മാനവിക ക്ഷേമം ദൈവിക ദര്‍ശനത്തിലൂടെ: ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി
മാനവിക ക്ഷേമം ദൈവിക ദര്‍ശനത്തിലൂടെ: ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി
ബാംഗ്ളൂര്‍: ഭൂമിയില്‍ മനുഷ്യകുലത്തിനു പൂര്‍ണ സ്വാസ്ഥ്യം അവന്റെ സ്രഷ്ടാവിനെ പൂര്‍ണമായി അനുസരിക്കുന്നതിലൂടെ മാത്രമേ കരഗതമാവുകയുള്ളൂ എന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രസ്താവിച്ചു. 'റോഡ് മാപ് ഫോര്‍ മുസ്ലിം' എന്ന വിഷയത്തില്‍ സമുദായ നേതാക്കള്‍ക്കും ഇസ്ലാമിക പണ്ഡിതര്‍ക്കും വേണ്ടി ബാംഗ്ളൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമീര്‍. കര്‍ണാടക ജ.ഇ. സംസ്ഥാന അമീര്‍ മുഹമ്മദ് അബ്ദുല്ല ജാവേദ് ഉദ്ഘാടനം ചെയ്തു. ബാംഗ്ളൂര്‍ ജാമിഅ മസ്ജിദ് ഇമാം മൌലാനാ അബ്ദുല്‍ ഖദീര്‍ റശാദി ഖുര്‍ആന്‍ ദര്‍സ് നടത്തി. ഡോ. സാദ് ബല്‍ഗാമി, മൌലാനാ വഹീദുദ്ദീന്‍ ഖാന്‍ മദനി, മൌലാനാ നൂറുല്‍ ഹസന്‍ സഹാദ എന്നിവര്‍ പ്രസംഗിച്ചു.
അറബ് വസന്തം പ്രചാരണ കാമ്പയിന് ഉജ്ജ്വല സമാപനം
കാസര്‍കോട്: 'അറബ് വസന്തം പുതുയുഗ പിറവിയാണ്' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി നടത്തിയ ക്യാംപയിന് ആവേശകരമായ സമാപനം. സാമ്രാജ്യത്വ ഭൌതിക ശക്തികള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇസ്ലാം ഭീതി അധികകാലം നിലനിര്‍ത്താനാകില്ലെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നേതാക്കളെ മിതവാദികളെന്ന് വിളിക്കുന്നേടത്തേക്ക് കാര്യങ്ങള്‍ എത്തി. മതരാഷ്ട്ര വാദികളെന്ന പ്രചാരണം അറബ് ലോകത്തെ വിപ്ളവത്തോടെ അപ്രസക്തമായിരിക്കുന്നു. കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഇസ്ലാമിക പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനിന്നു പൊരുതിയ കാലഘട്ടമാണിതെന്നും സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു.
ചെമ്മനാട് ജമാഅത്ത് ജുമാമസ്ജിദ് ഖത്തീബ് ഹുസൈന്‍ സഖാഫി കാമിലിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. അറബ് വിപ്ളവങ്ങള്‍ നമുക്ക് പകര്‍ന്നുനല്‍കേണ്ടത് ഐക്യത്തിന്റെ ശക്തിയെക്കുറിച്ച ബോധ്യമാണെന്നും ആദര്‍ശത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴും അതിനു പുറത്തുള്ളവരോട് പ്രവാചകനുണ്ടായ ബന്ധങ്ങള്‍ പുതിയ കാലത്തും ബഹുസ്വര സമൂഹത്തിലും സൂക്ഷിക്കാന്‍ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിന്റെ ഉദ്ഘാടനം ചെമ്മനാട്ട് വെച്ച് ഖാലിദ് മൂസ നദ്വി നിര്‍വഹിച്ചു. വിശക്കുന്നവന്‍ വിപ്ളവകാരിയാകുമെന്ന ഖുര്‍ആനിക പരാമര്‍ശത്തെ ദൃശ്യവല്‍ക്കരിക്കുകയായിരുന്നു അറബ് വസന്തമെന്ന് അദ്ദേഹം പറഞ്ഞു. മര്‍ദ്ദക ഭരണ വര്‍ഗത്തോട് സത്യം വിളിച്ചുപറയുക എന്ന പ്രവാചക നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിയ ചെറുപ്പക്കാരുടെ വിജയമാണ് അറബ് വസന്തത്തിലൂടെ നടന്നത്. വിപ്ളവത്തിന്റെ ഏക വര്‍ണം ചുവപ്പ് മാത്രമാണെന്ന പ്രചാരണത്തെയാണ് ഇത് വലിച്ച് കീറിക്കളഞ്ഞത്. ഭാവിലോക രാഷ്ട്രീയം മതവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളില്‍ പരസ്പര രാഷ്ട്രീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതാണെന്ന സന്ദേശമാണ് അറബ് വസന്തം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ചത്തൂരില്‍ നടന്ന പൊതു സമ്മേളനം ജമാഅത്തെ ഇസ്ലാമി കര്‍ണാടക സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന, കാഞ്ഞങ്ങാട്, പള്ളിക്കര, ബേവിഞ്ച എന്നീ കേന്ദ്രങ്ങില്‍ നടന്ന പൊതു സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ വളാഞ്ചേരി, ജില്ലാപ്രസിഡന്റ് യു.പി. സിദ്ധിഖ് മാസ്റര്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍, വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, സലീം മമ്പാട്, ഷിഹാബുദ്ദീന്‍, ഷെഫീഖ് നസ്റുല്ല, സല്‍മാന്‍ സഈദ്, എം.എച്ച്.സീതി, പി.കെ.അബ്ദുല്ല, കെ.കെ.ഇസ്മായില്‍, കെ.വി.പി. കുഞ്ഞഹമ്മദ്, അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലബാര്‍ കമ്മീഷനെ നിയമിക്കണം സാംസ്കാരിക നായകര്‍
കണ്ണൂര്‍: മലബാര്‍ പ്രശ്നം പഠിക്കുന്നതിന് ഒരു മലബാര്‍ കമ്മീഷനെ നിയമിക്കണമെന്ന് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള സാംസ്കാരിക നായകര്‍ അഭിപ്രായപ്പെട്ടു.
ഐക്യ കേരളം എന്ന മഹത്തായ സങ്കല്‍പത്തിനു തന്നെ പരുക്കേല്‍പ്പിക്കുന്ന രീതിയില്‍ മലബാര്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. വിസ്തീര്‍ണത്തിലും ജനസംഖ്യയിലും, അത്കൊണ്ട് തന്നെ നികുതി പണത്തിലും പകുതിയോളം വരുമെങ്കിലും അനുഭവത്തില്‍ മലബാര്‍ കേരളത്തിന്റെ പുറമ്പോക്ക് മാത്രമാണ്. റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പൊതുഭരണം, തൊഴില്‍, വ്യവസായം, പ്രവാസി ക്ഷേമം, പൊതുവിതരണം, സാമൂഹിക ക്ഷേമം, തുടങ്ങി എല്ലാറ്റിലും സംസ്ഥാന ശരാശരിയില്‍ എത്രയോ താഴെയാണ് മലബാര്‍.
വൈദേശികാധിപത്യങ്ങള്‍ക്കെതിരെ സധീരം ചെറുത്തു നിന്നതിനാല്‍ ബ്രിട്ടീഷ് ഭരണകാലം തൊട്ടേ മലബാര്‍ അവഗണിക്കപ്പെട്ടിരിക്കുന്നു. രാജ്യം സ്വതന്ത്രമായിട്ടും അവഗണന അവസാനിച്ചില്ലെന്നു മാത്രമല്ല അതി രൂക്ഷമായി തുടരുകയുമാണ്. കേരളത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് അതിക്രമിച്ചിരിക്കുന്ന ഈ കൊടും വിവേചനം അവസാനിപ്പിക്കാന്‍ എത്രയും പെട്ടെന്ന് തന്നെ ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നും ചുരുങ്ങിയത് മലബാര്‍ പ്രശ്നം പഠിക്കാന്‍ ഒരു മലബാര്‍ കമ്മീഷനെയെങ്കിലും നിയമിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. വാണിദാസ് എളയാവൂര്‍, കെ.സി. വര്‍ഗീസ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, താഹ മാടായി, അപ്പുകുട്ടന്‍ പൊതുവാള്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, രാഘവന്‍ കടന്നപ്പള്ളി, പി.ഐ നൌഷാദ്, പള്ളിപ്രം പ്രസന്നന്‍, കെ. സുനില്‍ കുമാര്‍, ടി.പി പത്മനാഭന്‍, അഡ്വ. പി.പി സുരേഷ് കുമാര്‍, വാസുദേവന്‍ കോറം, ടി. മുഹമ്മദ് വേളം, മധു കക്കാട്, അഡ്വ. വി.കെ രവീന്ദ്രന്‍, പി.എം ബാലകൃഷ്ണന്‍, കളത്തില്‍ ബഷീര്‍, ഡോ. വി.സി രവീന്ദ്രന്‍, കെ.എം മഖ്ബൂല്‍, പപ്പന്‍ ചെറുതാഴം, കെ.വി കണ്ണന്‍, കൃഷ്ണന്‍ നടുവിലത്ത്, പപ്പന്‍ കുഞ്ഞിമംഗലം, ഫാറൂഖ് ഉസ്മാന്‍, കെ.വി മോഹനന്‍ , കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments