Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

അറിവും അവബോധവും പകര്‍ന്ന് ഐ.പി.എച്ച് പുസ്തകമേള

നാസര്‍ എരമംഗലം

2018 ഡിസംബര്‍ 22 മുതല്‍ 26 വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എച്ച് പുസ്തകമേളയും സാംസ്‌കാരിക സമ്മേളനങ്ങളും സമൂഹത്തിലെ വ്യത്യ സ്ത തുറകളിലുള്ള അക്ഷര സ്‌നേഹികളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് നഗരഹൃദയത്തില്‍ സാംസ്‌കാരിക പരിപാടികളോടെ ഐ.പി.എച്ച് മേളയുടെ തിരിച്ചുവരവ്.

മേളയോടനുബന്ധിച്ച് ഐ.പി.എച്ച് പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. വിഖ്യാത ചിന്തകരായ മുഹമ്മദ് അസദിനെയും മാല്‍കം എക്‌സിനെയും ബെഗോവിച്ചിനെയും ഗരോഡിയെയും ഗൈ ഈറ്റനെയും ജെഫ്രി ലാംഗിനെയും മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഐ.പി.എച്ച് ലൈലാ അബൂലുഗുദ് എന്ന അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞയെയാണ് പുതുതായി അക്ഷര കൈരളിക്ക് പരിചയപ്പെടുത്തിയത്. അവരുടെ ഉീ ങൗഹെശാ ണീാലി ചലലറ ടമ്ശിഴ? എന്ന പുസ്തകത്തിന്റെ ആര്‍.കെ. ബിജുരാജ് പരിഭാഷപ്പെടുത്തിയ മുസ്‌ലിം സ്ത്രീക്ക് രക്ഷകരെ ആവശ്യമുണ്ടാേ എന്ന കൃതിയായിരുന്നു മേളയില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു പുസ്തകം. മുസ്‌ലിം സ്ത്രീയുടെ അവകാശ പ്രശ്‌നം ഉയര്‍ത്തി എങ്ങനെയാണ് മുസ്‌ലിം ഭൂപ്രദേശങ്ങളുടെ അധിനിവേശത്തിന് അനുകൂലമായ പൊതുബോധം പടിഞ്ഞാറ് നിര്‍മിച്ചെടുത്തതെന്ന് ഈ കൃതി പരിശോധിക്കുന്നു. ഈ പുസ്തകമേളയിലൂടെ ഐ.പി.എച്ച് പരിചയപ്പെടുത്തിയ മറ്റൊരെഴുത്തുകാരന്‍ ഇന്ത്യയിലെ യുവ ഇസ്‌ലാമിക ചിന്തകനായ സയ്യിദ് സആദത്തുല്ലാ ഹുസൈനിയാണ്. അശ്‌റഫ് കീഴുപറമ്പ് പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന്റെ മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും പുതുതായി ഉയര്‍ന്നുവരുന്ന സാമൂഹിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക ചിന്തയെ നവീകരിക്കാനുള്ള ശ്രമമാണ്.

ആര്‍.എസ്.എസ്സിനെക്കുറിച്ച ആഴമുള്ളതും എന്നാല്‍ സന്തുലിതവുമായ പഠനമാണ് പുതുതായി ഇറങ്ങിയ മറ്റൊരു ശ്രദ്ധേയ പുസ്തകം. അലീഗഢിലെ സെന്റര്‍ ഫോര്‍ റിലീജ്യസ് സ്റ്റഡീസിലെ റിസര്‍ച്ച് ഫെല്ലോ ഹാരിസ് ബശീര്‍ എഴുതിയ ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന എന്ന ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് കെ.ടി ഹുസൈനാണ്. സുപ്രീംകോടതി നിയമാനുസൃതമാക്കിയ സ്വവര്‍ഗരതി ഉയര്‍ത്തുന്ന ധൈഷണിക, ധാര്‍മിക പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നു വി.എ കബീര്‍ എഡിറ്റ് ചെയ്ത സ്വവര്‍ഗരതി ലിബറല്‍ രോഗാതുരതയുടെ ഉല്‍പന്നം എന്ന കൃതി. അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടത്തിന്റെ സംഗീതം ഇസ്‌ലാമിക വീക്ഷണത്തില്‍, ജി.കെ. എടത്തനാട്ടുകരയുടെ മരണം മരണാനന്തരം, വി.പി വലിയോറയുടെ കുഞ്ഞിക്കിനാവുകള്‍, അബ്ദുല്‍ ജബ്ബാര്‍ ഒളവണ്ണയുടെ വായിച്ചാല്‍ തീരാത്ത പുസ്തകം എന്നിവയും മേളയില്‍ പുറത്തിറങ്ങിയ പുതിയ പുസ്തകങ്ങളാണ്.

ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി മേള ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സ്ത്രീകള്‍ക്ക് രക്ഷകരെ ആവശ്യമുണ്ടോ എന്ന കൃതി പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ഗവേഷകയുമായ ഡോ. വര്‍ഷ ബഷീര്‍ ആരാമം സബ് എഡിറ്റര്‍ ഫൗസിയ ഷംസിന് നല്‍കി പ്രകാശനം ചെയ്തു. ഇസ്‌ലാമിന്റെ പേരില്‍ ഭീതി പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ഭാഗത്തുനിന്ന് അവരുടെ മൗലിക ചിന്തകളും അനുഭവങ്ങളും ഉണ്ടാകണമെന്ന് അവര്‍ പറഞ്ഞു. സംഗീതം ഇസ്‌ലാമിക വീക്ഷണത്തില്‍ എന്ന പുസ്തകം പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ് ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ കബീറിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും എന്ന പുസ്തകം ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍ കേരള ശൂറാ അംഗം ഖാലിദ് മൂസാ നദ്‌വിക്ക് നല്‍കി പ്രകാശനം ചെയ്തു. ഐ.പി.എച്ച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ സ്വാഗതവും മാനേജര്‍ ടി.ടി. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. 

വിധി പ്രസ്താവിക്കുമ്പോള്‍ അവയുടെ സാമൂഹികവും നിയമപരവും സദാചാരപരവുമായ അനന്തരഫലങ്ങള്‍ കൂടി കോടതികള്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. 'ലിബറലിസം സദാചാരം' എന്ന വിഷയത്തില്‍ രണ്ടാം ദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗരതി ലിബറല്‍ രോഗാതുരതയുടെ ഉല്‍പന്നം എന്ന പുസ്തകം നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ ജമാഅത്തെ ഇസ്‌ലാമി വനി താ വിഭാഗം സെക്രട്ടറി പി. റുക്‌സാനക്ക് നല്‍കി പ്രകാശനം ചെയ്തു. ഐ.പി.എച്ച് മുന്‍ ഡയറക്ടര്‍ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഡോ. വി. ഹിക്മത്തുല്ല, മുഹമ്മദ് ശമീം, ടി. മുഹമ്മദ് വേളം സംസാരിച്ചു. ഇസ്‌ലാമിക വിജ്ഞാനകോശം അസി. എഡിറ്റര്‍ ശിഹാബുദ്ദീന്‍ ആരാമ്പ്രം സ്വാഗതവും ഐ.പി.എച്ച് പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് സി.പി. ജൗഹര്‍ നന്ദിയും പറഞ്ഞു.

മൂന്നാം ദിവസം നടന്ന 'ജനാധിപത്യവും ബഹുസ്വരതയും മോദി ഇന്ത്യയില്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ജെ.എന്‍.യുവില്‍നിന്ന് കാണാതാക്കപ്പെട്ട നജീബിന്റെ മാതാവുമായ ഫാത്വിമ നഫീസ് ഉദ്ഘാടനം ചെയ്തു. നിരന്തരം ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന ഭരണകൂട തന്ത്രത്തെ പരാജയപ്പെടുത്തിയാണ് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തമാവുകയെന്ന് അവര്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സ്വാലിഹ് അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന എന്ന ഗ്രന്ഥം മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ ഫാത്വിമ നഫീസിന് നല്‍കി പ്രകാശനം ചെയ്തു. ആര്‍.എസ്.എസ് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, രാജ്യത്തിനുതന്നെ ഭീഷണിയാണെന്നും ഇത് മനസ്സിലാക്കുന്നതില്‍ പലരും പരാജയപ്പെട്ടെന്നും ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. രാജ്യസുരക്ഷ പറഞ്ഞ് ജനങ്ങളെ സംശയിക്കുകയും  ന്യൂനപക്ഷങ്ങളെയടക്കം വേട്ടയാടുകയുമാണ് ഭരണകൂടം ചെയ്യുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തണ്ട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, മീഡിയവണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് സംസാരിച്ചു. ഇസ്‌ലാമിക വിജ്ഞാനകോശം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. എ.എ. ഹലീം സ്വാഗതവും എം.കെ. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

'മലയാളത്തിലെ ഇസ്‌ലാമിക ഗാനങ്ങള്‍' എന്ന വിഷയത്തില്‍ നാലാം ദിവസം നടന്ന ചര്‍ച്ചയില്‍ ഐ.പി.എച്ച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. ജനങ്ങളുമായി സംവദിക്കാന്‍ വരികള്‍ക്ക് സാധിച്ചതുകൊണ്ടാണ് മാപ്പിളപ്പാട്ടിനെ ജനം ഏറ്റെടുത്തതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. മനുഷ്യന്റെ ആദ്യത്തെ കല പാട്ടായിരുന്നുവെന്നും മനുഷ്യസംസ്‌കാരം ആരംഭിച്ചതുമുതലേ പാട്ടുണ്ടെന്നും ഡോ. ജമീല്‍ അഹ്മദ് പറഞ്ഞു.  

പി.ടി. കുഞ്ഞാലി മാസ്റ്റര്‍ സംസാരിച്ചു. ശേഷം ഉബൈദ് കുന്നക്കാവിന്റെ നേതൃത്വത്തില്‍ റഹ്മാന്‍ മുന്നൂരിന്റെ പാട്ടുകളുടെ ആലാപനം നടന്നു. എന്‍.കെ. അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു.

അഞ്ചാം ദിവസത്തെ സമാപന സമ്മേളനം കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പുതിയ കാലത്ത് വിമര്‍ശനങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധിക്കാന്‍ കഴിയണമെന്ന് അദ്ദേഹം  പറഞ്ഞു.

അറിവിനെ ഫാഷിസ്റ്റുകള്‍ ഭയപ്പെടുന്നതായും ഫാഷിസം അതിന്റെ ഫണം വിടര്‍ത്തിയാടുന്ന പുതിയ കാലത്ത് അറിവുകൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും പ്രതിരോധം തീര്‍ക്കണമെന്നും അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഇസ്‌ലാമിനെ ഗൗരവമായി പഠിക്കാനുള്ള പുസ്തകങ്ങളില്ലാത്ത കാലത്ത് കൈരളിക്ക് ലഭിച്ച മഹത്തായ സംഭാവനയാണ് ഐ.പി.എച്ചെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് റഹ്മത്തുന്നീസ ടീച്ചര്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ വി.ടി അബ്ദുല്ലക്കോയ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍ സംസാരിച്ചു. ഐ.പി.എച്ച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സ്വാഗതവും ഐ.പി.എച്ച് മാനേജര്‍ വി.എ സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു. 

പുസ്തകങ്ങള്‍ മരിക്കുന്നുവെന്ന നിലവിളികള്‍ക്കിടയില്‍ നല്ല വായന മരിക്കുന്നില്ല എന്ന സന്ദേശം കൈമാറിയും അറിവും അവബോധവും കാലഘട്ടത്തെക്കുറിച്ച രാഷ്ട്രീയ ജാഗ്രതയും പകര്‍ന്ന് നല്‍കിയുമാണ് അഞ്ച് ദിവസം നീണ്ടുനിന്ന 

പുസ്തകമേളക്കും സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും സമാപനമായത്.

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍