Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

ഫാഷിസത്തിന്റെ ആക്രോശങ്ങള്‍

ഇന്ത്യയിലേക്ക് ഫാഷിസം എത്തിയോ ഇല്ലേ എന്ന് ഇടക്കൊക്കെ സ്ഥലജലവിഭ്രാന്തിയില്‍ പെട്ടുപോകാറുണ്ട് സി.പി.എമ്മിനെപ്പോലുള്ള രാഷ്ട്രീയ കക്ഷികള്‍. ശബരിമല വിഷയത്തില്‍ നടന്ന ഏറ്റവുമൊടുവിലത്തെ ഹര്‍ത്താലില്‍ സംഘ്പരിവാറിന്റെ ബീഭത്സമായ അഴിഞ്ഞാട്ടം കണ്ടവര്‍ക്കൊന്നും ഇനി ഇക്കാര്യത്തില്‍ സംശയം ഉണ്ടാവാന്‍ ഇടയില്ല. ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ സംഘര്‍ഷമാണ് കേരളത്തിലും ഫാഷിസ്റ്റ് കക്ഷികള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഒന്നും യാദൃഛികമായോ അവിചാരിതമായോ സംഭവിച്ചതല്ല. കൃത്യമായ ആസൂത്രണം ഓരോ നീക്കത്തിനു പിറകിലും ഉണ്ടായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് അക്രമികളെ തടയുന്നതിലും പിടികൂടുന്നതിലും പോലീസിന് വലിയ വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കത്തില്‍ പോലീസിനെ ന്യായീകരിച്ചുവെങ്കിലും, വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്ന നടപടികളാണ് അദ്ദേഹത്തില്‍നിന്ന് പിന്നീടുണ്ടായത്. അഴിഞ്ഞാടിയവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയത് സ്വാഗതാര്‍ഹമാണ്.

ഹര്‍ത്താലിനോടനുബന്ധിച്ച് ഇത്ര വ്യാപകവും ആസൂത്രിതവുമായ അതിക്രമങ്ങള്‍ കേരളത്തില്‍ ആദ്യമാണെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം കലാപങ്ങള്‍ക്കൊന്നും യാതൊരു പുതുമയുമില്ല. ഭരണകൂടവും അതിന്റെ ഉപകരണമായ പോലീസും മറ്റു സുരക്ഷാ ഏജന്‍സികളും കലാപകാരികളെയും കൊലപാതകികളെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുക. സംഘ്പരിവാര്‍ ഭരണകൂടങ്ങള്‍ മാത്രമേ ഈ നിലപാട് സ്വീകരിക്കൂ എന്ന് കരുതുന്നതും അബദ്ധമായിരിക്കും. ഒട്ടുമിക്ക ദേശീയ കക്ഷികളിലും സ്വാതന്ത്ര്യ സമരകാലം മുതല്‍ക്കുതന്നെ ഫാഷിസത്തിന്റെ വിഷബീജങ്ങള്‍ കയറിപ്പറ്റിയിരുന്നു. ഏതു നിമിഷവും ഫാഷിസം ഏതെങ്കിലുമൊരു പാര്‍ട്ടിയിലൂടെ അതിന്റെ ബീഭത്സ മുഖം പുറത്തുകാട്ടുമെന്ന് അംബേദ്കറെപ്പോലുള്ള ക്രാന്തദര്‍ശികള്‍ അന്നേ മുന്‍കൂട്ടി കണ്ടിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടു മുമ്പ് 1946-ല്‍ അംബേദ്കര്‍ എഴുതിയ 'പാകിസ്താന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍' എന്ന കൃതിയില്‍ വരാന്‍ പോകുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്ന് 'ഹിന്ദുത്വ' പ്രയോഗമൊന്നും പ്രചാരത്തിലായിട്ടില്ല. ജാതിയിലധിഷ്ഠിതമായ ഭൂരിപക്ഷവാദത്തെ ഹിന്ദുരാജ് എന്നാണ് അദ്ദേഹം വിളിക്കുന്നത്. ആ പുസ്തകത്തിലെ വരികള്‍: ''ഹിന്ദു രാജ് ഒരു യാഥാര്‍ഥ്യമായി പുലരുകയാണെങ്കില്‍ അത് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല... ഹിന്ദു രാജ് വരുന്നത് എന്ത് വില കൊടുത്തും തടഞ്ഞേ പറ്റൂ'' (പേജ് 354,355). ആ ദുരന്തം എന്തായിരിക്കുമെന്നും അദ്ദേഹം മറ്റു പലയിടങ്ങളിലും വിശദീകരിച്ചിട്ടു്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഭൂരിപക്ഷവാദത്തില്‍ അടങ്ങിയിരിക്കുന്ന അപകടം, ന്യൂനപക്ഷങ്ങളെ അടക്കിഭരിക്കാന്‍ തങ്ങള്‍ക്ക് 'ദിവ്യാധികാരവും അവകാശവും' നല്‍കപ്പെട്ടിരിക്കുന്നു എന്ന ധാരണയാണ്. ഭൂരിപക്ഷം അവര്‍ക്ക് തോന്നിയപോലെ ന്യൂനപക്ഷങ്ങളെ ഭരിക്കും. ദേശീയത, ദേശവികാരം എന്നൊക്കെയായിരിക്കും അവരതിന് ചമയ്ക്കുന്ന ന്യായങ്ങള്‍. അധികാര പങ്കാളിത്തം വേണമെന്ന് ന്യൂനപക്ഷങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ അത് വര്‍ഗീയതയായി മുദ്രകുത്തപ്പെടും. സവര്‍ണ വിഭാഗങ്ങള്‍ അധികാരം കുത്തകയാക്കി വെക്കുന്നതിനെ ദേശീയത എന്ന് പേരുമാറ്റി വിളിക്കും. ഈയൊരു ദുരന്തം ന്യൂനപക്ഷങ്ങള്‍ക്ക് വന്നുകഴിഞ്ഞുവെന്നും അത് ദലിത് വിഭാഗങ്ങള്‍ക്ക് സംഭവിക്കാതിരിരക്കാനാണ് അവര്‍ക്ക് പ്രത്യേക സംരക്ഷണം ഭരണഘടനാപരമായി തന്നെ വേണമെന്ന് താന്‍ വാദിക്കുന്നതെന്നും അംബേദ്കര്‍ പിന്നീട് വിശദീകരിച്ചിട്ടുണ്ട്.

അംബേദ്കര്‍ ചൂണ്ടിക്കാണിച്ച ഫാഷിസത്തിന്റെ ആക്രോശങ്ങളാണ് നാം നാനാ ദിക്കില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ അത് കേട്ടില്ലെന്നു നടിക്കുന്നതും അത് മറ്റെന്തോ ശബ്ദങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും മഹാ പാതകമാണെന്നേ പറയുന്നുള്ളൂ. 

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍