സാമ്പത്തിക സംവരണം ഇടതുപക്ഷവും സംഘ്പരിവാറും ഒരേ വഴിയിലാണ്
ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വം കാരണം നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെടുകയും പൊതുമണ്ഡലത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനാണ് സംവരണം നിലവില്‍വന്നത്. ചരിത്രപരമായി സവര്‍ണാധികാര ശക്തികള്‍ അകറ്റിനിര്‍ത്തിയ വിഭാഗങ്ങള്‍ക്ക് അവസരസമത്വം നല്‍കുകയാണ് സംവരണം. അതാരുടെയും ഔദാര്യവും പ്രായശ്ചിത്തവുമല്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വൈകി ലഭിച്ച നീതി മാത്രമാണത്. വിദ്യാഭ്യാസവും അധികാരവും പിന്നാക്കക്കാര്‍ക്ക് നിഷേധിക്കപ്പെട്ടത് അവരുടെ ജാതി കാരണമായിരുന്നു. ആ ജാതി തന്നെയാണ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്‍പികള്‍ സംവരണത്തിന് അടിസ്ഥാനമാക്കിയതും. സംവരണത്തിന് സാമ്പത്തികം എന്ന ഉപാധിയോ മാനദണ്ഡമോ ഭരണഘടന അംഗീകരിക്കുന്നില്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായിട്ടല്ല, സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം എഴുതിച്ചേര്‍ത്തിട്ടുള്ളത്.
ഭരണഘടന ഉറപ്പുവരുത്തിയ ഈ സാമൂഹിക സംവരണത്തെ എതിര്‍ക്കുന്ന ഇന്ത്യയിലെ രണ്ട് പ്രബല കക്ഷികള്‍ സംഘ്പരിവാറും ഇടതുപക്ഷവുമാണ്. സംഘ് ആചാര്യന്‍ ദീനദയാല്‍ ഉപാധ്യായയും കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സാമ്പത്തിക സംവരണത്തിനായി വാദിച്ചവരാണ്. ഇന്ത്യയിലെ പിന്നാക്കക്കാരായ വ്യത്യസ്ത ജാതികള്‍ സ്വയം സംഘടിക്കുന്നത് രണ്ട് കൂട്ടരെയും തളര്‍ത്തുന്നുവെന്നതാണ് ഈ സംവരണവിരുദ്ധതയുടെ രാഷ്ട്രീയം. സംവരണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷങ്ങളുമായിരുന്നല്ലോ ഇന്ത്യയിലെ ജാതി രാഷ്ട്രീയ മുന്നേറ്റത്തിന്റെ പിറവിക്കും വളര്‍ച്ചക്കും കാരണമായത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വര്‍ഗ സംഘട്ടന തിയറിയില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥക്ക് സ്ഥാനം ലഭിക്കാതെ പോയതും ജാതി സമൂഹങ്ങളെ അവരായിക്കണ്ട് അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടതും ഇടതുപക്ഷത്തെ ഇരുട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. വര്‍ഗത്തിനപ്പുറം ജാതിയാണ് ഇന്ത്യയില്‍ അഭിമുഖീകരിക്കേണ്ട മുഖ്യ പ്രശ്നമെന്ന് അംഗീകരിക്കാന്‍ വര്‍ഗവിശകലന സൈദ്ധാന്തിക ശാഠ്യം മാര്‍ക്സിസ്റ്റുകാരെ അനുവദിച്ചില്ല. അതിനാലാണ് ജാതിയടിസ്ഥാനത്തിലുള്ള സംവരണത്തെ തള്ളിക്കളഞ്ഞ് ഇ.എം.എസ് സാമ്പത്തിക സംവരണം മുന്നോട്ടുവെച്ചത്. 1958-ല്‍ കേരള മുഖ്യമന്ത്രിയായ ഇ.എം.എസ് ചെയര്‍മാനായ ഭരണ പരിഷ്‌കരണ കമ്മിറ്റിയാണ് ആദ്യമായി സാമ്പത്തിക സംവരണമെന്ന ആശയം കേരളത്തില്‍ അവതരിപ്പിച്ചത്. പലവിധ കാരണങ്ങളാല്‍ അദ്ദേഹത്തിനത് നടപ്പിലാക്കാനായില്ലെന്നു മാത്രം. ദേവസ്വം ബോര്‍ഡിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുന്നാക്കക്കാര്‍ക്ക് പിന്നീട് ഇടതുപക്ഷം സംവരണമേര്‍പ്പെടുത്തിയത് ആ സാമ്പത്തിക വിശകലനോപാധി വെച്ചുതന്നെയായിരുന്നു. ഇപ്പോള്‍ പുതുതായി രൂപീകരിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (K.A.S) സംവരണതോത് അട്ടിമറിക്കുന്നതും ഈ സംവരണവിരുദ്ധത മൂലമാണ്.
ഹിന്ദു ഏകീകരണവും അതുവഴി ഇന്ത്യയില്‍ സ്ഥിരം ഭരണവുമെന്ന സംഘ് പരിവാര്‍ ശക്തികളുടെ രാഷ്ട്രീയ ലക്ഷ്യത്തിനും മുഖ്യ തടസ്സം വ്യത്യസ്ത ജാതികളുടെ സ്വയം ശാക്തീകരണവും രാഷ്ട്രീയ സംഘാടനവുമാണ്. ആ പ്രാദേശിക പിന്നാക്ക രാഷ്ട്രീയത്തിന്റെ മുഖ്യ പ്രചോദനങ്ങളിലൊന്നായ ജാതി സംവരണമവസാനിപ്പിച്ചാല്‍ അതിനെ പതിയെ തകര്‍ക്കാമെന്നാണ് സംഘ്പരിവാര്‍ കണക്കുകൂട്ടല്‍. അതിനുള്ള ശ്രമങ്ങള്‍ 2016-ല്‍ ഗുജറാത്തിലും പിന്നീട് രാജസ്ഥാനിലും ബി.ജെ.പി നടത്തുകയുണ്ടായി. രണ്ടിടത്തും സംസ്ഥാന ഹൈക്കോടതികള്‍ ആ ശ്രമങ്ങള്‍ റദ്ദാക്കുകയായിരുന്നു. ഈ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണം നടപ്പിലാക്കാനാണിപ്പോള്‍ മോദി സര്‍ക്കാറിന്റെ ശ്രമം. മുന്നാക്ക വിഭാഗങ്ങളുടെ വോട്ട് സമാഹരിക്കുകയും ശക്തിപ്പെട്ടുവരുന്ന ദലിത് -പിന്നാക്ക രാഷ്ട്രീയത്തെ പതിയെ തകര്‍ക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ട്. തങ്ങളുടെ സാമ്പത്തിക സംവരണമെന്ന 'വര്‍ഗ സിദ്ധാന്ത പുരോഗമന വഴി'യിലേക്ക് വൈകി കടന്നുവന്ന മോദി സര്‍ക്കാറിനെ സ്വാഗതം ചെയ്യുന്ന ഇടതുപക്ഷ നിലപാട് മറ്റൊരു ഹിസ്റ്റോറിക്കല്‍ ബ്ലണ്ടറായിരുന്നുവെന്ന് വരുംകാലമവരെ ബോധ്യപ്പെടുത്തുകതന്നെ ചെയ്യും.
Comments