വംശ വൃക്ഷം (കവിത)
പഠിപ്പില്ലാത്തവനായിരുന്നു വല്യുപ്പ
കടലലമാലകളിലും
കരിമേഘ പാളികളിലും
മാരിവില്ലഴകിലും
മഞ്ഞ്, മരു വേനലിലും
പ്രകൃതിയുടെ
അടയാള വാക്യങ്ങള്‍
ഡീകോഡ് ചെയ്യാന്‍
അറിയുമായിരുന്ന
നിരക്ഷരന്‍.
വരും നൂറ്റാണ്ടിലും പുതുതായി
കണ്ടെത്തിയേക്കാവുന്ന
ഒട്ടേറെ അമൂല്യ രത്‌ന ഗാലക്‌സികളുള്ള
അക്ഷയഖനി.
ആകാശ -ഭൂമികള്‍ തമ്മില്‍
പൊക്കിള്‍കൊടി ബന്ധമുണ്ടെന്ന്
പണ്ടേ കണ്ടറിഞ്ഞ
ഉള്‍ക്കണ്ണുകളുടെ തെളിച്ചം
ആ മുഖത്തുണ്ടായിരുന്നു.
പറവകളുടെയും ഞാഞ്ഞൂലുകളുടെയും
ശീലുകളില്‍ നിന്നും ശീലങ്ങളില്‍ നിന്നും
നവ ഭാവുകത്വം ശീലിച്ചു.
ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത
മണ്ണിലെ സൂക്ഷ്മമൂലകങ്ങള്‍ പോലെ
അതീവ രഹസ്യമായി
ജൈവസത്തയെ ഊട്ടുന്ന
ചേതനയുടെ കാതല്‍ കരുത്ത്.
വല്യുപ്പ ഉരുവപ്പെടുത്തിയ
ജീവിതത്തിന്റെ കണ്ടം
നിശ്ചയദാര്‍ഢ്യത്തിന്റെ
എരുതുകളെ വെച്ച്
ഉഴുതുമറിച്ച്
സ്വപ്നങ്ങള്‍ വിതച്ചു ഉപ്പ.
ഞാനത് കൊയ്‌തെടുത്ത ശേഷം
കതിരും പതിരും
തിരിച്ചറിയാനാവാതെ
ജീവിതവഴിയില്‍
നട്ടം തിരിയുന്നു.
മനോവിഭ്രാന്തിയുടെ
വ്യാളി വിഴുങ്ങുമെന്നായപ്പോള്‍
താങ്ങും തണലുമേകുവാന്‍
കാമ്പസുകളില്‍നിന്ന്
പുറപ്പെട്ട മകന്‍
വലിയ വലിയ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍
വര്‍ണ ഫ്‌ളക്‌സുകള്‍ പോലെ വിടര്‍ത്തിപ്പിടിച്ച്
എതിര്‍ കാറ്റുകളെ
എതിര്‍ വേനലിനെ
ചെറുക്കാന്‍ പാഴില്‍ ശ്രമിച്ച്
പാതി വഴിയില്‍ പതറുന്നു.
പേരമകനപ്പോള്‍
നൂലറ്റ ചൈനീസ് പ്ലാസ്റ്റിക് പട്ടത്തിനൊപ്പം
പൊങ്ങിപ്പറക്കുവാന്‍ പിടിവാശിയോടെ
വാവിട്ട് കരയുകയായിരുന്നു.
Comments