Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

നവനാസ്തികതയുടെ ഇസ്‌ലാമോഫോബിയ

ടി. ജാഫര്‍

ഒരിടവേളക്കു ശേഷം നാസ്തികത ആഗോളതലത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ആധുനിക ശാസ്ത്രത്തിന്റെ പ്രഭാവത്തില്‍ വേരുപിടിച്ച നാസ്തികതയുടെ മൂലാധാരം ഭൗതികശാസ്ത്രവും പരിണാമസിദ്ധാന്തവും ആധുനികതയുടെ ജ്ഞാന പരിസരങ്ങളുമായിരുന്നു.  കമ്യൂണിസത്തിന്റെ വളര്‍ച്ചയും ഇതിന് കരുത്തേകി. എന്നാല്‍ ഭൗതിക ശാസ്ത്രത്തിന് പ്രപഞ്ച യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായി വിശദീകരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയപ്പെടുകയും പരിണാമസിദ്ധാന്തത്തിന് ശാസ്ത്രലോകത്തുനിന്നു  തന്നെ വിമര്‍ശനങ്ങളുയരുകയും, നാസ്തികത അടിസ്ഥാന സിദ്ധാന്തമായി അംഗീകരിച്ച സോവിയറ്റ് യൂനിയന്‍ തകരുകയും ചെയ്തതോടെ നാസ്തികതക്ക് ലോകത്ത് വലിയ തിരിച്ചടി നേരിട്ടു. സോവിയറ്റ് യൂനിയനിലുള്ളവര്‍ കൂട്ടത്തോടെ ആരാധനാ കേന്ദ്രങ്ങളിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. ഒപ്പം ലോകത്ത് മതത്തിന്റെ പ്രഭാവം കൂടുതല്‍ പ്രകാശപൂരിതമാവുകയും ചെയ്തു. 

എന്നാല്‍, രണ്ടായിരത്തോടുകൂടി പുതിയ രൂപത്തിലും ഭാവത്തിലും നാസ്തികത വേരുപിടിക്കുന്ന കാഴ്ചയാണ് കണ്ടു തുടങ്ങിയത്. 2006-ല്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ 'ഗോഡ് ഡില്യുഷന്‍' എന്ന പുസ്തകം പുറത്തുവന്നതോടെയാണ് ഇതിന് പ്രചുരപ്രചാരം സിദ്ധിച്ചത്. പരിണാമശാസ്ത്ര വിദഗ്ധനും ഹാര്‍വാര്‍ഡ് പ്രഫസറുമായ ഇദ്ദേഹത്തിനു പുറമെ സാം പി. ഹാരിസ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് തുടങ്ങിയവരും ഈ രംഗത്തെ ആഗോള പ്രവാചകരാണ്. നവനാസ്തികത എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കേരളത്തിലും ഇന്ന് ഏറെ സജീവമാണ്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് അധ്യാപകനായ സി. രവിചന്ദ്രനാണ് കേരളത്തില്‍ നവനാസ്തികതയുടെ അപ്പോസ്തലന്‍. സൈബര്‍ ലോകത്ത് വലിയ സ്വാധീനം ചെലുത്തുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് യൂട്യൂബില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്.

 

ഇസ്‌ലാമോഫോബിയയുടെ പ്രചാരകര്‍

സെപ്റ്റംബര്‍ പതിനൊന്നിന്റെ അമേരിക്കയിലെ ഇരട്ട ടവര്‍ ആക്രമണം നാസ്തികതക്ക് പാശ്ചാത്യ ലോകത്ത് വലിയ പിന്‍ബലം നല്‍കിയിട്ടുണ്ട്. മതമാണ് എല്ലാ പ്രശ്‌നങ്ങളുടെയും തായ്‌വേര് എന്ന തീര്‍പ്പിലേക്ക് നല്ലൊരു വിഭാഗം ജനങ്ങളെ എത്തിക്കാന്‍ ഇത് നാസ്തികര്‍ക്ക് പ്രയോജനപ്പെട്ടു. മതം ഇല്ലാതായാല്‍ ശാന്തസുന്ദരമായ ഒരു ലോകം സാധ്യമാകുമെന്ന് ഇവര്‍ പാഴ്ക്കിനാവ് കാണുകയാണ്. അങ്ങനെയെങ്കില്‍ സോവിയറ്റ് യൂനിയന്‍ ആ സുന്ദര സ്വര്‍ഗം ആകേണ്ടതല്ലായിരുന്നോ എന്ന ചോദ്യം ബാക്കിയാവുന്നു. സോവിയറ്റ് യൂനിയനില്‍ ഒഴുകിയ അത്രയും രക്തം ഏതെങ്കിലും മതത്തിന്റെ പേരില്‍ ഒഴുകിയിട്ടുണ്ടോ എന്ന് സംശയമാണ്. 

മൊത്തം മതങ്ങളെ വിമര്‍ശിക്കുന്നതോടൊപ്പം ഇസ്‌ലാമിനെ സവിശേഷമായി ആക്രമിക്കുക എന്നതാണ് ഇവരുടെ പൊതു ശൈലി. സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം അമേരിക്കയുടെ കാര്‍മികത്വത്തില്‍ തിടം വെച്ച ഇസ്‌ലാമോഫോബിയയുടെ വക്താക്കളും പ്രചാരകരുമാണ് നവനാസ്തികര്‍. ഇസ്‌ലാമിനെ ഏറ്റവും പൈശാചിക മതമായാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ് വിലയിരുത്തുന്നത്. ബാങ്കുവിളിയെ അവമതിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തതിനാല്‍ അമേരിക്കയിലെ കെ.പി.എഫ്.എ റേഡിയോ നിലയം നടത്താന്‍ നിശ്ചയിച്ച അദ്ദേഹത്തിന്റെ പ്രഭാഷണ പരിപാടി കഴിഞ്ഞ വര്‍ഷം റദ്ദാക്കുക വരെയുണ്ടായി. 

കേരളത്തിലെ നവനാസ്തികരും ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ ഡോക്കിന്‍സിന്റെ യഥാര്‍ഥ ശിഷ്യന്മാരാണ്. ശാസ്ത്രത്തെ എല്ലാറ്റിന്റെയും ഏക അളവുകോലായി കാണുന്ന ഇവര്‍ ഇസ്‌ലാമോഫോബിയ ആരോപണത്തെയും നേരിടുന്നത് ഇതേ അളവുകോല്‍ വെച്ചാണ്. അഥവാ ഒരാള്‍ക്ക് ഒരു വസ്തുവിനെയോ പ്രതിഭാസത്തെയോ ഭയമുണ്ടാവുക എന്നത് അയാളുടെ തലച്ചോറില്‍ നടക്കുന്ന സ്വാഭാവിക ന്യുറോ പ്രതിഭാസം മാത്രമാണ്. അത് ഭയപ്പെടുന്ന ആളുടെ കുഴപ്പമല്ല. ഒരാള്‍ സിംഹത്തെ ഭയപ്പെടുന്നത് അയാളുടെ കുഴപ്പമല്ല എന്നതു പോലെ ആരെങ്കിലും ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ ഭയപ്പെടുന്നുവെങ്കില്‍ കുഴപ്പം അയാള്‍ക്കല്ല, മറിച്ച് ഇസ്‌ലാമിനാണ്. ഇതാണ് കേരളത്തിലെ നാസ്തികരുടെ വാദത്തിന്റെ ചുരുക്കം.

 

ഇസ്‌ലാമോഫോബിയ

ഇസ്‌ലാമോഫോബിയ എന്നത് ഒരു ജീവശാസ്ത്ര പ്രതിഭാസമല്ല, മറിച്ച് രാഷ്ട്രീയ പ്രതിഭാസമാണ് എന്ന അടിസ്ഥാന യുക്തിബോധമാണ് ഈ 'യുക്തിവാദി'കള്‍ക്കില്ലാതെ പോയത്. യുക്തിവാദികള്‍ എപ്പോഴും ലളിത യുക്തിയുടെ മാത്രം ബലത്തില്‍ കാര്യങ്ങള്‍ കാണുന്നവരാകും എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഇവരുടെ വാദങ്ങള്‍.

ഇസ്‌ലാമോഫോബിയയെ കുറിച്ച് ലോകത്ത് ഒട്ടേറെ സംവാദങ്ങള്‍ നടക്കുന്നുണ്ട്. അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതത്തെ കുറിച്ച് ബ്രിട്ടന്‍ ആസ്ഥാനമായുള്ള  RUNNYMEDE TRUST നടത്തിയ വിപുലമായ പഠന റിപ്പോര്‍ട്ടുണ്ട്. 2017-ല്‍ കാനഡ പാര്‍ലമെന്റ് ഇസ്‌ലാമോഫോബിയക്കെതിരെ പ്രമേയം പാസ്സാക്കുകയുണ്ടായി. കാനഡയില്‍ ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ലിബറല്‍ എം.പി ഇഖ്‌റ ഖാലിദ് അവതരിപ്പിച്ച പ്രമേയം വന്‍ ഭൂരിപക്ഷത്തിന് പാസ്സായത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം മുതല്‍ ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍ വരെ ഇസ്‌ലാമോഫോബിയയുടെ ഇരകളായിട്ടുണ്ട്. ഇസ്‌ലാമോഫോബിയ രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളൊന്നും പക്ഷേ നവനാസ്തികരുടെ ചിന്താവിഷയമേയല്ല. മുസ്‌ലിം ഭീകര ഗ്രൂപ്പുകള്‍ ലോകത്ത് നടത്തിയ തീവ്രവാദ ആക്രമണങ്ങളാണ് ഇസ്‌ലാമോഫോബിയയെ ന്യായീകരിക്കാര്‍ ഇവരുടെ തുറുപ്പുചീട്ട്. യൂറോപ്പിലും ആഫ്രിക്കയിലും മറ്റും സജീവമായ ക്രിസ്റ്റ്യന്‍ തീവ്ര ഗ്രൂപ്പുകള്‍, ഇന്ത്യയില്‍ വംശീയ-വര്‍ഗീയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഭീകര സംഘങ്ങള്‍ എല്ലാം ഇത്തരം തീവ്ര മതഭീകര ഗ്രൂപ്പുകള്‍ തന്നെയാണ്. ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ പോലെ യാഥാര്‍ഥ്യമാണ് ഇവയെല്ലാം. പക്ഷേ ഇതിന്റെ പേരില്‍ ക്രിസ്തുമതത്തെയോ ഹിന്ദു മതത്തെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താത്ത നവനാസ്തികര്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ പിതൃത്വം ഇസ്‌ലാമിലും മുസ്‌ലിംകളിലും കെട്ടിവെക്കും. നാസ്തികയുക്തിയില്‍ എല്ലാ മതങ്ങളും തിന്മയായിരിക്കെ എല്ലാ ഭീകരവാദങ്ങളെയും മതത്തിലേക്കും ദൈവത്തിലേക്കുമാണല്ലോ മടക്കേണ്ടത്. അതേപോലെ, നാസ്തികതയില്‍ വിശ്വസിക്കുന്ന മാവോവാദികളെ പോലുള്ള കമ്യൂണിസ്റ്റ് തീവ്ര ഗ്രൂപ്പുകള്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ ഇവര്‍  നാസ്തികതയിലേക്കല്ലേ ആരോപിക്കേണ്ടത്?

ഇസ്‌ലാമോഫോബിയയെ ന്യായീകരിക്കുന്ന ഇക്കൂട്ടര്‍ ഇതേ ന്യായം വെച്ച് യൂറോപ്പില്‍ അരങ്ങേറിയ ആന്റി സെമിറ്റിസത്തെയും ന്യായീകരിക്കേണ്ടി വരും. ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍  പതിനായിരക്കണക്കിന് ജൂതരെ കൊന്നൊടുക്കിയത്  ആന്റി സെമിറ്റിസത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ന് ഇസ്‌ലാമിനെതിരെ ഭയത്തിന്റെ ന്യായം പറയുന്ന പോലെ അന്ന് അവര്‍ക്കും ജൂതര്‍ക്കെതിരെ അവരുടേതായ ന്യായങ്ങളുണ്ടായിരുന്നു. അവര്‍ ബോള്‍ഷെവിക്ക് തീവ്രവാദികളും ജര്‍മനിയെ കാര്‍ന്നുതിന്നുന്നവരുമാണ് എന്നൊക്കെയുള്ള പൊതുബോധ സൃഷ്ടിയിലൂടെയാണ് ആന്റി സെമിറ്റിസം ജര്‍മനിയെ കീഴടക്കിയത്. ഈ ന്യായങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് വളരെ ബോധപൂര്‍വമായിരുന്നുവെന്നതാണ് സത്യം. ഇതിന്റെ മറവിലാണ് ആയിരക്കണക്കിന് ജൂതരുടെ ജീവന്‍ ഗ്യാസ് ചേംബറിലും മറ്റും പൊലിഞ്ഞത്. ഇതേ ന്യായങ്ങളാണ് സംഘ് പരിവാര്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെയും ഉന്നയിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളുടെ സൈ്വരജീവിതം തകര്‍ത്തത് അധിനിവേശകരായ മുസ്‌ലിംകളാണ് എന്നാണവരുടെ വാദം. അവരുടെ സാംസ്‌കാരിക ബിംബങ്ങള്‍ തകര്‍ത്താണ് മുസ്‌ലിം സംസ്‌കാരം ഇവിടെ വേരുപിടിച്ചത് എന്നും സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നു. നവനാസ്തികരുടെ വാദപ്രകാരം മുസ്‌ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ടകൊലകളും വംശഹത്യകളും സ്വാഭാവിക ജൈവ പ്രതികരണങ്ങളാകാനേ തരമുള്ളൂ. അതിനപ്പുറത്തുള്ള സംഘ് പരിവാര്‍ പ്രത്യയശാസ്ത്ര നിര്‍മിതികള്‍ ഇവര്‍ക്ക് വിഷയമേ ആകാനിടയില്ല.

 

ഇസ്‌ലാം = ഭീകരവാദം

ഇസ്‌ലാമോഫോബിയയുടെ വക്താക്കള്‍ പൊതുവെ ഇസ്‌ലാമിക ഭീകരവാദത്തില്‍നിന്ന് തത്ത്വത്തിലെങ്കിലും ഇസ്‌ലാമിനെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അഥവാ ഭീകരതയുടെ മൊത്തം ഉത്തരവാദിത്തം ഇസ്‌ലാമിലേക്കോ അതിന്റെ ചരിത്രത്തിലേക്കോ കെട്ടിവെക്കാറില്ല. മറിച്ച് പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന പരികല്‍പനയുടെ പിന്നില്‍ നിന്ന് ഇസ്‌ലാമിനെ അക്രമിക്കുകയാണ് പതിവ്. എന്നാല്‍ നവനാസ്തികര്‍ ഭീകരതയുടെ പേരില്‍ ആദ്യം പ്രതിക്കൂട്ടില്‍ കയറ്റുന്നത് പ്രവാചകനെ തന്നെയാണ്. ഇസ്‌ലാം സ്വയം തന്നെ ഭീകരവാദവും തീവ്രവാദവുമാണെന്നാണ് ഇവരുടെ അടിസ്ഥാന വിശ്വാസപ്രമാണം. അവരുടെ അഭിപ്രായത്തില്‍ ഐ.എസ് ആണ് യഥാര്‍ഥ ഇസ്‌ലാമിന്റെ വക്താക്കള്‍. അവരാണ് പ്രവാചകന്റെ ദര്‍ശനം ശരിയായി പ്രയോഗവല്‍ക്കരിക്കുന്നവര്‍. പ്രവാചക ചരിത്രം ബദ്ര്‍ യുദ്ധം മുതല്‍ രക്തപങ്കിലമാണെന്ന് ഇവര്‍ വാദിക്കുന്നു. 

ഇസ്‌ലാമിന്റെ പേരില്‍ എന്തെങ്കിലും മൂല്യങ്ങളും നന്മകളും കാണുന്നുണ്ടെങ്കില്‍ അത് ആധുനിക മതേതര ജനാധിപത്യ സംസ്‌കാരം ലോകത്തിന് സമ്മാനിച്ച മൂല്യങ്ങള്‍ ഇസ്‌ലാമില്‍ ആരോപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇവര്‍ വാദിക്കുന്നു. ശാസ്ത്രവുമായോ മനുഷ്യരുടെ മറ്റു ജ്ഞാന പരിസരങ്ങളുമായോ ഇസ്‌ലാമിന് വിദൂര ബന്ധം പോലുമില്ല. ഇങ്ങനെയാണ് നവനാസ്തികരുടെ ഇസ്‌ലാം വായന. 

പ്രവാചകന്‍ നടത്തിയ യുദ്ധങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്‍ എല്ലാം ചോര്‍ത്തിയുള്ള രക്തത്തിന്റെയും വാളിന്റെയും പഴയ ഓറിയന്റലിസ്റ്റ് സിദ്ധാന്തം തന്നെയാണ് ഇവര്‍ പൊടിതട്ടി അവതരിപ്പിക്കുന്നത്. 

ഇസ്‌ലാമും അതിന്റെ നാഗരികതയുമാണ് ആധുനിക ശാസ്ത്രത്തിന് അടിത്തറ പാകിയത് എന്ന വസ്തുത ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണ ശതകങ്ങളില്‍ ശാസ്ത്രവും തത്ത്വചിന്തയും സാഹിത്യവും അതിന്റെ ഉത്തുംഗതയിലായിരുന്നു. അവര്‍ ഒരേസമയം ശാസ്ത്രകാരന്മാരും തത്ത്വചിന്തകരും മതചിന്തകരുമായിരുന്നു. അവിഭാജ്യമായിരുന്നു അവരില്‍ പലരുടെയും മത-ശാസ്ത്ര വ്യക്തിത്വങ്ങള്‍.  2015-ല്‍ യുനെസ്‌കോ ലോക പ്രകാശവര്‍ഷമായി ആചരിച്ചത് ഇസ്‌ലാമിക നാഗരികതയുടെ ആ കാലത്തിന്റെ സംഭാവനകളിലൊന്നായ പ്രകാശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്‌നു ഹൈഥമിന്റെ ഓര്‍മക്കായിരുന്നുവെന്ന് ഇതിനോട് ചേര്‍ത്തു വായിക്കാം. അദ്ദേഹത്തിന്റെ കിതാബുല്‍ മനാളിര്‍ (Book of Optics) ആണ് പ്രകാശശാസ്ത്രത്തിന്റെ വേദപുസ്തകമായി കണക്കാക്കുന്നത്. ഇസ്‌ലാമിന്റെ ശാസ്ത്ര സംഭാവനകള്‍ മിത്തിക്കലായ അവകാശവാദങ്ങളല്ല, ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്.

ഇരുപതാം നൂറ്റാണ്ടോടെ എല്ലാ മതങ്ങളും ഒരു വിധം ഒതുങ്ങിയെങ്കിലും ഇസ്‌ലാമാണ് ഇപ്പോഴും ഒതുങ്ങാത്ത ഏക മതം എന്നാണ് ഇവരുടെ ആരോപണം. അതുകൊണ്ട് ഇസ്‌ലാമിനെ ഒതുക്കലാണ് നവനാസ്തികരുടെ ആത്യന്തിക ലക്ഷ്യമെന്ന് വ്യക്തം. ഇസ്‌ലാം ഒതുങ്ങുന്നില്ല എന്നു മാത്രമല്ല അത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന പ്രഹേളികക്കു മുന്നില്‍ അവര്‍ അന്ധാളിക്കുകയാണ്. യൂറോപ്പില്‍ ഇന്ന് ഇസ്‌ലാമിന്റെ പ്രചാരം എല്ലാ ഇസ്‌ലാമോഫോബിയയെയും മറികടന്ന് മുന്നേറുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ സെന്റര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസും  ലെയ്സസ്റ്റര്‍ കേന്ദ്രമായുള്ള 'ന്യൂ മുസ്ലിംസ് പ്രൊജക്റ്റും' ചേര്‍ന്ന് "Narratives of Conversion to Islam' എന്ന പേരില്‍ ഒരു പഠന  റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ബ്രിട്ടനിലെ ഇസ്‌ലാമിന്റെ സ്വീകാര്യതയാണ് ഇതിലെ വിഷയം. ഇസ്‌ലാം അടിമകളാക്കി എന്ന് ഇവര്‍ ആരോപിക്കുന്ന സ്ത്രീകളാണ് ഇവരില്‍ ഭൂരിപക്ഷവും എന്നതാണ് മറ്റൊരു വസ്തുത.  ഇസ്‌ലാമിന്റെ ജനാധിപത്യ-വ്യക്തി സ്വാതന്ത്ര്യ നിഷേധത്തിനെതിരെയും സ്ത്രീവിരുദ്ധതക്കെതിരെയും വാചാലരാകുന്ന നവനാസ്തികര്‍ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ മൗനം പാലിക്കും. ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് ചോദിച്ചാല്‍ പോലും ഇവര്‍ പെട്ടെന്ന് ഉരുണ്ടു മാറും.

കേരളത്തിലെ നവനാസ്തിക പ്രചാരകര്‍ എല്ലാ മതങ്ങള്‍ക്കുമെതിരെയും പ്രഭാഷണങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കാറുണ്ട്. അത് യുട്യൂബില്‍ ലഭ്യവുമാണ്. അതില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ടു വരുന്ന പ്രോഗ്രാമുകളുടെ കമന്റുകളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും ഇവരുടെ അനുയായികളുടെ ഇസ്‌ലാംവിരുദ്ധതയുടെ ആഴം. ഇന്ത്യന്‍ ഫാഷിസം പ്രത്യക്ഷ ശത്രുവായി പ്രഖ്യാപിച്ചവരാണ് ഇവിടത്തെ മുസ്‌ലിംകള്‍. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്കെതിരെ ഉയരുന്ന ഏതു ആക്രമണവും ആനന്ദിപ്പിക്കുക ഫാഷിസ്റ്റുകളെയാണ്. നവനാസ്തികര്‍ ഉയര്‍ത്തിവിടുന്ന ഇസ്‌ലാംവിരുദ്ധതകള്‍ ആവേശഭരിതമാക്കുന്നതും മറ്റാരെയുമല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിംകള്‍ നേരിട്ട അതിഭീകര വംശീയ അതിക്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അതിന്റെ പ്രയോക്താക്കള്‍ക്ക് മണ്ണൊരുക്കുകയാണ് കേരളത്തിലെ നവനാസ്തികര്‍ സൃഷ്ടിച്ചുവിടുന്ന ഇസ്‌ലാംഭീതി ചെയ്യുന്നത്.

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍