Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വിയറ്റ്‌നാം തുണ

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ബംഗ്ലാദേശിലെ തെക്കു കിഴക്കന്‍ തീരപ്രദേശമായ കോക്‌സ് ബസാറില്‍ താമസിക്കുന്ന പത്തു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വിയറ്റ്‌നാമിന്റെ 50,000 ഡോളര്‍ സഹായം. യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) ബംഗ്ലാദേശ് ഡയറക്ടര്‍   പ്രതിനിധി റിച്ചാര്‍ഡ് റാഗന്‍ ഈ തീരുമാനത്തെ അഭിനന്ദിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തില്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിയറ്റ്‌നാം പ്രധാനമന്ത്രിയുടെ പ്രതിനിധി ഖൊസ് സുങ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് സഹായം പ്രഖ്യാപിച്ചത്. 750,000-ലധികം റോഹിങ്ക്യന്‍  അഭയാര്‍ഥികളാണ്  മ്യാന്മര്‍  സൈന്യത്തിന്റെയും തീവ്രവാദികളുടെയും മര്‍ദനം ഭയന്ന് 2017-ല്‍ ബംഗ്ലാദേശില്‍ എത്തിയത്. 

ബംഗ്ലാദേശ് ഭരണകൂടത്തിന് അഭയാര്‍ഥികള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ സാധിച്ചെങ്കിലും അവരുടെ തുടര്‍ജീവിതമാണ് രാഷ്ട്രം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. അഭയാര്‍ഥികള്‍ സ്വദേശത്തേക്ക് മടങ്ങുക അല്ലെങ്കില്‍ മറ്റൊരു രാഷ്ട്രം ഇവരെ ഏറ്റെടുക്കാന്‍ തയാറാവുക എന്നതാണ് യു.എന്‍ കാണുന്ന പ്രതിവിധി. എന്നാല്‍ പീഡനം ഭയന്ന് റോഹിങ്ക്യന്‍ മുസ്‌ലികള്‍ രഖീന്‍ പ്രദേശത്തേക്ക് മടങ്ങിപ്പോകാന്‍ തയാറല്ല. ബംഗ്ലാദേശില്‍ സ്ഥിര താമസത്തിനുള്ള സാധ്യത ആരായുകയാണ് ഇതിനൊരു പരിഹാരം. അന്താരാഷ്ട്ര സമൂഹത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക പിന്തുണ ഇതിന്  അത്യാവശ്യമാണ്. പ്രശ്‌ന പരിഹാരത്തിന് മ്യാന്മര്‍ നേതൃത്വവും പട്ടാളവും തയാറാകാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. 

 

 

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് തുര്‍ക്കി

ചൈനയില്‍ ഉയ്ഗൂര്‍ വംശജരുടെ ഉന്മൂലനമാണ് നടക്കുന്നതെന്ന തുര്‍ക്കിയുടെ വിമര്‍ശനത്തെ ചൈന തള്ളി. പ്രമുഖ ഉയ്ഗൂര്‍ കവി അബ്ദുര്‍റഹീം ഹെയിത്  ചൈനയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വധിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്ന്  ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന തുടരുന്ന അതിക്രമങ്ങളെ തുര്‍ക്കി അപലപിച്ചിരുന്നു. ഇവ്വിഷയകമായി തുര്‍ക്കി തങ്ങളുടെ തെറ്റിദ്ധാരണ തിരുത്തുമെന്ന് പ്രത്യാശിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.  ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരിലുള്ള ഭരണകൂട ഭീകരതയെ വിമര്‍ശിക്കുന്ന ആദ്യ മുസ്ലിം രാഷ്ട്രമാണ് തുര്‍ക്കി.  ചൈനയുമായുള്ള വ്യാപാര ബന്ധമാണ് മറ്റു മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഉയ്ഗൂര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ പ്രധാന തടസ്സം.

ചൈനയുടെ വടക്കു പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലാണ് തുര്‍ക്കി വംശജരായ  ഉയ്ഗൂര്‍ മുസ്‌ലിംകള്‍ താമസിക്കുന്നത്. ഇവിടെ കനത്ത സുരക്ഷാ സംവിധാനമാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഉയ്ഗൂര്‍ മുസ്‌ലിംകള്‍   അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം ഒരു മില്യന്‍ ഉയ്ഗൂര്‍ വംശജരും മറ്റു ടര്‍ക്കിഷ് ഭാഷകള്‍ സംസാരിക്കുന്ന മുസ്‌ലിംകളും 'പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍' എന്ന് നാമകരണം ചെയ്ത ചൈനയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലാണ് കഴിയുന്നതെന്ന് യു.എന്‍ നിയമിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ചൈനയിലെ ഹാന്‍ സംസ്‌കാരത്തിനും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും എതിരു നില്‍ക്കുന്ന മത- സാംസ്‌കാരിക രീതികളെ  അടിച്ചമര്‍ത്തി ദേശീയ ഉദ്ഗ്രഥനത്തിനാണ് ചൈന ശ്രമിക്കുന്നത്. ബുര്‍ഖ ധരിക്കുന്നതും താടി വെക്കുന്നതും മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതും ജയില്‍ ശിക്ഷ ലഭിക്കാന്‍ തക്ക കുറ്റകൃത്യങ്ങളായാണ് പരിഗണിക്കുന്നത്. 

ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചൈനക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഉയ്ഗൂര്‍ മുസ്ലിംകളുടെ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് ഏറ്റവും വലിയ ടര്‍ക്കിഷ് പ്രവാസ സംഘടനയായ  ഇസ്‌ലാമിക് കമ്യൂണിറ്റി നാഷ്‌നല്‍ വ്യൂ (IGMG) അമേരിക്കയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദി വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ തലവന്‍  ദോല്‍കുന്‍ ഈസ, വര്‍ഷങ്ങളായി കിഴക്കന്‍ തുര്‍ക്കിസ്താനില്‍ ചൈന തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അനദോലു ഏജന്‍സിയോട് വിവരിച്ചു. 130-ലധികം അമേരിക്കന്‍ മുസ്ലിം സംഘടനകളും ഇമാമുമാരും നേതാക്കളും ഒപ്പുവെച്ച പ്രസ്താവനയില്‍ ചൈനീസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍നിന്ന് മുസ്‌ലികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്