Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

പോപ്പിനും മറ്റു ലോകനേതാക്കള്‍ക്കും ഒരു തുറന്ന ക്ഷണം

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

 (യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 17)

പരമദയാലുവും കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തില്‍.

സത്യപാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ.

ഞാന്‍ പോപ്പിനെയും, ലക്ഷക്കണക്കിന് അനുയായികളുള്ള ഇതര മതവിഭാഗങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും നേതാക്കളെയും വളരെ തുറന്ന ഹൃദയത്തോടെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ്: ഇസ്‌ലാമിലേക്ക് കടന്നുവരൂ; നിങ്ങള്‍ക്ക് മോക്ഷവും വിജയവുമുണ്ടാകും, ഇഹലോകത്തും പരലോകത്തും. നിങ്ങള്‍ ക്രിസ്ത്യനോ ജൂതനോ ആണെങ്കില്‍ ഇസ്‌ലാം സ്വീകരിക്കുക വഴി പരലോകത്ത് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് ഇരട്ടി പ്രതിഫലമാണ്.1 ദൈവദൂതന്‍ മുഹമ്മദ് (സ) പറഞ്ഞു: ''വേദക്കാരില്‍ (ജൂത-ക്രിസ്തീയ വിഭാഗങ്ങള്‍) പെട്ട ഒരാള്‍ തന്റെ പ്രവാചകനില്‍ (മോസസിലോ ക്രിസ്തുവിലോ) വിശ്വസിക്കുകയും പിന്നെ ദൈവദൂതനായ മുഹമ്മദില്‍ വിശ്വസിക്കുകയും (ഇസ്‌ലാം സ്വീകരിക്കുക) ചെയ്താല്‍ അയാള്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്.'' 2

ഈ ക്ഷണം നിങ്ങള്‍ നിരസിക്കുകയാണെങ്കില്‍, നിങ്ങളുടെ സ്വാധീനത്തിലുള്ളവരുടെയും നിങ്ങളെ പിന്‍പറ്റുന്നവരുടെയും കാര്യത്തില്‍ നിങ്ങള്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.

എന്റെ എല്ലാ മുസ്‌ലിം സഹോദരന്മാരെയും സഹോദരികളെയും ലോകരക്ഷിതാവ് ഒരു ദൗത്യമേല്‍പിച്ചിട്ടുണ്ട്. എനിക്കുമുണ്ട് ആ ദൗത്യം. തനിക്ക് കഴിയുന്ന വിധത്തില്‍ ഈ ദിവ്യസന്ദേശം മുഴുവന്‍ മനുഷ്യര്‍ക്കും എത്തിക്കുക എന്നതാണത്. അല്ലാഹു പറയുന്നു: ''പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: 'അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.' ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക'' (3:64).

ഈ പുസ്തകത്തിന്റെ മുന്‍ അധ്യായങ്ങളില്‍ ഒരുപാടൊരുപാട് തെളിവുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. കണ്ണുള്ളവര്‍ക്കൊക്കെ അവ കാണാം, ബുദ്ധിയുള്ളവര്‍ക്കൊക്കെ അവ ഗ്രഹിക്കാം. ഈ ശാശ്വത സത്യത്തിലേക്കാണ് അല്ലാഹു ക്ഷണിക്കുന്നത്. ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കട്ടെ. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സ്വമേധയാ പാലിക്കുന്ന ഒരു വ്യക്തിയെന്ന നിലക്ക് സര്‍വലോക രക്ഷിതാവും നിയന്താവും കരുണാസാഗരവുമായ ഏകദൈവത്തിലേക്ക് ഞാന്‍ ക്ഷണിച്ചേ മതിയാവൂ. സകല വ്യാജദൈവങ്ങളെയും ആരാധിക്കുന്നതും കീഴ്‌വണങ്ങുന്നതും നിങ്ങള്‍ അവസാനിപ്പിക്കണം. ആ ആരാധ്യവസ്തുക്കള്‍ ചിലപ്പോള്‍ ജീവനുള്ളതാകാം, ജീവനില്ലാത്തതാകാം; അല്ലാഹു സൃഷ്ടിച്ചതാകാം, അല്ലെങ്കില്‍ മനുഷ്യന്‍ തന്നെ രൂപകല്‍പ്പന ചെയ്തതാകാം. പശ്ചാത്തപിച്ച ശേഷം പ്രപഞ്ചസ്രഷ്ടാവും നാഥനുമായ അല്ലാഹുവിന്റെ  ഇഛക്ക് അവര്‍ സ്വയം സമര്‍പ്പിക്കാന്‍ തയാറാവേണ്ടതുണ്ട്.

വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് ഈ ജീവിതകാലത്ത് എത്ര പണമോ അധികാരമോ സ്ഥാനമാനങ്ങളോ ഉണ്ടായിക്കൊള്ളട്ടെ, അതുകൊണ്ടൊന്നും അവള്‍ക്ക്/അവന് പരലോകത്ത് സ്വര്‍ഗപ്പൂന്തോപ്പുകള്‍ വിലയ്ക്ക് വാങ്ങാന്‍ സാധ്യമല്ല തന്നെ.3 നോക്കൂ, ഈ ലോകത്ത് ഏറ്റവും ദരിദ്രാവസ്ഥയില്‍ കഴിയുന്ന ഒരു വിശ്വാസി, അതായത് അല്ലാഹുവിന് വഴിപ്പെടുകയും മുഹമ്മദ് നബിയെ ദൈവദൂതനായി അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തി നാളെ പരലോകത്ത് ഭൂമിയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയേക്കാള്‍ എത്രയോ എത്രയോ മടങ്ങ് സന്തോഷവാനും പദവികള്‍ നല്‍കപ്പെടുന്നവനുമായിരിക്കും.

ഖുര്‍ആന്‍ പറയുന്നു: ''നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ദൈവവചനങ്ങളില്‍പെട്ടതാണ്. യുക്തിപൂര്‍വമായ ഉദ്ബോധനത്തില്‍നിന്നുള്ളവയും'' (3:58). 5: 36,37 സൂക്തങ്ങളില്‍ ഇങ്ങനെയും വ്യക്തമാക്കുന്നു: ''ഭൂമിയിലുള്ളതൊക്കെയും അത്രതന്നെ വേറെയും സത്യനിഷേധികളുടെ വശമുണ്ടാവുകയും, ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കാനൊരുങ്ങുകയും ചെയ്താലും അവരില്‍നിന്ന് അതൊന്നും സ്വീകരിക്കുകയില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയാണുണ്ടാവുക. നരകത്തില്‍നിന്ന് പുറത്തുകടക്കാന്‍ അവര്‍ കൊതിക്കും. പക്ഷേ അതില്‍നിന്നു പുറത്തുകടക്കാനാവില്ല. സ്ഥിരമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.''

ഒരാളുടെ ശരീരത്തില്‍നിന്ന് ആത്മാവ് കൂടൊഴിയുന്നതിനു മുമ്പ്, അയാള്‍ ശ്വസിക്കുകയും സംസാരിക്കുകയും, ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യുന്ന ഏതു സന്ദര്‍ഭത്തിലും അയാള്‍ക്ക് പശ്ചാത്തപിക്കാം. പശ്ചാത്താപം ആത്മാര്‍ഥവും സത്യസന്ധവുമാണെങ്കില്‍, അല്ലാഹുവിന് മാത്രം വഴിപ്പെടാനും മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി അംഗീകരിക്കാനും അയാള്‍ തയാറാണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും; ആയുസ്സൊടുങ്ങുന്നതിന്റെ ഒരു മിനിറ്റ് മുമ്പാണ് ആ ഭാഗ്യം സിദ്ധിച്ചതെങ്കില്‍ പോലും. ചെയ്തുപോയ മോശം പ്രവൃത്തികളൊക്കെ നല്ല പ്രവൃത്തികളില്‍ വരവ് വെച്ച് അല്ലാഹു അയാളെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹനാക്കും. ''പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്'' (25:70). വീണ്ടും: ''എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ നാം പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവേക്കാള്‍ സത്യനിഷ്ഠമായി വാഗ്ദാനം നല്‍കുന്ന ആരുണ്ട്?'' (4:122). ആത്മാര്‍ഥമായി പശ്ചാത്തപിച്ച് പുതിയൊരു ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന വാഗ്ദാനമാണിത്. എത്ര വലിയ പാപിയായിരുന്നാലും, അയാള്‍ക്കും അല്ലാഹു പശ്ചാത്താപത്തിന് അവസരമൊരുക്കും എന്ന് ഖുര്‍ആന്‍ നല്‍കുന്ന വാഗ്ദാനമാണ്. ആ ഭാഗം ഉദ്ധരിച്ചുകൊണ്ട് ഞാനീ ക്ഷണത്തിന് വിരാമമിടുകയാണ്: ''പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയം വേണ്ട, അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്, പരമദയാലുവും. നിങ്ങള്‍ക്കു ശിക്ഷ വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് പശ്ചാത്തപിക്കുക. അവനു കീഴ്പ്പെടുക. ശിക്ഷ വന്നെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല'' (39: 53-54).

ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ഒരാളുടെ ആയുഷ്‌കാലത്തിനിടക്കാണ് പശ്ചാത്തപിക്കാനുള്ള അവസരം. മരണമെത്തിക്കഴിഞ്ഞാല്‍ പിന്നെ പശ്ചാത്താപത്തിന് സന്ദര്‍ഭമില്ല. അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും അതിനനുസരിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് സകല അപരാധങ്ങളും പൊറുക്കാന്‍ കാരുണ്യവാരിധിയായ തമ്പുരാന്‍ തയാറാണ്: ''പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊറുത്തുകൊടുക്കും'' (20:82).

ഞാന്‍ വളരെ ആത്മാര്‍ഥമായി അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു: നാഥാ, പക്ഷപാതിത്വങ്ങളില്ലാതെ സത്യത്തെ അന്വേഷിക്കുന്നവരെ നീ നേര്‍വഴിക്ക് നയിച്ചാലും. ആത്മപരിശോധന നടത്തി സ്വയം സംസ്‌കൃതരാവാന്‍ തയാറുള്ളവരെ നീ വഴികാട്ടിയാലും. 

(തുടരും)

 

അടിക്കുറിപ്പുകള്‍

1. വേദക്കാര്‍(ജൂതരും ക്രിസ്ത്യാനികളും)ക്ക് ഖുര്‍ആനില്‍ പ്രത്യേക പദവി അനുവദിച്ചു നല്‍കുന്നുണ്ട്. അതുകൊണ്ട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതും അവരുമായി സംവാദത്തിലേര്‍പ്പെടുന്നതും സവിശേഷമായ രീതിയിലായിരിക്കണം. ഖുര്‍ആന്‍ പറയുന്നു: ''ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്'' (29:46). മുസ്‌ലിംകളോട് സ്‌നേഹക്കൂടുതലുള്ളത് ക്രിസ്ത്യാനികള്‍ക്കാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.

''മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്കു കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും പുണ്യാളന്മാരുമുണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം'' (5:82).

2. മുസ്‌ലിം: 342

3. അല്ലാഹുവിനു മാത്രം വഴിപ്പെടുക എന്ന ജീവിതദൗത്യം നിര്‍വഹിച്ചവനു മാത്രമാണ് യഥാര്‍ഥ സന്തോഷവും ആന്തരിക സമാധാനവും ഉണ്ടാവുക. അല്ലാഹു പറയുന്നു: ''പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും'' (16:97). വീണ്ടും: ''സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്'' (13:28). ഇരുപതാം അധ്യായം 123-124 സൂക്തങ്ങള്‍ നാം ഇങ്ങനെ വായിക്കുന്നു: ''എന്നില്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ ആരത് പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല. ഭാഗ്യംകെട്ടവനാവുകയുമില്ല. എന്റെ ഉദ്ബോധനത്തെ അവഗണിക്കുന്നവന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക.'' 

അവസാനം കൊടുത്ത ഈ ഖുര്‍ആനിക സൂക്തം പല മനഃശാസ്ത്ര രോഗങ്ങള്‍ക്കുമുള്ള കാരണമെന്ത് എന്ന് വ്യക്തമാക്കുന്നുണ്ട്; അതിസമ്പന്നരായ ചിലര്‍ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ത് എന്നും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്