Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

ഇസ്‌ലാമിക പ്രസ്ഥാനം മാറ്റം ഉള്‍ക്കൊള്ളാനുള്ള ശേഷി ആര്‍ജിക്കണം

ശമീര്‍ബാബു കൊടുവള്ളി

പ്രകൃതിയുടെ ഭാഗമാണ് മാറ്റം. എല്ലാം മാറ്റത്തിന്റെ പാതയിലാണ്. മാറ്റത്തിന്റെ തത്ത്വം പ്രസ്ഥാനത്തെ ആദര്‍ശത്തിലുറപ്പിച്ച് കാലത്തോടൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമാക്കും. മാറ്റത്തോടുള്ള നിഷേധാത്മക സമീപനം ജഢികതയാണ് കൊണ്ടുവരുന്നത്. സമൂഹത്തെ മുന്‍നിര്‍ത്തി മാറ്റം, നിശ്ചലത എന്നിവയെപറ്റി മാലിക് ബിന്നബി ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. 

ഇസ്‌ലാമികപ്രസ്ഥാനത്തെ മുന്‍നിര്‍ത്തി മാറ്റത്തിന്റെ ചിന്തകള്‍ പങ്കുവെക്കുകയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ 'മാറുന്ന ലോകവും ഇസ്‌ലാമികചിന്തയും' എന്ന കൃതിയിലൂടെ സയ്യിദ് സആദത്തുല്ലാ ഹുസൈനി. രൂപീകരണം മുതലുള്ള പ്രസ്ഥാനചരിത്രം ബോധ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. സാമൂഹികമണ്ഡലത്തില്‍ അഗാധമായ സ്വാധീനം സൃഷ്ടിക്കാന്‍ ഇസ്‌ലാമികപ്രസ്ഥാനത്തിന് സാധിച്ചുവെന്നതാണത്. നയരൂപീകരണത്തിലും മറ്റും സ്വാധീനമുണ്ടാക്കാനാവുകയെന്നത് നിസ്സാര കാര്യമല്ല. സ്വാധീനത്തിന്റെ  കാരണങ്ങളുടെ അന്വേഷണം ചില തീര്‍പ്പുകളിലേക്ക് നയിക്കും. പ്രസ്ഥാനത്തിന്റെ ഉള്‍പാര്‍ട്ടി ജനാധിപത്യം, വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവണമെന്ന അഭിവാഞ്ഛ, അവയോടുള്ള ആദരവ്, അഭിപ്രായങ്ങളെ അപഗ്രഥിച്ച് മികച്ച തീരുമാനമെടുക്കാനുള്ള പ്രതിഭ, കൂടിയാലോചനാ സംസ്‌കാരം, ക്രിയാത്മകവിമര്‍ശനം എന്നീ ചലനതത്ത്വങ്ങളാണ് സ്വാധീനം കൈവന്നതിന്റെ പിന്നിലെ ഘടകങ്ങള്‍. എല്ലാറ്റിനുപരി മാറ്റത്തോടുള്ള ധനാത്മക സമീപനമാണ് ഇസ്‌ലാമികപ്രസ്ഥാനത്തെ പ്രസക്തമാക്കുന്നത്. 

സാമൂഹികമാറ്റത്തിന്റെ പ്രചോദനമായി വര്‍ത്തിക്കുന്നതെന്ത് എന്ന് എസ്.എസ് ഹുസൈനി ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമികപ്രസ്ഥാനം ഇസ്‌ലാമിന്റെ ആദര്‍ശത്തിലൂന്നി ഒരു വ്യവഹാരം രൂപപ്പെടുത്തുകയായിരുന്നു. സവിശേഷവും പുതുമകള്‍ നിറഞ്ഞതുമായിരുന്നു പ്രസ്തുത വ്യവഹാരം. വ്യവഹാരത്തില്‍ പ്രസ്ഥാനത്തിന്റെ ആദര്‍ശം, ലക്ഷ്യം, മാര്‍ഗം, ജ്ഞാനശാസ്ത്രം, കര്‍മരീതി തുടങ്ങിയവ ഉള്ളടക്കം ചെയ്യപ്പെട്ടിരുന്നു. അതോടൊപ്പം വ്യവഹാരത്തിനുള്ളില്‍ സാമൂഹികമാറ്റത്തെ സംബന്ധിച്ച തത്ത്വംകൂടി ഉണ്ടായിരുന്നു. പ്രസ്തുത വ്യവഹാരത്തിനുള്ളില്‍നിന്നുകൊണ്ടാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും പ്രസ്ഥാനത്തിന്റെ ആദ്യകാല ദാര്‍ശനികരും സാമൂഹികമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്. പിന്നീട് മാറ്റത്തിന്റെ ഒരൊഴുക്കായിരുന്നു. മൗലാനാ മൗദൂദിക്കുശേഷം പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ മാറ്റത്തിന്റെ ഒഴുക്ക് സാധ്യമാക്കിയിട്ടു്.   

ഇതിനര്‍ഥം ഇന്ത്യന്‍ പരിസരത്ത് ഇസ്‌ലാമികപ്രസ്ഥാനം നിര്‍വഹിക്കേണ്ട മുഴുവന്‍ ദൗത്യങ്ങളും നിര്‍വഹിച്ചുവെന്നല്ല. ഇനിയും ഏറെ നിര്‍വഹിക്കാനുണ്ടെന്ന തിരിച്ചറിവാണ് പ്രസ്ഥാനത്തെ വിനീതമാക്കുന്നത്. പുതിയ ലോകം വലിയൊരു ചര്‍ച്ചാവിഷയമാണ്. നിരന്തരമായ മാറ്റത്തിനാണ് പുതിയ ലോകം വിധേയമായിക്കൊണ്ടിരിക്കുന്നത്. ഏതൊരു കാലത്തും ആ കാലത്തെ നിയന്ത്രിക്കുന്ന ഒരു ദര്‍ശനവും അതിന്റെ വ്യവസ്ഥകളും ഉണ്ടായിരിക്കും. ആധിപത്യം ചെലുത്തുന്ന ദര്‍ശനം, അതിന്റെ വ്യവസ്ഥകള്‍, അവ ഉല്‍പാദിപ്പിക്കുന്ന മറ്റു വിഷയങ്ങള്‍ എന്നിവയോട് കൃത്യമായ വീക്ഷണങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയെന്നതാണ് സാമൂഹികമാറ്റത്തിന് കാര്‍മികത്വം നല്‍കുന്ന ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ പ്രഥമദൗത്യം. 

മാറ്റത്തെ സംബന്ധിച്ച ആശയങ്ങളാല്‍ സമ്പന്നമായ ചെറുകൃതിയാണിത്. ആമുഖം കൂടാതെ പന്ത്രണ്ട് അധ്യായങ്ങളാണ് കൃതിയിലുള്ളത്. ഉത്തരാധുനികത, ബഹുസ്വരത, അനാര്‍ക്കിസം, സ്വത്വരാഷ്ട്രീയം, അപകോളനീകരണം, സംസ്‌കാരം എന്നിവയോട് ഇസ്‌ലാമികപ്രസ്ഥാനം സ്വീകരിക്കേണ്ട സമീപനം എന്താണെന്നാണ് കൃതി ഒന്നാമതായി പരിശോധിക്കുന്നത്. ഇസ്‌ലാമികപ്രസ്ഥാനം നേരത്തേ സൈദ്ധാന്തികമായി വിമര്‍ശിച്ചിരുന്ന മതേതരത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയവക്ക് കാലക്രമത്തില്‍ വന്ന മാറ്റങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് വ്യക്തമാക്കുന്നു.  

സംസ്‌കാരത്തെ മുന്‍നിര്‍ത്തിയുള്ള ആലോചനകളോടെയാണ് കൃതിയുടെ ആരംഭം. ഒരു സമൂഹത്തിന്റെ പൊതുമൂല്യങ്ങള്‍, വികാരങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍, ജീവിത കാഴ്ചപ്പാടുകള്‍ ഇവക്കെല്ലാം മൊത്തമായി പ്രയോഗിക്കുന്ന സംജ്ഞയാണ് സംസ്‌കാരം. ഏകദൈവബോധത്തിന്റെ അടിസ്ഥാനത്തിലുള്ള സംസ്‌കാരമാണ് ഇസ്‌ലാമികസംസ്‌കാരം. അതിന് ഏഴു സവിശേഷതകളുണ്ടെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഏകദൈവവിശ്വാസം, ലക്ഷ്യാധിഷ്ഠിതം, ഉത്തരവാദിത്തപരം, മൂല്യകേന്ദ്രീകൃതം, നന്മകളെ സ്വാംശീകരിക്കാനുള്ള ശേഷി, സാര്‍വലൗകിക സാഹോദര്യം, ലജ്ജാബോധം, മാനവക്ഷേമം എന്നിവയാണവ. നന്മകളെ സ്വാംശീകരിക്കാനുള്ള ഇസ്‌ലാമികസംസ്‌കാരത്തിന്റെ ശേഷി സവിശേഷം അടയാളപ്പെടുത്തേണ്ട ഒന്നാണ്. ഇസ്‌ലാം സമര്‍പ്പിക്കുന്ന ശാശ്വതമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും ഇതര സമൂഹങ്ങളില്‍ നിന്ന് നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാനും ഇസ്‌ലാമികസംസ്‌കാരം മടികാണിക്കുന്നില്ല. 

ബഹുസ്വരതയാണ് കൃതി പിന്നീട് ചര്‍ച്ച ചെയ്യുന്ന വിഷയം.  ഒരിടത്ത് വിഭിന്ന സാംസ്‌കാരികവിഭാഗങ്ങള്‍ താമസിക്കുന്നുവെങ്കില്‍ അതിനെ ബഹുസ്വരമെന്ന് വിശേഷിപ്പിക്കാം. ലോകമുസ്‌ലിം ജനസംഖ്യയില്‍ മൂന്നിലൊന്ന് താമസിക്കുന്നത് മുസ്‌ലിംകളല്ലാത്തവര്‍ ഭൂരിപക്ഷമായ രാഷ്ട്രങ്ങളിലാണ്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ മിക്ക രാഷ്ട്രങ്ങളിലും ഗണ്യമായ തോതില്‍ മുസ്‌ലിമേതര ന്യൂനപക്ഷങ്ങള്‍ താമസിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഇസ്‌ലാമികപ്രസ്ഥനം മുസ്‌ലിംകള്‍ ന്യൂനപക്ഷമായ, അമുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഒരിടത്താണ് നിലകൊള്ളുന്നത്. സ്വാഭാവികമായും ബഹുസ്വരതയെ അഭിമുഖീകരിക്കുകയും അതിനോട് നിലപാട് സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ദിശയിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങള്‍ കൃതിയില്‍ കാണാം. പ്രവാചകജീവിതത്തില്‍നിന്ന് ബഹുസ്വരതയോട് സ്വീകരിക്കേണ്ട നിലപാടുകള്‍ ലഭിക്കുമെന്ന് ഹുസൈനി പറയുന്നു. പ്രവാചകന്‍ പലായനം ചെയ്ത് മദീനയിലെത്തിയ സന്ദര്‍ഭത്തില്‍ മൂന്നോ നാലോ സാംസ്‌കാരികവിഭാഗങ്ങള്‍ ഉണ്ടായിരുന്നു മദീനയിലും പ്രാന്തപ്രദേശങ്ങളിലും. ബഹുദൈവാരാധകരായ ഗോത്രങ്ങള്‍ വേറെയും ഉണ്ടായിരുന്നു. സമൂഹങ്ങള്‍ ബഹുസ്വരതയോട് രണ്ടിലൊരു നിലപാടാണ് സ്വീകരിക്കാറുള്ളത്; ഒന്ന്, ഇഴുകിച്ചേര്‍ച്ച(മെല്‍റ്റിംഗ് പോട്ട് സിദ്ധാന്തം). സ്വന്തം അസ്തിത്വം കളഞ്ഞുകുളിച്ച് മറ്റൊരു സംസ്‌കാരത്തില്‍ ലയിച്ചുചേരുന്ന പ്രക്രിയയാണിത്. രണ്ട്, പരസ്പരചേര്‍ച്ച(സാലഡ് ബൗള്‍ സിദ്ധാന്തം). അസ്തിത്വം നഷ്ടപ്പെടുത്താതെയുള്ള ചേര്‍ച്ചയാണിത്. ഇസ്‌ലാമികപ്രസ്ഥാനം ബഹുസ്വരതയെ സമീപിക്കേണ്ടത് ഈ വീക്ഷണത്തിന്റെ അടിത്തറയിലായിരിക്കണമെന്ന് ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു.

'സെക്യൂലരിസവും ഇസ്‌ലാമികപ്രസ്ഥാനവും' പുസ്തകത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. മാറിയ സാഹചര്യത്തില്‍ സെക്യൂലരിസത്തോട് ഇസ്‌ലാമികപ്രസ്ഥാനം സ്വീകരിച്ച നിലപാടാണ് ഉള്ളടക്കം. സെക്യൂലരിസത്തെ എതിര്‍ത്തുകൊണ്ടായിരുന്നു ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ രംഗപ്രവേശം. എതിര്‍ക്കാന്‍ സവിശേഷമായ ചരിത്ര പശ്ചാത്തലമുണ്ടായിരുന്നു. ജ്ഞാനോദയകാലത്ത് രൂപപ്പെട്ട സെക്യൂലരിസത്തിന്റെ ദാര്‍ശാനികാടിത്തറ ശുദ്ധമതനിഷേധമായിരുന്നു. എന്നാല്‍ കാലം മുന്നോട്ടുപോയപ്പോള്‍ സെക്യൂലരിസത്തിന് നേരത്തേയുണ്ടായിരുന്ന വിവക്ഷകള്‍ നഷ്ടമാവുകയും പുതിയ വിവക്ഷകള്‍ ഉണ്ടാവുകയും ചെയ്തു. പുതിയ വിവക്ഷകള്‍ മതവിരുദ്ധമല്ല താനും. തുര്‍ക്കിയിലെ ഇസ്‌ലാമികാഭിമുഖ്യമുള്ള ജസ്റ്റിസ് ആന്റ് ഡെവലെപ്‌മെന്റ് പാര്‍ട്ടി സെക്യുലര്‍ പാര്‍ട്ടിയാണ്. ഇന്ത്യയിലെ ഇസ്‌ലാമികപ്രസ്ഥാനം സംഘ്ഫാഷിസത്തിനെതിരെ സെക്യുലരിസത്തെയാണ് പിന്തുണക്കുന്നത്. മാറിയ സാഹചര്യത്തിലാണ് ഇത്തരം പുനര്‍വിചിന്തനങ്ങള്‍ ഉണ്ടാവുന്നത്. 

ഇസ്‌ലാമികപ്രസ്ഥാനം ഒട്ടും വൈകാതെ എടുക്കേണ്ട ധാരാളം പുതുസമീപനങ്ങളെക്കുറിച്ച് കൃതി ഓര്‍മിപ്പിക്കുന്നുണ്ട്. വൈജ്ഞാനികപ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം, യുക്തിവാദ വിശകലനത്തിന് നവരീതിശാസ്ത്രത്തിന്റെ നിര്‍മിതി, പുതിയ ദര്‍ശനങ്ങളുടെ അപഗ്രഥനം, ജനകീയസാഹിത്യത്തിന്റെ പ്രസക്തി, ഉള്‍ക്കൊള്ളല്‍ മനോഭാവത്തിന്റെ തിരിച്ചറിവും പ്രയോഗവല്‍ക്കരണവും, ചിന്തയുടെ പുനരാവിഷ്‌കാരം, ദേശീയതയോടുള്ള സമീപനം, അപകോളനീകരണ രചനകളുടെ വായന, നന്മകള്‍ പൊതുപൈതൃകമാണെന്ന തിരിച്ചറിവ്  തുടങ്ങിയവ പ്രസ്ഥാനം ഏറെ പ്രാധാന്യത്തോടെ നോക്കിക്കാണേണ്ട വിഷയങ്ങളാണ്. കഥ, കവിത, നോവല്‍ പോലുള്ള ഫിക്ഷന്‍ സാഹിത്യത്തില്‍ പ്രസ്ഥാനത്തിന്റെ സംഭാവന ശുഷ്‌കമാണ്. വ്യക്തിത്വ വികാസത്തിനുതകുന്ന രചനകള്‍, കുട്ടികള്‍ക്ക് ഉപമകളിലൂടെയും കഥകളിലൂടെയും വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ സാധിക്കുന്ന രചനകള്‍, ആരോഗ്യം, ഭക്ഷണം തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ക്ക് സഹായകമാകുന്ന കൃതികള്‍ എന്നിവയുടെ പ്രസിദ്ധീകരണത്തിലും പ്രസ്ഥാനം ശ്രദ്ധ നല്‍കണമെന്ന് ഓര്‍മപ്പെടുത്തുന്നു. 

അവസാനത്തെ അധ്യായം ഇഖാമത്തുദ്ദീനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ വിശകലനം ചെയ്യുകയാണ്. സെക്യുലര്‍ വൃത്തങ്ങളില്‍നിന്നും മൗലാനാ വഹീദുദ്ദീന്‍ ഖാന്‍, ജാവേദ് അഹ്മദ് ഗാമിദി പോലുള്ള മുസ്‌ലിം ബുദ്ധിജീവികളില്‍നിന്നും ഉയര്‍ന്നുവന്ന വാദങ്ങളെയാണ് വിശകലനവിധേയമാക്കുന്നത്. വ്യക്തിജീവിതം വിട്ട് പുറത്തുകടക്കേണ്ട ഒന്നല്ല ഇസ്‌ലാം എന്നാണ് സെക്യുലരിസ്റ്റുകളുടെ വാദം. ഇസ്‌ലാമിന്റെ  രാഷ്ട്രീയ-സാമൂഹിക പാഠങ്ങള്‍ രാഷ്ട്രം കൈവരുമ്പോള്‍ മാത്രം പ്രയോഗിച്ചാല്‍ മതിയെന്നും ഭരണമില്ലാത്ത മുസ്‌ലിംസമൂഹത്തിന് അവ ബാധകമല്ലെന്നുമാണ് മുസ്‌ലിംബുദ്ധിജീവികളുടെ വാദം. ഇഖാമത്തുദ്ദീനിന്റെ ശരിയായ വിവക്ഷ വിശുദ്ധ വേദത്തിന്റെയും തിരുചര്യയുടെയും വെളിച്ചത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ഇരുവാദങ്ങളെയും ഖണ്ഡിക്കുകയാണ് ഗ്രന്ഥകാരന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്