Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

പിശാച് ചിരിക്കുന്നു

ഡോ. ജാസിമുല്‍ മുത്വവ്വ

പരസ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ച പരാതിയുമായാണ് അവരെന്നെ സമീപിച്ചത്. ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ അയാള്‍: ''എന്റെ ഭാര്യ പറഞ്ഞതെല്ലാം ശരിയാണ്. പിശാചിന്റെ മുന്നില്‍ ഞാന്‍ ദുര്‍ബലനാണ്. അവന്‍ എപ്പോഴും എന്നെ തോല്‍പിക്കുകയാണ്. ഇബ്‌ലീസ് ഓരോന്ന് എനിക്ക് ചൊല്ലിത്തരികയാണ്.''

സംസാരത്തില്‍ ഇടപെട്ട് ഞാന്‍: ''എങ്കില്‍ അടുത്ത സിറ്റിംഗില്‍ നിങ്ങളുടെ ശൈത്വാനെ കൂട്ടി വരണം. എനിക്ക് അവനോട് ചിലത് സംസാരിക്കാനുണ്ട്. നിങ്ങള്‍ ഹറാം ചെയ്യാന്‍ അയാളാണല്ലോ യഥാര്‍ഥ കാരണക്കാരന്‍.'' അതിശയത്തോടെ എന്നെ നോക്കിഅയാള്‍ പുഞ്ചിരിച്ചു: ''ഞാനെപ്പോഴും ആത്മഗതമെന്നോണം ഉരുവിടുന്ന 'ഇബ്‌ലീസ് ഓരോന്ന് എനിക്ക് ചൊല്ലിത്തരികയാണ്' എന്ന വാക്കിനെക്കുറിച്ച് ആദ്യമായാണ് ആഴത്തില്‍ ആലോചിക്കുന്നത്. ഞാന്‍ ധരിച്ചത് പിശാചാണ് കാരണക്കാരന്‍ എന്നാണ്.''

ഞാന്‍ എന്റെ സംസാരം പൂര്‍ത്തിയാക്കി: ''അങ്ങനെയല്ല, നിങ്ങളില്‍ ഓരോ ചിന്തകള്‍ ഇട്ടുതരിക മാത്രമാണ് പിശാച് ചെയ്യുന്നത്. തീരുമാനമെടുത്ത് നടപ്പാക്കുന്നത് നിങ്ങളാണ്.''

അയാളുമായുള്ള സംസാരം അങ്ങനെ അവസാനിച്ചു. ഇതേ അനുഭവം എനിക്ക് പല വ്യക്തികളില്‍നിന്നും ഉണ്ടായിട്ടുണ്ട്. പലരും ധരിക്കുന്നത് തങ്ങളുടെ നിഷിദ്ധ കര്‍മങ്ങള്‍ക്ക് കാരണം പിശാചാണെന്നാണ്. തനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന വിചാരമാണ് അവര്‍ക്ക്. അതിനാല്‍, രണ്ടു ദിവസം മുമ്പേ സോഷ്യല്‍ മീഡിയയില്‍ ഞാനൊരു ആശയം അവതരിപ്പിച്ചു: ''ഒരു ചെറിയ അഭ്യാസം. അതിലൂടെ നമുക്ക് മനസ്സിലാകും പിശാചാണോ നമ്മളാണോ വിജയിക്കുന്നതെന്ന്. അത് ഇത്രയേയുള്ളൂ. ഓരോ നമസ്‌കാരത്തിനു ശേഷവുംം ഒരു മിനിറ്റ് ഏകാഗ്രമായി ഇരിക്കുക. അവിടെ നിന്ന് അനങ്ങാനോ എഴുന്നേറ്റു പോകാനോ പാടില്ല. അല്ലാഹുവിനെ ഓര്‍ക്കുക മാത്രം ചെയ്യുക.''

പലരുടെയും അനുഭവങ്ങള്‍ പ്രതികരണമായി വന്നു തുടങ്ങി. ഈ ഒരു നിമിഷം പറഞ്ഞ രീതിയില്‍ അടങ്ങിയിരിക്കാന്‍ മനസ്സിനോട് പൊരുതേണ്ടിവന്നു എന്നൊരാള്‍. നമസ്‌കാരത്തിനു ശേഷം ഉടനെ ചെയ്തു തീര്‍ക്കേണ്ട കാര്യം ഓര്‍മവന്നതായി മറ്റൊരാള്‍. സോഷ്യല്‍ മീഡിയ പരതിയിട്ടു വേണം ഏറ്റവും ഒടുവിലെ വിവരങ്ങളറിയാന്‍ എന്ന ആഗ്രഹത്താല്‍ മൊബൈല്‍ ഫോണ്‍ തൊടാനായി കൈതരിക്കുന്ന വേറൊരു കൂട്ടര്‍. ഇങ്ങനെ പല പ്രതികരണങ്ങള്‍. മനുഷ്യനെ ദൈവസ്മരണയില്‍നിന്ന് അകറ്റാനും പ്രതിഫലം നഷ്ടപ്പെടുത്താനും സമയം പാഴാക്കാനും പിശാചാകുന്നു ഇത്തരം വിചാരങ്ങള്‍ മനസ്സില്‍ ഇട്ടുതരുന്നത്. കൊച്ചു കൊച്ചു ചുവടുവെപ്പുകളിലൂടെ തന്റെ ലക്ഷ്യം നേടിയെടുക്കുകയാണ് പിശാചിന്റെ പ്രവര്‍ത്തന ശൈലി. പിശാചിന്റെ വേലകള്‍ തുറന്നുകാട്ടുന്നതിനൊടുവില്‍ അല്ലാഹു ഉണര്‍ത്തുന്നതിങ്ങനെ: ''നിങ്ങള്‍ പിശാചിന്റെ ചവിട്ടടികള്‍ പിന്തുടരരുത്.'' നീ വ്യഭിചരിക്കൂ, മദ്യപിക്കൂ, മോഷണം നടത്തൂ, കളവ് പറയൂ എന്നൊന്നും ഒരിക്കലും പിശാച് മനുഷ്യന് ഉത്തരവ് നല്‍കില്ല. മനുഷ്യനെ അവനറിയാതെ മായാജാലക്കാരന്റെ വിരുതോടെ പിശാച് തന്റെ പിറകെ മെല്ലെമെല്ലെ നടത്തിക്കൊണ്ടുപോകും.

പിശാചിന്റെ പ്രവര്‍ത്തനരീതി നബി(സ) വിശദീകരിക്കുന്നതിങ്ങനെ: ''പിശാച് തന്റെ സിംഹാസനം ജലോപരിതലത്തില്‍ പ്രതിഷ്ഠിച്ച് ആജ്ഞാനുവര്‍ത്തികളായ ഭടന്മാരെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വിതക്കാനും അവരെ അധര്‍മവൃത്തികളില്‍ അകപ്പെടുത്താനും ദൗത്യമേല്‍പിച്ച് പറഞ്ഞു വിടുന്നു. ഓരോരുത്തരും നിറവേറ്റിയ ചുമതലകളെ കുറിച്ചറിഞ്ഞ് ബോധ്യപ്പെടാന്‍ പിശാച് പകലൊടുവില്‍ പ്രത്യേക സ്ഥലത്ത് ഉപവിഷ്ഠനാകുന്നു. ഓരോരുത്തരും പകലില്‍ തങ്ങള്‍ ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങുന്നു. 'ഒരാളെ ഞാന്‍ മോഷ്ടാവാക്കി, ഒരാളെ ഞാന്‍ വ്യഭിചാരിയാക്കി, ഒരാളെ മദ്യപാനിയാക്കി.' ഇങ്ങനെ ഓരോരുത്തരും തങ്ങളുടെ വീരകൃത്യങ്ങള്‍ നിരത്തിയപ്പോള്‍ പിശാചിന്റെ പ്രതികരണം: 'അതൊന്നും വലിയ കാര്യമല്ലെടോ. നിനക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.' ഏറ്റവും കൊടിയ വിഷം പേറുന്ന പുതുമുറക്കാരന്‍ വന്ന് പിശാചിന് മുഖം കാണിച്ച് താന്‍ ചെയ്ത കാര്യം വിവരിച്ചുകൊടുത്തു: 'സ്‌നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞുകൂടിയ ദമ്പതികളെ തമ്മില്‍ തെറ്റിക്കാന്‍ എനിക്ക് സാധിച്ചു.' സന്തുഷ്ടനായ പിശാച് എഴുന്നേറ്റു വന്ന് അവനെ പ്രകീര്‍ത്തിച്ചു: അതേ, നീയാണ് വമ്പന്‍. നീയാണ് ആണ്‍കുട്ടി.''

മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ച് കേട്ടപ്പോഴൊന്നും സന്തോഷിക്കാത്ത ഇബ്‌ലീസ് ദമ്പതികളുടെ പിണക്കത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആനന്ദനൃത്തം ചവിട്ടാനെന്താണു കാരണം? അതാണ് പ്രധാന ചോദ്യം. ആലോചിച്ചാല്‍ അറിയാം; വ്യഭിചാരം, മോഷണം, മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് സ്രഷ്ടാവ് പാപപരിഹാര-ശിക്ഷാനടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് നടപ്പാക്കുന്നതോടെ വിഷയം അവസാനിച്ചു. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ഭിന്നിച്ച് പിണങ്ങി ദാമ്പത്യം തകരുന്നതോടെ ഒന്നാമതായി സംഭവിക്കുന്ന നഷ്ടം കുടുംബത്തിലെ 'അധികാരകേന്ദ്രം' ഇല്ലാതാവുക എന്നതാണ്. കുടുംബം ഭദ്രമാണെങ്കില്‍ മകനോ മകളോ തെറ്റു ചെയ്താല്‍ മാതാപിതാക്കള്‍ ഇടപെട്ട് അവരെ നേരെയാക്കും. മാതാപിതാക്കള്‍ ഭിന്നിക്കുമ്പോള്‍ പിതാവ് വേറൊരുവളെ കല്യാണം കഴിച്ചെന്നു വരും, ഗൃഹപരിപാലനത്തെക്കുറിച്ച തര്‍ക്കം ഉത്ഭവിക്കും. കുട്ടികളെ ഉമ്മ തനിച്ച് നോക്കേണ്ടിവരും. കുട്ടികള്‍ ഇങ്ങനെ ആരും ചൊല്ലാനും പറയാനുമില്ലാതെ വളര്‍ന്നു വലുതാകും. ഉമ്മക്ക് അവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടും. മകന്‍ ധിക്കാരം മൂത്ത് ചീത്ത കൂട്ടുകെട്ടുകള്‍ സ്ഥാപിച്ചെന്നിരിക്കട്ടെ. താന്‍ പരിലാളിച്ച, ഇത്രയും കാലം പോറ്റിവളര്‍ത്തിയ മകന്‍ ഇബ്‌ലീസിന്റെ പോരാളികളില്‍ ഒരാളായിത്തീരുന്നത് കണ്ണീരോടെ നോക്കിനില്‍ക്കേണ്ടിവരും. ഈ പതനം ഒരുവേള മകന്‍ പോലും ഓര്‍ത്തുകാണില്ല, അറിഞ്ഞുകാണില്ല.

ദമ്പതികളുടെ ഭിന്നതയോടെ സംഭവിക്കുന്ന രണ്ടാമത്തെ നഷ്ടം, മക്കളെ ശിക്ഷണശീലങ്ങള്‍ നല്‍കി വളര്‍ത്താനുള്ള അവസരം ഇല്ലാതാവുക എന്നതാണ്. പിതാവ് ഒരു വീടുണ്ടാക്കി താമസിക്കും. മാതാവും ഉണ്ടാക്കിയിരിക്കും ഒരു വീട്. ചിലപ്പോള്‍ അവര്‍ വിവാഹവും കഴിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മക്കള്‍ ഇബ്‌ലീസിനും സൈന്യത്തിനും പ്രയാസമന്യേ കീഴടക്കാവുന്ന ഇരകളാവും.

കുടുംബത്തിനേല്‍ക്കുന്ന നഷ്ടം എങ്ങനെ കുടുംബത്തിനും സമൂഹത്തിനും ശാപമായിത്തീരുന്നുവെന്ന് നാം കണ്ടു. ഇതാണ് ഇബ്‌ലീസിന്റെ സന്തോഷത്തിനു കാരണം. സ്വര്‍ഗത്തില്‍നിന്ന് പുറത്തു പോകുമ്പോള്‍ പിശാച് ഉയര്‍ത്തിയ വീരവാദം ഓര്‍ക്കുന്നില്ലേ? ''അവന്‍ പറഞ്ഞു. രക്ഷിതാവേ! നീ എന്നെ പിഴപ്പിച്ചുവല്ലോ. അതുപോലെ, ഇനി ഭൂമിയില്‍ അവര്‍ക്ക് കൗതുകങ്ങള്‍ കാണിച്ച് സകലരെയും ഞാന്‍ പിഴപ്പിക്കുന്നതാകുന്നു; അവരില്‍ നീ പ്രത്യേകം തെരഞ്ഞെടുത്ത നിന്റെ അടിമകളെയൊഴിച്ച്'' (അല്‍ഹിജ്ര്‍ 39,40). അതിനാല്‍ പിശാചിന് ചിരിക്കാന്‍ അവസരം നല്‍കാതിരിക്കുക.

 വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍