ഇറാന്‍ അംബാസഡറായി ഹുമൈറ രീഗി
ഇറാന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രത്തിലെ ന്യൂനപക്ഷമായ സുന്നികളില്‍നിന്ന് ഒരു സ്ത്രീ അംബാസഡര്‍. 2014 മുതല്‍ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലെ ഖസ്‌റെഖന്ദിന്റെ ഗവര്‍ണറായ ഹുമൈറ രീഗിയാണ് ബ്രൂണെയിലേക്ക് അംബാസഡറായി നിയോഗിക്കപ്പെട്ടതായി ഇറാന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാന്‍ഗീരി പ്രഖ്യാപിച്ചത്. 20 വര്‍ഷത്തോളമായി ഇറാനിയന്‍ ഭരണരംഗത്ത് സജീവമാണ്. ഇറാന്റെ ഉന്നത ഔദ്യോഗിക സ്ഥാനം വഹിക്കുന്ന സുന്നികളില്‍നിന്നുള്ള രണ്ടാമത്തെ വ്യക്തിയും സ്ത്രീകളില്‍ മൂന്നാമത്തെയാളുമാണ് ഹുമൈറ രീഗി. 1979-ലെ വിപ്ലവത്തിന് ശേഷം ഗവര്‍ണറായ ആദ്യ വനിതയാണ് ഇവര്‍. 2015-ല്‍ വിയറ്റ്‌നാമിലേക്കുള്ള അംബാസഡറായി കുര്‍ദിഷ് വിഭാഗത്തിലെ ഒരു സുന്നിയെ നേരത്തേ നിയോഗിച്ചിരുന്നു. മുമ്പ് മര്‍സിയ അഫ്കാമിനെയും പര്‍വീന്‍ ഫാര്‍ശ്ചിയെയും മലേഷ്യയിലെയും ഫിന്‍ലന്റിലെയും നയതന്ത്ര പ്രതിനിധികളായി നിയോഗിച്ചിട്ടു്.
തൊണ്ണൂറു ശതമാനം ശീഈകളും പത്തു ശതമാനം സുന്നികളുമാണ് ഇറാനിലുള്ളത്. 2013-ലെയും 2017-ലെയും പൊതു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങളും ഉറപ്പുവരുത്തുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍തന്നെ കുര്‍ദിസ്താന്‍ പ്രവിശ്യയും സിസ്താന്‍- ബലൂചിസ്താന്‍ പ്രദേശങ്ങളിലെ സുന്നികളില്‍ 75 ശതമാനവും റൂഹാനിക്കനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. പക്ഷേ വാഗ്ദാനങ്ങളില്‍ പലതും നടപ്പിലായില്ല. ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. നിലവില്‍ റൂഹാനി ഭരണകൂടം സുന്നികളോട് അനുഭാവ നിലപാടാണ് സ്വീകരിച്ചുവരുന്നത്. വിവിധ പ്രദേശങ്ങളിലായി 30-ഓളം സുന്നി ഗവര്‍ണര്‍മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സിസ്താന്‍- ബലൂചിസ്താന്‍ ഇറാനിലെ അവികസിത മേഖലകളിലൊന്നാണ്. തൊഴിലില്ലായ്മയും നിരക്ഷരതയും ഉയര്‍ന്ന നിരക്കിലാണ്. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഈ മേഖലയില്‍നിന്നുള്ള ഹുമൈറ രീഗിയുടെ നിയോഗം പ്രതീക്ഷ നല്‍കുന്ന ഒരു ചുവടുവെപ്പാണ്.
ശ്രദ്ധാ കേന്ദ്രങ്ങളായി റാശിദയും ഇല്‍ഹാനും
റാശിദ താലിബും ഇല്‍ഹാന്‍ ഉമറും യു.എസ് കോണ്‍ഗ്രസിലേക്ക്് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം വനിതകളാണ്. മിഷിഗനിലെ 13-ാം ജില്ലയില്‍നിന്നും മിനസോറ്റയിലെ അഞ്ചാം ജില്ലയില്‍ നിന്നുമാണ് ഇവര്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടത്. റാശിദ താലിബ് ഫലസ്ത്വീന്‍ വംശജയാണ്. വെസ്റ്റ് ബാങ്കില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് റാശിദയുടെ മാതാപിതാക്കള്‍. ഇല്‍ഹാന്‍ ഉമര്‍ സോമാലിയന്‍ വംശജയാണ്. ആഭ്യന്തരയുദ്ധം കാരണം കെനിയയില്‍ അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കേണ്ടിവന്നിരുന്നു. പിന്നീട് ഇല്‍ഹാന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറി. ആദ്യത്തെ ഹിജാബ്ധാരിണിയായ കോണ്‍ഗ്രസ് അംഗമാണ് ഇല്‍ഹാന്‍ ഉമര്‍.
റാശിദ താലിബ് തന്റെ ഓഫീസിലെ ഇസ്രയേല്‍ ഭൂപടം മാറ്റി തല്‍സ്ഥാനത്ത് ഫലസ്ത്വീനിന്റേത് പതിച്ചത് വാര്‍ത്തയായിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമം തുടരുമെന്ന് റാശിദ പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗത ഫലസ്ത്വീന്‍ വസ്ത്രം ധരിച്ചാണ് അവര്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയത്. ഇതിനോടനുബന്ധിച്ച് TweetYourThobe എന്ന കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. ട്രംപിനെതിരെ റാശിദ രൂക്ഷമായ പദപ്രയോഗം നടത്തിയത് വിവാദമാവുകയും ചെയ്തു. ഡെമോക്രാറ്റ് അംഗങ്ങള്‍ തന്നെ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി അംഗമാണ് ഇല്‍ഹാന്‍ ഉമര്‍. അമേരിക്കയുടെ മത വൈവിധ്യത ഉയര്‍ത്തിപ്പിടിക്കണമെന്നും വൈരവും വിഭാഗീയതയും കൈയൊഴിക്കണമെന്നും ആദ്യ പ്രസംഗത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ അഭയാര്‍ഥിവിരുദ്ധ നിലപാടുകളെ ഇല്‍ഹാന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.
പാക് -തുര്‍ക്കി ബന്ധം ശക്തിപ്പെടുന്നു
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും അഞ്ചു വര്‍ഷത്തേക്കുള്ള സംയുക്ത സാമ്പത്തിക സ്ട്രാറ്റജിക് പദ്ധതിക്ക് രൂപം നല്‍കും. ഇരു രാഷ്ട്രങ്ങളുടെയും വിവിധ മേഖലകളിലെ വളര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നത്. ഇംറാന്‍ ഖാനോടൊപ്പം വിദേശ കാര്യമന്ത്രി ശാഹ് മഹ്മൂദ് ഹുസൈന്‍ ഖുറൈശിയും പ്രതിനിധി സംഘവും ഉണ്ടായിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണപ്രകാരമാണ് അവര്‍ തുര്‍ക്കിയിലെത്തിയത്. പാകിസ്താനും തുര്‍ക്കിയും സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടു്. അഫ്ഗാനിസ്താന്‍ പോലുള്ള പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയായി. ഫത്ഹുല്ലാ ഗുലന്‍ മൂവ്‌മെന്റിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കാനും തീരുമാനമായി.
പാക്-അഫ്ഗാന്‍ നേതാക്കളെ ക്ഷണിച്ചുവരുത്തി 'അഫ്ഗാന്‍ പീസ് സമ്മിറ്റ്' വിളിച്ചുകൂട്ടാനും തുര്‍ക്കിക്ക് പരിപാടിയു്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ആരോഗ്യം, ഊര്‍ജം, സാമ്പത്തികം, പ്രതിരോധം എന്നീ മേഖലകളില്‍ ബന്ധം ശക്തമായത് അക് പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരമേറ്റതോടെയാണ്.
കഴിഞ്ഞ 72 വര്‍ഷമായി പാകിസ്താനും തുര്‍ക്കിയും തമ്മില്‍ നിരവധി സാമ്പത്തിക -പ്രതിരോധ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. 1954-ല്‍ തുര്‍ക്കിയും ഇറാഖും ചേര്‍ന്ന് രൂപീകരിച്ച Central Treaty Organization (CENTO ) എന്ന് പിന്നീട് നാമകരണം ചെയ്യപ്പെട്ട ബഗ്ദാദ് പാക്ട് ആണ് ഇരു രാജ്യങ്ങളും പങ്കുചേര്‍ന്ന ആദ്യ കരാര്‍. 1964-ല്‍ പാകിസ്താന്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സാമൂഹിക-സാമ്പത്തിക സഹകരണം ഊര്‍ജിതപ്പെടുത്താന്‍ ഞലഴശീിമഹ ഇീീുലൃമശേീി ളീൃ ഉല്‌ലഹീുാലി േ(ഞഇഉ) രൂപീകരിച്ചു. 1985-ല്‍ ഋരീിീാശര ഇീീുലൃമശേീി ഛൃഴമിശ്വമശേീി (ഋഇഛ) എന്ന് പുനര്‍ നാമകരണം ചെയ്ത ഈ സംഘടനയില്‍ 1992-ല്‍ മധേ്യഷ്യന്‍ രാഷ്ട്രങ്ങളും അഫ്ഗാനിസ്താനും അംഗങ്ങളായി. ഒ.ഐ.സി, ഡി-8 ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ എന്നിവയിലും ഇരു രാഷ്ട്രങ്ങളും അംഗങ്ങളാണ്.
2018 ഫെബ്രുവരിയില്‍ ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും ശ്രമത്തെ സുഊദി അറേബ്യ, ചൈന എന്നീ രാഷ്ട്രങ്ങളുടെ സഹായത്തോടെ തുര്‍ക്കി പരാജയപ്പെടുത്തിയിരുന്നു. 2018 ജൂണില്‍, സുഊദിയുടെയും ചൈനയുടെയും നിലപാട് അയഞ്ഞതിനാല്‍ ദി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF) പാകിസ്താനെ ഈ ലിസ്റ്റില്‍ പെടുത്തിയെങ്കിലും തുര്‍ക്കി അവര്‍ക്കൊപ്പം നിലകൊള്ളുകയാണ് ചെയ്തത്.
ഇതിന് പ്രത്യുപകാരമായി, തുര്‍ക്കിയുടെ മേലുള്ള അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിനെതിരെ 'സപ്പോര്‍ട്ട് ടര്‍ക്കിഷ് ലിറ' എന്ന കാമ്പയിന്‍ പാകിസ്താന്‍ നടത്തിയിരുന്നു. പാകിസ്താന്‍ സംയുക്ത പാര്‍ലമെന്റിനെ മൂന്നു പ്രാവശ്യം അഭിമുഖീകരിച്ച ഏക വിദേശ നേതാവ് ഉര്‍ദുഗാനാണ്. 2016-ലെ പട്ടാള അട്ടിമറിയെ അപലപിച്ച ചുരുക്കം ചില രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്താന്‍. കഴിഞ്ഞ ആഴ്ച പാകിസ്താന്‍ സുപ്രീം കോര്‍ട്ട് പട്ടാള അട്ടിമറിക്കു പിറകിലെന്നു തുര്‍ക്കി കരുതുന്ന ഫത്ഹുല്ലാ ഗുലന്‍ മൂവ്‌മെന്റിന്റെ സ്‌കൂളുകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയിരുന്നു.
ഇസ്‌ലാമിക വിഷയങ്ങളിലും പാണ്ഡിത്യം
ഈയിടെ അന്തരിച്ച പ്രമുഖ ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ഖാദിര്‍ ഖാന് (1937-2018) ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യവുമുണ്ടായിരുന്നു. ഹോളണ്ടില്‍ സ്ഥിരതാമസമാക്കിയ പിതാവ് മൗലാനാ അബ്ദുര്‍റഹ്മാന്‍ ഖാന്‍ അവിടെ അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചിരുന്നു. ഖാദിര്‍ ഖാനെ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പിതാവ് ക്ഷണിച്ചിരുന്നെങ്കിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അറിവില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ബോളിവുഡില്‍ ചേരുന്നതിനു മുമ്പ് അഭിനയപരിചയം ഉണ്ടായിരുന്നോ എന്നായിരുന്നു പിതാവിന്റെ തിരിച്ചുള്ള ചോദ്യം. ഇത് ഖാദിര്‍ ഖാനെ ഏറെ സ്വാധീനിച്ചു. ഉടനെത്തന്നെ 1993-ല്‍ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസിലും അറബിക് ലിറ്ററേച്ചറിലും എം.എക്കു ചേര്‍ന്നു. പിതാവിന്റെ ആഗ്രഹപ്രകാരം മുംബൈയിലും പൂനെയിലും പണ്ഡിതരുടെ സഹായത്തോടെ ഇസ്‌ലാമിക വിശ്വാസം, ശരീഅത്ത് അടക്കം നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നഴ്‌സറി മുതല്‍ പി.ജി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കോഴ്‌സുകള്‍ തയാറാക്കുന്നതിന് ഖാദിര്‍ ഖാന്‍ നേതൃത്വം കൊടുത്തു. ഇസ്‌ലാമിക വിഷയങ്ങളും അറബി ഭാഷയും പഠിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം ദുബൈയിലും പിന്നീട് കാനഡയിലും 'കെ.കെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അറബിക് ലാംഗ്വേജ് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ്' സ്ഥാപിക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബറില്‍ ഹജ്ജ് ചെയ്തു. ഇന്ത്യ, യു.കെ, അമേരിക്ക തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ തന്റെ ഇന്‍സ്റ്റിറ്റിയൂട്ട് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു അദ്ദേഹം.
Comments