Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

പുത്രത്വത്തിന്റെ ദിവ്യത്വം, ആദിപാപം

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

(യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 12)

പുത്രത്വത്തിന്റെ ദിവ്യത്വം (Divine Sonship)എന്ന ഈ ആശയവും മുമ്പ് വിവരിച്ചപോലെ യേശുവിന്റെ അധ്യാപനങ്ങള്‍ക്ക് നിരക്കുന്നതല്ല. 'ദൈവപുത്രന്‍' എന്ന പ്രയോഗം ബൈബിളില്‍ ആദമിനെ കുറിക്കാനും (ലൂക്കോസ് 3:38) യേശുവിനു മുമ്പുള്ള മറ്റു പല പ്രവാചകന്മാരെ കുറിക്കാനും വന്നിട്ടുണ്ട്. ഉദാഹരണമായി, മോസസിന്റെ ഒരു പുസ്തകത്തില്‍ 'ഇസ്രായേലി'നെ ദൈവുപുത്രന്‍ എന്നാണ് വിളിക്കുന്നത്. ''അപ്പോള്‍ നീ ഫറവോനോട് പറയണം: കര്‍ത്താവ് ഇങ്ങനെ അരുള്‍ ചെയ്തിരിക്കുന്നു: ഇസ്രായേല്‍ എന്റെ മകനാണ്, എന്റെ ആദ്യജാതന്‍'' (പുറപ്പാട് 4:22).

'സങ്കീര്‍ത്തനങ്ങളി'ല്‍ ഇതേ വിശേഷണം ദാവീദിനും നല്‍കിയിരിക്കുന്നു: ''ഞാന്‍ കര്‍ത്താവിന്റെ തീര്‍പ്പ് പ്രഖ്യാപിക്കും: അവന്‍ എന്നോട് അരുള്‍ ചെയ്തു- നീ എന്റെ പുത്രന്‍, ഇന്ന് ഞാന്‍ നിന്റെ പിതാവായിരിക്കുന്നു'' (സങ്കീര്‍ത്തനങ്ങള്‍ 2:7). സോളമനെയും ഇതേവിധം വിശേഷിപ്പിക്കുന്നുണ്ട്: ''അയാള്‍ എന്റെ നാമത്തിനു വേണ്ടി ഒരു ആലയം നിര്‍മിക്കും. അയാള്‍ എന്റെ പുത്രനായിരിക്കും. ഞാന്‍ അയാളുടെ പിതാവുമായിരിക്കും. അയാളുടെ രാജകീയ സിംഹാസനം ഞാന്‍ ഇസ്രായേലില്‍ നിത്യമായി സ്ഥാപിക്കും'' (ദിനവൃത്താന്തം ഒന്ന് 22:10).

ഇതും ഇതുപോലുള്ള 'പുത്ര' പരാമര്‍ശങ്ങളും ചേര്‍ത്തു വായിച്ചാല്‍ ബോധ്യമാകുന്ന സംഗതി, ദൈവത്തോട് ഇഷ്ടം കൂടിയവരെ വിശേഷിപ്പിക്കാനുള്ള ഒരു പ്രയോഗം മാത്രമാണ് അത് എന്നാണ്. യേശു പോലും ആ അര്‍ഥത്തില്‍ പറയുന്നുണ്ടല്ലോ: ''നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക. നിങ്ങളെ ദ്രോഹിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. അങ്ങനെയാണ് നിങ്ങള്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരുക'' (മത്തായി 5:44,45). ''സമാധാന സ്ഥാപകന്‍ സൗഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടും'' (മത്തായി 5:9). ഈ പരാമര്‍ശങ്ങളില്‍നിന്നൊക്കെ 'പുത്രന്‍' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് വളരെ വ്യക്തം. അതിനാല്‍ മിക്ക ക്രൈസ്തവ വിശ്വാസികളും ഒരു സവിശേഷമായ അര്‍ഥത്തില്‍ യേശുവിനെ 'ദൈവപുത്രനാ'യി കാണുന്നതിന് യാതൊരു ന്യായീകരണവുമില്ല. ആദം, ഇസ്രായേല്‍, ദാവീദ്, സോളമന്‍ എന്നിവരെ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിച്ചപ്പോള്‍ എന്താണോ അര്‍ഥമാക്കിയത്, ആ അര്‍ഥം മാത്രമേ യേശുവിന്റെ കാര്യത്തിലും സംഗതമാവുന്നുള്ളൂ. യേശുവിനെ ബൈബിളില്‍ 'ദൈവപുത്രന്‍' എന്ന് വിശേഷിപ്പിച്ചത് 13 തവണയാണ്; 'മനുഷ്യപുത്രന്‍' എന്ന് വിശേഷിപ്പിച്ചത് 83 തവണയും.

പുത്രത്വത്തിന്റെ ദിവ്യത്വം അസന്ദിഗ്ധമായി തള്ളിക്കളഞ്ഞിട്ടുണ്ട് ഖുര്‍ആന്‍.  രണ്ടാം അധ്യായത്തിലെ 116-ാം സൂക്തം ഇങ്ങനെ വായിക്കാം: ''ദൈവം പുത്രനെ വരിച്ചിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ അവന്‍ അതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. എല്ലാം അവന്ന് വഴങ്ങുന്നവയും.''

ദൈവത്തിലേക്ക് പുത്രനെ ചേര്‍ത്തു പറയുന്നത് വ്യംഗ്യമായി ദിവ്യത്വത്തിന്റെ പൂര്‍ണതയെ നിഷേധിക്കുന്നുണ്ടെന്നും മനസ്സിലാക്കണം. തന്നോടൊപ്പം (ദൈവത്തോടൊപ്പം) മറ്റൊരാളെക്കൂടി ആവശ്യമുണ്ട് എന്നാണല്ലോ അത് ദ്യോതിപ്പിക്കുന്നത്.

 

ആദിപാപം

ഈ ആശയം ഇങ്ങനെയാണ് വിശദീകരിക്കപ്പെടാറുള്ളത്: വിലക്കപ്പെട്ട മരത്തില്‍നിന്ന് ഭക്ഷിക്കുക വഴി ദൈവത്തെ ധിക്കരിച്ച ആദം പാപം ചെയ്തു ('നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം' എന്ന് ഉല്‍പത്തി 2:17).1 തല്‍ഫലമായി, ക്രിസ്ത്യന്‍ ദൈവശാസ്ത്രപ്രകാരം, എല്ലാ പിന്മുറക്കാരും ആദമിന്റെ പാപം അനന്തരമെടുക്കേണ്ടിവന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഓരോ മനുഷ്യനും ജനിക്കുന്നത് ഈ ആദിപാപവും പേറിയാണ്. ക്രൈസ്തവ വിശ്വാസപ്രമാണപ്രകാരം, ദൈവികനീതി സാക്ഷാത്കരിക്കപ്പെടാന്‍, ചെയ്ത ഓരോ പാപത്തിനും വില കൊടുക്കേണ്ടിവരും. പ്രതിക്രിയ ചെയ്യപ്പെടാതെ ഒരു പാപവും നീങ്ങിപ്പോവുകയില്ല; ഒരു സാദാ പാപമാണെങ്കില്‍ പോലും! പാപങ്ങള്‍ മായ്ച്ചുകളയാന്‍ രക്തമൊഴുക്കുകയേ മാര്‍ഗമുള്ളൂ. പൗലോസിന്റെ വീക്ഷണത്തില്‍, 'രക്തം ചിന്താതെ പാപമോചനമില്ല' (എബ്രായര്‍ 9:22).2 പക്ഷേ, ആ രക്തം പൂര്‍ണവും പാപരഹിതവും കറപുരളാത്തതുമാകണം. അതിനാല്‍, ആരോപിക്കപ്പെടുന്ന പോലെ ദൈവപുത്രനായ യേശു തന്റെ അകളങ്കവും പാപരഹിതവുമായ രക്തം ഒഴുക്കി, വിവരണാതീതമായ പീഡകള്‍ ഏറ്റുവാങ്ങി, ഒടുവില്‍ മനുഷ്യരുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി മരണം വരിക്കുകയും ചെയ്തു. അവന്‍ അനന്തനായ ദൈവം (Infinite God)  ആയതുകൊണ്ട്, അവനു മാത്രമേ പാപത്തിനുള്ള പ്രായശ്ചിത്തം അനന്തമായി നല്‍കിക്കൊണ്ടിരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് യേശുവിനെ വ്യക്തിപരമായി തന്റെ രക്ഷകനായി കരുതാത്ത ആര്‍ക്കും മുക്തി ലഭിക്കാന്‍ പോകുന്നില്ല.3 ജന്മപാപം കാരണമായി ഓരോ മനുഷ്യനും നരകത്തില്‍ പീഡകളേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു, ശാശ്വതമായിത്തന്നെ. യേശു തന്റെ രക്തം കൊണ്ട് അവനു/ അവള്‍ക്കു വേണ്ടി പാപനിവൃത്തി വരുത്തിയെങ്കിലേ രക്ഷപ്പെടാനാവുകയുള്ളൂ.

ഈ സിദ്ധാന്തത്തിന് മൂന്ന് വ്യത്യസ്ത ഭാഗങ്ങളുണ്ട്: ഒന്ന്, ആദി/ജന്മപാപം. രണ്ട്, പാപനിവൃത്തിക്ക് രക്തം കൊടുക്കണമെന്നും എന്നാലേ ദൈവനീതി ലഭ്യമാകൂ എന്നുമുള്ള വിശ്വാസം. മൂന്ന്, മനുഷ്യരുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി യേശു കുരിശു മരണം വരിക്കുകയായിരുന്നുവെന്നും ആ ബലിയര്‍പ്പണത്തില്‍ വിശ്വാസമില്ലാത്തവന് മോക്ഷം സാധ്യമല്ലെന്നുമുള്ള വിശ്വാസം.4

 

ഒന്നാം ഭാഗം

ആദിപാപത്തിന്റെ ആദ്യ ഭാഗം പരിശോധിക്കാം. റവ.ഡി ഗ്രൂട്ട് (Rev. De Groot)  എഴുതുന്നു: ''വേദം നമ്മെ പഠിപ്പിക്കുന്നത് ആദമിന്റെ പാപം എല്ലാ മനുഷ്യരിലേക്കും (നമ്മുടെ അനുഗൃഹീത വനിതയൊഴിച്ച്) വന്നുചേര്‍ന്നിട്ടുണ്ടെന്നാണ്. കാരണം സെന്റ് പോള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'അങ്ങനെ ഒരു മനുഷ്യന്റെ അതിക്രമം എല്ലാ മനുഷ്യരുടെയും ശിക്ഷാവിധിക്ക് കാരണമായതു പോലെ ഒരു മനുഷ്യന്റെ നീതീകരണപ്രവൃത്തി എല്ലാ മനുഷ്യര്‍ക്കും ജീവദായകമായ നീതീകരണം നല്‍കുന്നു.''5

എല്ലാവരും ആദമിന്റെ പാപം അനന്തരമെടുക്കുന്നുണ്ടെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ടല്ലോ. പക്ഷേ ക്രൈസ്തവതയിലെ മറ്റു പല വിശ്വാസങ്ങള്‍ പോലെത്തന്നെ, 'അനന്തരമെടുക്കുന്ന പാപ'ത്തിന് യേശുവിന്റെയോ അദ്ദേഹത്തിന്റെ മുമ്പുള്ള പ്രവാചകന്മാരുടെയോ വാക്കുകള്‍ പിന്‍ബലം നല്‍കുന്നില്ല. ഓരോ മനുഷ്യനും തന്റെ കര്‍മങ്ങള്‍ക്കു മാത്രമേ ഉത്തരവാദിയാകുന്നുള്ളൂ എന്നാണ് അവരെല്ലാം പഠിപ്പിച്ചത്. മാതാപിതാക്കള്‍ ചെയ്ത കുറ്റത്തിന് മക്കള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല.

ഒരു മനുഷ്യനും പാപിയായല്ല ജനിക്കുന്നത്. ശുദ്ധപ്രകൃതമുള്ള നിഷ്‌കളങ്കരായാണ്, അല്ലാതെ പാപികളായി ജനിച്ചവരായല്ല യേശു കുട്ടികളെ കണ്ടിരുന്നത്. അദ്ദേഹം പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ട വചനങ്ങളില്‍നിന്ന് അത് വളരെ വ്യക്തമാണ്: ''ശിശുക്കള്‍ എന്റെയടുക്കല്‍ വരട്ടെ. അവരെ തടയരുത്. ദൈവരാജ്യം ഇവരെപ്പോലുള്ളവരുടേതാകുന്നു. ഉറപ്പായും ഞാന്‍ നിങ്ങളോട് പറയുന്നു; ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ഒരുവനും അവിടെ പ്രവേശിക്കുകയില്ല'' (മാര്‍ക്കോസ് 10:14,15).

യുക്തിപരമായി ചിന്തിച്ചാല്‍, എത്രയോ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ആദ്യ മാതാപിതാക്കള്‍ ചെയ്ത കുറ്റത്തിന് മനുഷ്യസമൂഹത്തെയാകമാനം പാപികളാക്കുന്നതിനേക്കാള്‍ വലിയ അനീതി എന്താണ്! ദൈവിക നിയമത്തെ, അല്ലെങ്കില്‍ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്ന നിയമത്തെ ഒരാള്‍ മനഃപൂര്‍വം ധിക്കരിക്കുമ്പോഴാണ് അത് പാപമായിത്തീരുന്നത്. അതിനാല്‍ ആ പാപം ആരാണോ ചെയ്തത് അയാള്‍ക്കു മാത്രമേ അതില്‍ ഉത്തരവാദിത്തമുള്ളൂ. അയാളുടെ മക്കളെ അതൊരിക്കലും ബാധിക്കുന്നില്ല. ജന്മനാ ഓരോ മനുഷ്യനും പാപിയാണെന്ന് കരുതുന്നത് വലിയ അനീതിയാണ്. ജ്ഞാനസ്‌നാനം (മാമോദീസ) ചെയ്യപ്പെടാത്ത ഓരോ കുഞ്ഞും ശാശ്വതമായി നരകത്തില്‍ കിടന്ന് എരിയും എന്ന സെന്റ് അഗസ്റ്റിന്റെ ദൈവശാസ്ത്ര പ്രമാണവാക്യം ശരിയെന്ന് വിശ്വസിക്കുന്ന ഒരാള്‍ എത്രമാത്രം യുക്തിബോധം നശിച്ചവനും കഠിനഹൃദയനുമായിരിക്കും! അടുത്ത കാലം വരെ മാമോദീസ കഴിഞ്ഞിട്ടില്ലാത്ത കുഞ്ഞുങ്ങളുടെ ജഡം ക്രിസ്ത്യന്‍ വിശുദ്ധ സ്ഥലങ്ങളില്‍ മറമാടാറുണ്ടായിരുന്നില്ല; ആ കുഞ്ഞുങ്ങള്‍ 'ആദിപാപ'വുമായാണ് മരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍!

ഇസ്‌ലാം ആദിപാപം എന്ന സിദ്ധാന്തം അംഗീകരിക്കുന്നില്ല. ജനിക്കുന്ന വേളയില്‍ ഓരോ കുഞ്ഞും നിഷ്‌കളങ്കനും പാപരഹിതനുമായിരിക്കുമെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. പാപം എന്നു പറയുന്നത് അനന്തരമായി കിട്ടുന്ന ഒന്നല്ല. ഒരാള്‍ ചെയ്യരുതാത്തത് ചെയ്യുമ്പോഴോ ചെയ്യേണ്ടത് ചെയ്യാതിരിക്കുമ്പോഴോ ആണ് അയാള്‍ പാപം ചെയ്തു എന്നു പറയാനാവുക.

 

രണ്ടാം ഭാഗം

മനുഷ്യന്റെ ആദിപാപത്തിനും മറ്റെല്ലാ പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി ഒരു വിലയൊടുക്കണമെന്നാണ് ദൈവിക നീതിയുടെ താല്‍പര്യം എന്ന വാദത്തെക്കുറിച്ച്. അതായത് ശിക്ഷ നല്‍കാതെ ദൈവം ഒരു പാപിക്ക് പൊറുത്തുകൊടുത്താല്‍ അത് ദൈവിക നീതിക്ക് എതിരാവും എന്നര്‍ഥം. ഇതുമായി ബന്ധപ്പെട്ട് റവ. ഡബ്ല്‌യു. ഗോള്‍ഡ്‌സാക് എഴുതുന്നു: ''ഓരോരുത്തര്‍ക്കും പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കേണ്ട ഒന്നാണ്, ദൈവം തന്റെ നിയമത്തെ ഒരിക്കലും ലംഘിക്കുകയില്ല എന്നത്. വേണ്ട ശിക്ഷ കൊടുത്തിട്ടല്ലാതെ ഒരു പാപിക്കും പൊറുത്തുകൊടുക്കാന്‍ ദൈവത്തിന് കഴിയില്ല എന്നതാണത്. ഇനി അവന്‍ അങ്ങനെ ചെയ്താല്‍ അവന്‍ എങ്ങനെ നീതിമാനും ന്യായം ചെയ്തവനുമാകും!'' (The Atonement പേജ് 5). ദൈവിക നീതിയെക്കുറിച്ച സമ്പൂര്‍ണ വിവരമില്ലായ്മ എന്നേ ഇതിനെക്കുറിച്ച് പറയാനാവൂ. ദൈവം കേവല ന്യായാധിപനോ രാജാവോ അല്ല. അവന്‍ ഖുര്‍ആന്‍ വിവരിച്ചപോലെ 'കാരുണ്യവാനും കരുണാവാരിധി'യുമാണ്. നീതിമാനാണ് എന്നതോടൊപ്പം തന്നെ, ഏറെ പൊറുക്കുന്നവനും വിട്ടുകൊടുത്ത് മാപ്പാക്കുന്നവനും (ഖുര്‍ആന്‍ 12:92). ഒരാള്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയാണെന്നും തന്റെ തിന്മകളെ ചെറുക്കാനുള്ള ആന്തരികപ്രേരണ അവന് ഉണ്ടായിട്ടുണ്ടെന്നും ദൈവം അറിഞ്ഞാല്‍ ആ മനുഷ്യന്റെ വീഴ്ചകളും പാപങ്ങളുമൊക്കെ പൊറുക്കുകയാണ് അവന്‍ ചെയ്യുക. ഏതൊരു ശിക്ഷയുടെയും പ്രേരകം പാപം തടയുകയും പാപിയെ നന്നാക്കുകയുമാണല്ലോ. തന്റെ കഴിഞ്ഞകാല പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുകയും തെറ്റു തിരുത്തുകയും ചെയ്ത ഒരു മനുഷ്യനെ വീണ്ടും ശിക്ഷിക്കുക എന്നത് നീതിയല്ല, പ്രതികാരമാണ്. ശിക്ഷിച്ച ശേഷം ഒരാള്‍ക്ക് പൊറുത്തുകൊടുക്കുക, മറ്റാരോ ചെയ്ത കുറ്റത്തിന് വേറെയൊരുത്തനെ ശിക്ഷിക്കുക- ഇത് രണ്ടും ഒരു നിലക്കും മാപ്പ് എന്ന പരികല്‍പനയില്‍ വരില്ല.

നാം ആരാധിക്കുകയും വഴിപ്പെടുകയും ചെയ്യുന്ന ദൈവം കാരുണ്യത്തിന്റെ ദൈവമാണ്. അവന്‍ ഒരു നിയമം കൊണ്ടുവരികയും അത് പാലിക്കാന്‍ നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അവന്റെ കാര്യലാഭത്തിനല്ല, മനുഷ്യസമൂഹത്തിന്റെ നന്മക്കു വേണ്ടിയാണ്. ഇനിയവന്‍ തിന്മകളുടെയും പാപങ്ങളുടെയും പേരില്‍ മനുഷ്യനെ ശിക്ഷിക്കുന്നുണ്ടെങ്കില്‍, അത് അവന്റെ സംതൃപ്തിക്കോ പ്രായശ്ചിത്തമായിട്ടോ അല്ല. മറിച്ച്, തിന്മ തടയാനും പാപിയെ ശുദ്ധീകരിക്കാനുമാണ്. തിന്മകളില്‍നിന്ന് പിന്തിരിയുകയും സ്വയം നവീകരിക്കുകയും ചെയ്ത മനുഷ്യനെ ശിക്ഷിക്കേണ്ടതില്ല. മറ്റാരോ ചെയ്ത പാപത്തിന്റെ പേരിലും അയാളെ ശിക്ഷിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് ദൈവനീതിയുമായി ഒത്തുപോകില്ല. ഖുര്‍ആന്‍ പറയുന്നു: ''നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപി

ച്ചാല്‍ നീ പറയണം: നിങ്ങള്‍ക്കു സമാധാനം. നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മ കാരണം വല്ല തെറ്റും ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് കര്‍മങ്ങള്‍ നന്നാക്കുകയുമാണെങ്കില്‍, അറിയുക: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്'' (6:54).

 

മൂന്നാം ഭാഗം

മനുഷ്യരുടെ ആദിപാപത്തിനും മറ്റു പാപങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി യേശു കല്‍വരിയില്‍ കുരിശിലേറി മരണത്തെ പുല്‍കിയെന്നും ഒഴുക്കപ്പെട്ട ആ രക്തത്തിന്റെ രക്ഷക ശക്തിയില്‍ വിശ്വസിക്കാതെ മുക്തി സാധ്യമല്ലെന്നുമുള്ള വിശ്വാസം. ജെ.എഫ്. ഡി ഗ്രൂട്ട് എഴുതുന്നു: ''യേശു, അഥവാ ദൈവാവതാരം പാപങ്ങള്‍ സ്വയം കൈയേല്‍ക്കുകയും ദൈവിക നീതിക്ക് ഒത്തവിധം അവക്ക് പ്രായശ്ചിത്തം നല്‍കുകയും ചെയ്തതിനാല്‍, അവനായിരിക്കും ദൈവത്തിന്റെയും മനുഷ്യന്റെയുമിടയിലെ മധ്യവര്‍ത്തി'' (Catholic Teaching,  പേജ് 162). ഈ പ്രമാണം ദൈവകാരുണ്യത്തിന്റെ മാത്രമല്ല അവന്റെ നീതിയുടെയും നിഷേധമാണ്.6

പാപങ്ങള്‍ പൊറുക്കണമെങ്കില്‍ രക്തം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അവിടെ പിന്നെ കാരുണ്യം തരിമ്പും അവശേഷിക്കുന്നില്ല. തെറ്റു ചെയ്യാത്ത ഒരാളെ മറ്റാളുകളുടെ തെറ്റുകളുടെ പേരില്‍ ശിക്ഷിക്കുകയെന്നതും അനീതിയുടെ പാരമ്യം. കുരിശുമരണത്തിലൂടെയുള്ള പ്രായശ്ചിത്തം എന്ന വാദം പല നിലയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലതു മാത്രം:

ഒന്ന്: ആദിപാപ പരിഹാരത്തിനായി യേശു കുരിശിലേറി എന്ന വാദം തെറ്റാണ്. തെറ്റായ വാദത്തില്‍ കെട്ടിപ്പടുക്കപ്പെട്ടതും തെറ്റായിരിക്കും. ആദമിന്റെ പാപം അദ്ദേഹത്തിന്റ സന്താനപരമ്പരകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടുവെന്ന വാദം തോറയിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ്. ആവര്‍ത്തനത്തില്‍ (24:16) നാമിങ്ങനെ വായിക്കുന്നു: ''മക്കള്‍ക്കു പകരം പിതാക്കന്മാരെ വധിക്കരുത്; പിതാക്കന്മാര്‍ക്കു പകരം മക്കളെയും വധിക്കരുത്. ഒരു മനുഷ്യനെ സ്വന്തം പാപത്തിനു മാത്രമേ വധിക്കാവൂ.'' എസെക്കിയേലില്‍ (18: 20) ഇങ്ങനെ കാണാം: ''പാപം ചെയ്യുന്ന ആത്മാവ് മരണപ്പെടും. മകന്‍ പിതാവിന്റെ പാപം ഏല്‍ക്കില്ല, പിതാവ് മകന്റെയും പാപം ഏല്‍ക്കില്ല.'' യേശു തന്നെ ഇങ്ങനെ പറയുന്നുണ്ട്: ''ഓരോരുത്തര്‍ക്കും അവരുടെ പ്രവൃത്തിക്ക് അനുസൃതമായി അവന്‍ (ദൈവം) പ്രതിഫലം കൊടുക്കും'' (മത്തായി 16:27). ഇതുതന്നെയാണ് ഖുര്‍ആനും പറയുന്നത് (53: 38-40): ''അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല. മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല. തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും.''

രണ്ട്: ഉല്‍പത്തിയില്‍ പറയുന്ന പ്രകാരം (5:5), നമ്മുടെ പിതാവ് ആദം വിലക്കപ്പെട്ട മരത്തില്‍നിന്ന് ഭക്ഷിച്ചതിനു ശേഷം തന്റെ ഭാര്യയോടൊപ്പം 930 വര്‍ഷം ജീവിച്ചു. ഇത് ഉല്‍പത്തിയില്‍തന്നെ പറയുന്ന (2:17), '(വൃക്ഷത്തിലെ ഫലം) തിന്നുന്ന നാള്‍ തീര്‍ച്ചയായും നീ മരിക്കും' എന്ന പരാമര്‍ശത്തിന് വിരുദ്ധമാണ്. കാരണം അങ്ങനെ സംഭവിച്ചില്ലല്ലോ. അതിനര്‍ഥം, ആദം പശ്ചാത്തപിച്ചുവെന്നും ദൈവം അദ്ദേഹത്തിന് മാപ്പു കൊടുത്തു എന്നുമാണ്. എസെക്കിയേല്‍ (18:21,22) പറയുന്നു: ''7ദുഷ്ടന്‍ താന്‍ ചെയ്യുന്ന പാപങ്ങളില്‍നിന്നെല്ലാം വിട്ടുമാറി, എന്റെ ചട്ടങ്ങളെല്ലാം പാലിച്ചു നിയമവും നീതിയുമനുസരിച്ചുള്ളത് പ്രവര്‍ത്തിച്ചാല്‍ അയാള്‍ നിശ്ചയമായും ജീവിക്കും; അയാള്‍ മരിക്കില്ല. അയാള്‍ ചെയ്ത അതിക്രമങ്ങളൊന്നും അയാള്‍ക്കെതിരെ അനുസ്മരിക്കപ്പെടുകയില്ല. അയാള്‍ ചെയ്ത നീതിയെ പ്രതി അയാള്‍ ജീവിക്കും.'' അപ്പോള്‍ ആദമും ഹവ്വയും 'ജീവിച്ചത്', 'പാപങ്ങളില്‍നിന്നെല്ലാം വിട്ടുമാറിയത്' കൊുതന്നെയാവുമല്ലോ. പാപം എന്നത് അനന്തരമെടുക്കപ്പെടുന്ന ഒന്നല്ല എന്നര്‍ഥം. അതിനാല്‍ ആരെങ്കിലും ചെയ്ത പാപത്തിന് യേശു മരിക്കേണ്ട കാര്യമില്ല. അതുതന്നെയാകുന്നു ഖുര്‍ആനും പറയുന്നത്: ''അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി. പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു'' (20: 121,122).

മൂന്ന്: മറ്റുള്ളവരുടെ പാപങ്ങള്‍ക്കു വേണ്ടി യേശു സ്വമേധയാ മരിക്കാന്‍ തയാറായി എന്ന വാദവും ശരിയല്ല. കുരിശിലേറി മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നതായി ബൈബിളില്‍ നമുക്ക് വായിക്കാം: ശത്രുക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ ആത്മാവ് മരണവേദനയോടടുത്ത ദുഃഖം അനുഭവിക്കുന്നു'' (മാര്‍ക്കോസ് 14:34). പിന്നെ അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ട്: ''അബ്ബാ, പിതാവേ, എല്ലാം നിനക്ക് സാധ്യമാണ്. ഈ പാനപാത്രം എന്നില്‍നിന്ന് നീക്കേണമേ! എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നടക്കട്ടെ'' (മാര്‍ക്കോസ് 14:36). എന്നു മാത്രമല്ല, അനുയായികളോട് വാളുകള്‍ വാങ്ങിവെക്കാനും (ലൂക്കോസ് 22:36) തനിക്ക് രാത്രി ശത്രുക്കളില്‍നിന്ന് സംരക്ഷണകവചമൊരുക്കാനും യേശു ആവശ്യപ്പെടുന്നുമുണ്ട്.

നാല്: ബൈബിള്‍ (മാര്‍ക്കോസ് 15:34) നമ്മോട് പറയുന്നത് കുരിശിലേറ്റപ്പെട്ടയാള്‍ ഇങ്ങനെ കരഞ്ഞു പറഞ്ഞു എന്നാണ്: 'എലോയ്, എലോയ്, ലമാ സബക്താനി?' - 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്താണ് എന്നെ കൈവിട്ടത്?' ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് നാം വാദത്തിനു സമ്മതിച്ചാല്‍തന്നെ, അത്യന്തം നിരാശയോടെ വിളിച്ച് കരയുന്ന ആ വ്യക്തിക്ക് കുരിശില്‍ കിടന്ന് മരിക്കാന്‍ ഒട്ടും ആഗ്രഹമില്ലെന്ന് വളരെ വ്യക്തമല്ലേ? കുരിശിലേറ്റപ്പെട്ട വ്യക്തി യേശുവാകാന്‍ സാധ്യതയില്ല എന്ന മര്‍മപ്രധാനമായ സൂചനയും നമുക്കിവിടെ നിന്ന് ലഭിക്കുന്നുണ്ട്. കാരണം ഭയവിഹ്വലനായി, നിരാശയോടെ ഈ വിധം കരഞ്ഞ് നിലവിളിക്കുക എന്നത് ഒരു ദൈവപ്രവാചകന് ചേര്‍ന്നതല്ല, ആ വ്യക്തി ദൈവമാണെന്ന് വാദിക്കപ്പെടുന്നുണ്ടെങ്കില്‍ പിന്നെ കാര്യം പറയാനുമില്ല.

അഞ്ച്:  മാര്‍ക്കോസിന്റെ വിവരണത്തില്‍ (14:50), യേശുവിന്റെ ശിഷ്യന്മാരില്‍ ഒരാളും കുരിശുമരണത്തിന് ദൃക്‌സാക്ഷിയായിട്ടില്ല. കാരണം, 'അവനെ ഉപേക്ഷിച്ച് അവര്‍ ഓടിപ്പോവുക'യാണുണ്ടായത്.8 സുവിശേഷമെഴുത്തുകാരും ലേഖന(Epistle)മെഴുത്തുകാരും കുരിശുമരണത്തിന്റെ ദൃക്‌സാക്ഷികളല്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, വിശ്വാസ്യതയുള്ള ദൃക്‌സാക്ഷികളാരുമില്ല. അതിനാല്‍ ഈ സംഭവവിവരണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് സംശയമുയരുക സ്വാഭാവികം. എന്നു മാത്രമല്ല അംഗീകൃത സുവിശേഷങ്ങളില്‍ (Canonical Gospels)  കുരിശാരോഹണത്തെക്കുറിച്ച് വന്ന വിവരണത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ വളരെയേറെ വ്യത്യാസങ്ങളുണ്ട്.

ആറ്: രക്തബലി നല്‍കിയിലേ ദൈവകോപം ശമിപ്പിക്കാനാവൂ എന്ന സങ്കല്‍പം ക്രിസ്തുമതത്തിലേക്കു വന്നത് ബഹുദൈവത്വപരമായ ദൈവസങ്കല്‍പനങ്ങളില്‍നിന്നാണ്. ആ മതങ്ങളില്‍ ദൈവം ഒരു രൗദ്രമൂര്‍ത്തിയാണ്. യുക്തിപരമായി, പാപവും രക്തവും തമ്മില്‍ ഒരു ബന്ധവുമില്ല. പാപത്തെ കഴുകിക്കളയുന്നത് രക്തമല്ല, ആത്മാര്‍ഥമായ പശ്ചാത്താപവും പ്രവാചകന്മാര്‍ കാണിച്ച വഴിയിലൂടെ പാപങ്ങളെ ചെറുത്ത് മുന്നോട്ടു നീങ്ങാനുള്ള ഒരാളുടെ നിശ്ചയദാര്‍ഢ്യവുമാണ്. ശാശ്വത ജീവിതത്തിലേക്കുള്ള വഴിയേത് എന്ന് ചോദിച്ചപ്പോള്‍, രക്തം ബലി നല്‍കിയ രക്ഷകനില്‍ വിശ്വസിക്കൂ എന്നല്ല യേശു പറഞ്ഞത്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി: ''ജീവനില്‍ പ്രവേശിക്കാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ 'കല്‍പനകള്‍' അനുസരിക്കുക'' (മത്തായി 19:17).

നിലവിലുള്ള ഈ ക്രൈസ്തവ മോക്ഷസങ്കല്‍പം ധാര്‍മികമായോ യുക്തിപരമായോ അടിയുറപ്പില്ലാത്തതാണ്. യേശുവിന്റെ വചനങ്ങളുമായി അത് ഏറ്റുമുട്ടും. യേശു വന്നത് തന്റെ അധ്യാപനങ്ങളിലൂടെയും തന്റെ ജീവിതത്തിലൂടെയും ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിക്കാനാണ്. ജനങ്ങളുടെ തിന്മകള്‍ക്ക് പ്രായശ്ചിത്തമായി കുരിശിലേറി മരണം വരിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നിയോഗദൗത്യം. പാപികളോട് പശ്ചാത്തപിക്കൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്, തനിക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരും ചെയ്തതുപോലെത്തന്നെ. മനുഷ്യരുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് താന്‍ വന്നതെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. മത്തായി (4:17) അക്കാര്യം അടിവരയിടുന്നുണ്ട്. യേശുവെപ്പറ്റി അതില്‍ പറയുന്നു: ''അന്നുമുതല്‍ യേശു പ്രഘോഷണം തുടങ്ങി: 'അനുതപിക്കുക, കാരണം സ്വര്‍ഗരാജ്യം അടുത്തെത്തിയിരിക്കുന്നു.''

പ്രായശ്ചിത്തത്തെക്കുറിച്ച ഈ സങ്കല്‍പം നിരവധി പ്രാചീന മതങ്ങളില്‍ നിലവിലുണ്ടായിരുന്നുവെന്ന് ആര്‍തര്‍ ഫിന്‍ഡ്‌ലി Rock of Truth-ല്‍ പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ഈജിപ്തിലെ ഒസിറിസ് (ബി.സി 1700), ബാബിലോണിയയിലെ ബാല്‍ (ബി.സി 1200), ഇന്ത്യയിലെ കൃഷ്ണന്‍ (ബി.സി 1000), തിബറ്റിലെ ആന്‍ഡ്ര (ബി.സി 725), ഇന്തോ-ചൈനയിലെ ബുദ്ധന്‍ (ബി.സി 560), പേര്‍ഷ്യയിലെ മിത്ര (ബി.സി 400) തുടങ്ങി 16 പേരുകള്‍ അദ്ദേഹം എടുത്തു പറയുന്നു. ഈ പ്രായശ്ചിത്ത സങ്കല്‍പം യുക്തിബോധത്തെ അങ്കലാപ്പിലാക്കുക മാത്രമല്ല, സല്‍ക്കര്‍മങ്ങള്‍ ഉപേക്ഷിച്ച് കൊല, കൊള്ള, ബലാത്സംഗം തുടങ്ങി എന്ത് തിന്മകളും ചെയ്യാനുള്ള പ്രേരണയായിത്തീരുന്നുമുണ്ട്. യേശു ഉദ്‌ബോധിപ്പിച്ച കല്‍പനകളുടെ പ്രാധാന്യം കുറച്ചുകാണുകയായിരുന്നു പൗലോസ്. 'നിയമം അനുസരിച്ചുള്ള കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനാലല്ല, വിശ്വാസത്തിലാണ് മനുഷ്യന്‍ നീതീകരിക്കപ്പെടുന്നത്' എന്നായിരുന്നു പൗലോസ് പറഞ്ഞത് (റോമക്കാര്‍ 3:28). അബ്രഹാം തന്റെ കര്‍മാനുഷ്ഠാനങ്ങളാല്‍ സഹായിക്കപ്പെട്ടില്ലെന്നും തുടര്‍ന്നു പറയുന്നുണ്ട് (റോമക്കാര്‍ 4:2). അപ്പോള്‍ പൗലോസ് ആണ്, യേശുവിന്റെ കുരിശുമരണം എന്ന വിശ്വാസത്തിലൂടെ മാത്രമേ മുക്തി സാധ്യമാകൂ എന്ന് പ്രചരിപ്പിച്ചത്.

പൗലോസിന് യേശു തന്നെ മറുപടി നല്‍കിയിട്ടുണ്ട്: ''ഈ കല്‍പനകളില്‍ ഏറ്റവും ലഘുവായത് പോലും ലംഘിക്കുകയോ ലംഘിക്കാന്‍ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റം നിസ്സാരനായി ഗണിക്കപ്പെടും. എന്നാല്‍, അവ അനുഷ്ഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനായി ഗണിക്കപ്പെടും'' (മത്തായി 5:19).

ഇസ്‌ലാം ഈ പ്രായശ്ചിത്ത സിദ്ധാന്തം അംഗീകരിക്കുന്നില്ല. ഒരാള്‍ പീഡയേറ്റതുകൊണ്ടോ ബലി കൊടുക്കപ്പെട്ടതുകൊണ്ടോ മറ്റൊരാളുടെ പാപങ്ങള്‍ പൊറുക്കപ്പെടുകയില്ല. ദൈവകാരുണ്യത്തോടൊപ്പം പാപം ചെയ്തവന്റെ ആത്മാര്‍ഥമായ പശ്ചാത്താപവുമുണ്ടെങ്കില്‍ അത് പൊറുക്കപ്പെടാം. ഇനി ഈ പാപകൃത്യത്തില്‍ അന്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയോ ആരെങ്കിലും അനീതിക്കിരയാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം പറഞ്ഞും ചെയ്തും പരിഹരിച്ച ശേഷമാണ് ദൈവത്തോട് പാപമോക്ഷം തേടേണ്ടത്. ഖുര്‍ആന്‍ പറയുന്നു: (2:112) ''എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല, ദുഃഖിക്കാനുമില്ല.'' വീണ്ടും (18:110): ''പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ.''

''എന്റെ സഹോദരന്മാരേ, ഒരാള്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്താല്‍ എന്താണ് പ്രയോജനം? അയാളുടെ വിശ്വാസത്തിന് അയാളെ രക്ഷിക്കാന്‍ കഴിയുമോ?'' ''പ്രവൃത്തികളില്ലാത്ത വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്'' (യാക്കോബ് 2:14,17). ഇതുതന്നെയാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയം.

 (തുടരും)

 

കുറിപ്പ്

1. സ്വാഭാവികമായും ഒരു ചോദ്യം ഉയരും: നന്മയെ തിന്മയില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ ആദമിന് കഴിവില്ലായിരുന്നെങ്കില്‍ തന്റെ പ്രവൃത്തിയുടെ പേരില്‍ അദ്ദേഹത്തെ എങ്ങനെ ശിക്ഷിക്കും?

2. ഈ പരാമര്‍ശം ഇതു സംബന്ധമായ മറ്റു ബൈബിള്‍ പരാമര്‍ശങ്ങളുമായി ഒത്തുപോകുന്നില്ല. ധാന്യപ്പൊടി നല്‍കിക്കൊണ്ട് പ്രായശ്ചിത്തം ചെയ്യാമെന്ന് പറയുന്നുണ്ട് ഒരിടത്ത് (ലെവിയര്‍ 5:11); അല്ലെങ്കില്‍ പണം നല്‍കിക്കൊണ്ട് (പുറപ്പാട് 30:15); അതുമല്ലെങ്കില്‍ 'തോള്‍വളകള്‍, കൈവളകള്‍, മുദ്രമോതിരങ്ങള്‍, കര്‍ണ വളയങ്ങള്‍, മണിപ്പതക്കങ്ങള്‍' എന്നിവ വഴിപാടായി നല്‍കിക്കൊണ്ട് (സംഖ്യ 31:50).

3. 'ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്; ഞാനല്ലാതെ നിനക്ക് രക്ഷകനില്ല' എന്ന് യെശയ്യാ (43:11). രക്ഷകന്‍ ദൈവം മാത്രമാണെന്നാണ് ഇത് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്.

4. യേശുവിന്റെ കുരിശുമരണത്തിലുള്ള വിശ്വാസമാണ് മോക്ഷത്തിന്റെ ഏക വഴിയെങ്കില്‍, അദ്ദേഹത്തിന്റെ കാലക്കാര്‍ക്കും ശേഷമുള്ള തലമുറകള്‍ക്കും അത് ബാധകമാക്കാവുന്നതാണ്. പക്ഷേ യേശുവിനു മുമ്പ് ജീവിച്ചു മരിച്ച, അദ്ദേഹത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ കുരിശുമരണത്തെക്കുറിച്ചോ യാതൊരു അറിവും ഇല്ലാത്ത പാപികള്‍ എന്തു ചെയ്യും?

5. Catholic Teaching എന്ന പുസ്തകം (പേജ് 140). ബൈബിള്‍ പരാമര്‍ശം (റോമക്കാര്‍ 5:18,19).

6. പല ചോദ്യങ്ങളും ഈ സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നുവരും. തെറ്റു ചെയ്തതിലുള്ള ആദമിന്റെ ഉള്‍താപം, പശ്ചാത്താപം, സ്വര്‍ഗത്തില്‍നിന്നുള്ള പുറത്താക്കപ്പെടല്‍, പരിഹാരമായി നല്‍കിയ ഒട്ടേറെ ബലികള്‍.... ഇതൊക്കെ പോരേ അദ്ദേഹം ചെയ്ത തെറ്റ് പൊറുത്തുകൊടുക്കാന്‍? ആദമിന്റേതല്ലാത്ത എത്രയെത്ര ബീഭത്സമായ പാപങ്ങള്‍ ഭൂമിയില്‍ നടക്കുന്നുണ്ട്, അവയെക്കുറിച്ച് എന്തു പറയുന്നു? മുക്തിയെക്കുറിച്ച ഈ സവിശേഷ രഹസ്യം പ്രവാചകന്മാര്‍ക്കൊന്നും ലഭിക്കാതെ ചര്‍ച്ചിന് മാത്രം കിട്ടിയതെങ്ങനെ?

7. ഒരു ദുഷ്ടനു പോലും പാപമോചനമുണ്ടെങ്കില്‍, ആദമിനെപ്പോലെ സദ്‌വൃത്തനായ ഒരു പ്രവാചകന്റെ കാര്യം പിന്നെ പറയാനുണ്ടോ! പാപമോചനം അര്‍ഥിച്ച അദ്ദേഹത്തിന് അത് ലഭിക്കാതിരിക്കുന്നതിന് യാതൊരു ന്യായവുമില്ല.

8. യേശുവിന്റെ അനുയായികളെക്കുറിച്ച് നമുക്ക് സദ്‌വൃത്തര്‍ എന്നേ ചിന്തിക്കാനാവൂ. അതിനാല്‍ ഇവിടെ സംഭവിച്ചത് രണ്ടാലൊരു കാര്യമാണ്; ഒന്നുകില്‍, ഈ ബൈബിള്‍ ഭാഗം മൂലപാഠത്തില്‍ ഉള്ളതല്ല, പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.  ഇനി, ഈ പരാമര്‍ശം ഒറിജിനല്‍ ടെക്സ്റ്റില്‍ ഉള്ളതാണെന്നു സമ്മതിച്ചാല്‍, കുരിശിലേറ്റപ്പെട്ടയാള്‍ യേശു അല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം അവിടെ നില്‍ക്കാതെ അവര്‍ പിരിഞ്ഞുപോയത്. രണ്ടായാലും റിസള്‍ട്ട് ഒന്നുതന്നെ, അവരാരും ദൃക്‌സാക്ഷികളല്ല.


Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍