Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

മൊറോക്കോയുടെ ഫാത്വിമമാര്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ മൊറോക്കോക്ക് ഇസ്‌ലാമിക വിജ്ഞാനോല്‍പാദനത്തിലും വ്യാപനത്തിലും ഉയര്‍ന്ന സ്ഥാനമുണ്ട്. ഈ മേഖലയില്‍ വനിതകളുടെ പങ്കും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും പുരാതനമായ ഖുറവിയ്യീന്‍ സര്‍വകലാശാലയുടെ സ്ഥാപക ഫാത്വിമ അല്‍ ഫിഹ്‌രിയ്യ ഇതില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നു. സി.ഇ 800-ല്‍ തുനീഷ്യയിലെ ഖുറവിയ്യീനില്‍ ജനിച്ച ഫാത്വിമ അല്‍ ഫിഹ്‌രിയ്യ കുടുംബത്തോടൊപ്പം  മൊറോക്കോയിലെ ഫാസിലേക്ക് താമസം മാറ്റി. ധനിക കുടുംബത്തിലേക്ക് വിവാഹിതയായ ഫാത്വിമ തന്റെ സമ്പത്ത് ഭര്‍ത്താവിന്റെ മരണശേഷം വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിക്കുകയും സി.ഇ 859-ല്‍ ഖുറവിയ്യീന്‍ സര്‍വകലാശാല സ്ഥാപിക്കുകയും ചെയ്തു. ഇന്നും ഈ സ്ഥാപനം വിദ്യാഭ്യാസ മേഖലയില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്നു. 'ആധുനികകാലത്തെ ഫാത്വിമ അല്‍ ഫിഹ്‌രിയ്യ' എന്ന് മൊറോക്കന്‍ ജനത വാഴ്ത്തുന്ന മഹദ് വനിതയാണ് ഫാത്വിമ അല്‍ മദ്റസിയ. മൊറോക്കോയിലെ പ്രമുഖ പ്രഫഷണല്‍ സ്ഥാപനമായ നാഷ്‌നല്‍ സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജമെന്റി(ENCG)ന്റെ സ്ഥാപകയാണവര്‍. 2003-ലാണ് ENCG ഫാത്വിമ അല്‍ മദ്റസിയ സ്ഥാപിക്കുന്നത്. ഔജയിലെ മുഹമ്മദ് പ്രീമിയര്‍ യൂനിവേഴ്സിറ്റിയുടെ ഭാഗമായാണ് ENCG പ്രവര്‍ത്തിക്കുന്നത്. കീര്‍ത്തി ആഗ്രഹിക്കാത്ത ഫാത്വിമ അല്‍ മദ്റസിയയുടെ പേര് വിവരങ്ങള്‍ സ്റ്റേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഖാലിദ് സമദിയാണ് കഴിഞ്ഞ നവംബറില്‍ പുറത്തു വിട്ടത്. 'മൊറോക്കോയുടെ ഫാത്വിമമാര്‍' എന്നാണ് ഖാലിദ് സമദി ഫാത്വിമ അല്‍ ഫിഹ്‌രിയ്യയെയും ഫാത്വിമ അല്‍ മദ്റസിയയെയും വിശേഷിപ്പിച്ചത്. 

 

 

'ഞങ്ങള്‍ക്കും ജീവിക്കണ'മെന്ന് ഗസ്സാ നിവാസികള്‍

തൊണ്ണൂറുകളില്‍ ഇസ്രയേല്‍ ഗസ്സ മുനമ്പില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും 2006-ലെ ഫലസ്ത്വീന്‍ തെരഞ്ഞെടുപ്പോടെ ഹമാസ് വിജയിക്കുകയാണുായത്. അതിനു ശേഷം ഫത്ഹും ഹമാസും തമ്മില്‍ രാഷ്ട്രീയ ഭിന്നത രൂപപ്പെട്ടു. ഗസ്സ മുനമ്പിന്റെ അധികാരം ഹമാസ്തന്നെ  ഏറ്റെടുത്തു. ഹമാസിനെ വെച്ചുപൊറുപ്പിക്കില്ലെന്ന് ശഠിച്ച ഇസ്രയേല്‍ 2007-ല്‍ ഗസ്സയിലേക്കുള്ള കര, കടല്‍, ആകാശ മാര്‍ഗങ്ങളെല്ലാം ഉപരോധിച്ചു. അതിന്റെ ഫലമായി രണ്ട് ദശലക്ഷം ഗസ്സ നിവാസികള്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ നരകയാതന അനുഭവിക്കുകയാണിപ്പോള്‍. പുറംലോകത്തേക്കുള്ള ഏക വഴിയായ റഫാ അതിര്‍ത്തിയില്‍ ഈജിപ്ഷ്യന്‍ ഭരണകൂടം കൂടുതല്‍ നിയന്ത്രണം വരുത്തിയതോടെ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടുതല്‍ രൂക്ഷമായി. 2020-ഓടെ ഗസ്സ ജനവാസയോഗ്യമല്ലാതായി മാറുമെന്ന് യു.എന്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും, ഇസ്രയേല്‍ അതിക്രമത്തിനെതിരെ പതിവുപോലെ അന്താരഷ്ട്ര സമൂഹം നിസ്സംഗത പുലര്‍ത്തുന്നു.

ഖത്തര്‍ ഗസ്സക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായവും  ഇസ്രയേല്‍ മുടക്കുകയാണ്. ഭക്ഷണം, വസ്ത്രം, വൈദ്യുതി എന്നിവ അടക്കം അവശ്യവസ്തുക്കളുടെ അഭാവം ഗസ്സാ ജനതയെ വീര്‍പ്പുമുട്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് 'ഞങ്ങള്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യമുയര്‍ത്തി ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഹമാസ് ഭരണമൊഴിയണം എന്ന മുദ്രാവാക്യമുയര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരെ  പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഗസ്സയിലെ ഈ രാഷ്ട്രീയ സാഹചര്യത്തിന് മറ്റൊരു വശം കൂടിയുണ്ടെന്ന് മുഅ്തസിം ദല്ലൂല്‍ 'മിഡില്‍ ഈസ്റ്റ് ഐ'യില്‍ എഴുതുന്നു. ഫത്ഹ് നേതൃത്വം ഈ പ്രതിഷേധപ്രകടനങ്ങളെ ഹമാസ്‌വിരുദ്ധ വികാരം സൃഷ്ടിക്കാനായി ദുരുപയോഗപ്പെടുത്തുകയാണ്.  പ്രതിഷേധക്കാരെ  പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിവെച്ചിരുന്നു. പക്ഷേ, സാമൂഹിക മാധ്യമങ്ങളില്‍, വെസ്റ്റ് ബാങ്കിലെ ഫത്ഹിന്റെ ഒരു നേതാവ് പരിക്കേറ്റ ഒരു ഇറാഖി യുവാവിന്റെ ചിത്രം കാണിച്ച് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിനോടൊപ്പം ഫത്ഹ് ഉദ്യോഗസ്ഥരും ഈ സാഹചര്യം  മുതലെടുത്തു ഹമാസിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടെന്ന്് മുഅ്തസിം ദല്ലൂല്‍ എഴുതുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അറബി വക്താവ് ഓഫിര്‍ ഗെന്ധല്‍മാന്‍ ഹമാസില്ലാത്ത നല്ലൊരു ജീവിതം ഗസ്സാവാസികള്‍   അര്‍ഹിക്കുന്നു എന്ന് പ്രസ്താവിച്ചിരുന്നു. ഫലസ്ത്വീന്‍ അതോറിറ്റിയും ഫത്ഹും രംഗം കൂടുതല്‍ വഷളാക്കാന്‍ ശ്രമിച്ചതിന്റെ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും അത് വെളിപ്പെടുത്തുമെന്നും  ഹമാസ് പറഞ്ഞു. പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യത്തില്‍ ഹമാസ് കൂടുതല്‍ കരുതലോടെ നയപരിപാടികള്‍ സ്വീകരിക്കേണ്ടതുണ്ട്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍