തിരികെ പോകുന്നതിന്റെ വേദനകള്‍
'ഞാന്‍ എന്റെ വീട്ടിലേക്ക് പോവുകയാണ്' - വായനകഴിഞ്ഞ് ഒടുവിലത്തെ ആ വരികള്‍ ഏറെ വേദനിപ്പിക്കുകയുണ്ടായി (കുടുംബം, 2018 നവംബര്‍ 14). സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനമെടുക്കുമ്പോള്‍ ഭാവി ജീവിതത്തെക്കുറിച്ച്, മക്കളുടെ വിധിയെക്കുറിച്ച് സ്ത്രീയെ പോലെ തന്നെ പുരുഷനും തുല്യതയോടെ ചിന്തിക്കാനും തീരുമാനമെടുക്കാനും ബാധ്യസ്ഥനല്ലേ? ഭൗതികമായ മറ്റു പല ആവശ്യങ്ങളും നിരാകരിക്കാതിരിക്കുമ്പോഴും ജീവന്റെ തന്നെ നിലനില്‍പിനാവശ്യമായ ശുദ്ധവായുവും വെളിച്ചവും വേവിധം ലഭ്യമാകാത്ത കര്‍ട്ടനിട്ടു മൂടിയ, ജാലകങ്ങളടഞ്ഞ മുറികളും അകത്തളങ്ങളുമാണ് വിവാഹമോചിതയെ കാത്തിരിക്കുന്നത്.
ഇതിനു പുറമെ വായന, എഴുത്ത്, സഹജീവികളുമായുള്ള കൂടിച്ചേരലുകള്‍, മതപഠന ക്ലാസ്സുകളിലെ സജീവമായ പങ്കാളിത്തം, അയല്‍പക്ക ബന്ധങ്ങള്‍ തുടങ്ങി മാനസിക-ശാരീരിക-സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്ന രംഗങ്ങളില്‍നിന്നൊക്കെയും അവള്‍ മാറിനില്‍ക്കേിവരുന്നു.
സേവനവും പരിഗണനയും സഹാനുഭൂതിയും ലഭിക്കേണ്ട ദാമ്പത്യത്തില്‍, അതൊന്നും ലഭിക്കാതിരിക്കുകയും ജീവിതത്തോടുള്ള ഒരുതരം മടുപ്പും മാനസിക സംഘര്‍ഷങ്ങളും രൂപപ്പെടുകയും ഒരു നിലക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് താനകപ്പെട്ടുപോയ ദുരിതക്കയത്തില്‍നിന്നും വിവാഹമോചനമല്ലാതെ മറ്റൊരു പോംവഴിയില്ല എന്ന തിരിച്ചറിവിലേക്ക് ഒരു സ്ത്രീ ചെന്നെത്തുന്നത്.
ഉത്തരവാദപ്പെട്ടവരില്‍നിന്ന് ആത്മാര്‍ഥവും വിവേകപൂര്‍ണവുമായ നിരന്തര ഇടപെടലുകളും തുടര്‍ച്ചയായുള്ള കൗണ്‍സലിംഗും മറ്റും വഴി പരിഹരിക്കാന്‍ പറ്റുന്നതായിരിക്കും പല പ്രശ്‌നങ്ങളും. ഇത്തരം സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ഏജന്‍സികളും ഇന്ന് നിലവിലു്. ആ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി നഷ്ടപ്പെട്ട സന്തുഷ്ട ദാമ്പത്യജീവിതം തിരിച്ചുപിടിക്കാന്‍ സ്ത്രീക്കെന്ന പോലെ പുരുഷനും ബാധ്യതയുണ്ട്.
ഇനിയും അമാന്തമരുത്
നവോത്ഥാന കേരളത്തിന് ഒരു ഇസ്‌ലാം അനുഭവവും അനുഭൂതിയും ഉണ്ടായിരുന്നുവെന്ന് ഓര്‍മപ്പെടുത്തിയ പ്രബോധനം (ലക്കം 30) മുസ്‌ലിം സമൂഹത്തിനു തങ്ങളുടെ ഇന്നലെകള്‍ കോരിത്തരിപ്പോടെ ചികയാനുള്ള പ്രചോദനമാണ് നല്‍കിയത്.
മനുഷ്യന്‍ എന്ന നിലയിലുള്ള യാതൊരു പരിഗണനയും ലഭിക്കാതിരുന്ന കീഴാള ജനതയുടെ ആത്മാവില്‍നിന്നുയര്‍ന്നു വന്ന അതിജീവനത്തിന്റെ നിലവിളിയായിരുന്നു യഥാര്‍ഥത്തില്‍ കേരള നവോത്ഥാനം.
ഇത് സവര്‍ണ തമ്പുരാക്കന്മാരുടെ അരമനകളിലും പ്രതിധ്വനികള്‍ ഉണ്ടാക്കി. സമത്വത്തിലും സഹോദര്യത്തിലും ഊന്നി നിന്നുകൊണ്ടുള്ള ഇസ്‌ലാമിന്റെ മനുഷ്യത്വപരമായ ജൈവികഭാവം ഇത്തരമൊരു മുന്നേറ്റത്തിന് ചാലക ശക്തിയാവുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട അവര്‍ണര്‍ ഇസ്‌ലാമിലൂടെ വീടെുത്തത് ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അവരുടെ മൗലികാവകാശങ്ങള്‍ തന്നെയായിരുന്നു.
പക്ഷേ, സവര്‍ണ വിഭാഗങ്ങളും കമ്യൂണിസ്റ്റ് ബുദ്ധിജീവികളും നവോത്ഥാന ചരിത്രത്തില്‍ നടത്തിയ അട്ടിമറിയാണ് കേരളത്തിന്റെ മുന്നേറ്റ ചരിത്രത്തിലെ ഇസ്‌ലാമിന്റെ സംഭാവനകള്‍ വിസ്മൃതമായിപ്പോകാനുള്ള കാരണം.
വി.ടി ഭട്ടതിരിപ്പാടും മന്നത്ത് പത്മനാഭനും സാക്ഷാല്‍ ശ്രീനാരായണ ഗുരുവും സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയാണ് ശബ്ദിച്ചത്. പക്ഷേ പില്‍ക്കാല ചരിത്ര പരിസരത്തു ഇവരൊക്കെയും കേരളത്തിന്റെ മുഴുവന്‍ നവോത്ഥാന ശില്‍പികളായി രേഖപ്പെടുത്തപ്പെട്ടപ്പോള്‍ മമ്പുറം തങ്ങളെപ്പോലെ, ആലി മുസ്‌ലിയാരെപ്പോലെ, മക്തി തങ്ങളെപ്പോലെ ഒരേസമയം സമുദായത്തിനുള്ളിലും പൊതു സമൂഹത്തിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കുകയും ഒപ്പം അധിനിവേശ ശക്തികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തവര്‍ പടിക്കു പുറത്ത് നിര്‍ത്തപ്പെട്ടു.
പതിറ്റാണ്ടുകളോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്‌ലിം ലീഗിന് പോലും നമ്മുടെ ചരിത്രത്തില്‍ നടന്ന ബോധപൂര്‍വമായ മാറ്റിനിര്‍ത്തലുകളെ കെണ്ടത്താനോ പുനഃസ്ഥാപിക്കാനോ കഴിഞ്ഞില്ല. മുസ്‌ലിം സമുദായത്തിനും കേരളത്തിന്റെ പുത്തന്‍ പ്രഭാതത്തിലേക്കുള്ള ഉണര്‍ച്ചയില്‍ തങ്ങളുടെ പൂര്‍വസൂരികള്‍ വഹിച്ച പങ്കിനെക്കുറിച്ചുള്ള സത്യങ്ങള്‍ പൊതു സമൂഹത്തിനു മുമ്പില്‍ വെക്കാന്‍ കഴിയാതെ പോയി.
മുസ്‌ലിം സമൂഹം കേരള നവോത്ഥാനത്തിന് നല്‍കിയ അനല്‍പമായ സംഭാവനകള്‍ പുതു തലമുറകള്‍ക്ക് കൈമാറാനുള്ള യോജിച്ച മുന്നേറ്റങ്ങള്‍ കാലഘട്ടത്തിന്റെ തേട്ടമാണ്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്രപ്രവര്‍ത്തനത്തെപ്പറ്റി വല്ലാതെ വാചാലമാകുന്ന സമൂഹത്തോട് അത്തരമൊരു പത്ര സ്ഥാപനത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെക്കൂടി ഓര്‍ക്കണമെന്നാണ് ഈ അവസരത്തില്‍ ഉണര്‍ത്താനുള്ളത്. അട്ടിമറിക്കപ്പെട്ടു പോയ ചരിത്രത്തിന്റെ നേര്‍വായനകള്‍ക്ക് ഇനിയും അമാന്തമരുത്.
ഇസ്മാഈല്‍ പതിയാരക്കര
ആഹ്ലാദ നൊമ്പരങ്ങളുയര്‍ത്തിയ കെ.ഐ.ജി(ജിദ്ദ) മുന്‍പ്രവര്‍ത്തക സംഗമം
നാലു ദശാബ്ദങ്ങള്‍ക്കപ്പുറം ജിദ്ദയിലെ പ്രസ്ഥാന മാര്‍ഗത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചവരും അവരുടെ പിന്‍ഗാമികളുമായ പരശ്ശതം പേര്‍, നാട്ടില്‍ തിരിച്ചെത്തിയതോടെ പരസ്പരം വേര്‍പ്പെട്ടുപോയത് അനിവാര്യമായ ദുഃഖാനുഭവമായിരുന്നു. അവരില്‍ കുറേപേര്‍ യാത്രയാവുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സ്‌നേഹോഷ്മളമായ ഒരു പുനസ്സമാഗമം ദീര്‍ഘനാളായി എല്ലാവരും മനസ്സാ കൊതിച്ചുകൊണ്ടിരുന്നു .അതിന് അല്ലാഹു നല്‍കിയ സുവര്‍ണാവസരമായിരുന്നു കെ.ഐ.ജി (ജിദ്ദ) മുന്‍പ്രവര്‍ത്തകരുടെ കുടുംബ സംഗമം. മലപ്പുറത്തിനടുത്ത് പ്രകൃതിരമണീയമായ അരിമ്പ്ര മലനിരകളുടെ നെറുകയില്‍, ഹരിതാഭമായ 'മിനി ഊട്ടി'യായിരുന്നു സംഗമവേദി.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബാണ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നാലു ദശാബ്ദങ്ങളായി, ജിദ്ദയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ.ഐ.ജിയുടെ സേവനങ്ങള്‍ മാതൃപ്രസ്ഥാനത്തിനു പകര്‍ന്നു നല്‍കുന്ന ഊര്‍ജവും കരുത്തും അമീര്‍ എടുത്തു പറഞ്ഞു.
മണ്‍മറഞ്ഞുപോയ സാരഥികളില്‍ പെട്ട ബാവ മാസ്റ്റര്‍ തിരൂര്‍, സുബൈര്‍ സാഹിബ് പെരുമ്പാവൂര്‍, ജമാല്‍ മലപ്പുറം, അബൂബക്കര്‍ നദ്വി കാഞ്ഞങ്ങാട്, സമാന്‍ സാഹിബ് മലപ്പുറം തുടങ്ങിയവരെ അനുസ്മരിക്കുന്നതായിരുന്നു അമീറിന്റെ ഓണ്‍ലൈന്‍ പ്രഭാഷണം.
മുന്‍ അഖില സുഊദി പ്രസിഡന്റ് ഇ.എന്‍ അബ്ദുല്ല മൗലവി, മുന്‍ സോണല്‍ പ്രസിഡന്റ് എം.വി സലീം മൗലവി, കെ.ഐ.ജി പ്രവര്‍ത്തകയായിരുന്ന ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ എ. റഹ്മത്തുന്നിസ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
ജിദ്ദയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വ്യത്യസ്ത മേഖലകളില്‍ ബിസിനസ് ചെയ്യുന്ന അബ്ദുല്‍ കരീം മേലാറ്റൂര്‍ (സ്വഫാ ജ്വല്ലറി ഗ്രൂപ്പ്), എഞ്ചിനീയര്‍ പറമ്പാടന്‍ കുഞ്ഞഹമ്മദ് (പറമ്പാടന്‍ ഹോളോ ബ്രിക്‌സ്), ജലീല്‍ മങ്കരത്തൊടി (ഗ്രീന്‍ ഒയാസിസ് ട്രാവല്‍ & ടൂറിസം) എന്നിവര്‍ ബിസിനസ് അനുഭവങ്ങള്‍ പങ്കുവെച്ചു.
തുടര്‍ന്ന് 'മധുരിക്കും ഓര്‍മകള്‍' എന്ന സെഷന്‍ സദസ്സിനെ ദശകങ്ങള്‍ പുറകിലേക്ക് കൊണ്ടുപോയി. 1970-കളില്‍ കെ.ഐ.ജിയൂടെ പ്രാഗ് രൂപമായിരുന്ന കെ.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഖാദിര്‍കുട്ടി മാരേക്കാട്, കരീം സാഹിബ് ചങ്ങരംകുളം, പൂഴമ്മല്‍ സൈതലവി തുടങ്ങിയവര്‍ വിവരിച്ചു. പ്രഫ. മൊയ്തീന്‍ കുട്ടി സാഹിബ്, ടി.കെ ജമീല (ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രസിഡന്റ്, മലപ്പുറം), കല്ലിങ്ങല്‍ അബ്ദുര്‍റഹ്മാന്‍, അബ്ദുര്‍റഹ്മാന്‍ വടക്കഞ്ചേരി, കുഞ്ഞുമുഹമ്മദ് പെരുമ്പിലാവ് (ജിംകൊ) തുടങ്ങിയവരും സംസാരിച്ചു. ഉദാരനായിരുന്ന മേലാറ്റൂര്‍ നാണി ഹാജിയും അനുസ്മരിക്കപ്പെട്ടു.
സ്വഫിയാ അലി, കുല്‍സു ടീച്ചര്‍, സുബൈദ തിരൂര്‍ക്കാട്, ടി. റഹ്മത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ സംഗമം നടന്നത്. എ. ഫാറൂഖ് (ശാന്തപുരം) കൗമാരസംഗമം നിയന്ത്രിച്ചു. രണ്ട് പതിറ്റാണ്ട് കെ.ഐ.ജി(ജിദ്ദ) യുടെ നേതൃനിരയില്‍ അംഗമാവാന്‍ നിയോഗമുണ്ടായതിനാലാവാം അധ്യക്ഷ പദവിയിലേക്ക് ഈയുള്ളവന്‍ നിയോഗിക്കപ്പെട്ടത്.
വി.കെ ജലീല്‍
വ്യത്യസ്ത വിഭവങ്ങളാല്‍ സമ്പുഷ്ടം
പ്രബോധനം (ലക്കം 30, വാള്യം75) വിഭവവൈവിധ്യത്താല്‍ സമ്പുഷ്ടമായിരുന്നു. രാമചന്ദ്രഗുഹയുമായുള്ള അഭിമുഖം വായിച്ചു. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലങ്ങള്‍ വിവരിക്കുന്ന വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍. ഇന്ത്യയില്‍ വലതുപക്ഷത്തു നിന്നുള്ള ശക്തനായ മോഡി വിമര്‍ശകന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉയര്‍ന്നതാണ്. ഗാന്ധി ചായ്‌വ് കാണിക്കുന്നതിനാല്‍ പലരും അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇക്കാലത്ത് വളരെ വിലപ്പെട്ടതാണ്.
ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഓര്‍മെഴുത്ത് പഴയകാലത്തെ കേരളത്തിന്റെയും പ്രസ്ഥാനത്തിന്റെയും കൂടി ചരിത്രമായാണ് വായനക്കാര്‍ക്ക് അനുഭവപ്പെടുക. സരസമായ ആ വരികള്‍ വായനക്കാരെ ജിജ്ഞാസയോടെ പിടിച്ചുനിര്‍ത്തുന്നു. അതിന്റെ മുഴുവന്‍ ഭാഗവും പ്രബോധനത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലക്കത്തിലെത്തന്നെ പത്രപ്രവര്‍ത്തകരെ കുറിച്ചുള്ള പി.ടി നാസറിന്റെ പ്രസംഗവും വളരെ ശ്രദ്ധേയമാണ്. വളരെ പ്രസക്തവും പ്രായോഗികവുമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് അദ്ദേഹം പങ്കു വെക്കുന്നത്.
അതേസമയം നവോത്ഥാനത്തെക്കുറിച്ചുള്ള കവര്‍ സ്റ്റോറിയില്‍ എല്ലാവരും പഴയ ചരിത്രങ്ങള്‍ പറയുന്നു. ഇതൊരുപക്ഷേ ഐ.പി.എച്ചിന്റെ തന്നെ പല പുസ്തകങ്ങളില്‍ ആവര്‍ത്തിച്ചിട്ടുള്ളതുമാണ്. യഥാര്‍ഥത്തില്‍ ഇക്കാലത്ത് പ്രസ്തുത വിഷയങ്ങളില്‍ നമ്മുടെ കര്‍മപരിപാടികള്‍ എന്തായിരിക്കണം എന്നുകൂടി വിശദീകരിക്കുമ്പോഴാണ് ഇത്തരം ലേഖനങ്ങള്‍ പ്രസക്തമാവുക. അല്ലാത്തപക്ഷം അവ വെറും ചരിത്രത്തിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമായിത്തീരുന്നു.
ജസീം ഉസ്മാന്‍, ശാന്തപുരം
Comments