കൂടുമാറ്റം
സൗരയൂഥത്തിലേക്ക്
നമുക്ക് കൂടുമാറാം
ഇടം നഷ്ടപ്പെട്ടവരെ
നെഞ്ചോടു ചേര്‍ത്തു നിര്‍ത്താം
ഭൂമിയില്‍ നാം പരിണയിച്ച
ചെടികള്‍, മരങ്ങള്‍, പൂവുകള്‍,
പറവകള്‍, പുഴകള്‍, വസന്തങ്ങള്‍
എല്ലാറ്റിന്റെയും
വിത്തൊരെണ്ണം
വിങ്ങുന്ന നെഞ്ചില്‍ കരുതാം
നയങ്ങള്‍, നിയമങ്ങള്‍,
മാമൂലുകള്‍,
പ്രത്യയശാസ്ത്രങ്ങള്‍
കൂടെ വരണമെന്ന്
വാശിപിടിച്ചു കരയും;
ഹൃദയമലിയരുത്
ഗീബല്‍സിനെ
നല്ല കുട്ടിയായി
മെരുക്കിയെടുക്കാം
യുദ്ധങ്ങളെ
നല്ലൊരു വിരുന്നു സല്‍ക്കാരമായി
കുളിപ്പിച്ചെടുക്കാം
തലവെട്ടാന്‍ തക്കം പാര്‍ത്തവര്‍ക്ക്
പുറപ്പെടും മുമ്പ്
അത് ദാനമായി നല്‍കണം
ഉടലുകളില്‍നിന്നും
സ്വപ്‌നങ്ങളോട് സ്വതന്ത്രരാവാന്‍ പറയണം
വിദ്വേഷങ്ങള്‍, വംശീയതകള്‍
എല്ലാം ഭൂമിയില്‍ മറന്നുവെക്കണം
പണയം വെച്ച മനസ്സാക്ഷികള്‍
തിരികെ വാങ്ങണം
ഇരുട്ടു കയറാത്ത കാഴ്ചയുമായി
കറവീഴാത്ത ഹൃദയവുമായി
തുളവീഴാത്ത ചിന്തയുമായി
ഉര്‍വരതകളില്‍നിന്നും ഉര്‍വരതകളിലേക്ക്
തീര്‍ഥാടനം ചെയ്യാം
നക്ഷത്രങ്ങള്‍
രാക്കഥ പറയാന്‍ വരും
കൊള്ളിമീനുകള്‍
ഒളിച്ചു കളിക്കാന്‍ വരും
പുതിയ കൊടിയുമേന്തി
പുതിയ മുദ്രാവാക്യവും പേറി
പുതിയ നിയമവുമായി
പുതിയ കൊലവിളിയുമായി
ഭൂമിയില്‍നിന്നും അവര്‍
നമ്മെ തിരഞ്ഞുവരും മുമ്പേ
നഷ്ടപ്പെട്ട ഉണ്മകള്‍
നമുക്ക് പുനര്‍നിര്‍മിച്ചെടുക്കാം.
Comments