സംവാദങ്ങള്‍, സംഘര്‍ഷങ്ങള്‍
[ജീവിതാക്ഷരങ്ങള്‍-15]
ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ പ്രശ്‌നങ്ങളില്‍ ഇടപെടാനും രാജ്യത്ത് മാനവികതയും മതമൈത്രിയും സൗഹാര്‍ദവും ശക്തിപ്പെടുത്താനുമുള്ള യത്‌നങ്ങളില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി ചിലതൊക്കെ ചെയ്യാനും അവസരം ലഭിച്ചത് വിലപ്പെട്ട ജീവിതാനുഭവമാണ്. നേരത്തേതന്നെ സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന സിേമ്പാസിയങ്ങള്‍, സെമിനാറുകള്‍, സംവാദങ്ങള്‍ മുതലായവയില്‍ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. അത്തരം നൂറുകണക്കായ വേദികളില്‍ ഹ്രസ്വസമയത്തിനകം ഊന്നിപ്പറഞ്ഞത് വംശീയത, തീവ്ര ദേശീയത, വര്‍ണവിവേചനം തുടങ്ങി മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കുന്ന വികാരവിചാരങ്ങള്‍ക്കതീതമായി മാനവികതയുടെയും സമാധാനത്തിന്റെയും ഉദാത്ത സന്ദേശമായിരുന്നു. മതത്തെ പൊതുവിലും ഇസ്‌ലാമിനെ വിശേഷിച്ചും കടന്നാക്രമിക്കുന്ന തീവ്രഭൗതികവാദികളുടെ ആരോപണശരങ്ങളെ നേരിട്ടതു പോലും സംയമനത്തോടെയാണ്. എന്നാല്‍, വസ്തുതകളുടെ പിന്‍ബലത്തില്‍ അവരുടെ വാദഗതികളെ ഖണ്ഡിക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തു.
കേരള ഡയലോഗ് സെന്ററും മറ്റും സംഘടിപ്പിച്ച ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ മതനേതാക്കളുടെ സംവാദങ്ങളില്‍ പെങ്കടുത്തതാണ് പ്രസ്താവ്യമായ മറ്റൊരു ഇടപെടല്‍. എറണാകുളം, തൃശൂര്‍, തിരുവമ്പാടി (കോഴിക്കോട്) എന്നീ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട മതസംവാദങ്ങളില്‍ ക്രിസ്തുമതത്തെയും ഹിന്ദു ധര്‍മത്തെയും പ്രതിനിധീകരിച്ചത് പ്രമുഖ മതാചാര്യന്മാരായിരുന്നെങ്കില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചത് ഈയുള്ളവനായിരുന്നു. മൂന്നിടത്തും സംബന്ധിച്ച പ്രബുദ്ധ സദസ്സുകളില്‍നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ആത്മവിശ്വാസം ദൃഢീകരിക്കുന്നതുമായിരുന്നു. ഇതര മതങ്ങളെ വിമര്‍ശിക്കാതെ ഇസ്‌ലാമിനെ പോസിറ്റീവായി അവതരിപ്പിക്കുന്ന ശൈലിയാണ് ഡയലോഗുകളില്‍ പൊതുവെ സ്വീകരിച്ചത്. എറണാകുളത്ത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത പ്രൗഢമായ സംവാദത്തില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കവെ സ്വാമി വിേവകാനന്ദനെ ഞാന്‍ ഉദ്ധരിച്ചത് ഹിന്ദുമതത്തെ പ്രതിനിധീകരിച്ച സ്വാമിക്ക് രസിച്ചില്ല. 'പ്രായോഗികാദൈ്വതത്തെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും മതം അതിനടുത്ത് നില്‍ക്കുന്നുവെങ്കില്‍ ഇസ്‌ലാമാണ്, ഇസ്‌ലാം മാത്രമാണ്' എന്ന വിവേകാനന്ദ സ്വാമികളുടെ വചനമാണ് അദ്ദേഹത്തിന് രസിക്കാതെ പോയത്. വിവേകാനന്ദന്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചിട്ടുമുണ്ട് എന്നായിരുന്നു സ്വാമിക്ക് പറയാനുണ്ടായിരുന്നത്. അമുസ്‌ലിംകള്‍ മാത്രം പെങ്കടുത്ത ഒേട്ടറെ സദസ്സുകളെ പലപ്പോഴായി അഭിമുഖീകരിച്ചപ്പോള്‍ ഒരിടത്തും നാസ്തികരോ മതനിഷേധികളോ തൊടുത്തുവിടുന്ന ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടില്ല. എന്നാല്‍, സര്‍വമതസത്യവാദം ചോദ്യങ്ങളുടെ അന്തര്‍ധാരയായി പലപ്പോഴും അനുഭവപ്പെടുകയും ചെയ്തു. എല്ലാ മതങ്ങളുടെയും അന്തസ്സത്ത ഒന്നാണെന്നും എല്ലാം ഏകദൈവത്തിലേക്കുള്ള വഴികളാണെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നതായി തോന്നി. ഏതെങ്കിലും ഒരു മതം മാത്രം ശരി എന്ന് വിശ്വസിക്കുന്നതും വാദിക്കുന്നതുമാണ് മതസ്പര്‍ധക്ക് കാരണമെന്ന് സാമാന്യ ധാരണയുണ്ട്. ലോകത്തിന് ഒരേ ഒരു മതം മാത്രമേ ദൈവം നല്‍കിയിട്ടുള്ളൂവെന്നും ഏകദൈവത്തിലധിഷ്ഠിതമായ ആ സത്യമതത്തെ ഭിന്നവിരുദ്ധങ്ങളായ അനേകം മതങ്ങളാക്കിയത് പുരോഹിതന്മാരാണെന്നും സോദാഹരണം സമര്‍ഥിക്കുന്നതില്‍ മുസ്‌ലിം പണ്ഡിതന്മാരും പ്രഭാഷകരും വേണ്ടത്ര വിജയിച്ചിട്ടില്ല. സാമുദായിക സൗഹാര്‍ദത്തിന് പോറലേല്‍പിക്കുമെന്ന ധാരണയില്‍ ചിലര്‍ അതിന് മിനക്കെടാറുമില്ല. ധാര്‍മികാധ്യാപനങ്ങളില്‍ നിലവിലെ മതങ്ങള്‍ക്കിടയിലെ സാമ്യതകളെ ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെ, ഏകദൈവത്വം, പ്രവാചകത്വം, മരണാനന്തര ജീവിതം എന്നീ അടിസ്ഥാന തത്ത്വങ്ങളിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ വ്യതിരിക്തതയും സവിശേഷതയും തീര്‍ത്തും പോസിറ്റീവായി അവതരിപ്പിക്കാവുന്നതേയുള്ളൂ. കിട്ടിയ അവസരങ്ങളിലെല്ലാം അതാണ് ചെയ്തത്.
മത സാമുദായിക രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി മാനവികൈക്യവും സഹവര്‍ത്തിത്വവും ഉദ്‌ഘോഷിക്കാന്‍ ലഭിച്ച മികച്ച അവസരമായിരുന്നു ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി(എഫ്.ഡി.സി.എ)യുടെ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി പദം. 1992 ഡിസംബര്‍ 6-ന് സംഘ് പരിവാര്‍ കര്‍സേവകരെ അയച്ച് ബാബരി മസ്ജിദ് തകര്‍ത്തുകളഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തുടനീളം കത്തിപ്പടര്‍ന്ന വര്‍ഗീയ ജ്വാലയുടെ പശ്ചാത്തലത്തില്‍ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പിനും സാമുദായിക സൗഹാര്‍ദത്തിനുമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്ത് 1993-ല്‍ സ്ഥാപിച്ച പൊതുവേദിയാണ് എഫ്.ഡി.സി.എ. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ജസ്റ്റിസ് വി.എ താര്‍ക്കുണ്ഡെ ആയിരുന്നു പ്രഥമ പ്രസിഡന്റ്. പ്രമുഖ പത്രപ്രവര്‍ത്തകനും മീഡിയ കുലപതിയുമായിരുന്ന കുല്‍ദീപ് നയാര്‍, സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ആര്‍.കെ ഗാര്‍ഗ്, മുന്‍ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ, നിയമജ്ഞനും ന്യായാധിപനും മനുഷ്യാവകാശ പോരാളിയുമായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, അഖില ഭാരതീയ ആര്യ പ്രതിനിധിസഭയുടെ സാരഥി സ്വാമി അഗ്നിവേശ്, ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനും പിന്നീട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപാധ്യക്ഷനുമായിരുന്ന മുഹമ്മദ് ശഫീഅ് മൂനിസ് മുതലായ മഹദ്് വ്യക്തിത്വങ്ങള്‍ നേതൃത്വം നല്‍കിയ എഫ്.ഡി.സി.എ തുടക്കത്തില്‍ ഏറെ സജീവമായിരുന്നു. കേരള ചാപ്റ്ററിന്റെ അധ്യക്ഷന്‍ ജ. കൃഷ്ണയ്യരോടൊപ്പം രാഷ്ട്രീയ കൊലപാതകങ്ങള്‍ മൂലം അന്തരീക്ഷം വഷളായ കണ്ണൂര്‍, നാദാപുരം പോലുള്ള മേഖലകള്‍ സന്ദര്‍ശിക്കാനും മാധ്യസ്ഥശ്രമങ്ങളില്‍ പങ്കുവഹിക്കാനും അവസരമുണ്ടായി. കണ്ണൂരിലെ സി.പി.എം-ആര്‍.എസ്.എസ് കൊലപാതക പരമ്പരകള്‍ക്കറുതിയുണ്ടാക്കാനും എഫ്.ഡി.സി.എ പരമാവധി പണിയെടുത്തു. ഈ യാത്രകളിലൊക്കെ ജസ്റ്റിസ് കൃഷ്ണയ്യര്‍ കൈമാറിയ ബഹുമുഖങ്ങളായ ജീവിതാനുഭവങ്ങള്‍ മറ്റൊരു സ്രോതസ്സില്‍നിന്നും ഒരിക്കലും ലഭിക്കാത്തതായിരുന്നു. ജുഡീഷ്യറിയുടെ മേേലതട്ടില്‍ പോലും അഴിമതി കടന്നുകയറിയതിനെതിരെ രോഷാകുലനായ കൃഷ്ണയ്യര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: 'സുപ്രീംകോടതിയിലെ മൂന്നിലൊന്ന് ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുകയില്ല. മൂന്നിലൊന്ന് മേശക്കടിയിലൂടെ വാങ്ങും. മൂന്നിലൊന്ന് വിലപേശിത്തന്നെ വാങ്ങും.' പിന്നീടുണ്ടായ പല സംഭവങ്ങളും മുതിര്‍ന്ന ന്യായാധിപന്മാരുടെതന്നെ പരസ്യമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ജമാഅത്ത് കേരള ഘടകത്തിന്റെ സെക്രട്ടറിമാരില്‍ ഒരാളായ ടി.കെ ഹുസൈന്‍ പുനരുജ്ജീവനത്തിന് നന്നായി ശ്രമിക്കുന്നെങ്കിലും പഴയതുപോലെ സജീവമല്ല ഇപ്പോള്‍ എഫ്.ഡി.സി.എ. തലയെടുപ്പുള്ള നേതാക്കളുടെ വേര്‍പാടിനെ തുടര്‍ന്ന് ദേശീയ തലത്തിലും അത് നിര്‍ജീവമായി.
മനസ്സില്‍ മായാതെ കിടക്കുന്ന സംഭവങ്ങളിലൊന്ന് മാറാട് കലാപത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥ ഒതുക്കിത്തീര്‍ക്കാന്‍ നടത്തിയ ശ്രമമാണ്. 2002-ല്‍ കോഴിക്കോട് ബേപ്പൂരിനടുത്ത മാറാട് കടപ്പുറത്ത് ഹിന്ദു-മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ക്കിടയിലുണ്ടായ അസ്വാസ്ഥ്യങ്ങള്‍ അഞ്ച് പേരുടെ കൊലയില്‍ കലാശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് അന്ന് സംസ്ഥാനം ഭരിക്കുന്നത്. മൂന്ന് ഹിന്ദുക്കളും രണ്ട് മുസ്‌ലിംകളും കൊല ചെയ്യപ്പെട്ട സംഭവത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ അന്വേഷിക്കാനോ കുറ്റമറ്റ രീതിയില്‍ നടപടികളെടുക്കാനോ പോലീസിന് കഴിഞ്ഞില്ല. വര്‍ഗീയ സ്വഭാവമുള്ള ആക്രമണമായിട്ടു കൂടി ജാഗ്രതയോടു കൂടിയ അന്വേഷണം നടന്നില്ല എന്നുതന്നെ വേണം പറയാന്‍. ബി.ജെ.പിക്കാരും മാര്‍ക്‌സിസ്റ്റുകാരും മുസ്‌ലിംലീഗുകാരും ഉള്‍പ്പെടെയുള്ള ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും അതത് പാര്‍ട്ടികള്‍ ഇടപെട്ടപ്പോള്‍ അവരെയെല്ലാം വിട്ടയക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ രണ്ട് മുസ്‌ലിം മയ്യിത്തുകള്‍ സംസ്‌കരിക്കാന്‍ കുഴിവെട്ടുകയായിരുന്ന അബൂബക്കറായിരുന്നു. പട്ടാപ്പകല്‍ ആര്‍.എസ്.എസ് സംഘം വന്ന് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു അദ്ദേഹത്തെ. മക്കള്‍ക്കും ബന്ധുക്കള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഇത് പൊറുക്കാനായില്ല. അവര്‍ ആസൂത്രിതമായി നടത്തിയ ഓപറേഷനാണ് 2003-ല്‍ നടന്ന രണ്ടാം മാറാട് കലാപം. എട്ട് അരയസമാജം പ്രവര്‍ത്തകരും ഒരു മുസ്‌ലിമുമാണതില്‍ കൊല്ലപ്പെട്ടത്.
മാറാട് പള്ളി കേന്ദ്രീകരിച്ചു നടന്ന ഈ ആക്രമണം സംസ്ഥാനത്തെയാകെ ഞെട്ടിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഒറ്റയടിക്ക് ഇത്രയും സംഘ് പരിവാര്‍ പ്രവര്‍ത്തകരോ അനുകൂലികളോ കൊല്ലപ്പെടുന്നത് ഇതാദ്യമായിരുന്നു. മാറാട് പ്രദേശത്തുനിന്ന് മുസ്‌ലിം മത്സ്യത്തൊഴിലാളികളാകെ കുടിയൊഴിഞ്ഞുപോയി. ജില്ലാ ഭരണാധികാരികള്‍ പള്ളി അടച്ചുപൂട്ടുകയും പ്രദേശത്തേക്ക് മുസ്‌ലിംകളുടെ പ്രവേശനം തടയുകയും പരമാവധി പോലീസിനെ വിന്യസിപ്പിച്ച് ക്രമസമാധാനം ഉറപ്പുവരുത്താന്‍ നടപടികളെടുക്കുകയും ചെയ്തുവെങ്കിലും സംഘ് പരിവാര്‍ അടങ്ങിയില്ല. മൂന്നാംദിവസം മുഖ്യമന്ത്രി ആന്റണിയും പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മന്ത്രിമാരും സ്ഥലം സന്ദര്‍ശിക്കാനൊരുങ്ങിയെങ്കിലും കുഞ്ഞാലിക്കുട്ടിയെ കടത്തിവിടുകയില്ലെന്ന് അരയസമാജം ശഠിച്ചു. മുഖ്യമന്ത്രി വഴങ്ങി. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി കൂടെ കൂട്ടിയില്ല. സ്‌ഫോടനാത്മക സ്ഥിതി എങ്ങനെ നിയന്ത്രണാധീനമാക്കാമെന്നും മറ്റിടങ്ങളിലേക്ക് കലാപം പടരാതിരിക്കാന്‍ വഴിയെന്തെന്നും ആലോചിക്കാന്‍ വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനും കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ചര്‍ച്ചകളിലേക്ക് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷന്‍ കെ.എ സിദ്ദീഖ് ഹസനും ഞാനും എത്തിച്ചേരുകയുണ്ടായി. ഞങ്ങള്‍ ചെന്നപ്പോള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. രംഗം ആര്‍.എസ്.എസ് കൈയടക്കുകയും കടുത്ത പ്രതികാര വാഞ്ഛയോടെ മറ്റിടങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണെന്നിരിക്കെ തീ തച്ചുകെടുത്താന്‍ ഉടനടി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് ഞങ്ങള്‍ പറഞ്ഞു. 'സംഗതി തീര്‍ത്തും ശരിയാണ്. പക്ഷേ, എന്താണ് ചെയ്യേണ്ടത്!' മുഖ്യമന്ത്രി ചോദിച്ചു. 'മന്ത്രി കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി കൂടെ കൂട്ടാതിരുന്നത് മോശമായി. അരയ സമാജത്തിന്റെ തടസ്സം കാരണം അദ്ദേഹം തിരിച്ചുപോരേണ്ടി വന്നാലും സാരമില്ലായിരുന്നു. പ്രദേശത്തേക്കുള്ള പ്രവേശനംപോലും പോലീസിന്റെയല്ല, അവരുടെ നിയന്ത്രണത്തിലാണെന്ന തെറ്റായ സന്ദേശമാണിപ്പോള്‍ പ്രചരിക്കുന്നത്. ഏതായാലും വന്‍ നഷ്ടപരിഹാരത്തിനും സി.ബി.ഐ അന്വേഷണത്തിനുമുള്ള ആര്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടായാലും കലാപം പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ബുദ്ധി' - ഞങ്ങള്‍ പറഞ്ഞു. കൂടുതല്‍ ആലോചനകള്‍ തിരുവനന്തപുരത്തേക്ക് മാറ്റിവെച്ചു മുഖ്യമന്ത്രിയും സംഘവും ഗസ്റ്റ് ഹൗസ് വിട്ടു.
കൊല്ലപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം വീതമാണ് ആര്‍.എസ്.എസ് ആവശ്യപ്പെട്ടത്. അതിന് സര്‍ക്കാര്‍ വഴങ്ങി. എന്നാല്‍, സി.ബി.ഐ അന്വേഷണാവശ്യത്തോട് മുസ്‌ലിം ലീഗ് യോജിച്ചില്ല. പ്രതിസന്ധി നീണ്ടപ്പോള്‍ തിരുവനന്തപുരത്തെ ഗാന്ധിസ്മാരക നിധി അധ്യക്ഷന്‍ ഗോപിനാഥന്‍ നായരെ ഇടപെടുത്തി ഹിന്ദു-മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിശ്ചിതദിവസം ഗോപിനാഥന്‍ നായരുടെ സാന്നിധ്യത്തില്‍ അരയസമാജം, ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ഒരുവശത്തും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, കെ.എന്‍.എം, ജമാഅത്തെ ഇസ്‌ലാമി, എം.ഇ.എസ് മുതല്‍ സംഘടനകള്‍ മറുവശത്തുമായി ചര്‍ച്ചകള്‍ നടന്നു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, എം.സി മായിന്‍ ഹാജി തുടങ്ങിയവര്‍ സജീവ പങ്കാളികളായിരുന്നു. സി.ബി.ഐ അന്വേഷണം എന്ന കീറാമുട്ടിയില്‍ മുട്ടി ചര്‍ച്ചകള്‍ അനന്തമായി നീണ്ടു. പത്രക്കാര്‍ അക്ഷമരായി. ഇടക്കിടെ പുറത്തുകടന്ന എന്നോട് എവിടെവരെ എത്തി എന്നറിയാന്‍ അവര്‍ തിരക്കുകൂട്ടി. സി.ബി.ഐ അന്വേഷണം എന്നതില്‍ കുറഞ്ഞ ഒന്നുകൊണ്ടും അരയപക്ഷം തൃപ്തരാവില്ലെന്ന് ശ്രീധരന്‍പിള്ള എന്നോടു പറഞ്ഞു. (കലാപത്തില്‍ പങ്കാളിയായതിന്റെ പേരില്‍ പിന്നീട് ശിക്ഷിക്കപ്പെട്ട) അരയസമാജം സെക്രട്ടറി ടി. സുരേഷുമായി ഞാന്‍ ദീര്‍ഘനേരം സംസാരിച്ചു. തികച്ചും സൗഹാര്‍ദപരമായിരുന്നു മാറാെട്ട ഹിന്ദു-മുസ്‌ലിം മത്സ്യത്തൊഴിലാളികളുടെ ബന്ധങ്ങളെന്ന് ഗതകാലാനുഭവങ്ങള്‍ ഉദ്ധരിച്ച് ഓര്‍മിപ്പിച്ച സുരേഷ് ഒന്നാം മാറാട് കലാപം യഥാസമയം ഒതുക്കപ്പെടാതെ പോയതാണ് രണ്ടാമത്തേതിന് വഴിവെച്ചത് എന്ന് വ്യക്തമാക്കി. വിദേശ കരങ്ങളും സഹായവും സംഭവത്തിലുണ്ടെന്ന് കടുത്ത സംശയമുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് ശഠിക്കുന്നതെന്നും സുരേഷ് പറഞ്ഞു. അര്‍ധരാത്രി പിന്നിട്ടതോടെ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന നിഗമനത്തില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്ന് ഇ. അഹമ്മദും മറ്റു സര്‍ക്കാര്‍ പ്രതിനിധികളും അഭിപ്രായപ്പെട്ടു. അന്നേരം ഒരു കാരണവശാലും ചര്‍ച്ച പരാജയപ്പെട്ടു എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കരുതെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് തുടരാനുള്ള തീരുമാനത്തില്‍ തല്‍ക്കാലം പിരിയുകയാണെന്നും ഹിന്ദു സംഘടനാ നേതാക്കളോടും മാധ്യമങ്ങളോടും പറയണമെന്നും പ്രഫ. സിദ്ദീഖ് ഹസന്‍ നിര്‍ദേശിച്ചതോടെ അതംഗീകരിച്ച് എല്ലാവരും പിരിഞ്ഞുപോയി.
പിറ്റേന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുനരാരംഭിച്ച ചര്‍ച്ചയില്‍ 10 ലക്ഷം നഷ്ടപരിഹാരം, ജുഡീഷ്യല്‍ അന്വേഷണം എന്നീ ഓഫറുകള്‍ അംഗീകരിച്ച് അരയസമാജവും ഹിന്ദുത്വ സംഘടനാ നേതാക്കളും 'വെടിനിര്‍ത്തലി'നു വഴങ്ങി. കേരളമൊട്ടാകെ ആശ്വാസത്തിന്റെ നെടുവീര്‍പ്പയച്ചു (യഥാര്‍ഥത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ തന്ത്രപരമായ ചില നീക്കങ്ങള്‍ തിരശ്ശീലക്കു പിന്നില്‍ നടന്നുവെന്നും കുഞ്ഞാലിക്കുട്ടിയാണതിന്റെ സൂത്രധാരനെന്നും പിന്നീടറിവായി. പാവം, ഗോപിനാഥന്‍ നായര്‍. ഒത്തുതീര്‍പ്പിന്റെ ക്രെഡിറ്റ് മുഴുവന്‍ അദ്ദേഹത്തിനായിരുന്നെങ്കിലും ഒത്തുതീര്‍പ്പില്‍ അദ്ദേഹത്തിന് റോളൊന്നും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം). സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജിയില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങി. മാറാട് സമാധാനാന്തരീക്ഷം നിലവില്‍വരാന്‍ പിന്നീടും വര്‍ഷങ്ങള്‍ വേണ്ടിവന്നു. നല്ലൊരു ഭാഗം മുസ്‌ലിംകള്‍ അപ്പോഴേക്ക് താമസം മാറ്റിക്കഴിഞ്ഞിരുന്നു. കേസില്‍ വിധിപറഞ്ഞ സ്‌പെഷല്‍ കോടതി അരയസമാജം സെക്രട്ടറി സുരേഷ് ഉള്‍പ്പെടെ 14 പേരെ ശിക്ഷിച്ചു. ജില്ലാ ജഡ്ജി ജോസഫ് കമീഷന്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ബി.ജെ.പി, മുസ്‌ലിം ലീഗ്, സി.പി.എം പാര്‍ട്ടികളുടെയും എന്‍.ഡി.എഫിന്റെയും പ്രവര്‍ത്തകരുടെ നേരെ വിരല്‍ചൂണ്ടിയിട്ടുണ്ട്. എന്നാല്‍, ലിബറല്‍ സെക്യുലറിസ്റ്റുകള്‍ സദാ ആക്രമിക്കാറുള്ള 'മതരാഷ്ട്രവാദികള്‍' റിപ്പോര്‍ട്ടിലെവിടെയും പരാമര്‍ശിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയം.
(തുടരും)
Comments