രാഷ്ട്രീയക്കളിയില്‍ കൈവിട്ടുപോകുന്ന ഗോലാന്‍ കുന്നുകള്‍
ഡൊണാള്‍ഡ് ട്രംപിന് അടുത്ത വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച് ജയിക്കണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനാവട്ടെ വരുന്ന ഏപ്രില്‍ ഒമ്പതിന് തന്നെ ഒരു അഗ്നിപരീക്ഷയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് കയറുന്നതിനുള്ള കുടില തന്ത്രങ്ങളുമായി ലോകസമാധാനത്തിന് നിരന്തരം ഭീഷണികളുയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ഈ രണ്ട് രാഷ്ട്രത്തലവന്മാരും. ഒരേ തൂവല്‍ പക്ഷികളായ ഈ രണ്ട് പേരിലൊരാള്‍ നടത്തുന്ന ഏതു രാഷ്ട്രീയ-സൈനികനീക്കവും അപരന് ഗുണകരമായി ഭവിക്കും. അതില്‍ ഏറ്റവും ഒടുവിലത്തേതാണ്, ഇസ്രയേല്‍ 1967-ലെ ആറുദിന യുദ്ധത്തില്‍ സിറിയയില്‍നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ ഇസ്രയേലിന് പരമാധികാരമുണ്ട് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ ഒപ്പുചാര്‍ത്തല്‍. നെതന്യാഹു വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിച്ച വേളയിലാണ് ഗോലാന്‍ കുന്നുകളിലുള്ള ഇസ്രയേലിന്റെ മുഴുവന്‍ അവകാശവാദങ്ങളെയും ട്രംപ് അംഗീകരിച്ചുകൊടുത്തത്. അപ്പോള്‍തന്നെ, ഗസ്സയില്‍നിന്ന് റോക്കറ്റ് ഇസ്രയേലിലേക്ക് തൊടുത്തെന്നും പറഞ്ഞ് പ്രതികാരം ചെയ്യാന്‍ നെതന്യാഹു ഉടനടി തെല്‍അവീവിലേക്ക് പറന്നു. ഇതുപോലുള്ള എന്തൊക്കെ തെരഞ്ഞെടുപ്പ് സ്റ്റണ്ടുകള്‍ ലോകം കണ്ടിരിക്കുന്നു! ട്രംപിന്റെ ലക്ഷ്യം വളരെ വ്യക്തം. അമേരിക്കയിലെ സയണിസ്റ്റ് ലോബിയെയും തീവ്രവലതുപക്ഷ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളെയും പൂര്‍ണമായി കൂടെ നിര്‍ത്തണം. അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോമാലി വംശജയായ ഇല്‍ഹാന്‍ ഉമര്‍, അമേരിക്കയിലെ ജൂതലോബിയായ അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശങ്ങളും ട്രംപ് ആയുധമാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയ ഈ ലോബിക്കെതിരെ ശബ്ദിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയെ പിന്തുണക്കാന്‍ ഡെമോക്രാറ്റുകള്‍ രംഗത്തു വരുന്നില്ല എന്നതില്‍നിന്നുതന്നെ അതിന്റെ സ്വാധീനം ഊഹിക്കാം. ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനവും ജൂതലോബിയെയും അവരോടൊപ്പമുള്ള തീവ്ര വലത് അമേരിക്കന്‍ പക്ഷത്തെയും സുഖിപ്പിക്കാന്‍ തന്നെയായിരുന്നു.
ലോകത്ത് അസമാധാനം വിതക്കുന്ന ട്രംപ്-നെതന്യാഹു കൂട്ടുകെട്ട് തന്നെയാണ് 'പശ്ചിമേഷ്യന്‍ സമാധാന' സമ്മേളനങ്ങളും നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരത്തില്‍ പോളിഷ് തലസ്ഥാനമായ വാര്‍സോയില്‍ ഒരെണ്ണം നടത്തിയിരുന്നു. അജണ്ടയില്‍ എഴുതിയത് സമാധാനം എന്നായിരുന്നെങ്കിലും, ഇറാനെ ഒതുക്കാനാണോ ഫലസ്ത്വീന്‍ ഇഷ്യൂ കുഴിച്ചുമൂടാനാണോ അത് നടത്തിയത് എന്ന കാര്യത്തിലേ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ തര്‍ക്കമുള്ളൂ. രണ്ടും ലക്ഷ്യമായിരുന്നു എന്ന് പറയുന്നവരുമുണ്ട്. പൊതുശത്രുവിനെതിരെ ഇസ്രയേലിനെയും അറബ് രാഷ്ട്രങ്ങളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഇതിന്റെയൊക്കെ ആത്യന്തിക ലക്ഷ്യം. പക്ഷേ ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന് തീറെഴുതിക്കൊടുക്കുക പോലുള്ള നടപടികള്‍ അറബ് തെരുവുകളെ പ്രക്ഷുബ്ധമാക്കും. അത് കണ്ടില്ലെന്നു നടിക്കാന്‍ അറബ് ഭരണാധികാരികള്‍ക്കും കഴിയില്ല. ട്രംപ് ഈ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുമെല്ലാം അവരോടൊപ്പമുണ്ട്. പക്ഷേ ഈ ഉപചാരപ്രതിഷേധങ്ങളൊന്നും ട്രംപിനെ തിരുത്താന്‍ മതിയായതല്ല എന്നത് മറ്റൊരു കാര്യം.
Comments