കൊണ്ടും ജീവിതത്തില്‍ മികവു പുലര്‍ത്താന്‍ കഴിയാത്തതുകൊണ്ടും ആത്മവിശ്വാസക്കുറവുകൊണ്ടുമൊക്കെ കൗണ്‍സലിംഗ് സെന്ററിലെത്തുന്നവരുടെ ബാല്യകാലം പഠിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങളിലൂടെ അവര്‍ കടന്നു പോയതു കാണാനായ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. 

ഇന്നത്തെ ജീവിതരീതിയും പഠന, കുടുംബ സാഹചര്യങ്ങളും മാനസികവും ശാരീരികവുമായ പോസിറ്റീവ് സ്‌ട്രോക്കുകളുടെ അപര്യാപ്തതയുള്ളവരായാണ് നമ്മുടെ പുതിയ തലമുറയെ വളര്‍ത്തുന്നത്. അതിനാല്‍തന്നെ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് ധാരാളമായി പോസിറ്റീവ് സ്‌ട്രോക് കൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ മുമ്പിലെത്തി നില്‍ക്കുന്നത് വേനലവധിക്കാലമാണ്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഒരുമിച്ചിരിക്കാനും ഇടപെടാനും ധാരാളം സമയം കിട്ടുന്ന കാലം. എന്നാല്‍ കുട്ടികളോടൊപ്പം ജീവിതം ആസ്വദിക്കുന്നതിനു പകരംകുട്ടികള്‍ നന്നാവാനും മിടുക്കരാവാനും ആഗ്രഹിച്ച് അവധിക്കാലത്തും പലവിധ കോഴ്‌സുകള്‍ക്കും പറഞ്ഞുവിടുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്. ഉദ്ദേശിക്കുന്ന ഗുണം അതിന് ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ വിലയിരുത്തേണ്ടതുണ്ട്. 

മറ്റു തിരക്കുകളൊന്നുമില്ലാത്ത സമയമെന്നുള്ള നിലക്ക്, അനിവാര്യമായും കിട്ടേണ്ട ചില അറിവുകള്‍ നേടാനായിമക്കളെ പറഞ്ഞയക്കരുത് എന്നല്ല ഈ പറഞ്ഞതിനര്‍ഥം. പലരും വീട്ടില്‍ വെറുതെയിരിക്കുന്ന മക്കളുടെ ശല്യം കുറക്കാനാണ് അങ്ങനെ ചെയ്യുന്നത്. കച്ചവടതല്‍പരരായ പലരും വേനലവധിക്കാലം കൊയ്ത്തുകാലമായിക്കണ്ട് പലവിധ കോഴ്‌സുകളുമായി പ്രത്യക്ഷപ്പെടും. 

മാതാപിതാക്കളും കുടുംബത്തിലെ മറ്റംഗങ്ങളും കുട്ടികളോടൊപ്പം ഇടപെട്ട് അവര്‍ക്ക് ജീവിതാനുഭവങ്ങളും ജീവിക്കാനാവശ്യമായ നൈപുണ്യങ്ങളും പകര്‍ന്നുനല്‍കാന്‍ വേനലവധിയെ പ്രയോജനപ്പെടുത്തുന്നത് കൂടുതല്‍ പ്രയോജനകരമായിരിക്കും.

വീട്ടുജോലികളിലും മുതിര്‍ന്നവരുടെ ജോലികളിലും മറ്റും പങ്കാളികളാക്കിയും പള്ളികളില്‍ ഒരുമിച്ചുപോയും പ്രാര്‍ഥനകളും പഠനങ്ങളും ഒന്നിച്ചു നിര്‍വഹിച്ചും മാതാപിതാക്കളും മക്കളും ഇടപഴകുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കണം. പണ്ടൊക്കെ അങ്ങനെയുണ്ടായിരുന്നു. പാടത്തും പറമ്പിലുമൊക്കെ മുതിര്‍ന്നവരോടൊപ്പം പലവിധ പണികളിലും ബാല്യക്കാര്‍ പങ്കുകൊണ്ടു. ജീവിതാനുഭവങ്ങള്‍ ഉള്ളവരായി. 

വേഗം നടക്കട കാളേ, കുഞ്ഞം കാളേ നടക്കാളേ

വേഗം നടക്കട കാളേ, കുട്ടന്‍ കാളേ മണിക്കാളേ

ചേര്‍ന്ന് നടക്കണ്ണ്ട് വെള്ള കൊക്കിന്‍ കൂട്ടങ്ങള്

കൊത്തിപ്പെറുക്കണ്ണ്ട് കണ്ണാന്‍ കുട്ട്യോളേ

പാറിപ്പറക്ക്ണ്ണ്ട് ആനത്തുമ്പി മാനത്ത്

മോങ്ങാനിരിക്കണ്ണ്ട് പൊക്കാന്‍തവള വരമ്പത്ത്

മണ്ണ് മാന്തി കൂട്ടണ്ണ്ട് കുഞ്ഞന്‍ ഞണ്ട് വരമ്പത്ത്

പുഞ്ഞ ഞാറ് പറിക്കണ്ണ്ട് നങ്ങ്യേലമ്മായീ....

അങ്ങനെയൊക്കെ മുതിര്‍ന്നവരോടൊത്ത് പാടത്തും പറമ്പിലും പാടിയും പഠിച്ചുമാണ് അവര്‍ വളര്‍ന്നത്. ജീവിതത്തിന്റെ അര്‍ഥമറിയാനും ഗൗരവം ഉള്‍ക്കൊള്ളാനും ജീവിതത്തിലെ ഏത് കയ്പ്പുറ്റ അവസ്ഥയെയും ബുദ്ധിപരമായും സയുക്തികമായും നേരിടാനും അവര്‍ പ്രാപ്തി നേടി.

 

ജീവിക്കൂ, മക്കളോടൊത്ത്

മക്കളുമായി ധാരാളം സമയം ചെലവഴിക്കുക എന്നത് വളരെ പ്രധാനമാണ്. ആരോടെങ്കിലുമൊത്ത് സമയം ചെലവഴിക്കുന്നത് അവരെ സ്‌നേഹിക്കുന്നതിന് തുല്യമാണ്. മാതാപിതാക്കളുമായി ധാരാളം സമയം ചെലവഴിക്കാനും ഇടപെടാനും കഴിയുന്ന മക്കള്‍ വളരെയേറെ കഴിവുള്ളവരായി വളരും: 

  • അവര്‍ ശക്തരായ വ്യക്തിത്വമുള്ളവരായിരിക്കും
  • ചുറ്റുപാടുകളിലെ സ്വാധീനം കാരണമായി മക്കളില്‍ രൂപപ്പെടുന്ന തെറ്റായ കാഴ്ചപ്പാടുകള്‍, വികലമായ പെരുമാറ്റരീതികള്‍, അബദ്ധപൂര്‍ണമായ ആശയങ്ങള്‍ തുടങ്ങിയവ തിരുത്താനും ശരിയായവ സ്വീകരിക്കാനും അവര്‍ക്ക് സാധിക്കുന്നു. 

  • അവരുടെ നേതൃപാടവം ശരിയായ രീതിയില്‍ പുഷ്ടിപ്പെടുന്നു. 
  • മാതാപിതാക്കളെ ശരിയായി അറിയാന്‍ മക്കള്‍ക്ക് ഇതിലൂടെ കഴിയും. ഓരോ കാര്യത്തിലും മാതാപിതാക്കള്‍ എങ്ങനെ ഇടപെടുന്നു, എന്തു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു, നിലപാടുകള്‍ എന്തൊക്കെ എന്നൊക്കെ കണ്ടറിയാന്‍ മക്കള്‍ക്ക് സാധിക്കുന്നു. 
  • വ്യക്തവും സുതാര്യവും ഫലപ്രദവുമായ ആശയ വിനിമയശേഷി നേടിയെടുക്കാന്‍ കഴിയുന്നു.
  • ശരിയായ സ്‌നേഹം തിരിച്ചറിയാന്‍ കഴിവു നേടുന്നു.
  • ശരിയായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രാപ്തിയുള്ളവരാകുന്നു.
  • സാമ്പത്തിക അച്ചടക്കം നേടിയെടുക്കാന്‍ കഴിയുന്നു.
  • സമ്പത്ത് ബുദ്ധിപരമായി വിനിയോഗിക്കാനുള്ള കഴിവാര്‍ജിക്കുന്നു.
  • കുടുംബ ജീവിതത്തിന്റെ താളപ്പൊരുത്തം മനസ്സിലാക്കാനും അത് ജീവിതവിജയത്തിന് മുതല്‍ക്കൂട്ടാക്കാനും കരുത്താര്‍ജിക്കുന്നു.
  • ജീവിതവിജയത്തിന് അനിവാര്യമായ നല്ല ഓര്‍മകളും അനുഭവങ്ങളും നേടാന്‍ അവസരമുണ്ടാകുന്നു.

 

അവധിക്കാലം മക്കളോടൊത്ത്

മക്കളോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ പറ്റിയ നല്ല അവസരമാണ് വേനലവധിക്കാലം. അവധിക്കാലങ്ങളില്‍മക്കളോടൊപ്പം കൂടുതല്‍ 'ജീവിതം' ചെലവഴിക്കാന്‍ മാതാപിതാക്കള്‍ കഴിയുന്നത്ര ശ്രദ്ധിച്ചാല്‍ മക്കളുടെ വ്യക്തിത്വരൂപീകരണത്തെ അത് അനുകൂലമായി സ്വാധീനിക്കും.

നല്ല കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയും നേട്ടങ്ങള്‍ക്ക് അഭിനന്ദിച്ചും പ്രയത്‌നങ്ങള്‍ക്ക് ചെറിയ വേതനം കൊടുത്തും പോസിറ്റീവ് സ്‌ട്രോക്കുകള്‍ നല്‍കാനും മാതാപിതാക്കള്‍ ശ്രമിക്കണം. 

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും തിരുത്താന്‍ സഹായിച്ചും മനക്കരുത്ത് വര്‍ധിപ്പിക്കണം.

ഒരുമിച്ച് യാത്ര ചെയ്തും മറ്റും അറിവും അനുഭവങ്ങളും നല്‍കണം. കൗമാരക്കാര്‍ ടൂര്‍ പോകുന്നതിനായി തെരഞ്ഞെടുക്കുന്ന സമയമാണ് അവധിക്കാലം. പല ദുര്‍നടപ്പുകളും ഇക്കാലത്താണ് സ്വായത്തമാക്കാറുള്ളത്. മദ്യപാനത്തിന്റെയും മയക്കുമരുന്നുപയോഗത്തിന്റെയും അവിഹിത ബന്ധങ്ങളുടെയും ചതിക്കുഴികളിലേക്ക് മക്കള്‍ വീണുപോകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. എന്നാല്‍, അതു പേടിച്ച് ട്രിപ്പുകള്‍ പോകുന്നതു തടയുക എന്നത് ഗുണകരമാകില്ല. പോകുന്ന വഴിക്ക് പോകട്ടെ, സംഭവിക്കുന്നതെല്ലാം സംഭവിക്കട്ടെ എന്നു തീരുമാനിക്കാനും കഴിയില്ല.

മാതാപിതാക്കള്‍ മക്കളോടൊപ്പം അവധിക്കാല ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്നതാണ് ഈ അപകടം തടയാനുള്ള മാര്‍ഗം. മക്കളുടെ കൂട്ടുകാരെയും അവരുടെ മാതാപിതാക്കളെയും ഇത്തരം ട്രിപ്പുകളില്‍ കൂടെക്കൂട്ടിയാല്‍ മക്കള്‍ക്ക് അവരാഗ്രഹിക്കുന്ന കമ്പനി കിട്ടാനും ട്രിപ്പ് ആസ്വദിക്കാനും സാധിക്കും. കുടുംബത്തിലെതന്നെ സമപ്രായക്കാരായ കുട്ടികളെയും ഇത്തരം ട്രിപ്പുകളില്‍ പങ്കാളികളാക്കുന്നതും ഗുണകരമായിരിക്കും.

അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും ഒരുമിച്ച് സന്ദര്‍ശിക്കാന്‍ അവസരമുണ്ടാക്കണം. രോഗീ പരിചരണത്തിലും സേവന പ്രവര്‍ത്തനങ്ങളിലും മക്കളെ പങ്കാളികളാക്കണം. കനിവും ആര്‍ദ്രതയും പകര്‍ന്നു നല്‍കുന്നത്മാതാപിതാക്കളില്‍നിന്ന് കണ്ടു മനസ്സിലാക്കാന്‍ മക്കള്‍ക്ക് ഇതിലൂടെ സാധിക്കും. 

സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും നാടിനും ഗുണകരമാകുന്ന നല്ല തലമുറയുടെ സൃഷ്ടിപ്പ് ഇത്തരം കരുതലുകളിലൂടെ ഉറപ്പാക്കാന്‍ സാധിക്കും. എന്നാല്‍, ഉത്തമവും മാതൃകാപരവുമായ ദീനീനിഷ്ഠ ജീവിതം നയിക്കുന്ന മാതാപിതാക്കള്‍ക്കു മാത്രമേ മക്കള്‍ക്ക് മോഡല്‍ ആകാന്‍ കഴിയുകയുള്ളൂ എന്ന കാര്യം മാതാപിതാക്കള്‍ ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. 

(ആശ്വാസ് കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടറാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍