Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

ആരുടെ കര്‍മങ്ങളാണ് പരലോകത്ത് സ്വീകരിക്കപ്പെടുക?

സി.ടി സുഹൈബ്

ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്‌ലാം - നിശ്ചയം, അല്ലാഹുവിങ്കല്‍ (പരിഗണനീയമായ/സ്വീകാര്യമായ) യഥാര്‍ഥ ദീന്‍ ഇസ്‌ലാമാകുന്നു.

വിശുദ്ധ ഖുര്‍ആന്റെ കേന്ദ്രപ്രമേയം മനുഷ്യനാണ്. ആരാണ് മനുഷ്യന്‍? അവനെ സൃഷ്ടിച്ചതാര്? ഈ ലോകവും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ത്? അവന്റെ ജീവിതത്തിന്റെ ഉദ്ദേശ്യവും ദൗത്യവുമെന്ത്? ഈ ജീവിതത്തിനപ്പുറം അവനെന്ത് സംഭവിക്കും? ഇങ്ങനെ തുടങ്ങി മനുഷ്യഭാഗധേയത്തെക്കുറിച്ച മൗലിക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ആ ഉത്തരങ്ങളെ ഒറ്റവാക്കില്‍ ഇസ്‌ലാം എന്ന് പറയാം.

സ്വാതന്ത്ര്യമുള്ള സൃഷ്ടി എന്നതാണ് മനുഷ്യന് അല്ലാഹു നല്‍കുന്ന ഏറ്റവും വലിയ ആദരവുകളിലൊന്ന്. അവന്റെ മുന്നില്‍ രണ്ട് വ്യക്തമായ വഴികള്‍ തുറന്നുവെച്ചിട്ടുണ്ട്. നല്‍കപ്പെട്ട സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ഏതു വഴിയും അവന് തെരഞ്ഞെടുക്കാം. പക്ഷേ, വഴികള്‍ അവസാനിക്കുന്നിടത്ത് അനന്തരഫലങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് കൃത്യമായി പഠിപ്പിച്ചു.

ഈ പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങള്‍ക്കും ഒരു സ്രഷ്ടാവും നിയന്താവും പരിപാലകനുമുണ്ടെന്നും അവന്‍ ഏകനാണെന്നുമുള്ള വിശ്വാസമാണ് ഇതിലെ ശരിയായ വഴിയുടെ അടിസ്ഥാനം. ആ വിശ്വാസമാണ് മനുഷ്യന്റെ കര്‍മങ്ങള്‍ രൂപപ്പെടുത്തേണ്ടത്, അവന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതും. പ്രസ്തുത അടിസ്ഥാനത്തിലല്ലാത്ത കര്‍മങ്ങള്‍ അതെത്ര നല്ലതാണെന്ന് നമുക്ക് തോന്നിയാലും ഈ ജീവിതത്തിനപ്പുറത്ത് അതിന് നന്മയുടെ വിലയുണ്ടാവില്ലെന്നും പഠിപ്പിക്കുന്നു. ഏതൊരുവനാണോ അതിനെ നന്മയായി പരിഗണിച്ച് അതിനെ സ്വീകരിക്കേണ്ടത് അവനെ അംഗീകരിച്ചില്ല എന്നതു തന്നെ കാരണം. ''തങ്ങളുടെ നാഥനെ നിഷേധിച്ചവരുടെ ഉദാഹരണമിതാ. അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് വലിയ മാര്‍ഗഭ്രംശം'' (ഇബ്‌റാഹീം: 18).

ഈ അടിസ്ഥാന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനും അതിലേക്ക് മനുഷ്യനെ നയിക്കാനുമാവശ്യമായ സംവിധാനങ്ങള്‍ അല്ലാഹു ഇവിടെ ചെയ്തുവെച്ചു. പ്രാപഞ്ചിക പ്രതിഭാസങ്ങളെ വിവരിച്ചും അതിലെ കൃത്യതയും ഭദ്രതയും എടുത്തുപറഞ്ഞും ഒരു സ്രഷ്ടാവിന്റെ കരങ്ങള്‍ അതിനു പിന്നിലുണ്ടെന്ന് ഓര്‍മപ്പെടുത്തിയും ആ ശക്തി ഏകനായ അല്ലാഹുവാണെന്ന് ഊന്നിപ്പറഞ്ഞു. ദൈവാസ്തിക്യം സ്ഥാപിച്ചെടുക്കാന്‍ ഖുര്‍ആന്‍ കൂടുതല്‍ ശ്രമമൊന്നും നടത്തുന്നില്ല, കാരണം ദൈവവിശ്വാസം പൊതുവെ മനുഷ്യസമൂഹത്തില്‍ എല്ലാ കാലത്തും നിലനിന്നിരുന്ന ബോധമായിരുന്നു. മറ്റൊരു ശക്തിയിലും വിശ്വസിക്കാത്തവന്‍ തന്നെത്താന്‍ ദൈവം ചമയുകയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്; ''തന്റെ ഇഛയെ ദൈവമാക്കിയവനെ നീ കണ്ടില്ലേ'' (അല്‍ ഫുര്‍ഖാന്‍: 37). എന്നാല്‍ ദൈവ സങ്കല്‍പങ്ങള്‍ വ്യത്യസ്തമായിരുന്നു. അതിനാല്‍ തന്നെയാണ് യഥാര്‍ഥ ദൈവ സങ്കല്‍പമെന്നത് ഏകനായ അല്ലാഹുവിലുള്ള വിശ്വാസമാണെന്ന് ബുദ്ധിയോടും മനസ്സിനോടും സംവദിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ദൈവമെന്നാല്‍ മുഴുവന്‍ കഴിവുകളുടെയും ആധിപത്യത്തിന്റെയും ഉടമസ്ഥനാകണം. അതില്‍ മറ്റൊരാള്‍ കൂടി പങ്കാളിയാകുന്നതോ പങ്കാളിത്തം ആവശ്യമായി വരുന്നതോ ദിവ്യത്വത്തിന്റെ ന്യൂനതയാണ്. ദൈവത്തിന് ന്യൂനതയുണ്ടാകില്ല. അതിനാല്‍തന്നെ ഏകനായ അല്ലാഹുവിനെ മാത്രം അംഗീകരിക്കുക എന്നത് മനുഷ്യമോക്ഷത്തിന്റെ പ്രാഥമികവും അടിസ്ഥാനപരവുമായ ഉപാധിയായി ഇസ്‌ലാം നിശ്ചയിച്ചു.

ഈ ശരിയിലേക്ക് മനുഷ്യനെ നയിക്കാനും അല്ലാഹു ഉദ്ദേശിക്കുന്ന ജീവിതരീതി പ്രായോഗികമായി പകര്‍ന്നുനല്‍കാനും ഓരോ കാലഘട്ടത്തിലും മനുഷ്യരില്‍നിന്നു തന്നെയുള്ളവരെ ദൈവദൂതന്മാരായി തെരഞ്ഞെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അവരിലൂടെ ശരിയായ വിശ്വാസവും കര്‍മമാര്‍ഗവും പഠിപ്പിച്ചു. അവരെ അംഗീകരിക്കുന്നതും സത്യത്തിന്റെ മാനദണ്ഡമായി അവരുടെ സന്ദേശങ്ങളെ സ്വീകരിക്കുന്നതും ദീനിന്റെ അടിസ്ഥാനമായി നിശ്ചയിച്ചു. അതത് കാലത്തെ പ്രവാചകന്മാര്‍ കൊണ്ടുവന്നതിനെ അംഗീകരിച്ച് അതിനെ സ്വീകരിക്കുക എന്നതാണ് ഏകദൈവ വിശ്വാസത്തിന്റെയും അതിലധിഷ്ഠിതമായ ജീവിത രീതിയുടെയും ശരിയായ കാഴ്ചപ്പാട് എന്ന് കൃത്യപ്പെടുത്തി. കാലാന്തരങ്ങളില്‍ ദൈവദൂതന്മാരിലൂടെ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ വിസ്മരിക്കപ്പെടുമ്പോഴും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകുമ്പോഴും വീണ്ടും വീണ്ടും ദൂതന്മാരെ നിയോഗിച്ചു. മുന്‍കഴിഞ്ഞ സന്ദേശങ്ങളെ സത്യപ്പെടുത്തുന്നതോടൊപ്പം പില്‍ക്കാലത്ത് അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട പിഴവുകളെയും തെറ്റിദ്ധാരണകളെയും തിരുത്തിയുമാണ് ഓരോ ദൈവദൂതനും ആഗതനാവുക. അപ്പോള്‍ സത്യം തിരിച്ചറിയാനുള്ള മാനദണ്ഡം നിലവിലെ ദൂതന് അവതരിക്കുന്ന ദിവ്യവെളിപാടുകളായിരിക്കും. മാറ്റത്തിരുത്തലുകള്‍ക്ക്  വിധേയമായതിനെ അവലംബിക്കുന്നത് മാര്‍ഗഭ്രംശമായി വിലയിരുത്തപ്പെടുകയും ചെയ്തു. അങ്ങനെയാണ് മുഹമ്മദ് നബി(സ) ആഗതനായപ്പോള്‍ അന്ന് വേദഗ്രന്ഥത്തിന്റെ ആളുകളായ ജൂതരോടും ക്രൈസ്തവരോടും 'നിങ്ങളുടെ യഥാര്‍ഥ സന്ദേശമെന്താണോ അതിന്റെ തുടര്‍ച്ചയാണ് ഈ വിശുദ്ധ ഖുര്‍ആന്‍' എന്ന് പറഞ്ഞത്. ഇതിനെ അടിസ്ഥാനമാക്കിയാവണം ഇനി ജീവിതം. ഖുര്‍ആന്‍ അവരുടെ കൈയിലുള്ള വേദഗ്രന്ഥത്തിന്റെ തുടര്‍ച്ച തന്നെയാണെന്ന് മനസ്സിലാക്കിക്കൊടുക്കാനാണ് 'തൗറാത്തും ഇഞ്ചീലും നിങ്ങള്‍ പരിശോധിക്കൂ' എന്ന് ഉണര്‍ത്തുന്നത്. ഖുര്‍ആന്‍ അവതരിച്ചതോടെ അത് മുന്‍കഴിഞ്ഞ വേദപാഠങ്ങളെ മാറ്റുനോക്കാനുള്ള മാനദണ്ഡമായി മാറുകയാണ് ചെയ്യുന്നത്.

''നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദത്തില്‍നിന്ന് അതിന്റെ മുന്നിലുള്ളവയെ സത്യപ്പെടുത്തുന്നതാണ്. അതിന് മുകളില്‍ ആധിപത്യം ചെലുത്തുന്നതുമാണ്'' (അല്‍മാഇദ 48).

ലോകത്ത് രൂപപ്പെട്ട മതസമൂഹങ്ങളുടെ അടിസ്ഥാനം ഒന്നായിരുന്നെന്നും പിന്നീടത് വികലമാക്കപ്പെടുകയാണുായതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. മുഹമ്മദ് നബി(സ)യിലൂടെ പഠിപ്പിക്കപ്പെട്ട ഇസ്‌ലാമല്ലാത്ത മറ്റ് മതകാഴ്ചപ്പാടുകള്‍ വികലമാക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് അതെല്ലാം കൈവെടിഞ്ഞ് മുഹമ്മദ് നബി(സ)യുടെ ശരീഅത്ത് സ്വീകരിക്കലാണ് ഇനി ശരിയായ വഴി. മുന്‍പ്രവാചകന്മാരുടെ പിന്മുറക്കാരാകട്ടെ, ഇപ്പോള്‍ മുഹമ്മദ് നബിയില്‍ വിശ്വസിച്ച വേദക്കാരല്ലാത്തവരാകട്ടെ ആരായാലും ശരിയായ വിശ്വാസം സ്വീകരിക്കുന്നവര്‍ക്കാണ് പരലോകത്ത് രക്ഷ. ശരിയായ വിശ്വാസമെന്നാല്‍ നിലവിലുള്ള ദൂതനിലൂടെ പരിചയപ്പെടുത്തിയ ഇസ്‌ലാമാണ്.

''ഈ ദൈവദൂതനില്‍ വിശ്വസിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഇകളോ ആരുമാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്; അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'' (അല്‍ബഖറ: 62).

തങ്ങള്‍ മാത്രമേ സ്വര്‍ഗത്തില്‍ പോവുകയുള്ളൂവെന്ന് ജൂതരും ക്രൈസ്തവരും അവകാശവാദമുന്നയിച്ചപ്പോള്‍, ഏതു പ്രവാചകന്റെയും വേദത്തിന്റെയും പിന്മുറക്കാരായാലും ശരി, ഇപ്പോള്‍ നിയോഗിക്കപ്പെട്ട ദൈവദൂതനിലൂടെ പഠിപ്പിക്കപ്പെട്ട വിശ്വാസം പിന്‍പറ്റിയവരാണ് രക്ഷപ്പെടുക എന്ന് പഠിപ്പിക്കുകയാണ് ഖുര്‍ആന്‍.

ഈ ആയത്തിന് മറ്റൊരു വ്യാഖ്യാനം കൂടി നല്‍കപ്പെടുന്നുണ്ട്. കഴിഞ്ഞുപോയ പ്രവാചകന്മാരോട് അതത് സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തിയ നിഷേധാത്മക സമീപനങ്ങളെയും അതിന്റെ പേരില്‍ അവര്‍ നേരിടാന്‍ പോകുന്ന ശിക്ഷയെയും പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുകയാണ്, എന്നാല്‍ കഴിഞ്ഞുപോയ പ്രവാചകന്മാരുടെ കാലത്ത് അവരില്‍ യഥാര്‍ഥമായി വിശ്വസിച്ചിരുന്നവര്‍ ('ഇന്നല്ലദീന ആമനൂ' എന്നത് മൂസാ നബിക്ക് മുമ്പുള്ള ഏത് പ്രവാചകനില്‍ വിശ്വസിച്ചവരും ആകാം, അവരെ പ്രത്യേകം പേരില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല) അവര്‍ക്ക് അല്ലാഹു അതിനുള്ള പ്രതിഫലം അവിടെ നല്‍കുക തന്നെ ചെയ്യും. ഈ രണ്ട് വ്യാഖ്യാനപ്രകാരവും ഏത് മതമനുസരിച്ച് ജീവിച്ചാലും കുഴപ്പമില്ല; അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുണ്ടായാല്‍ മതി അല്ലെങ്കില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്താല്‍ മതി രക്ഷപ്പെടും എന്ന് കരുതാന്‍ വകുപ്പില്ല. മാത്രമല്ല ഖുര്‍ആനിലെ മറ്റ് ഒരുപാട് സൂക്തങ്ങളും ഇസ്‌ലാമിന്റെ മറ്റു അധ്യാപനങ്ങളും മുഹമ്മദ് നബിയിലൂടെ പഠിപ്പിക്കപ്പെട്ട ഇസ്‌ലാമിനെ അംഗീകരിച്ച് മുന്നോട്ടുപോകലാണ് യഥാര്‍ഥ വിശ്വാസമെന്നും ബാക്കിയെല്ലാം മാര്‍ഗഭ്രംശങ്ങളാണെന്നും വ്യക്തമാക്കുന്നുണ്ട്.

നീതിയുടെ സ്ഥാപനവും നിലനിര്‍ത്തലുമാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടതിന്റെയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിന്റെയും അടിസ്ഥാന ഉദ്ദേശ്യമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്: ''നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍'' (അല്‍ ഹദീദ്: 25).

രണ്ടുതരം നീതിയെക്കുറിച്ച് ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. ഒന്ന്, അല്ലാഹുവിന് നല്‍കേണ്ട നീതിയാണ്. ഈ ലോകത്തിന്റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവും അല്ലാഹു മാത്രമാണ്. അവനു മാത്രമേ ദിവ്യത്വമുള്ളൂ. അതിനാല്‍ അവനു മാത്രമേ കീഴ്‌പ്പെടാനും പാടുള്ളൂ. അത് മറ്റാര്‍ക്കെങ്കിലും വകവെച്ചു നല്‍കുന്നത് അല്ലാഹുവോടുള്ള അനീതിയാണ്. അതുകൊണ്ടാണ് ശിര്‍ക്ക് ഏറ്റവും വലിയ അനീതിയെന്ന് ഖുര്‍ആന്‍ പറഞ്ഞത് (31:13). നീതിയുടെ രണ്ടാമത്തെ വശം മനുഷ്യരുമായി ബന്ധപ്പെട്ടാണ്. മത-വര്‍ഗ-വര്‍ണ-ദേശ വ്യത്യാസമില്ലാതെ മുഴുമനുഷ്യരുടെയും നീതിക്കായുള്ള പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും വിശ്വാസികളുടെ ദൗത്യമാണ്. നീതിയുടെ ഈ രണ്ടു വശങ്ങളും ചേരുമ്പോഴാണ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നത്. അതുകൊണ്ടാണ് ഫറോവയോട് ബനൂഇസ്‌റാഈലിനോടുള്ള അനീതി അവസാനിപ്പിച്ച് നീതിമാനായ ഭരണാധികാരിയാകൂ എന്നു മാത്രം പറഞ്ഞു നിര്‍ത്താതെ അല്ലാഹുവിനെ അംഗീകരിച്ച് അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റണമെന്നു കൂടി മൂസാ നബി(അ) ഓര്‍മപ്പെടുത്തുന്നത് (ത്വാഹാ: 47).

വിശ്വാസത്തിന്റെ പിന്‍ബലമില്ലാത്ത നന്മകളല്ല അല്ലാഹു ആഗ്രഹിക്കുന്നത്. നന്മകളില്‍ തന്നെയും ആരാധനകള്‍ സ്വര്‍ഗപ്രവേശത്തിന് അനിവാര്യമാണ്. നരകത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ അതിന്റെ കാരണങ്ങള്‍ പറഞ്ഞ് വിലപിക്കുന്നത് ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: ''നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്? അവര്‍ പറയും; ഞങ്ങള്‍ നമസ്‌കരിക്കുന്നവരായിരുന്നില്ല. അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരായിരുന്നില്ല'' (അല്‍മുദ്ദസിര്‍: 43,44). അല്ലാഹുവിലുള്ള വിശ്വാസത്തില്‍നിന്നല്ലാതെയും നന്മകള്‍ ഉണ്ടാകുമല്ലോ എന്നതാണ് ചിലര്‍ പറയുന്ന ന്യായം. പൊതുവെ സമൂഹം നന്മയായി മനസ്സിലാക്കുന്ന സ്‌നേഹം, കാരുണ്യം, സഹാനുഭൂതി, നീതിബോധം തുടങ്ങിയവ ബഹുദൈവ വിശ്വാസികളില്‍നിന്നും വിശ്വാസമില്ലാത്തവരില്‍നിന്നുമെല്ലാം ഉായേക്കാം. ഇസ്‌ലാം പഠിപ്പിക്കുന്നത് നന്മയുടെയും തിന്മയുടെയും മാനദണ്ഡം അല്ലാഹുവാണ് നിശ്ചയിക്കുന്നത് എന്നാണ്. പൊതുമാനുഷിക നന്മകളെ സ്വാഭാവികമായും അല്ലാഹു നന്മയായി പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് നന്മയെ സൂചിപ്പിക്കാന്‍ 'അല്‍ മഅ്‌റൂഫ്' (അംഗീകരിക്കപ്പെട്ടത്, അറിയപ്പെട്ടത്) എന്ന പദം ഉപയോഗിച്ചതെന്ന് മൗലാനാ മൗദൂദി പറയുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെ നേരിട്ട് ബാധിക്കാത്ത പല കാര്യങ്ങളിലും നന്മയും തിന്മയും കണക്കാക്കുന്നതില്‍ സമൂഹത്തില്‍ പൊതുവെ സൂക്ഷ്മത ഉണ്ടാകാറില്ല. അതുകൊണ്ടാണ് പരസ്പര ധാരണയോടെയുള്ള സ്ത്രീപുരുഷ ബന്ധങ്ങളും സ്വവര്‍ഗ ബന്ധങ്ങളും തെറ്റല്ലെന്ന പൊതുബോധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഭൂരിപക്ഷമോ സമൂഹമോ ഒരു കാര്യത്തെ എങ്ങനെ കാണുന്നു എന്നതല്ല നന്മയുടെയും തിന്മയുടെയും മാനദണ്ഡം; മറിച്ച് അല്ലാഹുവിന്റെ കല്‍പനകളും നിരോധങ്ങളുമാണ്.

അപ്പോള്‍ അല്ലാഹുവിനെ അംഗീകരിക്കാത്ത ഒരാള്‍ ഇസ്‌ലാം നന്മയായി കണക്കാക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ അയാള്‍ പ്രതിഫലാര്‍ഹനല്ല എന്ന് പറയുമ്പോള്‍ പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ല. കാരണം താന്‍ ചെയ്ത സല്‍ക്കര്‍മങ്ങള്‍ക്ക് അങ്ങനെയൊരു പ്രതിഫലം അയാള്‍ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ലല്ലോ. അയാളുടെ പ്രചോദനവും അതല്ല. ഒരാള്‍ ആഗ്രഹിക്കാത്തതോ പ്രതീക്ഷിക്കാത്തതോ ആയ ഒരു കാര്യം അയാള്‍ക്ക് നല്‍കാത്തതില്‍ അനീതി കാണേണ്ടതുമില്ല. പരലോകത്തിലോ സ്വര്‍ഗത്തിലോ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് അദ്ദേഹത്തിന്റെ നന്മകള്‍ക്ക് സ്വര്‍ഗം കിട്ടുമെന്ന് പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസത്തെ അപമാനിക്കലാണ്. യഥാര്‍ഥത്തില്‍ അയാള്‍ ആഗ്രഹിക്കാത്തത് നമ്മള്‍ ചാര്‍ത്തിക്കൊടുക്കേണ്ടതില്ലല്ലോ. ദൈവപ്രീതി ലക്ഷ്യമില്ലാത്ത ഒരാള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നതിന് പല ഉദ്ദേശ്യങ്ങളുണ്ടാകാം. ആളുകളുടെ ആദരവും ബഹുമാനവും കിട്ടാനാകാം, അല്ലെങ്കില്‍ മനഃസംതൃപ്തിയാകാം. അതൊക്കെ അയാള്‍ക്ക് ലഭിക്കുമായിരിക്കും. വിശ്വാസമില്ലാത്തവര്‍ നരകത്തിലേക്ക് പോകുമെന്ന് പറയുന്നതിലും അസഹിഷ്ണുത കാണേണ്ടതില്ല. ഒരാള്‍ക്ക് അങ്ങനെയൊരു വിശ്വാസമില്ലെങ്കില്‍ അത് അയാളെ സംബന്ധിച്ചേടത്തോളം പ്രശ്‌നമാകേണ്ടതില്ല. മുസ്‌ലിമായ ഒരാളോട് പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ വന്ന് ഞങ്ങളുടെ വിശ്വാസം സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ജന്മത്തില്‍ നിങ്ങള്‍ പട്ടിയായോ പന്നിയായോ പുനര്‍ജനിക്കുമെന്ന് പറഞ്ഞാല്‍ അതില്‍ അസഹിഷ്ണുത തോന്നില്ല. കാരണം അങ്ങനെയൊരു വിശ്വാസം അയാള്‍ക്കില്ല. അയാളെ സംബന്ധിച്ചേടത്തോളം അതിന്റെ സാധ്യതയെക്കുറിച്ച് ആലോചിക്കാനുള്ള നിമിത്തമായിത്തീര്‍ന്നേക്കാം അത് എന്നു മാത്രം.

ദൈവപ്രീതിയിലും സ്വര്‍ഗത്തിലുമൊന്നും വിശ്വസിക്കാത്തവര്‍ക്ക് അവരുടെ സല്‍ക്കര്‍മങ്ങള്‍ പരലോകത്ത് സ്വീകരിക്കപ്പെടാതെ പോകുന്നത് അനീതി അല്ലായിരിക്കാം, എന്നാല്‍ അവരെ ശിക്ഷിക്കുന്നത് എങ്ങനെയാണ് നീതിയാവുക? ഇതാണ് മറ്റൊരു ചോദ്യം. ഉത്തരം വളരെ വ്യക്തമാണ്. മനുഷ്യസൃഷ്ടിപ്പിന്റെ പ്രാഥമിക ഉദ്ദേശ്യമാണ്, അവന്‍ തന്റെ രക്ഷിതാവിനെ അംഗീകരിക്കുകയും അവന് കീഴ്‌പ്പെടുകയും ചെയ്യുക എന്നത്. സ്വന്തം സ്രഷ്ടാവിനെ അംഗീകരിക്കാതെയും അവനെ അനുസരിക്കാതെയും, എന്നാല്‍ അവന്റെ എല്ലാ അനുഗ്രഹങ്ങളും ആസ്വദിച്ചുകൊണ്ടും ജീവിക്കുക എന്നത് എത്രമാത്രം നന്ദികേടാണ്. നന്ദികേടിന്റെ സ്വാഭാവിക പരിണതിയാണ് അതിനുള്ള ശിക്ഷ അനുഭവിക്കുക എന്നത്.

അല്ലാഹുവിനെ കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും പ്രവാചക സന്ദേശങ്ങളെക്കുറിച്ചും അറിയാനോ ആലോചിക്കാനോ അവസരമോ സാഹചര്യമോ ലഭിക്കാത്തവരെ സംബന്ധിച്ചേടത്തോളം അവരുടെ ഭാഗധേയം എന്തായിരിക്കുമെന്ന് അല്ലാഹുവിനേ അറിയൂ. അല്ലാഹു ആരോടും അനീതി കാണിക്കുകയില്ല. എന്നാല്‍ സത്യവും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ അവസരങ്ങളുണ്ടായിട്ടും അതില്‍നിന്ന് പിന്തിരിയുന്നവരെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് രക്ഷപ്പെടാനുള്ള ന്യായങ്ങളുമുണ്ടാവില്ല.

അല്ലാഹുവും റസൂലും പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ ഒരാളെക്കുറിച്ചും അയാള്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. എന്നാല്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അംഗീകരിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് സ്വര്‍ഗമെന്നും അത് ചെയ്യാത്തവര്‍ക്ക് സ്വര്‍ഗം കിട്ടില്ലെന്നും നമുക്ക് സാമാന്യമായി പറയാം. അങ്ങനെയാണ് ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുള്ളതും. അതേസമയം മോക്ഷത്തെക്കുറിച്ച ഈ ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുഴുവന്‍ മനുഷ്യരിലുമെത്തിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ് എന്നതോടൊപ്പം തന്നെ ജനങ്ങളോടുള്ള ഗുണകാംക്ഷയുമാണ്. റസൂല്‍(സ) പറഞ്ഞതുപോലെ തീയിലേക്ക് കുതിച്ചു വരുന്ന പ്രാണികളെ അതില്‍ വീഴുന്നതില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്നതുപോലെയാണ് ജനങ്ങളെ നരകത്തില്‍ വീഴുന്നതില്‍നിന്ന് തടഞ്ഞുവെക്കുന്നത്. ആ ഗുണകാംക്ഷയാലാണ് വിശ്വാസികള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നത്. ഈ ലോകത്തും പരലോകത്തും വിജയിക്കാനുള്ള ഏകവഴി ഇതാണെന്നും ആ വഴിയല്ലാത്ത മറ്റൊരു വഴിയിലൂടെയും അല്ലാഹുവിന്റെ പ്രീതി ലഭിക്കുകയില്ലെന്നും ആദ്യം സ്വന്തം വിശ്വാസമായി മാറണം. അതാണ് മറ്റുള്ളവരോടുള്ള ഗുണകാംക്ഷാ പൂര്‍ണമായ മനോഭാവമായും പ്രബോധന പ്രവര്‍ത്തനമായും മാറുക. ''ഇസ്‌ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവനില്‍നിന്നത് സ്വീകരിക്കുകയില്ല. പരലോകത്ത് അവന്‍ പരാജിതരിലുമായിരിക്കും'' (3:85).

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍