Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

ആഫ്രിക്കയെ ആകര്‍ഷിച്ച സമത്വവും സംഘടിത നമസ്‌കാരവും

സദ്‌റുദ്ദീന്‍ വാഴക്കാട്

(ഇസ്‌ലാമിന്റ കൊടിനാട്ടിയ കച്ചവട യാത്രകള്‍ - മൂന്ന്)

ആഫ്രിക്കയെന്ന മഹാഭൂഖണ്ഡം, ഗോത്രങ്ങളും ദേശങ്ങളുമായി വിഭജിക്കപ്പെട്ട് കിടന്നിരുന്ന അനേകായിരം മനുഷ്യര്‍. അവരുടെ ചരിത്രവും സവിശേഷതകളുമല്ല, ഇസ്‌ലാമാണ് ഇവിടെ വിഷയം. പതിനാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ആഫ്രിക്കയിലെ ഇസ്‌ലാമിന്. പല വഴികളിലൂടെയാണ് ഇസ്‌ലാം ആഫ്രിക്കയുടെ പല ഭാഗങ്ങളില്‍ ചെന്നെത്തിയത്. ഭരണവും സൈനിക നീക്കവും സൂഫീ ത്വരീഖത്തുകളും മിഷണറി സംഘങ്ങളുമൊക്കെ അതില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്. എന്നാല്‍, ആഫ്രിക്കയിലെ ഇസ്‌ലാം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കച്ചവടക്കാരോട് തന്നെയാണ്. എത്യോപ്യ (അബ്‌സീനിയ), ഈജിപ്ത്, നൂബിയ, സുഡാന്‍, ദര്‍ഫൂര്‍, മാലി, സെനഗല്‍, ഘാന തുടങ്ങിയ രാജ്യങ്ങളിലെയെല്ലാം ഇസ്‌ലാമിന്റെ വേരുകള്‍ തേടിപ്പോകുന്നത് രസകരമായ ചരിത്ര- വൈജ്ഞാനിക അനുഭവമാണ്. ആഫ്രിക്കയെയും അറേബ്യയെയും ബന്ധിപ്പിച്ചിരുന്നത് രണ്ട് വഴികളാണ്. യമന്നും ജിബൂട്ടിക്കും ഇടയില്‍ നേരിട്ട് യാത്ര സാധ്യമായിരുന്ന, 'ഗെയ്റ്റ് ഓഫ് ടിയേഴ്‌സ്' എന്നറിയപ്പെട്ട കടല്‍ വഴി. കിഴക്കന്‍ ആഫ്രിക്കയിലേക്ക് പല കാലങ്ങളില്‍ കര്‍മശാസ്ത്ര മദ്ഹബുകളായും സൂഫീ സരണികളായും ഇസ്‌ലാം ചെന്നെത്തിയത് ഈ സമുദ്ര മാര്‍ഗേണയാണ്. സീനാ മരുഭൂമിയിലൂടെയുള്ള കരമാര്‍ഗമാണ് രണ്ടാമത്തേത്. അംറുബ്‌നുല്‍ ആസ്വിന്റെ ഈജിപ്ത്  വിജയ യാത്ര ഇതുവഴിയായിരുന്നു. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കുള്ള ഇസ്‌ലാമിന്റെ വാതിലായിരുന്നു ഇത്  (J. Spencer Trimingham: A History of Islam in West Africa, Oxford University Press, 1962).

പഴയ അബ്‌സീനിയ എന്ന ഇന്നത്തെ എത്യോപ്യയില്‍ ഇസ്‌ലാം ചെന്നെത്തിയത് പായക്കപ്പലേറിയാണ്. ചരിത്ര പ്രസിദ്ധമാണ് ആ പലായനം. മക്കയിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് അബ്‌സീനിയയില്‍ എത്തിയ സ്വഹാബിമാര്‍ അഭയാര്‍ഥികളും പ്രബോധകരും കച്ചവടക്കാരുമായിരുന്നു. നജ്ജാശിയുടെ കൊട്ടാരത്തില്‍ അവര്‍ പ്രബോധകരായി. ഉപജീവനത്തിനായി അബ്‌സീനിയന്‍ ചന്തകളില്‍ അവര്‍ കച്ചവടക്കാരായി. പൊതുജന സമ്പര്‍ക്കത്തിന്റെ ഈ വഴിയിലൂടെയാണ് തദ്ദേശീയര്‍ ഇസ്‌ലാമിന്റെ ശബ്ദം ആദ്യം കേള്‍ക്കുന്നത്. പിന്നെ പ്രവാചകനു ശേഷം പ്രബോധന തുടര്‍ച്ചകള്‍ സ്വാഭാവികം. പത്താം നൂറ്റാണ്ടില്‍ അബ്‌സീനിയയുടെ കടല്‍തീര നഗരങ്ങളില്‍ മുസ്‌ലിംകളുണ്ടായിരുന്നു. പിന്നീട് പല ഘട്ടങ്ങളില്‍ മുസ്‌ലിംകളുടെ വിവിധ ഭരണ സ്ഥാപനങ്ങളും സൈനിക നീക്കങ്ങളും സംഘര്‍ഷങ്ങളും അബ്‌സീനിയയിലും അയല്‍രാജ്യങ്ങളിലുമൊക്കെയായി നടക്കുന്നുണ്ട്. എന്നാല്‍, ഇവക്കെല്ലാം നടുവിലും സ്വഭാവ വൈശിഷ്ട്യം കൊണ്ട് ഉയര്‍ന്നു നിന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകള്‍ രാജ്യ നിവാസികളെ വലിയ തോതില്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ''അബ്‌സീനിയയിലെ ക്രിസ്ത്യാനികളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന ധാര്‍മികമായ ശ്രേഷ്ഠത ഇസ്‌ലാമിന്റെ വിജയത്തില്‍ പങ്കു വഹിച്ച കാരണങ്ങളില്‍ പ്രധാനമാണ്. പൂര്‍ണമായ സത്യസന്ധതയും വിശ്വാസ്യതയും വേണ്ട ഒരു ഉദ്യോഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണം സ്വാഭാവികമായും മുസ്‌ലിംകളിലേക്കാണ് ചെന്നെത്തിയിരുന്നതെന്ന് അബ്‌സീനിയയിലെ സഞ്ചാരത്തിനിടയില്‍ താന്‍ മനസ്സിലാക്കിയതായി റപ്പല്‍ പറയുന്നു. ക്രൈസ്തവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മുസ്‌ലിംകളിലായിരുന്നു കൂടുതല്‍ ചൈതന്യമുള്ളവരും സജീവരും. പതുക്കെയാണെങ്കിലും പതിനെട്ട്- പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ഇസ്‌ലാം അബ്‌സീനിയയില്‍ തുടര്‍ച്ചയായി കൈവരിച്ച പുരോഗതിയുടെ കാരണം മുസ്‌ലിംകളുടെ ധാര്‍മ്മിക മേന്മയാണ്...'' 1844-1860 കാലത്ത് അബ്‌സീനിയയിലെ ഇംഗ്ലീഷ് കോണ്‍സലറായിരുന്ന പ്ലോഡന്‍ ചില ഗോത്രവിഭാഗങ്ങളെക്കുറിച്ച് എഴുതുന്നു; ''ഹുബദാബ് എന്ന് വിളിക്കപ്പെടുന്ന അവര്‍ ഒരു നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ മുഹമ്മദീയരായിട്ട്. അവര്‍ക്ക് ഇപ്പോഴും ക്രിസ്തീയ നാമങ്ങളുണ്ട്. വ്യാപാരികളായ മുഹമ്മദീയരുടെ സ്ഥിരമായ സ്വാധീനം കൊണ്ടാണ് അവര്‍ തങ്ങളുടെ മതം മാറിയത്'' (ഇസ്‌ലാം പ്രബോധനവും പ്രചാരവും സര്‍ തോമസ് ആര്‍ണള്‍ഡ്, പേജ്, 145-146).

പ്രമുഖ ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കട്ട പിടിച്ച ഇരുട്ടില്‍ കിടന്ന ഒരു ഘട്ടത്തില്‍ അവിടെ വെളിച്ചം ചൊരിഞ്ഞത് മുസ്‌ലിം കച്ചവടക്കാരായിരുന്നു. വിഗ്രഹാരാധനയും നരഭോജനവും മദ്യവ്യാപാരവും സുഡാന്റെ ഒരു ഭാഗത്തെ തകര്‍ത്തുകളഞ്ഞപ്പോള്‍ മധ്യസുഡാന്‍ എന്നു വിളിക്കുന്ന ദക്ഷിണ ഭാഗം തികച്ചും വ്യത്യസ്തമായി, സാംസ്‌കാരിക ഔന്നത്യത്തില്‍ നിലകൊണ്ടിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കാരണം ഇസ്‌ലാമാണ്. 'ഞാന്‍ തീരദേശം വിട്ടു. ഇപ്പോള്‍ മധ്യസുഡാന്‍ എന്ന് വിളിക്കുന്ന ദക്ഷിണ ഭാഗത്തെ അതിര്‍ത്തിയിലേക്ക് നീങ്ങിയപ്പോള്‍ നാട്ടുകാരുടെ അവസ്ഥയില്‍ ചില പുരോഗതി കണ്ടുതുടങ്ങി. നരമാംസ ഭോജനം അപ്രത്യക്ഷമായിരുന്നു. വിഗ്രഹാരാധാന മങ്ങിത്തുടങ്ങി. മദ്യവ്യാപാരം ഏതാണ്ട് അപ്രത്യക്ഷമായി. അതോടൊപ്പം വസ്ത്രങ്ങള്‍ കുറേക്കൂടി വലിയതും മാന്യവുമായിരുന്നു. ശുദ്ധി ഏതാണ്ടൊരു നിയമം പോലെ നിലനില്‍ക്കുന്നു. അവരുടെ ഭാവം കുറേക്കൂടി അന്തസ്സുറ്റതും ഒരു തരം ധര്‍മ നവോത്ഥാനത്തിന്റെ സൂചനകള്‍ നല്‍കുന്നതുമായിരുന്നു. ഉന്നതമായ ഏതോ ഒരു ഘടകം ആന്തരികമായ ചലനം ഉണ്ടാക്കുന്നതു പോലെ. നീഗ്രോയുടെ പ്രകൃതിയില്‍ ഒരു പുത്തന്‍ ഘടകം വേരെടുക്കുകയും അവനെ ഒരു പുതിയ മനുഷ്യനാക്കുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ആ ഘടകം മുഹമ്മദാനിസമാണെന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. സെന്യു നദി നൈജറിനോട് കൂടിച്ചേരുന്ന സ്ഥലത്തുള്ള ലൊകോജ വിട്ടപ്പോള്‍ ഞാന്‍ മുസ്‌ലിം മിഷണറി പ്രവര്‍ത്തനത്തിന്റെ ഔട്ട് പോസ്റ്റുകളില്‍നിന്ന് അകലുകയായിരുന്നു. മധ്യ സുഡാനിലെത്തിയപ്പോള്‍ താരതമ്യേന മെച്ചപ്പെട്ട ഭരണം നടക്കുന്ന ഒരു രാജ്യത്തെത്തി ഞാന്‍. സമര്‍ഥരായ വ്യാപാരികളും തുണി നിര്‍മാതാക്കളും പിച്ചള, തോലുല്‍പ്പന്നങ്ങള്‍ എന്നിവയുണ്ടാക്കുന്നവരുമായ ധാരാളം പേരുള്ള ഒരു സമൂഹം. നാഗരികതയിലേക്ക് ഏറെ കാല്‍വെപ്പുകള്‍ നടത്തിക്കഴിഞ്ഞ ഒരു ജനത' (ഖീലെുവ ഠവീാീെി 2/185 ഉദ്ധരണം; ഇസ്‌ലാം പ്രബോധനവും പ്രചാരവും). ഈ യാത്രികന്റെ വിവരണത്തിലെ അവസാന വരികള്‍ ശ്രദ്ധിച്ചാല്‍, വ്യാപാരികള്‍ എങ്ങനെയാണ് ഒരു ജനതയുടെ സംസ്‌കാരത്തെ മാറ്റിപ്പണിതതെന്ന് മനസ്സിലാക്കാം.

പടിഞ്ഞാറന്‍ സുഡാനിന്റെ ഇസ്‌ലാം സ്വീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് നൈജറിലെ രണ്ട് മുസ്‌ലിം നഗരങ്ങളായിരുന്നു; ജിന്നി, ടിംബക്റ്റു എന്നിവ. വ്യത്യസ്ത ഘട്ടങ്ങളിലാണ് ഈ നഗരങ്ങള്‍ രൂപപ്പെട്ടത്. രണ്ടും പ്രസിദ്ധമായ വാണിജ്യ നഗരങ്ങളായിരുന്നു. ഹി. 435-ല്‍ ജിന്നി എന്ന വാണിജ്യ നഗരം സ്ഥാപിക്കപ്പെടണമെങ്കില്‍, അതിനും മുമ്പ് അവിടെ മുസ്‌ലിം വ്യാപാരികള്‍ ചെന്നെത്തിയിട്ടുണ്ടാകണമല്ലോ. ആഫ്രിക്കയിലെ പ്രമുഖരായ ഹൗസ ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിക്കുന്നതും വ്യാപാര ബന്ധങ്ങളിലൂടെയാണ്. വ്യാപാര - വാണിജ്യ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അവര്‍ക്ക് വലിയ സാമൂഹിക ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. ഫുല്‍ബെ, ഹൗസ, മാന്‍ഡിംഗോ തുടങ്ങിയ ഉയര്‍ന്ന നീഗ്രോ വര്‍ഗത്തില്‍ പെട്ട മുസ്‌ലിംകള്‍ കച്ചവട കേന്ദ്രങ്ങളില്‍ ധാരാളമുണ്ടായിരുന്നു. വ്യാപാരികള്‍ എന്ന നിലക്കുള്ള ഇവരുടെ ജീവിതവും നിലപാടുകളും മറ്റു നീഗ്രാകളെ ആകര്‍ഷിക്കുകയും മുസ്‌ലിംകളുടെ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ആകൃഷ്ടരായി ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാം സ്വീകരിച്ച ശേഷം ഹൗസക്കാര്‍ വ്യാപാര ആവശ്യാര്‍ഥം എവിടെയൊക്കെ പോയിരുന്നോ, അവിടെയെല്ലാം അവര്‍ ഇസ്‌ലാമിനെയും കൂടെക്കൂട്ടിയിരുന്നു.  സെനഗലില്‍ ഇസ്‌ലാം പ്രചാരണത്തിന് തുടക്കമിട്ടത് അബ്ദുല്ലാഹിബ്‌നു യാസീനും അനുചരന്മാരുമായിരുന്നു. മുസ്‌ലിം വ്യാപാരികളുമായി തദ്ദേശീയര്‍ക്കുണ്ടായിരുന്ന ബന്ധം നിര്‍ണായക ഘടകമായി. സെനഗല്‍ നദീതീരം മുതല്‍ ലാഗോസ് വരെ മുസ്‌ലിം പള്ളിയില്ലാത്ത ഒറ്റ പട്ടണം പോലും ഉായിരുന്നില്ല! സോമാലിയയുടെ ഇസ്‌ലാമിക ചരിത്രം പറയുമ്പോഴും കടല്‍ കടന്നെത്തിയ കച്ചവടക്കാരെക്കുറിച്ച പരാമര്‍ശങ്ങളുണ്ട്. 'എവിടേക്ക് ഇസ്‌ലാം വഴി കണ്ടെത്തിയോ അവിടെ അതിന്റെ സിദ്ധാന്തങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഒരു മുസ്‌ലിം മിഷണറി ഉണ്ടാകും. ഒരു അറബിയോ മാന്‍ഡിംഗോയോ ആയ വ്യാപാരിയായിരിക്കും മിക്കപ്പോഴും അയാള്‍. തന്റെ ചരക്കു വില്‍പ്പനയും മതപരിവര്‍ത്തനവും മിക്കപ്പോഴും അയാള്‍ കൂട്ടിക്കലര്‍ത്തിയിട്ടുണ്ട്. അയാളുടെ തൊഴില്‍ തന്നെ അയാളെ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിന് സഹായിക്കുന്നു. ചീത്ത ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള യാതൊരു സംശയവും അതുകൊണ്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്നുമില്ല. അത്തരമൊരാള്‍ ഒരു പ്രാക്യത ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ ഇടക്കിടക്കുള്ള അംഗശുദ്ധീകരണം കൊണ്ടും നിശ്ചിത സമയങ്ങളിലെ നമസ്‌കാരം കൊണ്ടും ഗ്രാമീണരുടെ ശ്രദ്ധ പിടിച്ചുപറ്റും. നമസ്‌കാരത്തില്‍ ഏതോ ഒരു അദൃശ്യ ശക്തിയുമായി അയാള്‍ സംഭാഷണം നടത്തുന്നു എന്നവര്‍ക്ക് തോന്നും. അയാളുടെ ബുദ്ധിപരവും ധാര്‍മികവുമായ ഔന്നത്യം കൊണ്ട് ഗ്രാമീണര്‍ക്ക് അയാളോട് മതിപ്പ് തോന്നും...'' (ഇസ്‌ലാം പ്രബോധനവും പ്രചാരവും, പേജ് 442). കച്ചവടക്കാരുടെ സംഘടിത നമസ്‌കാരങ്ങളുടെ വശ്യത, ആഫ്രിക്കന്‍ മേഖലയില്‍ വിശേഷിച്ചും ഇസ്‌ലാമിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച പ്രധാന ഘടകമായിരുന്നു (അല്‍ മുസ്‌ലിമൂന ഫിസ്സന്‍ഗാല്‍: മആലിമുല്‍ ഹാളിര്‍ വ ആഫാഖുല്‍ മുസ്തഖ്ബില്‍ - ഉമര്‍ ഉബൈദ് ഹസന).

അല്‍കാരിമിയ്യ ഖാഫിലകള്‍ ആഫ്രിക്കന്‍ മണ്ണില്‍ ഇസ്‌ലാമിനെ നട്ടുവളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചവരത്രെ. സുഡാനീ കച്ചവട കേന്ദ്രങ്ങളില്‍ അല്‍കാരിമിയ്യ ഖാഫിലകള്‍ തുടര്‍ച്ചയായി വ്യാപരിച്ചിരുന്നു ഒരു കാലത്ത്. സുഡാനീ മാര്‍ക്കറ്റില്‍ തദ്ദേശീയ കച്ചവടക്കാരുമായി അവര്‍ അടുത്തിടപഴകുകയും ചരക്കുകളോടൊപ്പം ചിന്തകളും കൈമാറ്റം ചെയ്യുകയുമുണ്ടായി. അല്‍കാരിമിയ്യ വ്യാപാരികളില്‍ ചിലര്‍ സുഡാനില്‍ താമസമാക്കി, മിസ്‌റിലെ അല്‍കാരിം കച്ചവടക്കാരും പടിഞ്ഞാറന്‍ സുഡാനീ മാര്‍ക്കറ്റും തമ്മിലുള്ള ദേശാന്തര വ്യാപാരബന്ധത്തിന്റെ കണ്ണികളായി ഇവര്‍. ചിലര്‍ ആഫ്രിക്കന്‍ സ്ത്രീകളെ വിവാഹം ചെയ്തു. ഇത് പുതിയ സാമൂഹിക ബന്ധങ്ങള്‍ക്കും തദ്ദേശീയ വേരുകള്‍ക്കും കാരണമായി. ഇങ്ങനെയെല്ലാമാണ് അല്‍കാരിമിയ്യ വ്യാപാരികള്‍ സുഡാനില്‍ ഇസ്‌ലാമിക പ്രചാരണത്തിന് അടിത്തറയിട്ടത്. വിശ്വസ്തതയില്‍ ഏറെ മുന്നിലായിരുന്നു അവര്‍. ഭരണാധികാരിയുടെ സൈനിക ശക്തിയേക്കാള്‍ എത്രയോ വലുതാണ്, വ്യാപാരിയുടെ സത്യസന്ധതയുടെയും വിശ്വസ്തതയുടെയും സ്വാധീനശക്തി! സ്വഭാവഗുണങ്ങള്‍ക്കു പുറമെ, വസ്ത്രത്തിന്റെ വ്യത്തിയും വെടിപ്പും നമസ്‌കാരത്തിലെ സമയനിഷ്ഠ തുടങ്ങിയവയും ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ഏകദൈവ വിശ്വാസികളായ മുസ്‌ലിംകളുടെ വിശ്വാസവും ഭക്തിയും ആരാധനാ രീതികളും ആഫ്രിക്കന്‍ ബഹുദൈവാരാധകരെ ഏറെ ആകര്‍ഷിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഘടകങ്ങളാണ് (ഇബ്‌റാഹീം അലി ത്വര്‍ഖാന്‍, ദീറാസാത്തുന്‍ ഫീ താരീഖി ഇഫ്‌രീഖാ അല്‍ ഇസ്‌ലാമിയ, മജല്ല കുല്ലിയ്യത്തില്‍ ആദാബ്, ജാമിഅത്തുരിയാള്, 1981, പേജ് - 12 ).

'ഒരു പ്രാകൃത ഗോത്ര പ്രദേശത്ത് ഒരു മുസ്‌ലിം വരുന്നു എന്നത് കൂടുതല്‍ വ്യാപകമായ വാണിജ്യത്തിന് വഴിവെച്ചിരുന്നു. മുസ്‌ലിം കച്ചവട കേന്ദ്രങ്ങളായ ജിന്നി, സെഗു, കാനോ എന്നീ പട്ടണങ്ങളുമായി ഗോത്രങ്ങള്‍ക്ക് അതുകൊണ്ട് കൂടുതല്‍ ആത്മബന്ധമുണ്ടായി. ഈ സമൃദ്ധ നാഗരികതയുടെ ഒരംശവും പ്രവാചകന്റെ മതത്തോടൊപ്പം അവര്‍ക്ക് ലഭിച്ചു' (തോമസ് ആള്‍നള്‍ഡ്, പേജ് - 445). നീഗ്രോ വിഭാഗങ്ങളോട് യാതൊരു അകല്‍ച്ചയും വിവേചനവുമില്ലാതെ ഇടപെട്ട മുസ്‌ലിം വ്യാപാരികളുടെ സമത്വ-സാഹോദര്യ മനസ്സും ആഫ്രിക്കന്‍ ജനതക്ക് മികച്ച ഇസ്‌ലാം അനുഭവമായിരുന്നു. മുസ്‌ലിംകളുടെ സംഘടിത വ്യാപാരം ആഫ്രിക്കന്‍ നാഗരികതയെ സമൃദ്ധിയിലേക്ക് വളര്‍ത്തിയതിനെക്കുറിച്ച് ചരിത്രവിവരണങ്ങളില്‍ കാണാം (ങൗവമാാമറമിശാെ ശി അളൃശരമ , ഞ. ആീംെീൃവേ ടാശവേ, 1987, പേജ് 798-800 ).

ക്രൈസ്തവ സഭാകേന്ദ്രമായിരുന്നു നൂബിയ എന്ന, ഈജിപ്തിനോട് ചേര്‍ന്നു കിടന്ന രാജ്യം. പത്താം നൂറ്റാണ്ടോടെത്തന്നെ അറബ് മുസ്‌ലിം കച്ചവടക്കാര്‍ നൂബിയയിലെത്തിയിരുന്നു. ധനാഢ്യരായിരുന്ന അവര്‍ തങ്ങളുടെ ബന്ധങ്ങളും സ്വാധീനശക്തിയും ഉപയോഗിച്ച് ആ ക്രൈസ്തവ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരു പള്ളി പണിയാന്‍ അനുമതി നേടിയിരുന്നു. ഇത് മുസ്‌ലിം കച്ചവടക്കാരുടെ പൊതുവായ ഒരു പ്രത്യേകതയാണ്. ഇസ്‌ലാമിന്റെ വളര്‍ച്ചയിലെ പ്രധാനപ്പെട്ട ഒരു സംഭാവന; തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളോട് ചേര്‍ന്ന് എവിടെയും അവര്‍ പള്ളി പണിയും, നമസ്‌കാരം നിലനിര്‍ത്താന്‍ കൃത്യമായ സംവിധാനമുണ്ടാക്കും, ഇമാമിനെ നിശ്ചയിക്കും, മിക്കപ്പോഴും മദ്‌റസകളും പഠന ക്ലാസുകളും നടത്തും. ഇതിനു വേണ്ടി സ്ഥലവും പണവും ചെലവഴിക്കാന്‍ ദീനീതല്‍പരരായ മുസ്‌ലിം വ്യാപാരികള്‍ വലിയ ഉദാരത കാണിക്കാറുണ്ട്. ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇതിന്റെ  ഉദാഹരണങ്ങള്‍ക്ക് പഞ്ഞമില്ല. പുരാതന മുസ്‌ലിം വ്യാപാര കേന്ദ്രങ്ങള്‍ പരിശോധിച്ചാല്‍ എല്ലായിടത്തും പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളികള്‍ കാണാം. അവിടത്തെ ഇമാമുമാരുടെ/മതപണ്ഡിതരുടെ ചരിത്രവും വേരുകളും തിരഞ്ഞു പോയാല്‍, ഇന്നയിന്ന കച്ചവടക്കാര്‍ ദീനീ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ക്ഷണിച്ചു വരുത്തിയതായിരുന്നു..... എന്നൊക്കെ കേള്‍ക്കാം. ഇന്നും ചില വന്‍ നഗരങ്ങളിലെ വലിയ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ തന്നെ പതിവു നമസ്‌കാരത്തിനും, ചിലയിടങ്ങളില്‍ ജുമുഅക്കു വരെയും ഉടമകള്‍ തന്നെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് കാണാനായിട്ടുണ്ട്. മുസ്‌ലിം വ്യാപാരികള്‍ പത്താം നൂറ്റാണ്ടില്‍ നൂബിയയില്‍ സ്ഥാപിച്ച ആ പള്ളിയുടെ അനുഭവം കൂടിവെച്ച് നമുക്ക് പറയാനാകും, ഇന്നത്തെ ഈ അനുഭവങ്ങള്‍ ചരിത്രത്തിന്റ നീള്‍ച്ചയാണ്!

റഷ്യയിലെ ഇസ്‌ലാം പ്രചാരണത്തിന് പല ഘട്ടങ്ങളിലായി നീണ്ട ഒരു ചരിത്രമുണ്ട്. അതിലും വ്യാപാരികള്‍ക്ക് പങ്കുള്ളതായി കാണാം. 'റഷ്യക്കാരെ ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നതിന് മറ്റൊരു വര്‍ഗവും കിണഞ്ഞ് പരിശ്രമിക്കുകയുണ്ടായി. പത്താം ശതകത്തില്‍ വോള്‍ഗാ തീരത്തു വസിച്ചിരുന്ന ബള്‍ഗറുകളായിരുന്നു അവര്‍. വടക്ക് കമ്പിളി വ്യാപാരം നടത്തിയിരുന്നവരുടെ ശ്രമഫലമായിട്ടാകണം അവര്‍ ഇസ്‌ലാം സ്വീകരിച്ചത്. ക്രി. 921-നു മുമ്പ് അവരുടെ മതംമാറ്റം പൂര്‍ത്തിയായിരിക്കാനാണിട' (ഇസ്‌ലാം പ്രബോധനവും പ്രചാരവും, സര്‍ തോമസ് ആര്‍ണള്‍ഡ്, പേജ്, 293).

ഇന്ത്യ-അറബ് ബന്ധത്തിന്റെ ചരിത്രം ആരംഭിക്കുന്നതു തന്നെ കച്ചവട ഇടപാടുകളെ മുന്‍നിര്‍ത്തിയാണ്. മുഹമ്മദ് നബിക്കും മുമ്പുതന്നെ അറബികള്‍ ഇന്ത്യയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടതിന്റെ തെളിവുകള്‍ എത്രയെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. ദക്ഷിണേന്ത്യയായിരുന്നു ഇതിന്റെ മുഖ്യ കേന്ദ്രം. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വാണിജ്യം നൂറ്റാണ്ടുകളോളം നടത്തിയിരുന്നത് അറബികളും പേര്‍ഷ്യക്കാരുമായിരുന്നു. ഈ അറബ് വ്യാപാരികള്‍ വഴിയാണ് ദക്ഷിണേന്ത്യയില്‍ മുഖ്യമായും ഇസ്‌ലാം വന്നെത്തുന്നത്. തെക്കേ ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് മുസ്‌ലിം സ്വാധീനം വളര്‍ന്നത് ഇതു വഴിയാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറബ്-മുസ്‌ലിം കച്ചവടക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ ഹിന്ദു രാജാക്കന്മാരുമായും കച്ചവടക്കാരുമായും ഉറ്റ സൗഹൃദമുണ്ടായിരുന്നു. ഈ വ്യാപാര ബന്ധം വഴി ഉണ്ടായ സാമ്പത്തിക വളര്‍ച്ചയും അഭിവൃദ്ധിയും കാരണമായി മുസ്‌ലിം വ്യാപാരികള്‍ക്ക് വലിയ പിന്തുണയും സംരക്ഷണവുമാണ് ഇവിടെ ലഭിച്ചത്. (സൈനുദ്ദീന്‍ മഖ്ദൂം, തുഹ്ഫത്തുല്‍ മുജാഹിദീന്‍ -34,35). അറബ് - മുസ്‌ലിം വ്യാപാരികളുടെ സ്വഭാവഗുണങ്ങള്‍ ഇന്ത്യന്‍ ജനതയെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. ജാതിവിവേചനമില്ലാതെ എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുമായി അടുത്തിടപഴകിയ ഈ വ്യാപാരികള്‍ തന്നെയാണ് ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. ഇസ്‌ലാമിന്റെ പ്രചാരണത്തിന് ഇവിടെ യാതൊരു തടസ്സവുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഇസ്‌ലാം സ്വീകരിച്ച കീഴാള ജനതക്ക് സാമൂഹികമായി വിവേചനമില്ലാത്ത സ്ഥാനം ലഭിക്കുകയും ചെയ്തു. മേല്‍ജാതിക്കാരോട് അടുക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് വിദേശികളും സമ്പന്നരുമായ അറബ്-മുസ്‌ലിം വ്യാപാരികളോട് തുറന്ന് ഇടപഴകാന്‍ 'കീഴാളര്‍ക്ക്' അവസരം ലഭിച്ചതും ജനങ്ങളെ ഇസ്‌ലാമിന്റെ നന്മ അനുഭവത്തിലൂടെ ബോധ്യപ്പെടുത്തുന്നതായിരുന്നു (താരീഖുസ്വിലാത്ത് ബൈനല്‍ ഹിന്ദി വല്‍ ബിലാദില്‍ അറബിയ്യ, മുഹമ്മദ് ഇസ്മാഈല്‍ അന്നദ്‌വി, പേജ് - 43).

മലബാര്‍ തീരത്തെ 'മതപരിവര്‍ത്തനത്തിലെ മുഖ്യപങ്കാളികള്‍ അറബ് വണിക്കുകളായിരുന്നു..... അറബ് വ്യാപാരികളുടെ വലിയ സംരക്ഷകനായിരുന്ന കോഴിക്കോട്ടെ സാമൂതിരി ഇസ്‌ലാമിലേക്കുള്ള മതം മാറ്റത്തിന് നല്ല പ്രോത്സാഹനം നല്‍കിയിരുന്നുവത്രെ! സാമൂതിരിയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയിരുന്ന അറബ് ചരക്കു കപ്പലുകളില്‍ പണിക്കാരാവുന്നതിന് മുസ്‌ലിംകള്‍ വേണ്ടിവന്നതിനാലായിരുന്നു ഇത്.... പോര്‍ച്ചുഗീസുകാര്‍ വന്നില്ലായിരുന്നെങ്കില്‍ മലബാര്‍ തീരം ഒന്നാകെ മുസ്‌ലിമായിത്തീര്‍ന്നേനെ. ഗുജറാത്ത്, ഡക്കാന്‍ എന്നിവിടങ്ങളില്‍നിന്നും അറേബ്യ, പേര്‍ഷ്യ എന്നീ സ്ഥലങ്ങളില്‍നിന്നുമുള്ള വ്യാപാരികളായ പ്രബോധകരുടെ പ്രവര്‍ത്തനം അവിടെ അത്ര ശക്തവും സ്ഥിരവുമായിരുന്നു. പോര്‍ച്ചുഗീസുകാര്‍ കടന്നു ചെന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ശ്രീലങ്കയും മുസ്‌ലിം ഭൂരിപക്ഷ രാജ്യമായിത്തീരുമായിരുന്നുവെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. കാരണം, സിംഹള ദ്വീപിലെ വാണിജ്യം മുഴുവന്‍ കൈയാളിയിരുന്നത് അറബികളായിരുന്നു. അവരുടെ പാണ്ടികശാലകളും തുറമുഖങ്ങളും കപ്പലുകളുമായിരുന്നു എല്ലായിടത്തും. മലബാറില്‍നിന്നുള്ള ചരക്കുകളുടെ വരവ് അവരുടെ വാണിജ്യത്തിന്  വളര്‍ച്ച നല്‍കി. മറ്റു പല നാടുകളിലുമെന്നപോലെ ഇവിടെയും മുസ്‌ലിം വ്യാപാരികള്‍ നാട്ടുകാരെ വിവാഹം കഴിക്കുകയും  തീരദേശത്ത് ഇസ്‌ലാം പ്രചരിപ്പിക്കുകയും ചെയ്തു.....' (ഇസ്‌ലാം പ്രബോധനവും പ്രചാരവും, പേജ് - 320, 359). ലക്ഷദ്വീപിലും മാലദ്വീപിലും ഇസ്‌ലാം പ്രചരിച്ചതും അറബ് - പേര്‍ഷ്യന്‍ വ്യാപാരികള്‍ വഴിയാണ്. വിവാഹബന്ധങ്ങള്‍ കൂടുതല്‍ സ്വാധീനം നേടിക്കൊടുക്കുകയും ചെയ്തു. ഡക്കാനും കൊങ്കണ്‍ മേഖലയും ഗുജറാത്തിലെ കച്ചും മാത്രമല്ല, ലഡാക്കിലെ തിബത്തന്‍ സങ്കരവര്‍ഗക്കാര്‍ക്കിടയിലും ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുന്നതില്‍ കച്ചവടക്കാര്‍ക്ക് പ്രധാന പങ്കാളിത്തമുണ്ട്. കശ്മീരി മുസ്‌ലിം വ്യാപാരികള്‍ തിബത്തിലേക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുകയുണ്ടായി. തിബത്തന്‍ സ്ത്രീകളെ മുസ്‌ലിംകള്‍ വിവാഹം കഴിക്കുകയും തിബത്തന്‍ മാതാക്കളും മുസ്‌ലിം പിതാക്കളുമുള്ള ഒരു സങ്കര വിഭാഗം മുസ്‌ലിംകള്‍, അര്‍ഗോണ്‍ എന്ന പേരില്‍ ലഡാക്കില്‍ രൂപംകൊള്ളുകയും ചെയ്തു. മുസ്‌ലിം വ്യാപാരികളുടെ വാസസ്ഥലങ്ങള്‍ തിബത്തിലെ പ്രധാന പട്ടണങ്ങളില്‍ കാണാം. പേര്‍ഷ്യന്‍ - തുര്‍ക്കി മുസ്‌ലിം വ്യാപാരികളുടെ സ്വാധീനം തിബത്തിലെ ലാസ, യുന്നാന്‍, ഷെസ്വാന്‍ പ്രദേശങ്ങളിലെ ഇസ്‌ലാം പ്രചാരണത്തിലുണ്ടായിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ ഇസ്‌ലാം ചെന്നെത്തിയത് ഇറാഖ്, യമന്‍ ദേശങ്ങളില്‍ നിന്നുള്ള വ്യാപാരികളിലൂടെയായിരുന്നു. ബര്‍മയുടെയും ചരിത്രം മറ്റൊന്നല്ല.

ഇങ്ങനെ എത്രയെത്ര ദേശചരിത്രങ്ങള്‍, ഒട്ടക ഖാഫിലകള്‍, കുതിരക്കുളമ്പടികള്‍, പായക്കപ്പലുകള്‍ തൊട്ട സമുദ്രതീരങ്ങള്‍, മാര്‍ക്കറ്റുകളില്‍ മുഴങ്ങിയ ബാങ്കൊലികള്‍.... തീര്‍ച്ചയായും കച്ചവടക്കാര്‍ നാട്ടിയ ഇസ്‌ലാമിന്റെ കൊടികള്‍ അനേക രാജ്യങ്ങളുടെ ആകാശത്ത് പാറിപ്പറക്കുക തന്നെയാണ്! 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്