Prabodhanm Weekly

Pages

Search

2012 ജനുവരി 28

അറബ് വസന്തത്തിന്റെ ദൈവികാടിത്തറ അംഗീകരിക്കാന്‍ കമ്യൂണിസ്റുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

മാധ്യമങ്ങളുടെ അജ്ഞതയെ പറഞ്ഞ അഭിമുഖം 
കെ.എം അബൂബക്കര്‍ സിദ്ദീഖ്
എറിയാട്

പ്രബോധനം ലക്കം 30 കണ്ടു. പര്‍ദക്കുള്ളിലെ തീവ്രവാദം ആരോപിക്കുന്ന അഭിനവ മതേതര തമ്പ്രാക്കള്‍ക്ക് മറുപടിയാകും വിധം 'അറബ് വസന്തം' പശ്ചാത്തലത്തില്‍ വിപ്ലവാവേശം മുറ്റിനില്‍ക്കുന്ന ഭാവമുള്ള മുഖചിത്രം ഗംഭീരമായിരിക്കുന്നു.
ജെ.എന്‍.യു വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രഫ. എ.കെ രാമകൃഷ്ണനുമായുള്ള അഭിമുഖം ഉജ്ജ്വലമായെങ്കിലും എട്ടാം ചോദ്യത്തിനുള്ള മറുപടി 'വസന്താനന്തര അറബ് സമൂഹത്തെ ഇസ്‌ലാമെന്ന പ്രത്യയശാസ്ത്ര ശാഠ്യത്തിലേക്ക് ചുരുക്കുന്നത് തിരിച്ചടിയായിരിക്കും' എന്നും സെക്യുലര്‍ കക്ഷികളുടെ പങ്കിനെ നിസ്സാരമായി കാണരുതെന്നുമുള്ള പ്രസ്താവവും, 11-ാം ചോദ്യത്തിനുള്ള മറുപടി, മുന്‍ പരാമര്‍ശത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നത് അവധാനതയോടെയായിപ്പോയി എന്നു ചൂണ്ടിക്കാട്ടാതെ വയ്യ. എങ്കിലും കേരള മാധ്യമങ്ങളുടെ അജ്ഞതയും അന്ധതയും നിരുത്തരവാദിത്വത്തെയും അദ്ദേഹം അനുസ്മരിച്ചത് അക്ഷരാര്‍ഥത്തില്‍ ശരിയാകുന്നു.
കൂട്ടത്തില്‍ പറയട്ടെ, കളറോടു കൂടിയ പ്രബോധനത്തിന്റെ രൂപമാറ്റവും പുതിയ കെട്ടും മട്ടും മനോഹരമായിരിക്കുന്നു.

അറബ് വസന്തത്തിന്റെ പിന്നാമ്പുറങ്ങള്‍
റംലാ അബ്ദുല്‍ ഖാദര്‍ കരുവമ്പൊയില്‍

പുതുവര്‍ഷത്തിലെ പ്രബോധനം വാരിക കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഗാംഭീര്യമുള്ളതായി അനുഭവപ്പെട്ടു. ടി.കെ അബ്ദുല്ല സാഹിബിന്റെ 'നടന്നു തീരാത്ത വഴികള്‍' മുന്‍കാല ജമാഅത്തിനെ നേരിട്ടറിയാന്‍ പുതു തലമുറക്ക് അവസരം നല്‍കുന്നു. 'അറബ് വസന്തം ജനാധിപത്യവുമല്ല, സ്വാതന്ത്യ്രവുമല്ല' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2011 ഡിസംബര്‍ 18) എന്ന് വിലയിരുത്തുന്ന അള്‍ട്ര സെക്യുലരിസ്റുകളെ വെസ്റേഷ്യന്‍ സ്റഡീസില്‍ പ്രഫസറായി ജോലി ചെയ്യുന്ന എ.കെ രാമകൃഷ്ണന്റെ മറുപടികള്‍ കണ്ണ് തുറപ്പിക്കേണ്ടതാണ്. ശഹീദ് ഹസനുല്‍ ബന്നാ മുതല്‍ റാശിദുല്‍ ഗനൂശി വരെയുള്ളവരുടെ ആശയങ്ങളുടെ ഇടപെടലുകള്‍ മുല്ലപ്പൂ വിപ്ളവത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇവിടെയുള്ളവര്‍ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത് കഥയറിയാതെ ആട്ടം കാണലാണെന്നേ പറയാന്‍ കഴിയൂ. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദാ, സൈനബുല്‍ ഗസാലി തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങളെ വിലയിരുത്തുകയും ഇസ്ലാമിന്റെ കരുത്തിനെ കാലോചിതമായി നിരീക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അത്യാദരവുകള്‍ അര്‍ഹിക്കുന്നു. ഹിജാബ് അണിയുന്നതിലൂടെ സ്ത്രീകളുടെ വ്യക്തിത്വത്തിനും പ്രവര്‍ത്തന മേഖലക്കും യാതൊരു വിഘ്നവും വരുത്തുന്നില്ലെന്ന യാഥാര്‍ഥ്യവും തവക്കുല്‍ കര്‍മാനെപ്പോലുള്ളവര്‍ വെളിപ്പെടുത്തുന്നു. ലിബിയയിലെ നാറ്റോ സേനയുടെ ഇടപെടലുകളുടെ പിന്നാമ്പുറവും ഈ സംഭാഷണത്തിലൂടെ നമുക്ക് അദ്ദേഹം വ്യക്തമാക്കിത്തന്നു.
നൃത്തകലയുടെ അടിവേരുകളെക്കുറിച്ചും അതിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ചും ജമീല്‍ അഹ്മദിന്റെ കണ്ടെത്തലുകളും പഠനാര്‍ഹമായി.

ഇരുട്ടില്‍ തപ്പുന്നവര്‍
കെ. സ്വലാഹുദ്ദീന്‍ അബൂദബി

സാഹിത്യകാരനും ആക്ടിവിസ്റുമായ പി. സുരേന്ദ്രന്റെ തൃശൂര്‍ പ്രഭാഷണം (ലക്കം 29) ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചോതുന്നു. അറബ് വസന്തത്തിന്റെ ദൈവികാടിത്തറ അംഗീകരിക്കാന്‍ കമ്യൂണിസ്റുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മുഴുവന്‍ മാറ്റങ്ങളുടെയും വിപ്ളവങ്ങളുടെയും ഹോള്‍സെയില്‍ സ്വയം ഏറ്റെടുത്ത് സത്യത്തെ ഇരുട്ടില്‍ നിര്‍ത്താനാണ് ഇടതുപക്ഷം വ്യഥാ ശ്രമിക്കുന്നത്.
'ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്നവന്‍ തന്റെ കൈയിലുള്ള വേദഗ്രന്ഥത്തെ ജനാധിപത്യ പോരാട്ടത്തിനുള്ള വലിയ ആയുധമായി സ്വീകരിക്കുമ്പോഴാണ് അറബ് വസന്തങ്ങള്‍ ഉണ്ടാവുന്നത്' എന്ന പി. സുരേന്ദ്രന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന് മൈലേജ് കിട്ടുമെന്ന ഒറ്റ കാരണത്താല്‍ അറബ് വസന്തം കയ്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പരുവത്തിലാണ് മുസ്ലിം സാമുദായികത.
------------------------------------------------------------------

നടന്നു തീരാത്ത വഴികളില്‍ എന്ന പരമ്പരയില്‍ ജമാഅത്ത് സിമി ബന്ധത്തെക്കുറിച്ച് ടി.കെ അബ്ദുല്ലാ സാഹിബിന്റെ വിശദീകരണം ഏറെ പ്രസക്തവും ഉചിതവുമായി. അതിന് നല്‍കിയ തലവാചകമാണ് അര്‍ഥ ഗംഭീരമായത്. ടി.കെയുടെ ഈ വിവരണം പ്രവര്‍ത്തകരില്‍ പ്രത്യേകിച്ചും പുതുതായി വന്നവരില്‍ നിലനില്‍ക്കുന്ന ഈ വിഷയത്തിലുള്ള സന്ദേഹങ്ങള്‍ ഇല്ലാതാക്കാനുതകും. ജമാഅത്തും സിമിയും ഒന്ന് തന്നെയാണെന്ന പ്രതിയോഗികളുടെ പ്രചാരണങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ടി.കെയുടെ വിശദീകരണം.
പി.പി ഇഖ്ബാല്‍ ദോഹ
------------------------------------------------------------------

ലക്കം 31-ല്‍ ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്തിയെപ്പറ്റിയുള്ള പി.കെ ജമാലിന്റെ എഴുത്ത് വായിച്ച് വല്ലാത്ത അത്ഭുതവും ആദരവും തോന്നി. മൂന്ന് പതിറ്റാണ്ട് കാലം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അദ്ദേഹത്തിന്റെ പക്വമായ പ്രവര്‍ത്തനങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ ലേഖകന്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
മമ്മൂട്ടി കവിയൂര്‍
------------------------------------------------------------------ 
പ്രവാചക മാതൃക വിസ്മരിക്കപ്പെടുമ്പോള്‍

ഇബ്‌നു ഹാശിം മാഹി

വിശ്വാസപരമായും ആദര്‍ശപരമായും വ്യതിരിക്തതയും വിയോജിപ്പുകളും സുതരാം പ്രകടമാക്കുമ്പോഴും മറുവിഭാഗത്തിന്റെ മാനുഷികമായ അവകാശങ്ങളും വൈകാരികമായ സ്വത്വബോധവും അംഗീകരിച്ചുകൊടുക്കുക എന്നത് ഒരു പ്രബോധക സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. നജ്‌റാനില്‍ നിന്നുള്ള ക്രൈസ്തവ സംഘവുമായുള്ള ആദര്‍ശസംവാദത്തിനിടയില്‍ അവര്‍ക്ക് പ്രാര്‍ഥനാ സമയമായപ്പോള്‍ പള്ളിയില്‍ അതിനായി ഇടം അനുവദിച്ചുകൊടുത്ത പ്രവാചക(സ)ന്റെ മാതൃക നമ്മോട് വിളിച്ചോതുന്നതും അതുതന്നെ. അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്ന റസൂലായ താന്‍ തൗഹീദിന്റെ പുണ്യഗേഹത്തില്‍ ശിര്‍ക്കന്‍ ആരാധനക്ക് സൗകര്യമേര്‍പ്പെടുത്തി കൊടുക്കാന്‍ പാടില്ലല്ലോ എന്ന കേവല ചിന്തയും യുക്തിബോധവുമല്ല തിരുമേനിയെ നയിച്ചത്. മറിച്ച്, ഒരു ജനസമൂഹമെന്ന നിലയില്‍ അവരുടെ വൈകാരികമായ വിശ്വാസത്തെയും ആരാധനാ രീതിയെയും മാനിച്ച് അവര്‍ക്ക് സാന്ദര്‍ഭികമായ സഹിഷ്ണുതയോടെ മാനുഷികമായ സഹായം അക്കാര്യത്തില്‍ നല്‍കുക എന്ന നിലപാടാണ് നബി(സ) സ്വീകരിച്ചത്.
ഇപ്രകാരം എല്ലാ ജനവിഭാഗങ്ങള്‍ക്കും വകവെച്ചുകൊടുക്കേണ്ട ഒന്നാണ് ആഘോഷങ്ങള്‍ ആചരിക്കാനുള്ള സ്വാതന്ത്ര്യവും. എത്രതന്നെ നമുക്ക് ഉള്‍ക്കൊള്ളാനാവാത്ത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും, തങ്ങളുടേതായ ആഘോഷദിനങ്ങളില്‍ സന്തോഷവും സൗഹാര്‍ദവും മറ്റുള്ളവരോട് പങ്കുവെക്കാന്‍ ഓരോരുത്തര്‍ക്കുമുള്ള മാനുഷികമായ സ്വാതന്ത്ര്യം സഹാനുഭൂതിയോടെ അംഗീകരിച്ചുകൊടുക്കാന്‍ മേല്‍പറഞ്ഞ തിരുമാതൃകയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നമുക്ക് കഴിയണം. സന്തോഷം പങ്കുവെക്കുന്നതിനായി ഓണത്തിന് സദ്യയായും ക്രിസ്മസിന് കേക്കായും നമ്മിലേക്ക് സൗഹാര്‍ദത്തിന്റെ കൈകള്‍ വരുമ്പോള്‍, സദ്യയുടെയും കേക്കിന്റെയും വിശ്വാസപരമായ മാനങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് ആ കൈകള്‍ തട്ടിമാറ്റാന്‍ പാടില്ല. കാരണം ക്രൈസ്തവ സംഘത്തിന്റെ പ്രാര്‍ഥനയുടെ അകവും പുറവും അപഗ്രഥിച്ച് പള്ളിയില്‍ അത് അല്ലാഹുവിന്റെ തിരുദൂതന്‍ വിലക്കിയിട്ടില്ല എന്നതുതന്നെ.
കഴിഞ്ഞൊരു വെള്ളിയാഴ്ച തലശ്ശേരിയിലെ ഒരു പള്ളിയില്‍ ഈ കുറിപ്പുകാരന്‍ കേട്ട ഖുത്വ്ബയിലെ ചില ഉദ്‌ബോധനങ്ങളാണ് ഇത്രയും എഴുതാന്‍ പ്രേരകം. ക്രിസ്മസ് കേക്ക് ഒരിക്കലും സ്വീകരിക്കരുത്, കേക്കുമായി വരുന്നവരെ അവരുടെ വിശ്വാസത്തിലെ വൈകല്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയക്കണം... ഇങ്ങനെ പോകുന്നു സത്യം പറയാന്‍ ആരെയും പേടിയില്ലെന്ന മുഖവുരയോടെ ഖത്വീബ് നടത്തിയ പരാമര്‍ശങ്ങള്‍. പ്രവാചക മാതൃക പാടെ അവഗണിച്ച് ഈ ശൈലിയിലാണ് നാം മറ്റുള്ളവരെ ദീനും തൗഹീദും പഠിപ്പിക്കുന്നതെങ്കില്‍ അത് ശത്രുക്കളെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ.

ഗസാലി പതിപ്പും മനഃശാസ്ത്ര ചിന്തകളും
പ്രഫ. എ.കെ അബ്ദുല്ല കുട്ടി കായംകുളം

അബൂഹാമിദില്‍ ഗസാലിയെക്കുറിച്ച് പ്രബോധനം പ്രസിദ്ധീകരിച്ച വിശേഷാല്‍ പതിപ്പ് ശ്രദ്ധേയമായി. വിജ്ഞാനത്തിന്റെ സകല മേഖലകളിലും തനതായ സംഭാവനകളര്‍പ്പിച്ച ഇമാം ഗസാലി മനഃശാസ്ത്രത്തെയും ഒഴിവാക്കിയില്ല.
മനോരോഗങ്ങള്‍ പ്രേതബാധയാണെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്. ഖുര്‍ആന്‍ മനോരോഗികളോടുള്ള പെരുമാറ്റത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കി. എ.ഡി 705-ല്‍ തന്നെ ആദ്യത്തെ മനോരോഗാശുപത്രി ബഗ്ദാദില്‍ സ്ഥാപിതമായി. തലച്ചോറിലുണ്ടാകുന്ന പ്രവര്‍ത്തന വൈകല്യങ്ങളാണ് മനോരോഗങ്ങള്‍ക്ക് കാരണമെന്ന് അന്നത്തെ ഭിഷഗ്വരന്മാര്‍ കണ്ടെത്തിയിരുന്നു. ഇബ്‌നു സീനയുടെയും ഇമാം റാസിയുടെയും മനോരോഗ ചികിത്സാ രീതികളും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച അല്‍ബല്‍ഖിയുടെ നിരീക്ഷണങ്ങളും ഗവേഷണാര്‍ഹങ്ങളാണ്. മാനസിക വശങ്ങളെ അവഗണിച്ചുകൊണ്ടുള്ള എല്ലാ ചികിത്സാ രീതികളും അപൂര്‍ണമാണെന്ന് ഇബ്‌നു സീന വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ജര്‍മന്‍ മനഃശാസ്ത്രജ്ഞനായ ജൊഹാന്‍ ക്രിസ്ത്യന്‍ ഒഗസ്റ്റ് ഹീന്റോത്ത് (1773-1843) ആണ് 'സൈക്കോ ഡൊമറ്റിക്ക്' എന്ന പദം ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയതെങ്കിലും മനോജന്യ ശാരീരിക രോഗങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ അബൂ സൈദ് അഹ്മദ് അല്‍ ബല്‍ഖി (850-934) നടത്തിയിരുന്നു. ഇബനു റുശ്ദ്, ഇബ്‌നു സിറീന്‍, അല്‍ഫറാബി, അല്‍കിന്ദി, ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു ഹൈത്തം തുടങ്ങി വളരെയധികം പണ്ഡിതന്മാര്‍ മനഃശാസ്ത്ര വിഷയങ്ങളില്‍ തനതായ സംഭാവനകളര്‍പ്പിച്ചവരാണ്.
ഈ പശ്ചാത്തലത്തിലാണ് എ.കെ അബ്ദുല്‍ മജീദിന്റെ 'ഗസാലിയുടെ മനഃശാസ്ത്ര ചിന്തകള്‍' പ്രസക്തമാകുന്നത്. ലഹരിജന്യ- മനോരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മനോരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ആധുനിക കാലഘട്ടത്തില്‍ മനഃശാസ്ത്ര പഠനങ്ങളും ഗവേഷണങ്ങളും ഏറ്റെടുക്കാന്‍ യുവ സമൂഹം മുന്നോട്ട് വരുന്നത് സമൂഹത്തിന്റെ മാനസികാരോഗ്യ നിലവാരം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ചരിത്ര താളുകളില്‍ തമസ്‌കരിക്കപ്പെട്ട് കിടന്നിരുന്ന മനഃശാസ്ത്ര പഠനങ്ങള്‍ക്ക് വെളിച്ചമേകാന്‍ കഴിഞ്ഞത് പ്രബോധനത്തിന്റെ നിയോഗമാകാം. അഭിനന്ദനങ്ങള്‍.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം