സംഗീതത്തിന്റെ ഇസ്‌ലാമിക പ്രപഞ്ചം
സംഗീതത്തിന്റെ ഇസ്‌ലാമിക വിധികള്‍ അന്വേഷിക്കുകയാണ് അബ്ദുല്‍ അസീസ് അന്‍സാരി ഈ കൃതിയില്‍. ഇസ്‌ലാമിലെ വ്യത്യസ്ത ധാരകളുടെ അഭിപ്രായങ്ങളെ വിശകലനവിധേയമാക്കുന്ന കാലിക പ്രസക്തമായ ഒരു പ്രാമാണിക പഠനമാണിത്. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമാവും ഇങ്ങനെയൊരു സമഗ്രമായ കൃതി.
ഒരു ജനവിഭാഗം എന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് സംഗീതവുമായി അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും മുസ്ലിം സമുദായത്തിന് സംഗീതത്തില്‍ വലിയ പാരമ്പര്യവും ചരിത്രവുമുണ്ട്. അവഗണിക്കാന്‍ കഴിയാത്ത വിധം സമകാലിക ലോകത്തേക്കും ആ വേരുകള്‍ നീണ്ടുകിടക്കുന്നു.
ക്രി. 610-കളില്‍ അറേബ്യന്‍ സംഗീതം പേര്‍ഷ്യന്‍, ബൈസാന്റിയന്‍, തുര്‍ക്കി, ബര്‍ബര്‍, മൂര്‍ തുടങ്ങിയ ജനവിഭാഗങ്ങളുടെ സംഭാവനകളാല്‍ സമ്പുഷ്ടമായിരുന്നു. നൈല്‍ നദീതട സംസ്‌കാരത്തോടൊപ്പം സംഗീതവും ഒഴുകി. അറബ് രാഷ്ട്രങ്ങളില്‍ മാത്രം ഒതുങ്ങിയില്ല, ഇന്തോനേഷ്യയിലേക്കും ഉത്തരാഫ്രിക്കയിലേക്കും അത് വ്യാപിച്ചു. ഇസ്‌ലാം വന്നതോടു കൂടിയാണ് വടക്കനാഫ്രിക്കയിലെ ബര്‍ബറുകളുടെ നാടോടിപ്പാട്ടുകളും മൗറീഷ്യസിലെ തദ്ദേശീയ ഗാനങ്ങളും ഉടലെടുത്തതെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.
John Storm Robert c-N‑n-¨ Black Music of Two Worlds എന്ന ഗ്രന്ഥം, മുസ്‌ലിംകളായ ആഫ്രിക്കന്‍ അടിമകളിലൂടെ സംഗീതം അമേരിക്കയിലും യൂറോപ്പിലും എത്തിയത് സവിസ്തരം വിശദീകരിക്കുന്നുണ്ട്. 1600-കളില്‍ അമേരിക്കയിലെ ആഫ്രിക്കന്‍ അടിമകളില്‍ 30 ശതമാനം മുസ്ലിംകളായിരുന്നു. അവരായിരുന്നു വിമോചനത്തിന്റെ ഉണര്‍ത്തുപാട്ടുകളും അതിന്റെ ഉപകരണങ്ങളും പാശ്ചാത്യര്‍ക്ക് സമ്മാനിച്ചത്. ആഹൗല എന്ന പേരിലുള്ള സംഗീതത്തിന് ആഫ്രിക്കന്‍- അമേരിക്കന്‍ കമ്യൂണിറ്റികളുമായും അവരുടെ ഇസ്‌ലാമിക വേരുകളുമായുള്ള ബന്ധത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ട്.
പാശ്ചാത്യലോകത്ത് സംഗീതം, നൃത്തം, മദ്യം എന്നിവ പലപ്പോഴും ചേര്‍ന്നുനിന്നു. അതിനാല്‍ തന്നെ ഇസ്‌ലാം അവിടെ വഴിതിരിഞ്ഞു. ഭോഗ സദസ്സുകള്‍ക്കുള്ള നിവേദ്യമായി സംഗീതം മാറി. താളവാദ്യങ്ങളുടെ ഉപയോഗം, ഇസ്‌ലാം മാത്രമല്ല അന്നത്തെ മറ്റു മതങ്ങളും സ്വീകരിച്ചിരുന്നില്ല.
ഖലീഫമാര്‍ക്കു ശേഷം വന്ന മുസ്‌ലിം രാജസദസ്സുകളിലും സംഗീതത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ഇസ്‌ലാമിനു മുമ്പുള്ള പേര്‍ഷ്യന്‍ സംഗീതം അവരെ സ്വാധീനിച്ചു. പലപ്പോഴും നൃത്തവും സംഗീതവും ഒരുമിക്കുന്ന ബിഥോവന്‍ രീതിയിലായിരുന്നു അത്. ഇസ്‌ലാമിക നിയമപ്രകാരം മോണോഫോണിക് സംഗീതത്തിന് പ്രാമുഖ്യം ലഭിച്ചപ്പോള്‍, ആ ഗണത്തില്‍പെടുന്ന സംഗീത ഉപകരണങ്ങള്‍ക്ക് പ്രചാരവും ലഭിച്ചു. മുസ്ലിംലോകത്തെ അന്ന് നിലവിലുണ്ടായിരുന്ന കുഴല്‍വാദ്യങ്ങളും കമ്പിവാദ്യങ്ങളും മുഗളന്മാരിലൂടെ ഇന്ത്യയിലേക്കും എത്തി. ചൈനയുടെ ചില വാദ്യോപകരണങ്ങളുടെയും സ്വാധീനമുണ്ടായി. ഇതെല്ലാംകൂടി വലിയൊരു സാംസ്‌കാരിക വിപ്ലവം തന്നെ തീര്‍ത്തു.
ഔറംഗസീബ് സംഗീതം നിരോധിച്ചിരുന്നു എന്നത് വര്‍ഗീയവാദികള്‍ ചമച്ച ചരിത്രത്തിലെ മറ്റൊരു വ്യാജമാണ്. ഔറംഗസീബ് സംഗീതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സ്വയം ഒരുപാട് ഗാനങ്ങള്‍ കമ്പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കേതറിംഗ് ബട്ട്‌ലര്‍ സ്‌കോഫീല്‍ഡ് എന്ന വനിതയുടെ ഒരു ഗവേഷണ പ്രബന്ധം തന്നെ ഉണ്ട് ("Did Aurangzeb ban Music?" by Katherine Butler Schofield).
മുസ്‌ലിം സൂഫികളും ഖാന്‍ ഗാഹുകളും സംഗീതത്തിന്റെ മറ്റൊരു സരണി തീര്‍ത്തു. ഖയാലുകള്‍ മുസ്‌ലിം പാരമ്പര്യത്തില്‍നിന്നുള്ള ഒരു വലിയ സംഭാവനയായി. അബ്ദുല്‍ കരീം ഖാന്‍, അല്ലാദിയ ഖാന്‍, അലാവുദ്ദീന്‍ ഖാന്‍, ഹാഫിസ് അലി ഖാന്‍, വിലായത്ത് ഖാന്‍, ബിസ്മില്ലാ ഖാന്‍, അംജദ് അലിഖാന്‍.....ഇന്ത്യയില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ മുസ്‌ലിം സംഗീതജ്ഞര്‍ ഇങ്ങനെ ഒരുപാട് പേരുണ്ട്. മുഹമ്മദ് റഫി മുതല്‍ എ.ആര്‍ റഹ്മാന്‍ വരെ അത് നീളുന്നു. ലോകതലത്തില്‍ യൂസുഫ് ഇസ്‌ലാം, മെഹര്‍ സൈന്‍, സമി യൂസുഫ്, സൈന്‍ ബൈക്ക്, ഹംസ റോബര്‍ട്‌സണ്‍, റാകിന്‍ ഫെടൂജ, അബൂ റാതിഫ്, ജുനൈദ് ജംഷാദ്, ആതിഫ് അസ്‌ലം, ഹുമൂദ് അല്‍ഖുദര്‍, നസീല്‍ ആസ്മി, മുസ്ത്വഫ സിസിലി എന്നിങ്ങനെ ഇക്കാലത്തെ ആ പട്ടിക നീണ്ടുപോകുന്നു.
കേരളത്തിലാണെങ്കില്‍ മാപ്പിളപ്പാട്ടുകള്‍, ഹിന്ദുസ്ഥാനി ആലാപന രീതിയിലുള്ള സൂഫിയാന, കപ്പപ്പാട്ട്, പടപ്പാട്ട്, മദ്ഹ് ഗീതങ്ങള്‍, മറ്റു ജനകീയ ഫോക്കുകള്‍ തുടങ്ങിയ വലിയൊരു മുസ്‌ലിം പാരമ്പര്യം മലയാളത്തിനുമുണ്ട്.
ഈ പുസ്തകത്തിന്റെ ആദ്യത്തെ അധ്യായങ്ങളായ 'സന്തുലിത സമീപനം', 'കലയെയും സംഗീതത്തെയും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത' എന്നീ അധ്യായങ്ങള്‍ സംഗീതസംബന്ധമായ നയസമീപനങ്ങള്‍ ലളിതമായും മനോഹരമായും വിവരിച്ചുതരുന്നു.
സംഗീതം എന്ന മാധ്യമം, സമകാലിക ലോകത്തെ പ്രചാരവും വ്യാപകത്വവും, ഇതു സംബന്ധമായ ഹലാല്‍/ഹറാം വ്യവഹാരങ്ങള്‍ തുടങ്ങിയവ ഇവിടെ ചര്‍ച്ച ചെയ്യുന്നു. 'എന്തുകൊണ്ട് ഞാന്‍ ഇപ്പോഴും ഗിറ്റാര്‍ വായിക്കുന്നു?' എന്ന യൂസുഫ് ഇസ്‌ലാമിന്റെ പുസ്തകത്തിലെ അനുഭവങ്ങളും ഈ ഭാഗത്തു വിവരിക്കുന്നുണ്ട്.
'അനുവദനീയങ്ങളുടെ തെളിവുകള്‍', 'സംഗീതം ഉത്തമ നൂറ്റാണ്ടിലെ മഹത്തുക്കള്‍ക്കിടയില്‍' എന്നീ അധ്യായങ്ങള്‍ സംഗീതത്തോടുള്ള ഇസ്‌ലാമിക സമീപനം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. സംഗീതം ഹലാല്‍ എന്ന് പറഞ്ഞവരുടെ ഫത്വകള്‍, ഇജ്മാഅ് എന്നിവയും ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു. നാല് മദ്ഹബുകളുടെ ഈ വിഷയത്തിലുള്ള വിധികള്‍ പ്രസ്തുത ഇമാമുകളുടെയും ആധികാരിക ഗ്രന്ഥങ്ങളുടെയും റഫറന്‍സോടുകൂടി പരിശോധിക്കുന്നത് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും ഉപകരിക്കും.
കേരളത്തില്‍ സലഫി പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിനു ശേഷമാണ് സംഗീതം ഹറാമാണെന്ന വാദങ്ങള്‍ കേരളത്തിലെ മുസ്‌ലിം പൊതുമണ്ഡലങ്ങളില്‍ ശക്തമായി ഉന്നയിക്കപ്പെടാന്‍ തുടങ്ങിയത്. ലോകതലത്തില്‍ തന്നെയുള്ള സലഫി കാഴ്ചപ്പാടുകളും ഈ ഭാഗത്ത് വിശദീകരിക്കുന്നുണ്ട്. സലഫി ലോകത്തുനിന്ന്, 'സംഗീതം നിരുപാധികം നിഷിദ്ധമാണെന്ന് പറയാന്‍ സാധ്യമല്ല' എന്നഭിപ്രായപ്പെട്ട പണ്ഡിതന്മാരാണ് സയ്യിദ് റശീദ് രിദാ, ശൈഖ് ആദില്‍ അല്‍കല്‍ബാനി, അബ്ദുല്ലാഹിബ്‌നു യൂസുഫ് അല്‍ജുദൈദ്, ശൈഖ് സ്വാലിഹ് അല്‍ മഗാമിസി, ശൈഖ് സല്‍മാനുല്‍ ഔദ തുടങ്ങിയവര്‍. ഈ പണ്ഡിതരുടെ പഠനങ്ങളും വിശുദ്ധ ഖുര്‍ആനിലെ സൂറഃ ലുഖ്മാന്‍ (ആയത്ത് 6), അല്‍ ഖസ്വസ്വ് (5), അല്‍അന്‍ഫാല്‍ (35), അല്‍ഫുര്‍ഖാന്‍ (72), അന്നജ്മ് (61) എന്നീ ആയത്തുകളും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു. ഈ വിഷയത്തില്‍ വന്ന 19 ഹദീസുകളെയും അപഗ്രഥിക്കുന്നുണ്ട്.
സംഗീതം ഹറാമാണെന്ന് വാദിക്കുന്നവരോടുള്ള 17 മറുചോദ്യങ്ങളും പുസ്തകത്തിലുണ്ട്. ഗ്രന്ഥകാരന്‍ എഴുതുന്നു: 'മറ്റെല്ലാ തെളിവുകളും മാറ്റി
െവച്ച് ചിന്തിച്ചാലും ഇത്തരം ചോദ്യങ്ങള്‍ക്ക് സംഗീതവിരോധികള്‍ നല്‍കുന്ന മറുപടി തന്നെ മതിയാകും; നിരുപാധികം നിഷിദ്ധമല്ല, സോപാധികം അനുവദനീയമാണ് എന്ന വീക്ഷണമാണ് സംഗീതവിഷയത്തില്‍ പ്രമാണബദ്ധവും യുക്തിസഹവും എന്നു മനസ്സിലാക്കാന്‍.' ഇതുതന്നെയാണ് ഈ പുസ്തകത്തിന്റെ സംഗ്രഹവും. സംഗീതം നിരുപാധികം നിഷിദ്ധമാണെന്ന അഭിപ്രായത്തിന് പ്രമാണപരമായി നിലനില്‍പ്പില്ലെന്നാണ് ഈ ഗ്രന്ഥം സമര്‍ഥിക്കുന്നത്.
Comments