Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

ഭരണവിഭജനങ്ങളും അതിര്‍ത്തി നിര്‍ണയങ്ങളും

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-84)

വിവിധ ജനവിഭാഗങ്ങളുമായി പ്രവാചകനുണ്ടായിരുന്ന ബന്ധങ്ങളും അവര്‍ അദ്ദേഹത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ നിലപാടുകളില്‍ ചെലുത്തിയ ക്രിയാത്മക സ്വാധീനവുമാണ് നാം പറഞ്ഞുകൊണ്ടിരുന്നത്. പരമ്പരാഗതമായി നിലനിന്ന ഏതെങ്കിലും ഭരണവ്യവസ്ഥയുടെ തുടര്‍ച്ചക്കാരനായിരുന്നില്ല പ്രവാചകന്‍. ശൂന്യതയില്‍നിന്ന് ഒരു ഭരണനിര്‍വഹണ സംവിധാനം കെട്ടിപ്പടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു നഗരപാര്‍ശ്വത്തില്‍ ഉദയം കൊണ്ട ഈ ഭരണസംവിധാനത്തിന്റെ വികാസം അതിന്റെ നിര്‍മാതാവിന്റെ മരണം വരെ, അതായത് പത്തു വര്‍ഷക്കാലം തുടരുക തന്നെയായിരുന്നു. ഈ വികാസം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നമുക്ക് ചരിത്രകാരന്മാരില്‍നിന്ന് ലഭിക്കുന്നില്ല. അതിനാല്‍ നബി മുന്‍കൈയെടുത്ത കരാറുകളെയും സൈനിക നീക്കങ്ങളെയും മുമ്പില്‍വെച്ച് ആ രാഷ്ട്രവികാസത്തിന്റെ നാള്‍വഴികള്‍ അന്വേഷിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

ഹി. ഒന്നാം വര്‍ഷം: മദീന നഗരരാഷ്ട്രത്തിന്റെ സ്ഥാപനം. അതിന്റെ സ്വാധീന/സൗഹൃദവൃത്തം മദീനക്കും ചെങ്കടല്‍ തീരത്തിനുമിടയില്‍. ജുഹൈന ഗോത്രവുമായി പ്രത്യേക ബന്ധങ്ങള്‍. 

ഹി. രണ്ടാം വര്‍ഷം: ബനൂ ളംറയുമായി പ്രതിരോധസഖ്യങ്ങള്‍ ഉണ്ടാക്കി. ഈ ബന്ധങ്ങള്‍ മദീനയുടെ തെക്കോട്ടും തെക്കു പടിഞ്ഞാറോട്ടും വ്യാപിപ്പിക്കുന്നു. യുദ്ധമുതലുകള്‍ പ്രവാചകന്‍ ഇസ്‌ലാമിക ഭരണപ്രദേശത്തിനകത്ത് മാത്രമായിരുന്നു വിതരണം ചെയ്തത്. ബദ്‌റില്‍നിന്നുള്ള യുദ്ധമുതലുകള്‍ സ്വഫ്‌റാഅ് താഴ്‌വരക്കടുത്തുള്ള സയറില്‍ വെച്ചായിരുന്നു വിതരണം (ഇബ്‌നു ഹിശാം, പേ: 458). അതേ വര്‍ഷം പ്രവാചകന്‍ മദീനക്ക് കിഴക്കുള്ള സുലൈം- ഗത്വ്ഫാന്‍ അധിവാസ മേഖലയിലെ ഖര്‍ഖറതുല്‍ കുദ്‌റിനെതിരെ പ്രതികാര സൈനിക നടപടി സ്വീകരിച്ചു.

ഹി. മൂന്നാം വര്‍ഷം: നിരവധി സൈനിക ദളങ്ങളെ പറഞ്ഞയക്കുന്നു നജ്ദിലേക്ക്, മദീനയുടെ കിഴക്കുള്ള ദാത്തുര്‍രിഖ, ഖറദ എന്നിവിടങ്ങളിലേക്ക്.

ഹി. നാലാം വര്‍ഷം: വീണ്ടും വളരെ കിഴക്കുമാറി നജ്ദിലെ ഫൈദ് വരെ പടയോട്ടം.

ഹി. അഞ്ചാം വര്‍ഷം: അറേബ്യയുടെ ഏറ്റവും വടക്കേ അറ്റത്തേക്ക് സൈന്യത്തെ അയക്കുന്നു. അതായത് ദൂമതുല്‍ ജന്‍ദല്‍ വരെ. മറ്റൊന്ന് തെക്കു ഭാഗത്ത് മുറൈസിലേക്ക് (ഇത് മക്കയില്‍നിന്ന് വിദൂരത്തല്ല). മുസ്വ്ത്വലിഖിനെതിരെയാണ് ഈ പടനീക്കം. ഇവര്‍ ഇസ്‌ലാമിലേക്ക് വന്നതോടെ മക്കയുടെ അതിര്‍ത്തിയോളമെത്തി ഇസ്‌ലാമിന്റെ വ്യാപനം.

ഹി. ആറാം വര്‍ഷം: മദീനയുടെ കിഴക്ക് നജ്ദിനെതിരെ പടനീക്കം. മറ്റൊന്ന് ഉസ്ഫാനെതിരെ. മക്കയുടെ പ്രാന്തത്തിലുള്ള കുറാഉല്‍ ഗമീം വരെ അത് എത്തുന്നു.

ഹി. ഏഴാം വര്‍ഷം: മദീനക്ക് വടക്കുള്ള ഖൈബര്‍, വാദില്‍ ഖുറാ, ഫദക് എന്നിവ പിടിച്ചെടുക്കുന്നു. നജ്ദില്‍ വീണ്ടും പടയോട്ടങ്ങള്‍. അറേബ്യന്‍ ഉപദ്വീപിന്റെ കിഴക്കും വടക്കു കിഴക്കുമുള്ള ബഹ്‌റൈനും ഉമാനും കൂട്ടിച്ചേര്‍ക്കുന്നു.

ഹി. എട്ടാം വര്‍ഷം: മക്ക ജയിച്ചടക്കുന്നു. കൂടുതല്‍ തെക്കോട്ടു മാറി  തിഹാമ തീരദേശ മേഖലയും. ഫലസ്ത്വീനിലേക്കും നിരവധി പടയോട്ടങ്ങള്‍ (മുഅ്ത, ദാതുല്‍ അത്വ്‌ലാഹ്..).

ഹി. ഒമ്പതാം വര്‍ഷം: തെക്കന്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുന്നു; യമന്‍ പോലുള്ളവ. വടക്കന്‍ മേഖലയില്‍ ദൂമതുല്‍ ജന്‍ദല്‍ മുതല്‍ ഫലസ്ത്വീന്‍ വരെയുള്ള പ്രദേശങ്ങളും (മഖ്‌ന, ഐലാ, ജര്‍ബാഅ്, അദ്‌റുഹ് പോലുള്ളവ). ഇത് 'പ്രതിനിധി സംഘങ്ങളുടെ വര്‍ഷം' (ആമുല്‍ വുഫൂദ്) എന്ന പേരില്‍ അറിയപ്പെടുന്നു. അറേബ്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധി സംഘങ്ങളെ പ്രവാചകന്‍ സ്വീകരിച്ച വര്‍ഷമാണത്. അറേബ്യ മുഴുവനായി ഇതോടെ കീഴടങ്ങി. ഇറാഖിന്റെയും ഫലസ്ത്വീന്റെയും തെക്കു ഭാഗത്ത് ചില മേഖലകളും അധീനത്തിലായി.

ഹി. പത്താം വര്‍ഷം: യമന്‍ മുതല്‍ ഏദന്‍ വരെയുള്ള ഏതാനും മലമ്പ്രദേശങ്ങള്‍ കീഴില്‍ വരുന്നു. പ്രവാചകന്‍ ഹജ്ജിനായി മക്കയിലെത്തുമ്പോള്‍, അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഒരു ലക്ഷത്തിലധികം അനുയായികളെ പ്രവാചകന് അഭിസംബോധന ചെയ്യാന്‍ സാധിച്ചു.

ഹി. പതിനൊന്നാം വര്‍ഷം: ഈ വര്‍ഷത്തിന്റെ മൂന്നാം മാസം പ്രവാചകന്റെ വിയോഗം.

 അറേബ്യന്‍ ഉപദ്വീപിന്റെ വിസ്തൃതി മുപ്പത് ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഈ മേഖലയൊന്നാകെ കീഴടങ്ങിയത് പത്തു വര്‍ഷം കൊണ്ട്. അതായത് ആ കാലത്തിനിടയില്‍ ഓരോ ദിവസവും ശരാശരി 822 ച.കി.മീ അധീനതയിലായിക്കൊണ്ടിരുന്നു എന്നര്‍ഥം. ഹി. പത്താം വര്‍ഷം ഏകദേശം 1,40,000 മുസ്‌ലിംകള്‍ മക്കയില്‍ എത്തിയിട്ടുണ്ട്. വീട്ടില്‍ തന്നെ തങ്ങിയവരുടെ എണ്ണം എത്രയെന്ന് തിട്ടമില്ല (ഒരുപക്ഷേ അഞ്ചു ലക്ഷം പേര്‍). ചരിത്രത്തില്‍ മറ്റേതൊരാള്‍ക്കാണ് ഇത്ര വലിയ മനഃപരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധ്യമായത്?

 

ഭരണ വിഭജനങ്ങള്‍

തുടക്കത്തില്‍ മദീനയിലെ വിശ്വാസികള്‍ക്ക് അഞ്ചു നേരത്തെ നമസ്‌കാരം പോലുള്ള ധാര്‍മിക കടമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സകാത്ത് വിഹിതം അടച്ചുകൊണ്ടിരിക്കുകയും വേണം. ഭരണസംബന്ധമായ സൗകര്യങ്ങള്‍ പരിഗണിച്ച് പല മേഖലകളാക്കി തിരിക്കുന്നതിനെക്കുറിച്ച് അക്കാലത്ത് അവര്‍ ആലോചിക്കുക പോലും ചെയ്തിരുന്നില്ല. ഓരോ പ്രദേശത്തും പ്രവാചകന്‍ ഭരണമുഖ്യന്മാരെ നിശ്ചയിച്ചിരുന്നുവെന്നത് ശരിയാണ്. ഇസ്‌ലാം സ്വീകരിച്ച ഗോത്രങ്ങള്‍ക്ക് നീതിന്യായ പരവും സാംസ്‌കാരികവും മറ്റുമായ അത്തരം അധികാരങ്ങള്‍ നല്‍കുകയാണ് ചെയ്തത്. ഭൂ ഉടമസ്ഥതയില്‍ അവര്‍ക്ക് മുമ്പുണ്ടായിരുന്ന എല്ലാ അവകാശങ്ങളും അദ്ദേഹം അംഗീകരിച്ചു കൊടുത്തു. അതിനാല്‍ എത്ര ഗ്രൂപ്പുകളും ഗോത്രങ്ങളുമുണ്ടോ അത്രത്തോളം 'പ്രവിശ്യകളും' ഉണ്ടായി. ഓരോ ഗ്രൂപ്പിന്റെയും കൈമുതലുകളെന്താണോ അതിനനുസരിച്ച് ഈ 'പ്രവിശ്യകള്‍' വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു.

ഹി. ഒമ്പതാം വര്‍ഷം മാത്രമാണ് പ്രവാചകന്‍ വിവിധ പ്രദേശങ്ങളിലേക്ക് സകാത്ത് സമാഹരിക്കാനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ വ്യക്തികളെ അയക്കുന്നത്. ഗവണ്‍മെന്റിലേക്ക് നേരിട്ട് നികുതി പിരിക്കുന്ന സമ്പ്രദായത്തിന് അങ്ങനെ സമാരംഭമായി. ഭരണ മേഖലയുടെ വിഭജനമുണ്ടാകുന്നത് ഇതോടനുബന്ധിച്ചു തന്നെ. ഉദാഹരണത്തിന്, അബ്ബാദു ബ്‌നു ബിശ്ര്‍ അല്‍ അശ്ഹലി എന്നൊരു ഗവണ്‍മെന്റ് ഏജന്റിനെ സുലൈം, മുസൈന എന്നീ രണ്ട് ഗോത്രങ്ങളിലേക്കായി അയക്കുമ്പോള്‍, ഈ രണ്ട് 'പ്രവിശ്യകളെ'യും ഒന്നാക്കുന്ന ഒരു പ്രക്രിയ നടക്കുന്നുണ്ട് (ഈ ഗോത്രങ്ങളുടെ അധിവാസമേഖല അടുത്തടുത്തായിരിക്കണമെന്ന് മാത്രം). അതേസമയം ഒരേ പ്രദേശത്തേക്ക് -ഉദാഹരണത്തിന് തമീം അധിവാസമേഖലയിലേക്ക്- നിരവധി നികുതിപിരിവുകാരെ പറഞ്ഞയക്കുകയാണെങ്കില്‍, ജനസാന്ദ്രതയുള്ള ആ 'പ്രവിശ്യ'യുടെ ഭരണപരമായ വിഭജനത്തിനും അത് വഴിവെക്കും. നികുതിപിരിവുകാരായ അത്തരം ധാരാളം പേരെ ത്വബരിയും ഇബ്‌നു ഹബീബും ളഫദിയും പരാമര്‍ശിച്ചിട്ടുണ്ട്. കരാര്‍ പത്രങ്ങളിലും ചാര്‍ട്ടറുകളിലുമൊക്കെ അവരുടെ പേരുകള്‍ കാണാം. ഇതൊക്കെ വെച്ച് ഗവേഷകര്‍ക്ക്, ഉയര്‍ന്നു വരുന്ന ഈ സ്റ്റേറ്റിന്റെ പ്രവിശ്യകളുടെയും ജില്ലകളുടെയും അതിരുകള്‍ നിശ്ചയിക്കാനാവും. ഓരോ ഗോത്രത്തിനുമുണ്ടായിരുന്ന ജലസ്രോതസ്സുകള്‍, പര്‍വത മേഖലകള്‍, താഴ്‌വരകള്‍ തുടങ്ങിയ വിവരങ്ങളൊക്കെ ലഭ്യമാണ്. അറേബ്യന്‍ ഉപദ്വീപിന്റെ മാപ്പുകള്‍ എടുത്തുനോക്കിയാല്‍ നേരത്തേയുണ്ടായിരുന്ന പേരുകളില്‍ ചിലതു മാത്രമേ മാറിയിട്ടുള്ളൂ. ബാക്കിയൊക്കെ അതേ പേരില്‍ തന്നെയാണ്. ഇതും ചരിത്രഗവേഷകന്റെ ജോലി എളുപ്പമാക്കുന്നു.

ഭരണസംബന്ധമായ ശ്രേണീവ്യവസ്ഥയില്‍ രണ്ടുതരം മുഖ്യന്മാരെ നമുക്ക് കാണാനാവും: ഒന്ന്, പരമ്പരാഗതമായിത്തന്നെ ഗോത്രമുഖ്യന്മാരും മറ്റും ആയിട്ടുള്ളവര്‍. ചിലപ്പോള്‍ പ്രവാചകന്‍ അവരെ നിയമിക്കും, അല്ലെങ്കില്‍ നേരത്തേ അവര്‍ക്കുള്ള സ്ഥാനത്തിന് സ്ഥിരീകരണം നല്‍കും. മറ്റു ചിലപ്പോള്‍ അതത് ഗോത്രക്കാര്‍ തന്നെ മുഖ്യന്മാരെ തെരഞ്ഞെടുത്തെന്നും വരാം. രണ്ട്, താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന മുഖ്യന്മാര്‍. നികുതിപിരിവുകാര്‍, ജഡ്ജിമാര്‍, അധ്യാപകര്‍, മറ്റു പൊതുസേവകര്‍ പോലുള്ളവര്‍. അവരെ പലപ്പോഴും പ്രവാചകന്‍ തലസ്ഥാനത്തുനിന്ന് നിശ്ചിത മേഖലകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുക. പാരമ്പര്യ മുഖ്യന്മാരോടും ചിലപ്പോള്‍ നികുതി പിരിച്ച് മദീനയിലേക്ക് അയക്കാനോ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നികുതി പിരിവുകാരെ ഏല്‍പിക്കാനോ പറഞ്ഞെന്നുമിരിക്കും. ആദ്യ ഇനത്തില്‍പെട്ട മുഖ്യന്മാര്‍ എണ്ണത്തില്‍ വളരെയധികമുണ്ടായിരുന്നു. പ്രാചീന കോളനി ഭരണപ്രദേശങ്ങളില്‍ അക്കാലത്തെ രാജഭരണവംശങ്ങള്‍ പ്രവാചകന്‍ ചെയ്തതു പോലെത്തന്നെ പ്രാദേശിക മുഖ്യന്മാരെ സ്ഥിരപ്പെടുത്തുകയാണ് ചെയ്തിരുന്നത്. അതിനര്‍ഥം ഓരോ മേഖലയിലും സ്വയംഭരണം നിലനിന്നിരുന്നു എന്നാണ്. നേര്‍ക്കു നേരെ ഭരണം നടത്തുന്ന സമ്പ്രദായമല്ല ഉണ്ടായിരുന്നത്. ഫെഡറേഷന്‍ എന്നോ കോണ്‍ഫെഡറേഷന്‍ എന്നോ നമുക്ക് ആ സംവിധാനത്തെ വിളിക്കാം.

 

(അവസാനിച്ചു)

വിവ: അശ്‌റഫ് കീഴുപറമ്പ്

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍