നമ്മുടെ കാലത്തെ ക്ലാസ്സിക്
വ്യക്തികളുടെയും സംഘങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും മികവും തികവും അതിന്റെ സ്ഥിര സ്വഭാവമുള്ള പ്രവര്ത്തനങ്ങളാണ്. എന്തും തുടങ്ങി പാതി വഴിയില് അവസാനിപ്പിക്കുന്നവര്ക്ക് മുന്നോട്ടു പോകാനാകില്ല. അവര് എവിടെയും ഇടം പിടിക്കില്ല. ഇസ്ലാമിക പ്രസ്ഥാനത്തെ മുന്നില് നടക്കുന്ന പ്രസ്ഥാനമാക്കുന്നതും അതിന്റെ സ്ഥിരതയും നൈരന്തര്യവും തന്നെ. ഇക്കാര്യത്തില് മികച്ചു നില്ക്കുന്ന ഒന്നാണ് പ്രബോധനം വാരിക. കഴിഞ്ഞ 70 വര്ഷമായി വൈജ്ഞാനിക മണ്ഡലങ്ങളില് ഇസ്ലാമിനെ കാലോചിതമായും പ്രമാണബദ്ധമായും അവതരിപ്പിക്കാന് പ്രബോധനത്തിന് കഴിയുന്നു. അതിന്റെ ലക്കങ്ങള് സൂക്ഷ്മവും പഠനാര്ഹവുമായ എഴുത്തുകളാല് സമ്പന്നം.
25 വര്ഷം തുടര്ച്ചയായി മൗദൂദി സാഹിബിന്റെ തഫ്ഹീമുല് ഖുര്ആന് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച പ്രബോധനം അടുത്ത സാഹസത്തിന് തയാറെടുത്തു; ഖുര്ആന് പഠിച്ചുകൊണ്ടേ ഇരിക്കേണ്ടതാണ് എന്ന പ്രവാചക വചനത്തെ അന്വര്ഥമാക്കുന്ന തരത്തില് ഖുര്ആന് ബോധനം എന്ന പഠന ഗവേഷണം ആരംഭിച്ചു. ഇന്ന് അത് 1000 ഭാഗങ്ങള് പൂര്ത്തീകരിച്ചിരിക്കുന്നു. 'ക്ലാസ്സിക്കായി മാറുന്ന ഖുര്ആന് വ്യാഖ്യാനം' എന്ന തലവാചകത്തിലുള്ള ലേഖനം ഖുര്ആന് പരിഭാഷയെ കുറിച്ചും തഫ്സീറിനെ കുറിച്ചുമുള്ള ഹ്രസ്വ ചരിത്രത്തിലൂടെ തുടങ്ങി ഖുര്ആന് ബോധനത്തിലെത്തുന്നു.
തഫ്സീറുകളെയും അവയുടെ സ്വഭാവത്തെയും കുറിച്ച് സാമാന്യം മനസ്സിലാക്കാന് കഴിയുന്ന പഠനങ്ങളാല് സമൃദ്ധമായിരുന്നു ആ ലക്കം പ്രബോധനം.
ഓര്മകളുണര്ത്തുന്നു
പ്രബോധനം വാരിക കിട്ടിയാല് ആദ്യം ആകാംക്ഷയോടെ വായിക്കുന്നത് ഒ. അബ്ദുര്റഹ്മാന്റെ 'ജീവിതാക്ഷരങ്ങളാ'ണ്. നര്മത്തില് ചാലിച്ച പ്രയോഗങ്ങളും ചിന്താര്ഹമായ പരാമര്ശങ്ങളും കൊണ്ട് സമൃദ്ധവും ശ്രവണസുഖം നിറഞ്ഞതുമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള് പോലെ തന്നെ ഏതൊരു വായനക്കാരനും സുഗ്രാഹ്യമാണ് അദ്ദേഹത്തിന്റെ എഴുത്തുശൈലിയും. എഴുത്തുകാരന്, പ്രഭാഷകന്, ഭാഷാനിപുണന്, ഗ്രന്ഥകര്ത്താവ്, അധ്യാപകന്, വിദ്യാഭ്യാസ പ്രവര്ത്തകന്, പത്രാധിപര് തുടങ്ങിയ മേഖലകളിലൊക്കെ വ്യക്തമായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തില്നിന്ന് ഒട്ടേറെ കാര്യങ്ങള് പഠിക്കാനുണ്ട്. മുന് ലക്കങ്ങളിലൊന്നില് സൂചിപ്പിച്ച പോലെ കേവലം ഒരു അറബി മുന്ഷിയായി ഒതുങ്ങിപ്പോകുമായിരുന്ന അദ്ദേഹത്തിലെ പ്രതിഭ ഇന്നത്തെ അവസ്ഥയിലേക്ക് ഉയര്ന്നതിന്റെ പിന്നില് വഴിത്തിരിവായത് ഒരുപക്ഷേ, സാഹസികമെന്ന് തോന്നാവുന്ന ചില തീരുമാനങ്ങളും സര്വോപരി ദൈവിക ഇടപെടലുമാണെന്ന് പറയാം. ചില വ്യക്തിജീവിതങ്ങള് അങ്ങനെയാണ്; നിര്ണായക സന്ദര്ഭങ്ങളിലെ അവരുടെ തീരുമാനങ്ങള് അവര് പോലും പ്രതീക്ഷിക്കാത്തിടത്തേക്ക് അവരെ എത്തിക്കും.
പത്രാധിപര് എന്ന നിലയിലുള്ള കൃത്യാന്തര ബാഹുല്യങ്ങള് പ്രതിബന്ധമായിരുന്നില്ലെങ്കില് അന്വേഷണത്വരയും ഗവേഷണ മനസ്സുമുള്ള അദ്ദേഹത്തില്നിന്ന് ഇനിയുമേറെ സംഭാവനകള് വിജ്ഞാന കൈരളിക്ക് ലഭിക്കുമായിരുന്നു. മാധ്യമത്തിന്റെ പത്രാധിപ സ്ഥാനമാണ് തന്റെ മുടി നരപ്പിച്ചതെന്ന് വര്ഷങ്ങള്ക്കു മുമ്പ് ഒരു പത്രപ്രവര്ത്തക പരിശീലന ക്യാമ്പില് അദ്ദേഹം പറഞ്ഞത് ഓര്മയിലെത്തുന്നു. വിഖ്യാതമായ പല വിശ്വസാഹിത്യ കൃതികളും പിറവിയെടുത്തത് കടുത്ത ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ജീവിത ഞെരുക്കങ്ങളാല് സമ്പന്നമായിരുന്ന ശാന്തപുരം നാളുകളെക്കുറിച്ച ലേഖകന്റെ പരാമര്ശം ഈ കുറിപ്പുകാരന്റെ കോളേജ് പഠനകാലത്തെ ഓര്മകളെ ഉണര്ത്തി.
എം.എസ് സിയാദ് കലൂര് എറണാകുളം
പൗരത്വത്തില് പ്രകടമാകുന്നത്
ഇസ്ലാമോഫോബിയയുടെ പുതിയ പതിപ്പ് (മുഖവാക്ക്) വായിച്ചു. പൗരത്വം റദ്ദു ചെയ്യാനുള്ള നീക്കങ്ങള് ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊിരിക്കുന്നു. അതിനെതിരെ കാര്യമായ പ്രതിഷേധമുയരുന്നില്ല. അസമിലെ ലക്ഷണക്കിനാളുകള് പൗരത്വം റദ്ദ് ചെയ്യപ്പെടുമെന്ന ഭീഷണിക്ക് നടുവിലണ്. പക്ഷേ അതൊരു ദേശീയ പ്രശ്നമായി ഉയര്ത്തിക്കൊുവരുന്നതില് എല്ലാ മുഖ്യധാരാ കക്ഷികളും വിമുഖത കാണിക്കുകയാണ്. ഇന്ത്യയിലായാലും മറ്റിടങ്ങളിലായാലും ഇതിന്റെ ഇരകള് ഒരു വിഭാഗം മാത്രമായിത്തീരുന്നത് ഒട്ടും യാദൃഛികമല്ല.
അബ്ബാസ് ആനപ്പുറം, യാമ്പു
തിരിച്ചുപിടിക്കേണ്ട കച്ചവട ധാര്മികത
ഇസ്ലാമും കച്ചവടം എന്ന ജീവിതോപാധിയും തമ്മിലുള്ള നാഭീനാള ബന്ധം വിശകലനം ചെയ്ത സദ്റുദ്ദീന് വാഴക്കാടിന്റെ ലേഖനം(ലക്കം 35) വായിച്ചു.
സത്യസന്ധമായൊരു ജീവിതം സമൂഹത്തിനു മുമ്പില് മലര്ക്കെ തുറന്നു വെച്ച് കൊണ്ട് അവര് നടത്തിയ ക്രയ വിക്രയങ്ങള് മനസ്സുകളെ മതത്തിന്റെ മനോഹാരിതയിലേക്ക് വലിച്ചടുപ്പിച്ചു എന്നതാണ് സത്യം.
ഇവിടെയുള്ള സംസ്കാരത്തിന് നിസ്തുല സംഭാവനകള് നല്കിയ മാലികുബ്നു ദിനാര് അടക്കമുള്ള അനുപമ വ്യക്തിത്വങ്ങള് പാഠപുസ്തകങ്ങളില് നിന്ന് പുറത്താവുകയും അവിടെ അധിനിവേശകരായി കടന്നു കയറിയ ഗാമമാര് ആഘോഷിക്കപ്പെടുകയും ചെയ്യുന്നതെന്തുകൊ് എന്നതിനെപ്പറ്റിയും വസ്തു നിഷ്ഠമായ പഠനങ്ങള് ആവശ്യമായിട്ടുണ്ട്.
തനിക്ക് വേണ്ട കച്ചവടം കിട്ടിക്കഴിഞ്ഞാല് പിന്നീട് വരുന്ന ഉപഭോക്താക്കളോട് അടുത്ത് തന്നെയുള്ള സഹോദര മതസ്ഥന്റെ കടയില് പോയി വാങ്ങിക്കൊള്ളാന് സ്നേഹബുദ്ധ്യാ ഉപദേശിക്കുന്ന വ്യാപാര സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയത് മാലികുബ്നു ദിനാറിനെപ്പോലുള്ള അറബികളായിരുന്നുവെന്നു ചരിത്രം ചികഞ്ഞാല് നമുക്ക് ബോധ്യപ്പെടും.
കച്ചവടം എന്ന പ്രവാചക പാരമ്പര്യം വിളിച്ചോതുന്ന മേഖലയെ ഈ അടുത്ത കാലം വരെ മുസ്ലിംകള് അര്ഹിക്കുന്ന പരിപാവനതയോടെ കണ്ടിരുന്നുവെങ്കിലും ഇന്ന് മറ്റെല്ലായിടത്തും എന്ന പോലെ ഈ രംഗത്തും അപചയങ്ങളുടെ അപായ സൂചനകള് വല്ലാതെ കണ്ടു തുടങ്ങിയിരിക്കുന്നു. സ്വാര്ഥ മൂര്ത്തമായ ലാഭക്കൊതിയില് നിന്ന് ഇസ്ലാം വിഭാവനം ചെയ്യുന്ന വിശാലതയിലേക്കും വിട്ടുവീഴ്ചയിലേക്കും വ്യാപാര മേഖലയെ തിരികെ കൊണ്ട് വരാന് ബോധവല്ക്കരണങ്ങള് നടക്കേതു്. സ്വന്തത്തെ മാത്രമല്ല ജീവിത ഉപാധികളെ കൂടി മതമൂല്യങ്ങളാല് സമ്പുഷ്ടമാക്കുക എന്നത് കൂടി ഒരു മുസ്ലിമിന്റെ ബാധ്യതയാണ്.
ഇസ്മാഈല് പതിയാരക്കര, ബഹ്റൈന്
ദൈവസ്മരണയുടെ വഴികള്
'അന്ന് നമ്മളൊറ്റക്ക് അവന്റെ മുന്നിലെത്തും' സി.ടി സുഹൈബ് എഴുതിയ ലേഖനം (ലക്കം 34) വായിച്ചു. സ്രഷ്ടാവായ അല്ലാഹുവിലേക്ക് മനുഷ്യമനസ്സുകള് കൂടുതല് അടുക്കാനും ദൈവസ്മരണ നിലനിര്ത്താനും ചിന്തകളെ അവനിലേക്ക് എത്തിക്കാനും കഴിയുന്ന വഴികള് തെളിക്കുന്നതായിരുന്നു അത്. കടിഞ്ഞാണില്ലാത്ത കുതിരകള് പോലെ കുതറി ഓടിപ്പോകുന്ന മനസ്സിനെ നിയന്ത്രിക്കുന്നതില് വിജയിക്കാന് ഏറ്റവും നല്ല വഴി ലേഖകന് പറയുന്ന പോലെ ഏകാന്തതയിലിരുന്ന് ദൈവസ്മരണയെ മനസ്സിലേക്ക് കൊണ്ടുവരിക എന്നതാണ്.
ഖുര്ആന്റെ അവതരണ വാര്ഷിക വേളയായ റമദാനിന്റെ അവസാനത്തെ പത്തില് ഇഅ്തികാഫിലൂടെ നിരന്തരം മനസ്സിനെ ദൈവസ്മരണയില് തളച്ചിടാന് അവസരം ഒരുക്കുന്നു് ഇസ്ലാം. ഈ ധ്യാനം പരിശീലിക്കാന് നാം മനസ്സ് വെച്ചാല്, ആ ദിനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന് കഴിയും. ജീവിത വഴികളില് ഉടനീളം ദൈവസ്മരണയും സൂക്ഷ്മതയും നിലനിര്ത്താനും അതുവഴി സാധ്യമാകും. അതിനുള്ള വഴികളും അവസരങ്ങളും ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.
കുഞ്ഞുമൊയ്തീന് പി.എസ് ആലുവ
സ്വയം നാശത്തിലേക്ക് എടുത്തു ചാടുന്നവര്
ഹൈദരലി ശാന്തപുരം എഴുതിയ 'ഒരു ബൈക്കപകടത്തിന്റെ ബാക്കിപത്രം' എന്ന ലേഖനമാണ് (ലക്കം 3085) ഈ കുറിപ്പിന് ആധാരം. ആരെയും വകവെക്കാതെ ഇരുചക്രവാഹനങ്ങളില് ചീറിപ്പായുന്നവര് പല അപകടങ്ങളും വരുത്തിവെക്കുന്നുണ്ട്. യുവത്വത്തിന്റെ തിളപ്പില് സ്വശരീരമോ അന്യരുടെ ജീവനോ പരിഗണിക്കാതെ അടിച്ചു പൊളിക്കുന്ന തിരക്കിലാണവര്.റോഡപകടങ്ങളില് ദാരുണ മരണം ഏറ്റുവാങ്ങുന്നവരും മൃതസമാനം ജീവിക്കുന്നവരും മിക്കവാറും കൗമാരക്കാരാണ്. ജീവിത വസന്തത്തിലേക്ക് കടന്നിട്ടില്ലാത്ത ഇവര് കുടുംബത്തിനും സമൂഹത്തിനും ചോദ്യചിഹ്നമായി മരണക്കിടക്കയില് അഭയം തേടേണ്ടി വരുന്നു.
വാഹന അപകടങ്ങളില് 70 ശതമാനവും ഇരുചക്രവാഹനങ്ങള് മൂലമുണ്ടാകുന്നതാണ്. ബൈക്ക് അപകടങ്ങളില് ജീവന് ഹോമിക്കപ്പെടുന്ന അധികമാളുകളും 17-നും 35-നുമിടയില് പ്രായമുള്ളവരാണ്. ഇരുചക്രവാഹനങ്ങളില് മൂന്നും നാലും കുട്ടികള് മറ്റ് വാഹനങ്ങളോട് മത്സരിച്ച് നടത്തുന്ന മരണപ്പാച്ചില് ആരെയും ഭീതിപ്പെടുത്തും. രണ്ട് പേര്ക്ക് കയറാവുന്ന ബൈക്കില് നാലും അഞ്ചും പേരടങ്ങുന്ന കുടുംബാംഗങ്ങള് ഒന്നിച്ച് യാത്ര ചെയ്യുന്നതും നിത്യക്കാഴ്ചയാണ്.
ലൈസന്സില്ലാതെ വാഹനമോടിക്കരുതെന്നാണ് നിയമമെങ്കിലും കൗമാരക്കാര്ക്ക് അതൊന്നും ബാധകമല്ലെന്ന മട്ടാണ്. കൊച്ചുകുട്ടികളെ മുന്നിലിരുത്തി ബൈക്ക് ഓട്ടം പഠിപ്പിക്കുന്ന രക്ഷിതാക്കളെ കാണാം. കുട്ടികളുടെ ആഗ്രഹങ്ങള്ക്ക് വഴങ്ങിക്കൊടുക്കുന്ന ഇക്കൂട്ടര് സ്വന്തം മക്കളോടും സമൂഹത്തോടും കാണിക്കുന്ന അക്രമം ചെറുതല്ല. മക്കള്ക്കും പ്രിയതമക്കും പുതു പുത്തന് സ്കൂട്ടറും ബൈക്കും മേടിച്ചു കൊടുത്ത് മരുഭൂമിയോട് പടവെട്ടുന്ന പ്രവാസികളുടെ കാര്യമാണ് കഷ്ടം! വിചിത്രമായ ഈ കുടുംബസ്നേഹം തോരാത്ത കണ്ണീരിലാണ് അവസാനിക്കാറുള്ളത് എന്നോര്ക്കുക.
സുബൈര് കുന്ദമംഗലം
കച്ചവടയാത്രകള് പറയുന്നത്
ചരിത്രം ഉറങ്ങുകയല്ല, ജീവിക്കുകയാണ്. അതാണ് സദ്റുദ്ദീന് വാഴക്കാടിന്റെ 'ഇസ്ലാമിന്റെ കൊടി നാട്ടിയ കച്ചവട യാത്രകള്' എന്ന ലേഖനം. ഇണക്കവും വണക്കവും ഒത്തുചേര്ന്ന കച്ചവട യാത്രകള് ചരിത്രപ്രസിദ്ധങ്ങളാണ്. ഇസ്ലാമിന്റെ കൊടി നാട്ടിയ കച്ചവടയാത്രകള് കേവല കച്ചവടമോ യാത്രയോ അല്ലായെന്ന് ലേഖകന് രേഖപ്പെടുത്തുന്നു. ചരിത്രമുറങ്ങുന്ന മണ്ണ് ഇത് തെളിയിക്കുന്നുണ്ട്. നാം ഇതേവരെ കേട്ടതും പഠിച്ചതും അല്ലാത്തതുമായ ചരിത്രസംഭവങ്ങളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ലേഖനം. ഇവരൊന്നും കേവല കച്ചവട യാത്രാസംഘങ്ങളായിരുന്നില്ല. അതിലുപരി ലോകവ്യാപാര വിപണിയില്, എണ്ണിയാല് ഒടുങ്ങാത്ത ഉല്പന്നങ്ങളും ഒപ്പം പ്രവാചകന് പഠിപ്പിച്ച കച്ചവട മൂല്യങ്ങളും എത്തിച്ചവരായിരുന്നു. അതിന്റെ ചരിത്രവും സ്വാധീനവും ഇനിയും പഠിക്കപ്പെടേണ്ടതുതന്നെ.
നേമം താജുദ്ദീന്, തിരുവനന്തപുരം
Comments