Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

സ്വപ്‌നം കാണാനുള്ളതാണ് കൗമാരം

മാലിക് വീട്ടിക്കുന്ന്

രാത്രി നമസ്‌കാരത്തിന് എണീറ്റതായിരുന്നു ആ ഉമ്മ. അപ്പോഴാണ് മകളുടെ റൂമിന്റെ വാതില്‍പഴുതിലൂടെ വെളിച്ചം കണ്ടത്. ഹോസ്റ്റല്‍ പൂട്ടി കഴിഞ്ഞ ദിവസമാണ് അവളെത്തിയത്. വാതിലിനടുത്തേക്ക് ചെന്നപ്പോള്‍ ഒരു മര്‍മര ശബ്ദം! 'അല്ലാഹ്, ആരോടാണ് അവള്‍ ഈ സമയത്ത് സംസാരിക്കുന്നത്?' ആധി പിടിച്ച മനസ്സോടെ അവര്‍ അകത്തേക്ക് സൂക്ഷിച്ചു നോക്കി. കണ്ണും മനസ്സും നിറയുന്ന രംഗമായിരുന്നു അകത്ത്. നമസ്‌കാരക്കുപ്പായമിട്ട മകള്‍ പതിഞ്ഞ ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. തഹജ്ജുദ് നമസ്‌കാരം കഴിഞ്ഞെന്നു തോന്നുന്നു. നിറഞ്ഞുവരുന്ന കണ്ണുകള്‍ തുടച്ച് അവര്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി. ചുണ്ടുകള്‍ മന്ത്രിച്ചു: അല്‍ഹംദു ലില്ലാഹ്...

മക്കളില്‍നിന്നുള്ള കണ്‍കുളിര്‍മ ആഗ്രഹിക്കാത്ത വിശ്വാസികള്‍ ഉണ്ടാവില്ല. അവര്‍ അല്ലാഹുവിന്റെ ദീനിലായി ജീവിച്ചു കാണുന്നത്, അത് ജീവനെപ്പോലെ നെഞ്ചേറ്റുന്നത് ഒക്കെ കാണുമ്പോള്‍ ഉള്ളില്‍ നിന്ന് തികട്ടിവരുന്ന സന്തോഷാശ്രു തന്നെയാണ് കണ്‍കുളിര്‍മ. 

കൗമാരത്തിലേക്ക് കടക്കുന്ന മക്കളില്‍ പൊടുന്നനെ മാറ്റങ്ങള്‍ സംഭവിക്കും. ഒട്ടും വേവലാതിപ്പെടാതെ, യുക്തിയും സ്‌നേഹവും കൈമുതലാക്കി അവരോട് ഇടപെടാന്‍ നമുക്ക് കഴിയണം. അതിന് ചില സൂചനകള്‍ നല്‍കുകയാണിവിടെ. 

ഹുനൈന്‍ യുദ്ധം കഴിഞ്ഞ് മക്കയില്‍ എത്തിയതായിരുന്നു റസൂലും(സ) അനുചരന്മാരും. നമസ്‌കാരത്തിന് സമയമായപ്പോള്‍ ബിലാല്‍(റ) ബാങ്ക് വിളിച്ചു. എത്യോപ്യക്കാരനായ അദ്ദേഹത്തിന്റെ അറബി ഉച്ചാരണം അറബികളെ പോലെ അത്ര ശുദ്ധമായിരുന്നില്ല. അശ്ഹദു... എന്നതിലെ 'ശ' പ്രത്യേകിച്ചും. സമീപത്ത് കളിച്ചുകൊണ്ടിരുന്ന ചില കൗമാരക്കാര്‍ ബാങ്കിനെ കളിയാക്കി. അതിലൊരാള്‍ ബാങ്കിനെ അനുകരിച്ചു. മനോഹരമായ ശബ്ദം! ബാങ്കുവിളി കഴിഞ്ഞപ്പോള്‍ റസൂല്‍ അവരെ വിളിപ്പിച്ചു. 

'ആരാണ് പാട്ടുപാടിയത്?' 

എല്ലാവരും തലതാഴ്ത്തി. അവര്‍ അബൂമഹ്ദൂറക്ക് നേരെ വിരല്‍ചൂണ്ടി. 16 വയസ്സുള്ള ചെറുപ്പക്കാരന്‍. 

'നിനക്ക് ബാങ്ക് വിളിക്കാമോ?' റസൂല്‍ ചോദിച്ചു. 

'എനിക്ക് അറിയില്ല' - അവന്‍ പറഞ്ഞു.

സ്വഹാബികള്‍ ബാങ്കിന്റെ വാചകങ്ങള്‍ പറഞ്ഞു കൊടുത്തു. അങ്ങനെ അവന്‍ ബാങ്ക് വിളിച്ചു. അതിന്റെ രാഗനിബദ്ധതയില്‍ അവര്‍ ലയിച്ചുപോയി. റസൂല്‍ വലതുകരം കൊണ്ട് അവന്റെ മുടിയിഴകളെ തഴുകി. 

'നിനക്ക് ഇസ്‌ലാമിലേക്ക് വന്നുകൂടേ?' സ്‌നേഹം വഴിയുന്ന ചോദ്യം.

അവന്‍ തലയാട്ടി. ശഹാദത്ത് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ റസൂല്‍ ഒരു സമ്മാനം കൂടി നല്‍കി. മക്കയിലെ ആസ്ഥാന മുഅദ്ദിനായി അബൂമഹ്ദൂറയെ നിയോഗിച്ചു. മരണസമയത്ത് അരവരെ നീണ്ടു കിടന്നിരുന്നു അദ്ദേഹത്തിന്റെ മുടി! റസൂല്‍ തലോടിയ മുടി മരിക്കുമ്പോഴും കൂടെ വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം (ഇബ്‌നു ഹജറിന്റെ അല്‍ ഇസ്വാബ, ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാ).

കുട്ടികള്‍ നമ്മുടെ സന്തോഷങ്ങളാണ്, സ്വപ്നങ്ങളാണ്. അവരോടുള്ള ഇടപഴക്കങ്ങളില്‍ നാം സ്വീകരിക്കേണ്ട മാതൃകകള്‍ നബിയുടേതായിരിക്കണം. കുട്ടികള്‍ക്ക് അവരുടേതായ ഇടം നിര്‍ണയിച്ചു കൊടുക്കുന്നതില്‍ റസൂല്‍ ബദ്ധശ്രദ്ധനായിരുന്നു. സ്വഹാബികളിലും ശേഷം വന്ന സച്ചരിതരിലും ഇതിന് ഒട്ടേറെ മാതൃകകളുണ്ട്. ഇന്ന് ചില പേരുകള്‍ കേള്‍ക്കുമ്പോള്‍ നാം 'റദിയല്ലാഹു അന്‍ഹും' (അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ) എന്ന് പ്രാര്‍ഥിക്കാറുണ്ട്. അവരൊക്കെ ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രായം കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടും. 

പ്രവാചകത്വം ലഭിച്ചയുടനെ നബി(സ) അടുത്ത കുടുംബക്കാരെ വിളിച്ച് ഒരു സദ്യ നല്‍കിയിരുന്നു. ശേഷം റസൂല്‍ അവരോട് സത്യദീനിനെ കുറിച്ചു പറഞ്ഞു. എന്നാല്‍,  മറുപടിയൊന്നും പറയാതെ,  പ്രതിഷേധത്തോടെ ഓരോരുത്തരായി ഇറങ്ങിപ്പോയി. അപ്പോള്‍, സദസ്സിന്റെ പിന്നിലിരുന്ന പത്തുവയസ്സുകാരനായ ബാലന്‍ എണീറ്റുവന്ന് തിരുനബിയുടെ കൈവെള്ളയില്‍ കൈവെച്ചു. 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഈ മാര്‍ഗത്തില്‍ അങ്ങയുടെ സഹായി ആയിക്കൊള്ളാം'- അബൂത്വാലിബിന്റെ മകന്‍ അലി(റ) ആയിരുന്നു അത്. ഇസ്‌ലാമിലെ മൂന്നാമത്തെ വിശ്വാസി! പത്താം വയസ്സില്‍ നല്‍കിയ ആ വാക്ക് 63-ല്‍ മരണപ്പെടുമ്പോഴും അദ്ദേഹം അക്ഷരംപ്രതി പാലിച്ചിരുന്നു (താരീഖുത്തബ്‌രി).

ഇസ്‌ലാമിന്റെ പതാകവാഹകരാകാന്‍ വരുമ്പോള്‍ സുബൈറുബ്‌നുല്‍ അവ്വാമിന് 15-ഉം ത്വല്‍ഹത്തു ബ്‌നു ഉബൈദില്ലക്ക് 16-ഉം സഅ്ദു ബ്‌നു അബീ വഖാസിന് 19-ഉം ആയിരുന്നു പ്രായം. പില്‍ക്കാലത്ത് മുത്തബിഉസ്സുന്ന (പ്രവാചകചര്യയുടെ അനുഗാമി) എന്നറിയപ്പെട്ട ഇബ്‌നു ഉമര്‍, റഈസുല്‍ മുഫസ്സിരീന്‍ (ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍) എന്നറിയപ്പെട്ട ഇബ്‌നു അബ്ബാസ്, ഖാദിമുര്‍റസൂല്‍ (പ്രവാചകന്റെ സേവകന്‍) ആയിരുന്ന അനസു ബ്‌നു മാലിക് തുടങ്ങിയവരൊക്കെയും കുട്ടികളായിരുന്നു ഇസ്‌ലാം സ്വീകരിക്കുമ്പോള്‍. ആദ്യ പ്രബോധന, ശിക്ഷണ കേന്ദ്രമായ ദാറുല്‍ അര്‍ഖമിന്റെ ചുമതലക്കാരന്‍ അര്‍ഖമുബ്‌നു അബീ അര്‍ഖമിന്റെ പ്രായം 16 മാത്രമായിരുന്നു.

ശരിയായ ശിക്ഷണം നല്‍കിയാല്‍ കുട്ടികള്‍ എങ്ങനെ ഇസ്‌ലാമിനും കുടുംബത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടാകുമെന്ന് ഇവരുടെ ജീവിതത്തിലൂടെ കടന്നുപോയാല്‍ നമുക്ക് ബോധ്യപ്പെടും. 

കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളില്‍ പ്രധാനമായും സംഭവിക്കുന്നത് നാലു മാറ്റങ്ങളാണ്. ഈ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടു വേണം അവരോട് ഇടപെടാന്‍. ഇക്കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും മുതിര്‍ന്നവരും ശ്രദ്ധിക്കണം. 10 വയസ്സു മുതല്‍ 20 വയസ്സുവരെ നീണ്ടുനില്‍ക്കുന്ന ദീര്‍ഘമായ കാലയളവിനെയാണ് നാം പൊ

തുവില്‍ കൗമാരം എന്നു പറയുന്നത്. 

ശാരീരിക വളര്‍ച്ചയാണ് ഒന്നാമത്തേത്. ആണ്‍കുട്ടികള്‍ക്ക് ശബ്ദമാറ്റം, മുഖം അടക്കമുള്ള ഭാഗങ്ങളില്‍ രോമവളര്‍ച്ച, പെണ്‍കുട്ടികള്‍ക്ക് ശരീര വടിവ്, സ്തന വളര്‍ച്ച ഒക്കെ ഈ സമയത്ത് പ്രകടമാകുന്നു. സൗന്ദര്യബോധം വര്‍ധിക്കുന്നതോടൊപ്പം എതിര്‍ ലിംഗത്തോട് ആകര്‍ഷണം ആരംഭിക്കുന്ന സമയം കൂടിയാണിത്. മുടിയിലും വസ്ത്രത്തിലുമുള്ള 'കോലം കെട്ടല്‍' ആകര്‍ഷിക്കപ്പെടാനും ഷൈന്‍ ചെയ്യാനുമുള്ള ആഗ്രഹത്തിന്റെ ഭാഗമാണ്. ഇത്തരത്തിലൊരു വിഷയം റസൂല്‍ കൈകാര്യം ചെയ്ത രീതി നോക്കുക: 

മുടി നീട്ടി ചുമലിനു താഴെ പരത്തിയിടുകയും തുണി വലിച്ചിഴക്കുകയും ചെയ്യുന്ന ചെറുപ്പക്കാരനായിരുന്നു ഖുറൈമുല്‍ അസദീ. ഒരിക്കല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ റസൂല്‍ സ്വഹാബികളോട് പറഞ്ഞു: 

'ഖുറൈമുല്‍ അസദീ എത്ര നല്ല ചെറുപ്പക്കാരനാണ്, ആ മുടിയൊന്ന് വെട്ടുകയും തുണി വലിച്ചിഴക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍!' 

റസൂലിന്റെ ഈ വാക്കുകള്‍ അറിഞ്ഞ ഖുറൈം അപ്പോള്‍തന്നെ മുടി വെട്ടുകയും തുണി കയറ്റി ഉടുക്കുകയും ചെയ്തു. മുആവിയ(റ)യുടെ ഭരണകാലത്ത്  ഇദ്ദേഹത്തെ കണ്ട അബുദ്ദര്‍ദാഅ്(റ) തണ്ടന്‍കാല്‍ വരെ കയറ്റി ഉടുത്ത തുണി കണ്ടാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത് (മുസ്‌നദ് അഹ്മദ്). 

വലതുകാല്‍ യൗവനത്തിലും ഇടതുകാല്‍ ബാല്യത്തിലും വെച്ച് നില്‍ക്കുന്ന ഈ ഘട്ടത്തെ സംക്രമദശ എന്നാണു വിളിക്കുന്നത്. കുട്ടികളെ ഇന്‍സള്‍ട്ട് ചെയ്യാതെയും വ്യക്തിത്വത്തെ നോവിക്കാതെയും വേണം അവരുടെ സ്വഭാവരീതികളെ കൈകാര്യം ചെയ്യാന്‍.

മാനസിക വളര്‍ച്ചയാണ് കൗമാരക്കാരില്‍ സംഭവിക്കുന്ന രണ്ടാമത്തെ മാറ്റം. കല്‍പ്പിക്കുന്ന ശൈലികള്‍ ഒഴിവാക്കി അഭിപ്രായങ്ങള്‍ ആരായുന്ന, അംഗീകാരം നല്‍കുന്ന രീതികളാണ് ഇവിടെ അഭികാമ്യം. അവഗണിക്കപ്പെടുന്നത് ഒട്ടും സഹിക്കാന്‍ കഴിയാത്ത ഈ സമയത്ത് 'പൊട്ടിത്തെറികള്‍' ഉാകുന്നതിന്റെ കാരണം മറ്റൊന്നാകില്ല. 

ഉഹുദ് യുദ്ധത്തിന് വരിനിര്‍ത്തി ആളുകളെ തെരഞ്ഞെടുക്കുകയായിരുന്നു റസൂല്‍. സമുറത്ത് ബ്‌നു ജുന്‍ദുബ്, റാഫിഹുബ്‌നു ഖദീജ് എന്നീ രണ്ടു കുട്ടികള്‍ കാലുകളില്‍ ഊന്നിനിന്ന് തങ്ങള്‍ 'വലിയവര്‍' ആണെന്ന് കാണിച്ചു. റസൂലിനൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ അത്രയും ആഗ്രഹത്തിലായിരുന്നു അവര്‍. 15 തികഞ്ഞിട്ടില്ലാത്തവരായിരുന്നു രണ്ടുപേരും. റസൂല്‍ അവരെ മാറ്റിനിര്‍ത്തി. അപ്പോള്‍ റാഫിഹ് പറഞ്ഞു: 'ഞാന്‍ നന്നായി അമ്പെയ്യും.' എന്നാല്‍ അത് കാണിക്കണമെന്നായി റസൂല്‍. പറഞ്ഞ് കാണിച്ച ഉന്നത്തില്‍ തന്നെ കൊള്ളിച്ചുകൊണ്ട് റാഫിഹ്  സൈന്യത്തില്‍ കയറിപ്പറ്റി. സങ്കടത്തിലായ സമുറത്ത്  താന്‍ റാഫിഹിനെ മല്‍പ്പിടിത്തത്തില്‍ തോല്‍പ്പിക്കും എന്ന് പ്രഖ്യാപിച്ചു. അതിനും അവസരം നല്‍കി. സമുറത്ത് വാക്കു പാലിച്ചു. അവനും അവസരം ലഭിച്ചു (ത്വബഖാത്ത് ഇബ്‌നു സഅദ്, താരീഖുത്ത്വബ്‌രീ).

ഇവിടെ ആ രണ്ടു കുട്ടികളുടെ കഴിവുകള്‍ അംഗീകരിക്കുകയും അവരുടെ മാനസിക വളര്‍ച്ചയെ നല്ല നിലയില്‍ പ്രയോജനപ്പെടുത്തുകയുമാണ് റസൂല്‍(സ) ചെയ്തത്. 

രസകരമായ മറ്റൊരു സംഭവം. ഇമാം അബൂ ഹനീഫയുടെ കുട്ടിക്കാലം.  ബഹുമാന്യനായ ഇമാം ഖതാദ കൂഫയില്‍ വന്നു. ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പള്ളിയില്‍ തടിച്ചുകൂടി. സദസ്യര്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാറ്റിനും അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കി. അപ്പോഴാണ് സദസ്സിന്റെ പിന്നില്‍നിന്ന് ഒരു പത്തു വയസ്സുകാരന്‍ എണീറ്റത്. ചോദ്യം ഇതായിരുന്നു: 

'സുലൈമാന്‍ നബിയോട് സംസാരിച്ച ഉറുമ്പ് ആണോ പെണ്ണോ?' 

ഖതാദ ആശ്ചര്യപ്പെട്ടു. 

'എന്തേ ചോദിക്കാന്‍ കാരണം?' 

'എനിക്ക് ഉത്തരം അറിയാം. ശരിയാണോ എന്നറിയാന്‍ ചോദിച്ചതാണ്.'

'എന്നാല്‍ പറയൂ...'

'അത് പെണ്ണുറുമ്പാണ്.' 

'കാരണം?' 

'ഖുര്‍ആന്‍ ഖാലത് നംലത്തുന്‍ എന്നാണല്ലോ പറഞ്ഞത്. ആണായിരുന്നെങ്കില്‍ ഖാല എന്നല്ലേ പറയുക...' 

ഇമാം ഖതാദ പുഞ്ചിരിച്ചു. ആ കുട്ടിക്ക് ദൈവാനുഗ്രഹം ഉണ്ടാകാന്‍ പ്രാര്‍ഥിച്ചു. നുഅ്മാന്‍ എന്ന ആ കുട്ടിയാണ് പിന്നീട് ഇമാം അബൂഹനീഫയായി മാറിയത്. മഹാ പണ്ഡിതനായ ഖതാദ ആ കുഞ്ഞു ബാലനോട് കാണിച്ച വാത്സല്യം മനക്കണ്ണില്‍ കണ്ടാല്‍ നമ്മുടെ കണ്ണു നിറയും (സമഖ്ശരിയുടെ കശ്ശാഫ്, തഫ്‌സീര്‍ ത്വബരി). 

മൂന്നാമത്തെ മാറ്റം വൈകാരിക മാറ്റമാണ്. താന്‍ വളര്‍ന്നു എന്ന ബോധം ഉണ്ടാകുന്നതോടൊപ്പം സൗഹൃദത്തിലും ബന്ധങ്ങളിലും കുറച്ചുകൂടി തീവ്രത കടന്നുവരും. ഈ സമയത്ത് ബുദ്ധിപൂര്‍വം ഇടപെടുക എന്നത് പ്രധാനമാണ്. കൂട്ടുകാരോടും സിനിമ, ക്രിക്കറ്റ്, ഫുട്ബാള്‍ താരങ്ങളോടുമൊക്കെ വൈകാരിക ഇഷ്ടം പ്രകടമാകും. അതിനെ ഒറ്റയടിക്ക് തല്ലിക്കെടുത്താതെ അവധാനതയോടെ കാര്യങ്ങളെ സമീപിക്കണം. 

അനസ് (റ) പറയുന്നു: എനിക്ക് അബൂഉമൈര്‍ എന്നു പേരായ ഒരു അനുജന്‍ ഉണ്ടായിരുന്നു. കുരുവിയെ പോലുള്ള 'നുഗൈര്‍' എന്ന ഒരു പക്ഷിയായിരുന്നു അവന്റെ ഇഷ്ടപ്പെട്ട കൂട്ട്. റസൂല്‍ എപ്പോള്‍ വീട്ടില്‍ വന്നാലും അവനോടു ചോദിക്കും: 

'അബൂ ഉമൈര്‍, എന്താണ് നിന്റെ നുഗൈറിന്റെ വിശേഷം?' 

അവന് ആ ചോദ്യം കേള്‍ക്കുന്നത് വലിയ സന്തോഷമായിരുന്നു. അങ്ങനെയിരിക്കെ ആ പക്ഷി ചത്തുപോയി. ഇതറിഞ്ഞപ്പോള്‍ ഒരു മരണത്തില്‍ ഒരാളെ ആശ്വസിപ്പിക്കുന്ന പോലെ റസൂല്‍ അബൂഉമൈറിനെ ആശ്വസിപ്പിച്ചു (മുസ്‌ലിം). 

വളരെ ചെറുത് എന്ന് തോന്നാവുന്ന സംഭവമാണിത്. എന്നാല്‍, ഈ സംഭവത്തില്‍ അറുപതോളം ഗുണപാഠങ്ങളുണ്ടെന്ന് ഇമാം ഇബ്‌നു ഹജര്‍ പറയുന്നു. അതില്‍ പ്രധാനം കുട്ടികള്‍ക്ക് അവരുടെ കളിക്കൂട്ടുകാരോടും കളിപ്പാട്ടങ്ങളോടും ഉള്ള വൈകാരിക അടുപ്പം തന്നെയാണ്. 

പ്രണയവിവശനായ ഒരു യുവാവ് വ്യഭിചാരത്തിന് അനുവാദം തേടി തിരുസന്നിധിയില്‍ എത്തിയ സംഭവം പ്രസിദ്ധമാണല്ലോ. ജനങ്ങള്‍ അയാളെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ റസൂല്‍(സ) അവരെ തടഞ്ഞു. ആ ചെറുപ്പക്കാരനെ ചേര്‍ത്തിരുത്തി റസൂല്‍ ചോദിച്ചു: 

'നിന്റെ ഉമ്മ വ്യഭിചാരത്തില്‍ പെടുന്നത് നീ ഇഷ്ടപ്പെടുന്നുവോ?' 

'ഒരിക്കലുമില്ല, എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡം!'

'അതേ, ഒരാളും തന്റെ ഉമ്മാക്ക് ഇങ്ങനെ സംഭവിക്കാന്‍ ഇഷ്ടപ്പെടുകയില്ല'- റസൂല്‍ പറഞ്ഞു.

'ഇനി അത് നിന്റെ സഹോദരിയാണെങ്കിലോ? '

'മകള്‍?' 

'ഭാര്യ?' 

'അമ്മായി?.....' 

അപ്പോഴൊക്കെയും ആ യുവാവ് നിഷേധം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവസാനം അവന്റെ നെഞ്ചില്‍ കൈ വെച്ചുകൊണ്ട് 'അല്ലാഹുവേ, ഇവന് പൊറുത്തുകൊടുക്കേണമേ, ഹൃദയം ശുദ്ധമാക്കേണമേ, ഗുഹ്യഭാഗത്തിന് സദാചാരരക്ഷ നല്‍കേണമേ' എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് റസൂല്‍ അയാളെ പറഞ്ഞയച്ചത്. സ്വഹാബികള്‍ പറയുന്നു: പിന്നീട് ഒരു അന്യസ്ത്രീയുടെ മുഖത്തും ആ യുവാവ് നോക്കുമായിരുന്നില്ല (അഹ്മദ്).

കേട്ടാല്‍ പെട്ടെന്ന് ദേഷ്യം വരാവുന്ന ഒരു വിഷയത്തെ വളരെ തന്മയത്വത്തോടെ റസൂല്‍ കൈകാര്യം ചെയ്തതാണ് ഇവിടെ കണ്ടത്. കുട്ടികളില്‍നിന്ന് തെറ്റുകള്‍ കാണുമ്പോഴേക്ക് ശിക്ഷാമുറകള്‍ പുറത്തെടുക്കുന്നവര്‍ക്ക് എന്തുകൊണ്ട് ഇത്തരം മാതൃകകള്‍ സ്വീകാര്യമല്ല...? 

നാലാമത്തെ മാറ്റം ബുദ്ധിപരമായ വളര്‍ച്ചയാണ്. നേരത്തേ പറഞ്ഞ മൂന്നും സ്വമേധയാ സംഭവിക്കുന്നതാണെങ്കില്‍ ഇത് പുറത്തുനിന്ന് ലഭിക്കുന്ന അറിവുകളുടെയും ചിന്തകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. അഥവാ, മാതാപിതാക്കന്മാരും ഗുരുക്കന്മാരും ഏറ്റവും ശ്രദ്ധിക്കേണ്ട മാറ്റമാണിത്. കുട്ടികള്‍ മതവിരുദ്ധമായ ആശയങ്ങളിലേക്കും ക്രിമിനല്‍ സംഘങ്ങളിലേക്കും തിരിഞ്ഞുപോകുന്നതിന്റെ കാരണം ബുദ്ധിപരമായ വളര്‍ച്ചയില്‍ സംഭവിക്കുന്ന തകരാറാണ്. 

അല്ലാഹുവിനെയും റസൂലിനെയും കുറിച്ചും ജീവിതലക്ഷ്യമായ പരലോകമോക്ഷത്തെ സംബന്ധിച്ചും കുട്ടികളെ ബോധ്യപ്പെടുത്തേണ്ട ഘട്ടം കൂടിയാണിത്. അനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നതു കൂടാതെ അവയുടെ ലക്ഷ്യം കൂടി ഈ ഘട്ടത്തില്‍ അവരെ ബോധ്യപ്പെടുത്തേണ്ടിവരും. നമസ്‌കരിക്കണം എന്ന് പറയുന്നതിനു പകരം എന്തിന് നമസ്‌കരിക്കുന്നു എന്ന ഉത്തരം തേടുന്ന സമയമാണിത്. ഈ സമയത്ത് ഇത് ബോധ്യപ്പെടാതെ പോകുന്നതാണ് ചെറുപ്രായത്തില്‍ നല്ല ദീനീനിഷ്ഠയുണ്ടായിരുന്ന പല കുട്ടികളും പിന്നീട് അതിനോട് വൈമനസ്യം കാണിക്കാന്‍ ഇടയാകുന്നത്. 

ഹീറോയിസം ഇഷ്ടപ്പെടുന്ന പ്രായം കൂടിയാണല്ലോ കൗമാരം. റസൂല്‍ അവരുടെ മനസ്സിലെ എക്കാലത്തെയും നായകന്‍ ആയി മാറണം. അതിന് ആരാധനാദി കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ മതിയാകില്ല. റസൂലിന്റെ ജീവിതത്തിലെ മനോഹരമായ ചരിത്ര മുഹൂര്‍ത്തങ്ങള്‍ അവരുമായി പങ്കുവെക്കണം. അതില്‍ സ്‌നേഹം, കരുണ, ധീരത തുടങ്ങിയ മൂല്യങ്ങള്‍ എടുത്തു കാണിക്കുന്ന ചരിത്രവിവരണങ്ങള്‍  ഉാകണം. ഒരാളെ കുറിച്ച് എത്രകണ്ട് ചര്‍ച്ച ചെയ്യുന്നുവോ അതിനനുസരിച്ചാണ് അയാളുടെ വ്യക്തിത്വം മനസ്സില്‍ പതിയുക. 

ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കു വഹിക്കാനു്. തിരക്കിന്റെ ഇക്കാലത്ത് മക്കളെ അല്‍പ്പദിവസത്തേക്കെങ്കിലും കൂടെ കിട്ടുന്ന ദിവസങ്ങളാണ് അവധിക്കാലം. കഥകള്‍ പറഞ്ഞും കളിച്ചും നമസ്‌കാരത്തിന് കൂടെ കൂട്ടിയും അവരും നമ്മളും തമ്മിലുള്ള അകലം കുറക്കുന്ന കാലം കൂടിയാണിത്. ഈ സമയത്ത് നമ്മില്‍നിന്ന് അവര്‍ക്ക് പകര്‍ന്നുകിട്ടുന്നത് എന്തോ അതാണ് അടുത്ത ജീവിതത്തില്‍ പ്രതിഫലിക്കുക. 

ജീവിതത്തിലെ വലിയ സ്വപ്നങ്ങള്‍ അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിക്കണം. ആ ലക്ഷ്യങ്ങള്‍ക്കായി പ്രയത്‌നിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്തരാക്കുകയും വേണം. 

കോണ്‍സ്റ്റാന്റിനോപ്പ്ള്‍ കീഴടക്കിയ മുഹമ്മദുല്‍ ഫാത്തിഹിന്റെ കഥ എത്ര ചേതോഹരമാണ്! പത്തുവയസ്സുള്ള അവനെയും കൂട്ടി ഉമ്മ ഹുമാ ഖാത്തൂന്‍ എന്നും നഗരാതിര്‍ത്തിയിലേക്കു പോകും. കോണ്‍സ്റ്റാന്റിനോപ്പ്ള്‍ നഗരത്തിന്റെ ചുറ്റുമതില്‍ കാണിച്ചുകൊണ്ട് അവര്‍ പറയും: 

'മോനേ, ഈ നഗരം മുഹമ്മദ് എന്ന് പേരുള്ള ഒരാള്‍ കീഴടക്കുമെന്ന് റസൂല്‍(സ) പ്രവചിച്ചിട്ടുണ്ട്. ആ മുഹമ്മദ് നീയാകണം എന്നാണ് എന്റെ പ്രാര്‍ഥന.'

'ഉമ്മാ, ഞാനെങ്ങനെ ഇത്രയും വലിയ നഗരം കീഴടക്കും?'

'നീ ഖുര്‍ആന്‍ പഠിക്കണം, അധികാരം നേടണം, ജനങ്ങളുടെ സ്‌നേഹം കരസ്ഥമാക്കണം...'

ആ കുട്ടി തലയാട്ടി. റസൂലിന്റെ പ്രവചനം സത്യമാക്കുന്ന, ഉമ്മയുടെ പ്രാര്‍ഥന സഫലമാക്കുന്ന ആ മുഹമ്മദ് താന്‍ തന്നെ ആകണം എന്ന് ആ കുട്ടി തീരുമാനിച്ചു. അവന്‍ അതിനായി പ്രവര്‍ത്തിച്ചു. 20 -ാം വയസ്സില്‍ അധികാരം കൈയില്‍ വന്നു. 21-ാം വയസ്സില്‍ രണ്ടു ലക്ഷത്തോളം സൈന്യവും 320 കപ്പല്‍ വ്യൂഹവുമായി 40 ദിവസം നീണ്ട ഉപരോധത്തിനൊടുവില്‍ മുഹമ്മദ് കോണ്‍സ്റ്റാന്റിനോപ്പ്ള്‍ നഗരം കീഴടക്കി. 'ജയിച്ചടക്കിയവന്‍' എന്നര്‍ഥമുള്ള ഫാത്തിഹ് എന്ന അപരനാമം ചേര്‍ത്താണ് അദ്ദേഹത്തെ ലോകം വിളിക്കുന്നത്. അതേ, സ്വപ്‌നം കാണാനുള്ളതാണ് കൗമാരം; വലിയ വലിയ സ്വപ്‌നങ്ങള്‍. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍