ഇസ്‌ലാം നവോത്ഥാന ശക്തിയാകുന്നത്
നവോത്ഥാനം ഒരു യുറേക്കയല്ല. ഏതോ കാലബിന്ദുവില്‍ വെച്ച് ആരോ കണ്ടെത്തിയ പുത്തന്‍ കാര്യമല്ല. നവോത്ഥാനം തുടര്‍ച്ചയാണ്. ഒളിമങ്ങിപ്പോകുന്ന മൂല്യങ്ങളെ തെളിയിച്ചെടുക്കലാണ്. ഇസ്‌ലാം ചരിത്രത്തിലെ ഏറ്റവും വലിയ നവോത്ഥാന ശക്തിയാണ്. ഇസ്‌ലാം അതിന്റെ ആദര്‍ശപരമായ സാന്നിധ്യം കൊണ്ടാണ് നവോത്ഥാന ശക്തിയാവുന്നത്. മതത്തിനെതിരെ മതേതരത്വം വിജയം നേടിയ നിമിഷത്തിലാണ് നവോത്ഥാനം പിറവിയെടുത്തത് എന്ന് കരുതുന്നതിന്റെ കാരണം ചരിത്രം ആരംഭിക്കുന്നത് പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്.
ഇസ്‌ലാം നവോത്ഥാന ശക്തിയാകുന്നത് ചില ചരിത്ര സാഹചര്യങ്ങളുടെ കേവല സമ്മര്‍ദം കൊണ്ടല്ല. അതിന്റെ തനതു വിശ്വാസങ്ങള്‍ കൊണ്ടാണ്. സമത്വം, സാഹോദര്യം എന്നിവയാണ് എക്കാലത്തും നവോത്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍. ഉച്ചനീചത്വങ്ങളുടെ ഉച്ചാടനമാണ് മുന്നോട്ടുപോവലിന്റെ പ്രധാന മുദ്രാവാക്യം. ഇസ്‌ലാം ഉച്ചനീചത്വങ്ങളില്‍ നിന്ന് കുതറുന്നതിന്റെ കാരണം അത് ഏകമായ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതാണ്. ഏകദൈവം എന്നതിന്റെ അനിവാര്യ താല്‍പര്യമാണ് ഏക മാനവികത എന്നത്. പലതരം ദൈവങ്ങള്‍ പലതരം മനുഷ്യരുടെ ഉത്ഭവ സ്ഥാനങ്ങളാണ്. ദൈവത്തെ ലോകരക്ഷിതാവെന്ന് പരിചയപ്പെടുത്തിയ മൂസാ നബിയോട് ലോകരക്ഷിതാവോ എന്ന് ഫറോവ കൗതുകത്തോടെയും ഏറെ കയ്‌പ്പോടെയും ചോദിച്ചതിന്റെ കാരണമതാണ്. ജനതയില്‍ ചിലരെ ദുര്‍ബലരാക്കി അടിച്ചമര്‍ത്തുന്ന ഫറോവക്ക് എല്ലാവര്‍ക്കും കൂടി ഒരു ദൈവം എന്ന വിശ്വാസം അംഗീകരിക്കാനാവില്ല. അവിടെ കുലങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കുമാണ് ദൈവങ്ങളുള്ളത്.
ഖുര്‍ആന്‍ ആരംഭിക്കുന്നത് വിശ്വാസിക്കും അവിശ്വാസിക്കും കാരുണ്യം ചെയ്യുന്ന ദൈവത്തിന്റെ നാമത്തിലാണ്. അടുത്ത വാചകം ലോകരുടെ രക്ഷിതാവായ ദൈവത്തിനാണ് സര്‍വസ്തുതിയുമെന്നാണ്. ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമുണ്ടാകുമ്പോഴാണ് ലോകര്‍ എന്ന ആശയമുണ്ടാകുന്നത്. ലോകരുടെ രക്ഷിതാവ് എന്ന വിഭാവന മനുഷ്യനെയും കവിഞ്ഞുനില്‍ക്കുന്നതാണ്, എല്ലാ ചരങ്ങളെയും അചരങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. വൈവിധ്യമാര്‍ന്ന കാരുണ്യങ്ങളുടെ ഉടയവനും ലോകരക്ഷിതാവുമായ ദൈവത്തെക്കുറിച്ച് പറഞ്ഞ് ആരംഭിക്കുന്ന ഖുര്‍ആന്‍ അവസാനിക്കുന്നത് 'പറയുക, ഞാന്‍ അഭയം തേടുന്നു; ലോകരുടെ നാഥനോട്, ജനങ്ങളുടെ ഉടമസ്ഥനോട്, ജനങ്ങളുടെ ദൈവത്തോട്' എന്നു പറഞ്ഞുകൊണ്ടാണ്. പൊതുജനം എന്ന വിഭാവനയില്ലാത്ത, അടിമയും ഉടമയും കുലീനനും സാധാരണക്കാനും സമ്പന്നനും ദരിദ്രനും ആണും പെണ്ണും ഒരു ജനമാണെന്ന സങ്കല്‍പം തന്നെയില്ലാത്ത കാലത്താണ് ഖുര്‍ആന്‍ പൊതുജനത്തിന്റെ ദൈവത്തെക്കുറിച്ച് സംസാരിക്കുന്നത്. മനുഷ്യന്‍ ഒരു സ്പീഷ്യസാണെന്നത് ആധുനികതയുടെ കണ്ടുപിടിത്തമല്ല. ഇസ്‌ലാം മനുഷ്യസൃഷ്ടിയൊടൊപ്പം പഠിപ്പിക്കുന്ന മുഖ്യപാഠമാണ്. മനുഷ്യര്‍ (ഇന്‍സാന്‍), ആദമിന്റെ മക്കള്‍ (ബനൂ ആദം) എന്നു പറയുന്നതും ജനം (അന്നാസ്) എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മനുഷ്യര്‍ എന്ന സങ്കല്‍പം തന്നെ സാമൂഹിക ജീവിയെക്കുറിക്കുന്നതാണ് എന്നു പറയാം. എന്നാല്‍ നാസ് (ജനം) എന്നതിലെത്തുമ്പോള്‍ അത് കൂടുതല്‍ സ്പഷ്ടമാവുകയും മൂര്‍ത്തമാവുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ മനുഷ്യവിരുദ്ധതയുടെ അടിത്തറയായ ജാതിബോധത്തിന്റെ വേരുകള്‍ കിടക്കുന്നത് തെറ്റായ ദൈവബോധത്തിലാണ്. വൈക്കം ക്ഷേത്രത്തിന്റെ മുമ്പിലുള്ള വഴിയിലൂടെ ഈഴവര്‍ മുതല്‍ താഴെയുള്ള ജാതിയില്‍പെട്ടവര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട വൈക്കം സത്യഗ്രഹസമയത്ത് വൈക്കം ക്ഷേത്രത്തിന്റെ ഊരാളന്മാരായ ഇണ്ടന്‍തുരുത്തി മലയിലെ നമ്പൂതിരിയോട് ഗാന്ധിജി, പാമ്പും പട്ടിയും സഞ്ചരിക്കുന്ന വഴിയിലൂടെ ഈഴവര്‍ മുതലുള്ള ജാതികള്‍ സഞ്ചരിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ നമ്പൂതിരി പറഞ്ഞത് പട്ടിയും പാമ്പും ദൈവത്തിന്റെ സൃഷ്ടികളാണ്, ഈഴവര്‍ മുതലുള്ള ജാതികള്‍ ദൈവത്തിന്റെ സൃഷ്ടികളല്ല എന്നായിരുന്നു. ജനങ്ങള്‍ ചീര്‍പ്പിന്റെ പല്ലുപോലെ സമന്മാരാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ജനം ചീര്‍പ്പിന്റെ പല്ലുപോലെ സമന്മാരായിരിക്കുന്നതിന്റെ കാരണം അവരുടെ മുകളിലിരിക്കുന്ന ദൈവം ഏകനാണ് എന്നതാണ്. ജാതികള്‍ക്കപ്പുറം ജനതയുണ്ട് എന്നത് ലോകത്ത് ആരുടെയെങ്കിലും കണ്ടുപിടിത്തമാണെങ്കില്‍ അത് ഇസ്‌ലാമിന്റെ കണ്ടുപിടിത്തമാണ്. ഏക ദൈവദര്‍ശനം ലോകത്തിനു നല്‍കിയ സംഭാവനയാണത്. മനുഷ്യനെക്കുറിച്ച കാഴ്ച സത്യസന്ധമാവുന്നത് ദൈവത്തെക്കുറിച്ച കാഴ്ചപ്പാട് സത്യസന്ധമാവുമ്പോഴാണ്. ഏകദൈവം എന്നതിന്റെ ചരിത്രത്തിലെ സാക്ഷാത്കാരമാണ് ഏകലോകം എന്നത്. ബഹുദൈവങ്ങള്‍ ശിഥിലമാക്കിയ ലോകത്തെ ഏകീകരിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി (സ). ലോകത്തിന് കാരുണ്യമെന്ന് ഖുര്‍ആന്‍ മുഹമ്മദ് നബിയെ വിശേഷിപ്പിക്കുന്നതിന്റെ കാരണമതാണ്. ദേശരാഷ്ട്രാതിര്‍ത്തികള്‍ കൊടികുത്തിവാഴുന്ന കാലത്തും ഇസ്‌ലാം ആഗോള മാനവികതയെ സ്വപ്‌നം കാണുന്നതിന്റെ കാരണമതാണ്. ഏകദൈവ ബോധം ഏക മാനവികതയുടെ സാമൂഹികശരീരത്തെ സ്വപ്‌നം കണ്ടുകൊണ്ടായിരിക്കും. നവോത്ഥാനം ദേശാതിര്‍ത്തികളില്‍ അവസാനിച്ചുപോയവര്‍ക്ക് ഇത് തീവ്രവാദമായി അനുഭവപ്പെട്ടുകൊണ്ടേയിരിക്കും.
സാഹോദര്യം
ഒറ്റ ദൈവത്തിന്റെ സൃഷ്ടികള്‍ പരസ്പരം സഹോദരന്മാരാകാതിരിക്കാന്‍ ഒരു വഴിയുമില്ലല്ലോ. പൊതുസമൂഹ നിര്‍മിതിയില്‍ ഇസ്‌ലാം വലിയ പങ്കു വഹിച്ചുപോരുന്നതിന്റെ കാരണമതാണ്. ബിപിന്‍ ചന്ദ്രപാല്‍ നിരീക്ഷിക്കുന്നു. ''മുഹമ്മദീയരാണ് നമുക്കവകാശങ്ങള്‍ തന്നത്. പ്രത്യേക ജാതി സമുദായങ്ങള്‍ എന്ന നമ്മുടെ സ്ഥാനങ്ങള്‍ക്കു പുറമെ അവയുമായി ബന്ധമില്ലാത്ത രാഷ്ട്രീയാവകാശങ്ങളും. ജനായത്തത്തിന്റെ, യഥാര്‍ഥ ദേശീയ ജീവിതത്തിന്റെ, പൗരസമത്വത്തിന്റെ അടിത്തറ കിടക്കുന്നത് അവിടെയാണ്.''
കേരളത്തില്‍ ഇന്ന് വികസിച്ചുനില്‍ക്കുന്ന പൊതുമണ്ഡലം യൂറോപ്യന്‍ ആധുനികതയുടെയോ കീഴാള നവോത്ഥാനത്തിന്റെയോ സംഭാവനയല്ല. പോര്‍ച്ചുഗീസ് അധിനിവേശത്തെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍നിന്ന് ഇടനാടുകളിലേക്ക് താമസം മാറ്റേണ്ടിവന്ന മുസ്‌ലിംകള്‍ അവിടെ താമസിച്ചിരുന്ന തൊട്ടുകൂടാത്ത ജാതിക്കാരുമായി ചേര്‍ന്നു സൃഷ്ടിച്ചുതുടങ്ങിയതാണ് കേരളത്തില്‍ ഇന്ന് കാണുന്ന പൊതുമണ്ഡലം. ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യരുടെ പൊതു ഇടം എന്ന സങ്കല്‍പത്തിന്റെ കേരളത്തിലെ തുടക്കമതാണ്. ജാതിവിവേചനത്തോട് മുസ്‌ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാതെപോയത് അവരുടെ ഏകദൈവ വിശ്വാസം കാരണമാണ്. അവര്‍ ഏകദൈവ വിശ്വാസം പ്രയോഗവല്‍ക്കരിച്ചപ്പോള്‍ ഏക മാനവികത സ്വാഭാവികമായും സംഭവിച്ചു. ടിപ്പുസുല്‍ത്താനെയും പിതാവ് ഹൈദരലിയെയും കുറിച്ച് ഓറിയലിന്റിസ്റ്റായ വുഡ്‌കോക് രേഖപ്പെടുത്തുന്നു: ''അവര്‍ക്ക് എന്തൊക്കെ തെറ്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും ദൈവത്തിനു മുന്നില്‍ മനുഷ്യരെല്ലാം സമന്മാരാണെന്ന മുസ്‌ലിം സങ്കല്‍പ്പത്തിനു വിരുദ്ധമായി കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വങ്ങള്‍ ഹൈദരലിയെയും മകനെയും ഞെട്ടിക്കുക തന്നെ ചെയ്തു.'' ദൈവത്തിനു മുന്നില്‍ മനുഷ്യര്‍ സമന്മാര്‍ എന്ന സങ്കല്‍പം സാമൂഹികപരിഷ്‌കരണമായി പരിണമിച്ച് ഭരണാനുഭവമായിത്തീരുകയായിരുന്നു ടിപ്പുസുല്‍ത്താന്. മലബാറിലെ പ്രധാന പൊതുനിരത്തുകള്‍ ടിപ്പുവിന്റെ സംഭാവനയാണ്. പൊതു ദൈവവും പൊതുമനുഷ്യനും ഉണ്ടാവുന്നതിന്റെ സ്വാഭാവിക വികാസമാണ് പൊതുനിരത്തുകള്‍. പോര്‍ച്ചുഗീസ് കടന്നുകയറ്റകാലത്ത് ഇടനാടിലേക്ക് മാറിയ ഇസ്‌ലാം മതാനുയായികള്‍ പൊതു മണ്ഡലത്തെ സാധ്യമാക്കി. അതിന്റെ തുടര്‍ച്ചയായി ടിപ്പു പൊതുനിരത്തുകള്‍ നിര്‍മിച്ചു. പൊതുവായ ദൈവം എന്ന വിശ്വാസം പൊതുനിരത്തായി വികസിക്കുകയായിരുന്നു. ജാതി ദൈവം പൊതു നിരത്തിനെതിരായിരുന്നു. അതുകൊണ്ടാണ് പൊതുനിരത്തിലൂടെ വഴിനടക്കാന്‍ സാധാരണ മനുഷ്യര്‍ക്ക് ജാതിദൈവങ്ങളോട് പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നത്. വഴികള്‍ ജാതിദൈവങ്ങളോട് എത്ര അടുത്ത് സ്ഥിതി ചെയ്യുന്നുവോ അത്ര അത് മനുഷ്യരോട് അകലം പാലിച്ചിരുന്നു. അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ മുന്നിലുള്ള വഴിയിലൂടെ നടക്കാന്‍ മനുഷ്യര്‍ക്ക് സമരം സംഘടിപ്പിക്കേണ്ടിവന്നത്. വേറെ വഴിയിലൂടെ നടന്നാല്‍ പോലും ജാതിദൈവത്തിന്റെ മുന്നിലുള്ള വഴിയിലൂടെ മനുഷ്യര്‍ക്ക് നടക്കാന്‍ കഴിയുമായിരുന്നില്ല. ജാതിയധിഷ്ഠിത സമൂഹത്തിനകത്ത് ഒരിക്കലും സാഹോദര്യവും സഹാനുഭൂതിയും വികസിക്കുകയില്ല എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്: ''ഹിന്ദുക്കളുടെ ധാര്‍മികതയില്‍ ജാതി ചെലുത്തുന്ന സ്വാധീനം പരിതാപകരമാണ്. ജാതി പൊതുചേതനയെ ഇല്ലാതാക്കിയിരിക്കുന്നു, പൊതു പരോപകാര ധാരണയെ നശിപ്പിച്ചിട്ടുണ്ട്. ജാതി പൊതുജനാഭിപ്രായത്തെ അസാധ്യമാക്കിയിട്ടുണ്ട്. ഒരു ഹിന്ദുവിന് പൊതുജനങ്ങള്‍ എന്നത് അയാളുടെ ജാതിയാണ്. ആ ജാതിയില്‍ മാത്രമായി അയാളുടെ ഉത്തരവാദിത്തങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. നന്മകള്‍ ജാതിനിയന്ത്രിതവും ധാര്‍മികത ജാതിബന്ധിതവുമാണ്. അര്‍ഹതപ്പെട്ടവരോട് അതിന് ഒരു അനുകമ്പയുമില്ല. അര്‍ഹമായതിന് ഒരു പ്രശ്‌നവുമില്ല. ആവശ്യമായവര്‍ക്ക് ഒരു പരോപകാരവുമില്ല. ദുരിതങ്ങളോട് ഒരു പ്രതികരണവുമില്ല. അനുകമ്പയുണ്ട്, പക്ഷേ അത് ജാതിയില്‍ തുടങ്ങി ജാതിയില്‍ അവസാനിക്കുന്നു. സഹാനുഭൂതിയുണ്ട്, പക്ഷേ മറ്റുള്ള ജാതിയില്‍പെടുന്നവരോടില്ല'' (ജാതി ഉന്മൂലനം 13,1). സാഹോദര്യത്തിന്റെ അസാധ്യതയാണ് ജാതി. പല ദൈവങ്ങള്‍ എന്നതിന്റെ സ്വാഭാവികതയാണ് പല മനുഷ്യര്‍ എന്ന ജാതിസമ്പ്രദായം.
പരലോക വിശ്വാസം
പരലോക വിശ്വാസം ഒരു പരലോക കാര്യം മാത്രമല്ല, ഇഹലോക കാര്യം കൂടിയാണ്. മക്കയിലെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടികളുടെ പ്രശ്‌നത്തെ പരലോകത്തെ മുന്‍നിര്‍ത്തിയാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്: ''കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടികള്‍ ചോദിക്കപ്പെടും; നിങ്ങള്‍ എന്ത് കുറ്റത്തിനാണ് കുഴിച്ചമൂടപ്പെട്ടതെന്ന്'' (അത്തക്‌വീര്‍: 8,9)
ഇസ്‌ലാമിനെ ഒരാദര്‍ശമെന്ന നിലയില്‍ നിത്യഹരിത നവോത്ഥാന ശക്തിയാക്കുന്നതില്‍ പരലോക വിശ്വാസം വലിയ പങ്കുവഹിക്കുന്നുണ്ട്. പരലോക വിശ്വാസത്തിനു പകരം ഹിന്ദുമതത്തിലുള്ളത് പുനര്‍ജന്മവിശ്വാസമാണ്. കഴിഞ്ഞ ജന്മത്തിലെ പാപങ്ങളുടെ ഫലമായാണ് ദരിദ്രരും താഴ്ന്ന ജാതിക്കാരും ദുരിതമനുഭവിക്കുന്നവരുമൊക്കെ അങ്ങനെ ജനിച്ചതെന്നാണ് പുനര്‍ജന്മ വിശ്വാസം. ഈ വിശ്വാസത്തിനു മുകളിലാണ് ജാതിഭീകരത നിലനില്‍ക്കുന്നത്. ലോകത്തിലെ മറ്റു അടിമസമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തമായി ജാതി ശാരീരികാടിമത്തത്തിനപ്പുറം കീഴാളരുടെ മനസ്സിനെ അടിമയാക്കുന്ന പദ്ധതിയാവുന്നത് പുനര്‍ജന്മ സിദ്ധാന്തത്തിലൂടെയാണ്. അതുവഴി ഒരു കീഴ്ജാതിക്കാരന്‍ വിശ്വസിക്കുന്നത് കഴിഞ്ഞ ജന്മത്തിലെ പാപത്തിന്റെ ഫലമായാണ് ഞാന്‍ ഇങ്ങനെ ജനിച്ചതെന്നാണ്. ഈ ജന്മത്തെ അംഗീകരിച്ച് ജാതിനിയമങ്ങള്‍ പാലിച്ച് ബ്രാഹ്മണര്‍ക്ക് സേവനം ചെയ്തു ജീവിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ്. ശരീരത്തിനപ്പുറം മനസ്സിനെ അടിമയാക്കുന്ന വിശ്വാസപ്രമാണമാണിത്. താഴ്ന്ന ജാതിക്കാരുടെ കാര്യത്തില്‍ മാത്രമല്ല, ദരിദ്രരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കാര്യത്തിലെയും പുനര്‍ജന്മസിന്താദ്ധത്തിന്റെ സമീപനം ഇതുതന്നെയാണ്. ഇതുകൊണ്ടാണ് ഇത്തരം വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്നവരോട് സഹാനുഭൂതിയുടെ സംസ്‌കാരം വളര്‍ന്നുവരാതിരിക്കുന്നത്. അംബേദ്കര്‍ നിരീക്ഷിച്ചതിനുമപ്പുറം ജാതിബോധത്തിനൊപ്പം ജാതിബോധത്തെ താങ്ങിനിര്‍ത്തുന്ന പുനര്‍ജന്മ വിശ്വാസമാണ്, ആ വിശ്വാസികള്‍ക്കിടയില്‍ മനുഷ്യരോട് പൊതുവിലും ദുര്‍ബലരോടും ദുരിതമനുഭവിക്കുന്നവരോടും സവിശേഷമായും, സാഹോദര്യബോധം വളര്‍ന്നുവരുന്നതിനെ തടഞ്ഞുനിര്‍ത്തുന്നത്.
വൈക്കം സത്യാഗ്രഹസമയത്താണ് മഹാത്മാ ഗാന്ധി അവിടെ വരികയും ഇണ്ടംതുരുത്തി മലയിലെ സനാതനികളോട് ചര്‍ച്ച നടത്തുകയും ചെയ്തത്. ഞാന്‍ ഹിന്ദു മതശാസ്ത്ര ഗ്രന്ഥങ്ങളുടെ പാവനതയിലും പുനര്‍ജന്മത്തിലും വര്‍ണാശ്രമധര്‍മത്തിലും വിശ്വസിക്കുന്നുണ്ടെന്ന് ഗാന്ധിജി അവരോട് സമ്മതിച്ചു. അവര്‍ണ സമുദായക്കാര്‍ അവരുടെ മുജ്ജന്മങ്ങളിലെ പാപകര്‍മങ്ങളുടെ ഫലമായാണ് ചണ്ഡാലരായി ജനിക്കുന്നതെന്നും അവരോട് ആചാരവിധികളനുസരിച്ച് അങ്ങനെ പെരുമാറാന്‍ സവര്‍ണര്‍ ബാധ്യസ്ഥരാണെന്നും സനാതനികള്‍ തര്‍ക്കിച്ചപ്പോള്‍, ചണ്ഡാലരെന്ന് പറയുന്നവര്‍ അല്ലെങ്കില്‍ ഈഴവരെന്നു പറയുന്നവര്‍ അവരുടെ കഴിഞ്ഞ ജന്മത്തിലെ കര്‍മഫലമായി ചണ്ഡാലരായി ജനിച്ചവരാണ് എന്ന് സനാതനികള്‍ പറഞ്ഞപ്പോള്‍, ഗാന്ധിജിയുടെ ഉത്തരം അത് അവരുടെ കഴിഞ്ഞ ജന്മത്തിന്റെ ഫലമാണെന്നത് ഞാനംഗീകരിക്കുന്നു എന്നായിരുന്നു. എന്നാല്‍ ഒരുവനെ താഴ്ന്നവനെന്നും അപരനെ ഉയര്‍ന്നവനെന്നും ഗണിക്കാന്‍ ഹിന്ദുമതം പഠിപ്പിക്കുന്നില്ല എന്നും ഗാന്ധിജി ഇവിടെ പറയുന്നു്. (വൈക്കം സത്യഗ്രഹം, ഇ. രാജന്‍, പേജ് 253-254 മാതൃഭൂമി ബുക്‌സ്). ഈഴവര്‍ ഈഴവരായി ജനിച്ചത് കഴിഞ്ഞ ജന്മത്തിലെ പാപത്തിന്റെ ഫലമല്ല, എന്നാല്‍ അതിന്റെ പേരില്‍ അവരോട് വിവേചനം കാണിക്കണമെന്ന് മതം പറയുന്നില്ല എന്ന ഗാന്ധിജിയുടെ വാദത്തില്‍ പ്രകടമായ വൈരുധ്യമുണ്ട്. നീച ജന്മം എന്ന സിദ്ധാന്തമംഗീകരിച്ചാല്‍ വിവേചനം അതിന്റെ സ്വാഭാവിക ഫലമായി വന്നുചേരുന്ന ഒന്നാണ്.
ജാതിയിലെ കീഴാളരാക്കപ്പെട്ടവരോട് മാത്രമല്ല, ഏത് മര്‍ദിതരോടും മര്‍ദകനുള്ള ന്യായംപറച്ചിലാണ് മുജ്ജന്മ പാപസിദ്ധാന്തം. ബാംഗ്ലൂര്‍ സഫോടന കേസില്‍ കുറ്റാരോപിതനായി വിചാരണത്തടവുകാരനായിരിക്കെ അബ്ദുന്നാസര്‍ മഅ്ദനിയോട് കര്‍ണാടക പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു; ''താങ്കള്‍ ഈ കേസില്‍ നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ താങ്കള്‍ കഴിഞ്ഞ ജന്മത്തില്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടാകും. അതുകൊണ്ടായിരിക്കും ഇത് അനുഭവിക്കുന്നത്.'' ഏത് മര്‍ദകന്നും ഏത് മര്‍ദിതനോടും പറയാവുന്ന ന്യായം.
എന്നാല്‍ ഇസ്‌ലാമിലെ പരലോക വിശ്വാസം തീര്‍ത്തും വ്യത്യസ്തമാണ്. ജന്മത്തിന് അതില്‍ ഒരു പരിഗണനയുമില്ല. പരിഗണനകള്‍ മുഴുവന്‍ വിശ്വാസത്തിനും കര്‍മത്തിനുമാണ്. 'ആര് അണുമണിത്തൂക്കം നന്മ ചെയ്‌തോ അതവന്‍ കാണും, ആര് അണുമണിത്തൂക്കം തിന്മ ചെയ്‌തോ അതും കാണും' (സില്‍സാല്‍: 7,8) എന്നാണ് ഖുര്‍ആന്‍ പരലോകത്തെക്കുറിച്ച് പറയുന്നത്. നബി (സ) പറഞ്ഞു: ''പരലോകത്ത് അല്ലാഹുവിന്റെ കല്‍പനപ്രകാരം ഒരാള്‍ വിളിച്ചുപറയും: ശ്രദ്ധിക്കുക. ഞാന്‍ ഒറ്റവംശത്തെയാണ് സൃഷ്ടിച്ചത്. മറ്റു വംശങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചവയാണ്. ശരിയായവരാണ് ഏറ്റവും കുലീനര്‍ എന്നാണ് ഞാന്‍ നിശ്ചയിച്ചത്. കുലീനതയെക്കുറിച്ച് നിങ്ങള്‍ പറഞ്ഞു; ഇയാള്‍ ഇന്നയാളുടെ മകനാണ്. എന്നാല്‍ ഇന്ന് ഞാന്‍ സൃഷ്ടിച്ച വംശത്തെ ഞാന്‍ ഉന്നതമാക്കും. നിങ്ങള്‍ സൃഷ്ടിച്ച വംശങ്ങളെ താഴെയും'' (ബൈഹഖി).
മനുഷ്യവംശത്തിന്റെ ഔന്നത്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന സ്ഥലമാണ് പരലോകം. മനുഷ്യനെതിരെ മനുഷ്യന്‍ സൃഷ്ടിച്ച വംശങ്ങളെ നിന്ദ്യമാക്കുന്ന ദിവസം. പരലോക വിശ്വാസം എല്ലാ വംശവിഭജനങ്ങള്‍ക്കുമെതിരായ മഹത്തായ മാനവികതയിലുള്ള വിശ്വാസം കൂടിയാണ്.
Comments