Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

മാലാഖ എഴുതിവെച്ച പേര്

ഇബ്‌റാഹീം ഷംനാട്

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിലനിന്നിരുന്ന അടിമത്തസമ്പ്രദായത്തിനെതിരെയും ക്രൈസ്തവ പൗരോഹിത്യത്തിനെതിരെയും തൂലിക ചലിപ്പിച്ച കവിയാണ് ജെയിംസ് ഹെന്റി ലെയ് ഹണ്ട് (James Henry Leigh Hunt -1784  to 1859). സ്വാതന്ത്ര്യസമരപോരാട്ടങ്ങളിലെ രക്തസാക്ഷിയായി അറിയപ്പെടുന്ന സാഹിത്യകാരന്‍. 1813-ല്‍ സഹോദരനോടൊപ്പം ജയില്‍ തുറുങ്കിലടക്കപ്പെട്ട പോരാളി. പ്രശസ്ത ഇംഗ്ലീഷ് കവികളായ ഷെല്ലി, ജോണ്‍ കീറ്റ്‌സ് എന്നിവരുടെ ആത്മമിത്രം. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് ബ്രിട്ടീഷ് വംശജനായ ലെയ് ഹണ്ട്.

'അബു ബിന്‍ അദ്ഹം' ജെയിംസ് ഹണ്ട് എഴുതിയ അനേകം പ്രശസ്ത കവിതകളില്‍ ഒന്ന് മാത്രം. കവിതയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഇസ്‌ലാമികമൂല്യങ്ങളുമായി അഭേദ്യമായി ബന്ധമുള്ള, ഹൃദയസ്പര്‍ശിയായ ആശയങ്ങളടങ്ങിയ കവിതയാണിത്. ദൈവസ്‌നേഹവും സഹജീവിസ്‌നേഹവും പരസ്പരപൂരകമാവുന്ന മനോഹരമായ ആവിഷ്‌കാരം. എന്തുകൊണ്ടോ മാലാഖ രേഖപ്പെടുത്തിവെച്ചിരുന്ന ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പേരുകളില്‍ അബുവിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്പോള്‍ മാലാഖയോട് അബു പറയുന്നത്, സഹജീവികളെ സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെയും പേര് എഴുതണം എന്നാണ്. മാലാഖ അബുവിന്റെ പേര് അതില്‍ ഉള്‍പ്പെടുത്തകയും ചെയ്യുന്നു. ഇതാണ് കവിതയിലെ പ്രമേയം.

ദൈവത്തെ സ്‌നേഹിക്കുന്നവരും സഹജീവികളെ സ്‌നേഹിക്കുന്നവരും ഒരേ തലത്തിലേക്കുയരുന്ന മാനവികത ഉദ്‌ഘോഷിക്കുന്ന കവിതയാണിതെന്ന് വിലയിരുത്തപ്പെടുന്നു.  പ്രവാചകനില്‍നിന്ന് അബൂഹുറയ്‌റ ഉദ്ധരിക്കുന്നു: 'വിധവയെയും അഗതിയെയും സംരക്ഷിക്കാന്‍ അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അധ്വാനിക്കുന്നവനു തുല്യനാകുന്നു.' അബൂഹുറയ്‌റ പറയുന്നു: 'അവന്‍ വിശ്രമമില്ലാതെ നമസ്‌കരിക്കുന്നവനെപ്പോലെയും ഒരിക്കലും നോമ്പു തുറക്കാതെ വ്രതമനുഷ്ഠിക്കുന്നവനെപ്പോലെയും ആണ്' എന്നുകൂടി റസൂല്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു (ബുഖാരി, മുസ്‌ലിം).

മാനുഷികസ്പര്‍ശമില്ലാത്ത കേവലം വിശ്വാസങ്ങളുടെയും ആരാധനകളുടെയും സമുച്ചയമല്ല ഇസ്‌ലാം. അത് മാനവികമാണ്. കാരുണ്യത്തിന്റെ നനവാര്‍ന്ന ദര്‍ശനമാണ്. ഇസ്‌ലാമിലെ ആര്‍ദ്രതയുടെ ഭാഗം ഒഴിച്ചുനിര്‍ത്തി ഇസ്‌ലാമിനെ വിശകലനം ചെയ്യുന്നത്  അബദ്ധജഡിലമായിരിക്കും. പ്രവാചകന്‍ പറയുന്നു:  'കരുണയുള്ളവരോട് കരുണാവാരിധിയും കരുണ കാണിക്കുന്നു. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.' സമസൃഷ്ടികളോടുള്ള ഇസ്‌ലാമിന്റെ ഈ സന്ദേശം ശക്തമായി അവതരിപ്പിക്കുന്ന ജെയിംസ് ഹിന്റെ കവിത നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

ഒരു രാത്രി അബു ബിന്‍ അദ്ഹം സ്വപ്‌നത്തില്‍നിന്നുണര്‍ന്നു. ചന്ദ്രപ്രകാശം കൊണ്ട് പ്രകാശപൂരിതമായിരുന്നു അവന്റെ കിടപ്പറ. മനോഹരമായ  ലില്ലി പൂവിന്റെ വര്‍ണം വിതറിയിരിക്കുന്നു. സ്വര്‍ണപുസ്തകത്തില്‍  മാലാഖ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിശയിപ്പിക്കുന്ന സമാധാനം അവനെ ധീരനാക്കി. മാലാഖയോട് അവന്‍ ആരാഞ്ഞു:

'താങ്കള്‍ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്?' മാലാഖ തലയുയര്‍ത്തി, മധുരിമയോടെ ഇങ്ങനെ മൊഴിഞ്ഞു: 

'ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പേരുകള്‍.' 

'ആ പേരില്‍ ഒന്ന് എന്റേതാണോ?' - അബു ആരാഞ്ഞു. 

'ഇല്ല. അതില്‍ ഇല്ലല്ലോ' - മാലാഖ ഉറപ്പിച്ചു പറഞ്ഞു. 

പതിഞ്ഞ സ്വരത്തില്‍ സന്തോഷത്തോടെ അബു പറഞ്ഞു: 'എന്റെ പേര് കൂടി അതില്‍ ചേര്‍ക്കൂ, സഹജീവിയെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍.'

മാലാഖ ആ പേര് എഴുതുകയും അപ്രത്യക്ഷനാവുകയും ചെയ്തു.

അതിരറ്റ പ്രകാശത്തോടെ  മാലാഖ പിറ്റേദിവസം വീണ്ടും പ്രത്യക്ഷപ്പെട്ടു. 

ദൈവസ്‌നേഹം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരുടെ പേര് കാണിച്ചു. എന്തൊരത്ഭുതം, ബിന്‍ അദ്ഹമിന്റെ പേര് മറ്റെല്ലാ  പേരുകള്‍ക്കും മുമ്പിലായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍