Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

ഹുബ്ബുര്‍റസൂലിന്റെ പേരില്‍ സുന്നത്ത് നിരാകരണം!

മഖാസ്വിദ്ദുശ്ശരീഅ (ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍) എന്ന ഇസ്‌ലാമിക പഠനശാഖയുടെ ആദ്യകാല ഗുരുവായി അറിയപ്പെടുന്ന ഇമാം അബൂ ഇസ്ഹാഖ് ശാത്വിബി(മരണം ക്രി. 1388)യുടെ ഏറ്റവും പ്രശസ്തമായ കൃതി ആ വിഷയം കൈകാര്യം ചെയ്യുന്ന അല്‍ മുവാഫഖാത്ത് തന്നെയാണ്.  അതിനോളം പ്രശസ്തമായ മറ്റൊരു കൃതിയും അദ്ദേഹം എഴുതിയിട്ടുണ്ട്; അല്‍ ഇഅ്തിസ്വാം എന്ന പേരില്‍. 'മുറുകെ പിടിക്കുക' എന്നാണ് ആ ഗ്രന്ഥശീര്‍ഷകത്തിന്റെ അര്‍ഥം. 'നിങ്ങള്‍ ഒന്നായി അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക' എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ടല്ലോ. 'അല്ലാഹുവിന്റെ പാശം' എന്നതുകൊണ്ടുള്ള വിവക്ഷ ഖുര്‍ആനും പ്രവാചക ചര്യയുമാണ്. അക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായഭിന്നതയില്ല. ഈ രണ്ട് പ്രമാണങ്ങളെയും മുറുകെ പിടിക്കാതിരുന്നാല്‍ സമൂഹം എല്ലാ അര്‍ഥത്തിലും ശിഥിലമാകുമെന്ന സൂചനയും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. പ്രമാണങ്ങള്‍ തിരസ്‌കരിക്കപ്പെടുമ്പോള്‍ പിന്നെ ആ സ്ഥാനം കൈയടക്കുക ബിദ്അത്തുകള്‍/ പുതു നിര്‍മിതികള്‍ ആയിരിക്കും. സ്വയം ഉണ്ടാക്കുന്നതും മറ്റു സമുദായങ്ങളില്‍നിന്ന് കടം കൊള്ളുന്നതുമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എങ്ങനെയാണ് ഇസ്‌ലാമിക സമൂഹത്തിന്റെ ആത്മാവ് ചോര്‍ത്തിക്കളഞ്ഞ് അതിനെ നിശ്ചേതനമാക്കുക എന്ന് ഉപന്യസിക്കുകയാണ് ആ ഗ്രന്ഥത്തില്‍.

'ഇസ്‌ലാം അപരിചിതമായി വന്നു; അത് വന്നപോലെ അപരിചിത്വത്തിലേക്ക് മടങ്ങും. അന്നേരം അപരിചിതര്‍ക്ക് ശുഭവാര്‍ത്തകള്‍' എന്നൊരു നബിവചനമുണ്ടല്ലോ. അതിനെ വ്യാഖ്യാനിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. അപരിചിതര്‍ ആരാണ് എന്ന് പ്രവാചകനോട് ചോദിച്ചപ്പോള്‍ പ്രധാനമായും മൂന്ന് ഉത്തരങ്ങള്‍ അവിടുന്ന് നല്‍കിയതായി വിവിധ നിവേദനങ്ങളില്‍ കാണാം: ഒന്ന്, ജനം ദുഷിക്കുമ്പോള്‍ എല്ലാം ശരിപ്പെടുത്തുന്നവര്‍. രണ്ട്, ഖുര്‍ആനും എന്റെ ചര്യയും ഉപേക്ഷിക്കപ്പെടുമ്പോള്‍ അവയെ നെഞ്ചേറ്റുന്നവര്‍. മൂന്ന്, കുഴിച്ചുമൂടപ്പെട്ട എന്റെ ചര്യയെ പുനരുജ്ജീവിപ്പിക്കുന്നവര്‍. ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിക്കാനാഗ്രഹിക്കുന്നവര്‍ പൊതുജന മധ്യത്തിലേക്കിറങ്ങുമ്പോള്‍ എക്കാലത്തും അവര്‍ക്ക് ഈ അപരിചിതത്വം അനുഭവപ്പെട്ടിരുന്നു. കാരണം അവിടെയവര്‍ കാണുന്നത് അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ച ദീനായിരിക്കുകയില്ല; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതില്‍ കലര്‍ന്ന മറ്റൊരു ദീനായിരിക്കും. നബിശിഷ്യനായ അബുദ്ദര്‍ദ്ദാഇനു (മരണം ഹി. 32) പോലും തന്റെ ജീവിത സായാഹ്നത്തില്‍ ഇങ്ങനെ വിലപിക്കേണ്ടി വന്നല്ലോ; 'വിടപറഞ്ഞുപോയ റസൂലും അനുയായികളും തിരിച്ചുവന്നാല്‍ നിങ്ങള്‍ അനുഷ്ഠിക്കുന്ന നമസ്‌കാരമല്ലാതെ മറ്റൊന്നും അവര്‍ക്ക് തിരിച്ചറിയാനാവുകയില്ല.' അത്രക്ക് മാറിപ്പോയിരുന്നു മുഖ്യധാരയിലെ ഇസ്‌ലാം.

ഇമാം ശാത്വിബിയുടെ വിശകലനം നമ്മുടെ കാലത്തും വളരെ പ്രസക്തം തന്നെ. പലതരം അനാചാരങ്ങള്‍ സകല ദിക്കുകളിലും പൊട്ടിമുളച്ചുകൊണ്ടിരിക്കുകയാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും നിരാകരണമാണ് അതിന് കാരണമെന്ന് കണ്ടെത്താന്‍ ഒട്ടും ആയാസപ്പെടേണ്ടിവരില്ല. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ പ്രയോഗവത്കരിക്കുന്നതിന് ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് ബിദ്അത്തുകളായതുകൊണ്ടാണ് ഇമാം ശാത്വിബി തദ്‌വിഷയകമായി ഒരു ഗ്രന്ഥം തന്നെ രചിച്ചത്. ബിദ്അത്തുകള്‍ മുസ്‌ലിം സമൂഹത്തില്‍ സ്വീകാര്യത നേടുന്നത് പലതരം കുതന്ത്രങ്ങളിലൂടെയാണെന്നതും തിരിച്ചറിയപ്പെടണം. ഇപ്പോള്‍ ഹുബ്ബുര്‍റസൂലിന്റെ/ പ്രവാചക സ്‌നേഹത്തിന്റെ പേരിലാണ് സുന്നത്തിന്റെ നിരാകരണം അഥവാ ബിദ്അത്തുകളുടെ പ്രമോഷന്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്തൊരു വിരോധഭാസമാണിത്! ഇതേക്കുറിച്ച ഗൗരവപ്പെട്ട ഉണര്‍ത്തലുകളുണ്ട് ഈ ലക്കത്തില്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്