ഇല്ല, ഈ ഫാഷിസത്തിന് ഇവിടെ തുടരാനാകില്ല
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം. ജര്‍മനിയിലും ഇറ്റലിയിലും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും നാസിസവും ഫാഷിസവും അരങ്ങു വാഴുന്ന കാലം. അപ്പോള്‍ അമേരിക്കയില്‍ എപ്പോഴും തീവ്ര വലതുപക്ഷത്തിന്റെ കൂടെമാത്രം നിന്ന ചരിത്രമുള്ള ലൂസിയാന ഗവര്‍ണര്‍ ആയിരുന്ന Huey Long 1936-ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനുവേണ്ടി മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നു (അമേരിക്കയുടെയും ലോകത്തിന്റെയും ഭാഗ്യമാണോ അതോ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും നിര്‍ഭാഗ്യമാണോ എന്നറിയില്ല അദ്ദേഹം1935 -ല്‍ വധിക്കപ്പെടുകയായിരുന്നു). അക്കാലത്ത് 'ഫാഷിസ്റ്റ്ഭരണം ഇവിടെ സമ്മതിക്കില്ല' എന്ന പ്രമേയം ആധാരമാക്കി സിന്‍ക്ലെയര്‍ ലൂയിസ് രചിച്ച നോവലാണ് It Can't Happen Here. അതിലെ മുഖ്യകഥാപാത്രം ചരിത്രത്തില്‍ നിരന്തരം ആവര്‍ത്തിച്ചു വരാവുന്ന അധികാരക്കൊതി മൂത്ത ഹിറ്റ്‌ലര്‍, മുസ്സോളിനി, ഫ്രാങ്കോ, Huey Long, മോദി പോലുള്ള പോപ്പുലിസ്റ്റ് പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് വലിയ വായില്‍ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിക്കുന്ന, വംശീയതയുടെയും വര്‍ഗീയതയുടെയും വിഷംതുപ്പുന്ന, രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഇതര പാര്‍ട്ടികളെ ദേശദ്രോഹികളായി മുദ്രകുത്തുന്ന, സങ്കുചിത ദേശീയവികാരം ആളിക്കത്തിച്ച് അധികാരം കൈക്കലാക്കുന്ന ആരുമാകാം. ഈ കഥാപാത്രത്തിന് നരേന്ദ്ര മോദിയുമായുള്ള സാദൃശ്യവും സമാനതയും അനിതരസാധാരണമാണ്. ഫാഷിസ്റ്റ് രീതികള്‍ക്ക് സമാനതയുള്ളളതുകൊണ്ടുകൂടിയായിരിക്കും ആ നോവല്‍ അങ്ങനെ നമുക്ക് അനുഭവപ്പെടുന്നത്. നോവലിനെ ഇന്ത്യന്‍ പശ്ചാത്തലത്തോട് ചേര്‍ത്തു വായിച്ചാല്‍ മതി കാര്യം പിടികിട്ടും. നോവലിലെ വിന്‍ഡ്രിപ്പ് എന്ന കഥാപാത്രം പറയുന്നത്, താന്‍ അമേരിക്കയുടെ പരമ്പരാഗത മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ചാമ്പ്യനാണ് എന്നാണ്. വിജയിച്ചാല്‍, സ്വിസ്ബാങ്കില്‍നിന്ന് കള്ളപ്പണം പിടിച്ചെടുത്തിട്ടല്ലെങ്കിലും, ഓരോ പൗരനും ഓരോ വര്‍ഷവും 5000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നുണ്ട് അയാള്‍ (1936-ലെ അയ്യായിരം ഡോളറാണ്, ഇപ്പോഴത്തെ മൂല്യവുമായി താരതമ്യം ചെയ്താല്‍ മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയിലേറെ വരുമത്!). അങ്ങനെ റൂസ്വെല്‍റ്റിനെ തോല്‍പ്പിച്ച് വിന്‍ഡ്രിപ്പ് പ്രസിഡന്റാവുന്നു (അന്നത്തെ ലൂസിയാനാ ഗവര്‍ണര്‍ Huey Long വധിക്കപ്പെട്ടാലെന്താ. ഇവിടെ ഇപ്പോള്‍ അതേ സ്വഭാവത്തിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റുമൊക്കെയുല്ലോ). പ്രസിഡന്റായതില്‍ പിന്നെ ഫാഷിസത്തിന്റെ ഭീകരനയങ്ങള്‍ ഓരോന്നോരോന്നായി അയാള്‍ നടപ്പാക്കാന്‍ തുടങ്ങി. ആദ്യം അമേരിക്കന്‍ ഗവണ്‍മെന്റിനെ അതോറിറ്റേറിയന്‍ സ്വഭാവത്തില്‍ പുനഃസംഘടിപ്പിക്കുന്നു. പിന്നെ, പെട്ടെന്ന് എതിരഭിപ്രായങ്ങളെ നിരോധിക്കുന്നു, രാഷ്ട്രീയ എതിരാളികളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കെടുത്തെറിയുന്നു. Minute Men (സംഘ് പരിവാറിന് സമാനം) എന്ന ഒരു സുസംഘടിത അര്‍ധസൈനിക വിഭാഗത്തെ ഒരുക്കിനിര്‍ത്തുന്നു, അവര്‍ പൗരന്മാരില്‍ ഭീതി ജനിപ്പിക്കുന്നു. വിന്‍ഡ്രിപ്പിന്റെ ഫാഷിസ്റ്റ് നയപരിപാടികളും കോര്‍പ്പറേറ്റ് ഭരണക്രമവും ആള്‍ക്കൂട്ട ശക്തിയുപയോഗിച്ച് നടപ്പാക്കുന്നു. പ്രസിഡന്റ് എന്ന നിലയില്‍ വിന്‍ഡ്രിപ്പ് നടത്തുന്ന ആദ്യ നീക്കങ്ങളിലൊന്ന്, അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വാധീനം ഇല്ലാതാക്കലാണ്. ഇത് പൗരന്മാരുടെയും സാമാജികരുടെയും കടുത്ത എതിര്‍പ്പിനു കാരണമാവുമ്പോള്‍ Minute Men പ്രതിഷേധക്കാരെ ബയണറ്റ്‌കൊണ്ട് ആക്രമിക്കുന്നു. വിന്‍ഡ്രിപ്പിന്റെ കോര്‍പറേറ്റ് സര്‍ക്കാര്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കുന്നു. ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവെക്കുന്നു. എന്നിട്ട് തങ്ങള്‍ മാനേജ് ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റീവ് സെക്ടറുകളാക്കി സംസ്ഥാനങ്ങളെ മാറ്റുന്നു. ഈ കോര്‍പറേറ്റ് മാനേജ്‌മെന്റില്‍ അധികവും ഒന്നുകില്‍ Minute Men ആയിരിക്കും, അല്ലെങ്കില്‍ പ്രധാന വ്യവസായികളുടെയോ കച്ചവടക്കാരുടെയോ പ്രതിനിധികള്‍ (ഇന്ത്യയിലെ ഇപ്പോഴത്തെ ഗവര്‍ണര്‍മാര്‍ ഏറക്കുറെ ഇതേ സ്വഭാവത്തിലാണ്). ഗവണ്‍മെന്റിനെതിരെയുള്ള പ്രതിഷേധക്കാരെ മിലിറ്ററി ജഡ്ജിമാര്‍ ആധ്യക്ഷം വഹിക്കുന്ന കങ്കാരു കോടതികളില്‍ വിചാരണചെയ്തു തടവിലിടുന്നു. യഥാര്‍ഥ കുറ്റവാളികളായ Minute Men ഓരോരുത്തരായും കൂട്ടമായും 'നിരപരാധികളെന്നു ക്' വിട്ടയക്കപ്പെടുന്നു. ഇത്രയും ക്രൂരവും ഏകാധിപത്യ - സമഗ്രാധിപത്യപരവുമായ നടപടികള്‍ സ്വീകരിച്ചിട്ടും, അമേരിക്കന്‍ ജനതയിലെ ബഹുഭൂരിപക്ഷവും വിന്‍ഡ്രിപ്പിനെയും അദ്ദേഹത്തിന്റെ ഭരണരീതിയെയും 'അമേരിക്കന്‍ ശക്തി വീണ്ടെടുക്കാന്‍ ഒഴിച്ചുകൂടാനാവാത്ത വേദന'യായി ക് പിന്തുണക്കുന്നു. സെനറ്റര്‍ ടൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തിലുള്ള മറ്റുള്ളവരാകട്ടെ 'ഫാഷിസം ഇവിടെ നടപ്പില്ല' (It Can’t Happen Here) എന്ന ഉറച്ച നിലപാടില്‍ നിലയുറപ്പിക്കുന്നു.
കഥ മുഴുവന്‍ പറയുന്നില്ല. 90 വര്‍ഷം മുമ്പ് അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ്. കൃത്യമായും ഇപ്പോഴത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിന്റെ പരിഛേദം. നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം, ആര്‍ജവത്തോടെ 'ഇവിടെ ഫാഷിസം നടപ്പില്ല' എന്ന് പറയാന്‍ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ടൗണ്‍ബ്രിഡ്ജിനെ പോലുള്ള ശക്തനായ പ്രതിപക്ഷ നേതാവോ നോവലിലെ മുഖ്യകഥാപാത്രമായ ഡോറിമസ് ജെസ്സപിനെ പോലുള്ള ആക്ടിവിസ്റ്റുകളോ ഇല്ല എന്നതാണ്. അതാണ് ഫാഷിസത്തിന് നമ്മുടെ രാജ്യത്ത് അധികാരത്തിലെത്താന്‍ സാഹചര്യം ഒരുക്കിയത്. ഒരു കാര്യം ഉറപ്പാണ്; ഫാഷിസം ഒരു രാജ്യത്തെയും ശക്തിപ്പെടുത്തിയിട്ടില്ല, ദുര്‍ബലപ്പെടുത്തിയിട്ടേയുള്ളൂ. ഒന്നിപ്പിച്ചിട്ടില്ല, വിഭജിച്ചിട്ടേയുള്ളൂ. ആര്‍ക്കും സമാധാനപൂര്‍ണമായ ജീവിതം നല്‍കിയിട്ടില്ല, എല്ലാവര്‍ക്കും യുദ്ധങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും വേദനകളും സങ്കടങ്ങളും മാത്രമേ നല്‍കിയിട്ടുള്ളൂ. കലാപങ്ങളുണ്ടാക്കിയാണ് അത് കടന്നുവരിക, കലാപങ്ങളിലൂടെയും കയോസിലൂടെയും തന്നെയാണ് അത് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുക. ആഭ്യന്തര കലഹങ്ങളും യുദ്ധങ്ങളും മാത്രമേ അതിന് പരിചയമുള്ളൂ. അതാണ് ചരിത്രം പഠിപ്പിക്കുന്നത്. അതു തന്നെയാണ് സിന്‍ക്ലെയര്‍ ലൂയിസിന്റെ നോവലും പറയുന്നത്. അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് ഒരൊറ്റ ശബ്ദത്തില്‍ ഇതൊന്ന് തിരുത്തിപ്പറയാം; ഈ വന്‍ അബദ്ധം ഇവിടെ സംഭവിച്ചുപോയി, ‘But It Can't Continue Here’. ഇതാവട്ടെ പ്രതിപക്ഷത്തിന്റെ അടുത്ത തെരഞ്ഞടുപ്പിലെ signature slogan.
1940-ല്‍ പ്രസിദ്ധീകരിച്ച 'മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി' (For Whom The Bell Tolls) എന്ന ഏണെസ്റ്റ് ഹെമിങ്വേയുടെ നോവല്‍ ഫാഷിസ്റ്റ് നുകത്തില്‍ അകപ്പെട്ട ഒരു രാജ്യത്തിന്റെയും ജനതയുടെയും ദുരന്തങ്ങളെ കൂടി ചിത്രീകരിക്കുന്ന ഒരു യുദ്ധകഥയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ നാലാം ദശകത്തിന്റെ രണ്ടാം പാദത്തില്‍ സ്‌പെയ്‌നിലെ ഫാലഞ്ജിസ്റ്റ് ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്ന ഫ്രാങ്കോക്കെതിരായുള്ള ആഭ്യന്തരയുദ്ധത്തില്‍ ഒരു റിപ്പോര്‍ട്ടറായി അവിടെയെത്തി റിപ്പബ്ലിക്കന്‍ ഗറില്ലകളുടെ കൂടെ ചേര്‍ന്ന് യുദ്ധം ചെയ്ത ഹെമിങ്വേയുടെ തന്നെ അനുഭവങ്ങളെ കൂടി ചിത്രീകരിക്കുന്ന നോവലാണ് അത്. അതിലെ മുഖ്യ കഥാപാത്രമായ റോബര്‍ട്ട് ജോര്‍ദാന്‍ പ്രതിനിധാനം ചെയ്യുന്നത് ഹെമിങ്വേയെ കൂടിയാണ്. ഈ നോവലിന് 'മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി?' എന്ന തലക്കെട്ട് സ്വീകരിച്ചത് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ദാര്‍ശനിക കവി ജോണ്‍ ഡണ്ണിന്റെ (John Donne) ഒരു കവിതയില്‍നിന്നാണ്. അദ്ദേഹം ആ നോവലിന്റെ തുടക്കത്തില്‍തന്നെ ആ കവിതാ ശകലം എപിഗ്രാഫായി എടുത്തുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്; 'ആരും ഒരു ദ്വീപല്ല, ഒരു ഭൂഖണ്ഡത്തിന്റെ ചീന്താണ്. ഒരു സാകല്യത്തിന്റെ ഭാഗമാണ്. ഏതൊരു മനുഷ്യന്റെ മരണവും എന്നെ ന്യൂനീകരിക്കുന്നു. കാരണം ഞാന്‍ മാനുഷ്യകത്തിന്റെ ഭാഗമാണ്. മണി ആര്‍ക്കു വേണ്ടിയാണ് മുഴങ്ങുന്നത് എന്ന് അന്വേഷിക്കേണ്ട. അത് നിനക്കു വേണ്ടിത്തന്നെയാണ്.' നാം ഇന്ത്യക്കാര്‍ ചോദിക്കേണ്ട ചോദ്യമാണ്. ഒരുപാട് നാളുകളായി നമ്മുടെ രാജ്യത്ത് ഫാഷിസത്തിന്റെ മണി അത്യുച്ചത്തില്‍ മുഴങ്ങിത്തുടങ്ങിയിട്ട്. ചെകിടടപ്പിക്കുന്ന ശബ്ദത്തിലായതുകൊണ്ടാണോ എന്നറിയില്ല, ആരും ഇനിയും അത് കേട്ടതായിപ്പോലും ഭാവിക്കുന്നില്ല. അല്ലെങ്കില്‍ പലരും മറ്റെന്തോ ആണ് കേട്ടുകൊണ്ടിരിക്കുന്നത് എന്ന ചിന്തയിലാണ്.
നമുക്ക് ജോണ്‍ ഡണ്‍ പറഞ്ഞതുപോലെ ഒരു ദ്വീപായി കഴിയാന്‍ സാധിക്കില്ല. രാജ്യത്തെ ഏതൊരു പൗരനെയും ബാധിക്കുന്ന കാര്യം നമ്മെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണെന്ന് നാം മനസ്സിലാക്കണം. ഒരാള്‍ അന്യായമായി വധിക്കപ്പെടുമ്പോള്‍ നാം ഓരോരുത്തരുമാണ് വധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ നമുക്കോരോരുത്തര്‍ക്കുമാണ് നീതി നിഷേധിക്കപ്പെടുന്നത്. അന്യായമായി ആരെങ്കിലും തുറുങ്കിലടക്കപ്പെടുമ്പോള്‍ നാമോരോരുത്തരുമാണ് തുറുങ്കിലടക്കപ്പെടുന്നത്. ഏതെങ്കിലും പത്രവും മീഡിയയും വേട്ടയാടപ്പെടുമ്പോള്‍ നമ്മളോരോരുത്തരുടെയും അഭിപ്രായസ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്. ഇവിടെ നമ്മുടെ രാജ്യത്ത് ഈ പ്രശ്‌നം ഏതെങ്കിലും ഒന്നോരണ്ടോ ആളുകളുടേതല്ല. പതിനായിരക്കണക്കിന് മനുഷ്യരാണ് സംഘ്പരിവാര്‍ ഫാഷിസത്തിന്റെ ക്രൂരതകള്‍ക്ക് ഓരോ ദിവസവും നേരിട്ട് ഇരകളായിക്കൊണ്ടിരിക്കുന്നത്.
ഫാഷിസത്തെകുറിച്ച് ഇതേ നോവലില്‍ മുഖ്യകഥാപാത്രമായ അമേരിക്കക്കാരന്‍ റോബര്‍ട്ട് ജോര്‍ദാന്‍ 'നിങ്ങളുടെ നാട്ടില്‍ കുറേ ഫാഷിസ്റ്റുകള്‍ ഉണ്ടോ' എന്ന പ്രിമിറ്റിവോയുടെ ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്; There are many who do not know they are fascists but will find it out when the time comes. നമ്മുടെ നാട്ടിലും സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതലേ ഇഷ്ടംപോലെ ഫാഷിസ്റ്റുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണല്ലോ മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്. അവര്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍തന്നെ നുഴഞ്ഞുകയറി അവരെ പ്രതിസന്ധിയിലാക്കുന്ന പണിയെടുത്തുകൊണ്ടേയിരുന്നു. പക്ഷേ, ആ ഭരിക്കുന്ന പാര്‍ട്ടി അറിഞ്ഞിരുന്നേയില്ല, അവരുടെ കാലിന്നടിയില്‍നിന്ന് മണ്ണൊലിച്ചുപോയിക്കൊണ്ടിരുന്നത്. ന്യൂനപക്ഷങ്ങളും ദലിത് പിന്നാക്ക വിഭാഗങ്ങളുമായിരുന്നു സ്വാതന്ത്ര്യാനന്തരകാലം മുതലേ ഭരിച്ചുകൊണ്ടിരുന്ന ആ പാര്‍ട്ടിയുടെ ഉറച്ച വോട്ട്ബാങ്ക്. അതിനു ഇളക്കം തട്ടിക്കാനായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം കലാപങ്ങളും സ്‌ഫോടനങ്ങളും അരങ്ങേറി. കലാപകാരികളായ ഫാഷിസ്റ്റുകള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ സാധിക്കാത്ത രൂപത്തില്‍ ഉദ്യോഗസ്ഥവര്‍ഗത്തെ ദുരുപയോഗം ചെയ്തു. ഇരകളെത്തന്നെ കലാപകാരികളായി ചിത്രീകരിച്ച് വിചാരണാതടവുകാരായും അല്ലാതെയും തുറുങ്കിലടച്ചു ശിക്ഷിച്ചു. നീതികിട്ടാതെ പോയ ഇരകളാക്കപ്പെട്ട ന്യൂനപക്ഷവിഭാഗങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍നിന്ന് അകന്നു. അതോടൊപ്പംതന്നെ കൃത്രിമമായുണ്ടാക്കിയ സ്‌ഫോടനങ്ങളിലൂടെയും പോലീസിനെയും മീഡിയയെയും ഉപയോഗിച്ചുള്ള പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെയും കടുത്ത ന്യൂനപക്ഷവിരുദ്ധ പൊതുബോധം നിര്‍മിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെ ഫാഷിസത്തിന്റെ അവസരം സംജാതമായപ്പോള്‍ നേരത്തേ ഭരിച്ചുകൊണ്ടിരുന്ന പാര്‍ട്ടിയില്‍ സ്ലീപ്പര്‍ സെല്ലുകളായി ഫാഷിസത്തിന്റെ 'കലാപരിപാടികള്‍' ഒപ്പിച്ചിരുന്ന ഫാഷിസ്റ്റുകള്‍ പുറത്തുവന്ന് കൂട്ടംകൂട്ടമായി പ്രത്യക്ഷ ഫാഷിസത്തിന്റെ ഒപ്പം ചേര്‍ന്നു.
ഇപ്പോള്‍ രാജ്യത്തിന്റെ സര്‍വ പ്രതീക്ഷകളും നഷ്ടപ്പെടുന്നതിന്റെ ചിത്രമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കനല്‍കട്ടകളാവേണ്ടിയിരുന്ന മീഡിയ ഹിമാലയന്‍ സാനുക്കളിലെ മഞ്ഞുകട്ടകളെപോലെയായി. പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാര്‍ക്കു നീതിതേടി പൊതുജനത്തിനെ സമീപിക്കേണ്ടി വന്നു. ദേശസുരക്ഷക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയൊക്കെ പണി മതന്യൂനപക്ഷ വിഭാഗങ്ങളുടെ അടുക്കളവിശേഷങ്ങളും കല്യാണകാര്യങ്ങളും അന്വേഷിക്കുന്നതിലും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കുന്നതിലും ഒതുങ്ങി. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുതലിറക്കിയ കോര്‍പറേറ്റ് ഭീമന്മാര്‍ ഭരണത്തെ ദുരുപയോഗം ചെയ്ത് ലാഭം കൊയ്യുന്നു. ഫാഷിസത്തെ പിന്തുണക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ക്കു വേണ്ടി മാത്രമാവുന്ന ഒരുതരം Corporatocracy കൂടിയായി ഭരണരീതി ഫാഷിസത്തിനു കീഴില്‍ രൂപംകൊണ്ടു. ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ രാജ്യം 'വളരുമ്പോള്‍', രാജ്യനിവാസികളുടെ ജീവിതം നരകതുല്യമായി മാറി. നേരത്തേ പറഞ്ഞ നോവലില്‍ മുഖ്യകഥാപാത്രമായ റോബര്‍ട്ട് ജോര്‍ദാന്‍ റബെല്‍ ക്യാമ്പില്‍വെച്ച് കണ്ടുമുട്ടി കാമുകിയാക്കിയ മേരി എന്ന ഒരു കഥാപാത്രമുണ്ട്. ഫ്രാങ്കോയുടെ ഫാലഞ്ജിസ്റ്റ് ഫാഷിസ്റ്റുകള്‍ അറവുശാലയുടെ ചുമരിനോട് ചേര്‍ത്തു നിര്‍ത്തി മാതാപിതാക്കളെ വെടിവെച്ചുകൊന്നു ബലാത്സംഗം ചെയ്തപ്പോള്‍ റബെല്‍ ആയി മാറിയ പെണ്‍കുട്ടിയാണ് അവള്‍. ഇങ്ങനെ നൂറുകണക്കിന് ആളുകള്‍ ഇന്ത്യയുടെ ഭിന്നഭാഗങ്ങളില്‍ ഫാഷിസ്റ്റുകളാല്‍ തെരുവുകളില്‍ വെച്ചുതന്നെ വധിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഉള്ളില്‍ അടക്കിപ്പിടിച്ച വേദനകൊണ്ട് ഏതുസമയവും പൊട്ടാവുന്ന ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലാണ് നമ്മുടെ രാജ്യം ഇന്ന് നിലകൊള്ളുന്നത്. തുടക്കം മുതലേ ഇന്ത്യയിലെ ഏതാണ്ടെല്ലാ പാര്‍ട്ടികളിലും നുഴഞ്ഞുകയറി അട്ടയെപ്പോലെ ഒട്ടിനിന്ന് ചോരകുടിച്ചിരുന്ന പ്രോട്ടോ ഫാഷിസത്തെ കാണുന്നതില്‍ നാം പരാജയപ്പെട്ടു. ഇപ്പോള്‍ ഫാഷിസം അതിന്റെ അതിഭീകരമായ ദംഷ്ട്രകള്‍ നീട്ടിത്തുടങ്ങിയിരിക്കുന്നു. ഈ മണിമുഴക്കവും കേള്‍ക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍ ഫാഷിസ്റ്റായ ഫലാഞ്ജിസ്റ്റ് ഫ്രാങ്കോക്ക് കീഴില്‍ സ്‌പെയ്ന്‍ കടന്നുപോയ അതേ ദുരന്തത്തിന് നമ്മുടെ നാടും സാക്ഷ്യം വഹിച്ചെന്നു വരും. അതുകൊണ്ടു നമുക്ക് വീണ്ടും ഉച്ചത്തില്‍ പറയാം; No, It Can’t Continue Here.
നുണകളുടെ ലോകം
സത്യസന്ധനാകാന്‍ പ്രത്യേക കഴിവോ യോഗ്യതയോ ഒന്നും വേണ്ട. അത് സ്വാഭാവികവും പ്രകൃതിപരവുമാണ്. എന്നാല്‍ നുണപറയാനും അത് ഫലിപ്പിക്കാനും പ്രചരിപ്പിക്കാനും ചില്ലറ കഴിവും യോഗ്യതയും പോരാ. കാരണം അത് അസ്വാഭാവികവും നന്നായി ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കേണ്ടതുമാണ്. സത്യം, അത് സ്വാഭാവികമായതിനാല്‍ പ്രചരിക്കാനും പ്രചരിപ്പിക്കാനും പ്രത്യേക വഴികളും മാര്‍ഗങ്ങളും ആരായുന്നില്ല. എന്നാല്‍ നുണയുടെ പ്രണേതാക്കള്‍ അവയെ ഫലിപ്പിക്കാനും പ്രചരിപ്പിക്കാനും സകല മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നു. അങ്ങനെയാണ് സത്യം ചെരുപ്പിടുമ്പോഴേക്ക് നുണ ലോകം ചുറ്റിവരുന്ന സാഹചര്യം ഉണ്ടാകുന്നത്. നുണയെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്തുന്നവരാണ് ഫാഷിസ്റ്റുകള്‍. അതിനുമപ്പുറത്ത്, ഫാഷിസം കല്ലുവെച്ച നുണകള്‍കൊണ്ട് ഉണ്ടാക്കിയ തേരിലാണ് എന്നും സഞ്ചരിച്ചിട്ടുള്ളത്. ഓരോ നാടിന്റെയും സാംസ്‌കാരികവും ചരിത്രപരവുമായ പരിസരത്തുനിന്നുകൊണ്ടാണ് അത് നുണകള്‍ നെയ്‌തെടുക്കുക. അത് ഇന്ത്യന്‍ സാഹചര്യത്തിലെത്തുമ്പോള്‍ നുണകളെ മിത്തിഫൈ ചെയ്ത് പിന്നീട് 'പാരമ്പര്യ'മായും 'സംസ്‌കാര'മായും 'ചരിത്ര'മായുമൊക്കെ പുനരവതരിപ്പിക്കുന്നു. പ്രചണ്ഡമായ പ്രചാരണോപാധികള്‍ ഉപയോഗിച്ച് ജനതയുടെ മനസ്സുകളെ മിഥ്യാ -മായാ തമസ്സുകൊണ്ട് ആവരണം ചെയ്ത് സത്യവും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നുണ സൃഷ്ടിച്ചവന്‍ പോലും അത് നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് സത്യമാണെന്നു വിശ്വസിക്കുന്ന മാനസികാവസ്ഥയിലെത്തുന്നു. പിന്നെ പൊതുജനത്തിന്റെ കാര്യം പറയാനുണ്ടോ! നുണയും തിന്മയും വിജയിക്കാന്‍, സത്യവും നന്മയും നിഷ്‌ക്രിയമാക്കപ്പെട്ടാല്‍തന്നെ ധാരാളമെന്ന് കൃത്യമായും മനസ്സിലാക്കുന്നവരാണ് ഫാഷിസ്റ്റുകള്‍.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവര്‍ ചരിത്രത്തിലും വര്‍ത്തമാനകാല സംഭവവികാസങ്ങളിലും സൃഷ്ടിച്ചുവെച്ച, പൊതുജനം പരമസത്യമായി കൊണ്ട് നടക്കുന്ന നുണകള്‍ക്ക് കൈയും കണക്കുമില്ല. പൗരാണിക ഇന്ത്യയുമായി ബന്ധപ്പെട്ട് മിഥ്യാഭിമാനബോധം സൃഷ്ടിക്കാനാണ് ഗണപതിയെ ചൂണ്ടി കാണിച്ചുകൊണ്ട് പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയുണ്ടായിരുന്നുവെന്നും രാമായണത്തിലെ പുഷ്പകവിമാന പരാമര്‍ശം വെച്ചുകൊണ്ട് പുരാതന ഇന്ത്യയില്‍ എഫ് 16-ന് തുല്യമായ ബോംബര്‍ വിമാനങ്ങളും പിന്നെ ബാലിസ്റ്റിക് മിസൈലുകളും ഉണ്ടായിരുന്നുവെന്നുമൊക്കെയുള്ള നുണകള്‍ സൃഷ്ടിക്കുന്നത്. മഹാഭാരത കഥയിലെ കര്‍ണന്റെ ജനനം മാതാവിന്റെ ഗര്‍ഭപാത്രത്തിലൂടെ ആയിരുന്നില്ല എന്നതിനാല്‍ ജനിതകശാസ്ത്രവും അതിപുരാതന ഇന്ത്യയില്‍ വികാസം പ്രാപിച്ചിരുന്നു എന്ന് തട്ടിവിടുന്നു. ഇതൊക്കെ ആരെങ്കിലും എവിടെയോ പറഞ്ഞതല്ല. മറിച്ച്, ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി മുംബൈ പോലുള്ള ഒരു മഹാനഗരത്തില്‍ നടന്ന ഡോക്ടര്‍മാരുടെയും ഇതര പ്രഫഷണലുകളുടെയും സമ്മേളനത്തില്‍ അവരോടു പറഞ്ഞതാണ്! ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കുട്ടികള്‍ക്കുള്ള ഒരു പുസ്തകത്തിന്റെ മുഖവുരയില്‍ സ്റ്റെം സെല്‍ ടെക്‌നോളജിയില്‍ പുരാതന ഇന്ത്യ ഏറെ വികാസം നേടിയിരുന്നു എന്നുകൂടി എഴുതിച്ചേര്‍ത്തിരുന്നു. ഇതിന്റെ പിന്നില്‍ വ്യാജങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന മിഥ്യാഭിമാനബോധത്തിനു പുറമെ മറ്റു രണ്ടു ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. ഒന്ന്, ഫാഷിസത്തിന് ഒരിക്കലും സഹിക്കാനോ പൊറുക്കാനോ സാധിക്കാത്ത വിശകലാനാത്മക ചിന്തയെ തച്ചുകെടുത്തുക. അപ്പോഴേ ഫാഷിസത്തെ അണ്ണാക്ക് തൊടാതെ സ്വീകരിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ. ആധുനികതയെ തള്ളിപ്പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഇല്ലാത്ത പാരമ്പര്യത്തെ കൃത്രിമമായി ഉണ്ടാക്കി ആധുനികതക്കും മുകളില്‍ അതിനെ പ്രതിഷ്ഠിക്കുകയാണ് ഫാഷിസം ചെയ്യുക. രണ്ട്, ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും തലങ്ങളില്‍നിന്നുകൊണ്ട് ഇതിനെ ഖണ്ഡിക്കുന്ന ആളുകളെയൊക്കെ ദേശാഭിമാനബോധവും ദേശസ്‌നേഹവും ദേശക്കൂറും ഇല്ലാത്തവരായി മുദ്രകുത്തി അപരവല്‍ക്കരിക്കുക. റാഷ്‌നലിസത്തെ (യുക്തിപരതയെ) പരാജയപ്പെടുത്തുന്നതിന് വൈകാരികതയെയാണ് ഫാഷിസം എന്നും കൂട്ടുപിടിക്കുക. ഇന്ത്യ എന്ന പദംപോലും ക്രി. അഞ്ചോ ആറോ നൂറ്റാണ്ടില്‍ ഇപ്പോള്‍ പാകിസ്താനില്‍ സ്ഥിതി ചെയ്യുന്ന സിന്ധിനെ ഉദ്ദേശിച്ചുവിളിക്കപ്പെട്ടതാണെന്ന ചരിത്രവസ്തുതയെപ്പോലും അവര്‍ തമസ്‌കരിക്കും. പ്രകൃതിക്കും മനുഷ്യത്വത്തിനും വിരുദ്ധമായ ബ്രാഹ്മണ്യ വിശ്വാസാചാരങ്ങള്‍ക്കെതിരെ ഉദയം കൊണ്ട ജൈന-ബുദ്ധ-സിഖ് പാരമ്പര്യങ്ങളെ ഹൈന്ദവവല്‍ക്കരിക്കുന്നതിനു വേണ്ടി സൃഷ്ടിക്കുന്ന നുണകള്‍ ഇതിനുപുറമെയാണ്. മധ്യകാല നൂറ്റാണ്ടിലെ ഖില്‍ജി, ലോധി, മുഗള്‍ ഭരണകാലത്തെ പൈശാചികവല്‍ക്കരിക്കാനും, വര്‍ത്തമാനകാലത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആ ഭരണകൂടങ്ങളൊക്കെയും ഹൈന്ദവവിരുദ്ധമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുമുള്ള നുണനിര്‍മാണവും ഇതിന്റെ ഭാഗമാണ്. ഖില്‍ജി, ലോധി, മുഗള്‍ ഭരണങ്ങളില്‍ സൈനികരായും ഉദ്യോഗസ്ഥരായും ഏറെയുമുായിരുന്നത് രജപുത്രരും ഇതര ഹൈന്ദവ വിഭാഗങ്ങളുമായിരുന്നു എന്ന ചരിത്രവസ്തുത മറച്ചുപിടിക്കുകയും, ശിവാജിയെയും റാണാ പ്രതാപിനെയും ഗുരു ഗോവിന്ദിനെയും മധ്യകാലഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ഹൈന്ദവതക്കു വേി പോരാടിയ ഹീറോകളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഒപ്പം ഇവരുടെ സൈന്യങ്ങളില്‍ ധാരാളം മുസ്‌ലിംകളുണ്ടായിരുന്നു എന്ന യാഥാര്‍ഥ്യത്തെ മൂടിവെക്കുന്നു. ചുരുക്കത്തില്‍, ഇവരൊക്കെ പരസ്പരം യുദ്ധം ചെയ്തിട്ടുള്ളത് മതാടിസ്ഥാനത്തിലായിരുന്നില്ലെന്നും, അവരവരുടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാനോ വിപുലപ്പെടുത്താനോ ആയിരുന്നുവെന്നുമുള്ള മതേതര പാഠം ചരിത്രത്തെ വളച്ചൊടിച്ചും വക്രീകരിച്ചും പുതുതായി നിര്‍മിച്ചും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
വര്‍ത്തമാന കാലത്ത് മുസ്‌ലിംവിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കിയും സ്‌ഫോടനങ്ങള്‍ നടത്തിയും അറബി പേരുകളില്‍ കുറേ ഇമെയില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ചും നുണകള്‍ പ്രചരിപ്പിക്കുന്നതിനുപുറമെ, പോലീസിന്റെയും അധികാരത്തിന്റെ അകത്തളങ്ങളിലുള്ളവരുടെയും സഹായത്തോടെ നടത്തപ്പെടുന്ന നുണയിലധിഷ്ഠിതമായ ഓപ്പറേഷനുകളുമുണ്ട്. ചാരന്മാരായി ഉപയോഗിച്ചുകഴിഞ്ഞവരെയും കൂലിക്കെടുത്തവരെയും സംഘര്‍ഷഭൂമികളില്‍നിന്ന് തട്ടിക്കൊണ്ടുപോയവരെയും ഒക്കെ ഉപയോഗിച്ച് നടത്തുന്ന പൊറാട്ടുനാടകങ്ങള്‍ ഇതിന്റെ ഭാഗമാണ്. കല്ലുവെച്ച നുണകളിലൂടെ ന്യൂനപക്ഷവിരുദ്ധകലാപങ്ങള്‍ ഉണ്ടാക്കി സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താനും അതിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വേറെയുമുണ്ട്. മറ്റൊരു വാക്കില്‍, ഫാഷിസം ഇന്ത്യയിലും നുണകള്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന ഒരു വ്യവസായമാണ്. അവിടെ നിങ്ങള്‍ക്ക് ഭിന്ന ബ്രാന്റുകളിലുള്ള അനേക തരം നുണകള്‍ ലഭിക്കും. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ് എന്ന് പറഞ്ഞപോലെ, സത്യത്തെ വെല്ലുന്ന നുണ. അതേ, നുണകളുടെ തിണ്ണബലത്തിലാണ് ഫാഷിസം എന്നും എല്ലായിടത്തും അധികാരത്തിലേറിയത്. ഇന്ത്യയിലും അവര്‍ അധികാരത്തിലേറിയത് നുണയെ ഒരു രാഷ്ട്രീയായുധമായി മാറ്റിയാണ്. പക്ഷേ, ഈ ദുരന്തം നമ്മുടെ രാജ്യത്തിന് ഒരു പ്രാവശ്യം തന്നെ താങ്ങാവുന്നതിലേറെയാണ്. അത് നമ്മെ നൂറ്റാണ്ടുകളാണ് പുറകോട്ടു വലിച്ചത്. നമുക്ക് ഈ ദുരന്തത്തെ പുറകിലേക്ക് തള്ളി മുന്നോട്ടുപോയേ പറ്റൂ. അതുകൊണ്ട് നാമെല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ചു ഉച്ചൈസ്തരം പറയുക; No, It Can’t Continue Here.
കള്‍ട്ടുകളും ആള്‍ദൈവങ്ങളും
ഇന്ത്യ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു അത്ഭുതമാണ്. മത-വംശ-ഭാഷാ സാംസ്‌കാരിക വൈവിധ്യം കൊണ്ടുമാത്രമല്ല, അതിന്റെ ചരിത്രം കൊണ്ടും ഭൂമിശാസ്ത്ര വൈവിധ്യം കൊണ്ടും ലോക രാജ്യങ്ങള്‍ക്കിടയില്‍ അദ്വിതീയമാണ് ഇന്ത്യ. ആ അര്‍ഥത്തില്‍ ഇന്ത്യ ഈ ഭൗമഗോളത്തിന്റെ തന്നെ ഒരു പരിഛേദമാണ്. ഒരു അഖണ്ഡരാജ്യത്തെ രൂപപ്പെടുത്തുന്ന ഭാഷയുടെയോ വംശത്തിന്റെയോ സംസ്‌കാരത്തിന്റെയോ മതത്തിന്റെയോ, എന്തിനേറെ പറയുന്നു, ഭൂപ്രകൃതിയുടേതു പോലുമോ ആയ ഏകതാനത ഇന്ത്യക്കില്ല. ഒന്നാലോചിച്ചുനോക്കുക; ഒരു മലയാളിക്കും പഞ്ചാബിക്കുമിടയില്‍ പൊതുവായി എന്താണുള്ളത്? അല്ലെങ്കില്‍ ഒരു തെലുങ്കനെയും ബംഗാളിയെയും ഒരൊറ്റ സമൂഹമായി മാറ്റുന്ന എന്ത് പൊതുഘടകമാണ് അവര്‍ക്കിടയിലുള്ളത്? നേരത്തേ പറഞ്ഞ രാഷ്ട്രത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളില്‍ എന്തെങ്കിലുമൊന്ന് ഗുജറാത്തിയും തമിഴനും പൊതുവായി പങ്കുവെക്കുന്നുണ്ടോ? ഇല്ലെന്നതാണ് വസ്തുത. ഇവരെയെല്ലാം ഒന്നിപ്പിക്കുന്നത് ഇന്ത്യയുടെ മഹത്തായ ഭരണഘടന മാത്രമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഭരണഘടന ഉറപ്പു തരുന്ന മതേതരത്വവും ഫെഡറലിസവും ജനാധിപത്യവുമാണ് ഇന്ത്യയെ ഒരു അത്ഭുത രാജ്യമായി തുടരാന്‍ സഹായിക്കുന്നത്. പ്രവിശ്യകളും നാട്ടുരാജ്യങ്ങളും ഭിന്ന സമൂഹങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാഗമായതും ഇതുകൊണ്ടുതന്നെയാണ്. ഇന്ത്യ കൃത്രിമമായ ഏകതാനത ഉണ്ടാക്കി സമഗ്രാധിപത്യസ്വഭാവത്തിലുള്ള രാജ്യമായി മാറിയിരുന്നെങ്കില്‍ സോവിയറ്റ് യൂനിയന്‍ ശിഥിലമായതിനേക്കാള്‍ വേഗത്തില്‍ ശിഥിലമായിപ്പോകുമായിരുന്നു.
ഇന്ത്യ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ഫാഷിറ്റ്ശക്തികള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ ഈ പറഞ്ഞ മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും ആന്റിതീസിസ് ആണ്. ഇവര്‍ കൂടുതല്‍കൂടുതല്‍ ശക്തിപ്പെടുന്നതിന്, ക്രൂരവും കുടിലവുമായ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കൊണ്ടുനടക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വശക്തികള്‍ നല്ല പിന്തുണയും പിന്‍ബലവും നല്‍കുന്നുണ്ട്. അതിന് പിന്നിലെ ആത്യന്തിക ലക്ഷ്യം ഇന്ത്യയുടെ ശിഥിലീകരണമാണ്. ഫാഷിസത്തെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ ഇന്ത്യയെ ശിഥിലീകരിക്കാന്‍ സാധിക്കൂ എന്ന് കുതന്ത്രങ്ങളുടെ തമ്പുരാക്കന്മാരായ സാമ്രാജ്യത്വശക്തികള്‍ കൃത്യമായി മനസ്സിലാക്കുന്നു. അവര്‍ക്ക് ഞെക്കിക്കൊല്ലാന്‍ സാധിക്കാത്തതിനെ എന്നും അവര്‍ നക്കിക്കൊല്ലുകയാണ് ചെയ്യുക. ഫാഷിസത്തെ നക്കി ഇന്ത്യയെ കൊന്നുകൊണ്ടിരിക്കുകയാണ് അവര്‍. ഇതിനെയാണ് ഫാഷിസ്റ്റുകള്‍ അമേരിക്കയുടെയും ഇതര പാശ്ചാത്യരാജ്യങ്ങളുടെയും പിന്തുണയായി കൊട്ടിഘോഷിക്കുന്നത്.
നുണയെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച്, കോര്‍പറേറ്റുകളെ കൂട്ടുപിടിച്ച്, ജനാധിപത്യത്തെ അധികാരത്തിലേറാനുള്ള വെറും ഏണിപ്പടിയായി പ്രയോജനപ്പെടുത്തുന്ന സവര്‍ണ ഫാഷിസം ഇന്ത്യയെ ഏകീകരിക്കുന്ന മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും കടക്കല്‍ കത്തിവെക്കുമ്പോള്‍, ഭിന്ന ജാതീയസമൂഹങ്ങള്‍ക്ക് പകരമായി കൊടുക്കുന്ന വിഷലിപ്ത മയക്കുമരുന്നാണ് ഹൈന്ദവതയുടെ കുപ്പിയിലിട്ട് സനാതന ധര്‍മത്തിന്റെ ലേബല്‍ ഒട്ടിച്ച വ്യാജ ആത്മീയത. എല്ലാറ്റിലുമെന്നപോലെ ഇതിലും സംഘ്പരിവാര്‍ വ്യാജവും കൃത്രിമവുമാണ് എന്നര്‍ഥം. ആര്‍ദ്രതയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരക്ഷേമകാംക്ഷയുടെയും വിശാലതയുടെയും ചൈതന്യം സന്നിവേശിപ്പിക്കുന്ന യഥാര്‍ഥ ആത്മീയതയില്‍ സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന സ്വാര്‍ഥതക്കും സങ്കുചിതത്വത്തിനും വര്‍ഗീയതക്കും കുടിലതകള്‍ക്കും കൂട്ടക്കൊലകള്‍ക്കും സ്ഥാനവുമുണ്ടാവില്ല. ആയിരം സൂര്യന്‍ ഒന്നിച്ചുദിച്ചാലും വകഞ്ഞുമാറാത്ത കൂരിരുട്ടിന്റെ അട്ടിപ്പേറാണ് സംഘ്പരിവാര്‍ കൊണ്ടുനടക്കുന്ന വ്യാജ ആത്മീയത. അതിനാല്‍തന്നെ അത് ചിഹ്നങ്ങളെ സ്വന്തമാക്കി ചൈതന്യത്തെ തച്ചുകെടുത്തുന്നു.
ഇത് താല്‍ക്കാലികമായെങ്കിലും ഫലപ്രദമാകാന്‍ മൂന്നു കാര്യങ്ങള്‍ ഒരേസമയം ചെയ്യണമെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കുന്നു. ഒന്ന്, പ്രതിദ്വന്ദ്വമായി ഒരു ശത്രുവിനെ പ്രതിഷ്ഠിക്കണം. അതാണ് മതന്യൂനപക്ഷങ്ങളും അവരുടെ വേറിട്ട വിശ്വാസാചാരങ്ങളും. പിന്നെ അവര്‍ക്കുനേരെ ഭിന്നജാതീയ സമുദായങ്ങളില്‍ വൈരവും വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിച്ചുകൊണ്ടേയിരിക്കണം. അതാണ് ചരിത്രത്തെ മാറ്റിപ്പണിതും, മീഡിയയെ ഉപയോഗിച്ചും, നുണകള്‍ പ്രചരിപ്പിച്ചും, കലാപങ്ങള്‍ ഉണ്ടാക്കിയും, സ്‌ഫോടനങ്ങള്‍ നടത്തി മതന്യൂനപക്ഷങ്ങളുടെ ചുമലില്‍ കെട്ടിവെച്ചും, വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയും, അറബി പേരുകളോടുകൂടിയ ഇമെയില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ചുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ട്, നിലവിലുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും അവയെക്കുറിച്ച് നിരാശ ജനിപ്പിക്കുകയും വേണം. ഇതിനുവേണ്ടി പുതിയ പദാവലികള്‍ വരെ അവര്‍ സൃഷ്ടിക്കും. ഭിന്നപാര്‍ട്ടികളിലെ രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്തുന്നതിന് ഏതറ്റം വരെയും പോകും. തങ്ങളുടെ പരാജയങ്ങളെ മുഴുവന്‍ അവരുടെ തലയില്‍ കെട്ടിയേല്‍പിക്കും. അവരുടെ സംഭാവനകളെ മുഴുവന്‍ തങ്ങളുടേതാക്കാന്‍ ശ്രമിക്കും. അവരുടെ ചെറിയ വീഴ്ചകളെപോലും ഹിമാലയത്തോളം വളര്‍ത്തും. തങ്ങളുടെ ഹിമാലയന്‍ മണ്ടത്തരങ്ങളെ തമസ്‌കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ, രാജ്യത്തിനു വേണ്ടിയുള്ള ഒഴിച്ചുകൂടാനാവാത്ത ത്യാഗമായി ചിത്രീകരിക്കുകയോ ചെയ്യും. മൂന്ന്, ഭിന്ന വിശ്വാസാചാരങ്ങളും സംസ്‌കാരങ്ങളും പിന്തുടരുന്ന ജാതീയസമൂഹങ്ങളെ ഒന്നിപ്പിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഫാഷിസം അതിന്റേതായ വ്യാകരണം ചമക്കും. ഇവിടെയാണ് ഇന്ത്യയിലെ ഭിന്നജാതിസമൂഹങ്ങള്‍ പിന്തുടരുന്ന ബഹുദൈവത്വപരമായ വിശ്വാസധാരകളെ കൂട്ടുപിടിച്ച് സംഘ്പരിവാര്‍ അവരുടെ അജണ്ട ഒളിച്ചുകടത്താനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
എല്ലാറ്റിലും ദൈവത്തെ കാണുന്ന കാല്‍പനികത തുറന്നുവെക്കുന്നത് അപരിമേയമായ ചൂഷണ സാധ്യതകളെ കൂടിയാണ്. ഇന്ത്യയിലെ ഭിന്നജാതീയ സമൂഹങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന വീരാരാധനയുടെ കള്‍ട്ടുകള്‍, ഈ ചൂഷണ സാധ്യതകളെ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് എളുപ്പത്തില്‍ മുതലെടുക്കാന്‍ പാകത്തിലാണ്. ഈ സാധ്യതയെ വളരെ സമര്‍ഥമായി രാഷ്ട്രീയമായി ചൂഷണം ചെയ്യുന്നവരാണ് സംഘ്പരിവാര്‍ ശക്തികള്‍. ഇന്ത്യയിലെ സംഘ്പരിവാര്‍ നിരവധി തലകളുള്ള ഗ്രീക്കോ റോമന്‍ മിത്തോളജിയിലെ ഹൈഡ്രയാണ്. ഇതിന്റെ ഒരു പ്രധാനപ്പെട്ട തല കള്‍ട്ടുകളുടേതും ജീവനകലകളുടേതും ആള്‍ദൈവങ്ങളുടേതുമാണ്. ഇന്ത്യയിലെ ഈ പ്രതിഭാസത്തിന് ഐതിഹ്യപരവും മനശ്ശാസ്ത്രപരവും സാമൂഹികശാസ്ത്രപരവും മതപരവും സാമ്പത്തികവും രാഷ്ട്രീയവുമൊക്കെയായ മാനങ്ങളുണ്ട്. ഇന്ത്യന്‍ മിത്തോളജിയിലെ അസംഖ്യം ദേവന്മാരും ദൈവതുല്യരായി കണക്കാക്കപ്പെടുന്ന മനുഷ്യരും ചൂഷകര്‍ക്ക് വലിയ സാധ്യതകളാണ് തുറന്നുവെക്കുന്നത്. ഇത് വളര്‍ന്ന് ആരെയും എന്തിനെയും വിഗ്രഹവല്‍ക്കരിച്ച് ആരാധിക്കുന്ന ഒരു മെന്റല്‍ ഡിസോര്‍ഡര്‍ ആയി പരിണമിക്കുന്നു. എളുപ്പത്തിലുള്ള ഉത്തരവും അടിയന്തര പരിഹാരവും അന്വേഷിച്ച് വ്യാജസിദ്ധന്മാരില്‍ എത്തിച്ചേരുന്ന അന്ധവിശ്വാസത്തിന്റെ പ്രശ്‌നവും ഇതിലുണ്ട്. സൃഷ്ടിപ്രകൃതിയില്‍തന്നെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന തലയെ ആത്മാഭിമാനത്തോടെ ആ സ്ഥാനത്ത് നിര്‍ത്തി ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം സകലതിനു മുമ്പിലും കുനിയുകയും കുമ്പിടുകയും കമിഴ്ന്നുവീഴുകയും ചെയ്യുന്ന പാദസേവയുടെ വിചിത്ര മനഃസ്ഥിതികൂടിയാണ് ഇതില്‍ നിഴലിക്കുന്നത്.
അംബേദ്കറുടെ നിര്‍ദേശങ്ങള്‍
ഭരണഘടനാ അസംബ്ലിയില്‍ ഡോക്ടര്‍ അംബേദ്കര്‍ ഇന്ത്യ ഒഴിവാക്കേണ്ടതും നേടിയെടുക്കേണ്ടതുമായ ചില കാര്യങ്ങളെ കുറിച്ച് പ്രത്യേകം പറഞ്ഞിരുന്നു. അതില്‍ ഒന്ന് വീരാരാധന ഒഴിവാക്കണമെന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ വീരാരാധന ഉള്‍പ്പെടെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒഴിവാക്കേണ്ട കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതും ശക്തിപ്പെടുത്തുന്നതും നേടിയെടുക്കേണ്ട കാര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതും സംഘ്പരിവാര്‍ ശക്തികളാണ്. നേടിയെടുക്കാന്‍ ആവശ്യപ്പെട്ട കാര്യം സാമൂഹിക ജനാധിപത്യം ആയിരുന്നു. ഇന്ത്യയിലെ ജാതീയ ഉച്ചനീചത്വത്തെ സംബന്ധിച്ചും സാമൂഹിക ജനാധിപത്യത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ ജനാധിപത്യം അര്‍ഥശൂന്യമാകുന്നതിനെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്ന പരോക്ഷ സവര്‍ണ ബ്രാഹ്മണാധിപത്യത്തെപ്പറ്റിയുമുള്ള തിരിച്ചറിവില്‍നിന്നാണ് അംബേദ്കര്‍ ഇങ്ങനെയൊരു ആവശ്യം നേടിയെടുക്കേണ്ടതുന്നെ് പറഞ്ഞത്. സാമൂഹിക ജനാധിപത്യത്തിനും ഏറ്റവും വലിയ തടസ്സമായത് ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും മനുസ്മൃതിയിലധിഷ്ഠിതമായ ഭരണത്തിനും വേണ്ടി നിലകൊള്ളുന്ന സംഘ്പരിവാര്‍ ശക്തികള്‍ തന്നെയായിരുന്നു. വീരാരാധനയുടെയും കള്‍ട്ടുകളുടെയും ആള്‍ദൈവങ്ങളുടെയും ഒക്കെ മനശ്ശാസ്ത്രപരിസരം സൃഷ്ടിക്കുന്നിടത്തും ഈ ഉച്ചനീചത്വത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥക്ക് പങ്കുണ്ട്. ഇപ്പോള്‍ അതേ സംഘ്പരിവാര്‍ ശക്തികള്‍ക്കു കീഴില്‍ രാഷ്ട്രീയ ജനാധിപത്യം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
ഒഴിവാക്കേണ്ട കാര്യങ്ങളില്‍ ഒന്നാമത്തേത് അരാജകത്വമാണ്. ഇന്ത്യയിലുടനീളം സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ദലിതുകളെയും ന്യൂനപക്ഷവിഭാഗങ്ങളെയും ആക്രമിച്ച് അരാജകത്വത്തിന്റെ വ്യാകരണം മാത്രമല്ല, മെലോഡ്രാമ കൂടി രചിച്ചുകൊണ്ടിരിക്കുകയാണ്. തീവണ്ടികളിലും തെരുവുകളിലും പള്ളികളിലും പാടത്തും കോളേജുകളിലും കോടതിമുറികളിലും പശുവിന്റെയും പോത്തിന്റെയും പേരില്‍വരെ ദലിത്-ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടുപോയി എന്ന ഒറ്റ കാരണത്താല്‍ ആളുകള്‍ കൊലചെയ്യപ്പെടുന്നു. ഈ ദാരുണമായ അരാജകാവസ്ഥ ഡോ. അംബേദ്കറിന്റെ വിദൂരഭാവനയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭീകരമാണ്.
ഒഴിവാക്കാന്‍ ആവശ്യപ്പെട്ട രണ്ടാമത്തെ കാര്യം മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ നിഷേധമായ വീരാരാധനയാണ്. നമ്മള്‍ ഈ ലേഖനത്തിലൂടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതും ഇതും ഇതിനോടനുബന്ധിച്ച പ്രശ്‌നങ്ങളുമാണ്. ഇത് ഒരേസമയം സാമ്പത്തിക ചൂഷണത്തിന്റെയും ദുര്‍വ്യയത്തിന്റെയും അത്യാചാരങ്ങളുടെയും കൂടിപ്രശ്‌നമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വീരാരാധന കൂടുതല്‍ ശക്തിപ്പെട്ട് കള്‍ട്ടും ആള്‍ദൈവങ്ങളുമായി വളര്‍ന്നിരിക്കുകയാണ്. നേരത്തേ ആരാധിക്കാന്‍ മരിക്കുന്നതുവരെ കാത്തിരിക്കണമായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ പ്രതിമകളും ക്ഷേത്രങ്ങളും ഉയര്‍ത്തപ്പെടുകയാണ്. ജീവിച്ചിരിക്കുമ്പോള്‍തന്നെ 'മഹാനായി' ചിത്രീകരിക്കപ്പെടുന്നവര്‍ മരിക്കുമ്പോള്‍ പത്തിരട്ടി വലുപ്പത്തിലുള്ള മഹാനായിത്തീരുന്നു. പാരമ്പര്യം എന്നത് കാര്‍ലൈല്‍ പറഞ്ഞതുപോലെ മരിച്ച വ്യക്തിയിലെ മാഹാത്മ്യത്തെ വിപുലീകരിക്കുന്ന ഭീമാകാരമായ ഭൂതക്കണ്ണാടിയാണ് (An Enormous Camera - Obscura Magnifier). മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രിയെവരെ ആരാധിക്കുന്നതിന് ക്ഷേത്രങ്ങളും പ്രതിമകളും നിര്‍മിക്കപ്പെടുന്നു! ക്രൂരരും കുടിലരുമായ നേതാക്കളോടും ഭരണാധികാരികളോടും വരെ ഭക്തി കാണിക്കുന്ന മാനസികാവസ്ഥ സമൂഹത്തിനു മോക്ഷമല്ല നല്‍കുക, മറിച്ച് ജീര്‍ണതയും സ്വേഛാധിപത്യവുമായിരിക്കും. ഇന്ത്യയിലെ ഭരണകൂടങ്ങളുടെ കാര്യമായ വികസന പ്രവര്‍ത്തനം പ്രതിമാനിര്‍മാണമായി മാറിയിരിക്കുന്നു. ഇന്ത്യക്കാരില്‍ വേരൂന്നുകയും ചിരകാലമായി രൂഢമൂലമാവുകയും ചെയ്ത കള്‍ച്ചറല്‍ സൈക്കിന്റെ പ്രതിഫലനം കൂടിയാണ് ഈപ്രതിമാ നിര്‍മാണ സംസ്‌കാരം. തമിഴ്‌നാട്ടില്‍ നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായി വളര്‍ന്ന ദ്രാവിഡ പ്രസ്ഥാനങ്ങള്‍ പഴയ ദൈവങ്ങളെ എടുത്തുമാറ്റിയപ്പോള്‍ ആ സ്ഥാനത്ത് ആള്‍ദൈവങ്ങളും വെള്ളിത്തിരയിലെ താരങ്ങളുമാണ് പ്രതിഷ്ഠിക്കപ്പെട്ടത്. ഇത്രത്തോളം ഹീറോകളെ ആവശ്യമായിവരുന്ന നമ്മുടെ രാജ്യത്തോട് പ്രസിദ്ധ ജര്‍മന്‍ നാടകകൃത്ത് ബെര്‍റ്റോള്‍ഡ് ബ്രെഹ്ത് പറഞ്ഞതുപോലെ സഹതപിക്കാനേ സാധിക്കൂ. ആകെക്കൂടി നോക്കുമ്പോള്‍ തോമസ് കാര്‍ലൈല്‍ Heroes and Hero Worship എന്ന തന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞതുപോലെ 'ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ആവരണം ചെയ്യുന്ന അസംബന്ധങ്ങളുടെയും മിഥ്യകളുടെയും ആശയക്കുഴപ്പങ്ങളുടെയും വിഭ്രാന്തികളുടെയും സംഭ്രമജനകവും സങ്കീര്‍ണവുമായ ഒരു കാട്' ആണ് നമ്മുടെ ഈ കള്‍ട്ടുകളും ആള്‍ദൈവങ്ങളും ജീവനകലകളുമെല്ലാം.
ഒരു പ്രത്യേക അധികാരഘടനയും ആന്തരികമായ അധികാര ബന്ധങ്ങളുമുള്ള ഗ്രൂപ്പുകളാണ് കള്‍ട്ടുകളും ആള്‍ദൈവക്കൂട്ടങ്ങളും. ഇന്ത്യയിലെ ഒട്ടുമിക്ക കള്‍ട്ടുകളുടെയും ആള്‍ദൈവ ഗ്രൂപ്പുകളുടെയും അതോറിറ്റികള്‍ ഫാഷിസത്തിന്റെ ഏജന്റുമാരാണ്. ഈ ആള്‍ദൈവ സംഘങ്ങളുടെയും ജീവനകലാ വേദികളുടേയും തലപ്പത്തും കീഴിലും, മുന്നിലും പുറകിലും ഇടത്തും വലത്തുമൊക്കെ സംഘ്പരിവാറുകാര്‍ ആയത് യാദൃഛികമല്ല. ഭിന്നസ്വഭാവത്തിലുള്ള കള്‍ട്ടുകളും ആള്‍ദൈവങ്ങളും ഉണ്ടാവാം; പക്ഷേ, അവരില്‍ മിക്കവരും പൊതുവായി പങ്കുവെക്കുന്ന ലക്ഷ്യം സംഘ്പരിവാറിന്റേതാണ്. 'നീയാണ് ദൈവ'മെന്ന വിശ്വാസമുണ്ടാക്കലാണ് ലക്ഷ്യം. ആര്‍ക്കും ദൈവമാകാവുന്നതും ദൈവം ചമഞ്ഞ് ചൂഷണം ചെയ്യാവുന്നതുമായ സാമൂഹിക-സാംസ്‌കാരിക സാഹചര്യമാണ് ഈ കള്‍ട്ടുകള്‍ സൃഷ്ടിക്കുന്നത്. ഹിപ്‌നോട്ടിസത്തിന്റെയും ഠൃമിരല ശിറൗരശേീിന്റെയും സൈക്കോ തെറാപ്പിയുടെയും സാധ്യതകളും മയക്കുമരുന്നുകളും ഉപയോഗിച്ചു നടത്തുന്ന സേവനങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം സമ്പത്തും അധികാരവുമാണ്. അങ്ങനെ ക്രിമിനലുകളുടെ അഭയകേന്ദ്രം കൂടിയായി മാറുന്ന ഇത്തരം സംവിധാനങ്ങളില്‍ കുട്ടികളെ പീഡിപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പുകള്‍, ലൈംഗിക വൈകൃതങ്ങള്‍, വ്യാജ വൈദ്യം തുടങ്ങിയവയുടെ പിത്തലാട്ടം തന്നെ നടക്കുന്നു. ഒരുപക്ഷേ വിദേശ ചാരന്മാരുടെ വിഹാരകേന്ദ്രങ്ങള്‍ കൂടിയാണ് ഇവയെല്ലാം. ഇവിടങ്ങളില്‍ പോകുന്ന ഇതര ചിന്താഗതിക്കാരായ ഇന്ത്യക്കാര്‍ ആദ്യം രാഷ്ട്രീയമായി നിഷ്‌ക്രിയരാവുകയും പിന്നീട് ക്രമേണ സംഘ്പരിവാര്‍ മനസ്‌കരായിത്തീരുകയും ചെയ്യാറാണ് പതിവ്. ഫാഷിസ്റ്റുകളെ സംബന്ധിച്ചേടത്തോളം രാജ്യത്തിന് എന്തു സംഭവിച്ചാലും പ്രശ്നമല്ല. അധികാരമാണ് വലുത്. അതിനുവേണ്ടി ഏതറ്റം വരെയും പോകും. തോമസ് കാര്‍ലൈല്‍ പറഞ്ഞതുപോലെ, 'മഹാന്മാര്‍' ഏതു രൂപത്തിലെടുത്താലും ഒരു ലാഭകരമായ കമ്പനിയാണ്; ചുരുങ്ങിയത് ഇന്ത്യയിലെ സംഘ്പരിവാറിനെങ്കിലും.
ഒരു ജനതയെ തമോഗര്‍ത്തത്തിലേക്കു തള്ളിവിട്ട് അന്ധവിശ്വാസങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങള്‍ അവരുടെ ചുമലിലേറ്റിച്ച് അധികാരം പിടിച്ച് രാജ്യവിരുദ്ധമായ ഒളിയജണ്ടകള്‍ നടപ്പാക്കി ദുരന്തങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഈ ഫാഷിസം ഇവിടെ ഇനിയും തുടരാന്‍ പാടില്ല എന്ന് നാമൊന്നിച്ച് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുക; No, It Can’t Continue Here.
Comments