Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

മരത്തടികളില്‍ തീര്‍ത്ത കലിഗ്രഫി വിസ്മയം

സബാഹ് ആലുവ

ജന്മസിദ്ധമായ കഴിവുകള്‍ പരിപോഷിപ്പിച്ചു മുന്നേറുന്നവര്‍ക്ക് പഠിക്കാനും പകര്‍ത്താനും നിരവധി മാതൃകകള്‍ തന്റെ ജീവിതം കൊണ്ട് വരച്ചിടുകയാണ് ഇര്‍ശാദ് ഹുസൈന്‍ ഫാറൂഖ് എന്ന കലിഗ്രഫി കലാകാരന്‍. മരത്തടികളില്‍ ചെയ്ത കൊത്തുപണികളിലൂടെ (Calligraphy in Wood Carving) അറബി, പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ ഒരേസമയം കലിഗ്രാഫി നൈപുണ്യം തെളിയിച്ച ഇന്ത്യയിലെ തന്നെ ഒരേയൊരു കലാകാരനായിരിക്കാം അദ്ദേഹം.   

അവിചാരിതമായി കൈയില്‍ വന്ന വിസിറ്റിംഗ് കാര്‍ഡിലെ നമ്പറില്‍ വിളിച്ചു പരിചയപ്പെട്ടപ്പോഴുള്ള ബന്ധം പിന്നീട് എന്നെെയത്തിച്ചത് ദല്‍ഹിയിലെ ബട്‌ലാ ഹൗസിലെ മോത്തി മസ്ജിദിന്റെ അടുത്തുള്ള ഇര്‍ശാദ് ഹുസൈന്റെ വീടിന്റെ മുറ്റത്താണ്. പതിഞ്ഞ ശബ്ദത്തില്‍ സലാം പറഞ്ഞ് ആലിംഗനം ചെയ്ത് അദ്ദേഹത്തിന്റെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് എന്നെ  കൊണ്ടുപോയി.  പിന്നീടുള്ള സംസാരങ്ങള്‍  ഇര്‍ശാദ് ഹുസൈന്റെ ജീവിതയാത്രകളിലൂടെയായിരുന്നു. ദിവസവും രാവിലെ അഞ്ചു മണി മുതല്‍ രാത്രി 9 മണി വരെ ജോലി ചെയ്യും. അതില്‍തന്നെ ആറു മാസമായി തുടങ്ങിവെച്ചതു മുതല്‍ ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ടതു വരെയുണ്ട്. ഭാര്യയുടെയും മക്കളുടെയും പൂര്‍ണ പിന്തുണ ജോലിയില്‍ അദ്ദേഹത്തിന് കൂട്ടായി ഉണ്ട്.

യൂനാനി വൈദ്യ പാരമ്പര്യ(ഹകീം)മുള്ള കുടുംബത്തില്‍ ജനിച്ച ഇര്‍ശാദ് ഹുസൈന്‍ പ്രമുഖ സൂഫിയായ ഹമീദുദ്ദീന്‍ നാഗോറിയുടെ പരമ്പരയിലെ ഒരു കണ്ണി കൂടിയാണ്. ഇന്ത്യയില്‍ തടിയില്‍ തീര്‍ത്ത ഇസ്‌ലാമിക കലിഗ്രഫി മാതൃകകള്‍ക്ക്  2016-ല്‍  രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ഈ മേഖലയിലെ ആദ്യത്തെ ദേശീയ പുരസ്‌കാരവും അതോടൊപ്പം ആദ്യത്തെ ശില്‍പഗുരു അവാര്‍ഡും ഏറ്റുവാങ്ങിയിട്ടുണ്ട് ഇര്‍ശാദ് ഹുസൈന്‍ ഫാറൂഖ്. രാജസ്ഥാനിലെ സിക്കാര്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം ദല്‍ഹിയിലെ ജാമിഅ നഗറിലെ ബട്‌ലാ ഹൗസില്‍ താമസമാക്കിയിട്ട് 25 വര്‍ഷം കഴിഞ്ഞു. 1983-ല്‍ രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ ഇര്‍ശാദ് 1984-ല്‍ പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടി. പൈലറ്റാവാനുള്ള മോഹം സാമ്പത്തിക പ്രയാസം കാരണം ഉപേക്ഷിച്ചപ്പോള്‍ തന്റേതായ ഇടം കണ്ടെത്താന്‍ പാടുപെടേണ്ടിവന്നു. പിന്നീടാണ് ദല്‍ഹിയിലേക്ക് വണ്ടി കയറുന്നത്, അത് ജീവിതത്തിന്റെ  ഗതി മാറ്റിയെഴുതുകയും ചെയ്തു.

ദല്‍ഹിയിലെത്തിയ ഇര്‍ശാദ് ഹുസൈന്‍ തുടക്കത്തില്‍ പല ജോലികളിലേര്‍പ്പെട്ടെങ്കിലും അതൊന്നും മാനസികമായി സംതൃപ്തി തരുന്നതായിരുന്നില്ല. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ദിവസവും ധാരാളം പൊതു പരിപാടികളും പ്രദര്‍ശനങ്ങളും കലാ സന്ധ്യകളും നടക്കുന്ന കൂട്ടത്തില്‍ ഒരു കലിഗ്രഫി എക്‌സിബിഷനില്‍ പങ്കെടുത്തതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലിഗ്രഫി എന്ന കലാ വിസ്മയത്തെ കൂടുതല്‍ അടുത്തറിയാന്‍ അതുപകരിച്ചു. തന്റെ ബന്ധുവായ മസ്താന്‍ ബാബായില്‍നിന്ന് കലിഗ്രഫിയെ കുറിച്ച് ചിലത് വളരെ ചെറുപ്രായത്തില്‍ മനസ്സിലാക്കിയതൊഴിച്ചാല്‍ ആ മേഖലയില്‍ കാര്യമായ കുടുംബപാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ ഉര്‍ദു കൈയെഴുത്ത് മനോഹരമാണെന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അങ്ങനെയാണ് രണ്ടു വര്‍ഷത്തെ ഉര്‍ദു കലിഗ്രഫി പഠനത്തിനായി ദല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപമുള്ള മിര്‍സാ ഗാലിബ് അക്കാദമിയില്‍ ചേരുന്നത്. എഴുത്തുകലയുടെ വിവിധ ശൈലികള്‍ സ്വായത്തമാക്കുന്നത് അവിടെനിന്നാണ്. പഠനം കഴിഞ്ഞപ്പോള്‍ പുതിയ ശൈലിയില്‍ എന്തുകൊണ്ട് കലിഗ്രഫി അവതരിപ്പിച്ചുകൂടാ എന്നായി ആലോചന. അതിനായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള പലരെയും പരിചയപ്പെട്ടു, അവരുടെ ശൈലികളിലൂടെ കടന്നുപോയി. 

കലിഗ്രഫി ചെയ്യുന്നത് മുഖ്യമായും മരത്തടിയിലാണ്. ജോലിയുടെ ആദ്യഘട്ടങ്ങളില്‍ തടിയുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് കാര്യമായി അറിവില്ലായിരുന്നു. പതിയെ ഏതെല്ലാം, എപ്പോള്‍, എങ്ങനെ തുടങ്ങിയ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി സ്വയം കണ്ടെത്തി. കൊത്തുപണിക്കായുള്ള യന്ത്രങ്ങളും ഉപകരണങ്ങളും വരെ സ്വന്തമായി വികസിപ്പിച്ചെടുത്തു. സുറാഹി(വെള്ളം ഒഴിക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം മണ്‍കലം)യില്‍ കൊത്തുപണികള്‍ ചെയ്ത് അത്തരം കലിഗ്രഫിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു. ഇന്ന് ദല്‍ഹിയിലെ തന്റെ മൂന്നു നില വീടിന്റെ തറയുള്‍പ്പെടുന്ന ഭാഗം പണിശാലയായി ഉപയോഗിക്കുന്നു. അതിഥികളെ സ്വീകരിക്കുന്നതും തന്റെ നിര്‍മിതികള്‍ സൂക്ഷിക്കുന്നതും രണ്ടാമത്തെ നിലയില്‍. താമസ മുറികള്‍ ഏറ്റവും മുകളിലത്തെ നിലയിലാണ്.

മരത്തടികള്‍ ഉപയോഗിച്ചുള്ള കലിഗ്രഫി രൂപങ്ങളില്‍ ത്രിമാന സ്വഭാവമുള്ളവയുമുണ്ട്. അറബി, പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം ലിപികളിലും തന്റെ കലിഗ്രഫി വൈഭവം അദ്ദേഹം പ്രകടിപ്പിക്കുന്നു. ഇന്ത്യയിലെ മറ്റൊരു കലാകാരനും കൈവരിച്ചിട്ടില്ലാത്ത നേട്ടമാണിതെന്നു പറയാം. റബ്ബര്‍, തേക്ക് തടികളാണ് മുഖ്യമായും കലിഗ്രഫിക്കായി ഉപയോഗിക്കുന്നത്. റബ്ബര്‍ തടികള്‍ ഉപയോഗിച്ചാല്‍ വക്കുകള്‍ പൊട്ടാതെ അക്ഷരങ്ങളെ വേണ്ടവിധം അടര്‍ത്തിമാറ്റി മിനുസപ്പെടുത്താം. പ്രധാനമായും കേരളത്തില്‍നിന്നാണ് റബ്ബര്‍ മരത്തടികള്‍ എത്തിക്കുന്നത്. അപൂര്‍വം  ചിലരുമായി കേരളത്തില്‍ വ്യക്തി ബന്ധങ്ങളുമുണ്ട്. 'ബര്‍മ  തേക്ക്' എന്ന ഇനത്തില്‍പെ ട്ട മരത്തടികള്‍ മധ്യപ്രദേശില്‍നിന്നാണ് വരുന്നത്. മരത്തടിയില്‍ തീര്‍ത്ത കലിഗ്രഫി മാതൃകകളില്‍ സ്വര്‍ണനിറം പൂശിയവക്ക് ആവശ്യക്കാര്‍ ഏറെയാണ്. മരത്തടികളില്‍ നിര്‍മിച്ച കലിഗ്രഫി രൂപങ്ങള്‍ക്ക് 1500 മുതല്‍ 12 ലക്ഷം വരെ വിലയുണ്ട്. ചെയ്യുന്ന തൊഴിലിനോടുള്ള കൂറും ഈ കലയോടുള്ള അടങ്ങാത്ത അഭിനിവേശവും ഈ മേഖലയില്‍തന്നെ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നു.

ഖുര്‍ആന്‍ സൂക്തങ്ങളെ മനോഹരമായ കൊത്തുപണികളിലൂടെ മരത്തടികളില്‍ ആവിഷ്‌കരിക്കാന്‍ ഭാഗ്യം ലഭിച്ചത് വലിയ പുണ്യമായി കരുതുന്നു ഇര്‍ശാദ് ഹുസൈന്‍. അറബി കലിഗ്രഫിയില്‍ ഏറ്റവും മനോഹരമായ എഴുത്തായി എണ്ണപ്പെടുന്നവയിലൊന്നാണ് തുലുസു എഴുത്തുരീതി. ഖത്തു ദീവാനി, ഖത്തു സുലുസ്, ഖത്തു കൂഫിയ തുടങ്ങിയ എഴുത്തുരീതികള്‍ ഉപയോഗിക്കാറുണ്ടെങ്കിലും തടിയില്‍ സൃഷ്ടിച്ചെടുക്കുന്ന കൊത്തുപണി മാതൃകകളില്‍ ഏറ്റവും പ്രയാസകരമായ രീതി സുലുസ് എഴുത്തുരീതിതന്നെ. വിശുദ്ധ ഖുര്‍ആനിലെ ആയത്തുല്‍ കുര്‍സിയുടെ ദീവാനി മാതൃകയിലുള്ള കലിഗ്രഫി തയാറാക്കുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഇര്‍ശാദ് ഹുസൈന്‍. തന്റെ എഴുത്തുരീതികളെ തുഗ്‌റാ  (طغري)  എന്ന, പഴയ ഉസ്മാനീ തുര്‍ക്കിയില്‍ പ്രചാരത്തിലുണ്ടായിരുന്ന എഴുത്തുരീതിയുമായി ബന്ധിച്ചതിലൂടെ വളരെ വശ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതു അറബി കലിഗ്രഫി മാതൃകകളുമായി ചേര്‍ത്തു വേണമെങ്കിലും നമുക്കത് രൂപകല്‍പന നടത്താം. മുഗള്‍ കാലഘട്ടങ്ങളിലെയും മറ്റും ചിത്രരൂപങ്ങളില്‍ അവ നമുക്ക് കത്തൊന്‍ സാധിക്കും. 

കലിഗ്രഫിയില്‍ അറബി ഭാഷയിലാണ് കൂടുതല്‍ ശില്‍പമാതൃകകള്‍ നിര്‍മിച്ചതെങ്കിലും, മറ്റു ഭാഷകളിലും തന്റെ പരീക്ഷണങ്ങള്‍ അദ്ദേഹം വിജയകരമായി നടത്തിപ്പോരുന്നുണ്ട്. സംസ്‌കൃത ഭാഷയില്‍ എഴുതി രൂപകല്‍പന ചെയ്ത ഗായത്രി മന്ത്രത്തിന്റെ മരത്തടിയില്‍ തീര്‍ത്ത മാതൃക ഉദാഹരണം. 

ഇന്ത്യയിലും വിദേശത്തുമായി നിരവധി എക്‌സിബിഷനുകളില്‍ പങ്കെടുത്ത ഇര്‍ശാദ് ഹുസൈനെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ഹരിയാനാ ഗവണ്‍മെന്റിന്റെ കലാനിധി അവാര്‍ഡ്, ഖാദി സജ്ജാദ് ഹുസൈന്‍ അവാര്‍ഡ്, കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് തുടങ്ങിയവ പുരസ്‌കാരങ്ങളില്‍ ചിലതാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്