ചരിത്രാന്വേഷണത്തിന്റെ ചരിത്രവുമായി കണ്ണൂര്‍ ഹെറിറ്റേജ് കോണ്‍ഗ്രസ്
''കണ്ണൂരില്‍ സമാപിച്ച കണ്ണൂര്‍ മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഗ്രസ് ശ്രദ്ധേയം. കണ്ണൂരിലെ മുസ്‌ലിം സാംസ്‌കാരിക ചരിത്രം തനതു രൂപത്തില്‍ പഠിക്കാനും പുതുതലമുറക്ക് പകര്‍ന്നു കൊടുക്കാനും സഹായകമാകുന്ന ഒന്നായി അത് മാറി. മുന്നൊരുക്കത്തോടെ നടത്തിയ ഈ പരിപാടിയെ എത്ര പ്രശംസിച്ചാലും അധികമാവില്ല.'' മുസ്‌ലിംലീഗ് നേതാവും മാടായി ഗ്രാമപഞ്ചായത്ത് അംഗവുമായ വി.പി മുഹമ്മദലി മാസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ട വരികളാണിത്.
''സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച കണ്ണൂര്‍ മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഗ്രസ് സംഘാടന മികവ് കൊണ്ടും പ്രഫഷനല്‍ സമീപനം കൊണ്ടും വളരെ മികച്ചു നിന്നു. തമസ്‌കരിക്കപ്പെട്ട മുസ്‌ലിം പാരമ്പര്യത്തെ പുതുതലമുറക്ക് പകര്‍ന്നു നല്‍കാന്‍ നടത്തിയ ആത്മാര്‍ഥമായ ശ്രമത്തെ ഞാന്‍ ഉള്ളുതുറന്നു അഭിനന്ദിക്കുന്നു.'' തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഹിസ്റ്ററി വിഭാഗം തലവന്‍ ഡോ. ഷാഫിയുടെ അഭിപ്രായം.
ഇതുപോലുള്ള കമന്റുകള്‍ ധാരാളം. 2019 ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമി ഹാളില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹിസ്റ്ററി കോണ്‍ഗ്രസ് ഒരു ജനതയുടെ വികാരമായി മാറുകയായിരുന്നു. മുസ്‌ലിം ഹിസ്റ്ററി കോണ്‍ഗ്രസ് എന്ന് നാമകരണം ചെയ്യുേമ്പാള്‍ ചിലര്‍ക്ക് ആശങ്കയുണ്ടായിരുന്നു; സാമുദായികമായി അത് തെറ്റിദ്ധരിക്കപ്പെടുമോ എന്ന്. എന്നാല്‍, കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത ചരിത്രകാരന്‍ കൂടിയായ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''മലബാറിന്റെ ചരിത്രം പൂര്‍ണമാകണമെങ്കില്‍ അതില്‍ മുസ്‌ലിംചരിത്രം കൂടി ഉള്‍പ്പെടണം. കണ്ണൂര്‍ വാഴ്‌സിറ്റിയുടെ ചുമതലയേല്‍ക്കുേമ്പാള്‍ ഞാന്‍ ആഗ്രഹിച്ച ചരിത്രഗവേഷണമോഹമാണ് കള്‍ച്ചറല്‍ ടവര്‍. അതിനാവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിന് കണ്ണൂര്‍ മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഗ്രസ് കള്‍ച്ചറല്‍ ടവറിന് മുതല്‍ക്കൂട്ടാകണമെന്ന് ആഗ്രഹമുണ്ട്. കാരണം മുസ്‌ലിം പാരമ്പര്യങ്ങള്‍ അന്വേഷിച്ചാല്‍ മലബാറിലെ മതസൗഹാര്‍ദത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെയും ചിത്രം വ്യക്തമായി അറിയാനാവും. മുസ്‌ലിംകളുടെ ചരിത്രം പഠിക്കാതെ മലബാറിന്റെ ചരിത്രം പൂര്‍ണമാവില്ല. മുസ്‌ലിംകള്‍ കാലത്തിനനുസരിച്ച് വികസിക്കുകയും ചലിക്കുകയും ചെയ്യുന്ന വലിയ കോസ്‌മോപൊളിറ്റന്‍ സമുദായമാണ്. സാമ്രാജ്യത്വത്തെ മാത്രമല്ല, ഇംപീരിയലിസത്തെയും ചെറുക്കാന്‍ മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായി കഴിഞ്ഞിരുന്നു. മാപ്പിളലഹള കേവലമായ സമുദായ സംഘര്‍ഷമായി കാണാനാവില്ല. ടിപ്പുവിന്റെയും മുസ്‌ലിംകളുടെയും ചരിത്രവുമായി ബന്ധപ്പെട്ട് ഭാഷാന്തരം ചെയ്യപ്പെടാത്ത പതിനാറായിരം രേഖകള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കണം.''
ഇതാദ്യമായാണ് ഇത്രയും ജനകീയ പങ്കാളിത്തമുള്ള ഒരു അക്കാദമിക് കോണ്‍ഫറന്‍സ് കണ്ണൂരില്‍ നടക്കുന്നത്. അധികമാരും കൈവെച്ചിട്ടില്ലാത്തതാണ് ഉത്തര മലബാറിലെ മുസ്‌ലിം ചരിത്രം. ചില സാമുദായിക ശ്ലോകങ്ങളില്‍ പരിമിതപ്പെട്ടു നില്‍ക്കുന്ന ഒന്നിനെ അതിന്റെ ശരിയായ ഉറവിടങ്ങളില്‍നിന്ന് കണ്ടെത്തി പുതുതലമുറക്കു കൈമാറുംവിധം വായിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.
വികലമായ പൊതുബോധത്തിന് വിധേയമായ ഒരു സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശക്തി പകരുന്നതായിരുന്നു ഓരോ പ്രബന്ധവും. ഭാഷ, കല, സാഹിത്യം, സംസ്‌കാരം, ചെറുത്തുനില്‍പ്, വികസനം, വ്യവസായം, നവോത്ഥാനം, വിദ്യാഭ്യാസം, പ്രവാസം, നാഗരികത, വിശ്വാസം, സ്ത്രീ, സംഘടനകള്‍, വ്യക്തിത്വങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ 85 പ്രബന്ധങ്ങള്‍. ചരിത്രത്തെ ഗൗരവത്തില്‍ സമീപിക്കുന്ന പ്രമുഖരെ അണിനിരത്തി 15 സെഷനുകള്‍. ചരിത്രാന്വേഷണത്തിന്റെ സമ്പന്നമായ രണ്ട് രാപ്പകലുകള്‍ക്കാണ് നായനാര്‍ അക്കാദമി സാക്ഷ്യം വഹിച്ചത്.
ഒരു യുവജന സംഘടനയുടെ ജില്ലാ ഘടകത്തിന് സാധ്യമാവുന്ന ഭാരമായിരുന്നില്ല സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. ചരിത്രാന്വേഷണവും ആവിഷ്‌കാരവും വലിയ മൂര്‍ച്ചയുള്ള രാഷ്ട്രീയ പ്രതിരോധം കൂടിയാണ് എന്ന ഉള്‍ക്കാഴ്ചയുണ്ടായിരുന്നു ഹിസ്റ്ററി കോണ്‍ഗ്രസിന്റെ നടത്തിപ്പുകാര്‍ക്ക്. കേരളത്തിലെ ഏകമുസ്‌ലിം രാജവംശത്തിന്റെ പാരമ്പര്യവും ഖ്യാതിയുമുള്ള നാടെന്ന നിലയില്‍ കണ്ണൂരിന്റേതായ എല്ലാ അടിവേരുകളും അന്വേഷിക്കുന്നതായിരുന്നു പരിപാടി.
ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ പ്രാദേശിക ചരിത്ര സംഗമങ്ങള്‍ നടന്നപ്പോള്‍ സംഘടനാഭേദമന്യേ ഒഴുകിയെത്തിയ ബഹുജന സാന്നിധ്യം ഈ കോണ്‍ഗ്രസ് വലിയൊരു ചരിത്രമാവുമെന്ന് സൂചന നല്‍കിയിരുന്നു. ചരിത്രപ്രസിദ്ധമായ പ്രാദേശങ്ങളിലാണ് പ്രാദേശിക സംഗമങ്ങള്‍ നടന്നത്. രാമന്തളി, തലശ്ശേരി, ഇരിക്കൂര്‍, വളപട്ടണം, കണ്ണൂര്‍ സിറ്റി, മാടായി എന്നിവിടങ്ങളില്‍ നടന്ന പ്രാദേശിക സംഗമങ്ങളില്‍ സംഭവബഹുലമായ ഗതകാല സ്മൃതികള്‍ സംഘടനാ പക്ഷപാതിത്വത്തങ്ങളൊന്നുമില്ലാതെ അനാവരണം ചെയ്യപ്പെട്ടു. പ്രാദേശിക തലത്തില്‍ ഉഴുതുമറിച്ച ചരിത്രാന്വേഷണത്തിന്റെ വലിയൊരു തുടര്‍ച്ചയാണ് രണ്ട് ദിവസം നായനാര്‍ അക്കാദമി ഹാളില്‍ നടന്നത്. അഞ്ഞൂറോളം പ്രതിനിധികള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികമാളുകളാണ് രണ്ട് ദിവസങ്ങളിലായി വേദിയിലെത്തിയത്. ബലി ഹസനും ടിപ്പു സുല്‍ത്താനും കുഞ്ഞാലി മരക്കാരും ഇച്ച മസ്താനും പോക്കര്‍ മൂപ്പനും കുഞ്ഞാച്ചുമ്മയും കുഞ്ഞായന്‍ മുസ്‌ല്യാരും പ്രദര്‍ശന നഗരിയില്‍ നിറഞ്ഞുനിന്നു. വിപുലമായ ചരിത്ര പ്രദര്‍ശനവും ഒരുക്കിയിരുന്നു. അപൂര്‍വ രേഖകളുടെയും പുരാതന വസ്തുക്കളുടെയും ശേഖരം കൊണ്ട് ചരിത്രവിദ്യാര്‍ഥികള്‍ക്ക് കൗതുകം പകരുന്നതായിരുന്നു പൈതൃക പ്രദര്‍ശനം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടവും മുസ്ലിം ഇടപെടലുകളും സംബന്ധിച്ച് സുപ്രധാന രേഖകള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. കണ്ണൂര്‍ അറക്കല്‍ രാജവംശത്തിന്റെ ഉത്ഭവം, അറക്കലിന്റെ ഉടമസ്ഥതയിലുള്ള ഹൈദ്രോസ് കപ്പലിന്റെ കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റ്, 1786-ല്‍ വളപട്ടണത്ത് നിര്‍മിച്ച സമദാനി എന്ന കപ്പലിന്റെ ഉടമസ്ഥാവകാശ രേഖ, മാപ്പിള ലഹളയെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത്, 1898-ല്‍ നബിദിനത്തിന് പൊതുഅവധി നല്‍കുമെന്ന പ്രഖ്യാപനം, അസുഖം ബാധിച്ച ഉമ്മയെ കാണാന്‍ വെല്ലൂര്‍ ജയിലില്‍നിന്ന് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് 1941-ല്‍ ജാമ്യം അനുവദിച്ച രേഖ തുടങ്ങിയവ പ്രദര്‍ശനത്തെ സമ്പന്നമാക്കി. പുരാരേഖാവകുപ്പ് കോഴിക്കോട് റീജ്യനല്‍ സെന്ററും പ്രദര്‍ശനമൊരുക്കുന്നതില്‍ പങ്കാളിയായിരുന്നു.
കെട്ടുപിണഞ്ഞു കിടന്ന ചരിത്രത്തിന്റെ വലിയൊരു ശേഖരമാണ് കണ്ണൂര്‍ മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഗ്രസില്‍ നിവര്‍ത്തിവെക്കപ്പെട്ടത്. ഓരോ സെഷനിലും അതത് വിഷയങ്ങളിലെ പ്രമുഖര്‍ തന്നെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. രണ്ടു ദിവസം മുഴുക്കെ പരിപാടിയില്‍ പെങ്കടുക്കാന്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ മതസ്ഥാനപങ്ങളില്‍നിന്നുള്ള ചരിത്രവിദ്യാര്‍ഥികളും എത്തിയിരുന്നു.
പുതിയൊരു പാഠവും, അതിലേറെ ഉത്തരവാദിത്തവുമാണ് ഇതിന്റെ സംഘാടനം ഇസ്‌ലാമിക പ്രസ്ഥാനത്തിന് നല്‍കിയത്. എഴുതി സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരി ക്കണം. ചരിത്രഗവേഷകരുടെ ഒത്തുചേരല്‍ ഇനിയും നടത്താന്‍ പരിപാടിയുണ്ട്. സംഘടനാ തലത്തില്‍ തുടങ്ങി സമുദായത്തിന്റെയാകെ ആവേശമായി മാറിയ ഒരു സംരംഭം എന്ന നിലയില്‍ സമാനമനസ്‌കരായ എല്ലാവരെയും ഒരുമിച്ചി രുത്തി ഭാവി പരിപാടികളുമായി മുന്നോട്ടു പോകാനാണ് ആലോചന.
Comments