Prabodhanm Weekly

Pages

Search

2012 ജനുവരി 28

മെമോ ഗേറ്റും പാകിസ്താന്റെ ഭാവിയും

പ്രഫ. ഖുര്‍ശിദ് അഹ്മദ്‌

ത്യപൂര്‍വമായ കനത്ത തിരിച്ചടികള്‍ ഏല്‍ക്കേണ്ടിവന്ന ഇരുണ്ട വര്‍ഷം എന്നാണ് പാകിസ്താനെ സംബന്ധിച്ചേടത്തോളം 2011-നെ വിശേഷിപ്പിക്കാനാവുക. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ ആ സംഭവ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. റെയ്മണ്ട് വില്യംസ് എന്ന സി.ഐ.എ ചാരന്റെ ചോരക്കളി നടന്നത് ജനുവരിയിലാണ്. മെയ് 2-ന് അബെട്ടാബാദില്‍ ഉസാമാ ബിന്‍ലാദിനെ പിടികൂടല്‍, പിന്നെ വധവും. മെയ് 22-ന് കറാച്ചിയിലെ മഹ്‌റാന്‍ നേവല്‍ ബേസില്‍ ആക്രമണം. നവംബര്‍ 24-ന് സലാല ചെക്‌പോസ്റ്റിന് നേരെയുള്ള അമേരിക്കന്‍ ആക്രമണം. ഇപ്പോള്‍ രണ്ട് മൂന്ന് മാസങ്ങളായി 'മെമോ ഗേറ്റ്' എന്ന പേരില്‍ നടക്കുന്ന വിവാദവും. സത്യം മറച്ചുവെക്കാനും ജനകീയ വിചാരണയില്‍ നിന്ന് രക്ഷപ്പെടാനും വൃത്തികെട്ട കളികള്‍ മറുഭാഗത്ത് നടക്കുന്നു. ജനകീയാംഗീകാരത്തോടെ അധികാരത്തില്‍ വന്ന പീപ്പിള്‍സ് പാര്‍ട്ടിയും, സഖ്യകക്ഷികളും ജനങ്ങളുടെ മാന്‍ഡേറ്റ് നഷ്ടപ്പെടുത്തിയിരിക്കുന്നു. 2008-ല്‍ അധികാരമേറ്റ അവര്‍ അന്ന് പുറത്താക്കപ്പെട്ട ജനറല്‍ പര്‍വേസ് മുശര്‍റഫിന്റെ അതേ നയങ്ങള്‍ തന്നെയാണ് ഇന്നുവരെയും തുടര്‍ന്നുപോന്നത്.
യുദ്ധം നടന്നുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്താനില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു കോണിയായിട്ട് മാത്രമേ പാകിസ്താനെ അമേരിക്ക കണ്ടിട്ടുള്ളൂ. ഇതിനു വേണ്ടി സ്വതന്ത്ര രാഷ്ട്രമെന്ന പാകിസ്താന്റെ പദവിയും പരമാധികാരവും സ്വയം നിര്‍ണയാവകാശവും അമേരിക്ക ചവിട്ടിമെതിച്ചു. പാക് ഭരണത്തില്‍ മാത്രമല്ല വിദ്യാഭ്യാസ കാര്യങ്ങളില്‍ വരെ അമേരിക്ക ഇടപെട്ടു. ആയിരക്കണക്കിന് അമേരിക്കന്‍ ഏജന്റുമാരാണ് പാക് മണ്ണില്‍ വന്നിറങ്ങിയത്. അതിലൊരാളാണ് നേരത്തെ സൂചിപ്പിച്ച റെയ്മണ്ട് വില്യംസ്. ഇയാള്‍ രണ്ട് പേരെ വെടിവെച്ചു കൊന്ന ശേഷമാണ് പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെടാനുള്ള വഴികളെല്ലാം സര്‍ദാരി-ഗീലാനി ഭരണകൂടം തന്നെ ഒരുക്കികൊടുത്തു.
അബെട്ടാബാദില്‍ ബിന്‍ലാദിന്‍ ഓപ്പറേഷന്‍ രണ്ട് മണിക്കൂര്‍ സമയമെടുത്താണ് അമേരിക്ക നടത്തിയത്. ആ സമയത്തൊന്നും പാക് സേനയുടെയോ പോലീസിന്റെയോ തരിമ്പും ആ പ്രദേശത്തൊന്നും കാണാനുണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം പാക് പ്രസിഡന്റ് സര്‍ദാരിയുടെ ഒരു ലേഖനം വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അബെട്ടാബാദിലെ അമേരിക്കന്‍ ആക്രമണത്തെ അപലപിക്കുന്ന ഒരു വാക്കും അതിലുണ്ടായിരുന്നില്ല. ഇതൊരു സംയുക്ത സൈനിക നീക്കമായിരുന്നു എന്ന് സൂചിപ്പിക്കാനാണ് സര്‍ദാരി ശ്രമിച്ചത്. അബെട്ടാബാദ് ആക്രമണത്തിന്റെ പേരില്‍ അമേരിക്കന്‍ സൈന്യത്തെ ആശീര്‍വദിക്കാന്‍ വരെ രണ്ട് പീപ്പിള്‍സ് പാര്‍ട്ടി വന്‍തോക്കുകള്‍ തയാറായി (അമേരിക്കയിലെ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയും ബ്രിട്ടനിലെ ഹൈകമീഷണര്‍ വാജിദ് ശംസുല്‍ ഹസനും). ഈ പശ്ചാത്തലത്തിലാണ് പ്രഫസര്‍ റോബര്‍ട്ട് പെയ്പ് എഴുതിയ Cutting the Fuse എന്ന പുസ്തകം പ്രസക്തമാകുന്നത്. നേര്‍ക്കുനേരെയുള്ള അധിനിവേശമാണ് ഇറാഖിലും അഫ്ഗാനിലും നടക്കുന്നതെങ്കില്‍, പാകിസ്താനിലത് പരോക്ഷ അധിനിവേശം (Indirectly occupied) ആണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. തീര്‍ത്തും അപമാനകരമാണ് ഈ സ്ഥിതിവിശേഷം.
'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ പേരില്‍ പാകിസ്താനുണ്ടായ നഷ്ടങ്ങള്‍ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. പാക് ധനകാര്യ വകുപ്പിന് അമേരിക്കയില്‍നിന്ന് കിട്ടുന്ന സഹായധനം അഞ്ച്ബില്യന്‍ ഡോളറാണ്. പക്ഷേ, അതിന് പകരം ഉണ്ടായ പ്രത്യക്ഷ നഷ്ടം തന്നെ 97 ബില്യന്‍ ഡോളര്‍ വരും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും അടിസ്ഥാനസൗകര്യങ്ങള്‍(ഇന്‍ഫ്രാസ്ട്രക്ചര്‍)ക്കുണ്ടായ തകര്‍ച്ചയുടെയും മറ്റും കണക്കുകള്‍ ഇതില്‍ പെടുത്തിയിട്ടേയില്ല. യുദ്ധം മൂലം സാമ്പത്തിക രംഗത്തുണ്ടായ നഷ്ടം തന്നെ നൂറ് മുതല്‍ 150 മില്യന്‍ ഡോളര്‍ വരെയാണ്. മൊത്തം ദേശീയോല്‍പാദന മൂല്യത്തിന്റെ അത്രത്തോളം തന്നെ വരും ഈ ഭീമമായ നഷ്ടക്കണക്ക് എന്നര്‍ഥം. മെയ് 2 സംഭവത്തിന് ശേഷം മെയ് 29-നും അമേരിക്ക പാകിസ്താനില്‍ ഒരു വന്‍ ആക്രമണം നടത്തുകയുണ്ടായി. 24 പാക് സൈനികരാണ് അതില്‍ കൊല്ലപ്പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റു. രണ്ട് മണിക്കൂറോളം അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. ഈ ആക്രമണത്തിന് 'എഫ് 19' യുദ്ധ വിമാനങ്ങള്‍ ആകാശത്ത് സംരക്ഷണ വലയവും തീര്‍ത്തിരുന്നു. ഒരു പരമാധികാര രാഷ്ട്രത്തിനു മേല്‍ മറ്റൊരു രാഷ്ട്രം നടത്തുന്ന യുദ്ധം എന്നേ ഇതിനെപ്പറ്റി പറയാനാവൂ. ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ചില നടപടികളെങ്കിലും സ്വീകരിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി. പാകിസ്താന്‍ വഴി നാറ്റോ-അമേരിക്കന്‍ സൈനികര്‍ക്ക് സാധന സാമഗ്രികളും ഭക്ഷണവും എത്തിക്കുന്ന റോഡ് മാര്‍ഗങ്ങള്‍ പാക് ഗവണ്‍മെന്റ് അടച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ബോണില്‍ വിളിച്ചുചേര്‍ത്ത സമ്മേളനം ബഹിഷ്‌കരിച്ചു. ഈ നടപടികള്‍ സമയോചിതം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഇത്തരം താല്‍ക്കാലിക നടപടികള്‍ മുഖ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയില്ല. പാകിസ്താന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പുല്ലു വില കല്‍പിക്കാതെ പാക് മണ്ണില്‍ അമേരിക്ക അഴിഞ്ഞാടുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയാണ് മറ്റൊരു പ്രശ്‌നം.
പാക് രാഷ്ട്രീയത്തിലും ഭരണത്തിലും അമേരിക്ക നടത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലിന്റെ ഒടുവിലത്തെ വൃത്തികെട്ട ഉദാഹരണമാണ് 'മെമോ ഗേറ്റ്' വിവാദം. മീഡിയയിലും പാര്‍ലമെന്ററി സുരക്ഷാ സമിതിയിലും സുപ്രീം കോടതിയിലുമെല്ലാം ഇതുസംബന്ധിച്ച് തീപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍. മെയ് 2-ലെ ഉസാമ വധം കഴിഞ്ഞ ഉടനെയാണ് വിവാദത്തിന് ആസ്പദമായ കത്ത് തയാറാക്കുന്നത്.
ഉസാമ വധത്തിനു ശേഷം പാക് സൈന്യവും സിവില്‍ ഭരണകൂടവും തമ്മിലുള്ള ബന്ധം അത്യന്തം വഷളായതിനാല്‍ സിവില്‍ ഭരണകൂടത്തെ രക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യം ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കത്ത്. അമേരിക്കന്‍ ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടുള്ള ഈ മെമോ തയാറാക്കിയത് അമേരിക്കയിലെ മുന്‍ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയും, പാക് വംശജനായ അമേരിക്കന്‍ പൗരന്‍ മന്‍സൂര്‍ ഇഅ്ജാസ് എന്നൊരാളും ചേര്‍ന്നാണ്. മന്‍സൂര്‍ ഇഅ്ജാസിന്റെ പിതാവ് ഖാദിയാനി ആശയക്കാരനും പാക് ന്യൂക്ലിയര്‍ പദ്ധതിയുമായി അടുത്ത ബന്ധമുള്ളയാളുമായിരുന്നു. പത്തിരുപത് വര്‍ഷത്തെ ബിസിനസിലൂടെ വലിയ ധനികനായിത്തീര്‍ന്ന മന്‍സൂര്‍ ഇഅ്ജാസിന് അമേരിക്കയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുടെയും അമേരിക്കന്‍ സേനയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായും ഇയാള്‍ നല്ല അടുപ്പത്തിലാണ്. 'അടുക്കള നയതന്ത്ര'(Back channel diplomacy)ത്തില്‍ അഗ്രഗണ്യന്‍. ഇന്ത്യയിലും പാകിസ്താനിലും സുഡാനിലും മറ്റു നിരവധി രാജ്യങ്ങളിലും ഇത്തരം കാര്യങ്ങള്‍ക്കായി ഇയാള്‍ നിയോഗിക്കപ്പെടാറുണ്ട്.
അതെന്തെങ്കിലുമാവട്ടെ. മെമോ ഗേറ്റുമായി ഇയാള്‍ക്കുള്ള ബന്ധമാണ് നമ്മുടെ വിഷയം. ഇങ്ങനെയൊരു മെമോ അയച്ചിട്ടുണ്ട് എന്നത് പൂര്‍ണമായും സത്യമാണ്. ഈ മെമോ അയച്ചിട്ടുള്ളത് ജനറല്‍ ജോണ്‍സ് വഴി അന്നത്തെ അമേരിക്കന്‍ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ മുളന് ആണെന്നതും തര്‍ക്കമറ്റ കാര്യം. അന്വേഷിക്കേണ്ടത് ഇത്രമാത്രം: ആരുടെ തലയില്‍ വിരിഞ്ഞ ആശയമാണ് ഈ മെമോ? അതിന് ചുക്കാന്‍ പിടിച്ച വ്യക്തികളാര്, സ്ഥാപനങ്ങളേത്? എന്തിനായിരുന്നു ഈ മെമോ? മെമോ അയച്ച രഹസ്യവിവരം ഇപ്പോള്‍ പുറത്ത് വിടാന്‍ എന്താണ് കാരണം?
മെയ് രണ്ടിലെ ഉസാമ വധത്തിനു ശേഷം രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യമാണ് കത്തിലെ ഉള്ളടക്കം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മെയ് മൂന്നിന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പാക് പ്രസിഡന്റ് സര്‍ദാരി എഴുതിയ ലേഖനം, പിന്നീട് മെമോ അയച്ച കാര്യം പരസ്യപ്പെടുത്തല്‍, ഐ.എസ്.ഐ മേധാവിയും മന്‍സൂര്‍ ഇഅ്ജാസുമായുള്ള കൂടിക്കാഴ്ച, ചീഫ് ഓഫ് സ്റ്റാഫ് മേധാവിയും പാക് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച, അമേരിക്കയിലെ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയെ തിരിച്ചുവിളിക്കല്‍ ഇതെല്ലാം നടന്നുകഴിഞ്ഞ സംഭവങ്ങളാണ്. ജനറല്‍ മുളന്‍ തുടക്കത്തില്‍ മെമോ കിട്ടിയ കാര്യം നിഷേധിച്ചു. മന്‍സൂര്‍ ഇഅ്ജാസിന്റെ ഇമെയിലും എസ്.എം.എസ്സും മറ്റു തെളിവുകളും ഹാജരാക്കിയപ്പോഴാണ് മെമോ കിട്ടിയെന്ന് മുളന്‍ സമ്മതിച്ചത്. ഇക്കാര്യത്തില്‍ ജനറല്‍ ജോണ്‍സ് നല്‍കിയ മൂന്ന് വിശദീകരണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നാമത്തെ വിശദീകരണത്തില്‍, മെമോ കിട്ടിയെന്നും അത് അഡ്മിറല്‍ മുളന് അയച്ചുകൊടുത്തുവെന്നും ജോണ്‍സ് സമ്മതിച്ചു. ഒരു ടി.വി ചാനലുമായുള്ള അഭിമുഖത്തില്‍ ജോണ്‍സ് വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയതാണ് രണ്ടാമത്തെ വിശദീകരണം. അമേരിക്കയിലെ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിക്ക് ഇതിലൊന്നും യാതൊരു പങ്കുമില്ല എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ് മൂന്നാമത്തെ വിശദീകരണം. ഈ മൂന്ന് വിശദീകരണങ്ങളും തമ്മില്‍ വൈരുധ്യമുണ്ട്. ഹുസൈന്‍ ഹഖാനിയെ സംരക്ഷിക്കാന്‍ ജനറല്‍ ജോണ്‍സ് വഴിവിട്ട് ശ്രമിക്കുന്നുണ്ടെന്ന് വ്യക്തം.
എന്തായിരുന്നു മെമോയുടെ ഉള്ളടക്കം? മെയ് രണ്ട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അതെഴുതിയത്. ഈ സംഭവത്തിനു ശേഷം പാക് സൈന്യത്തില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന തോന്നല്‍ ശക്തമാണെന്നും അത് അസ്വസ്ഥതയായി വളരുകയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തങ്ങളുടെ പിടിത്തം ഉറപ്പിക്കുന്നതിനായി പാക് സൈന്യം സിവില്‍ ഭരണകൂടത്തിനെതിരെ എന്തെങ്കിലും കടുംകൈ ചെയ്തുകൂടായ്കയില്ല. ഇത് തടയുന്നതിനും പാക് സൈന്യത്തെ ഒതുക്കിനിര്‍ത്തുന്നതിനും സര്‍ദാരി ഭരണത്തെ നിലനിര്‍ത്തുന്നതിനും അങ്ങനെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ചുറ്റുപാട് തുടരുന്നതിനും അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും ചീഫ് ഓഫ് സ്റ്റാഫിന്റെയും സഹായം ആവശ്യമായിരിക്കുന്നു.
മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, പാക് സൈന്യത്തെ നിലക്ക് നിര്‍ത്താന്‍ പാക് സിവില്‍ ഭരണകൂടവും അമേരിക്കന്‍ ഭരണകൂടവും തമ്മില്‍ പുതിയൊരു ധാരണ ഉണ്ടായി വരണം. മൊമോയില്‍ പറഞ്ഞ പ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍, സകല സുരക്ഷ-പ്രതിരോധ സംവിധാനങ്ങളും അമേരിക്കയുടെ ഇംഗിതത്തിനൊത്ത് മാറ്റിപ്പണിയാന്‍ പ്രസിഡന്റ് സര്‍ദാരി സന്നദ്ധനാണ്. സൈന്യത്തിലും ഉയര്‍ന്ന ഇന്റലിജന്‍സ് തസ്തികകളിലും അമേരിക്കയുടെ സ്വന്തക്കാരെ പ്രതിഷ്ഠിക്കുന്നതുമാണ്.
മെമോ വിശകലനം ചെയ്താല്‍ മൂന്ന് കാര്യങ്ങള്‍ വ്യക്തം. ഒന്ന്, പാകിസ്താന്റെ സുരക്ഷാക്രമീകരണങ്ങളില്‍ നേരിട്ട് ഇടപെടാന്‍ അമേരിക്കയെ ക്ഷണിക്കുന്നു. രണ്ട്, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിവില്‍ ഭരണകൂടം പുതിയ കരാറുകള്‍ക്കും ധാരണകള്‍ക്കും ഒരുങ്ങുന്നു. മൂന്ന്, അമേരിക്കന്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും പണയപ്പെടുത്തുന്നു. പാക് പ്രധാനമന്ത്രി ഗീലാനി പറയും പോലെ ഈ മെമോ വെറും 'ഒരു കെട്ട് കടലാസ്' അല്ല എന്നര്‍ഥം. മറിച്ച് 'അടിമത്വത്തിനുള്ള സാക്ഷ്യപത്രം' ആണ്. മെമോയുടെ ആശയം വികസിപ്പിച്ചെടുത്തവരും അത് കത്തായി എഴുതിയവരും വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുത്തവരും ചരിത്രത്തില്‍ മീര്‍ ജഅ്ഫറും മീര്‍ സാദിഖും ചെയ്ത പണിയാണ് ചെയ്യുന്നത്. അതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തുകയും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. ഈ അന്വേഷണം പാര്‍ലമെന്ററി സമിതിക്കല്ല, കോടതിക്ക് മാത്രമാണ് നടത്താന്‍ കഴിയുക.
മെമോ ഗേറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ ഭൂതകാലവും ഒട്ടും തൃപ്തികരമല്ല. എല്ലാ അര്‍ഥത്തിലും അമേരിക്കയുടെ താല്‍പര്യം മാത്രം നോക്കുന്നയാളാണ് മന്‍സൂര്‍ ഇഅ്ജാസ് എന്ന കച്ചവടക്കാരന്‍. അമേരിക്കയിലെ മുന്‍ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയും ഒട്ടും മോശക്കാരനല്ല. Pakistan Between Mosque & Military എന്ന ഹഖാനിയുടെ പുസ്തകം വായിച്ചാല്‍ അദ്ദേഹവും മുന്‍സൂര്‍ ഇഅ്ജാസും ഒരേ തൂവല്‍ പക്ഷികളാണെന്ന് വ്യക്തമാവും.
മെമോക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആര് എന്ന ചോദ്യത്തിന് അഞ്ച് സാധ്യതകളാണ് ഞാന്‍ കാണുന്നത്. ഒന്ന്, മുഴുവന്‍ നാടകവും തന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ മന്‍സൂര്‍ ഇഅ്ജാസ് മാത്രം ആസൂത്രണം ചെയ്തത്. ഇക്കാര്യത്തില്‍ പാകിസ്താന്റെയല്ല, അമേരിക്കയുടെ മാത്രം താല്‍പര്യമാണ് അയാള്‍ നോക്കിയിരിക്കുക.
രണ്ട്, അമേരിക്കയിലെ മുന്‍ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയുടെ നിര്‍ദേശപ്രകാരം മന്‍സൂര്‍ ഇഅ്ജാസ് കത്തയക്കുന്ന ചുമതല ഏറ്റെടുത്തതാവാം. ഇവര്‍ രണ്ടു പേരും പത്ത് വര്‍ഷമായി വളരെ അടുപ്പത്തിലാണ്. പക്ഷേ ഇവിടെ ഒരു ചോദ്യമുണ്ട്. തന്റെ സ്ഥാനം തെറിപ്പിക്കുമെന്ന് ഉറപ്പുള്ള ഒരു പ്രവൃത്തി ഹുസൈന്‍ ഹഖാനി എന്തിന് സ്വന്തം നിലക്ക് ഏറ്റെടുക്കണം?
മൂന്ന്, ഇതു സംബന്ധമായ ഇമെയിലുകളും എസ്.എം.എസ്സുകളും മറ്റും പരിശോധിച്ചാല്‍ പിന്നില്‍ മറ്റൊരു കേന്ദ്രമുണ്ടെന്ന സംശയം ബലപ്പെടും. ആ സംശയം നീളുന്നത് പാക് പ്രസിഡന്റ് സര്‍ദാരി(മിക്കവാറും അദ്ദേഹത്തിന്റെ ഓഫീസോ അതുമായി ബന്ധമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനോ)യുടെ നേര്‍ക്കാണ്. കത്തയച്ചത് കൊണ്ടുള്ള പ്രയോജനം ആര്‍ക്ക് എന്ന് നോക്കിയാണല്ലോ അന്വേഷണം തുടങ്ങേണ്ടത്.
നാല്, മന്‍സൂര്‍ ഇഅ്ജാസ്, ജനറല്‍ ജോണ്‍സ്, അഡ്മിറല്‍ മുളന്‍ എന്നിവര്‍ അവരവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചു. ഇവരിത് ചെയ്തത് ചില ഏജന്‍സികള്‍ക്ക് വേണ്ടിയായിരിക്കാം. ആരാണ് ആ ഏജന്‍സികള്‍? സി.ഐ.എ? മൊസാദ്? പാക് സൈന്യവും ചാരസംഘടനയായ ഐ.എസ്.ഐയും ആയിരിക്കാം ആ ഏജന്‍സികളുടെ ഉന്നം. അറിഞ്ഞോ അറിയാതെയോ മുന്‍ പാക് അംബാസഡര്‍ അതിന്റെ മുന്നില്‍ നിന്നതാവാം.
അഞ്ച്, മുഴുവന്‍ നാടകത്തിന്റെയും പിന്നില്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയാണ് എന്നതാണ് മറ്റൊരു സാധ്യത. ഈ നിഗമനം ശരിയാവാനുള്ള സാധ്യത വളരെ കുറവാണ്. ഒന്നാമതായി, മന്‍സൂര്‍ ഇഅ്ജാസും ഐ.എസ്.ഐയും ഒട്ടും സുഖത്തിലല്ല. അവര്‍ ചേര്‍ന്ന് ഒരു സംയുക്ത ഓപറേഷന് സാധ്യത കാണുന്നില്ല. രണ്ടാമതായി, സൈന്യവും ഐ.എസ്.ഐയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയേ തീരൂ എന്ന ശക്തമായ നിലപാടാണ് തുടക്കം മുതലേ സ്വീകരിച്ചത്. അവരുടെ പങ്കാളിത്തം തള്ളിക്കളയുന്ന മറ്റൊരു തെളിവാണിത്.
പ്രസിഡന്റ് സര്‍ദാരിയുടെയും പ്രധാനമന്ത്രി ഗീലാനിയുടെയും പ്രവൃത്തികളും പ്രസ്താവനകളും ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നു. മെമോ അയച്ച വിവരം വെളിപ്പെടുത്തിക്കൊണ്ട് മന്‍സൂര്‍ ഇഅ്ജാസ് ലേഖനം എഴുതിയപ്പോള്‍ (2011, ഒക്‌ടോബര്‍ 10) ആദ്യം മിണ്ടാതിരിക്കുകയാണ് പാക് ഭരണകൂടം ചെയ്തത്. പ്രശ്‌നം കത്തിപ്പടര്‍ന്നപ്പോള്‍ അമേരിക്കയിലെ അംബാസഡര്‍ ഹുസൈന്‍ ഹഖാനിയെ തിരിച്ചുവിളിച്ച് അദ്ദേഹത്തിന് സകലവിധ സംരക്ഷണവും നല്‍കി. തൊട്ടുടനെ പ്രധാനമന്ത്രി ഗീലാനി മെമോ വെറും കടലാസ് മാത്രമാണെന്ന് പറഞ്ഞ് പ്രശ്‌നത്തെ നിസ്സാരവത്കരിച്ചു. രാഷ്ട്ര സുരക്ഷയെ തുരങ്കം വെക്കുന്ന ഗുരുതര പ്രശ്‌നമായാണ് സൈന്യവും ഐ.എസ്.ഐയും മെമോ ഗേറ്റിനെ കണ്ടത്. മെമോ 'വെറും കടലാസ്' മാത്രമാണെങ്കില്‍ അമേരിക്കയിലെ അംബാസഡറെ രാജിവെപ്പിച്ചത് എന്തിന്? അംബാസഡര്‍ രാജിവെക്കേണ്ടതാണെങ്കില്‍ പാക് പ്രസിഡന്റും രാജി വെക്കേണ്ടതല്ലേ? മൊത്തം ഈ ഇടപാടിന്റെ നേട്ടം ലഭിക്കുന്നത് പ്രസിഡന്റിന് അല്ലേ?
പ്രബലമായ ഒട്ടേറെ തെളിവുകള്‍ പുറത്ത് വന്നിരിക്കെ അങ്ങനെയൊരു മെമോ അയച്ചിട്ടേ ഇല്ല എന്ന് പിടിച്ചുതൂങ്ങാന്‍ ഇനി കഴിയില്ല. സുപ്രീം കോടതിയുടെ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകൂ.

(പ്രമുഖ കോളമിസ്റ്റും പാക് ജമാഅത്തെ ഇസ്‌ലാമി അസി. അമീറുമാണ് ലേഖകന്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം