അനന്തരാവകാശ നിയമം സുപ്രധാന ഇസ്‌ലാമിക വിജ്ഞാനശാഖ
ഇസ്‌ലാമിക വിജ്ഞാന ശാഖയിലെ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് അനന്തരാവകാശ നിയമം. വിശ്വാസിയുടെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഈ വിജ്ഞാനം അല്‍പം ഗഹനമാണെങ്കില്‍ കൂടിയും അതില്‍ സാമാന്യ അറിവും അവബോധവും ഉണ്ടായിരിക്കേണ്ടതാണ്. നന്നെ ചുരുങ്ങിയത് അനന്തരാവകാശ നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് പ്രാവര്‍ത്തികമാക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കണം. നബി(സ) പറയുന്നു: 'നിങ്ങള്‍ ഖുര്‍ആനും അനന്തരാവകാശ നിയമവും പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക. ഞാന്‍ വിടപറയുന്നവനാണ്' (തിര്‍മിദി). അബൂഹുറയ്‌റ(റ)യോട് നബി(സ) പറഞ്ഞു: 'താങ്കള്‍ അനന്തരാവകാശ നിയമം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണമത് വിജ്ഞാനത്തിന്റെ പകുതിയാകുന്നു. അത് വിസ്മരിക്കപ്പെട്ടേക്കാം. അതായിരിക്കും എന്റെ സമുദായത്തില്‍നിന്ന് ആദ്യമായി തിരോധാനം ചെയ്യുക' (ഇബ്‌നുമാജ). നബി(സ) ഇബ്‌നു മസ്ഊദി(റ)നോട് പറഞ്ഞു: 'താങ്കള്‍ വിദ്യ അഭ്യസിക്കുക. ജനങ്ങളെ പഠിപ്പിക്കുക. പിന്തുടര്‍ച്ചാവകാശ നിയമം പഠിക്കുക. അത് ജനത്തെ പഠിപ്പിക്കുക. അപ്രകാരം ഖുര്‍ആന്‍ പഠിക്കുക. ജനത്തെ പഠിപ്പിക്കുക. ഞാന്‍ മനുഷ്യനും വിടപറയുന്നവനുമാണ്. നിങ്ങളില്‍നിന്ന് വിജ്ഞാനം തിരോഭവിക്കും. അതോടെ നാശം പ്രകടമാവും. എത്രത്തോളമെന്നാല്‍ രണ്ടാളുകള്‍ തമ്മില്‍ പിന്തുടര്‍ച്ചാവകാശം സംബന്ധമായി ഭിന്നിക്കുകയും അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കാന്‍ ഒരാളെയും ലഭ്യമാകാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും' (ദാരിമി).
സ്വഹാബിമാരും താബിഉകളും പിന്‍ഗാമികളായ ഇമാമുമാരുമെല്ലാം ഈ വിജ്ഞാനശാഖയില്‍ വ്യുല്‍പത്തി നേടിയവരായിരുന്നു. കാരണം ദീനിന്റെ അടിസ്ഥാന വിജ്ഞാനമായി അവരതിനെ മനസ്സിലാക്കിയിരുന്നു. തന്നെയുമല്ല അത് പഠിക്കാന്‍ സമുദായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉമര്‍(റ) പറയുന്നു: 'നിങ്ങള്‍ അനന്തരാവകാശ നിയമം പഠിക്കുക. കാരണമത് നിങ്ങളുടെ ദീനിന്റെ ഭാഗമാണ്.' സ്വഹാബിയനുചരനായ ഹസന്‍ ബസ്വരി(റ) ഖുര്‍ആന്‍, പിന്തുടര്‍ച്ചാവകാശ നിയമം, ഹജ്ജിന്റെ നിയമവിധികള്‍ എന്നിവ പഠിക്കാന്‍ അത്യധികം പ്രോത്സാഹനം നല്‍കി. സൈദുബ്‌നു സാബിത് (റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ), ആഇശ (റ), ഉസ്മാന്‍ (റ) തുടങ്ങിയവര്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ പാണ്ഡിത്യം കരസ്ഥമാക്കിയവരായിരുന്നു. മുതിര്‍ന്ന സ്വഹാബിമാര്‍ വരെ, അനന്തരാവകാശ നിയമത്തില്‍ സംശയനിവാരണം നടത്തിയിരുന്നത് ആഇശ(റ)യില്‍നിന്നാ യിരുന്നു. കര്‍മശാസ്ത്ര ഇമാമുമാരും ഹദീസ് സമാഹര്‍ത്താക്കളും അനന്തരാവകാശ നിയമം (ഫറാഇദ്) ഒരു പ്രത്യേക വിജ്ഞാനശാഖയായി സവിശേഷം രേഖപ്പെടുത്തുകയുണ്ടായി.
ഇതെല്ലാം സൂചിപ്പിക്കുന്നത് ഈ വിഷയത്തില്‍ ആദ്യകാല മുസ്‌ലിം സമൂഹം പ്രകടിപ്പിച്ചിരുന്ന താല്‍പര്യമാണ്. എന്നാല്‍ പില്‍ക്കാല മുസ്‌ലിം സമുദായം ഈ വിഷയത്തില്‍ വളരെ പിന്നാക്കം പോയി. ഖുര്‍ആനും സുന്നത്തും അനന്തരാവകാശ നിയമങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു്. പരേതന്റെ പിന്‍ഗാമികളില്‍ ആരൊക്കെയാണ് അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ എന്നും അവര്‍ ഓരോരുത്തര്‍ക്കും ലഭിക്കേണ്ട ഓഹരി എത്രയെന്നും ഖുര്‍ആനും സുന്നത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഓഹരി യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കിയിരിക്കണം. പരേതന്റെ സ്വത്ത് അര്‍ഹരായ അനന്തരാവകാശികളില്‍ നിശ്ചിത അളവില്‍ നീതിപൂര്‍വം വിതരണം ചെയ്യേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്. അനന്തരാവകാശികളായ സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട ഓഹരി നല്‍കുന്ന വിഷയത്തില്‍ അനീതി ഉണ്ടാകാന്‍ പാടില്ല. ''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവാണ്ടെങ്കിലും ധാരാളമുങ്കെിലും ശരി. ഈ വിഹിതം അല്ലാഹുവിനാല്‍ നിര്‍ണിതമാകുന്നു'' (അന്നിസാഅ് 7). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ മൗലാനാ മൗദൂദി എഴുതുന്നു: 'പിന്തുടര്‍ച്ചാവകാശം പുരുഷന്മാര്‍ക്ക് മാത്രമുള്ളതല്ല. സ്ത്രീകളും അതില്‍ അവകാശികളാകുന്നു. ദായധനം എത്ര തുഛമായാലും വിഭജിക്കപ്പെടണം. മരിച്ച ആള്‍ ഒരുവാര തുണി മാത്രമാണ് വിട്ടുപോയതെന്നും പത്ത് അവകാശികളുണ്ടെന്നും സങ്കല്‍പിക്കുക. എന്നാലും അത് അവര്‍ക്കിടയില്‍ പത്ത് കഷ്ണമായി വിഭജിക്കപ്പെടേണ്ടതാണ്... അനന്തരാവകാശം ഉത്ഭവിക്കുന്നത് മരിച്ച ആള്‍ വല്ല ധനവും വിട്ടേച്ചുപോയിരിക്കുന്ന സ്ഥിതിയില്‍ മാത്രമാണ്' (തഫ്ഹീമുല്‍ ഖുര്‍ആന്‍).
അനന്തരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയും ഇതര സമ്പ്രദായങ്ങള്‍ പകരം വെക്കുകയും ചെയ്തതിന്റെ ഫലമായി മുസ്‌ലിം സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട അനന്തരാവകാശ ഓഹരി നല്‍കപ്പെടാതിരിക്കുന്ന അവസ്ഥ ചിലപ്പോള്‍ സംജാതമാകാറുണ്ട്. യുദ്ധത്തിലും പ്രതിരോധത്തിലും പടയോട്ടത്തിലും പങ്കാളികളാകാത്ത സ്ത്രീകള്‍ക്ക് സ്വത്തവകാശമില്ലെന്ന് ജാഹിലിയ്യാ കാലത്ത് ജനം ധരിച്ചിരുന്നു. ഈ വിശ്വാസത്തെ ഖുര്‍ആന്‍ തിരുത്തുകയും സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുകയുമാണ് ചെയ്തത്. പെണ്‍മക്കളെ വിവാഹം കഴിച്ചയക്കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന 'സ്ത്രീധന'ത്തുക വകയിരുത്തി 'പിന്തുടര്‍ച്ചാവകാശം നല്‍കി'യെന്നതാണ് പരേതന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്ത് വിഹിതത്തില്‍ പെണ്‍മക്കള്‍ക്കുള്ള ന്യായമായ അവകാശം നല്‍കാതിരിക്കാനുള്ള കാരണമായി പറഞ്ഞുവരുന്നത്.
അടിസ്ഥാനപരമായി രണ്ട് തെറ്റുകളാണിവിടെ വരുത്തുന്നത്. ഒന്ന് ഇസ്‌ലാം നിശ്ചയിച്ച അനന്തരാവകാശ നിയമം യഥാവിധി നടപ്പിലാക്കാതിരിക്കുക. രണ്ട് ഇസ്‌ലാമിന് അന്യമായ സ്ത്രീധന സമ്പ്രദായം കടം കൊള്ളുക. അനന്തരാവകാശം/പിന്തുടര്‍ച്ചാവകാശം എന്ന നാമകരണം സൂചിപ്പിക്കുന്നതുപോലെ സ്വത്തിന്നുടമ മരണപ്പെടുമ്പോഴാണ് അദ്ദേഹത്തിന്റെ സ്വത്ത് അനന്തരസ്വത്തായി മാറുന്നത്. പിന്തുടര്‍ച്ചാവകാശം സ്ഥാപിതമാകാനുള്ള നിബന്ധനകളിലൊന്നാണ് അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണം. വിവാഹ സമയം പെണ്‍മക്കള്‍ക്ക് നല്‍കുന്ന പണവും പണ്ടവുമൊന്നും മീറാസിന് (അനന്തരാവകാശം) പകരമാകുന്നതല്ല. പരേതന്റെ മരണശേഷം അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ക്ക് നിശ്ചിത ഓഹരി നല്‍കാതെ ആണ്‍മക്കള്‍ മാത്രം വിഹിതം വെച്ചെടുക്കുന്ന നടപടിക്കിത് ന്യായീകരണമല്ല. ചില കുടുംബങ്ങളില്‍ പിതാവിന്റെ മരണശേഷം പെണ്‍മക്കള്‍ക്ക് എന്തെങ്കിലും ഒരു സംഖ്യ നല്‍കി തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രവണതയും കാണാം. ചിലപ്പോള്‍ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രമാണം എഴുതിവെക്കുന്നതും കാണാം. ചില കുടുംബങ്ങളില്‍ മാതാപിതാക്കള്‍ തങ്ങള്‍ ജീവിച്ചിരിക്കുന്ന അവസരത്തില്‍ തന്നെ സ്വത്ത് വിഭജിച്ച് മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതിന്റെ ഫലമായി അവരെ സംരക്ഷിക്കാന്‍ ആളില്ലാതെ വരാറുണ്ട്. നിത്യവൃത്തിക്ക് വകയില്ലാതെ പെരുവഴിയിലാകുന്നവരുമുണ്ട്. അല്ലാഹുവും അവന്റെ ദൂതനും നിശ്ചയിച്ച നിയമം പാലിക്കാതെ അതില്‍ വെള്ളം ചേര്‍ക്കുന്നതിന്റെ തിക്തഫലമാണിത്.
അനന്തരാവകാശ നിയമം വിശദീകരിക്കവെ അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ''ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു.... അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികളെ മറികടക്കുകയും ചെയ്തവനോ അവനെ നരകത്തില്‍ നിത്യവാസിയായി തള്ളുന്നു. അവനു നിന്ദ്യമായ ദണ്ഡനവുമുണ്ട്'' (അന്നിസാഅ് 13,14). മൗലാനാ മൗദൂദി എഴുതുന്നു: 'എന്നാല്‍ പരിതാപകരമെന്നു പറയട്ടെ, ഇത്ര കഠോരമായ താക്കീതുണ്ടായിരുന്നിട്ടും, യഹൂദന്മാരെപ്പോലെ മുസ്‌ലിംകളും ധാര്‍ഷ്ട്യപൂര്‍വം ദൈവനിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ദൈവിക സീമകള്‍ അതിലംഘിക്കുകയും ചെയ്തിരിക്കുകയാണ്. പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ കാണിക്കപ്പെടുന്ന ധിക്കാരങ്ങള്‍ അല്ലാഹുവിനെതിരെ പരസ്യമായ രാജദ്രോഹത്തോളം എത്തിപ്പെട്ടിരിക്കുന്നു. ചിലേടത്ത് സ്ത്രീകള്‍ക്ക് സ്ഥിരമായി അവകാശം നിഷേധിക്കപ്പെടുന്നുവെങ്കില്‍ ചിലേടത്ത് മൂത്ത പുത്രന് മാത്രമാണ് അവകാശം നല്‍കപ്പെടുന്നത്. ചിലേടത്താകട്ടെ, പിന്തുടര്‍ച്ചാവകാശ വിഭജനം തീരെ റദ്ദു ചെയ്തുകൊണ്ട് കൂട്ടുകുടുംബസ്വത്ത് സമ്പ്രദായം അംഗീകരിച്ചിരിക്കുകയാണ്. മറ്റു ചിലയിടങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം നിശ്ചയിച്ചിട്ടുമുണ്ട്' (തഫ്ഹീമുല്‍ ഖുര്‍ആന്‍). ഇസ്‌ലാമിലെ അനന്തരാവകാശ നിയമം സംബന്ധിച്ച് സമുദായത്തെ പ്രബുദ്ധരാക്കുന്നതിലും ബോധവല്‍ക്കരിക്കുന്നതിലും ഇസ്‌ലാമിക പ്രബോധകര്‍ക്കും മഹല്ല് ഇമാമുകള്‍ക്കും ഏറെ ഉത്തരവാദിത്തമുണ്ട്.
Comments