Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

തര്‍ക്കപ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ദാമ്പത്യ-കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരശ്രമങ്ങള്‍ നടത്തുന്ന പല സന്ദര്‍ഭങ്ങളിലും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുകയോ വഷളായിത്തീരുകയോ ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രശ്‌നപരിഹാരത്തിന് ശരിയായ രീതി അവലംബിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മിക്ക കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന പത്ത് രീതികള്‍ ഞാന്‍ നിര്‍ദേശിക്കാം:

ഒന്ന്: ഉടനടി പ്രതികരണവും ആത്മനിയന്ത്രണം കൈവിട്ടുള്ള വികാര ക്ഷോഭങ്ങളും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ സഹായിക്കൂ. അതിനാല്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്ന വേളയില്‍ മനസ്സിന് 'ശാന്തത' കൈവരിക്കാനുള്ള ഇടവേള നല്‍കി ദീര്‍ഘ നിശ്വാസത്തോടെ അല്‍പ സമയം ചെലവഴിക്കുക. ഇല്ലെങ്കില്‍ ഫലം മറിച്ചാവും.

രണ്ട്: മറുകക്ഷിയോട് സംസാരം തുടങ്ങുന്നതിനും അവരുടെ മേല്‍ 'ചാടിവീഴുന്ന'തിനും മുമ്പ് ഇത്തരം ഒരു സമീപനത്തിലേക്കും പെരുമാറ്റത്തിലേക്കും നയിച്ച കാരണങ്ങള്‍ എന്തെന്ന് ഗ്രഹിച്ചിരിക്കണം. ഒരുവേള അങ്ങനെ പെരുമാറാന്‍ ഒരു കാരണമുണ്ടാവും. അയാളുടെ സ്ഥാനത്ത് നിങ്ങളെ നിര്‍ത്തി ഒരു നിമിഷം ചിന്തിക്കൂ. ചിലപ്പോള്‍ നിങ്ങളും അയാളെ പോലെ പെരുമാറിയെന്നിരിക്കും.

മൂന്ന്: മറുകക്ഷി തങ്ങളുടെ വാദമുഖങ്ങള്‍ തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനായി നിരത്തുമ്പോള്‍ അവ എന്തൊക്കെയെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കണം. അയാള്‍ക്ക് തിരിച്ചടി നല്‍കാനുള്ള മനസ്സോടെയാവരുത് നമ്മുടെ നില്‍പ്. കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ പലപ്പോഴും മറുകക്ഷിക്ക് പറയാനുള്ളത് നാം കേള്‍ക്കാറില്ല. അല്ലെങ്കില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിന് മുമ്പേതന്നെ നിങ്ങള്‍ അയാളെ കുറിച്ച് ഒരു മുന്‍ധാരണയില്‍ എത്തിക്കഴിഞ്ഞിരിക്കും. ഈ രീതികളൊന്നും പ്രശ്‌നപരിഹാരത്തിന് ഉതകില്ല.

നാല്: മറുകക്ഷിയെക്കുറിച്ച് നല്ല വിചാരങ്ങളും ധാരണയുമായിരിക്കണം നിങ്ങളുടെ മനസ്സിനെ ഭരിക്കുന്നത്. പ്രത്യേകിച്ച്, അയാള്‍ സത്യസന്ധനും നിങ്ങളെ വഞ്ചിക്കുന്നവനുമല്ലെന്ന് നിങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍. ഒരു പ്രശ്‌നം പരിഹരിക്കുന്നത് മറ്റു നൂറ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാവരുത് എന്നതാണ് നിങ്ങളുടെ നിലപാടെങ്കില്‍ സദ്‌വിചാരത്തോടെയാവണം ഇടപെടുന്നത്.

അഞ്ച്: അടുപ്പമുണ്ടാക്കുന്ന പദപ്രയോഗങ്ങളാവണം, അകല്‍ച്ച സൃഷ്ടിക്കുന്ന പദപ്രയോഗങ്ങളാവരുത് പുറത്തെടുക്കുന്നത്. സ്‌നേഹം തുളുമ്പുന്ന വാക്കുകളാവണം, വെല്ലുവിളിയുടെ ശൈലിയാവരുത്. നല്ല സംസാരമാവണം, മുറിവേല്‍പിക്കുന്ന സംസാരമാവരുത്. ഈ ശൈലി സ്വീകരിച്ചാല്‍ പ്രശ്‌നപരിഹാരം എളുപ്പമാകും. കൂടാതെ 'നിങ്ങള്‍,' 'നീ' എന്നെല്ലാം പറഞ്ഞ് അവനിലേക്ക് വിരല്‍ ചൂണ്ടി ആക്ഷേപത്തിന്റെയും വിമര്‍ശനത്തിന്റെയും ശൈലി സ്വീകരിക്കുന്നതിനു പകരം 'ഞാന്‍ ധരിക്കുന്നത്', 'എനിക്ക് തോന്നുന്നത്' തുടങ്ങിയ പദാവലികള്‍ ഉപയോഗിച്ചുവേണം സംസാരം.

ആറ്: പഴയ പ്രശ്‌നങ്ങളോ പണ്ടെന്നോ കഴിഞ്ഞുപോയ കാര്യങ്ങളോ ചികഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ശൈലി വര്‍ജിക്കുക. മറ്റു കുടുംബങ്ങളുമായുള്ള താരതമ്യവും വേണ്ട.

ഏഴ്: നിങ്ങളുമായി ഭിന്നതയുള്ള ആളുമായി സംസാരത്തില്‍ ഏര്‍പ്പെടേണ്ടിവന്നാല്‍ 'നീ തെറ്റ്, ഞാന്‍ ശരി' സിദ്ധാന്തത്തിലേക്ക് സംസാരം വഴുതിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. മറുകക്ഷിയെ അക്ഷോഭ്യനായി കാര്യം ഗ്രഹിപ്പിക്കുകയാവണം നിങ്ങളുടെ ലക്ഷ്യം. നിങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഉളവായ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള വഴികളെക്കുറിച്ച് ഒരു തീര്‍പ്പും ഇരു കക്ഷികള്‍ തമ്മില്‍ ഉരുത്തിരിഞ്ഞു വരണം.

എട്ട്: ഓരോ കക്ഷിയും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയോ, പരിഹാരത്തിനുള്ള ഫോര്‍മുല ഉരുത്തിരിയാതെ സ്തംഭനാവസ്ഥയില്‍ എത്തിനില്‍ക്കുകയോ ചെയ്യുമ്പോള്‍ ഉചിതമായിട്ടുള്ളത് സംസാരം നിര്‍ത്തിവെച്ച് ഒരിടവേളക്കു ശേഷം വീണ്ടും തുടങ്ങുകയാണ്. സ്ഥിതി ശാന്തമായി മനസ്സുകള്‍ പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ഇടവേള നല്ലതാണ്.

ഒമ്പത്: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമസ്‌കാരവും ക്ഷമയും മൂലം അല്ലാഹുവിന്റെ സഹായം തേടുക. മനസ്സിന്റെയും ഹൃദയത്തിന്റെയും ഈമാനിക വിശ്രമ വേളകള്‍ പ്രശ്‌നപരിഹാരം ത്വരിതപ്പെടുത്തും.

പത്ത്: ഓരോ പ്രശ്‌നത്തിന്റെയും സ്വഭാവമനുസരിച്ച് അതത് വിഷയങ്ങളില്‍ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള നിപുണരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും സഹായം തേടുക.

ദാമ്പത്യ പ്രശ്‌നങ്ങള്‍ ഒരിക്കല്‍ പരിഹരിക്കപ്പെട്ടാല്‍ പിന്നീട് ഇണകള്‍ക്കിടയിലെ ബന്ധം ഊഷ്മളമായിരിക്കുമെന്നതാണ് അനുഭവം. ചില സന്ദര്‍ഭങ്ങളില്‍, വിപത്തുകള്‍ ഭാവിയില്‍ ഗുണകരമായി ഭവിക്കുന്നതും കാണാം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്